ഉൽപാദനച്ചെലവ്​ 25 രൂപ, വിൽക്കുന്നത് എട്ടുരൂപക്ക്​; പത്രങ്ങൾ എങ്ങനെ പിടിച്ചു നില്‍ക്കുന്നു

അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റം​ ഇപ്പോൾ കേരളത്തിൽ അച്ചടിമേഖലയുടെ നിലനിൽപുതന്നെ ഭീഷണിയിലാക്കിയിരിക്കുകയാണ്​​. ​പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും കോപ്പികളുടെ എണ്ണം കുറയുകയും പരസ്യവരുമാനം ഇടിയുകയും ചെയ്തു. ഇതോടെ പല സ്ഥാപനങ്ങൾക്കും പിടിച്ചുനിൽക്കാൻ പറ്റാത്ത സ്ഥിതിയായി. ന്യൂസ്​പ്രിൻറ്​ വിലക്കയറ്റം കാരണം, വൻ പ്രചാരമുണ്ടായിരുന്ന മംഗളം വാരിക അച്ചടി നിർത്തി ഡിജിറ്റലിലേക്ക് മാറി. പത്രങ്ങൾ പൂ​ട്ടേണ്ട സാഹചര്യമില്ലെങ്കിലും ഈ രീതിയിൽ അധികകാലം മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ്​ മേഖലയിലുള്ളവർ പറയുന്നത്​- ഒരു അന്വേഷണം.

ഡിജിറ്റൽ സാ​ങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം അച്ചടിമേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്​. അച്ചടിമേഖലയിലെ വൈവിധ്യവൽക്കരണവും നവീകരണവും അതിലൊന്നാണ്​. എന്നാൽ, നിലനിൽപുതന്നെ ഭീഷണിയിലാക്കുന്ന വൻ പ്രതിസന്ധികളും ഈ മേഖല അഭിമുഖീകരിക്കുന്നുണ്ട്​. കോവിഡ്​- 19 മഹാമാരിയും അപ്രതീക്ഷിതമായുണ്ടായ റഷ്യ- യുക്രെയ്​ൻ യുദ്ധവും ഈ പ്രതിസന്ധിക്ക്​ ആക്കം കൂട്ടുകയും ചെയ്​തു.

അസംസ്‌കൃതവസ്തുക്കളുടെ വിലക്കയറ്റമാണ്​ ഇപ്പോൾ കേരളത്തിൽ അച്ചടിമേഖലയുടെ നിലനിൽപുതന്നെ ഭീഷണിയിലാക്കിയിരിക്കുന്നത്​. ​പ്രമുഖ പത്രസ്ഥാപനങ്ങൾ ഉൾപ്പെടെ അച്ചടിവ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കടലാസ് ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലവർധനവാണ് അച്ചടിമേഖലയെ തളർത്തുന്ന ഏറ്റവും പുതിയ പ്രശ്‌നം. കോവിഡ്-19 മഹാമാരി മറ്റേതൊരു മേഖലയെയും പോലെ അച്ചടിരംഗത്തെയും ബാധിച്ചിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറി തുടങ്ങുമ്പോഴാണ് വിലക്കയറ്റം അച്ചടിമേഖലയെയാകെ പിടിമുറുക്കുന്നത്.

പത്രവില കൂടുമോ?

കോവിഡ് കാലം മുതൽ ചെറുകിട- മുൻനിര പത്രങ്ങൾ പേജുകളുടെ എണ്ണം പരമാവധി കുറച്ചാണ് പ്രസിദ്ധീകരിക്കുന്നത്. മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ വൻകിട പത്രങ്ങൾക്കും പേജുകളുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നു. നഗരം, മെട്രോ തുടങ്ങിയ സപ്ലിമെന്റുകളും നേരത്തെ മാതൃഭൂമിയും മനോരമയും ഒഴിവാക്കിയിരുന്നു. ഏറെക്കാലത്തെ പാരമ്പര്യമുള്ള മംഗളം വാരിക 2022 ഏപ്രിലിൽ അച്ചടി നിർത്തുകയും ചെയ്തു.

വിലക്കയറ്റം നേരിടാൻ പത്രങ്ങളുടെ വില കൂട്ടണമെന്ന അഭിപ്രായം പല സ്ഥാപങ്ങളും മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും അത് ഉടൻ നടപ്പാകാനിടയില്ല. കാരണം, വൻകിട പത്രങ്ങളെ നിലവിൽ പ്രതിസന്ധി കാര്യമായി ബാധിക്കാത്തതിനാൽ ചെറുകിട പത്രങ്ങളുടെ ആവശ്യത്തിനോട് അനുകൂലമായി അവർ പ്രതികരിക്കാനുള്ള സാധ്യതയില്ല. ജൂൺ കഴിയുന്നതോടെയെങ്കിലും ന്യൂസ്​പ്രിൻറ്​ വിലയിൽ അൽപം കുറവുണ്ടാവുകയും ലഭ്യത കൂടുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പത്രസ്ഥാപനങ്ങൾക്കും പ്രിന്റിങ് പ്രസുകൾക്കുമുള്ളത്.

ന്യൂസ്​ പ്രിൻറ്​ ക്ഷാമം രൂക്ഷം

ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിപണിയിൽ 350 ഡോളറുണ്ടായിരുന്ന ന്യൂസ്​പ്രിൻറ്​ വില ഇപ്പോൾ 1200 ഡോളറായാണ് ഉയർന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്ഷാമവും വിലക്കയറ്റവുമാണ് ഇന്ത്യയിലെ അച്ചടിമേഖലയെയും കാര്യമായി ബാധിക്കുന്നത്. ക്ഷാമം തുടർന്നാൽ പത്രം അച്ചടിക്കാൻ പ്രയാസം നേരിടുന്ന സ്ഥിതിയിലേക്ക് എത്തുമെന്നു തന്നെയാണ് മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രസ്ഥാപനങ്ങളുടെയും ആശങ്ക.

മാധ്യമസ്ഥാപനങ്ങളെ മാത്രമല്ല വിലക്കയറ്റം ബാധിച്ചിരിക്കുന്നത്. ചെറുതും വലുതുമായ നിരവധി പ്രിന്റിങ് പ്രസുകളും പ്രസിദ്ധീകരണ സ്ഥാപനങ്ങളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കോവിഡ് തുടങ്ങിയതുമുതൽ തന്നെ ജോലി കുറവാണെന്നതിനാൽ വലിയ പ്രയാസത്തിലാണ് അച്ചടിമേഖല മുന്നോട്ടുപോകുന്നത്. അതിനിടയിൽ വില വർധനവ് കൂടി താങ്ങാനാവാതെ പല സ്ഥാപനങ്ങളും പൂട്ടേണ്ട അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുകയാണ്. അസംസ്‌കൃതവസ്തുക്കളുടെ വിലവർധനവിനൊപ്പം രൂക്ഷമായ ദൗർലഭ്യവും അച്ചടിമേഖലയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്.

ഇന്ധന വിലവർധനവും മറ്റു അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് കടലാസിന്റെ വില വർധിക്കാൻ കാരണം. ഇരട്ടിയിലധികം വർധനവാണ് ഏതാനും മാസങ്ങൾക്കിടെ ഉണ്ടായിരിക്കുന്നത്. മാപ്‌ലിത്തോ, കോട്ടഡ് കടലാസ്, ക്രാഫ്റ്റ് കടലാസ്, പൾപ്പ് ബോർഡ്, ന്യൂസ്​പ്രിൻറ്​ എന്നിവയ്ക്കാണ് വൻതോതിൽ വില വർധിച്ചിരിക്കുന്നത്. കടലാസിന് 2021 മാർച്ചിൽ ടണ്ണിന് 55,000- 60,000 രൂപ വരെയാണ് വിലയുണ്ടായിരുന്നത്. എന്നാൽ 2022 മാർച്ചിൽ 1,20,000 രൂപയായി ഉയർന്നു. ക്രാഫ്റ്റ് കടലാസിനും ബോർഡിനും 31,000-37,000 രൂപയാണ് കഴിഞ്ഞവർഷം വിലയുണ്ടായിരുന്നത്. ഇപ്പോഴത് 75,000 രൂപയായി വർധിച്ചിരിക്കുകയാണ്. ന്യൂസ്​പ്രിൻറിന്​ 2021 മാർച്ചിൽ 37,000 രൂപയായിരുന്നു. ഇപ്പോഴത് 90,000 രൂപയായാണ് ഉയർന്നത്.

കടലാസ്​ നിർമാണക്കമ്പനികൾ കയറ്റുമതി മേഖലയിലേക്ക്​

വില ഇരട്ടിയിലധികം ഉയർന്നെങ്കിലും കടലാസ് ആവശ്യത്തിന് ലഭ്യമല്ലെന്നാണ് പ്രിന്റിങ് പ്രസ് ഉടമകൾ പറയുന്നത്. പാഴ്​ക്കടലാസുകളുടെ ലഭ്യതക്കുറവും ഇന്ത്യയിലെ കടലാസ് നിർമാണ കമ്പനികൾ കയറ്റുമതി മേഖലയിലേക്ക് ശ്രദ്ധതിരിച്ചതുമാണ് കടലാസ് ക്ഷാമത്തിന് പ്രധാന കാരണമെന്നും മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ പറയുന്നു. ""കടലാസിന്റെ ഇറക്കുമതി കുറഞ്ഞത് ഗുണമേൻമയുള്ള ഉത്പന്നങ്ങളുടെ ക്ഷാമത്തിന് ഇടയാക്കുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഗുണമേൻമ കുറഞ്ഞ കടലാസുകൾ ഇറക്കുമതി ചെയ്യുന്ന ഫസ്റ്റ് ക്വാളിറ്റി ഉത്പന്നത്തിന്റെ അതേ വിലയിൽ തന്നെ വാങ്ങേണ്ട സ്ഥിതിയുമുണ്ട്. അതേസമയം, നഷ്ടത്തിലായതിനെ തുടർന്ന് കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ രാജ്യത്ത് നിരവധി കടലാസ് നിർമാണ കമ്പനികളാണ് അടച്ചുപൂട്ടിയത്.'' - മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

സർക്കുലേഷൻ കുറഞ്ഞില്ല, എന്നിട്ടും ‘മംഗളം വാരിക’ അച്ചടി നിർത്തി

മാസങ്ങൾക്കിടയിൽ ന്യൂസ്​പ്രിൻറ്​ വില ഇരട്ടിയിലേറെ വർധിച്ചതോടെ പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയുമൊക്കെ ഉത്പാദനച്ചെലവ് ഇതോടെ വൻതോതിൽ വർധിച്ചു. കോപ്പികളുടെ എണ്ണം കുറയുകയും പരസ്യവരുമാനം ഇടിയുകയും ചെയ്തു. ഇതോടെ പല സ്ഥാപനങ്ങൾക്കും പിടിച്ചുനിൽക്കാൻ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. ന്യൂസ്​പ്രിൻറ്​ വിലക്കയറ്റം കാരണം വാരിക അച്ചടിക്കുകയെന്നത് വലിയ പ്രയാസമായ സാഹചര്യത്തിലാണ് മംഗളം വാരിക അച്ചടി പൂർണമായും നിർത്തി ഡിജിറ്റലിലേക്ക് മാറ്റിയതെന്ന് മംഗളം വാരികയുടെ എഡിറ്റർ സജിൽ ശ്രീധർ പറഞ്ഞു. ""കോവിഡ് കാലത്ത് പരസ്യവരുമാനം കുറഞ്ഞെങ്കിലും ന്യൂസ്​പ്രിൻറ്​ വില കൂടുന്നതുവരെ അച്ചടി തുടരുന്നത് വലിയ പ്രയാസമായിരുന്നില്ല. മംഗളത്തിന് സർക്കുലേഷനിലൊന്നും കോവിഡ് കാലത്തും ഒരു കുറവും വന്നിരുന്നില്ല. എന്നാൽ യുക്രെയ്ൻ -റഷ്യ യുദ്ധത്തെ തുടർന്ന് ന്യൂസ്​പ്രിൻറ്​ വില വൻതോതിൽ ഉയർന്നതോടെ അച്ചടി തുടരാൻ നിർവാഹമില്ലാതായി. ഇനിയും തുടരുകയാണെങ്കിൽ 30-40 ലക്ഷം രൂപ വരെ കമ്പനിക്ക് ഒരു വർഷം നഷ്ടം സംഭവിക്കാനിടയുണ്ടാകുമെന്ന സ്ഥിതിയായതോടെയാണ് അച്ചടി നിർത്തുക എന്ന തീരുമാനത്തിലേക്ക് മംഗളം എത്തിയത്.'' - സജിൽ ശ്രീധർ പറയുന്നു. മംഗളം വാരിക ഡിജിറ്റൽ ഫോർമാറ്റിലേയ്ക്ക് പൂർണമായും മാറിയതോടെ വായനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി രൂക്ഷമാക്കി യുദ്ധം

യുക്രെയ്ൻ-റഷ്യ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയാണ് കടലാസിന്റെ ഇറക്കുമതിയിൽ കുറവ് വരാനുള്ള കാരണം. റഷ്യയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ കടലാസ് ഇറക്കുമതി ചെയ്യുന്നത്. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുക്രെയ്ൻ- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലും യൂറോപ്പിലാകെയും അസംസ്‌കൃതവസ്തുക്കളുടെ വില ഉയരുകയും പല സാധനങ്ങൾക്കും കടുത്ത ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അവിടങ്ങളിലെ ഫാക്ടറികളിൽ ഉത്പാദനം കുത്തനെ കുറയുകയും അവർ കയറ്റുമതിയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ കോപ്പികൾ അച്ചടിക്കുന്ന വൻകിട പത്രങ്ങൾ നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് പറയുമ്പോഴും അവർക്ക് തന്നെയാണ് ക്ഷാമം തുടർന്നാൽ ഭാവിയിൽ വലിയ പ്രതിസന്ധിയുണ്ടാകാൻ സാധ്യത. കാരണം, കടലാസിന്റെ ആവശ്യം കൂടുതലുണ്ടാകുന്നത് കൂടുതൽ കോപ്പി അച്ചടിക്കുന്ന പത്രസ്ഥാപനങ്ങൾക്കാണ്. എന്നാൽ കടലാസിന്റെ ഇറക്കുമതി കുറഞ്ഞുകൊണ്ടിരിക്കുകയും ഗുണനിലവാരമുള്ള കടലാസ് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ക്ഷാമം മറികടക്കാൻ വഴിയില്ലാതെ പത്രം അച്ചടിക്കാൻ പറ്റാത്ത സ്ഥിതിയിലേക്കെത്തും. പേജുകളുടെ എണ്ണം കുറച്ചാലും കോപ്പികളുടെ എണ്ണം കുറച്ച്​ പത്രം പ്രസിദ്ധീകരിക്കുക സാധ്യമല്ല. അങ്ങനെ ചെയ്യുന്നത് നിലവിലുള്ള വരിക്കാരെ നഷ്ടപ്പെടുത്തുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ വിലക്കയറ്റത്തേക്കാളുപരി കടലാസിന്റെ ക്ഷാമമാണ് വൻകിട പത്രങ്ങളെ ആശങ്കയിലാക്കുന്നത്.

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കടലാസ് ഒരിക്കലും ഇവിടത്തെ ആവശ്യങ്ങൾക്ക് പര്യാപ്തമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ പത്രങ്ങളും വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കടലാസാണ് അച്ചടിക്ക് ഉപയോഗിക്കുന്നത്. കൂടാതെ ഇവിടത്തെ മില്ലുകളിൽ ഉത്പാദിപ്പിക്കുന്ന കടലാസുകൾ ഗുണനിലവാരം കുറഞ്ഞതുമാണ്. കേരളത്തിൽ എച്ച്.എൻ.എൽ. മാത്രമായിരുന്നു എ ഗ്രേഡ് ക്വാളിറ്റിയുള്ള കടലാസ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഈ കമ്പനി ഇപ്പോൾ പൂട്ടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി മാത്രമാണ് കേരളത്തിലെ പത്രങ്ങൾക്ക് ആശ്രയം.

വിലക്കയറ്റത്തിന് കാരണം കേന്ദ്ര നികുതിയും

കടലാസിന് ഇറക്കുമതി തീരുവ ചുമത്തിയതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണെന്നും അച്ചടി മാധ്യമങ്ങളെ ഉപദ്രവിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്നും സുപ്രഭാതം ഡെപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് അസ്ലം പറഞ്ഞു. ""കടലാസ് ഇറക്കുമതിക്ക് കഴിഞ്ഞവർഷമാണ് കേന്ദ്ര സർക്കാർ നികുതി ചുമത്തിയത്. ഇറക്കുമതി തീരുവ ചുമത്താൻ തുടങ്ങിയതോടെയാണ് ഇറക്കുമതി ചെയ്യുന്ന കടലാസിന്റെ വില ഉയരാൻ തുടങ്ങിയത്. 32,000 രൂപയായിരുന്നത് 70,000 രൂപയായാണ് ഉയർന്നത്. സാധാരണഗതിയിൽ ന്യൂസ്​പ്രിൻറ്​ വില നവംബർ, ഡിസംബർ മാസങ്ങളിൽ കൂടുകയാണെങ്കിൽ ഫെബ്രുവരി, മാർച്ച് ആകുമ്പോഴേക്കും കുറയും. എന്നാൽ ഇത്തവണ അതുണ്ടായില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം ഉത്പാദനം കുറഞ്ഞതിനാൽ ആവശ്യകത കൂടുകയും വില ഉയരുകയുമാണ് ചെയ്തത്. ഇറക്കുമതി ചെയ്യുന്ന കടലാസിന്റെ വിലയ്ക്കുതന്നെ ഇവിടത്തെ ബി ഗ്രേഡ് കടലാസുകളും വാങ്ങേണ്ടിവരികയാണ് ഇപ്പോൾ.'' - മുഹമ്മദ് അസ്​ലം പറയുന്നു.
കോവിഡ് കാലത്തു തന്നെ പേജുകളുടെ എണ്ണം കുറച്ചതിനാൽ ഇനിയും കുറയ്ക്കുക അസാധ്യമാണെന്നും ഈയൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ പത്രത്തിന്റെ വില കൂട്ടേണ്ടത് അത്യാവശ്യമായി വരുമെന്നും അസ്​ലം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാർ ഒരുകാലത്തും പ്രിൻറ്​ മീഡിയക്ക് അനുകൂലമായ നിലപാടുകളായിരുന്നില്ല സ്വീകരിച്ചിരുന്നതെന്നതും ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമാണ്. പ്രചാരം കുറഞ്ഞും മറ്റും പ്രതിസന്ധിയിലായ അച്ചടിമേഖലയെ കൂടുതൽ പ്രശ്‌നത്തിലാക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ കടലാസിന് ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനമെടുത്തത്. സ്വതന്ത്ര നിലപാടുകളുള്ള മാധ്യമങ്ങൾ നിലനിൽക്കുന്നതിൽ താത്പര്യമില്ലാത്ത കേന്ദ്ര സർക്കാർ അച്ചടി മാധ്യമങ്ങൾക്ക് മാത്രമല്ല, മാധ്യമരംഗത്തിനാകെ അനുകൂലമായ നിലപാടല്ല സ്വീകരിച്ചുവരുന്നതെന്ന് സജിൽ ശ്രീധർ ആരോപിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളൊക്കെ ശക്തമായ നിലപാടുകളെടുക്കുന്നുണ്ടെങ്കിലും അതിനെല്ലാം കൂച്ചുവിലങ്ങിടാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കുന്ന തരത്തിലാണല്ലോ പലപ്പോഴും സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകുന്നത്. ജവാഹർലാൽ നെഹ്രുവിന്റെ കാലം മുതൽ തന്നെ വാജ്‌പേയിയുടേത് ഉൾപ്പെടെ എല്ലാ സർക്കാരുകളുടെ കാലത്തും മാധ്യമങ്ങളോട് വളരെ അനുകൂല നിലപാടുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കുറേക്കാലമായി അങ്ങനെയൊരു സ്ഥിതിയല്ല ഇവിടെയുള്ളത്.

പരസ്യവരുമാനത്തിലും ഇടിവ്​

കോവിഡ് ലോക്ക്ഡൗണിനുശേഷം പത്രങ്ങളുൾപ്പെടെയുള്ള അച്ചടിമേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും പരസ്യ വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ചെറുകിട പത്രങ്ങളിൽ പലതിനും പരസ്യത്തിലൂടെയുള്ള വരുമാനം പത്തിലൊന്നായി വരെ കുറഞ്ഞിട്ടുണ്ട്. പല സ്ഥാപനങ്ങളും ഈ പ്രതിസന്ധി മറികടക്കാൻ വിവിധ വഴികളും തേടുന്നുണ്ട്. പേജുകളുടെ എണ്ണം കുറച്ചും ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമമാണ് അച്ചടിമാധ്യമങ്ങൾ നടത്തുന്നത്. ക്ലാസ്​ റിവിഷൻ വരെ നടത്തി ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളിൽ വൻ വെട്ടിക്കുറവ്​ വരുത്തിയ പത്രങ്ങളുണ്ട്​.

ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രചാരം വൻതോതിൽ ഉയരുന്നതും അച്ചടി മേഖലയുടെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കൈയിലിരിക്കുന്ന മൊബൈൽ ഫോണിൽ കിട്ടാത്തതൊന്നുമില്ലെന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. അതോടെ അച്ചടിച്ച പത്രങ്ങളും മാഗസിനുകളും വായിക്കുന്നത് അനാവശ്യമായി മാറി. പത്രം വായിക്കുകയെന്നത് ഇന്ന് ഒരു ശീലമല്ലാതായി തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. തുടർന്നുപോന്ന ഒരു ശീലത്തിന്റെ ഭാഗമായി മാത്രമാണ് ഇന്ന് പല വീടുകളിലും പത്രം വരുത്തുന്നത് തന്നെ. അച്ചടിച്ചിറങ്ങുന്ന പത്രങ്ങളുടെ അതേ പേജുകൾ തന്നെ ഇ-പേപ്പറുകളായി ഇന്റർനെറ്റിൽ ലഭ്യമാണ്. എങ്കിലും ശീലിച്ചുപോയതുകൊണ്ടു മാത്രം ഒരു വിഭാഗം ഇന്നും പത്രം വാങ്ങുകയും വായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുമാത്രമാണ് കേരളത്തിൽ, ഇന്ത്യയിലാകെയും പത്രങ്ങൾ നിലനിൽക്കുന്നത്.

വിദേശരാജ്യങ്ങളിലൊക്കെ ഓരോ വർഷവും ഒട്ടേറെ പത്രങ്ങളും മാസികകളുമാണ് അച്ചടി നിർത്തുന്നത്. എന്നാൽ ഇവിടെ പൂട്ടിപ്പോകുന്ന പത്രസ്ഥാപനങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്. പത്രം വാങ്ങുന്നതും വായിക്കുന്നതും ‘അന്തസ്സി’ന്റെ ഭാഗമായി കാണുന്ന ഒരുപാടാളുകൾ ഇന്നുമുള്ളതാണ് അതിന് കാരണം. അതുകൊണ്ടുതന്നെ സർക്കുലേഷൻ കൂട്ടുക എന്നൊരു ലക്ഷ്യം ഇപ്പോൾ മലയാള പത്രങ്ങളുടെ അജണ്ടയിലില്ല. നിലവിലുള്ള വരിക്കാരെ നഷ്ടപ്പെടുത്താതിരിക്കാനുള്ള ഉപായങ്ങളാണ് അവർ തേടുന്നത്. ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഒരു ദിവസം മുഴുവൻ കണ്ടുകഴിഞ്ഞ വാർത്തകളാണ് അടുത്ത ദിവസം പത്രങ്ങളിൽ വായിക്കുന്നത്. അതുകൊണ്ടുതന്നെ അവ ആളുകൾ വായിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. അപ്പോൾ ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ടെലിവിഷനിലും വരുന്നതിനപ്പുറം, വായനക്കാരെ ആകർഷിക്കാനുള്ള വഴികളാണ് പത്രങ്ങൾ ആലോചിക്കുന്നത്. അതിനുള്ള വഴികൾ കണ്ടെത്തുന്നതിനലും നടപ്പാക്കുന്നതിലും ഇന്ന് മലയാളത്തിലെ മിക്ക പത്രങ്ങളും ശ്രമിക്കുകയും ഒരുപരിധി വരെ വിജയിക്കുകയും ചെയ്യുന്നുണ്ടെന്ന് തന്നെ ഇപ്പോൾ കരുതണം. ​പ്രമുഖ മലയാള പത്രങ്ങളെല്ലാം അവരുടെ ഓൺലൈൻ വിഭാഗങ്ങൾക്ക്​ പ്രത്യേക ഊന്നൽ കൊടുക്കുന്നുണ്ട്​. ജീവനക്കാരുടെ എണ്ണം കൂട്ടിയും വൈവിധ്യവൽക്കരണത്തിന്​ കൂടുതൽ ഫണ്ട്​ അനുവദിച്ചും പ്രത്യേക പരസ്യപാക്കേജുകൾ തയാറാക്കിയും ഡിജിറ്റൽവൽക്കരണം ശക്തമാക്കുകയാണ്​ പത്രങ്ങൾ. പത്രങ്ങളെ നാമമാത്രമാക്കി നിലനിർത്തിയുള്ള ഇത്തരം ഡിജിറ്റൽവൽക്കരണം എത്രനാൾ തുടരുമെന്ന ആശങ്ക അച്ചടിമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ തന്നെ പങ്കുവെക്കുന്നുണ്ട്.

കോവിഡ് കാലത്ത് എല്ലാ മേഖലയിലും തകർച്ചയുണ്ടായതിന്റെ ഭാഗമായി പത്രങ്ങൾക്ക് പരസ്യ വരുമാനം കുറയുകയും തുടർന്ന് പേജിന്റെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് മാധ്യമം സീനിയർ പ്രൊഡക്ഷൻ മാനേജർ റഷീദലി പറഞ്ഞു. പത്രങ്ങൾ പേജുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതോടെ കടലാസിന്റെ ചെലവ് കുറയുകയും അതിനനുസരിച്ച് കമ്പനികൾ ഉദ്പാദനം കുറക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. അതോടെ കടലാസിന് ക്ഷാമമുണ്ടായി. ലഭ്യമായവയ്ക്ക് വില വലിയ തോതിൽ ഉയരുകയും ചെയ്തു. ഇന്ത്യയിലെ പല കമ്പനികളും ഈ ക്ഷാമസാഹചര്യം ഉപയോഗപ്പെടുത്തുകയും ഗുണനിലവാരം കുറഞ്ഞ കടലാസുകൾ കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുകയാണെന്നും റഷീദ് അലി പറയുന്നു.

പരസ്യം കൊടുക്കാൻ പത്രം വേണ്ട

25 രൂപയോളം ഉത്പാദനച്ചെലവുള്ള പത്രത്തിന്റെ ഒരു കോപ്പി വിൽക്കുന്നത് എട്ട് രൂപയ്ക്കാണ്. ബാക്കി തുക ലഭിക്കുന്നത് പരസ്യത്തിലൂടെയാണ്. അതുകൊണ്ടുതന്നെ പരസ്യം ഇല്ലാതെ പത്രങ്ങൾക്ക് നിലനിൽക്കാനാകില്ലെന്നും റഷീദലി വ്യക്തമാക്കുന്നു. അതേസമയം, സോഷ്യൽ മീഡിയയുടെ സ്വാധീനം വല്ലാതെ കൂടിയ കാലത്ത് പത്രത്തിൽ തന്നെ പരസ്യം നൽകണമെന്ന അവസ്ഥയില്ലാതായിരിക്കുന്നു. വൻകിട കമ്പനികൾ വരെ പ്രചാരത്തിന് സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുന്നുണ്ട്. പത്രങ്ങളേക്കാൾ കൂടുതൽ പേരിലേയ്ക്ക് എത്തുമെന്നതും ചെലവില്ലെന്നതും സോഷ്യൽ മീഡിയയിലൂടെ പരസ്യം ചെയ്യുന്നതിലേയ്ക്ക് കമ്പനികളെ ആകർഷിക്കുന്നു. മാത്രമല്ല, പത്രത്തിൽ പരസ്യം നൽകുന്നതിനുപകരം പത്രത്തിനൊപ്പം പ്രത്യേകമായി പരസ്യ നോട്ടീസുകൾ നൽകുന്ന രീതിയാണ് ഇന്ന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളൊക്കെ പിന്തുടരുന്നത്. സ്ഥാപനങ്ങളെ സംബന്ധിച്ച് പത്രത്തിൽ പരസ്യം നൽകുന്നതിനേക്കാൾ എത്രയോ ലാഭമാണ് ഇത്. അതേസമയം, പരസ്യ വരുമാനം നിലയ്ക്കാതിരിക്കാനുള്ള ഏത് വഴിയും സ്വീകരിക്കാൻ പത്രസ്ഥാപനങ്ങളും നിർബന്ധിതരാകുകയാണ്.

‘മനോരമ’യുടെ മുന്നറിയിപ്പ്

പരസ്യനോട്ടീസുകൾ പത്രങ്ങൾക്കിടയിൽ വച്ച്​ വിതരണം ചെയ്യുന്നത്​ ഇപ്പോൾ വ്യാപകമാണ്​. ഇതിലൂടെ പ്രാദേശിക- ചെറുകിട പരസ്യവരുമാനത്തിൽ വൻ ഇടിവാണ്​, പ്രത്യേകിച്ച്​ ഇടത്തരം- ചെറുകിട പ​ത്രങ്ങൾക്കുണ്ടായിരിക്കുന്നത്​. വൻകിട പത്രങ്ങൾ​പോലും ഈ പ്രതിസന്ധിയിൽനിന്ന്​ മുക്തമല്ല എന്നു തെളിയിക്കുന്നതാണ്​ മലയാള മനോരമ കഴിഞ്ഞദിവസം ഒന്നാം​ പേജിൽ നൽകിയ പരസ്യം. പത്രങ്ങൾക്കിടയിൽ തിരുകി വിതരണം ചെയ്യുന്ന നോട്ടീസുകൾ വായനാതടസം സൃഷ്​ടിക്കുമെന്നും ജനങ്ങളെ തെറ്റിധരിപ്പിക്കുമെന്നുമാണ്​ അഭിഭാഷക സ്​ഥാപനത്തിന്റെ പേരിൽ മനോരമ നൽകിയ പരസ്യം.
പത്രങ്ങളുടെ ഏജൻറുമാർക്ക്​ തുച്​ഛമായ പ്രതിഫലം നൽകിയാണ്​ പ്രാദേശിക സ്​ഥാപനങ്ങൾ, ഏറെ ചെലവു കുറഞ്ഞ ഈ പരസ്യരീതി സ്വീകരിക്കുന്നത്​. എന്നാൽ, ഫലത്തിൽ ഇത്​ പത്രങ്ങളുടെ പരസ്യവരുമാനത്തെയാണ്​ ബാധിക്കുന്നത്​.​

ഇടിയുന്ന സർക്കുലേഷൻ

ന്യൂസ്​പ്രിൻറ്​ വിലക്കയറ്റമാണ് ഏറ്റവും ഒടുവിലായി അച്ചടി മേഖലയെ പ്രതിസന്ധിയിലാക്കുന്നതെങ്കിലും ലോകമെമ്പാടും അച്ചടിമാധ്യമങ്ങൾ തകർന്നുകൊണ്ടിരിക്കുകയാണെന്നത് വസ്തുതയാണ്. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ അച്ചടിമാധ്യമങ്ങൾ പൂട്ടുന്ന പ്രവണത ഇപ്പോൾ കുറവാണെങ്കിലും ഇങ്ങനെ പോയാൽ ഭാവി അത്ര ശോഭനമാണെന്ന് പറയാനാകില്ല. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രചാരം വലിയതോതിലാണ് കുറയുന്നത്. കഴിഞ്ഞ മൂന്നുനാല് വർഷത്തിനിടെയാണ് തകർച്ച ഏറ്റവും കൂടിയത്. ഡിജിറ്റൽ മീഡിയയിൽ കണ്ടും അനുഭവിച്ചും ലഭിക്കുന്ന അറിവുകൾ ഉണ്ടാകുമ്പോൾ അച്ചടി മാധ്യമങ്ങളുടെ നിലനിൽപ്​ ചോദ്യചിഹ്​നമാകുകയാണ്​.
കോവിഡ് കാലം കൂടിയായതോടെ വിദ്യാർഥികളും യുവാക്കളും മാത്രമല്ല, പ്രായമായവരടക്കം ഡിജിറ്റൽ മീഡിയയുടെ ഉപയോക്താക്കളായി മാറി. ഡിജിറ്റൽ മീഡിയ ഇത്ര സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് വനിതാ മാഗസിനുകളോ ലൈഫ്‌സ്റ്റൈൽ മാഗസിനുകളോ സിനിമാ മാസികകളോ ഒന്നും ഒരു അനിവാര്യതയല്ല എന്ന തിരിച്ചറിവ് ആളുകൾക്കുണ്ടാകുമ്പോൾ സ്വാഭാവികമായും, പരമ്പരാഗത അച്ചടി മാധ്യമങ്ങൾക്ക്​ വായനക്കാർ കുറയും, അത്​ പരസ്യവരുമാനം അടക്കമുള്ളവയെ ബാധിക്കുകയും​ ചെയ്യും.

എല്ലാതരം പ്രസിദ്ധീകരണങ്ങളെയും വായനക്കാരുടെ കുറവും ഇപ്പോഴത്തെ പ്രതിസന്ധികളും ബാധിച്ചിട്ടുണ്ടെന്ന് സജിൽ ശ്രീധർ ചൂണ്ടിക്കാട്ടുന്നു. പർച്ചേസിങ് കപ്പാസിറ്റി കൂടിയ വിഭാഗത്തെ ലക്ഷ്യമിടുന്ന സാംസ്‌കാരിക മാഗസിനുകളും സ്ത്രീ മാഗസിനുകളും ഉൾപ്പെടെയുള്ളവയ്ക്കും സർക്കുലേഷൻ താഴേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സിനിമാ വാരികകൾ എന്ന സങ്കൽപം തന്നെ ഇന്ന് ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്. ഒരുകാലത്ത് ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റിരുന്ന നാന വളരെക്കുറച്ച് കോപ്പികൾ മാത്രം ദ്വൈവാരികയായാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. വാരികയായിരുന്ന നാന ഇടയ്ക്ക് പ്രസിദ്ധീകരണം നിർത്തിയെങ്കിലും പിന്നീട് ദ്വൈവാരികയായി വീണ്ടും അച്ചടി തുടരുകയായിരുന്നു. അച്ചടിമേഖലയുടെ പ്രതിസന്ധിയുടെ കാരണം ന്യൂസ്‌പേപ്പറിന്റെ വിലയോ കോവിഡോ ഒന്നുമല്ല, അല്ലാതെ തന്നെ അച്ചടിമാധ്യമങ്ങൾ കാലഹരണപ്പെട്ട് പോകുന്ന അവസ്ഥയാണ് പൊതുവിലുള്ളതെന്നും സജിൽ ശ്രീധർ പറയുന്നു.

പൊതുവെ വായന കുറയുന്ന കാലത്ത് വിലക്കയറ്റവും പരസ്യത്തിന്റെ കുറവും കൂടി പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ പത്രസ്ഥാപനങ്ങൾക്ക് മറികടക്കാൻ വലിയ പ്രയാസമാണെന്നും നിലവിലുള്ള സർക്കുലേഷൻ നഷ്ടപ്പെടാതിരിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോഴെന്നും റഷീദലി പറഞ്ഞു. ""ഈ ഡിജിറ്റൽ കാലത്ത് വായന ഇന്ന് ഒരു അനിവാര്യതയല്ലാതായി മാറിയിട്ടുണ്ട്. യുവതലമുറയ്ക്ക് വായിക്കണമെന്നും അതിലൂടെ തന്റെ അറിവും അക്ഷരജ്ഞാനവും മെച്ചപ്പെടുത്തണമെന്നുമുള്ള ആഗ്രഹമില്ലാതായി. അതുകൊണ്ട് അച്ചടി മാധ്യമങ്ങളുടെ ഭാവി പ്രതിസന്ധിയിൽ തന്നെയാണ്. ഇന്ത്യയിൽ അത്രപെട്ടെന്ന് അച്ചടിമാധ്യമങ്ങൾ അസ്തമിക്കില്ല. കുറച്ചുകാലം കൂടി ഇതുപോലെയൊക്കെ മുന്നോട്ടുപോകുമെന്നു തന്നെയാണ് പ്രതീക്ഷ. എന്നാൽ അമിത പ്രതീക്ഷ വേണ്ട.'' - റഷീദലി പറഞ്ഞു.

പത്രസ്ഥാപനങ്ങളെല്ലാം ഇന്ന് കാലത്തിനനുസരിച്ച് മാറുകയും ഡിജിറ്റൽ രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വരുമാനത്തിന്റെ കാര്യത്തിൽ ഡിജിറ്റൽ മേഖലയ്ക്ക് വലുതായൊന്നും മാധ്യമസ്ഥാപനത്തെ സഹായിക്കാനാകില്ല. പത്രത്തെയും ടെലിവിഷനെയും അപേക്ഷിച്ച് ഡിജിറ്റൽ മാധ്യമങ്ങളിൽ പരസ്യത്തിന് മൂല്യം കുറവാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് ഒരു പത്രം പോകുന്നു എന്നു പറയുമ്പോൾ അത്​ സാമ്പത്തികനേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ഒരു പുതിയ മേഖലയിൽ സാന്നിധ്യമാകുന്നു എന്നു മാത്രമെ പറയാനാകൂ എന്നും റഷീദലി പറയുന്നു.

വാരികകളെയും മാസികകളെയും അപേക്ഷിച്ച് പത്രങ്ങൾക്ക് കുറച്ചുകൂടി പിടിച്ചുനിൽക്കാൻ സാധിക്കുന്നുണ്ട്. കോവിഡ് കാലത്ത് പരസ്യ വരുമാനത്തിൽ വലിയ കുറവുണ്ടായപ്പോഴും പേജുകളുടെ എണ്ണം കുറച്ചുകൊണ്ടൊക്കെ ചെലവും വരുമാനവും ബാലൻസ് ചെയ്യാൻ ചില പത്രങ്ങൾക്കെങ്കിലും സാധിച്ചിട്ടുണ്ട്. പക്ഷെ ന്യൂസ്​ പ്രിൻറ്​​ വില ഇത്ര വർധിച്ചതും ക്ഷാമവും കേരളത്തിലെ പത്രങ്ങളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. നിലവിൽ പത്രം അച്ചടിക്കാൻ പറ്റാത്ത സാഹചര്യമൊന്നും ഒരു പത്രത്തിനും ഇല്ലെങ്കിലും ഈ രീതിയിൽ അധികകാലം മുന്നോട്ടുപോകാൻ ചെറുകിട പത്രങ്ങൾക്കൊന്നും സാധിച്ചെന്നുവരില്ല.

അതേസമയം, കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിലുണ്ടായ പരസ്യ വരുമാനത്തിലെ നഷ്ടം ഒരു പരിധി വരെ തിരിച്ചുപിടിക്കാൻ മിക്ക പത്രങ്ങൾക്കും സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി പൂർണമായും വിട്ടുപോയിട്ടില്ലെങ്കിലും ജീവിതം ഏതാണ്ടെല്ലാ മേഖലയിലും സാധാരണ നിലയിലേക്ക് എത്തിയതിനാൽ പത്രങ്ങൾക്ക് ഉത്പാദന നഷ്ടം വരാതെ അച്ചടിക്കാൻ പറ്റുന്ന സ്ഥിതിയായിട്ടുണ്ടെന്ന് പറയാം. സർക്കുലേഷൻ തീരെ കുറഞ്ഞ ചെറുകിട പത്രങ്ങൾക്ക് പ്രതിസന്ധിയുണ്ടെന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളെ പോലെ പൂ​ട്ടേണ്ട അവസ്ഥയില്ല.

Comments