ചുരുളിയിലെ തെറി: കാക്കിക്കുള്ളിലാണ്​ കലാഹൃദയം

‘ചുരുളി’ എന്ന സിനിമയിലെ തെറികൾ ഒരു കലാവിഷ്‌കാരമെന്ന നിലയിൽ സിനിമയുടെ പൂർണതയ്ക്ക് തീർത്തും ആവശ്യമാണെന്ന്​ വിലയിരുത്തിയ പൊലീസ്​ ഓഫീസർ പത്മകുമാറിന്റെ സഹൃദയത്വം കേരളാ പൊലീസിലെ പ്രബലരായ ക്രിമിനലുകളിലും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയനേതൃത്വത്തിലും മാനസാന്തരമുണ്ടാക്കുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അത് ഒരു തുറന്ന ജനാധിപത്യത്തിലുള്ള പൗരന്റെ പ്രതീക്ഷയെയും വിശ്വാസത്തെയും ഉറപ്പിക്കുന്നതാണ്. എന്നാൽ, സമൂഹം അംഗീകരിച്ച, വിശ്വാസ്യതയുള്ള ഒരു കലാകാരന്റെ സിനിമ, അത് നല്ലതോ ചീത്തയോ ആവട്ടെ, പ്രദർശനയോഗ്യമാണോ എന്ന് പൊലീസ് തീരുമാനിക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്നതിനേക്കാൾ ഭേദം നാടുകടത്തപ്പെടുന്നതാണ്.

കാവിയണിഞ്ഞ സെൻസർ ബോർഡിനേക്കാൾ സിനിമ മനസിലാവുക കാക്കിയണിഞ്ഞ പൊലീസിനാണോ? ആ സംശയമാണ് ഈ സാന്ദർഭികക്കുറിപ്പിന്റെ പ്രചോദനം.

സംസ്‌കാരത്തിന്റെയും സദാചാരത്തിന്റെയുമെല്ലാം കാവൽമാലാഖമാരായി വാർത്തകളിൽ ഇടംപിടിക്കുവാൻ തക്കം പാർത്തിരിക്കുന്ന സദാചാര ഗുണ്ടകൾക്ക് അടുത്തിടെ വീണുകിട്ടിയ ഒരു ആയുധമായിരുന്നു ചുരുളി എന്ന സിനിമ. ഇന്ത്യയിലെ സെൻസർ ബോർഡിന്റെ അധികാര പരിധിയിലല്ലാത്ത ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ട ആ സിനിമയിലെ തിരഞ്ഞെടുത്ത ചില രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. നാട്ടിൻപുറത്തെ സാധാരണക്കാരും, സാധാരണക്കാരായ പാവങ്ങളോട് സംസ്ഥാനത്തെ ക്രിമിനലുകളായ ഒരു വിഭാഗം പൊലീസുകാരും നിരന്തരം പ്രയോഗിക്കാറുള്ള തെറിവാക്കുകളാണ് ആ രംഗങ്ങളിൽ കഥാപാത്രങ്ങൾ പരസ്പരം വിളിച്ചിരുന്നത്. വളരെ ക്രൂഡായ ഒരു സാധാരണ സിനിമയാവുമെന്ന് സിനിമാപരിചയമുള്ള ആരെയും ബോദ്ധ്യപ്പെടുത്തുവാൻ സെക്കന്റുകൾ മാത്രമുള്ള ആ രംഗങ്ങൾ ധാരാളവുമാണ്. ഒരു പുരുഷായുസ്സിൽ കണ്ടുതീർക്കാനാവാത്തത്ര ക്ലാസിക് സിനിമകൾ മുന്നിലുള്ളപ്പോൾ നല്ലൊരു സിനിമാസ്വാദകന് ഇത്തരം സിനിമകൾ കാണേണ്ട കാര്യവുമില്ലല്ലോ.

‘ചുരുളി’യിൽ ചെമ്പൻ വിനോദ്​, വിനയ്​ ​ഫോർട്ട്​

എന്നാൽ, ഒ.ടി.ടിയിൽ വന്ന ആ സിനിമയിലെ തെറിവിളികൾ സമൂഹത്തെ വഴിതെറ്റിക്കുന്ന അശ്ലീലമാണെന്നാരോപിച്ച്​ സദാചാര ബോധത്താൽ വിജ്രംഭിതയായ ഒരു തൃശൂരുകാരി ഹൈക്കോടതിയിലെത്തിയതോടെയാണ്, ചുരുളി തരക്കേടില്ലാത്ത ഒരു സിനിമയാവാനിടയുണ്ടെന്ന തോന്നലുണ്ടായത്. സദാചാരപ്പൊലീസ് ചമയുന്ന മനോരോഗികളെ പുറത്തുകൊണ്ടുവരാൻ ആ സിനിമയിലെ തെറിവിളിക്ക് കഴിഞ്ഞുവല്ലോ.

ഓരോ സാംസ്‌കാരികോൽപ്പന്നത്തിനും, അത് കലയായാലും കച്ചവടമായാലും ഓരോ കാലത്തും ഓരോരോ ദൗത്യങ്ങളുണ്ടെന്ന് അറിയാത്തവരുണ്ടാവില്ല. ഭേദപ്പെട്ടതും നല്ലതുമായ ഏതാനും സിനിമകളെടുത്ത ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകനും ഈയർത്ഥത്തിൽ തന്റെ സാമൂഹികമായ ഉത്തരവാദിത്വം ചുരുളിയിലൂടെ നിർവ്വഹിച്ചിരിക്കുന്നുവെന്ന് പറയുവാൻ മടിക്കേണ്ടതില്ല. ഇനിയും ആ സിനിമ കണ്ടിട്ടില്ലാത്ത എനിക്ക് അത്രയും സാമാന്യ വിജ്ഞാനം നൽകിയതാവട്ടെ, മാന്യന്മാർ സംശയത്തോടെ മാത്രം (തെല്ല് പേടിയോടെയും!) കാണേണ്ട കേരളാ പൊലീസാണെന്നതാണ് കൗതുകകരമായ സംഗതി.

ചുരുളി നിരോധിക്കണമെന്നാവശ്യപ്പെട്ട്​ സ്വയംപ്രഖ്യാപിത സദാചാരസംരക്ഷകർ രംഗത്തുവന്നതോടെ ഹൈക്കോടതി കണ്ടെത്തിയ ഉപായം, സിനിമയിലെ അശ്ലീലം ശ്ലീലമാണോ എന്ന് പരിശോാധിക്കുവാൻ ഐ.പി. എസ് ആപ്പീസറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെ നിയോഗിക്കുകയെന്നതായിരുന്നു. സഹൃദയനായ പത്മകുമാർ എന്ന ഐ.പി.എസുകാരനായിരുന്നു അതിന്റെ നേതൃത്വം. സിനിമയുടെ പ്രമേയത്തിനും അതത് സന്ദർഭങ്ങളുടെ സ്വാഭാവികതയ്ക്കും അനുസൃതമായി ഉപയോഗിച്ചിരിക്കുന്ന ആ തെറികൾ ഒരു കലാവിഷ്‌കാരമെന്ന നിലയിൽ സിനിമയുടെ പൂർണതയ്ക്ക് തീർത്തും ആവശ്യമാണെന്നാണ് പത്മകുമാർ വിലയിരുത്തിയത്. ഒരു പരിഷ്‌കൃസമൂഹം കലാസൃഷ്ടികളെ കാണേണ്ടത് എങ്ങിനെയായിരിക്കണമെന്നതിന്റെ മികച്ച ദൃഷ്ടാന്തമാണിത്. ഒരുപക്ഷെ, പെരുമാൾ മുരുകനെതിരെയുള്ള കേസിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കുശേഷമുണ്ടായ യുക്തിഭദ്രവും നീതിയുക്തവും പ്രശംസനീയവുമായ ഒരു നിരീക്ഷണമായിരുന്നു പത്മകുമാർ കമ്മിറ്റിയുടേത്.

വിശേഷിച്ചും, പൗരന്റെ ഏതുതരം സർഗ്ഗാത്മകാവിഷ്‌കാരങ്ങളെയും അഭിപ്രായങ്ങളെയും അടിച്ചമർത്തുവാൻ ആസൂത്രിത ശ്രമങ്ങളുണ്ടാവുന്ന ഇക്കാലത്ത് പൊലീസ് ഇത്തരമൊരു നിലപാടെടുക്കുകയെന്നത് നിസ്സാരമല്ല. സിനിമയെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമെല്ലാം വികലധാരണകൾ മാത്രമുള്ള സംഘപരിവാരഭക്തരായ നൂറാംകിട സിനിമാ- സീരിയൽ വേഷങ്ങൾ സെൻസർബോർഡിലെത്തിയതോടെ ബോധമുള്ള സംവിധായകർ സിനിമയെടുക്കുവാൻ പേടിക്കുന്ന ഇക്കാലത്ത് ഒരു സിനിമയെ സിനിമയായിക്കാണാൻ സന്മനസും സഹൃദയത്വവും പ്രകടിപ്പിച്ച കേരള പൊലീസിലെ ഈ ഉദ്യോഗസ്ഥന്മാർ ലിജോ പല്ലിശ്ശേരിയുടെ മാത്രമല്ല, സകല സിനിമാപ്രേമികളുടെയും പ്രശംസയർഹിക്കുന്നുണ്ട്. സംഘപരിവാര സർക്കാരിന്റെ സെൻസർ ബോർഡിനേക്കാൾ സിനിമയെ വിലയിരുത്താൻ പ്രാപ്തി കേരളാ പൊലീസിനാണെന്നുകൂടി തെളിയിക്കപ്പെട്ട ഒരു സംഭവമാണിത്.

സിനിമാ മാദ്ധ്യമത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഒരു പ്രശ്‌നത്തിൽ തീരുമാനമെടുക്കുവാൻ പൊലീസിനെ ചുമതലപ്പെടുത്തിയ കോടതി നടപടിയെ സംശയത്തോടെയും പേടിയോടെയും കണ്ടവരിലൊരാളാണ് ഞാനും. കാരണം, അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സർക്കാരിന്റെ സെൻസർമാർക്കൊപ്പം അച്ചടി മാദ്ധ്യമങ്ങളെയും സിനിമയെയുമെല്ലാം നിയന്ത്രിക്കാനിറങ്ങിയ കേരളാ പൊലീസിന്റെ പരാക്രമങ്ങളെക്കുറിച്ച് അക്കാലത്തുതന്നെ നേരിട്ടറിയാനിടയായ ഒരാളെന്ന നിലയിൽ എനിക്കതിൽ പേടിയും പ്രതിഷേധവും ഉണ്ടായിരുന്നു. പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ സെൻസറിങ്ങിനുശേഷം തിയേറ്ററിലെത്തിയപ്പോഴും കേരള പൊലീസ് തിയേറ്ററുകളിൽ നിരീക്ഷകരായി കാവലുണ്ടായിരുന്നുവെന്നോർക്കുക. മോദിയുടെ ഇന്ത്യയിലെ ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലും സർക്കാർ അനുകൂലികളല്ലാത്തവരെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ, ചുരുളിക്കെതിരെ രംഗത്തെത്തിയ സദാചാര ഗുണ്ടകളെയും ഭയപ്പെടാതെവയ്യ. അവരെ നിരുത്സാഹപ്പെടുത്തിയ പത്മകുമാറിനോട് നന്ദി പറയാതെയും വയ്യ.

പൊലീസുകാർ സ്‌റ്റേഷനിലെത്തുന്നവരോടും വഴിയിൽക്കാണുന്നവരോടും അനവസരത്തിൽ, നിയമവിരുദ്ധമായി ഉപയോഗിക്കുന്ന ഒന്നാംതരം തെറികൾ അവസരോചിതം സ്വാഭാവികമായി ചിത്രീകരിച്ചതുകണ്ടതുകൊണ്ടാവാം പൊലീസ് സിനിമയക്ക് ക്ലീൻ സർട്ടിഫിക്കറ്റ് നൽകിയതെന്ന് സാമൂഹികമായ ഉത്തരവാദിത്വങ്ങളില്ലാത്ത സാമൂഹിക മാദ്ധ്യമങ്ങൾ പതിവുപോലെ തമാശ പറയുന്നുണ്ടെങ്കിലും ഞാൻ ആ തമാശക്കാരോടൊപ്പമല്ല. വൃത്താന്ത മാധ്യമങ്ങളിലും കലയിലും സാഹിത്യത്തിലും നാടകത്തിലും സിനിമയിലും ചിത്രകലയിലുമെല്ലാം ഉത്തരവാദിത്വബോധത്തോടെ പെരുമാറുന്ന പൗരന്മാരെ നിക്ഷിപ്ത താൽപര്യക്കാരുടെ ക്രിമിനൽ സംഘങ്ങളും ഭരണകൂടവും അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ, പൊലീസ് മേധാവിയായ പത്മകുമാറിന്റെ ഈ ഔദ്യോഗിക നിലപാടിന് വലിയ അർത്ഥവും പ്രാധാന്യവമുണ്ടെന്ന് ഞാൻ കരുതുന്നു. പത്മകുമാറിന്റെ സഹൃദയത്വം കേരളാ പൊലീസിലെ പ്രബലരായ ക്രിമിനലുകളിലും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയനേതൃത്വത്തിലും മാനസാന്തരമുണ്ടാക്കുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അത് ഒരു തുറന്ന ജനാധിപത്യത്തിലുള്ള പൗരന്റെ പ്രതീക്ഷയെയും വിശ്വാസത്തെയും ഉറപ്പിക്കുന്നതാണ്. എന്നാൽ, സമൂഹം അംഗീകരിച്ച, വിശ്വാസ്യതയുള്ള ഒരു കലാകാരന്റെ സിനിമ, അത് നല്ലതോ ചീത്തയോ ആവട്ടെ, പ്രദർശനയോഗ്യമാണോ എന്ന് പൊലീസ് തീരുമാനിക്കുന്ന ഒരു രാജ്യത്ത് ജീവിക്കുന്നതിനേക്കാൾ ഭേദം നാടുകടത്തപ്പെടുന്നതാണ്.

അതുകൊണ്ടാണ് ലിജോയുടെ പടം കാണാതെ തന്നെ, അത് നല്ലതോ തിയ്യതോ എന്നറിയാതെതന്നെ അതിനോടൊപ്പം നിൽക്കുവാൻ പലരും സന്നദ്ധരാവുന്നത്. പൊലീസിനുപകരം, ചുരുളിയിലെ അശ്ലീലത്തെക്കുറിച്ച് അഭിപ്രായമാരായാൻ കേരളത്തിലെ മാറിമാറിവരുന്ന സർക്കാരുകളെ പ്രീണിപ്പിക്കുവാൻ മത്സരിക്കുന്ന, എസ്റ്റാബ്ലിഷ്‌മെന്റുകളുടെ ദാസ്യമനോഭാവക്കാരായ എതെങ്കിലും സാംസ്‌കാരിക നായികാനായകന്മാരെയായിരുന്നു നിയോഗിച്ചിരുന്നതെങ്കിൽ ലിജോ ജോസ് എന്ന സംവിധായകൻ പ്രതിക്കൂട്ടിലാവുമായിരുന്നു. അതോർക്കുമ്പോൾ, പത്മകുമാർ ഉൾപ്പടെയുള്ള കാക്കിക്കുള്ളിലെ കലാഹൃദയങ്ങൾ മലയാളിയുടെ മാനംകാത്തുവെന്നേ പറഞ്ഞുകൂടൂ. സിനിമയിലെ അശ്ലീല സംഭാഷണത്തേക്കാൾ വലിയ അശ്ലീമാണ് സദാചാരഗുണ്ടകളുടെ വാദമുഖങ്ങളെന്നുകൂടിയാണ് അവരുടെ നിരീക്ഷണത്തിന്റെ കാതൽ.

ഇത്തരുണത്തിലാണ്, കേരള ചലച്ചിത്ര അക്കാദമിയെ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാക്കുന്നതാവില്ലേ കരണീയമെന്ന തോന്നലുണ്ടാവുന്നത്. കാരണം, നടിയെ ആക്രമിച്ച കേസിനോടനുബന്ധിച്ച് രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് തുറന്നുനോക്കാൻ രണ്ടുകൊല്ലമായിട്ടും സമയംകിട്ടാതിരുന്ന സാംസ്‌കാരിക വകുപ്പ് മരയ്ക്കാർ സിനിമയുടെ റിലീസിനെച്ചൊല്ലി ബേജാറാവുന്നതുകാണുന്ന ഒരു മലയാളിക്ക് വേറെന്താണ് നിർദ്ദേശിക്കാനാവുക?


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments