ന്യൂസ് ക്ലിക്ക് റെയ്ഡ്:
മുഖ്യധാരാ മാധ്യമങ്ങള്‍
എന്തുകൊണ്ട് നിശ്ശബ്ദരായി?
ന്യൂസ് ക്ലിക്ക് റെയ്ഡ്: മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ട് നിശ്ശബ്ദരായി?
വിമര്‍ശനം ഉന്നയിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെ നിലക്കുനിര്‍ത്താന്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ന്യൂസ് ക്ലിക്കിനെതിരായ കൈയേറ്റം. ലോക വ്യാപകമായി തന്നെ ഈ സംഭവം വിമര്‍ശിക്കപ്പെട്ടു. അതേസമയം, ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്തയേയും സമാന സ്വഭാവമുള്ള വാര്‍ത്തകളെയും എങ്ങനെയാണ് കാണുന്നത് എത് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. 'ലാപ്‌ഡോഗ് മാധ്യമങ്ങളെ' സൃഷ്ടിച്ചത് വിമതത്വത്തെ നേരിടാന്‍ ആത്മവിശ്വാസമില്ലാത്ത നമ്മുടെ ജനാധിപത്യ ബോധം കൂടിയാണ്
16 Feb 2021, 02:00 PM
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ന്യൂസ് ക്ലിക്ക് എന്ന ന്യൂസ് വെബ്‌സൈറ്റിന്റെ ഓഫീസിലും അതിന്റെ എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ വീട്ടിലും 113 മണിക്കൂറാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയത്. വിമര്‍ശനം ഉന്നയിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ന്യൂസ് ക്ലിക്കിനെതിരായ കൈയേറ്റം.
ലോക വ്യാപകമായി തന്നെ ഈ സംഭവം വിമര്‍ശിക്കപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. അതേസമയം, ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്തയെയും സമാന സ്വഭാവമുള്ള വാര്‍ത്തകളെയും എങ്ങനെയാണ് കാണുന്നത് എത് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ന്യൂസ് ക്ലിക്കിനെതിരായ നീക്കത്തെ ഇന്ത്യന്‍ എക്സ്പ്രസ്
റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ച് പ്രശസ്ത സാമൂഹ്യ നിരീക്ഷകനും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ അപൂര്‍വാനന്ദ് ഒരു ലേഖനത്തില്‍ (https://thewire.in/media/newsclick-enforcement-directorate-raid-target) വിമര്‍ശിക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെയാണ് അപൂര്‍വാനന്ദ് വിമര്‍ശിക്കുന്നത്.

ന്യൂസ് ക്ലിക്ക് പത്രാധിപരെയും ആ സ്ഥാപനത്തെ തന്നെയും സംശയനിഴലിലാക്കാന്‍ എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച ആരോപണങ്ങള്‍ അതേപോലെ ആവര്‍ത്തിക്കുകയാണ് പത്രം ചെയ്തത്. ഇ.ഡിയുടെ ‘സെലക്ടീവ് ലീക്കിങ്ങി’ന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യന്‍ എക്‌സ് പ്രസിന്റെ വാര്‍ത്ത. ഭരണകൂട അതിക്രമങ്ങളെ സ്വാഭാവികവല്‍ക്കരിക്കുന്ന സമീപനമാണ് ഇതിലൂടെ തെളിയുന്നത്.

കര്‍ഷക സമരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ശക്തമായ സമീപനം സ്വീകരിച്ച മാധ്യമ സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിന്റെ റിപ്പോര്‍ട്ടുകള്‍ക്കും വീഡിയോ സ്‌റ്റോറികള്‍ക്കും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഇതാണ് റെയ്ഡിന്റെ പശ്ചാത്തലമെന്ന് മനസ്സിലാക്കാതയായിരുന്നു ഇന്ത്യന്‍ എക്സ്പ്രസിലെ മേല്‍ സൂചിപ്പിച്ച റിപ്പോര്‍ട്ട്. ആ മാധ്യമ സ്ഥാപനത്തിനെതിരെ നടക്കുന്ന റെയ്ഡുമായി ബന്ധപ്പെട്ട് നിഷ്‌കളങ്കമെന്ന് തോന്നുന്ന രീതിയില്‍ മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ തന്നെയാണ് ഹിന്ദുത്വ ഹാന്റിലുകളില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വഴി, സര്‍ക്കാരിനെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന മാധ്യമങ്ങള്‍ക്കെതിരെ അതിശക്തമായ അധിക്ഷേപവും ആക്രമണ ഭീഷണിയും ഉണ്ടായികൊണ്ടിരിക്കുന്നതും.
Also Read: സ്ത്രീകളെയും ട്രാൻസ്‌ജെന്ററുകളെയും അറിയാത്ത കേരളത്തിലെ ന്യൂസ് റൂമുകള്‍; കെ.ആര്‍.മീര സംസാരിക്കുന്നു
ഇപ്പോഴും പല മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും അത് തുടരുന്നു. പലരും അറസ്റ്റ് ചെയ്യപ്പെടുന്നു. ചിലര്‍ കേസുകള്‍ നേരിടുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം വിമര്‍ശനാത്മ സമീപനം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ അതിശക്തമായ നീക്കമുണ്ടാകുമ്പോഴും മറ്റ് മാധ്യമങ്ങള്‍ ഇതിനോട് നിസ്സംഗമായി പ്രതികരിക്കുകയാണ് ചെയ്തുപോന്നത്. നേരത്തെ കേരളത്തിലെ രണ്ട് പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും എതിരെ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം നടപടിയെടുത്തപ്പോഴും അങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടില്ലെന്ന മട്ടിലായിരുന്നു കേരളത്തിലെ മറ്റ് മാധ്യമങ്ങളുടെ സമീപനം. അതായത് മാധ്യമങ്ങള്‍ക്കെതിരെ 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം ശക്തിപ്പെട്ട നീക്കങ്ങളെക്കുറിച്ചുള്ള ആകുലതകള്‍ ഇന്ത്യയിലെ മറ്റ് മുഖ്യധാരാ മാധ്യമങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്നുവേണം മനസ്സിലാക്കാന്‍.
ലോകത്തില്‍ സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം ഏറ്റവും ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേസ് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുണ്ടാക്കിയ 180 രാജ്യങ്ങളുടെ പട്ടികയില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. ഫ്രീ സ്പീച്ച് കലക്ടീവിന്റെ കണക്കുപ്രകാരം 2010- 2020 കാലത്ത് 154 മാധ്യമ പ്രവര്‍ത്തകരാണ് അവരുടെ തൊഴിലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ അറസ്റ്റുകളില്‍ 40 ശതമാനവും നടന്നത് 2020 ലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മാധ്യമങ്ങളെ മാത്രമല്ല, രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മുഖ്യധാരയേയും ഈ നടപടികള്‍ കാര്യമായി അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇടതുപാര്‍ട്ടികളുടെയും ചില കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതികരണത്തിലപ്പുറം മാധ്യമങ്ങള്‍ക്കെതിരായ നടപടികള്‍ ഇക്കാലത്തെ സ്വാഭാവികതയായി അംഗീകരിക്കപ്പെടുകയാണെന്നുവേണം മനസ്സിലാക്കാന്‍. മാധ്യമ വരേണ്യതയെക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നതാണ് ഹിന്ദുത്വത്താല്‍ നയിക്കപ്പെടുന്ന ഫാസിസ്റ്റ് ഭടന്മാരുടെ ഒരു ജനപ്രിയ മുദ്രാവാക്യം.

മാധ്യമങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ ജനാധിപത്യത്തിനെതിരായ ഭരണകൂടത്തിന്റെ ആക്രമണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അത് ഇന്ത്യയില്‍ മാത്രമായി നടക്കുന്നതുമല്ല. ലോകത്തെ വലതുപക്ഷ സര്‍ക്കാരുകള്‍ക്ക് കീഴില്‍ മാധ്യമങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ ഒരു പതിറ്റാണ്ടിലേറെയായി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ വലതുപക്ഷ സര്‍വാധിപത്യ രാജ്യങ്ങളും ജനാധിപത്യമെന്ന് പരിഗണിക്കപ്പെടുന്ന രാജ്യങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ലെന്ന് ഫ്രീഡം ഹൗസിന്റെ ഫ്രീഡം ഇന്‍ വേള്‍ഡ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതോ, ഇല്ലാതാക്കുന്നതോ ആയ നീക്കങ്ങളുടെ ഇരകളായി മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും മാറുന്നതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുക, വിമര്‍ശനാത്മക സമീപനം തുടരുന്ന മാധ്യമ പ്രവര്‍ത്തകരെ അപഹസിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുക, തുടങ്ങി ജനാധിപത്യ വിരുദ്ധ ഭരണാധികാരികള്‍ സ്വീകരിക്കുന്ന സമീപനങ്ങളിലും സമാനതകളുണ്ട്.
അനുകൂല മാധ്യമങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും മുഖ്യധാരാ മാധ്യമങ്ങളില്‍ പലതിനെയും സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളാക്കുകയും ചെയ്യുക എന്ന സമീപനത്തിന്റെ ഇരകളാണ് മോദിയുടെ കാലത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്ന് വ്യക്തമാണ്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. കോവിഡ് കാലത്തെ ഒരു ഉദാഹരണം പറയാം. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ആഭ്യന്തര പലായനത്തിന് കാരണമായ മുന്നറിയിപ്പില്ലാത്ത ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണ ഉറപ്പാക്കി കൊണ്ടാണ് മോദി രാഷ്ട്രീയമായി അതീജീവിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ആറുമണിക്കൂര്‍ മുമ്പ് പ്രധാനമന്ത്രി പ്രമുഖ പത്രാധിപന്മാരുടെയും ഉടമകളുടെയും യോഗം വിളിക്കുന്നു. കോവിഡ്- 19 മായി ബന്ധപ്പെട്ട് പോസിറ്റീവായ സ്‌റ്റോറികള്‍ മാത്രം നല്‍കണമെന്ന് പത്രാധിപന്മാരോട് ആവശ്യപ്പെടാനായിരുന്നു യോഗം വിളിച്ചതെന്ന് ഇതേക്കുറിച്ച് കാരവന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റും ഇത് സ്ഥിരീകരിക്കുന്നു. സര്‍ക്കാരും ജനങ്ങളുമായുള്ള കണ്ണിയായി മാധ്യമങ്ങള്‍ മാറണമെന്നും സര്‍ക്കാര്‍ കോവിഡിനെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നുമായിരുന്നു ആവശ്യം. കോവിഡ് നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.
മാധ്യമങ്ങളെ സര്‍ക്കാരിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ടുള്ള ഒരു പൊതു സമ്പര്‍ക്ക പരിപാടിയായിരുന്നു മോദി ലക്ഷ്യമിട്ടത്. വിമര്‍ശന റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കുകയെതായിരുന്നു ലക്ഷ്യം. ഇതിനോട് സമ്പൂര്‍ണമായി വിധേയപ്പെടുകയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്തത്. പ്രധാനമന്ത്രി അങ്ങനെ ഒരു യോഗം വിളിച്ചതിനും അതില്‍ തങ്ങളെ ക്ഷണിച്ചതിലും ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പരസ്യമായി നന്ദി പ്രകടിപ്പിച്ചതോടെ മാധ്യമങ്ങളെ നിയന്ത്രിക്കുകയെന്ന ഭരണകൂട ലക്ഷ്യം വലിയൊരളവില്‍ വിജയിച്ചുവെന്ന് പറയാം. ഇക്കാര്യത്തില്‍ ദി ഹിന്ദുവിലെ മാലിനി പാര്‍ത്ഥസാരഥി 2020 മാര്‍ച്ച് 24 ന് നടത്തിയ ട്വീറ്റ് പ്രത്യേകം പരമാര്‍ശിക്കേണ്ടതാണ്.

പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തതില്‍ സന്തോഷം രേഖപ്പെടുത്തിയ മാലിനി പാര്‍ത്ഥസാരഥിക്ക് കോവിഡിനെ നേരിടുന്നതില്‍ പ്രധാനമന്ത്രി കാണിക്കുന്ന ശക്തമായ സമീപനം എടുത്തുപറയേണ്ടതാണെന്ന് തോന്നി. നമ്മള്‍ നല്ല കരങ്ങളിലാണെന്ന സംതൃപ്തിയും അവര്‍ ആ ട്വീറ്റില്‍ രേഖപ്പെടുത്തി. (ദീപം തെളിച്ചും, പാത്രം കൂട്ടിയിടിച്ചും കോവിഡിനെ നേരിടാമെന്ന് പറഞ്ഞ മോദി!) സ്റ്റേറ്റിന്റെ പി.ആര്‍. പണിയാണ് ഉദാത്ത മാധ്യമ പ്രവര്‍ത്തനം എന്ന തോന്നല്‍ കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ നന്നായി സ്വാധീനിച്ച പ്രദേശമാണ് കേരളം എന്നതും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതാണ്.
യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ഭരണകൂടത്തിന് മുന്നിലെ സമ്പൂര്‍ണ സമര്‍പ്പണമാണ് ഉദാത്ത മാധ്യമ പ്രവര്‍ത്തനമെന്ന തോന്നല്‍ ഇന്ത്യയില്‍ കോവിഡ് കാലത്തുണ്ടായതൊന്നുമല്ല. 2019 ആഗസ്റ്റ് അഞ്ചിന് പ്രത്യേക അവകാശങ്ങള്‍ എടുത്തുമാറ്റുകയും കശ്മീരില്‍ ഇന്റര്‍നെറ്റ് പോലും നിഷേധിക്കുകയും അവിടെ മാധ്യമ പ്രവര്‍ത്തനം ഫലത്തില്‍ ഇല്ലാതാക്കപ്പെടുകയും ചെയ്ത ഘട്ടത്തില്‍ ഇന്ത്യയിലെ പ്രബല മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും അതിനെ ജനാധിപത്യ അവകാശത്തിന്മേലുള്ള കൈയേറ്റമായിട്ടായിരുന്നില്ല കണ്ടത്. മറിച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷയുടെയും ദേശീയ അഭിമാനത്തിന്റെയും വിഷയമായിട്ടായിരുന്നു. കാശ്മീരിന്റെ ദുഃഖം ഇന്ത്യയിലെ മുഖ്യധാരയ്ക്ക് ഒരു അസ്വസ്ഥതയും സൃഷ്ടിച്ചില്ല. ബാബ്‌റി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം പണിയാന്‍ കോടതി നിര്‍ദ്ദേശിച്ചതിനെയും ഇങ്ങന ആവേശത്തോടെ തെന്നയാണ് ഭൂരിപക്ഷം മാധ്യമങ്ങളും കണ്ടത്.

ഭരണകൂട വ്യാഖ്യനങ്ങള്‍ പ്രചരിപ്പിക്കാനുള്ള മെഗാഫോണുകളായി സ്വയം മാറുന്നതില്‍ അഭിരമിച്ചിരിക്കുന്ന മാധ്യമങ്ങള്‍ തെന്നയാണ് സ്വതന്ത്രമായി വിവരങ്ങള്‍ കൈമാറ്റം ചെയ്യുതിനെതിരായ ആക്രമണത്തെ സ്വാഭാവികവല്‍ക്കരിച്ചതില്‍ മുഖ്യപങ്കാളികളായത്. കശ്മീരായാലും ഇടതുതീവ്രവാദമായാലും, പൗരത്വ നിയമ ഭേദഗതിയായാലും നോട്ടുനിരോധനമായാലും കര്‍ഷക നിയമ ഭേദഗതിയായാലും ഭരണകൂടത്തിന്റെ വ്യാഖ്യാനങ്ങള്‍ക്കപ്പുറം പോകേണ്ടെന്ന് തീരുമാനിക്കാനും സ്റ്റേറ്റിന്റെ നിലപാടുകള്‍ സ്വാഭാവികമായും നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടിയാണെന്നുമുളള അപഹാസ്യമായ വ്യാഖ്യാനങ്ങളുമായി രംഗത്തെത്തുന്ന മുഖ്യധാരാ മാധ്യമങ്ങളും മാധ്യമ കുലപതികളും അധികാരികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. വിധേയപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന മാധ്യമ സമൂഹം ഹിന്ദുത്വത്തിന് ചെയ്യുന്ന സഹായം ചെറുതല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മാധ്യമങ്ങളുടെ മൂലധന താല്‍പര്യമാണ് കാരണമെന്ന പരമ്പരാഗത മാധ്യമ വിമര്‍ശനം കൊണ്ടുമാത്രം ഈ കീഴടങ്ങലിനെ മനസ്സിലാക്കാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍ ട്രംപിന്റെ കാലത്തെ അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ വിമര്‍ശനാത്മക സമീപനങ്ങളെ എങ്ങനെ മനസ്സിലാക്കും? 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം വിശ്വാസ്യത നഷ്ടമായ അമേരിക്കന്‍ മാധ്യമങ്ങള്‍ പിന്നീട് സ്വീകരിച്ച തിരുത്തല്‍ നടപടികളെക്കുറിച്ച് കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് ഫ്രണ്ട്‌ലൈന്‍ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ടൈം മാഗസിന്റെ മുതലാളിയായിരുന്ന ഹെന്റി ലൂസിന്റെ മുന്‍കൈയില്‍ എടുത്ത സമീപനങ്ങളെക്കുറിച്ചാണ് അദ്ദേഹം വിശദമാക്കുന്നത്. ഹെന്റി ലൂസിന്റെ മുന്‍കൈയില്‍ രൂപികരിക്കപ്പെട്ട ഹച്ചിന്‍സ് കമ്മീഷനും അത് ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്കുളള പങ്കിനെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതുമാണ് വിനോദ് കെ. ജോസ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം വിശ്വാസ്യതാ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യയില്‍ എന്തുകൊണ്ടാണ് അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടാവാത്തതെന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നു.
എന്തുകൊണ്ടാണ് വിശ്വാസ്യതക്കമ്മിയോടെ ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന ചോദ്യത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ
ജനാധിപത്യത്തോടുള്ള സമീപനവുമായി ബന്ധപ്പെടുത്തി കാണേണ്ടതാണെന്ന് തോന്നുന്നു. ലോകത്തെ വലിയ ജനാധിപത്യമെന്ന് പരസ്യപ്പെടുത്തുമ്പോഴും ഇന്ത്യ വിമതത്വത്തെ എത്രത്തോളം സ്വാഭാവികമായി നേരിട്ടിട്ടുണ്ടെന്നത് പരിശോധിക്കേണ്ടതാണ്. അപ്പോഴാണ് ജനാധിപത്യ മാഹാത്മ്യത്തിന്റെ കെട്ടുകഥകള്‍ തകര്‍ന്നുപോകുക. ഭരണകൂടവ്യവസ്ഥ അംഗീകരിച്ച കക്ഷിരാഷ്ട്രീയത്തിനപ്പുറത്തെ രാഷ്ട്ര വിമര്‍ശനങ്ങളെ സൗമത്യയോടെ നേരിട്ട ഒരു ജനാധിപത്യ പാരമ്പര്യം നമുക്കുണ്ടെന്ന് പറയാന്‍ കഴിയില്ല. അത് കശ്മീരില്‍നിന്നുണ്ടായ രാഷ്ട്രീയ ചോദ്യങ്ങളായാലും വിവിധ ദേശീയതകളില്‍നിന്നുണ്ടായ രാഷ്ട്രീയ വെല്ലുവിളിയാണെങ്കിലും തെലുങ്കാനയില്‍ തുടങ്ങി, ഇപ്പോഴും പലയിടങ്ങളിലായി അവശേഷിച്ചിട്ടുളള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ വെല്ലുവിളികളാണെങ്കിലും അതിനോടൊക്കെയുള്ള ഇന്ത്യയുടെ പ്രതികരണം വിമതത്വത്തോട് ജനാധിപത്യ സമൂഹം ചെയ്യേണ്ട സംവാദാത്മക സമീപനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് സായുധമായ എതിരിടലായിരുന്നു.

ആഭ്യന്തരമായി ഉയരുന്ന വെല്ലുവിളികളെ സൈനികമായി നേരിടുകയെന്ന ഭരണകൂട യുക്തിയെ പിന്‍പറ്റിയായിരുന്നു ഇന്ത്യയിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനം ഏറെയും നടന്നത്. 1990 കള്‍ക്ക് ശേഷം ഈ ഭരണകൂട യുക്തിയിലേക്ക് നവലിബറലിസവും, ഹിന്ദുത്വവും കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇവയൊന്നും ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കപ്പെടേണ്ട ദേശീയ സമീപനങ്ങളാണെന്ന തോന്നല്‍ സൃഷ്ടിച്ചതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്.
ഇങ്ങനെ ഭരണകൂടം നിര്‍ണയിച്ച അതിരുകളില്‍ സംതൃപ്തരായിരുന്നു മിക്ക സമയങ്ങളിലും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍. ഭരണകൂടം സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ പരിമിതപ്പെടുത്തുമ്പോള്‍ പരമാവധി അതിലൊതുങ്ങാന്‍ തയ്യാറുമാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍. മോദി സര്‍ക്കാര്‍ എല്ലാതരം ഡിസെന്റിനെയും ക്രിമിനലൈസ് ചെയ്യുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കാണിക്കുന്ന നിസ്സംഗത നമ്മുടെ ജനാധിപത്യ സംസ്‌ക്കാരത്തിന്റെ കൂടി പ്രശ്‌നമാണ്. വിമതത്വത്തെ എന്‍ഗേജ് ചെയ്യാനുളള ആത്മവിശ്വാസം ഇന്ത്യന്‍ ജനാധിപത്യത്തിനും സമൂഹത്തിനും ഉണ്ടായിരുന്നില്ല. ഭരണകൂടത്തിന്റെ മടിയില്‍ മയങ്ങുന്ന മുഖ്യധാര മാധ്യമങ്ങള്‍ അതിന്റെ കൂടി സൃഷ്ടിയാണ്.

കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
ടി.എം. ഹർഷൻ
Feb 04, 2021
5 Minutes Raed
Truecopy Webzine
Jan 30, 2021
2 Minutes Read
ഡോ. സ്മിത പി. കുമാര്‍
Jan 25, 2021
8 Minutes Read
കെ.എം. സീതി
Jan 01, 2021
10 Minutes Read
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
Shanavas Karimattam
21 Feb 2021, 01:02 AM
ഭരണകൂടത്തിന്റെ മടിയില്‍ മയങ്ങുന്ന മുഖ്യധാര മാധ്യമങ്ങള്‍... നല്ല പ്രയോഗം.... ഷൂ നക്കിയവർ രാജ്യെത്തിന്റെ ജനാധിപത്യത്തെ കവർന്നെടുക്കുന്നു .. ഉത്തേരേന്ത്യൻ നരഭോജികൾ ഉത്ഘാടനങ്ങൾക്കായി കേരളത്തിേലേക്കും എത്തുന്നു ... കാലം സാക്ഷി ചരിത്രം സാക്ഷി