ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പൂർണമായി മാറുന്നത് അപകടകരം

Truecopy Webzine

തുനിമിഷം ഓഫ് ലൈൻ പഠനത്തിന് സമ്പൂർണ ബദലായി ഓൺലൈൻ പഠനം നിർദേശിക്കപ്പെടുന്നുവോ അപ്പോൾ അതിനെ ദൃഢനിശ്ചയത്തോടെ ചെറുക്കേണ്ടതുണ്ടെന്ന് പ്രശസ്ത സാമൂഹശാസ്ത്രജ്ഞനും ഡൽഹി സ്‌കൂൾ ഒാഫ് ഇക്കണോമിക്‌സിൽ സോഷ്യോളജി പ്രഫസറുമായ പ്രൊഫ. സതീശ് ദേശ്പാണ്ഡെ. ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 27 ൽ യു.ജി.സിയുടെ പുതിയ ബ്ലെൻഡഡ് മോഡ് ഓഫ് ടീച്ചിങ് ആന്റ് ലേണിങ് കരടു നയരേഖയെക്കുറിച്ചുള്ള എ.എം. ഷിനാസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലെൻഡഡ് ലേണിങ് ടീച്ചിങ്ങിൽ പതിയെ പതിയെ വെള്ളം ചേർത്ത് സമ്പൂർണമായി ഓൺലൈനിലേക്ക് മാറിയാൽ അത് പൊതുവിദ്യാഭ്യാസത്തെ തകർക്കുകയും വിദ്യാർഥികളിൽ വലിയൊരു വിഭാഗത്തെ അരുക്കാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു

യു.ജി.സി. മുന്നോട്ടുവെക്കുന്ന 60 ശതമാനം മുഖാമുഖ പഠനം 40 ശതമാനം ഓൺലൈൻ പഠനം എന്ന തോത് പടിപടിയായി ഓൺലൈൻ ലേണിങിന് കൂടുതൽ ശതമാനമായി മാറും എന്നാണ് തനിക്കു തോന്നുന്നത്. ഇന്ററാക്ഷനും ഡിസ്‌കക്ഷനുമൊക്കെ നന്നായി സാധ്യമാവുന്ന എത്രമേൽ മികച്ച ഐ.സി.റ്റി സങ്കേതങ്ങളും ലേണിങ് മാനേജ്‌മെന്റ് സിസ്റ്റങ്ങളും ഉപയോഗിച്ചാലും യൂണിവേഴ്‌സിറ്റി- കോളേജ് ക്യാമ്പസുകളുടെ ചുരുക്കം, സാമൂഹികം എന്ന സുപ്രധാന കാര്യത്തെ ചോർത്തിക്കളയും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹികമായ ഉൾക്കൊള്ളലിലും ആപേക്ഷിക തുല്യതയിലും വഹിച്ചുപോന്ന പങ്ക് വിസ്മരിക്കാൻ പാടില്ലെന്നും സതീശ് ദേശ്പാണ്ഡെ ഓർമ്മിപ്പിക്കുന്നു.

ഓൺലൈൻ പഠനത്തോടുള്ള എതിർപ്പിനെ പലരും എഴുതിത്തള്ളാറുള്ളത് ടെക്‌നോഫോബിക്കും മാറ്റത്തിന് തടസ്സം നിൽക്കുന്നവരും നൈപുണികൾ നവീകരിക്കാൻ സന്നദ്ധരല്ലാത്തവരുമായ അധ്യാപകരെ മുൻനിർത്തിയാണ്. എന്നാൽ ഒതോറിറ്റേറിയൻ മനക്കൂട്ടുള്ള അഡ്മിനിസ്‌ട്രേറ്റർമാർക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന കേന്ദ്രീകൃത നിയന്ത്രണം എന്ന പരമാർഥത്തെ കാണാതെ പോകരുതെന്ന് മഹാമാരിയെ മറയാക്കി വിദ്യാഭ്യാസരംഗത്ത് കോർപ്പറേറ്റുകൾ ആവിഷ്‌കരിച്ച പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.


Comments