നെയ്യാറ്റിന്‍കര:
സംവരണക്കാര്‍ഡില്‍
വോട്ടുവീഴുമോ?
നെയ്യാറ്റിന്‍കര: സംവരണക്കാര്‍ഡില്‍ വോട്ടുവീഴുമോ?
ഏപ്രിൽ ആറിന് കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്ക്കുന്ന പോരാട്ടത്തിന്റെ ചൂടിലേക്കുണര്‍ന്നുകഴിഞ്ഞു. സീറ്റുവിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി നിർണയവും അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.
2 Mar 2021, 05:52 PM
1957 മുതല്‍ ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന നെയ്യാറ്റിന്‍കരയെ ഒന്ന് പിടിച്ചുനിര്‍ത്താന്‍ പല സൂത്രങ്ങളും പയറ്റുന്നതിനിടക്ക്, ഇടതുമുന്നണി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് ഒരു കാര്‍ഡുകൂടി ഇറക്കി: സംവരണം ഇല്ലാതിരുന്ന നാടാര്‍ വിഭാഗത്തിനും ഒ.ബി.സി സംവരണം.
നിലവില്‍ ഹിന്ദു, എസ്.ഐ.യു.സി, ലത്തീൻ കത്തോലിക്ക നാടാര്‍ വിഭാഗങ്ങളാണ് സംവരണ പട്ടികയിൽ. ഇതില്‍പെടാത്ത നാടാര്‍ വിഭാഗങ്ങളുമുണ്ട്. ഇനി എല്ലാ വിഭാഗക്കാര്‍ക്കും സംവരണം ലഭിക്കും. മറ്റു വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കാതെയാണ് സംവരണം നടപ്പാക്കുകയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നാടാര്‍ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള നെയ്യാറ്റിന്‍കരയില്‍ തീരുമാനം ഗുണം ചെയ്യുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ.
സംവരണമില്ലാത്ത നാടാര്‍ വിഭാഗവും അവരുടെ സഭയും നാളുകളായി ഈ ആവശ്യമുന്നയിച്ചുവരികയായിരുന്നു. എന്നാല്‍, ഇതിനെതിരെ ഒ.ബി.സി വിഭാഗങ്ങള്‍ വന്‍ പ്രതിഷേധത്തിലാണ്. 12 മുന്നാക്ക ക്രിസ്ത്യന്‍ സമുദായങ്ങളെ നാടാര്‍ സമുദായമെന്നു പറഞ്ഞ് പിന്നാക്ക സമുദായ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും 80 പിന്നാക്ക സമുദായങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മൂന്നുശതമാനം സംവരണം അട്ടിമറിക്കാനുമാണ് സര്‍ക്കാര്‍ നീക്കമെന്നാണ് മോസ്റ്റ് ബാക്ക്‌വേഡ് കമ്യൂണിറ്റ് ഫെഡറേഷന്‍ ആരോപിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് നടപടിയെന്ന് ഒ.ബി.സി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസിനോട് അടുപ്പം പുലര്‍ത്തിയിരുന്ന നാടാര്‍ വിഭാഗങ്ങളുമായി അടുക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബി.ജെ.പി നീക്കം നടത്തിയിരുന്നു. ഇത് മുന്നില്‍ കണ്ടാണ് സംവരണക്കാര്‍ഡ് പുറത്തെടുക്കാന്‍ സി.പി.എം തീരുമാനിച്ചത്.

2016ല്‍ 9543 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ. ആന്‍സലന്‍ കോണ്‍ഗ്രസിലെ ആര്‍. സെല്‍വരാജിനെ തോല്‍പ്പിച്ചത്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 2161 വോട്ടിന്റെ ലീഡ് നേടി. വീണ്ടും ആന്‍സലന്‍- സെല്‍വരാജ് മല്‍സരം ആവര്‍ത്തിക്കാനാണ് സാധ്യത. എ.ഐ.സി.സി നിയോഗിച്ച ഏജന്‍സികളുടെ സാധ്യതാപട്ടികയിലും സെല്‍വരാജാണുള്ളത്.
1957 മുതല്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന മണ്ഡലം. 18 തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും കോണ്‍ഗ്രസോ കോണ്‍ഗ്രസ് പിന്തുണയുള്ളവര്‍ക്കോ ആയിരുന്നു ജയം. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ ജനാര്‍ദ്ദനനാണ് ജയിച്ചത്. 1960ല്‍ പി.എസ്.പിയിലെ നാരായണന്‍ തമ്പി. 1965, 1967 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചു. 1970ല്‍ സി.പി.എമ്മിലെ ആര്‍. പരമേശ്വരന്‍ പിള്ള തിരിച്ചുപിടിച്ചു. 1977, 1980 തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിലെ ആര്‍. സുന്ദരേശ്വരന്‍ നായര്‍ പരമേശ്വരന്‍ പിള്ളയെ തോല്‍പ്പിച്ചു. 1982ല്‍ സുന്ദരേശ്വന്‍ നായരെ ജനതാപാര്‍ട്ടിയിലെ എസ്.ആര്‍. തങ്കരാജ് തോല്‍പ്പിച്ചു. 1987ലും തങ്കരാജ്. 1991ല്‍ തങ്കരാജിനെ തമ്പാനൂര്‍ രവി തോല്‍പ്പിച്ചു. തുടര്‍ന്ന് രണ്ട് തെരഞ്ഞെടുപ്പുകളിലും രവി വിജയം ആവര്‍ത്തിച്ചു. നാലാം അങ്കത്തില്‍ രവിയെ സി.പി.എമ്മിലെ വി.ജെ. തങ്കപ്പന്‍ തോല്‍പ്പിച്ചു.
Also Read: പാലാരിവട്ടം പാലം കടത്തിവിടുമോ, ജനം?
2011ല്‍ സി.പി.എം സ്ഥാനാര്‍ഥിയായ ആര്‍. സെല്‍വരാജ് തമ്പാനൂര്‍ രവിയെ തോല്‍പ്പിച്ചു. സെല്‍വരാജ് കാലുമാറി കോണ്‍ഗ്രസിലേക്കുപോയതിനെതുടര്‍ന്ന് 2012ല്‍ ഉപതെരഞ്ഞെടുപ്പ്, കൈപ്പത്തി ചിഹ്‌നത്തില്‍ സെല്‍വരാജിന് വീണ്ടും ജയം. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ ഒ. രാജഗോപാല്‍ 30,507 വോട്ട് നേടിയിരുന്നു.
ഭൂമി ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ലക്ഷംവീട് കോളനിനിവാസികളായ രാജനും ഭാര്യയും തീകൊളുത്തി മരിച്ചതും അവരുടെ മകന്റെ ദയനീയ ദൃശ്യവും സര്‍ക്കാറിനെതിരായ പ്രചാരണ വിഷയമാക്കാന്‍ പ്രതിപക്ഷം തയാറെടുത്തിരുന്നുവെങ്കിലും തുടര്‍നടപടികളിലൂടെ പ്രതിഷേധം തണുപ്പിക്കാനായി. സംഭവത്തിന് പൊലീസാണ് ഉത്തരവാദി എന്ന നിലപാടിലാണ് എം.എല്‍.എ. കുടിയൊഴിപ്പിക്കലില്‍നിന്ന് പിന്മാറാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയാറായില്ല, അത് രണ്ടുപേരുടെ ജീവനെടുത്തു- അദ്ദേഹം പറയുന്നു.

നെയ്യാറ്റിന്‍കര നഗരസഭയും അതിയന്നൂര്‍, കാരോട്, ചെങ്കല്‍, കുളത്തൂര്‍, തിരുപുറം പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. പരമ്പരാഗത തൊഴില്‍ മേഖല. പഴയ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പഞ്ചായത്തുകള്‍ അധികവും ഇപ്പോള്‍ പാറശ്ശാല മണ്ഡലത്തിലാണ്. പഴയ പാറശ്ശാല മണ്ഡലത്തിലുണ്ടായിരുന്ന കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, എന്നീ പഞ്ചായത്തുകള്‍ പുതിയ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ഭഗമായപ്പോള്‍ പഴയ നെയ്യാറ്റിന്‍കരയുടെ ഭാഗമായിരുന്ന നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയും അതിയന്നൂര്‍ പഞ്ചായത്തും മാത്രമാണ് മണ്ഡലത്തില്‍ അവശേഷിച്ചത്.
Join Think Election Special Whatsapp Group

മനില സി.മോഹൻ
Apr 23, 2021
60 Minutes Watch
Truecopy Webzine
Apr 12, 2021
4 Minutes Read
Truecopy Webzine
Apr 05, 2021
8 minutes read
Election Desk
Apr 03, 2021
2 Minutes Read
Election Desk
Apr 03, 2021
3 Minutes Read
Election Desk
Apr 03, 2021
2 Minutes Read
സിവിക് ചന്ദ്രൻ
Apr 03, 2021
4 Minutes Read