എം. രാധാകൃഷ്ണന്റെ അധികാര ദുർവിനിയോഗം; ഭാര്യയുടെ ജോലിക്കായി ആരോഗ്യമന്ത്രിക്ക് നൽകിയ കത്ത് പുറത്ത്

Think

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ തന്റെ സെക്രട്ടറി പദവി ഉപയോഗിച്ച് എം. രാധാകൃഷ്ണൻ തന്റെ ഭാര്യ അടക്കം ആർ.സി.സിയിൽ താൽകാലിക ജീവനക്കാരായവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് 2019ൽ ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനം പുറത്ത്. സഹപ്രവർത്തകയെ അർധരാത്രി വീട്ടിൽ കയറി ആക്രമിച്ച കേസിൽ കുറ്റാരോപിതനായ രാധാകൃഷ്ണൻ എട്ടു പേരുടെ പട്ടികയാണ് കെ.കെ. ശൈലജയ്ക്ക് പ്രസ് ക്ലബിന്റെ ലെറ്റർ ഹെഡിൽ ഒപ്പു വെച്ചു നൽകിയത്. വിവരാവകാശ നിയമപ്രകാരമാണ് പ്രസ്തുത വിവരങ്ങൾ വെളിപ്പെട്ടത്.

തന്റെ പ്രവർത്തനങ്ങൾക്ക് പ്രസ് ക്ലബ്ബിലെ അധികാരസ്ഥാനം രാധാകൃഷ്ണൻ മുമ്പും ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കേരള കൗമുദിയിലെ എം. രാധാകൃഷ്ണൻ അതേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മാധ്യമപ്രവർത്തകയുടെ വീട്ടിൽ ആളുകളെ കൂട്ടിയെത്തി ഗുണ്ടാ ആക്രമണം നടത്തിയത്. തുടർന്ന് കേസിൽ വിചാരണ നേരിടുന്ന രാധാകൃഷ്ണനെ കൗമുദി പിരിച്ചുവിട്ടിരുന്നു. പ്രമുഖരായ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളരുടെ പിന്തുണയോടെയാണ് രാധാകൃഷ്ണൻ സ്ഥാനാർഥിയാകുന്നത്.

സഹപ്രവർത്തകയ്‌ക്കെതിരെയുള്ള അതിക്രമക്കേസ് നിലനിൽക്കുന്നതിനിടെ രാധാകൃഷ്ണൻ അടുത്ത ദിവസം പ്രസ് ക്ലബ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുകയാണ്.

ഇന്ത്യയിലെ വനിതാ മാധ്യമപ്രവർത്തകരുടെ സ്വതന്ത്ര കൂട്ടായ്മയായ എൻ.ഡബ്ല്യു.എം.ഐ. സദാചാര ഗുണ്ടായിസത്തിനിരയായ മാധ്യമപ്രവർത്തകയ്ക്ക് തുടക്കം മുതൽ ശക്തമായ പിന്തുണ നൽകിയിരുന്നു. വനിതാ മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും അവരെയും മക്കളെയും ഭയപ്പെടുത്തുകയും ചെയ്ത എം. രാധാകൃഷ്ണൻ പ്രസ് ക്ലബ്ബിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടാണ്.

Comments