നിതീഷ്‌കുമാറില്‍
ഒരു മോദിവിരുദ്ധനുണ്ട്, ഒരു വിശാല പ്രതിപക്ഷത്തിന്
അത് മതിയോ?
നിതീഷ്‌കുമാറില്‍ ഒരു മോദിവിരുദ്ധനുണ്ട്, ഒരു വിശാല പ്രതിപക്ഷത്തിന് അത് മതിയോ?
എട്ടാമത്തെ തവണയാണ്, ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരമേൽക്കുന്നത്. ബിഹാറില്‍ രൂപം കൊണ്ട ‘പുതിയ' മഹാഗഡ്ബന്ധന്‍, രണ്ടുവര്‍ഷത്തിനകം രൂപപ്പെടേണ്ട ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ മോഡല്‍ സഖ്യമായി വികസിക്കുന്നതിന് എത്രയോ കടമ്പകള്‍ കടക്കാനുണ്ട്. എന്നാലും, പ്രതീക്ഷയെല്ലാം അറ്റുപോയ ഒരിടത്തുനിന്ന്, ഒരു പ്രതീക്ഷയെക്കുറിച്ച് സങ്കല്‍പ്പിക്കുന്നതില്‍ നേരിയ ഒരാശ്വാസമുണ്ട്. ആ ആശ്വാസം മാത്രമാണിപ്പോള്‍ നിതീഷ്‌കുമാറില്‍ അര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.
10 Aug 2022, 04:12 PM
അധികാര രാഷ്ട്രീയത്തെ അവസരവാദത്തിന്റെ ‘ക്രിയാത്മക' പ്ലാറ്റ്‌ഫോമാക്കി മാറ്റിയ നിതീഷ് കുമാറില്‍ വിശ്വാസമര്‍പ്പിച്ച്, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുവേണ്ട ഒരു വിശാല പ്രതിപക്ഷത്തെ സങ്കല്‍പ്പിക്കുന്നതിനുപുറകിലെ രാഷ്ട്രീയശരിയെ മാറ്റിനിര്‍ത്താം, എന്നാല്‍, അതിലെ രാഷ്ട്രീയയുക്തിയെ മാറ്റിനിര്‍ത്താനാകില്ല. കാരണം, ഈ പ്രതിപക്ഷസഖ്യത്തിന് നേരിടാനുള്ളത് നരേന്ദ്രമോദി നയിക്കുന്ന എന്‍.ഡി.എയെയാണ് എന്നതുതന്നെ.
ബിഹാറില്‍ രൂപം കൊണ്ട ‘പുതിയ' മഹാഗഡ്ബന്ധന്‍, രണ്ടുവര്‍ഷത്തിനകം രൂപപ്പെടേണ്ട ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ മോഡല്‍ സഖ്യമായി വികസിക്കുന്നതിന് എത്രയോ കടമ്പകള്‍ കടക്കാനുണ്ട്. എന്നാലും, പ്രതീക്ഷയെല്ലാം അറ്റുപോയ ഒരിടത്തുനിന്ന്, ഒരു പ്രതീക്ഷയെക്കുറിച്ച് സങ്കല്‍പ്പിക്കുന്നതില്‍ നേരിയ ഒരാശ്വാസമുണ്ട്. ആ ആശ്വാസം മാത്രമാണിപ്പോള്‍ നിതീഷ്‌കുമാറില്‍ അര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.
ബിഹാര്‍ എന്ന രൂപകം
ദേശീയ രാഷ്ട്രീയത്തില്‍ ബിഹാറിന് സവിശേഷ സ്ഥാനമുണ്ട്, പ്രത്യേകിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തില്‍. 1970കളില്‍, ജയപ്രകാശ് നാരായണന്‍ നയിച്ച മൂവ്‌മെൻറ്, ദേശീയ രാഷ്ട്രീയത്തിലെ സമഗ്രാധിപത്യത്തിനെതിരെയുമായിരുന്നു. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ ബിഹാറില്‍ നടന്ന നിരവധി സമരങ്ങളെ ജെ.പി മൂവ്‌മെൻറ് ഏകോപിപ്പിച്ചു. ‘സമ്പൂര്‍ണ ക്രാന്തി'ക്ക് അഥവാ ‘സമ്പൂര്‍ണ വിപ്ലവ'ത്തിന് സമയമായി എന്നദ്ദേഹം പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, സ്വഭാവികമായും ജെ.പി ശത്രുപക്ഷത്തായി, തുറുങ്കിലടക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനുശേഷം, അധികാര രാഷ്ട്രീയത്തിലെ സ്വേച്ഛാധിപത്യത്തിനെതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ പ്രതിപക്ഷ മുന്നേറ്റമായിരുന്നു ജെ.പിയുടേത്, അദ്ദേഹത്തോടൊപ്പമുള്ള സോഷ്യലിസ്റ്റുകള്‍ പിന്നീട് പലതരം വലതു- വർഗീയ- പിന്തിരിപ്പന്‍ പക്ഷങ്ങള്‍ പങ്കിട്ടുവെങ്കിലും.

എഴുപതുകളില്‍ ബിഹാറില്‍ അരങ്ങേറിയ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു, വിദ്യാര്‍ഥികളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും. 1967-69 കാലത്ത് പാട്‌ന യൂണിവേഴ്‌സിറ്റി സ്റ്റുഡൻറ്സ് യൂണിയന്‍ ജനറൽ സെക്രട്ടറിയായിരുന്ന ലാലു പ്രസാദ് യാദവിനെ 1974ല്‍ ‘സമ്പൂര്‍ണ ക്രാന്തി'യുടെ കണ്‍വീനറായി ജെ.പി നിയോഗിച്ചു. ‘മൂത്ത ജ്യേഷ്ഠന്‍' എന്നാണ് നിതീഷ്, അക്കാലത്ത് ലാലുവിനെ വിശേഷിപ്പിച്ചിരുന്നത്. രാഷ്ട്രീയത്തിലെ നിതീഷിന്റെ ഏറ്റവും വലിയ പ്രചോദനവും ജയപ്രകാശ് നാരായണന്‍ തന്നെയായിരുന്നു. അടിയന്താവസ്ഥക്കാലത്ത് നിതീഷ് 19 മാസം ജയിലിലുമായിരുന്നു. ബിഹാര്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന നിതീഷ്, രാജിവച്ച് ആ രാഷ്ട്രീയത്തിന്റെ ഭാഗമാകുകയായിരുന്നു.
എന്നാല്‍, അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ അന്നത്തെ ലാലുപ്രസാദും നിതീഷും ഏറെ മാറിപ്പോയി, സദാ അധികാരത്തിലേറാന്‍ കെല്‍പ്പുള്ള രാഷ്ട്രീയസഖ്യങ്ങളുടെ നടത്തിപ്പുകാരായി. നിതീഷും ലാലുപ്രസാദും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളാണ്, മൂന്നു പതിറ്റാണ്ടിന്റെ ബിഹാര്‍ രാഷ്ട്രീയം.

1994ലാണ് നിതീഷ് കുമാര്‍ ലാലുവുമായി ആദ്യമായി അകന്നത്. അന്ന്, ജോര്‍ജ് ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് സമതാ പാര്‍ട്ടിയുണ്ടാക്കി. രണ്ടുവര്‍ഷത്തിനുശേഷം, കേന്ദ്രത്തില്‍ വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായി. 2000ല്‍ നിതീഷ് കുമാര്‍ ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രിയായി. സമതപാര്‍ട്ടി- എന്‍.ഡി.എ സഖ്യത്തിന് ഭൂരിപക്ഷത്തിനുവേണ്ട സീറ്റില്ലാത്തതിനെതുടര്‍ന്ന് ആ മന്ത്രിസഭ അല്‍പ്പായുസ്സായി. 2003ല്‍ ശരത് യാദവിന്റെ ജനതാദളുമായി സമതാ പാര്‍ട്ടി ലയിക്കുകയും ജെ.ഡി- യു രൂപീകരിക്കുകയും ചെയ്തു.
2010ല്‍ ബി.ജെ.പിയുടെ സഹായത്തോടെ വീണ്ടും അധികാരത്തിലെത്തിയെങ്കിലും, 2013ല്‍ ബി.ജെ.പി- ജെ.ഡി-യു സഖ്യം തകര്‍ന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി കാമ്പയിന്‍ കമ്മിറ്റി തലവനായി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ നിയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് നിതീഷ് എന്‍.ഡി.എയോട് വിട പറഞ്ഞത്. ‘എന്‍.ഡി.എക്ക് സംശുദ്ധ, സെക്യൂലര്‍ പ്രതിച്ഛായയുള്ള ഒരു നേതാവാണ് വേണ്ടത്' എന്നു പറഞ്ഞാണ് മോദിയെ ഭാവി പ്രധാനമന്ത്രിയായി പ്രതിഷ്ഠിച്ച ആ നീക്കത്തെ നിതീഷ് നേരിട്ടത്. വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രിയായി തുടര്‍ന്നുവെങ്കിലും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തകര്‍ച്ചയെതുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

2015ല്‍ നിതീഷ് കുമാര്‍ വീണ്ടും ലാലുപ്രസാദിനൊപ്പമായി. ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിച്ചു. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരെ അഴിമതി ആരോപണമുയര്‍ന്നപ്പോള്‍ രാജിവെക്കാനുള്ള നിര്‍ദേശം നിരസിക്കപ്പെട്ടപ്പോള്‍, നിതീഷ് സ്വയം സ്ഥാനമൊഴിഞ്ഞു. അന്നും, ഇന്നത്തെപ്പോലൊരു ‘അവസരവാദ' നീക്കത്തില്‍ നിതീഷ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തി, പ്രതിപക്ഷത്തെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിക്കൊണ്ട്. എന്നാല്‍, 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും എല്‍.ജെ.പിയും ചേര്‍ന്ന് നിതീഷിന്റെ ദലിത് വോട്ടുബാങ്ക് പിളര്‍ത്തിയപ്പോള്‍, ജെ.ഡി-യു, നിയമസഭയിലെ മൂന്നാമത്തെ കക്ഷിയായി ഒതുങ്ങി.
എന്തുകൊണ്ട് നിതീഷ്?
ഏറ്റവും കൂടുതല്‍ എം.പിമാരെ പാര്‍ലമെന്റിലേക്ക് അയക്കുന്ന നാലാമത്തെ സംസ്ഥാനമെന്ന നിലയ്ക്ക് ബിഹാര്‍ രാഷ്ട്രീയം എന്നും ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിതീഷിന് 2025വരെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാം. ഇപ്പോഴത്തെ വോട്ടിംഗ് പാറ്റേണും ഏഴുപാര്‍ട്ടി സഖ്യവും കണക്കിലെടുത്താല്‍, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന് ബിഹാറിൽ ബി.ജെ.പിയെ നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ കഴിയും. അതിനേക്കാള്‍ പ്രധാനം, ബിഹാറില്‍ പഴയ സോഷ്യലിസ്റ്റ് ചേരി പുനരുജ്ജീവിപ്പിക്കപ്പെടുന്നു എന്നതാണ്. അതിന്, സ്വഭാവികമായും ബി.ജെ.പിക്കെതിരായ നിലപാടെടുക്കേണ്ടിവരും. കാരണം, വോട്ടുബേസ് പണയംവച്ച് കളിക്കാനുള്ള സാവകാശം നിതീഷിനുപോലും ഇനി ഇല്ലാത്ത സ്ഥിതിയാണ്. ഏഴു പാർട്ടി സഖ്യത്തിലെ, കോൺഗ്രസ് ഒഴികെയുള്ള പാർട്ടികൾക്ക് ദേശീയ രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനമില്ലെങ്കിലും ഒരു ‘ബിഹാർ മോഡൽ’, മറ്റു സംസ്ഥാനങ്ങളിലെ പാർട്ടികളെ ആകർഷിക്കാനിടയുണ്ട്, അത് ഒരു ദേശീയസഖ്യമായി വികസിക്കുന്നതിൽ, നിതീഷിന്റെ ദേശീയ രാഷ്ട്രീയമോഹവും തന്ത്രജ്ഞതയും വലിയ പങ്ക് വഹിക്കും. അങ്ങനെയാകും, ബിഹാർ, പുതിയ രാഷ്ട്രീയസഖ്യങ്ങള്‍ക്ക് സാധ്യത തുറക്കുക.

ബി.ജെ.പി സഖ്യകക്ഷിയായി തുടരുമ്പോഴും, നിതീഷില്‍ എന്നും ഒരു മോദി വിരുദ്ധന്‍ ഉണര്‍ന്നിരിക്കുന്നുണ്ട്. മോദിയുമായുള്ള നിതീഷിന്റെ ബന്ധം സദാ അസ്വാരസ്യം നിറഞ്ഞതായിരുന്നു. കഴിഞ്ഞതവണ മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം, മോദിയെക്കുറിച്ചുള്ള സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ചോദ്യത്തിന്, വാജ്‌പേയി ഭരണകാലത്തെ ചൂണ്ടിയാണ് നിതീഷ് മറുപടി പറഞ്ഞത്: ‘അതൊരു വ്യത്യസ്ത കാലഘട്ടമായിരുന്നു, വലിയ ഹൃദയമുള്ള നേതാക്കള്‍ അന്നുണ്ടായിരുന്നു.'
ബി.ജെ.പിക്കെതിരെ ഒരു ബദല്‍ നിതീഷ് സൂത്രം
ഈയിടെ, ഹൈദരാബാദില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ ബി.ജെ.പി പ്രഖ്യാപിച്ച ‘ഇന്‍ക്ലൂഷന്‍ പ്ലാനി'നെ ബിഹാറിലെ നീക്കങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കാം. ഈ പ്ലാനില്‍ ബി.ജെ.പി ലക്ഷ്യം വക്കുന്ന സ്ത്രീകളുടെയും ദലിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും വോട്ടുബാങ്കുതന്നെയാണ് നിതീഷിന്റെയും വോട്ടുബാങ്ക്. മുഖ്യമന്ത്രിയായ സമയത്ത്, മദ്യനിരോധനം പോലുള്ള ജനപ്രിയ നടപടികളിലൂടെ സ്ത്രീകളുടെ പിന്തുണ നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയും മെഡിക്കല്‍- എഞ്ചിനീയറിങ് കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് 33 ശതമാനം സീറ്റ് റിസര്‍വ് ചെയ്തും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം ക്വാട്ട ഏര്‍പ്പെടുത്തിയും മറ്റും സ്ത്രീകളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

യു.പിയില്‍നിന്ന് വ്യത്യസ്തമായ ജാതിസമവാക്യമാണ് ബിഹാറിലേത്. അതുകൊണ്ടാണ്, യു.പിയിലേതുപോലെ, ബി.ജെ.പിക്ക് ബിഹാറില്‍ വര്‍ഗീയമായ വോട്ടുബാങ്കുണ്ടാക്കാന്‍ എളുപ്പം കഴിയാത്തത്. ഒരു ‘ഒ.ബി.സി നേതാവായി' സ്വയം പ്രതിഷ്ഠിക്കുന്ന മോദിക്ക് വലിയ തിരിച്ചടി നല്‍കാന്‍ കഴിയുന്ന പ്രതിച്ഛായ നിതീഷിലുണ്ട്. മാത്രമല്ല, ദലിത്- പിന്നാക്ക വിഭാഗ രാഷ്ട്രീയത്തെ സമര്‍ഥമായി ‘വിനിയോഗിക്കുന്ന'തില്‍ നിതീഷിനോളം പോന്ന മറ്റൊരു നേതാവും ഭരണാധികാരിയും സമീപകാലത്ത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായിട്ടില്ല. 2007ല്‍ ദലിത് വിഭാഗത്തിലെ ഏറ്റവും പാവപ്പെട്ട 21 വിഭാഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്‌റ്റേറ്റ് മഹാദലിത് കമീഷന്‍ നിതീഷിന്റെ ഏറ്റവും മികച്ച സൂത്രപ്പണിയായിരുന്നു. ഒന്നര ദശാബ്ദത്തോളം ഈ വിഭാഗങ്ങള്‍ നിതീഷിന്റെ വോട്ടുബാങ്കായി തുടര്‍ന്നു. സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം വരുന്ന 130 ജാതിവിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് എക്‌സ്ട്രീമിലി ബാക്ക്‌വേഡ് ക്ലാസസ് (ഇ.ബി.സി) എന്നൊരു വിഭാഗവും നിതീഷ് സൃഷ്ടിച്ചു. ഇത്തരം കാസ്റ്റ് എഞ്ചിനീയറിങ് തന്ത്രങ്ങള്‍, ഉത്തരേന്ത്യയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി പയറ്റുന്ന അതേ കാസ്റ്റ്എഞ്ചിനീയറിങ്ങിന് തക്ക മറുപടികളാണ്.
‘ഓപ്പറേഷന്‍ ബി.ജെ.പി'
കോണ്‍ഗ്രസിനേക്കാള്‍ പ്രാദേശിക പാര്‍ട്ടികളെ കൈകാര്യം ചെയ്യമ്പോഴാണ് ബി.ജെ.പിക്ക് പിഴച്ചുപോകുന്നത്. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വെല്ലുവിളിയായി തുടരുന്നതും അതുകൊണ്ടാണ്. എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചും പണം കൊടുത്ത് വശത്താക്കിയും പാര്‍ട്ടികളെ പിളര്‍ത്തിയും മറ്റുമുള്ള ഓപ്പറേഷനുകള്‍ ദീര്‍ഘകാലത്തേക്ക് തുടരാനാകില്ല എന്ന് തിരിച്ചറിഞ്ഞാണ്, കൃത്യമായ അജണ്ടയുള്ള ഭാവി പ്ലാന്‍ ബി.ജെ.പി പ്രഖ്യാപിച്ചത്.

‘മിഷന്‍ ദക്ഷിണേന്ത്യ' എന്നൊരു പ്ലാനിനുതന്നെ പാര്‍ട്ടിക്ക് രൂപം കൊടുക്കേണ്ടിവന്നത് അതുകൊണ്ടാണ്. തമിഴ്‌നാട്ടില്‍ സ്റ്റാലിനെയും തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിനെയും നേരിടുകയാണ് ഈ പ്ലാനിന്റെ മുഖ്യ ലക്ഷ്യം. സംസ്ഥാനങ്ങളില്‍, വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടികളെ ഏകോപിപ്പിച്ചും ഫെഡറലിസത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടും, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പിയുടെ സമഗ്രാധിപത്യ- വര്‍ഗീയ രാഷ്ട്രീയത്തെ നേരിടാന്‍ കഴിയുന്ന ഒരു പൊളിറ്റിക്കല്‍ പ്ലാറ്റുഫോം രൂപപ്പെടുമോ എന്നതാണ് ‘ബിഹാര്‍ സഖ്യം' ഉയര്‍ത്തുന്ന അടിയന്തര ചോദ്യം.
ദേശീയ രാഷ്ട്രീയത്തെ മുന്നോട്ടുനടത്തുന്ന മറുപടികളാണ് ബിഹാര്‍ പലപ്പോഴും നല്‍കിയിട്ടുള്ളതെന്നും ഓര്‍ക്കാം.
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
ഇ.കെ. ദിനേശന്‍
Mar 25, 2023
3 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read