2 Mar 2022, 04:00 PM
എറണാകുളത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം ശ്രദ്ധേയമാകുന്നത്, പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച, ‘പാര്‍ട്ടിയും നവകേരള വികസന കാഴ്ചപ്പാടും' എന്ന നയരേഖയുടെ പേരില്‍ കൂടിയാണ്. കാരണം, കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഒരു തവണ മാത്രമാണ്, സംസ്ഥാന സമ്മേളനത്തില്‍ ഒരു വികസന രേഖ അവതരിപ്പിച്ചിട്ടുള്ളത്- അത് 1956 ജൂണിലായിരുന്നു. തൃശ്ശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശേഷാല്‍ സംസ്ഥാന സമ്മേളനത്തിലാണ് ‘‘പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍'' എന്ന പ്രമേയം അംഗീകരിച്ചത്. തൊട്ടടുത്ത വര്‍ഷം അധികാരത്തില്‍ വന്ന ഇ.എം.എസ് സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടുകളുടെ അടിസ്ഥാനമായി ഈ നയരേഖ മാറുകയും ചെയ്തു. പുതിയൊരു രാഷ്ട്രീയ സമൂഹ നിര്‍മിതിക്കുവേണ്ട മൗലിക ഇടപെടലുകള്‍ ആ നയരേഖയുടെ സവിശേഷതയുമായിരുന്നു.
മൂലധനം, സ്വകാര്യ നിക്ഷേപം, പുത്തന്‍ സാങ്കേതിക വിദ്യയുടെ പ്രയോഗം, കാര്‍ഷിക- ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ നയരേഖയിലുണ്ട്. അടുത്ത കാല്‍നൂറ്റാണ്ടിലേക്കുള്ള ഭാവി കേരളത്തെ മുന്നില്‍ക്കണ്ട്, വികസനത്തിന്റെ രാഷ്ട്രീയത്തെയും അതിന്റെ പക്ഷത്തെയും കുറിച്ച് ഗൗരവകരമായ ചര്‍ച്ച നടത്താന്‍ ശേഷിയുള്ള സംഘടന സി.പി.എം തന്നെയാണ് എന്നതില്‍ സംശയമില്ല. മാത്രമല്ല, കേരളം കേരളമായി അവശേഷിക്കുന്നതും നിലനില്‍ക്കുന്നതും അതിജീവനത്തിന്റെ പ്രതീക്ഷ ബാക്കിയാക്കുന്നതും ഇടതുപക്ഷമുള്ളതുകൊണ്ടാണ്. ഭാവി കേരളത്തെക്കുറിച്ചുള്ള ഉത്തരവാദിത്തം ഒരു പാര്‍ട്ടി ഏറ്റെടുക്കുന്നുവെന്നത് പ്രതീക്ഷ നിറഞ്ഞ ഒരു കാര്യമാണ്.
അതേസമയം, ആശങ്കകളൊന്നുമില്ലാത്ത ഒരു പ്രതീക്ഷയുമല്ല ഇത്.
ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളെഴുതുമ്പോള്‍, ഡോ. ടി.എം. തോമസ് ഐസക് ഒരു കാര്യം പറയുന്നുണ്ട്; മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ ‘ആസൂത്രണം' എന്ന് പറയാറില്ല, ‘സൂത്ര'മെന്നാണ് വിശേഷിപ്പിക്കുക എന്ന്. നായനാരുടെ ദീര്‍ഘദൃഷ്ടി അക്ഷരാര്‍ഥത്തിലാക്കി, ജനകീയാസൂത്രണം ഒരു സൂത്രമായി ഒടുങ്ങിയത് നാം കണ്ടല്ലോ. അതുപോലെ, മറ്റൊരു ‘സൂത്ര'മായി, പിന്നീട് ഭൂപരിഷ്‌കരണവും. ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വര്‍ഷത്തില്‍, പ്രത്യയശാസ്ത്ര മാനത്തോടെ അതിന്റെ ചരമക്കുറിപ്പ് പൂര്‍ത്തിയാക്കിയതും തോമസ് ഐസക്കും ഇടതുപക്ഷ സര്‍ക്കാറും തന്നെയായിരുന്നു.
കെ റെയിലുമായി ബന്ധപ്പെട്ട വാദങ്ങള്‍, വികസനവുമായി ബന്ധപ്പെട്ട ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ്. വിദേശ മൂലധനം വരാന്‍ അടിസ്ഥാന സൗകര്യവികസനം വേണമെന്ന വാദവും അതിവേഗത കണ്‍സ്യൂം ചെയ്യാന്‍ കഴിവുള്ള ആധുനിക വ്യവസായ തൊഴിലാളി വര്‍ഗം ആവിര്‍ഭവിച്ചു എന്ന തിയറിയുമെല്ലാം ഇതേ പ്രതിക്കൂട്ടില്‍ ഇടതുപക്ഷത്തോടൊപ്പം സഹവസിക്കുന്നുണ്ട്. വിഭവങ്ങളുടെ അനീതി നിറഞ്ഞ വിതരണത്തിലൂടെ ബഹിഷ്‌കൃതരാക്കപ്പെട്ട മനുഷ്യരുടെ വര്‍ഗങ്ങളാണ് കേരളത്തില്‍ ഭൂരിപക്ഷവും. അവര്‍ക്കുവേണ്ടത് ഉപഭോഗത്തില്‍ അധിഷ്ഠിതമായ വികസനമല്ല, ഉല്‍പാദനത്തില്‍ അധിഷ്ഠിതമായ വികസനമാണ്. ഭരണപരമായ പിന്‍ബലത്തോടെ നടപ്പാക്കുന്ന പദ്ധതികളല്ല, ജനകീയമായ സംഘാടനത്തോടെ നടപ്പാക്കുന്ന പദ്ധതികളാണ്. അതിന് മികച്ച ഉദാഹരണമായിരുന്നുവല്ലോ ജനകീയാസൂത്രണത്തിന്റെ തുടക്കം. തോമസ് ഐസക്കിന് പി.കെ. കുഞ്ഞാലിക്കുട്ടിയെ വരെ പ്രശംസിക്കാനുള്ള സ്‌പെയ്‌സുണ്ടാക്കിയത്, ഈ ജനകീയമായ സംഘാടനമായിരുന്നുവല്ലോ.
അടിസ്ഥാന മനുഷ്യരെയും മണ്ണിനെയും പരിസ്ഥിതിയെയും ഉള്‍ക്കൊള്ളുന്ന ഒരു പദ്ധതിയാകണമായിരുന്നു കെ റെയില്‍ എന്ന സ്വപ്‌നം പങ്കിടുന്ന ഇടതുപക്ഷക്കാരുടെ കൂടി നാടാണ് കേരളം എന്ന് ആദ്യം തിരിച്ചറിയേണ്ടിയിരുന്നതും ഈ പാര്‍ട്ടിയും സര്‍ക്കാറുമായിരുന്നു.
ജനകീയാസൂത്രണത്തില്‍ സംഗത്യം നഷ്ടപ്പെട്ട ബ്യൂറോക്രസി നടത്തിയ ഗൂഢാലോചനയെതുടര്‍ന്നാണ്, തൊട്ടുപുറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോറ്റതെന്ന നിഗമനം സാമ്പത്തിക വിദഗ്ധനായ എം. കുഞ്ഞാമന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അത്തരം അരാഷ്ട്രീയ അട്ടിമറികള്‍ ആവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരു വലതുപക്ഷ ബ്യൂറോക്രസി ഇന്നും കേരളത്തില്‍ പ്രബലമാണ്. പ്രളയാനന്തരം പ്രഖ്യാപിക്കപ്പെട്ട റീ ബില്‍ഡ് കേരള എന്ന പദ്ധതി ഒരു തുടക്കമാകേണ്ടതായിരുന്നു. എന്നാല്‍, അത് അലസമായ ഒരു പദ്ധതിയായി ചത്തുകിടക്കുകയാണ്. ഈ പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം മാറ്റിവച്ച 1830 കോടി രൂപയില്‍ 252 കോടി രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത് എന്ന് ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പറയുന്നു. സര്‍ക്കാര്‍ പരിപാടികളെ ഹൈജാക്ക് ചെയ്യാന്‍ പ്രാപ്തമായ ഒരു ബ്യൂറോക്രസിയുടെയും അതിന് ഒത്താശ ചെയ്യുന്ന ഭരണസംവിധാനത്തെയും ഇവിടെയും കാണാം.
ഇത്തരം യാഥാര്‍ഥ്യങ്ങളെ പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖ എങ്ങനെയാണ് അഭിമുഖീകരിക്കുക എന്നതാണ് ചോദ്യം. കേരളത്തിന്റെ ഇടത് ആഭിമുഖ്യം തകര്‍ക്കാന്‍ സംഘടിത ശ്രമമുണ്ടെന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം വാസ്തവമാണ്. എന്നാല്‍, അവക്കുപിന്നില്‍ ഏതാനും സംഘടനകളോ പാര്‍ട്ടികളോ മാത്രമല്ല ഉള്ളത്. ഇടത് ആഭിമുഖ്യം തകര്‍ക്കുന്ന നയനിലപാടുകള്‍ ഇടതുപക്ഷ സര്‍ക്കാറില്‍നിന്നുതന്നെയുണ്ടാകുന്നുണ്ടോ എന്ന പരിശോധനയും തിരുത്തലുമാണ് ഈ നയരേഖയോടൊപ്പം സി.പി.എം ഇപ്പോള്‍ അടിയന്തരമായി ഏറ്റെടുക്കേണ്ടത്.
കാരണം, പാര്‍ട്ടി പ്രതിനിധി എന്ന നിലയ്ക്ക് ഈ നയരേഖ അവതരിപ്പിച്ച പിണറായി വിജയന്‍ തന്നെയാണ്, അത് ഏറ്റെടുക്കാന്‍ പോകുന്ന സര്‍ക്കാറിന്റെയും തലവന്‍ എന്നത് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഒരു അധിക ജാഗ്രത കൂടി ആവശ്യപ്പെടുന്ന സംഗതിയാണ്. എങ്കിലേ, ഇടതുപക്ഷത്തുനിന്ന് വീണ്ടും ഒരു നവകേരള സൃഷ്ടി സാധ്യമാകൂ.
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
യാക്കോബ് തോമസ്
Jan 09, 2023
18 Minutes Listening
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
കെ. കണ്ണന്‍
Jan 04, 2023
4 Minutes Watch
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read