ദിലീപ് പ്രതിയായ കേസിൽ
മാധ്യമവിചാരണ
തുടരുക തന്നെ വേണം
ദിലീപ് പ്രതിയായ കേസിൽ മാധ്യമവിചാരണ തുടരുക തന്നെ വേണം
പണവും പ്രതാപവുമുള്ള സിനിമാതാരം പ്രതിയായ കേസിനെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാനുള്ള ശ്രമം അത്ര നിഷ്‌കളങ്കമല്ല. ക്രിമിനല്‍ക്കേസുകളിലെ പ്രതികള്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങുമ്പോള്‍, അതിന് പ്രോത്സാഹനം നല്‍കുന്ന വിധത്തിലുള്ള നടപടികൾ, ഭരണകൂട സ്ഥാപനങ്ങളിൽ നിന്നുപോലും ഉണ്ടാകുന്നത് ആശങ്കാജനകമാണ്
14 Apr 2022, 10:19 AM
അടിയന്തരാവസ്ഥപോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുക പതിവാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് നിലവില്‍വന്ന മാധ്യമ സെന്‍സര്‍ഷിപ്പും അതിന്റെ ഭവിഷ്യത്തും നാമനുഭവിച്ചതുമാണ്. അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷമാണ് പൗരാവകാശലംഘനങ്ങളുടെയും പൊലീസതിക്രമങ്ങളുടെയുമെല്ലാം ഞെട്ടിക്കുന്ന കഥകള്‍ ലോകമറിഞ്ഞത്. അതേത്തുടര്‍ന്നാണ് മാധ്യമ സ്വാതന്ത്ര്യം നമ്മുടേതുപോലൊരു തുറന്ന ജനാധിപത്യത്തിന്റെതന്നെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് പരമോന്നത നീതിപീഠം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പത്തെ കാലാകാലങ്ങളില്‍ നിര്‍വ്വചിക്കുവാനും അതിന്റെ അതിരുകള്‍ വികസിപ്പിക്കുവാനും സുപ്രീംകോടതി എക്കാലത്തും ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍, ലോകശ്രദ്ധയാകര്‍ഷിച്ച പെഗാസസ് കേസിലെ ഇടക്കാല വിധിയിലും മാധ്യമസ്വാതന്ത്ര്യത്തിനു വിഘാതമാവുന്ന ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും അംഗീകരിക്കാനാവില്ലെന്നാണ് സുപ്രീംകോടതി ഊന്നിപ്പറഞ്ഞത്. എന്നാലിപ്പോള്‍, പ്രഖ്യാപിത അടിയന്തരാവസ്ഥയില്ലെങ്കിലും വിയോജിക്കുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തുവാന്‍ ഭരണകൂടം മടിക്കാറില്ലെന്നതിന്റെ സമീപകാല ഉദാഹരണങ്ങള്‍തന്നെ നിരവധിയാണ്.
കേരളത്തില്‍ത്തന്നെ രാജ്യസുരക്ഷയുടെ മറവില്‍ മീഡിയ വണ്‍ ചാനലിനെതിരെയുണ്ടായ വിലക്ക് സുപ്രീംകോടതി പരിഗണനയിലുമാണ്. ഈ സാഹചര്യത്തിലാണ്, തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് ക്രിമിനല്‍ക്കേസ് പ്രതികൾ കോടതികളിലെത്തുന്നത്. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും സമൂഹത്തിന്റെയും കാവല്‍നായ്ക്കളായി പ്രവര്‍ത്തിക്കുവാനുള്ള മാധ്യമങ്ങളുടെ ഉത്തരവാദിത്വവും സാദ്ധ്യതയും ലോകമെങ്ങും വിനിയോഗിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്ന ഒരു കാലത്താണ് തങ്ങള്‍ക്ക് അഹിതകരമായ വാര്‍ത്തകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് നിക്ഷിപ്ത താല്‍പര്യക്കാരായ വ്യക്തികളും സംഘടനകളും ക്രിമിനല്‍ക്കേസ് പ്രതികളായ സെലിബ്രിറ്റികളുമെല്ലാം കോടതികളിലെത്തുന്നത്.
ജുഡീഷ്യറിയുടെ സ്വകാര്യതയെയും സവിശേഷാധികാരത്തെയും സ്വാതന്ത്ര്യത്തെയും സ്പര്‍ശിക്കാതെ, മാധ്യമങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് വൃത്താന്തവിനിമയം നടത്തുന്ന മാധ്യമങ്ങളെ, മാധ്യമവിചാരണ നടത്തുന്നു എന്ന കുറ്റം ആരോപിച്ച് കോടതിനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് കേരളത്തിലെ ഒരു പുതിയ പ്രവണതയാണ്. പലപ്പോഴും ഈ നിക്ഷിപ്ത താല്ക്കാര്യക്കാര്ക്ക്അനുകൂലമായ നടപടികളുണ്ടാവുന്നു എന്നതാണ് ആശങ്കാജനകം.
മാധ്യമങ്ങള്‍ക്ക് വിലക്കുള്ള കോടതിയുടെ ഇന്‍കാമറ നടപടികളൊന്നും ഉത്തരവാദിത്വവും വിശ്വാസ്യതയും പ്രൊഫഷനലിസവുമുള്ള മാധ്യമങ്ങള്‍ സ്വാഭാവികമായും ചര്‍ച്ചയ്‌ക്കെടുക്കാറില്ല. അതേസമയം, പൊതുജനതാല്‍പ്പര്യമുള്ള കേസുകളെ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുകൊണ്ടുവരാന്‍ അത്തരം മാധ്യമങ്ങള്‍ ഉത്സാഹിക്കാറുമുണ്ട്. നിയമവ്യവസ്ഥയെ സത്യാവസ്ഥയിലേക്ക് നയിക്കുവാനാണ് മാധ്യമങ്ങള്‍ ഇത്തരം അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ, അന്വേഷണ ഉദ്യോഗസ്ഥന്മാരെ വധിക്കുവാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലാണ് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതും നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തന്നെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതും. എന്നിട്ടും, മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ പരാതിയില്‍ കോടതി അന്വേഷണം ആവശ്യപ്പെടുകയും പൊലീസ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുക്കുകയും ചെയ്തു എന്ന വിചിത്രസംഭവം മാധ്യമ സ്വാതന്ത്ര്യം മാത്രമല്ല, നിയമവാഴ്ചയും അപകടത്തിലാണെന്നതിന്റെ സൂചനയാണ്.

കേസിലെ പ്രതികള്‍ സ്വാധീനമുള്ള സെലിബ്രിറ്റികളാവുമ്പോള്‍ അവരെ സംബന്ധിച്ച യാതൊരു വെളിപ്പെടുത്തലുകളും പാടില്ലെന്ന നിലപാട് നിയമപരമായിത്തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ നടനും സിനിമാ വ്യവസായിയുമായ ദിലീപിനെതിരായ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണക്കോടതി വിളിപ്പിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. മാത്രമല്ല, അയാളുടെ വിശദീകരണം തൃപ്തികരമല്ലെന്നതിനാല്‍ സംസ്ഥാനത്തിന്റെ ഉന്നത പൊലീസ് മേധാവി തന്നെ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാവശ്യപ്പെടുകയുംചെയ്തിരിക്കുന്നു.
പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് സംസ്ഥാന പൊലീസാണ് മറുപടി പറയേണ്ടതെന്ന നിലപാട് മാധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ച അടിയന്തരാവസ്ഥക്കാലത്തെ മനോഭാവത്തിന്റെ തുടര്‍ച്ചയാണ്. വാര്‍ത്ത സ്രോതസുകള്‍ സംരക്ഷിക്കപ്പെടണമെന്ന പെഗാസസ് കേസിലെ സുപ്രീം കോടതിയുടെ വിധി മറിച്ചുനോക്കിയിട്ടുള്ളവര്‍ക്കറിയാം, അതീവ ദുര്‍ബ്ബലമായൊരു വാദമാണിതെന്ന്. ഒരുവശത്ത്, മാധ്യമ വിചാരണയെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും മറുവശത്ത് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് പൊലീസിനോട് വിശദീകരണമാവശ്യപ്പെടുകയുംചെയ്യുക- ആത്യന്തികമായി മാധ്യമസ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള ഒരു ദ്വിമുഖാക്രമണമാണിത്. നമ്മുടേതുപോലുള്ള തുറന്ന ജനാധിപത്യത്തില്‍ ആധുനിക കാലത്ത്പ്രതീക്ഷിക്കാനാവാത്ത വെല്ലുവിളികളാണ് ഭരണഘടനാ സ്ഥാപനങ്ങളില്‍നിന്നുപോലും ഉണ്ടാവുന്നത്.
താരപദവിയും അളവറ്റ സമ്പത്തും ഉന്നതങ്ങളില്‍ സ്വാധീനവുമുള്ള മലയാള സിനിമയിലെ ഒരു താരനായകന്‍ മുമ്പെങ്ങും കേട്ടിട്ടില്ലാത്തതരത്തിലുള്ള അതിക്രൂരമായ ഒരു ക്രമിനില്‍ ക്കേസില്‍ പ്രതിയായി അറസ്റ്റിലായപ്പോള്‍, കുറ്റകൃത്യത്തിനിരയായ ആ സ്ത്രീയും അവര്‍ക്ക് നീതി കിട്ടാനായി സംസാരിക്കുന്നവരും അന്വേഷണസംഘം പോലും വീണ്ടും വീണ്ടും അവഹേളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയുംചെയ്യുമ്പോഴും ആ വൈപരീത്യം നമ്മളാരും കണ്ടതായി നടിക്കുന്നില്ലെന്നതാണ് വിചിത്രം. കച്ചവട സിനിമകളിലൂടെ പതിറ്റാണ്ടുകളായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന, സ്ത്രീയെ സംബന്ധിച്ച പ്രതിലോമകരമായ പ്രത്യയശാസ്ത്രബോധം പ്രബുദ്ധ കേരളത്തിന്റെ മനഃസ്സാക്ഷിയില്‍ അള്ളിപ്പിടിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. കഥയെന്തായാലും, സിനിമയുടെ അന്ത്യത്തില്‍ ജനകോടികളുടെ ആരാധാനാവിഗ്രഹമായ താരനായകന്റെ വിജയവും സ്ത്രീയുടെ പരാജയവും ഉറപ്പാക്കുന്ന തിരക്കഥകളിലൂടെ പൊതുസമ്മതിയാര്‍ജ്ജിച്ച മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ധാരണകളെ സ്വാര്‍ത്ഥയാല്‍ സ്വാംശീകരിച്ചുകഴിഞ്ഞ ഒരു സമൂഹത്തിന്റെ ഹൃദയശൂന്യതയാണ് ഈ നിസ്സംഗതയ്ക്കുപിന്നിലെന്നു പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല.
ദിലീപിനെപ്പോലുള്ളവരുണ്ടാക്കുന്ന തരംതാണ സിനിമകളുടെ നിലവാരത്തിലേക്ക് അയാളുള്‍പ്പെട്ട ഒരു ക്രിമിനല്‍ക്കേസിന്റെ അന്വേഷണത്തെ മാറ്റുവാന്‍ ശ്രമിക്കുന്നതാരൊക്കെയെന്ന വാസ്തവം ജനങ്ങള്‍ക്കുമുന്നില്‍ അനാവരണംചെയ്യപ്പെടാതിരിക്കുകയുമില്ല. ഇന്ത്യന്‍ ജുഡിഷ്യറിയിലെന്നപോലെ സ്വതന്ത്ര മാധ്യമങ്ങളിലും വിശ്വാസമര്‍പ്പിക്കുന്നവരുടെ പ്രതീക്ഷയാണത്.

ആക്രമണത്തിനിരയായ നടിയോടൊപ്പമാണെന്ന് പറയുകയും അക്രമിയെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയ പ്രതിക്കുവേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കുകയുംചെയ്യുന്ന രാഹുല്‍ ഈശ്വറിനെപ്പോലുള്ള ന്യൂജെന്‍ സാത്വികവേഷങ്ങള്‍ ഒറ്റപ്പെട്ട പ്രതിഭാസങ്ങളല്ല. നീതിബോധമില്ലാത്ത ഒരു സമൂഹത്തിന്റെ പ്രതിനിധികളോ പ്രതീകങ്ങളോ ആണവര്‍. സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഈ സവര്‍ണ- ഫ്യൂഡല്‍ മനോഭാവമാണ് തങ്ങള്‍ സ്വപ്നം കാണുന്ന രാമരാജ്യത്തിന്റെ ദേശീയ നയമെന്ന് ധ്വനിപ്പിക്കാനാകാം, ഇവര്‍ ദേശീയപതാക തുന്നിപ്പിടിപ്പിടിപ്പിച്ച കോമാളിക്കുപ്പായവുമായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത്.
മാധ്യമങ്ങള്‍ പ്രതിയെ വേട്ടയാടുന്നുവെന്നാണ് ഇവരുടെ നിത്യവുമുള്ള ആവലാതി. താരനായകനുള്‍പ്പെട്ടതായി പൊലീസ് കരുതുന്ന കേസിന്റെ നാള്‍വഴി നോക്കിയാല്‍, ഈ ആവലാതി അടിസ്ഥാനരഹിതമല്ലെന്നും ബോദ്ധ്യമാവും. ഇന്ത്യയുടെ ക്രിമിനല്‍ചരിത്രത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിയമവിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്ന ഒരു കേസിലെ പ്രതികളെ വേട്ടയാടിപ്പിടിക്കുവാന്‍ അന്വേഷണ ഏജന്‍സികളെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോഴും മാധ്യമങ്ങളാണെന്ന വാസ്തവം നാമെന്തിന് നിഷേധിക്കണം? മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അഭിമാനകരമായൊരു സംഗതിയാണത്.
ആക്രമിക്കപ്പെട്ട നടിക്ക് അടുത്തകാലംവരെ മുഖവും പേരുമില്ലായിരുന്നു. എന്നാലവര്‍ ബര്‍ക്കാ ദത്തിന് നല്‍കിയ ദേശീയ ശ്രദ്ധനേടിയ ഒരു വീഡിയോ അഭിമുഖത്തില്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുവാന്‍ പരസ്യമായി രംഗത്തുവന്നു. ഇരയാക്കപ്പെട്ട സ്ത്രീയുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന നിയമത്തിന്റെ പിന്‍ബലത്തിലാണ് കുറ്റകൃത്യത്തെക്കുറിച്ചുള്ള കേസിന്റെ വിചാരണയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെങ്കിലും അത് പ്രതിക്കാണ് ഗുണംചെയ്തതെന്ന വാസ്തവവും നമുക്ക് വെളിപ്പെട്ടത് ആ അഭിമുഖ സംഭാഷണത്തിലൂടെയാണ്. പതിനഞ്ചുദിവസം നീണ്ട വിചാരണവേളയില്‍ പ്രതിഭാഗം അഭിഭാഷകര്‍ നടത്തിയ ദിവസങ്ങളോളം നീണ്ട മാനസികപീഡനങ്ങളെയും അവഹേളനങ്ങളെയുംകുറിച്ചാണ് അവര്‍ വെളിപ്പെടുത്തിയത്. ഇരയാക്കപ്പെട്ട ഒരു സ്ത്രീക്ക് കോടതിയില്‍നിന്ന് കിട്ടേണ്ട ന്യായമായ സംരക്ഷണവും പരിഗണനയും കിട്ടിയില്ലെന്ന ആവലാതിയുടെ സത്യാവസ്ഥ കണ്ടെത്താനുള്ള ഉത്തരവാദിത്വവും ജുഡിഷ്യറിക്കാണ്. വാദിയായ നടിക്കുവേണ്ടി ഹാജരായ പ്രോസിക്യൂട്ടർമാർക്ക്രാജിവെക്കേണ്ടിവന്നതിന്റെ സാഹചര്യവും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ഇക്കാര്യം ഹൈക്കോടതിയുടെ മുന്നിലെത്തുകയുമുണ്ടായി. സ്ത്രീയുടെ സ്വകാര്യതാസംരക്ഷണത്തിന്റെ മറവില്‍ മാധ്യമങ്ങളെ അകറ്റിനിര്‍ത്തി പ്രതിഭാഗം അഭിഭാഷകര്‍ ആ സ്ത്രീയെ വീണ്ടും അപമാനിക്കുകയായിരുന്നുവെങ്കില്‍ ആരാണ് അതിന് ഉത്തരവാദി? ബിഷപ്പ് ഫ്രാങ്കോയുടെ കേസിലെ വാദിയായ കന്യാസ്ത്രീയും സമാന ആവലാതി പരസ്യമായി സമൂഹത്തോട് വിളിച്ചുപറഞ്ഞിരുന്നുവെന്നത് അവഗണിക്കാനാവില്ല. കേരളത്തില്‍ സമീപകാലത്തുണ്ടായ രണ്ട് വലിയ സ്ത്രീപീഡനക്കേസുകളിലെ ഇരകളായ രണ്ട് സ്ത്രീകള്‍ പ്രകടിപ്പിച്ച ഈ വികാരം, നീതി തേടി ജുഡീഷ്യറിയെ സമീപിക്കുന്ന സ്ത്രീകൾ അഭിഭാഷകരാല്‍ മാനസിക പീഡനങ്ങള്‍ക്കിരയാവുന്നുവെന്നാണ് കാണിക്കുന്നത്. ആ സംശയം ദൂരീകരിക്കുവാന്‍ എന്ത് നടപടിയുണ്ടായി എന്ന് ഇനിയും വ്യക്തമല്ല. നിയമപരിജ്ഞാനമില്ലെങ്കിലും, മാധ്യമങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെങ്കില്‍, ആ സ്ത്രീകള്‍ക്ക് ഇത്തരം ദുരനുഭവങ്ങളുണ്ടാവുമായിരുന്നില്ലെന്ന് വിശ്വസിക്കുന്ന ഒരു സാധാരണ പൗരനാണ് ഞാന്‍.
മാധ്യമങ്ങളെ അകറ്റിനിര്‍ത്തി നടന്ന കേസന്വേഷണത്തിനും വിചാരണയ്ക്കുമിടയില്‍ സാക്ഷികളെ കൂറുമാറ്റാനും തെളിവുകള്‍ നശിപ്പിക്കുവാനും പ്രതികള്‍ക്ക് അവസരം ലഭിച്ചുവെന്ന് ഇപ്പോള്‍ നാമറിയുന്നത് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവുകളോടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ സംബന്ധിച്ച മാധ്യമവാര്‍ത്തകളിലൂടെയാണ്. നടിയെ പീഡിപ്പിച്ച കേസിന്റെ രഹസ്യ വിചാരണാനടപടികള്‍ക്കുശേഷമാണ് ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരെ വധിക്കാന്‍ അതേ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസ് ചുരുള്‍നിവരുന്നത്. നടിയെ ആക്രമിച്ച കേസില്‍നിന്ന് പ്രതികള്‍ രക്ഷപ്പെടാനിടയുണ്ടെന്ന് കരുതിയ സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലാണ് ആദ്യ കേസിലേക്കുതന്നെ വെളിച്ചം വീശുന്ന തെളിവുകള്‍ പുറത്തുകൊണ്ടുവന്നത്. മറ്റെല്ലാ മാധ്യമങ്ങളും ഈ സംഭവം ഫോളോ അപ് ചെയ്തുവെങ്കിലും പ്രതികളുടെ പക അതിന് കാരണക്കാരായ റിപ്പോര്‍ട്ടര്‍ ചാനലിനോടാണെന്നതും സ്വാഭാവികം. റിപ്പോര്‍ട്ടര്‍ ചാനലിനെ നിശ്ശബ്ദമാക്കാൻ, പ്രതികള്‍ക്കുവേണ്ടി പലരെക്കൊണ്ടും ഫയല്‍ചെയ്യിച്ച രണ്ട് കോടതിയലക്ഷ്യക്കേസുകളും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ്, മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയെന്നതിന്റെ പേരില്‍ കേസന്വേഷിക്കുന്ന പൊലീസ് ഓഫീസറെ കോടതി വിളിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള ഡിജിറ്റല്‍ രേഖകള്‍ ദുരുപയോഗം നടത്തിയതിനെക്കുറിച്ചും സുപ്രധാനമായ കോടതിരേഖകള്‍ പ്രതിയുടെ ഫോണിലേക്ക് ചോര്‍ത്തിക്കൊടുത്തതിനെക്കുറിച്ചുമെല്ലാമുള്ള പ്രോസിക്യൂഷൻ തെളിവുകളോടെയുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ മുന്നിലെത്തിയ സാഹചര്യത്തിലാണ്, മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തുവെന്ന പരാതിയില്‍ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിപ്പിച്ചിരിക്കുന്നത്.
ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള രേഖകള്‍ കോടതിയില്‍നിന്ന് പ്രതികള്‍ക്ക് കിട്ടി എന്ന വാര്‍ത്തയേക്കാള്‍ എന്നെ നടുക്കിയത് നാട്ടില്‍ നടക്കുന്ന പ്രമാദമായ ഒരു കേസിനെക്കുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളുടെ പേരില്‍ കേസന്വേഷണം നടത്തുന്ന പൊലീസുദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തിയെന്നതാണ്. നിയമസംവിധാനങ്ങളെ സ്വാധീനിച്ച് മൂടിവെക്കാന്‍ ശ്രമിച്ച ഒരു കേസ് തുടരന്വേഷണത്തിലേക്കെത്തിക്കാനുതകുന്ന വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ നിശ്ശബ്ദരാക്കാന്‍ പ്രതികളാഗ്രഹിക്കുന്നത് സ്വാഭാവികം. അതുകൊണ്ടാണ് അവര്‍ റിപ്പോര്‍ട്ടര്‍ ചാനലിനും എഡിറ്റര്‍ എം.വി. നികേഷ്‌കുമാറിനുമെതിരെ ഒന്നിലേറെ കോടതിയലക്ഷ്യക്കേസുകള്‍ നല്‍കിയിരുക്കുന്നത്. അതിനിഷ്ഠൂരമായ ഒരു സ്ത്രീപീഡനക്കേസിലെ പ്രതിയായ താരനായകനുവേണ്ടിയാണിത് നടക്കുന്നതെന്നുമോര്‍ക്കുക.
സിനിമാവ്യവസായത്തെ നിയന്ത്രിക്കുന്ന ഒരാള്‍ക്കുവേണ്ടി പരസ്യമായി നടക്കുന്ന ഈ അട്ടിമറികള്‍ കാണാതിരിക്കാനാവില്ല. എന്നാല്‍, ഈ അപകടാവസ്ഥയെക്കുറിച്ചൊന്നും കേരളത്തിലെ പത്രപ്രവര്‍ത്തക യൂനിയനും പൗരാവകാശ സംഘടനകളും ഭരണ- പ്രതിപക്ഷ പാര്‍ട്ടികളും, കോടതികള്‍ പോലും ഉല്‍ക്കണ്ഠപ്പെടുന്നില്ലെന്നതാണ് അതിലേറെ ഭയാനകം. പണവും താരപരിവേഷവും ഉന്നതങ്ങളിലെ സ്വാധീനവും ഉപയോഗിച്ചാണ് ഈ അട്ടിമറികളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളപ്പണത്തിന്റെ പ്രഭാവം ഇത്ര സ്വാധീനം ചെലുത്തിയ ഒരു ക്രിമിനല്‍ക്കേസ് കേരളത്തില്‍ സമീപകാലത്തൊന്നുമുണ്ടായിട്ടില്ല. ഈ അപായസൂചന കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവര്‍ ഭയാനകമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. അതുണ്ടാവാതിരിക്കട്ടെ.
ക്രിമിനല്‍ക്കേസ് പ്രതികളും അവരുടെ വക്കാലത്തെടുത്ത ക്രിമിനല്‍ അഭിഭാഷകരുമല്ലല്ലോ മാധ്യമസ്വാതന്ത്ര്യത്തിന്റെ അതിര് നിശ്ചയിക്കേണ്ടത്. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം തന്നെ അപകടത്തിലായിരിക്കുന്നുവെന്ന്രാജ്യത്തോട് വിളിച്ചുപറയുവാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ആശ്രയിച്ചത് മാധ്യമങ്ങളെയായിരുന്നുവെന്ന വസ്തുതയുടെ പ്രാധാന്യം തിരിച്ചറിയാത്ത ന്യായാധിപന്മാര്‍ കേരളത്തിലുണ്ടാവില്ലെന്നറിയാവുന്നവര്‍ തന്നെയാണ് നമ്മുടെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും.
പണവും പ്രതാപവുമുള്ള സിനിമാതാരം പ്രതിയായ കേസിനെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാനുള്ള ശ്രമം അത്ര നിഷ്‌കളങ്കമല്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുന്നയിച്ച് വാര്‍ത്താചാനലിനെ വിലക്കിയ കേന്ദ്രസര്‍ക്കാരിനെത്തന്നെ അന്തിമവിധി വരുന്നതുവരെ താല്‍ക്കാലികമായി തിരുത്തിയ ജുഡീഷ്യറിയാണ് ഇന്ത്യയിലുള്ളത്. സിനിമതാരത്തിന്റെ കേസിനെക്കുറിച്ച് സംസാരിച്ചാല്‍ രാജ്യസുരക്ഷ അപകടത്തിലാവുമെന്നാണോ കരുതേണ്ടത്? അതുകൊണ്ട്ഇത്തരം ക്രിമിനലുകളുടെ രാജ്യഭാരം അവസാനിപ്പിക്കുവാന്‍ ഇതര ജനാധിപത്യസ്തംഭങ്ങളോടൊപ്പം മാധ്യമങ്ങള്‍ക്കും ബാദ്ധ്യതയുണ്ട്.
സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വസ്തുതകളെക്കുറിച്ചുകൂടി മാധ്യമങ്ങള്‍ സമാന്തരമായൊരു സ്വതന്ത്ര അന്വേഷണം നടത്തേണ്ടതല്ലേ? അതും മാധ്യമവിചാരണയ്ക്ക് വിധേയമായേ തീരൂ.
ക്രിമിനല്‍ക്കേസുകളിലെ പ്രതികള്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങുമ്പോള്‍, അതിന് പ്രോത്സാഹനം നല്‍കുന്ന വിധത്തിലുള്ള നിയമസംവിധാന ഇടപെടലുകളെക്കുറിച്ച് ഒരു പൗനെന്ന നിലയിലുള്ള ആശങ്ക പങ്കിടുവാനാണ് ഇത്രയും സൂചിപ്പിച്ചത്. പൊതുതാല്‍പ്പര്യമുള്ളതും സമൂഹത്തെയാകെ ബാധിക്കുന്നതുമായ വിഷയങ്ങളെ സംബന്ധിച്ച തുറന്ന ചര്‍ച്ചകളിലൂടെ പൊതുജനാഭിപ്രായം രൂപീകരിക്കുകയെന്നത് മാധ്യമങ്ങളുടെ അടിസ്ഥാന കര്‍ത്തവ്യങ്ങളിലൊന്നാണെന്നത് ഒരംഗീകൃത വസ്തുതയാണ്. സെക്യുലറിസം പോലെ മാധ്യമവിചാരണയും ഇവിടെയിപ്പോള്‍ ഒരു ചീത്ത വാക്കായിരിക്കുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതികളും കൂട്ടാളികളും തങ്ങള്‍ക്കെതിരായ മാധ്യമവിചാരണ തടയണമെന്ന ആവശ്യവുമായി കോടതികളിലെത്തിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍, ഇത്തരം വിഷയങ്ങളെ സംബന്ധിച്ച മാധ്യമവിചാരണകള്‍ കൂടുതലായി ഉണ്ടാവേണ്ടതുണ്ട്. ഏത് ഭീഷണികളെയും നിയമപരമായി വെല്ലുവിളിച്ച്സാമൂഹികനീതിക്കായുള്ള മാധ്യമവിചാരണകള്‍, കേരളത്തിലെ മാധ്യമങ്ങൾ തുടരുമെന്നുതന്നെയാണ് മലയാളികള്‍ പ്രതീക്ഷിക്കുന്നത്.
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
എസ്. ബിനുരാജ്
Jan 12, 2023
4 Minutes Read
രശ്മി സതീഷ്
Jan 11, 2023
3 Minutes Read