മുഴുഭക്തിജീവിതം നയിക്കാവുന്ന എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും എനിക്കതിന്​ കഴിഞ്ഞില്ല

നരബലിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയത്ത്​, മലയാളിയുടെ യുക്തിബോധത്തെ പ്രതിക്കൂട്ടിലാക്കുന്ന ചർച്ചകളും നടക്കുകയാണ്​. അതിസങ്കീർണമായ വിശ്വാസം എന്ന ഘടകത്തെയും വൈയക്തികമായും സാമൂഹ്യമായും യുക്തി എങ്ങനെയാണ്​ വിശ്വാസത്തിൽ ഇടപെടുന്നത്​ എന്നതിനെയും കുറിച്ചുള്ള ആഴമേറിയ ആലോചനകളാണ്​ ട്രൂ കോപ്പി വെബ്​സീൻ 98ാം പാക്കറ്റിലുള്ളത്​.

Truecopy Webzine

... അപ്പോഴേക്കും ഞാൻ മനുഷ്യനിർമിത ദൈവലോകത്തുനിന്ന്​
മാനസികമായി ബഹുദൂരം അകലെയെത്തിയിരുന്നു...

‘‘എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അതൊന്നും പക്ഷേ, എന്നെ വിശ്വാസിയാക്കിയിട്ടില്ല. യുക്തിവാദിയും ആക്കിയിട്ടില്ല. ഇതിനു രണ്ടിനുമിടയിലാണതിന്റെ സ്ഥാനം. ചെറുതായിരിക്കുമ്പോൾ വീട്ടിൽ മുറ്റത്ത് തുളസി നട്ട് വെള്ളമൊഴിച്ച് കുറേനാൾ ഒരു തുളസിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട് ഞാൻ. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് ഉണങ്ങിക്കരിഞ്ഞുപോയി. ക്രമേണ, തുളസിത്തറ ഞാൻ മറന്നു. പിന്നെ ഉണ്ടായിരുന്നൊരു ശീലം നവരാത്രിക്കാലത്ത് രാവിലെ കുളിച്ച് സ്റ്റേഷനറിക്കടയിൽ നിന്ന്​ 50 പൈസ കൊടുത്തുവാങ്ങിയ വട്ടത്തിലുള്ള കളഭം ചാലിച്ച് ആ നവരാത്രിക്കാലം മുഴുവൻ കുറിയിട്ട് സ്‌കൂളിൽ പോവുക എന്നതായിരുന്നു. കളഭത്തിന്റെ മണം അക്കാലം മുഴുവൻ കൂടെയുണ്ടാവും. കളഭത്തിന്റെ മണവും നെറ്റിയിൽ കുറിയും കാത്ത് എത്രയോ കാലം നവരാത്രിക്കാലത്തിനുവേണ്ടി ഞാൻ കാത്തിരുന്നിട്ടുണ്ട്.’’

ചെറുതായിരിക്കുമ്പോൾ വീട്ടിൽ മുറ്റത്ത് തുളസി നട്ട് വെള്ളമൊഴിച്ച് കുറേനാൾ ഒരു തുളസിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട് ഞാൻ. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് ഉണങ്ങിക്കരിഞ്ഞുപോയി. / Photo: Wikimedia Commons

‘‘കല്യാണം എന്നെ അന്നുവരെ ജീവിച്ച ജീവിതപരിസരത്തുനിന്ന്​ ഭൗതികവും ആത്മീയുമായി അജഗജാന്തരമുള്ള മറ്റൊരു ജീവിതപരിസരത്തേക്കു മാറ്റി നട്ടിരുന്നു. കല്യാണത്തോടെ പൂജാവിധികൾ മുഖ്യജീവിതധാരയായ ഒരു ജീവിത പരിസരത്തേക്കാണ്​ ഞാൻ വന്നുപെട്ടത്. അപ്പോഴേക്കും പക്ഷേ ഞാൻ മനുഷ്യ നിർമിത ദൈവലോകത്തുനിന്ന്​ മാനസികമായി ബഹുദൂരം അകലെയെത്തിയിരുന്നു. എന്നാലും പൂക്കളും ചന്ദനവും മണിക്കിലുക്കവുമുള്ള ആ ലോകം അതിൽ വിശ്വസിക്കുന്നവരെ എന്തുമാത്രം സമാശ്വസിപ്പിക്കുന്നു എന്ന് ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. എനിക്കെന്നും (മെൻസസ് സമയമൊഴിച്ച്) ചന്ദനം തൊടാം, വേണമെങ്കിൽ മന്ത്രം പഠിച്ച് പൂജ ചെയ്യാം, ഇവിടുത്തെ അമ്മയെപ്പോലെ എപ്പോഴും വിളക്കു കൊളുത്തി നാരായണീയമോ ഭാഗവതമോ, രാമായണമോ വായിച്ച് മുഴുഭക്തി ജീവിതം നയിക്കാം. ഒരു ഭക്തജീവിതത്തിനുവേണ്ട എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ചുറ്റുമുണ്ടായിരുന്നു. എനിക്കു പക്ഷേ അതിനു കഴിഞ്ഞില്ല.’’

‘‘മനുഷ്യൻ ആത്യന്തികമായി ഭയമുള്ള ജീവിയാണ്. അവർ നിരാലംബരാണ്. ഒറ്റയ്ക്കാണ്. ആരുമില്ലാത്തവർക്ക് ദൈവമുണ്ട് എന്ന് എന്റെ അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. അമ്മ മാത്രമല്ല, ഭൂരിഭാഗം ജനങ്ങളും ‘എല്ലാം ദൈവം കാണുന്നുണ്ട്' എന്ന് വിശ്വസിക്കുന്നവരാണ്. അവർ ദൈവത്തെക്കാണാൻ അമ്പലങ്ങളിലും പള്ളികളിലും ദേവാലയങ്ങളിലും പോകുന്നു. മനുഷ്യന്റെ നിരാലംബ ജീവിതത്തെ സമാശ്വസിപ്പിക്കാനും വർണാഭമാക്കാനും അത്തരം ഭക്തിജീവിതം അവരെ സഹായിക്കുന്നു.എന്നിട്ടും ആശ്വാസം കിട്ടാത്തവർ ദൈവപ്രച്ഛന്നരായി വേഷമിടുന്നവരുടെ അടുത്തേക്കുപോകുന്നു. അവിടെ മനുഷ്യരായ പ്രത്യക്ഷദൈവം അവരെ ആശ്വസിപ്പിക്കുന്നു, കെട്ടിപ്പിടിക്കുന്നു, ഉമ്മവയ്ക്കുന്നു, അവർക്ക് ധ്യാനമാർഗങ്ങൾ പറഞ്ഞു കൊടുക്കുന്നു. എപ്പോൾ വേണമെങ്കിലും വന്നുഭവിക്കാവുന്ന അനിശ്ചിതത്വങ്ങളെക്കുറിച്ചോർത്ത് ബേജാറാവുന്ന കേവല മനുഷ്യർക്ക് ഒരാശ്വാസമാണ് സത്യത്തിൽ ദൈവം എന്ന വിശ്വാസം. മനുഷ്യരുടെ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.’’

ഞാൻ യുക്തിവാദിയാണോ വിശ്വാസിയാണോ?
സന്ധ്യ എൻ.പി എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 98

Comments