truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 08 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 08 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
ananda theertha

Memoir

സ്വാമി കാവേരി തീര്‍ത്ഥത്തിനരികില്‍ ഫോട്ടോ/ഒ.കെ ജോണി

കാവേരിയുടെ കാമുകനായ
സന്യാസിക്ക് വിട 

കാവേരിയുടെ കാമുകനായ സന്യാസിക്ക് വിട 

കാവേരിക്കും, അതുത്ഭവിക്കുന്ന ബ്രഹ്മഗിരിയുള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകള്‍ക്കുംവേണ്ടി ജീവിതകാലമത്രയും പരിത്യാഗിയായി ജീവിച്ച ഒരു വയോധികനെ ബ്രഹ്മഗിരിയുടെ ക്ഷുഭിതപ്രവാഹങ്ങള്‍ ഒഴുക്കിക്കൊണ്ടുപോയി എന്ന ക്രൂരവൈപരീത്യമാണ് എന്നെ വേദനിപ്പിക്കുന്നത്. കഴിഞ്ഞദിവസം ബ്രഹ്മഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചുപോയ വീടിനൊപ്പം മണ്ണുമൂടിയൊടുങ്ങിയ സ്വാമി ആനന്ദതീര്‍ത്ഥയ്ക്കുള്ള ചരമോപചാരക്കുറിപ്പാണിത്

15 Aug 2020, 09:59 AM

ഒ.കെ. ജോണി

ഭക്തര്‍ മോക്ഷപ്രാപ്തിക്ക് സ്‌നാനം ചെയ്യുന്ന തീര്‍ത്ഥങ്ങളിലെല്ലാം ഗംഗ ഉള്‍പ്പടെ ഏഴു പുണ്യനദികളും ലയിച്ചുചേരട്ടെ എന്ന പ്രാര്‍ത്ഥനയാണ് സപ്ത നദീസ്തവത്തിന്റെ സാരം. ദക്ഷിണേന്ത്യന്‍ നദിയായ കാവേരിയാണ് വേദകാലം മുതല്‍ പുണ്യതീര്‍ത്ഥമായി കരുതപ്പെടുന്ന ആ ഇന്ത്യന്‍ നദികളിലൊന്ന്. അത് പിറവിയെടുക്കുന്ന ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരി മുതല്‍ കടലില്‍ച്ചേരുന്ന പൂംപുഹാര്‍ വരെ അനേകം തീര്‍ത്ഥസ്ഥാനങ്ങളില്‍ നൂറ്റാണ്ടുകളായി അരങ്ങേറുന്ന നദീപൂജകളിലും അനുഷ്ഠാനങ്ങളിലും കാവേരി മോക്ഷപ്രദായിനി മാത്രമല്ല; മനുഷ്യര്‍ക്ക് അന്നം നല്‍കുന്ന അനുഗ്രഹദായിനിയുമാണ്. കന്നടഭാഷയിലെ നാടോടിപ്പാട്ടുകളില്‍ കാവേരി അന്നദായിനിയായ കാവേരമ്മ തന്നെയാണല്ലോ. കാര്‍ഷിക സംസ്‌കൃതിയുടെ ഏതോ ഘട്ടത്തില്‍ നദികളോടുള്ള നന്ദിസൂചകമായി ആരംഭിച്ച പ്രസാദാത്മകമായ ഒരു ചേഷ്ഠയായിരിക്കാം ഒരുവേള നദീപൂജയായി വേഷപ്പകര്‍ച്ച നേടിയത്.

കാവേരിയില്‍ ജലനിരപ്പുയരുന്ന വര്‍ഷകാലാരംഭത്തില്‍ തമിഴ്ജനത ആഘോഷിക്കുന്ന ആടിപ്പെരുക്കുത്സവമോര്‍ക്കുക. കാവേരിയുടെ പ്രഭവസ്ഥാനത്ത് ദേവതാസങ്കല്‍പ്പത്തില്‍ പൂജിക്കപ്പെടുന്ന പ്രധാന മൂര്‍ത്തി കാവേരീതീര്‍ത്ഥമാണ്. ഈശ്വരാരാധനയുമായി ബന്ധപ്പെട്ട വൈദികമിത്തുകളെ പിന്തുടരുന്ന ഭക്തര്‍ക്ക് സ്വീകാര്യമാവാനിടയില്ലാത്ത ഈ നിരീക്ഷണത്തിലേക്ക് എന്നെ നയിച്ചത് സ്വാമി ആനന്ദതീര്‍ത്ഥയെന്ന വയോധികനായ ഹിന്ദുസന്യാസിയാണ്. 
മുന്നൂറ് വര്‍ഷങ്ങളായി കാവേരീതീര്‍ത്ഥോത്ഭവത്തിന്റെ കാവല്‍ക്കാരും

ആനന്ദതീര്‍ത്ഥയുടെ തിരോധാനം സൃഷ്ടിച്ച വൈയക്തിക സങ്കടങ്ങളോടൊപ്പം ആ അസാന്നിദ്ധ്യം സൃഷ്ടിക്കുവാനിടയുള്ള ഒരു സാമൂഹികവിപത്തിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും ഇപ്പോള്‍ എന്നെ അലട്ടുന്നുണ്ട്

അര്‍ച്ചകരുമായ ഒരു വൈദികബ്രാഹ്മണ കുടുംബത്തിലെ ഒടുവിലത്തെ കണ്ണിയും പ്രകൃത്യുപാസകനുമായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥ.  കഴിഞ്ഞദിവസം ബ്രഹ്മഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചുപോയ വീടിനൊപ്പം മണ്ണുമൂടിയൊടുങ്ങിയ സ്വാമി ആനന്ദതീര്‍ത്ഥയ്ക്കുള്ള ചരമോപചാരക്കുറിപ്പാണിത്.

ബ്രഹ്മഗിരി മലനിരകളുടെ ഉച്ചിയില്‍നിന്നുത്ഭവിക്കുന്ന കാവേരിയുടെ ആദ്യ ഉറവ ചെറിയ നീര്‍ച്ചാലായി താഴേക്കൊഴുകുന്നത്, മലഞ്ചെരിവിലെ ഒരിടുക്കില്‍ ഏഴരപ്പതിറ്റാണ്ടിലേറെയായി സുരക്ഷിതമായിരുന്ന സ്വാമിയുടെ കുടുംബവീടിന്റെ വലതുഭാഗത്തുകൂടെയായിരുന്നു.

landslide
ഉരുള്‍പൊട്ടലില്‍ അപ്രത്യക്ഷമായ വീടുണ്ടായിരുന്ന സ്ഥലം
Photo: Star of Mysore

കഴിഞ്ഞ ആറാം തീയതി അര്‍ദ്ധരാത്രി ഉരുള്‍പൊട്ടലില്‍ കാവേരിയുടെ ആ ഉറവയും ബ്രഹ്മഗിരിയുടെ മറ്റനേകം അദൃശ്യ ജലസ്രോതസ്സുകളും ഒഴുക്കിക്കൊണ്ടുവന്ന മണ്ണും പാറകളും ചരല്‍ക്കല്ലുകളും സ്വാമിയുടെ വീടിനെ മൂടിക്കളഞ്ഞുവെന്ന വൃത്താന്തം എനിക്ക് വലിയൊരാഘാതമായിരുന്നു. കാരണം, സ്വാമി ആനന്ദതീര്‍ത്ഥയുമായും ആ അര്‍ച്ചക കുടുംബവുമായും എനിക്കുണ്ടായിരുന്നത് രണ്ടരപ്പതിറ്റാണ്ടിലേറെക്കാലത്തെ ആത്മബന്ധമാണ്. ഇപ്പോള്‍, മൂന്നാം ദിവസം ഈ കുറിപ്പെഴുതാനിരിക്കുമ്പോഴാണ് ഉരുള്‍പൊട്ടലില്‍ വീടിനൊപ്പം അപ്രത്യക്ഷമായ സ്വാമിയുടെ മൃതശരീരം കണ്ടെത്തിയെന്ന വാര്‍ത്തയെത്തിയത്. 

നാരായണാചാര്‍ എന്ന പ്രകൃതിസ്‌നേഹി

തലക്കാവേരിയില്‍, കാവേരീതീര്‍ത്ഥോത്ഭവത്തിനരികില്‍ ജനിച്ചുവളര്‍ന്ന സ്വാമി ആനന്ദതീര്‍ത്ഥയുമായി തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഞാന്‍ പരിചയത്തിലാവുന്നത്. പ്രകൃതിസംരക്ഷണ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സേതുമാധവന്‍ എന്ന, സ്വാമിയുടെ മുന്‍പരിചയക്കാരനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സ്‌നേഹിതനെന്ന നിലയിലായിരുന്നു ആ സൗഹൃദം തുടങ്ങിയതെങ്കിലും അക്കാലത്ത് തലക്കാവേരിയിലെ പതിവുസന്ദര്‍ശകനായിരുന്ന എന്നെ ഒരു ചിരകാല സ്‌നേഹിതനെപ്പോലെയാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. ഏറ്റവുമൊടുവില്‍ നാല് വര്‍ഷംമുമ്പാണ് പ്രിയ ചങ്ങാതി മാങ്ങാട് രത്‌നാകരനോടൊപ്പം ഒരു ടെലിവിഷന്‍ അഭിമുഖത്തിന്​ സ്വാമിയെ സന്ദര്‍ശിച്ചത്. എണ്‍പതുകാരനായ സ്വാമി പ്രായാധിക്യം മറന്ന് ഞങ്ങളെ കുന്നിന്‍മുകളിലെ ക്ഷേത്രപരിസരങ്ങളിലൂടെ അനുഗമിച്ചു. വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും വ്യവസായശാലകളും മലിനമാക്കുന്ന കാവേരിയെക്കുറിച്ചും വികസനത്തിന്റെ മറവില്‍ നടക്കുന്ന അമിതമായ പ്രകൃതിചൂഷണത്തിന്റെ ഫലമായുള്ള പാരിസ്ഥിതികാഘാതത്തെക്കുറിച്ചുമായിരുന്നു അന്നും സ്വാമി ഞങ്ങളോട് ദീര്‍ഘമായി സംസാരിച്ചത്. ആ ഉല്‍ക്കണ്ഠ തന്നെയായിരുന്നു ബോംബെയില്‍ അദ്ധ്യാപകനായിരുന്ന നാരായണാചാര്‍ എന്ന പ്രകൃതിസ്‌നേഹിയെ സന്യാസജീവിതത്തിലേക്ക് നയിച്ചതും. 

OK JOHNY
ഒ.കെ ജോണി സ്വാമിയ്ക്കൊപ്പം       ഫോട്ടോ/റഷീദ്

എണ്‍പതുകളില്‍ പശ്ചിമഘട്ടസംരക്ഷണത്തിന് പ്രകൃതിസ്‌നേഹികളുടെയും പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും പൊതുപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയുമെല്ലാം നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത നൂറ് ദിവസംനീണ്ടുനിന്ന പശ്ചിമഘട്ടരക്ഷായാത്ര എന്ന ബോധവല്‍ക്കരണ ജാഥയില്‍ അണിചേരാൻ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചിറങ്ങിത്തിരിച്ച അവിവാഹിതനായ നാരായണാചാര്‍, ലൗകികാസക്തികളെല്ലാം ഉപേക്ഷിച്ച് സ്വാമി ആനന്ദതീര്‍ത്ഥയാവുകയായിരുന്നു. ഭൗതികജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അമൂര്‍ത്തമായ ആത്മീയതയിലേക്ക് പലായനം ചെയ്യുന്നതിനുപകരം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന ഒരു മതേതര മാനവികതയെ സംബന്ധിച്ച

ആനന്ദതീര്‍ത്ഥയും മുഖ്യപൂജാരിയായ സഹോദരനും ആ കുടുംബവും നാമാവശേഷമായതോടെ, സ്ത്രീകളെ തടയാനുള്ള പദ്ധതി നടപ്പിലാക്കുക പ്രയാസകരമാവില്ലെന്നതാണ് കുടകിലെ മഹാഭൂരിപക്ഷം സ്ത്രീകളെയും പരിസ്ഥിതിവാദികളേയും പോലെ എന്റെയും ആശങ്ക

ദര്‍ശനമായിരുന്നു ആനന്ദതീര്‍ത്ഥയുടെ സന്യാസജീവിതത്തെ നിര്‍ണ്ണയിച്ചത്. തനിക്ക് വൈകാരികബന്ധവും നേരിട്ടറിവുമുള്ള കാവേരിയുടെയും പശ്ചിമഘട്ടത്തിന്റെയും സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രവര്‍ത്തനമണ്ഡലം. സമാനമനസ്‌കരുമായി സംവദിച്ചും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഭാഗമായിക്കൊണ്ടുമാണ് ആനന്ദതീര്‍ത്ഥ സന്യാസജീവിതത്തെ സാര്‍ത്ഥകമാക്കിയത്. 

മതേതരവാദിയായ സന്യാസി

കാവേരീനദിയെക്കുറിച്ചുള്ള മതപരമായ ഐതിഹ്യങ്ങളും അതിനെ

ചൂഴ്ന്നുനില്‍ക്കുന്ന ഭക്തിപരിവേഷവും ആ നദി ഉത്ഭവിക്കുന്ന ബ്രഹ്മഗിരി മലനിരകളുടെ സംരക്ഷണത്തിന് ഉതകുമെങ്കില്‍ അത്തരം നിര്‍ദ്ദോഷങ്ങളും കാവ്യാത്മകവുമായ വിശ്വാസങ്ങള്‍ നിലനില്‍ക്കട്ടെയെന്ന് കരുതിയ മതേതരവാദിയായ സന്യാസിയായിരുന്നു ആനന്ദതീര്‍ത്ഥ. അതുകൊണ്ടാണ്, കാവേരീതീര്‍ത്ഥത്തെ സംബന്ധിച്ച് ഒരുപക്ഷെ, ഭക്തന്മാര്‍ക്ക് ഹിതകരമായിരിക്കാനിടയില്ലാത്ത ഒരു വസ്തുത ഒരിയക്കല്‍ അദ്ദേഹം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തലക്കാവേരിയില്‍ കാവേരിയുടെ ഉത്ഭവസ്ഥാനമായി ഭക്തര്‍ പൂജിക്കുന്ന കല്ലുകെട്ടിയ ചെറിയ ജലചത്വരം കാവേരിയുടെ അനേകം ഉറവകളിലൊന്നുമാത്രമാണെന്നും, കാവേരിയുടെ ഇടമുറിയാത്ത സ്രോതസ് വേറെയാണെന്നും എന്റെ രണ്ടാമത്തെ സന്ദര്‍ശനവേളയിലാണ് സ്വാമി പറഞ്ഞത്. ബ്രഹ്മഗിരി മലയുടെ ഏറ്റവും ഉയരത്തിലുള്ള പുല്‍മേടുകള്‍ക്കിടയില്‍നിന്ന് ക്ഷേത്രത്തിന്റെ ഇടതുവശത്തുകൂടി

കാവേരിയുടെ നിത്യകാമുകനായിരുന്ന സ്വാമി ആനന്ദതീര്‍ത്ഥയെ കാവേരിതന്നെ  കൂട്ടിക്കൊണ്ടുപോവുകയായിരുന്നു

താഴേക്കൊഴുകുന്ന ആ നീരൊഴുക്ക് അദ്ദേഹം ഞങ്ങള്‍ക്ക് കാണിച്ചുതന്നു. അതുതന്നെയാണ് കാവേരിയെന്ന് ബോദ്ധ്യപ്പെടാനായി ആ ഉറവയെ പിന്‍തുടര്‍ന്ന് ചെങ്കുത്തായ പാറയിടുക്കുകളിലൂടെ കാവേരി ഒരു ചെറിയ പുഴയായിമാറുന്ന താഴ്‌വാരത്തെ ചേരങ്കാല ഗ്രാമം വരെ ഞങ്ങള്‍ക്ക് വഴികാട്ടിയായി വന്നതും ആനന്ദതീര്‍ത്ഥയായിരുന്നു. 

കാവേരിയുടെ യഥാര്‍ത്ഥ ഉറവ

മലയിടിച്ചിലില്‍ത്തകര്‍ന്ന സ്വാമിയുടെ വീടിന്റെ ചിതറിയ അവശിഷ്ടങ്ങളും നനഞ്ഞുകുത്തിളകിയ പുസ്തകങ്ങളും നാല് കിലോമീറ്റര്‍ അകലെ താഴ്‌വരയിലെ ചേരങ്കാല ഗ്രാമത്തില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വായിച്ചപ്പോള്‍, ആനകള്‍ മേയുന്ന ചെങ്കുത്തായ മലങ്കാടിനുള്ളിലൂടെ സ്വാമിയോടൊപ്പം 2003-ല്‍ ഞങ്ങള്‍ ചേരങ്കാലയിലേക്ക് നടത്തിയ യാത്രയാണ് ഞാനോര്‍ത്തത്. ചേരങ്കാലയിലെത്തുമ്പോഴേക്കും ചെറിയൊരു പുഴയായി മാറുന്ന കാവേരിയിലെ പാറക്കല്ലില്‍ വിശ്രമിക്കുമ്പോള്‍ സ്വാമി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ച ചോദ്യം ഞാനോര്‍മ്മിക്കുന്നുണ്ട്: ‘ഇപ്പോഴുറപ്പായില്ലേ കാവേരിയുടെ യഥാര്‍ത്ഥ ഉറവ ഏതാണെന്ന്?'

മറ്റൊന്നുകൂടി എനിക്കിപ്പോള്‍ ഉറപ്പായിരിക്കുന്നു. കാവേരിയുടെ നിത്യകാമുകനായിരുന്ന സ്വാമി ആനന്ദതീര്‍ത്ഥയെ കാവേരിതന്നെ  കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തലക്കാവേരിയില്‍നിന്ന് പൂംപുഹാര്‍ വരെ ഒരുമിച്ചൊരു യാത്രപോകാമെന്ന വാഗ്ദാനം ബാക്കിയാക്കി, സ്വാമി തലക്കാവേരിയില്‍നിന്ന് കുടുംബസമേതം യാത്രയായിരിക്കുന്നു.

swami's house
കാവേരിയുടെ ആദ്യ ഉറവയ്ക്കരികില്‍നിന്ന് സ്വാമിയുടെ വീടിന്റെ കാഴ്ച(2008) ഫോട്ടോ/ഒ.കെ ജോണി

കാവേരിയുടെ ആദ്യ ഉറവയക്കരികില്‍ നില്‍ക്കുമ്പോള്‍ സ്വാമി താഴേയ്ക്ക് കൈചൂണ്ടി കാണിച്ചുതന്ന അദ്ദേഹത്തിന്റെ വീടിന്റെ കുറേചിത്രങ്ങളും ഞാനെടുത്തിരുന്നു. ഇപ്പോള്‍, ആ വീടുണ്ടായിരുന്ന ദിക്കാകെ അറുപത്തിയഞ്ചടിയോളം ഉയരത്തില്‍ മണ്ണും പാറയും മൂടിക്കിടക്കുന്ന ഒരു വാര്‍ത്താ ചിത്രവും കന്നട പത്രങ്ങളില്‍ കാണാനിടയായി. അന്നദ്ദേഹം പറഞ്ഞ വാക്കുകള്‍, കാവേരിയെക്കുറിച്ചുള്ള പുസ്തകത്തില്‍ ഞാന്‍ അതേപടി ഉദ്ധരിച്ചിരുന്നു. അതിങ്ങനെയാണ്: ‘ഒഴുകുന്ന ദിക്കിലെല്ലാം പൂജിക്കപ്പെടുന്നുണ്ടെങ്കിലും മനുഷ്യന്റെ മാലിന്യസ്പര്‍ശമേല്‍ക്കാത്ത കാവേരീതീര്‍ത്ഥം ഇതുമാത്രമാണ്. സംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്ന നദീതടങ്ങള്‍ പ്രകൃതിവിരുദ്ധസംസ്‌കാരത്തിന്റെ വിളനിലങ്ങളായിക്കഴിഞ്ഞു. ആലോചിച്ചാല്‍, കാവേരിയുടെ പരിശുദ്ധമായ ഈ ജലപ്രാന്തത്തില്‍ ജനിച്ചുവളരാന്‍ കഴിഞ്ഞതാണ് എന്റെ സൗഭാഗ്യമെന്നുപോലും ചിലപ്പോള്‍ തോന്നും.'

കാവേരിയോടുള്ള മതാതീത ഭക്തി

പിന്നീടൊരിക്കല്‍, കാവേരിയോടുള്ള തന്റെ ഭക്തി മതാതീതമാണെന്നും സമസ്ത ജന്തുജാലങ്ങളുടെയും നിലനില്‍പ്പിനാധാരമായ ഒരു പ്രകൃതിപ്രതിഭാസമെന്ന നിലയിലാണ് കാവേരിയെയും ഇതരനദികളെയും താന്‍ കാണുന്നതെന്നും സ്വാമി പറഞ്ഞു. ഹിന്ദുദേവതകളെ ആരാധിക്കുക പതിവില്ലാതിരുന്ന കുടകിലെ കര്‍ഷകരായ കൊടവര്‍ എന്ന തദ്ദേശിയ ഗോത്രസമുദായത്തിനുമാത്രമല്ല, കാര്‍ഷികവൃത്തിയുടെ ദീര്‍ഘപാരമ്പര്യമുള്ള തെന്നിന്ത്യയിലെ സമുദായങ്ങള്‍ക്കെല്ലാം കാവേരി പ്രിയനദിയായതിന്റെ കാരണവും ഇതായിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

കാവേരിയോടുള്ള തന്റെ ഭക്തി മതാതീതമാണെന്നും സമസ്ത ജന്തുജാലങ്ങളുടെയും നിലനില്‍പ്പിനാധാരമായ ഒരു പ്രകൃതിപ്രതിഭാസമെന്ന നിലയിലാണ് കാവേരിയെയും ഇതരനദികളെയും താന്‍ കാണുന്നതെന്നും സ്വാമി പറഞ്ഞു.

കടുത്ത ഇസ്‌ലാമിക വിശ്വാസിയും വിഗ്രഹാരാധനാ വിരോധിയുമായിരുന്ന ടിപ്പുസുല്‍ത്താന്‍പോലും, അല്‍പകാലം തന്റെ അധീനതയിലായിരുന്ന കുടക് സന്ദര്‍ശിച്ചപ്പോള്‍ കാവേരീതീര്‍ത്ഥത്തെ വണങ്ങുവാന്‍ ഇവിടെവന്നിരുന്നുവെന്ന് അക്കാലത്തും ഇവിടെ അര്‍ച്ചകരായിരുന്ന ആനന്ദതീര്‍ത്ഥയുടെ കുടുംബം തലമുറകളായി വിശ്വസിക്കുന്നു. തലക്കാവേരിയിലെ ആശ്രമപാര്‍ശ്വത്തില്‍നിന്ന് തെല്ലുദൂരെ തകര്‍ന്നടിഞ്ഞ ഒരു കല്‍മണ്ഡപത്തിന്റെ അവശിഷ്ടങ്ങളാണ് ആ സന്ദര്‍ശനത്തിന്റെ അടയാളമായി ഇന്നുള്ളത്. ഭാഗമണ്ഡലയിലെത്തിയ ടിപ്പുസുല്‍ത്താന്‍ കുതിരയോടിച്ചുവന്ന പഴയ കാട്ടുപാതയോരത്തുള്ള ആ ശിലാവശിഷ്ടങ്ങള്‍ സുല്‍ത്താന്‍ കല്ലെന്നും സലാം കല്ലെന്നുമാണ് അറിയപ്പെടുന്നത്. 

sulthan
ടിപ്പു സുല്‍ത്താന്‍ മണ്ഡപത്തിന്റെ ശിലാവശിഷ്ടങ്ങള്‍
ഫോട്ടോ/ഒ.കെ ജോണി

തന്റെ രാജ്യത്തിന്റെ കാര്‍ഷികസമൃദ്ധിക്ക് നിദാനമായ കാവേരിയെ ടിപ്പുസുല്‍ത്താന്‍ നമസ്‌കരിച്ച ദിക്കില്‍ അതിന്റെ സ്മരണയ്ക്കായി അര്‍ച്ചകകുടുംബം നിര്‍മ്മിച്ചതായിരുന്നു ആ കല്‍മണ്ഡപം. അവിടെവെച്ച്,  തന്നെ സ്വീകരിക്കുവാനെത്തിയ പൂജാരികുടുംബത്തിന് ഭാരിച്ച ഒരു പണക്കിഴി സമ്മാനിച്ചാണ് ടിപ്പു സുല്‍ത്താന്‍ മടങ്ങിയതത്രെ. സ്വാമി തന്നെയാണ് അവിടേക്ക് ഞങ്ങളെ നിര്‍ബ്ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുകൊണ്ടുപോയത്. കര്‍ണ്ണാടക സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ടിപ്പുസുല്‍ത്താന്‍ ജയന്തിയാഘോഷത്തിനെതിരെ കുടകില്‍ സംഘപരിവാരസംഘടനകളുടെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലവുമായിരുന്നു അത്. വര്‍ഗീയ രാഷ്ട്രീയമാണ് ടിപ്പു സുല്‍ത്താനെ വര്‍ഗീയവാദിയാക്കുവാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞ സ്വാമി ആനന്ദതീര്‍ത്ഥ ഇന്ത്യാചരിത്രത്തെ ആഴത്തില്‍ മനസിലാക്കിയ ഒരു സ്വതന്ത്രഗവേഷകനുമായിരുന്നു. സ്വാമിയുടെ ഗ്രന്ഥശേഖരത്തില്‍ തിരുവള്ളുവരും നീഷേയും ബുദ്ധനും യേശുവും നബിയും എ.എല്‍.ബാഷാമും മസനോബു ഫുക്കുവോക്കയും റൊമീല ഥാപ്പറും ആനന്ദകുമരസ്വാമിയുമെല്ലാം ഇടംപിടിച്ചിരുന്നു. താന്‍ വളര്‍ത്തുന്ന ഏതാനും പശുക്കളും പുസ്തകങ്ങളുമായിരുന്നു, വിശേഷദിവസങ്ങളിലൊഴികെ വിജനമായ ആ മലമുകളില്‍ സ്വാമി ആനന്ദതീര്‍ത്ഥയുടെ ചങ്ങാതിമാര്‍. 

സ്വാമിയുടെ വേവലാതികള്‍

വീണ്ടുമൊരിക്കല്‍ അവിടെയെത്തുമ്പോള്‍, തലക്കാവേരി ഒരു പില്‍ഗ്രിമേജ് ടൂറിസ്റ്റ് കേന്ദ്രമാക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അസ്വസ്ഥനായ സ്വാമിയെയാണ് കണ്ടത്. മലമുകളിലെ മനോഹരവും വിനീതങ്ങളുമായ കോവിലുകള്‍ക്കരികില്‍ പുതിയൊരു ക്ഷേത്രസമുച്ചയവും അലങ്കാരസ്തംഭങ്ങളും യാത്രികര്‍ക്കുള്ള സൗകര്യങ്ങളുമൊരുക്കുവാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പതിനഞ്ചുകോടിയുടെ പദ്ധതിയുണ്ടാക്കിക്കഴിഞ്ഞുവെന്ന വാര്‍ത്ത ആയിടെയാണ് പ്രത്യക്ഷപ്പെട്ടത്. വിനോദസഞ്ചാരവും തീര്‍ത്ഥാടനവും കൈകോര്‍ക്കുമ്പോള്‍ ഉണ്ടാകുവാന്‍പോകുന്ന പാരിസ്ഥിതികവിപത്തുകളെക്കുറിച്ചായിരുന്നു സ്വാമിയുടെ വേവലാതി.

thalakkaveri
തലക്കാവേരി ക്ഷേത്രസമുച്ചയം. ഫോട്ടോ/ഒ.കെ ജോണി

തലക്കാവേരി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയാണെങ്കിലും ക്ഷേത്രഭരണം പ്രത്യേകം സമിതിയുടെയും ജില്ലാ ഭരണകൂടം നിയമിക്കുന്ന കമീഷണറുടെയും നിയന്ത്രണത്തിലായതിനാല്‍ നിസ്സഹായനായ അദ്ദേഹം കത്തുകളിലൂടെയും കന്നട പത്രങ്ങളിലെ വായനക്കാരുടെ പംക്തികളിലൂടെയും തന്റെ ആശങ്കകള്‍ പൊതുജനങ്ങളെയും അധികാരികളെയും അറിയിച്ചുകൊണ്ടിരുന്നു. മുന്നൂറ് വര്‍ഷംമുമ്പ് തലക്കാവേരി-ഭാഗമണ്ഡല ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി കുടക് രാജാവ് ഉഡുപ്പിയില്‍നിന്ന് കൊണ്ടുവന്ന് കുടിയിരുത്തിയ അര്‍ച്ചക

വിനോദസഞ്ചാരവും തീര്‍ത്ഥാടനവും കൈകോര്‍ക്കുമ്പോള്‍ ഉണ്ടാകുവാന്‍പോകുന്ന പാരിസ്ഥിതികവിപത്തുകളെക്കുറിച്ചായിരുന്നു സ്വാമിയുടെ വേവലാതി

കുടുംബാംഗമായ സ്വാമിയുടെ സഹോദരനായിരുന്നു ക്ഷേത്രത്തിലെ മുഖ്യപൂജാരിയും. അദ്ദേഹത്തിന്റെകൂടി പിന്തുണ സ്വാമിക്കുണ്ടായിരുന്നുവെങ്കിലും വികസനപ്രേമികളായ ഭക്തജനങ്ങളും ഭരണാധികാരികളും അത് അവഗണിച്ചതേയുള്ളൂ. 
ഇക്കുറി ബ്രഹ്മഗിരിയിലുണ്ടായ ഉരുള്‍പൊട്ടലിനും, സ്വാമിയുടെയും കുടുംബത്തിന്റെയും ദാരുണമായ മരണത്തിനും കാരണമായിട്ടുണ്ടാവുക, അനാവശ്യമായ ആ കോണ്‍ക്രീറ്റ് നിര്‍മ്മിതികളാണെന്നുവേണം കരുതുവാന്‍. കാരണം, ആ പുതിയ നിര്‍മ്മിതികള്‍ക്ക് മതില്‍പോലെ അതിരിടുന്ന ബ്രഹ്മഗിരിയുടെ ഒരു ശൃംഗമാണ് ഉരുള്‍പൊട്ടലില്‍ താഴെ മലഞ്ചെരിവിലുണ്ടായിരുന്ന അര്‍ച്ചകകുടുംബത്തിനുമേല്‍ പതിച്ചത്. ഇത്തരം ഒരപകടസാദ്ധ്യത മുന്നില്‍ക്കണ്ട ഭൗമശാസ്ത്രവിദഗ്ദ്ധരുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടം ആനന്ദതീര്‍ത്ഥയുടെ കുടുംബത്തോട് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ രണ്ടാം ദിവസമായിരുന്നു ആ അത്യാഹിതം.

സ്ത്രീസാന്നിദ്ധ്യമില്ലാത്ത തലക്കാവേരിയോ?

ആനന്ദതീര്‍ത്ഥയുടെ തിരോധാനം സൃഷ്ടിച്ച വൈയക്തിക സങ്കടങ്ങളോടൊപ്പം ആ അസാന്നിദ്ധ്യം സൃഷ്ടിക്കുവാനിടയുള്ള ഒരു സാമൂഹികവിപത്തിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും ഇപ്പോള്‍ എന്നെ അലട്ടുന്നുണ്ട്. ശബരിമലയിലേതുപോലെ, യുവതികള്‍ക്ക് തലക്കാവേരിയില്‍ പ്രവേശനം നിരോധിക്കണമെന്ന ക്ഷേത്രഭരണസമിതിയുടെ നിലപാടാണത്. വര്‍ഷങ്ങള്‍ക്കുമുമ്പേ അത്തരമൊരു നീക്കം ഉണ്ടായിരുന്നുവെങ്കിലും ആനന്ദതീര്‍ത്ഥയും കുടുംബവും അതിനെതിരായിരുന്നു. എന്നാല്‍, ക്ഷേത്രഭരണസമിതി സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുവാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ 2018-ല്‍ കര്‍ണ്ണാടക സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സമിതിക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. തുലാസംക്രമണം മുതല്‍ വൃഷഭസംക്രമണം വരെ (ഒക്ടോബര്‍ 17 - മെയ് 15) പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളെ ബ്രഹ്മഗിരി മലയിലോ തലക്കാവേരിയിലോ പ്രവേശിപ്പിക്കരുതെന്നായിരുന്നു ക്ഷേത്രഭരണസമിതി തീരുമാനം. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തതോടെയാണ് ക്ഷേത്രഭരണസമിതി ഇതൊരു അന്തിമതീരുമാനമല്ലെന്ന ന്യായവുമായി താല്‍ക്കാലികമായി പിന്‍വാങ്ങിയത്. കുടകില്‍ വലിയ സ്വാധീനമുള്ള സംഘപരിവാരസംഘടനകളുടെ ഒരു അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന സ്ത്രീവിരുദ്ധമായ ഈ നീക്കത്തിനു പിന്നില്‍ മലയാളികളായ തന്ത്രിമാരായിരുന്നുവെന്നതാണ് മറ്റൊരു വിശേഷം. 

swami
സ്വാമി ആനന്ദതീര്‍ത്ഥ ഫോട്ടോ/ ഒ.കെ ജോണി

കുടകിന്റെ ഒരു ഭാഗവും വടക്കേ മലബാറിലെ ഏതാനും താലൂക്കുകളും പഴയ തുളുനാടിന്റെ ഭാഗമായിരുന്നതിനാല്‍ തലക്കാവേരി-ഭാഗമണ്ഡല ക്ഷേത്രങ്ങളുടെ ആരാധനാക്രമവും അനുഷ്ഠാനങ്ങളും നിശ്ചയിക്കുവാനും നിയന്ത്രിക്കുവാനുമുള്ള അധികാരം ഇപ്പോഴും നീലേശ്വരത്തെ പരമ്പരാഗത തന്ത്രി കുടുംബത്തിനാണ്. ഇപ്പോഴത്തെ തന്ത്രിയായ നീലേശ്വരം പത്ഭനാഭ തന്ത്രിയുടെയും ജ്യോതിഷി എ.വി. നാരാണപ്പൊതുവാളുടെയും നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല്യപ്രശ്‌നത്തിലാണ് യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന കല്‍പ്പനയുണ്ടായത്. നിയമയുദ്ധത്തിനൊരുങ്ങാതെ, സ്ത്രീകള്‍ക്കുള്ള ഭരണഘടനാസ്വാതന്ത്ര്യം നിലനിര്‍ത്തണമെന്ന സ്വാമി ആനന്ദതീര്‍ത്ഥയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ആ വിലക്ക് പിന്‍വലിക്കുവാന്‍ ക്ഷേത്രസമിതി തീരുമാനിച്ചതോടെയാണ് മനുഷ്യാവകാശ കമീഷന്‍ രണ്ടുവര്‍ഷംമുമ്പ് കേസ് പിന്‍വലിച്ചത്. ആനന്ദതീര്‍ത്ഥയും മുഖ്യപൂജാരിയായ സഹോദരനും ആ കുടുംബവും നാമാവശേഷമായതോടെ, സ്ത്രീകളെ തടയാനുള്ള പദ്ധതി നടപ്പിലാക്കുക പ്രയാസകരമാവില്ലെന്നതാണ് കുടകിലെ മഹാഭൂരിപക്ഷം സ്ത്രീകളെയും പരിസ്ഥിതിവാദികളേയും പോലെ എന്റെയും ആശങ്ക. അത് സംഭവിക്കാതിരിക്കട്ടെ. 

കാവേരീപൂജ മാത്രമല്ല, തലക്കാവേരിയിലേക്ക് മനുഷ്യരെ ആകര്‍ഷിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരവും വൈവിദ്ധ്യസമൃദ്ധവുമായ കന്യാവനമാണത്. പ്രകൃതിനിരീക്ഷകരായ മനുഷ്യര്‍ക്ക് ജാതി-മത-ലിംഗവ്യത്യാസമില്ലാതെ സന്ദര്‍ശനം അനുവദിക്കേണ്ട പ്രദേശമാണിതെന്നായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥയുടെ വിചാരം. പ്രകൃതിയുടെയും മനുഷ്യരുടെയും ജന്തുജാലങ്ങളുടെയും സഹജമായ പാരസ്പര്യത്തിന്റെ വിശാലഭൂമികയായി തലക്കാവേരിയെയും ബ്രഹ്മഗിരി മലനിരകളെയും സങ്കല്‍പ്പിച്ചിരുന്ന സ്വാമിയുടെ തിരോധാനത്തോടെ അദ്ദേഹത്തിന്റെ മതേതരമായ മാനവികദര്‍ശനവും പ്രകൃതിസങ്കല്‍പ്പവുംകൂടിയാണ് അവിടെനിന്ന് വിടപറയുന്നത്. വാസ്തവത്തില്‍, തലക്കാവേരിയിലെ തുലാസംക്രമണോത്സവം സ്ത്രീകളുടെ മഹോത്സവമാണ്. പല പ്രായത്തിലുള്ള ആയിരക്കണക്കിന് സ്ത്രീകളാണ് കാവേരീതീര്‍ത്ഥം കൊണ്ടുപോകാനുള്ള കുടങ്ങളുമായി അന്ന് കാട്ടുപാതകളിലൂടെ മലകയറിയെത്തുക. ആ മനോഹരമായ കാഴ്ച്ചയ്ക്ക് ഒരിക്കലെങ്കിലും സാക്ഷിയായിട്ടുള്ളവര്‍ക്ക് സ്ത്രീസാന്നിദ്ധ്യമില്ലാത്ത തലക്കാവേരിയെക്കുറിച്ച് സങ്കല്‍പ്പിക്കുകതന്നെ പ്രയാസമാവും; സ്വാമി ആനന്ദതീര്‍ത്ഥയും ആ അര്‍ച്ചകകുടുംബവും ഇല്ലാത്ത തലക്കാവേരി എനിക്കെന്നപോലെ.

കാവേരിക്കും, അതുത്ഭവിക്കുന്ന ബ്രഹ്മഗിരിയുള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകള്‍ക്കുംവേണ്ടി ജീവിതകാലമത്രയും പരിത്യാഗിയായി ജീവിച്ച ആ വയോധികനെ ബ്രഹ്മഗിരിയുടെ ക്ഷുഭിതപ്രവാഹങ്ങള്‍ ഒഴുക്കിക്കൊണ്ടുപോയി എന്ന ക്രൂരവൈപരീത്യമാണ് എന്നെ വേദനിപ്പിക്കുന്നത്. ആദരണീയനായ ആ ചിരകാല മിത്രത്തിന്, മതേതരവാദിയായ സന്യാസിക്ക് അത്യധികമായ സങ്കടങ്ങളോടെയാണ് ഞാന്‍ വിട നല്‍കുന്നത്.   

 

  • Tags
  • #O.K Johnny
  • #Landslide
  • #Environment
  • #Memoir
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Surendran

18 Aug 2020, 03:41 PM

Touching lines Jhonyetta , Thanks

Sudarsan Viswanathan

18 Aug 2020, 08:55 AM

Fine article and apt tribute

Venu Edakkazhiyur

18 Aug 2020, 08:06 AM

വലിയ നഷ്ടം, ജോണിക്കെന്നപോലെ പ്രകൃതി സ്നേഹികൾക്കും മതേതര വിശ്വാസികൾക്കും ലിംഗ വിവേചനത്തിന്റെ എതിർപക്ഷത്തു നിൽക്കുന്നവർക്കും. ജോണിയുടെ കാവേരിപ്പുസ്തകത്തിൽനിന്നാണ് സ്വാമിയെക്കുറിച്ചു അറിയുന്നത്; ജോണിയുടെ ഒരു എഫ് ബി കുറിപ്പിൽനിന്നാണ് അദ്ദേഹത്തിനും കുടുംബങ്ങൾക്കും ഉണ്ടായ ദാരുണമായ അന്ത്യം അറിയുന്നതും. പ്രണാമം...

രവി പാലൂർ

16 Aug 2020, 01:37 PM

ആ മതേതര വാദിയായ സന്യാസിയെ ഒരു മതവാദിയാക്കി പുനഃസൃഷ്ടിക്കാനും സാധ്യതയുണ്ട്. അതിലൂടെ സ്ത്രീ പ്രവേശ നിരോധനവും അടിച്ചേൽപ്പിച്ചേക്കാം. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന മഹാമനുഷ്യനെ പരിചയപ്പെടുത്തിയതിനു നന്ദി !!!!

Pradeep MP

16 Aug 2020, 11:46 AM

സങ്കടകരം

എം.ഗംഗാധരൻ _ വയനാട്

15 Aug 2020, 07:13 PM

ഹൃദ്യമായ അനുസ്മരണക്കുറിപ്പ്..

എസ് സുസ്മിത

15 Aug 2020, 02:28 PM

പ്രണാമം

M.Dasan

15 Aug 2020, 10:50 AM

Kandittillengilum kettari jirunna oru prakruthi snehiye nashtappettathil vedanikkunnu.joniyootoppam aasankakal pankitu nu.

Pettimudi

Environment

പ്രഭാഹരൻ കെ. മൂന്നാർ

ആർക്കുവേണ്ടിയാണ്​ പെട്ടിമുടിയിലെ ആ ജീവനുകൾ മണ്ണിൽ മൂടിപ്പോയത്​?

Aug 06, 2022

6 minutes Read

 1x1_18.jpg

Environment

ദില്‍ഷ ഡി.

വിണ്ടുകീറുന്ന ഗ്രാമത്തില്‍ ഭയത്തോടെ 13 കുടുംബങ്ങള്‍

Jul 28, 2022

8 Minutes Watch

Kambisseri-Karunakaran

Memoir

മുസാഫിര്‍

കാമ്പിശ്ശേരി: എഡിറ്റര്‍ അറ്റ് - ലാര്‍ജ്

Jul 28, 2022

5 Minutes Read

2

Environment

റിദാ നാസര്‍

മണ്ണിടിഞ്ഞിടിഞ്ഞ്​ പുഴയിലേക്കൊഴുകുന്ന ജീവിതങ്ങൾ

Jul 19, 2022

6 Minutes Watch

Prathap Pothen

Memoir

ഫേവര്‍ ഫ്രാന്‍സിസ്

സച്ചിനേയും ലാറയേയും അഭിനയിപ്പിച്ച പ്രതാപ് പോത്തൻ

Jul 15, 2022

3 Minutes Read

 1x1_8.jpg

Memoir

മുസാഫിര്‍

എം.ടി: പിറന്നാൾ ദിനത്തിൽ ചില ഓർമകൾ

Jul 15, 2022

7 Minutes Read

Zubair Ahammed Andaman Journalist

Memoir

വി. മുസഫര്‍ അഹമ്മദ്‌

സുബൈർ അഹമ്മദിന്റെ മാധ്യമ പ്രവർത്തനം, ​പോരാട്ടജീവിതം, അവസാനിക്കുമ്പോൾ

Jul 08, 2022

9 Minutes Read

 Avikkalthodu.jpg

Human Rights

ദില്‍ഷ ഡി.

ആവിക്കലിലെ സമരക്കാർ തീവ്രവാദികളല്ല, നിലനിൽപിനുവേണ്ടിയാണ്​ ഈ പോരാട്ടം

Jul 06, 2022

7 Minutes Read

Next Article

ലക്ഷദ്വീപ് ഡയറി 3 കാറ്റിനും മഴയ്ക്കും ഇളംവെയിലിനുമിടയില്‍ ഓടുന്ന സൈക്കിൾ ചക്രങ്ങള്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster