ദൃശ്യകലാരംഗത്തെ സ്ത്രീകൾ സർക്കാറിനോട് ആവശ്യപ്പെടുന്നത്‌

സാമൂഹിക ബഹുസ്വരതയുടെയും ഉൾച്ചേർക്കലുകളുടെയും കലാമികവിനുള്ള തുല്യ അവസരത്തിന്റെയും ഫാസിസ്റ്റുവിരുദ്ധ പ്രതിബദ്ധതയുടെയും രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ദൃശ്യകലാകാരികളുടെ കൂട്ടായ്മയായ Collective of Women in Visual Arts of Kerala സർക്കാറിന് സമർപ്പിച്ച മെമൊറാണ്ടം

Think

ദൃശ്യകലാരംഗത്ത് (Visual Art) കേരളത്തിലെ കലാകാരികൾ ആറു പതിറ്റാണ്ടായി അനുഭവിക്കുന്ന പ്രത്യേക പ്രശ്‌നങ്ങളും അവഗണനയും പരിഹരിക്കാനുള്ള ആദ്യപടിയായി ഇവിടെ സമർപ്പിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടു സർക്കാർ മുൻപാകെ കേരളത്തിലെ ദൃശ്യകലാരംഗത്തെ കലാകാരികൾ സമർപ്പിക്കുന്ന നിവേദനം.

സേവനോൻമുഖത കൊണ്ട് നേടിയെടുത്ത ജനസമ്മതിയാൽ അധികാരത്തിൽ വീണ്ടും വന്ന പുതിയ കേരള സർക്കാരിനെ, കേരളചരിത്രത്തിലാദ്യമായി രൂപംകൊണ്ടുവരുന്ന ഫാസിസ്റ്റുവിരുദ്ധ പ്രതിബദ്ധതയുള്ള ദൃശ്യകലാകാരീകൂട്ടായ്മ (A Collective of Women in Visual Arts) അഭിവാദ്യം ചെയ്യുന്നു. മാതൃകാപരമായ ഒരു നല്ല ഭരണത്തിനായി ഞങ്ങളുടെ പിന്തുണയറിയിക്കുന്നു. കേരളത്തിൽ പതിനാലു ജില്ലകളിൽ നിന്നായി ഞങ്ങൾ കലാകാരികൾ ഇവിടെ ഉയർത്തുന്നത് സാമൂഹിക ബഹുസ്വരതയുടെയും, ഉൾച്ചേർക്കലുകളുടെയും കലാമികവിനുള്ള തുല്യ അവസരത്തിന്റെയും രാഷ്ട്രീയമാണ്. ഇത്തരത്തിൽ ഒരു നിവേദനം സമർപ്പിക്കുവാൻ കേരളത്തിലെ കലാകാരികൾക്ക് പ്രേരണയായി മാറിയിട്ടുള്ളത് ഈ ഗവൺമെന്റിലുള്ള വിശ്വാസമാണ്. "സ്ത്രീകളുടെ പദവി ഉയർത്തും' എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഞങ്ങൾ വിശ്വാസത്തിലെടുക്കുന്നു.

കലാകാരർ (കല ചെയ്യുന്ന ഏതൊരു മനുഷ്യനും ലിംഗഭേദമന്യേ ഈ വിശേഷണത്തിലുൾപ്പെടും) ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരാണ്. ഒരു പൗരസമൂഹത്തിൽ കലാകാരർ അതീവ സൂക്ഷ്മതയോടെ സമൂഹ മനസ്സിലെ എല്ലാം തരത്തിലുള്ള സ്പന്ദനങ്ങളേയും ചലനങ്ങളേയും ഒരു ഭൂചലനമാപിനിയെ പോലെ രേഖപ്പെടുത്തി പ്രകാശിപ്പിക്കുന്നു. ശ്രമകരമായ ഈ ഉദ്യമത്തിലൂടെ മനുഷ്യസമൂഹത്തിന്റെ ഭാഷയും എല്ലാ നിലയിലുള്ള ആവിഷ്‌ക്കാര ശേഷികളും യാന്ത്രികതയിൽ നിന്നും ജീർണ്ണതയിൽനിന്നും സംരക്ഷിക്കപ്പെടുന്നു.

ഓരോരുത്തരും അവരവരുടെ കലാപ്രയോഗത്തിലൂടെ സാമൂഹിക വ്യത്യസ്തതകളും, വിയോജനങ്ങളും ബഹുസ്വരതയും, സമർത്ഥിക്കുകയും ആഘോഷപൂർവം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. മുഖ്യധാരയിൽ നിന്ന് ഭാഗികമായോ പൂർണമായോ പാർശ്വവത്കരിക്കപ്പെടുകയോ, അദൃശ്യവത്കരിക്കപ്പെടുകയോ നിശ്ശബ്ദമാക്കപ്പെടുകയോ ചെയ്യപ്പെട്ട സ്ത്രീകളും, ലിംഗ ലൈംഗിക ന്യൂനപക്ഷ ജനവിഭാഗങ്ങളും, ഭിന്ന ശേഷിക്കാരായ മനുഷ്യരും കലയിലൂടെ ലോകത്തിനെ കുറിച്ചുള്ള അവരവരുടെ അവലോകനങ്ങളും അഭിപ്രായങ്ങളും ആശങ്കകളും ശക്തവും സ്വതന്ത്രവുമായി കൂട്ടത്തോടെ പ്രകടമാക്കാൻ തുടങ്ങുന്നതെന്നാണോ അന്ന് മാത്രമേ നമ്മുടെ ജനാധിപത്യം ഊഷ്മളവും തികച്ചും ആരോഗ്യമുള്ളതുമാണെന്ന് നമുക്ക് ഉറപ്പിക്കാനാകൂ. ഈ വിധത്തിൽ, ആരോഗ്യകരമായ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിൽ കലയുടെ പങ്ക് തിരിച്ചറിഞ്ഞാൽ മാത്രമേ കലാകാരരോട് ഉള്ള സമീപനം ഏതൊരു "അവശ' വിഭാഗത്തിനോടും ഉള്ളത് പോലെ എന്ന അവസ്ഥയിൽനിന്ന് മാറുകയുള്ളൂ. ഈ തിരിച്ചറിവിന്റെ പുറത്താണ് കലാകാരികൾ കൂട്ടുചേരുന്നത്.

ദൃശ്യകലാകാരികൾ നിത്യേന അവരുടെ ചുറ്റുപാടിനെ രേഖപ്പെടുത്തുന്നു. ചിലരുടെ സാമൂഹിക പ്രതിബദ്ധത അത്തരത്തിലുള്ള രേഖപ്പെടുത്തലുകളും കവിഞ്ഞുപോകാം. അവർ പ്രശസ്തരോ അപ്രശസ്തരോ ആകാം. കലയിൽ ജീവിച്ച് അവർ മൃഗസ്‌നേഹികളും മനുഷ്യ സ്‌നേഹികളും പ്രകൃതി സ്‌നേഹികളുമൊക്കെ ആകുന്നു. പക്ഷേ ഒരു നല്ല സമൂഹം നിർമ്മിക്കാൻ കല സഹായകരമായിരുന്നിട്ടും, കലാകാരർ കൂട്ടത്തോടെ പൊതുവേ അനുഭവിക്കുന്ന പ്രതിബന്ധങ്ങൾ കൂടാതെ കലാകാരി പലപ്പോഴും തന്റെ ലിംഗനില കൊണ്ടുള്ള സവിശേഷപ്രതിബന്ധങ്ങൾ അധികമായും അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ പുതിയ കാലത്ത് പോലും കേരളത്തിലെ ഫൈൻ ആർട്‌സ് കോളേജുകളിലെ പഠന സമയത്തു നടത്തുന്ന മികച്ച അക്കാദമിക് പ്രകടനത്തിനു ശേഷം ഒട്ടേറെ കലാകാരികളെ കാണാതാകുന്ന സാഹചര്യമുണ്ട്.

ഇന്ന് ആലപ്പുഴയിൽ നടന്നുവരുന്ന കേരളഗവൺമെന്റ് പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിയായ "ലോകമേ തറവാട്' എന്ന പ്രദർശനം, നമ്മുടെ നാട്ടിലെ കലാമികവിലേക്ക് ദേശീയ, അന്തർദേശീയ തലത്തിലുള്ള ഉന്നത ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

267 മലയാളി കലാകാരർ പങ്കെടുത്ത ആ പ്രദർശനത്തിൽ കലാകാരികളുടെ എണ്ണം ആനുപാതികമായി നോക്കിയാൽ മൂന്നിലൊന്ന് പോലുമില്ല. പക്ഷെ നാം അറിയേണ്ടത്, മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് മുൻപേ നല്ല ഭരണനിർവ്വഹണത്തോടെ അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാംസ്‌ക്കാരികവകുപ്പിന് കേരളത്തിൽ സാധിച്ചിരുന്നെങ്കിൽ ഏത് അന്താരാഷ്ട്ര വേദിയിലും ഉന്നത നിലവാരം പുലർത്തുന്ന ഇതിലുമെത്രയോ അധികം ദൃശ്യകലാകാരികളുടെ മികച്ച സൃഷ്ടികൾ കാഴ്ച വെക്കാൻ നമുക്ക് സാധിച്ചേനെ.

ഈ സമൂഹത്തിലെ കനത്ത സ്ത്രീവിവേചനത്തെ അതിജീവിക്കുന്ന കലാകാരികളുടെ സംഖ്യ 150നു താഴെ മാത്രമേ ഉള്ളൂ. അതിൽതന്നെ കലയെ ഒരു മുഴുവൻ സമയ പ്രവൃത്തിയായിക്കണ്ട് സ്റ്റുഡിയോ പ്രാക്ടീസ് ചെയ്യുന്നവർ 40 ൽ താഴെ വരും. ഇതിൽ തന്നെ സ്വന്തം കല വിപണനം ചെയ്ത് സ്വയം പര്യാപ്തരായി ജീവിക്കാൻ സാധികുന്നവർ 20നു താഴെയേ വരൂ. ഇതിന് ഞങ്ങൾക്ക് വ്യക്തമായി കാണാവുന്ന ചില കാരണങ്ങളുണ്ട്.

ഏറ്റവും മുഖ്യമായിട്ടുള്ളത് പൊതുജീവിതത്തിൽ സ്ത്രീയുടെ വ്യക്തിവികാസത്തിന് അനുകൂലമായ പങ്കാളിത്തമില്ല. അതിനാൽത്തന്നെ കലയുമായി ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലും തീരുമാനമെടുക്കാനും നടപ്പാക്കാനുമുള്ള അധികാരവുമില്ല. കലാ മേഖല പൊതുവേ പിന്തുടരുന്നത് പാരമ്പര്യമായ രീതിയിലുള്ള അധികാര ഘടന (പുരുഷാധികാര കേന്ദ്രീകൃതം) തന്നെയാണ്. സർഗ്ഗാത്മകമായ അന്വേഷണങ്ങളുള്ള സ്വതന്ത്ര ബുദ്ധിയായ സ്ത്രീക്കുമേൽ സമൂഹം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്ന, സദാചാര പ്രശ്‌നങ്ങളാൽ നിരന്തരം വേട്ടയാടുന്ന ജീവിതവും പുരുഷകേന്ദ്രീകൃത മൂല്യങ്ങളാൽ ശ്വാസം മുട്ടിക്കുന്ന ഗാർഹിക ജീവിതവും കർമരംഗത്ത് നിരന്തരം പാർശ്വവൽക്കരണ- അദൃശ്യവത്കരണ-നിശ്ശബ്ദവൽക്കരണതന്ത്രങ്ങളുടെ പ്രയോഗങ്ങൾ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇന്ന് നിലകൊള്ളുന്ന മൂല്യവ്യവസ്ഥയിൽ തികച്ചും സങ്കുചിതമായൊരു
"കുടുംബിനി' നിർവചനത്തിൽ മാത്രമായി ഒതുങ്ങാതെ ഏതു തുറയിലും പ്രവർത്തിക്കുന്ന സ്ത്രീകൾ, കൃത്യമായ സാമൂഹിക പിന്തുണയില്ലാത്തതിന്റെ പേരിൽ സ്വയം ഒതുങ്ങുകയോ ഒതുക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ട്.

ഒരുപക്ഷേ ഈ നാട്ടിലുള്ള പ്രതിഭാശാലികളായ ദൃശ്യകലാകാരികളുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാൻ സാധിക്കുക കേരള സർക്കാരിന്റെ സാംസ്‌ക്കാരികവകുപ്പിന് കീഴിലുള്ള കേരള ലളിതകലാ അക്കാദമിക്കായിരിക്കും. കേരളത്തിലെ കലാപ്രവർത്തനങ്ങൾക്കുള്ള ഒരു മുൻ നിര സ്ഥാപനമായി അറുപതു വർഷത്തോളമായി വിഭാവനം ചെയ്യപ്പെട്ടതാണ് ആ സ്ഥാപനം. പക്ഷെ കേരളത്തിലെ കലാകാരികളുടെ ചരിത്രപരമായ അദൃശ്യതയിൽ ഈ സ്ഥാപനത്തിനു വലിയ പങ്കുണ്ടെന്നതാണ് ഏറ്റവും വലിയ പ്രശ്‌നവും. അക്കാദമി കാലങ്ങളായി തുടർന്ന പുരുഷാധിപത്യപരമായ ബ്യൂറോക്രാറ്റിക് സമീപനങ്ങൾ ഞങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും വേണ്ട വിധം ചെവിക്കൊണ്ട് സ്വയം തിരുത്തി പുതുക്കിയെ തീരൂ.

ഈയവസരത്തിൽ കല എന്ന രാഷ്ട്രീയപ്രവർത്തനത്തിൽ ഞങ്ങൾക്ക് പ്രതീക്ഷ നല്കുന്ന ഒരു സംഗതി, കഴിഞ്ഞൊരു ദശകത്തിൽ കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റുകൾ പുലർത്തുന്ന സ്ത്രീസൗഹൃദ നയങ്ങളും, കലാരംഗത്തിന് കൊടുക്കാൻ ശ്രമിക്കുന്ന സവിശേഷ പിന്തുണയുമാണ്.

ആയതിനാൽ സർക്കാരിന്റെ സജീവപരിഗണനയ്ക്കും നടപടികൾക്കുമായി കേരളത്തിലെ ദൃശ്യകലാകാരികളുടെ കൂട്ടായ്മ താഴെക്കൊടുത്ത ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നു:

1. കേരള ലളിതകലാ അക്കാദമിയുടെ താക്കോൽ പദവികളിൽ മികവും കാര്യശേഷിയുമുള്ള കലാകാരികളെ തെരഞ്ഞെടുക്കണം. 1962 ൽ സ്ഥാപിതമായ കേരള ലളിതകലാ അക്കാദമിയിൽ ഇന്ന് വരെയും ഒരു കലാകാരി പോലും അധികാരസ്ഥാനങ്ങളിൽ ഇരുന്നിട്ടില്ല എന്നത് അപലപനീയമാണ്. ജനറൽ കൗൺസിലിലോ, വൈസ് ചെയർമാൻ പോലുള്ള അലങ്കാര പദവിയോ പോര. ഭരണ സമിതിയിലുള്ള തുല്യ പങ്കാളിത്തം പോലും പോര, ഭരണസമിതി തീരുമാനങ്ങൾ നടപ്പാക്കാൻ അധികാരമുള്ള ഓഫീസ് നടത്തിപ്പ് ചുമതലയും ഒരു കലാകാരിയിൽ നിക്ഷിപ്തമാകണം എന്നത് തന്നെയാണ് മാറ്റം എന്ന നിലയിൽ ആവശ്യപ്പെടുന്നത്.

2. സ്റ്റേറ്റിന്റെ പ്രശംസനീയമായ സ്ത്രീ ശാക്തീകരണ പദ്ധതികൾക്ക് മേലുള്ള ഒരു കളങ്കമായി കലാകാരികളുടെ അവസ്ഥ നിലനിൽക്കരുത്. മികവുറ്റ സൃഷ്ടികൾ രചിക്കാൻ കലാകാരികൾക്ക് ആരോഗ്യകരമായ Life-Work Balance ഉറപ്പ് വരുത്തണം. കുടുംബമോ, ജോലി ചെയ്യുന്ന സ്ഥാപനമോ, സഹപ്രവർത്തകരോ ഏതെങ്കിലും കലാകാരിയുടെ അടിസ്ഥാന പാർപ്പിട സൗകര്യങ്ങളും ജീവിത സുരക്ഷയും ഭദ്രതയും ഏതെങ്കിലും വിധത്തിൽ തടഞ്ഞാൽ പ്രതിരോധിക്കാൻ കഴിയുംവിധം നിയമനിർമ്മാണം വേണം. മാത്രമല്ല അവശ്യഘട്ടങ്ങളിൽ കലാകാരികൾക്കു സൗജന്യമായ നിയമോപദേശസഹായവും ലഭൃമാക്കണം.

3. സമൂഹ ഘടനയിൽ നിന്നു കലാകാരികളുടെ കൊഴിഞ്ഞുപോക്ക് തടയണം. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെയും, മതപരവും കുടുംബപരവുമായ സമ്മർദ്ധങ്ങൾക്കടിപ്പെടുന്നവരുടെയും കൊഴിഞ്ഞുപോക്ക് തടയാൻ ആവശ്യമായ നിയമനിർമ്മാണവും, ഭരണകൂട പിന്തുണയുടെ രൂപങ്ങളും നിർമ്മിക്കുക.

കലാകാരികൾക്ക് വേണ്ടി ഒരു നയം പ്രത്യേകമായിത്തന്നെ രൂപീകരിക്കേണ്ടതുണ്ട്. പൊതുവായ സ്ത്രീപ്രശ്‌നങ്ങൾ നേരിടാൻ വേണ്ടതായ ഒരു സാംസ്‌ക്കാരിക മൂലധനമായി സ്വയം തിരിച്ചറിയുംവിധം കലാകാരി എന്ന തന്റെ ധൈഷണിക വ്യക്തിത്വത്തെ ഉപയോഗിക്കാൻ സ്ത്രീകൾക്ക് കഴിയണം.

ലളിതകലാ അക്കാദമി നിലവിൽ കലാകാരർക്ക് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ കവറേജിൽ സ്ത്രീശരീരസംബന്ധമായ പ്രത്യേക ആവശ്യങ്ങൾ (pregnancy/childbirth/contraception/MTP) രോഗങ്ങൾ (Ailments of female reproductive system like fibroids etc) അവഗണിക്കപ്പെട്ടത് നിലവിലുള്ള പൊതുബോധത്തിലെ ഒരു "ബ്ലൈന്റ് സ്‌പോട്ട്' തന്നെയാണ്. ഈ പദ്ധതി സ്ത്രീകൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ പുനർനിർമ്മിക്കണമെന്ന് കലാകാരികൾ ആവശ്യപ്പെടുന്നു.

കലാകാരർക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്ക് ചുരുങ്ങിയ നിരക്കിലുള്ള ഭവനവായ്പ്പകൾ ലഭ്യമാക്കണം. അത് ഭൂമി ഇല്ലാത്തവർക്ക് വാങ്ങുന്നതിനും, കലാകാരികൾക്കായി സ്റ്റുഡിയോ സ്‌പെയ്‌സും, ആർട്ട് സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള വീടുകളും, വീടുള്ളവർക്ക് അതിൽ മരാമത്ത് പണികൾക്കും, സ്റ്റുഡിയോ & ആർട്ട് സ്റ്റോറേജ് കൂട്ടിച്ചേർക്കാനോ കഴിയുന്ന തരത്തിൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തണം.

നിലവിൽ സർക്കാർ നൽകി വരുന്ന അഭിനന്ദനീയമായ "പെൺകുട്ടികൾക്കുള്ള പഠന മുറി' പദ്ധതി പോലെ മാതൃകപരമായിരിക്കും ഇതും. "തന്റെ ഇടം' എന്ന ശാക്തീകരണം ഇതിനാൽ ഉറപ്പാക്കും. പലപ്പോഴും രാത്രിവരെ നീളുന്ന കലാസാംസ്‌ക്കാരിക പരിപാടികൾക്ക് പോകാനും മറ്റും സ്വതന്ത്രമായി തീരുമാനമെടുത്താലും പലപ്പോഴും സ്വന്തമായി ഒരു വാഹനമില്ലാത്തത് കലാകാരികൾക്ക് വീട്ടിലെ മറ്റംഗങ്ങളെയോ, സ്വകാര്യ ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥ വരുത്തുന്നുണ്ട്. മാത്രമല്ല നാനാതുറകളിൽ പലതരം ജോലികളിലേർപ്പെട്ട് (Multi Tasking) Life - Work Balance നിലനിർത്തിയാൽ മാത്രമേ നിലവിൽ കലചെയ്യാനുള്ള സമയം കലാകാരികൾക്ക് കണ്ടെത്താൻ സാധിക്കുന്നുള്ളൂ എന്നിരിക്കെ പോസ്റ്റ് കോവിഡ് കാലത്ത് സംഭവിക്കാൻ സാധ്യതയുള്ള യാത്രാ ക്ലേശങ്ങളും,സുരക്ഷയും പരിഗണിച്ച് സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. അതിനു സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ വാഹന വായ്പ്പയും ലഭ്യമാക്കണം.

7. ലളിതകലാ അക്കാദമി ഒരിക്കൽ തുടങ്ങിവയ്ക്കുകയും പിന്നീട് നിർത്തിവയ്ക്കുകയും ചെയ്തതാണ് ടി.കെ പത്മിനി അവാർഡ്. നിലവിലുള്ള രാജാ രവിവർമ്മ അവാർഡിന് തുല്യമായ പുരസ്‌കാരത്തുകയോടും പ്രസക്തിയോടും കൂടി കേരളത്തിൽ നിന്നുള്ള മികച്ച ദൃശ്യകലാകാരികൾക്കായുള്ള ഒരു പ്രത്യേക അംഗീകാരമായി ടി.കെ പത്മിനി അവാർഡ് പുത്തൻ മാനദണ്ഡങ്ങളോടെ പുനർവ്യാഖ്യാനിച്ചു പുനഃസ്ഥാപിക്കുക. വളർന്നു വരുന്ന കലാകാരികൾക്ക് പത്മിനിയുടെ പേരിൽ സ്‌കോളർഷിപ്പ് ഏർപ്പെടുത്തുക.

ദൃശ്യകലാരംഗത്തു മികവ് തെളിയിച്ച, ജെൻഡർ സെൻസിറ്റീവ് ആയ സ്ത്രീകളാൽ കാര്യനിർവ്വഹണം ചെയ്യപ്പെടുന്ന കലാഗ്രാമങ്ങൾ വേണം. അത് സ്ത്രീ ശാക്തീകരണം എന്ന മഹത്തായ ലക്ഷ്യത്തിനും ഒരു സാംസ്‌കാരിക നവീകരണത്തിനും ഒരു വൻ സംഭാവനയായി തീരും. കലയുടെ പണിസ്ഥലമായ "സ്റ്റുഡിയോ ഇടം' ഇല്ലാത്ത കേരളത്തിലെ ദൃശ്യകലാകാരികൾക്കും / കലാഗവേഷകമാർക്കും അവരുടെ ആവശ്യമനുസരിച്ച് മുഴുവൻ സമയ സൗജന്യ സ്റ്റുഡിയോ സൗകര്യങ്ങൾ ഇതിൽ ലഭ്യമാക്കണം. ഇത് രണ്ടു വിധത്തിലാകാം:

(8. a) റെസിഡൻഷ്യൽ സമുച്ചയം.

ആ റെസിഡെൻഷ്യൽ സമുച്ചയത്തിൽ സൗജന്യമായി പകൽ മാത്രം അഥവാ പകലും രാത്രിയും ഉപയോഗിക്കാവുന്ന സിംഗിൾ റൂം താൽക്കാലിക സ്റ്റുഡിയോ ലഭ്യത വേണം. ചെറിയൊരു വാടകക്ക് ഒരു കലാകാരിക്കും, അവർക്ക് കുട്ടികൾ ഉണ്ടെങ്കിൽ അവർക്കും ഒപ്പം താമസിക്കാനുള്ള സൗകര്യത്തോടെ റെസിഡൻസ് സ്റ്റുഡിയോകൾ. കുറഞ്ഞ നിരക്കിൽ ആഹാരത്തിനുള്ള കാന്റീൻ സൗകര്യവും, യന്ത്രവൽകൃതമായ തുണിയലക്കു സൗകര്യങ്ങൾ, ഒപ്പം തന്നെ കുട്ടികൾക്ക് വേണ്ടതായ ഡേ കെയർ സൗകര്യങ്ങളും, കുട്ടികളുടെ സ്‌കൂൾ സമയം കഴിഞ്ഞുള്ള സംരക്ഷണത്തിനും വ്യവസ്ഥകൾ ഉണ്ടാകണം.

ഒപ്പംതന്നെ, വർക്കുകളും പുസ്തകങ്ങളും അനുബന്ധ സാധനങ്ങളും സൂക്ഷിക്കാനുള്ള ലോക്കർ സംവിധാനം, താല്ക്കാലിക താമസത്തിന് വേണ്ടതായ അതിഥിമുറികളും, ഡോർമിറ്ററികളും ഈ സമുച്ചയത്തിലോ തൊട്ട് അടുത്തുള്ള പരിസരങ്ങളിലോ ആവശ്യമുണ്ട്. ഗാർഹികവും മറ്റ് വിധത്തിലുമുള്ളതായ പ്രതിസന്ധികൾ നിരന്തരം നേരിടുന്ന കലാകാരികൾക്ക് ഇത് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഈ സൗകര്യം വലിയ ആശ്വാസമാകും. അവിടെ ഇപ്പോൾ കേരളത്തിലെ പലതരം വിമൻസ് ഹോസ്റ്റലുകളിൽ നടന്നുവരും പോലെയുള്ള സ്ത്രീകൾക്ക് മാത്രം ബാധകമായ പോക്കുവരവു പെരുമാറ്റച്ചട്ടങ്ങളൊന്നും ഇവിടെ നടപ്പിലാകരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

(8. b) ആർട്ട് നോളജ് ഡിസെമിനേഷൻ & എക്‌സ്‌ചേഞ്ച് സെന്റർ എല്ലാ തലങ്ങളിൽ നിന്നും പ്രഗത്ഭരെ എത്തിച്ചുകൊണ്ടുള്ള പ്രെസെന്റേഷൻസ്,സെമിനാർസ് മീറ്റിംഗ്‌സ്,സ്‌ക്രീനിംഗ്‌സ് , കേരളത്തിനുള്ളിലും വെളിയിലുമുള്ള സന്ദർശക കലാകാരരുമായി സഹകരിച്ച് കലാപദ്ധതികളിൽ ഏർപ്പെടാനുള്ള സൗകര്യം, റഫൻസ് ലൈബ്രറി, ബ്രൗസിംഗ് കേന്ദ്രങ്ങൾ മുതലായവ ആവശ്യമുണ്ട്. പലവിധ വൈജ്ഞാനിക മണ്ഡലങ്ങളിൽ വിദ്യാർത്ഥികൾ ആയിരിക്കുന്നവരെ താമസിപ്പിച്ച് വിജ്ഞാനവിനിമയത്തിനും സന്ദർഭമൊരുക്കാൻ കഴിയേണ്ടതാണ്. ഇവിടെ നിന്നുള്ള രചനകളുടെ വിപണനത്തിനായി സാർത്ഥകവും ചൂഷണരഹിതവുമായ private -public partnership മാതൃകകൾ ചിന്തിക്കാവുന്നതാണ്. ഇതൊരു വിദ്യാഭ്യാസകേന്ദ്രത്തിൽ സാധിക്കേണ്ടതല്ലേ എന്നു തോന്നാം. പക്ഷേ സ്ത്രീകൾക്ക് കൂടിയുള്ളതെന്ന് കരുതുന്ന പൊതു ഇടങ്ങളിൽപ്പോലും ഫലത്തിൽ സജീവമായ ചിന്താപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തടസ്സങ്ങളുള്ള സമൂഹമാണിത്. സ്ത്രീകൾ തീരുമാനങ്ങളെടുക്കുന്ന ഈ ഇടങ്ങൾ പക്ഷേ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലെയും മനുഷ്യർ ഒത്തുചേരുന്ന ഇടമായാണ് വിഭാവനം ചെയ്യുന്നത്. കാരണം ഒഴിവാക്കലിന്റെ കയ്പ്പ് ഞങ്ങൾക്കറിയാം.

ഈ കോവിഡ് പ്രതിസന്ധി കാലത്തും ഇത്രയുമധികം മികവുറ്റ സമകാലിക കലാകാരർ പ്രവർത്തിക്കുന്ന കേരളം പോലെ ഒരിടം ലോകത്തുതന്നെ അപൂർവ്വമാണ്. അവർ ഭരണകൂടത്തിന്റെ സർവ്വതോമുഖമായ പ്രോത്സാഹനം അർഹിക്കുന്നു.

കേരള ലളിത കല അക്കാഡമി കലാകാരർക്കും കലാഗവേഷകർക്കുമായി എല്ലാ വർഷവും മാസം തോറും ഒരു കൊല്ലത്തേക്ക് നൽകുന്ന ഫെല്ലൊഷിപ്പ് സ്ഥാപിക്കണം. ചിത്രകല, ശിൽപ്പകല, ന്യൂ മീഡിയ/പെർഫോമൻസ്, ക്രിയേറ്റീവ് ഫോട്ടോഗ്രാഫി, പ്രിന്റമേക്കിങ് എന്ന വിഷയങ്ങളിലെ കലയിലെ പ്രവർത്തന മികവും, ജീവിതസാഹചര്യങ്ങളുടെ യാഥാർത്ഥ്യവും (മറ്റു ഫുൾ ടൈം/പെർമനന്റ് ജോലികളൊന്നും ഇല്ലാത്തവർ എന്നർത്ഥം) ആയിരിക്കണം ഇതിനുള്ള പ്രധാന പരിഗണന. ഫെല്ലോഷിപ്പുകൾ ലഭിക്കുന്നവർക്ക് സൗജന്യ റെസിഡഷ്യൽ സ്റ്റുഡിയോ കൂടി നൽകാവുന്നതാണ്.

നാല്പ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള കലാകാരർക്ക് സീനിയർ ഫെലോഷിപ്പുകൾ മാസം മാന്യമായ നിശ്ചിത തുക ടാക്‌സ് റിബേറ്റോടെ നല്കണം. കലാരംഗത്തു മികവ് തെളിയിച്ച അർഹരായ എല്ലാ സാമൂഹിക വിഭാഗക്കാരെയും ഇതിന് പരിഗണിക്കണം. ഈ വ്യവസ്ഥയിലേക്കായി പല വിജ്ഞ്ജാനമേഖലകളെ കലയിലേക്ക് കൂട്ടിയിണക്കി പഠിക്കുന്ന, ഗവേഷണരംഗത്തു നൂതന പദ്ധതികളുമായി മുന്നോട്ട് വരുന്ന ആളുകളെയും പരിഗണിക്കണം.

ഇതേ വ്യവസ്ഥയിൽ ഇരുപത്തിനാല് മുതൽ നാല്പ്പത്തിനാല് വയസ്സു വരെയുള്ളവർക്ക് മാസം മാന്യമായ നിശ്ചിത തുക ജൂനിയർ ഫെല്ലോഷിപ്പ് ഏർപ്പെടുത്തണം. ഇതിലും കലാഗവേഷണരംഗത്തു നൂതന പദ്ധതികളുമായി മുന്നോട്ട് വരുന്നവരെയും പരിഗണിക്കേണ്ടതാണ്.

കലാകാരർക്ക് സമൂഹത്തിൽ ദൃശ്യതക്കുറവ് പരിഹരിക്കണം. അതിനുള്ള നടപടികളെന്ന നിലയിൽ, കലാകാരരുടെ ദൃശ്യത വർദ്ധിപ്പിക്കാൻ അവരുടെ ഡിജിറ്റൽ സാന്നിദ്ധ്യം ശക്തിപ്പെടുത്തണം. ഒരു ആർട്ട് ഔട്ട് റീച്ച് ഡിജിറ്റൽ പദ്ധതി ആവിഷ്‌ക്കരിക്കാനും സമയബന്ധിതമായി നടപ്പാക്കാനും നിലവിൽ ഡിജിറ്റൽ വിദഗ്ദ്ധരായ അംഗങ്ങളുള്ള കലാകാരികളുടെ കൂട്ടായ്മയ്ക്ക് സാധിക്കും. അതിലേക്ക് ലിംഗനീതിയോടെ ആവിഷ്‌ക്കരിക്കുന്ന 'സൈബർ-സെക്യൂർ ആയ സുരക്ഷിതപൊതുവിടം' എന്നൊരാശയം കലാകാരികൾ മുന്നോട്ടുവയ്ക്കുന്നു.

(10. a) കേരളത്തിലെ ഓരോ കലാകാരർക്കും വർക്കുകൾ പ്രദർശിപ്പിക്കാൻ നിശ്ചിതമായ ഡിജിറ്റൽ ഇടം പ്രത്യേകമായി ലഭിക്കുംവിധം സൗജന്യമായി ഈ സൈബറിടം (Cyber Art Village) ഒരുക്കുക. കാലാകാലങ്ങളിൽ അതിൽ പുതിയ വിശദാംശങ്ങള് അപ് ലോഡ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഓരോ കലാകാരർക്കും ഉണ്ടാകണം. ഈ സൈബറിടത്തിനു വളരെ സജീവമായി നിൽക്കുന്ന ഒരു സോഷ്യൽ മീഡിയ ചാനൽ വേണം. കലയെ സംബന്ധിച്ച പാനൽ ചർച്ചകൾക്കും, പ്രഭാഷണങ്ങൾക്കും, ഓൺലൈൻ പ്രദർശന ക്യുറേഷനും വേണ്ടിയും ഉപയോഗിക്കാനാകും.

(10. b) അക്കാദമിയുടെ എല്ലാ പരിപാടികളും സംപ്രേഷണം ചെയ്യാവുന്ന ലൈവ് സ്ട്രീമിങ് വേണം.

നിലവിലുള്ള 'കലയുടെ ദർബാർ' പരിപാടിയിലൊക്കെ കാണികളുടെ പ്രാതിനിധ്യം വളരെക്കുറവാണ്. ഇത്തരം പരിപാടികൾ (എഫ് ബി, ലിങ്ക്ഡ് ഇൻ, ഇൻസ്റ്റഗ്രാം, യൂറ്റിയൂബ്) സോഷ്യൽ മീഡിയയിലും അത് പോലുള്ള മറ്റു സ്ട്രീമിങ് പ്ലാറ്റുഫോമുകളിലും ഇട്ടു ആകർഷകമാക്കണം.

കലാകാരികൾ സർക്കാരിന് മുന്നിൽ ഒരു പദ്ധതിയായിത്തന്നെ വയ്ക്കാനാഗ്രഹിക്കുന്നത് മേൽ സൂചിപ്പിച്ച, വളരെ ആത്മാർഥമായി പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന ഒരു ആർട്ട് നോളജ് ഡിസെമിനേഷൻ & എക്‌സ്‌ചേഞ്ച് സെന്റർ വിഭാഗമാണ്. അത് ലളിതകലാ അക്കാദമിയെ കലയുടെ മികച്ച "ഒരു ഓൺലൈൻ റിസോഴ്‌സ് സെന്റർ' ആക്കി മാറ്റും. കലയിൽ താല്പ്പര്യമുള്ള, ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകൾക്ക് ഇത് വലിയൊരു പഠനസ്രോതസ്സായിരിക്കും. അവർക്കായി പലവിധത്തിലുള്ള മാസ്റ്റർ ക്ലാസ്സുകളും, മാർഗ്ഗദർശക (മെന്ററിങ്) ക്ലാസ്സുകളും, ചർച്ചാ ക്ലാസുകളും, ഡെമോൺസ്‌ട്രേഷൻ ക്ലാസുകളും മാത്രമല്ല, കലയിലെ വൈദഗ്ദ്ധ്യ വികാസത്തിനായുള്ള പലവിധ അദ്ധ്യയന രീതിശാസ്ത്രങ്ങൾ സ്വീകരിച്ചുള്ള ക്ലാസുകളും ഓൺലൈനായി ഡിസൈൻ ചെയ്ത് ഈ പ്ലാറ്റ്‌ഫോമിൽ സമാഹരിക്കാവുന്നതാണ്. ഇതിൽ സമൂഹത്തിൽ ആവശ്യം വേണ്ടതായ ജെൻഡർ സെൻസിറ്റിവിറ്റി പ്രോഗ്രാമുകളും കലയുടെ വഴിയിലൂടെ സാദ്ധ്യമാക്കാം. യൂണിവേഴ്‌സിറ്റികൾക്കും കമ്പനികളുടെ മനുഷ്യവിഭവ വിഭാഗങ്ങൾക്കും അവരുടെ വിദ്യാഭ്യാസപരിപാടിക്ക് ഉപയോഗിക്കാവുന്ന ഇലക്റ്റീവ് വിഷയങ്ങളായി ഇതിൽ പലതിനും പ്രവർത്തിക്കുകയും ചെയ്യാം. സർക്കാർ ശരിയായി തുക വകയിരുത്തിയാൽ ഇതിനെല്ലാം സാധിക്കുംവിധം ധൈഷണികമായ തിരിച്ചറിവുകളും ബഹുസ്വരമായ കഴിവുകളുമുള്ള ഇവിടത്തെ കലാകാരരുടെ (artists, writers, critics and researchers)യും പലവിധ വൈജ്ഞ്ജാനികമണ്ഡലങ്ങളിൽ വിദ്യാർത്ഥികൾ ആയിരിക്കുന്നവരുടെയും ഇടയിൽനിന്നും എല്ലാ സാമൂഹികവിഭാഗങ്ങൾക്കും പ്രതിനിധാനം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു കോർ ഗ്രൂപ്പ് ഉണ്ടാക്കി അഡ്-ഹോക്ക് നിയമനങ്ങൾ നടത്താൻ സാധിക്കും. ഒപ്പംതന്നെ ഇത് അക്കാദമിക്ക് ഒരു വരുമാനമാർഗ്ഗമാണെന്ന് മാത്രമല്ല, പോസ്റ്റ് കോവിഡ് കാലത്ത് ഇത് കലാസ്‌നേഹികൾക്കും കലാകാരർക്കും ഒരുപോലെ ജീവിതമാർഗ്ഗവും ഉന്മേഷവും പകരും. കലാകാരീകൂട്ടായ്മ അതിലേക്കു കഴിവുകൾ വിനിയോഗിക്കാൻ ആത്മാർഥമായി തയ്യാറാണ്.

കലാകാരരുടെ ജനസമ്പർക്ക പരിപാടികളുടെ മറ്റൊരു മുഖമാണ് കമ്മ്യൂണിറ്റി സർവ്വീസ് കേന്ദ്രീകരിച്ചുള്ള കലാപ്രവർത്തനങ്ങൾ. കുട്ടികൾക്കിടയിൽ സർഗ്ഗാത്മക സ്വാതന്ത്ര്യബോധം വളർത്തുന്ന പ്രവൃത്തിയായും, വൃദ്ധർക്കും രോഗികൾക്കുമിടയിൽ സാന്ത്വനം നൽകുന്ന പ്രവൃത്തിയായും, ലൈംഗികമായും ജാതീയമായും സാമ്പത്തികനിലയെ പ്രതിയും, സാമൂഹികവിവേചനം അനുഭവിക്കുന്ന മനുഷ്യർക്ക് ആനന്ദവും പരസ്പരബഹുമാനവും ആത്മവിശ്വാസവും പൊതുജീവിതവും നൽകുന്ന പ്രവൃത്തിയായും കലയെ രാഷ്ട്രീയമായി മനസ്സിലാക്കാൻ ഞങ്ങൾ കലാകാരികൾക്ക് കഴിയും. കലാകാരരുടെ പൊതുവായ നിലനിൽപ്പ് കൂടി സാദ്ധ്യമാക്കുംവിധം ഒരു തൊഴിലവസരമായിക്കൂടി അതിനെ മാറ്റാൻ സർക്കാരിനോട് അപേക്ഷിക്കുന്നു. എങ്കിലേ സജീവമായി മുന്നിട്ടിറങ്ങാൻ ഞങ്ങൾക്ക് കഴിയൂ. ചുവരുണ്ടെങ്കിലല്ലേ ചിത്രമെഴുത്ത് നടക്കൂ.

കേരളത്തിലെ കാലാവസ്ഥ വളരെ ഈർപ്പം തങ്ങിനിൽക്കുന്ന ഒന്നാണല്ലോ.അതുകൊണ്ടുതന്നെ പല കലാകാരരും ചെയ്യുന്ന വർക്കുകൾ യഥോചിതം ശാസ്ത്രീയമായി സംരക്ഷണം ചെയ്തു വയ്ക്കാൻ ഭൂരിഭാഗം പേർക്കും കഴിയുന്നില്ല. ലളിതകലാ അക്കാദമി നിലവിൽ ഇത്തരം കാര്യങ്ങളോട് ശ്രദ്ധ പുലർത്തേണ്ട കാലം അതിക്രമിച്ചു. ചെറിയ ഫീസ് ഈടാക്കി പ്രദാനം ചെയ്യുന്ന, ശാസ്ത്രീയമായി സംവിധാനം ചെയ്ത, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റോറേജ് ലോക്കർ സൗകര്യം കേരളത്തിലെ കലാകാരർ അർഹിക്കുന്നുണ്ട്.

സാംസ്‌ക്കാരികമായ പലതരം സർഗ്ഗാത്മക അദ്ധ്വാനങ്ങൾ ചെയ്യുന്ന വളരെ അസംഘടിതരായ വിഭാഗമാണ് ദൃശ്യകലാകാരികൾ. ഞങ്ങളെ പ്രതിനിധാനം ചെയ്യാൻ കഴിയുന്ന മുഖ്യ ഭരണകൂട സ്ഥാപനം കേരള ലളിത കലാ അക്കാദമിയാണ്. സൈബർ ബുള്ളിയിങ് അടക്കം കലാകാരികൾ നേരിടുന്ന സാമൂഹിക-ലൈംഗികാതിക്രമ-വിവേചന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ലളിത കലാ അക്കാദമിയെ ചുമതലപ്പെടുത്തിയ ഒരു ജെൻഡർ ഹരാസ്‌മെന്റ് സെൽ സ്ഥാപിക്കണം.

സമൂഹത്തിൽ ഏറെ വിവേചനം അനുഭവിക്കുന്ന ഇന്നത്തെ കലാകാരികളുടെ അവസ്ഥയിൽ മാറ്റം വരുത്താൻ അവരുടെ ഉന്നമനത്തിനായി സംഘടിക്കണമെന്നും പോരാടണമെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾക്കിടയിലുണ്ടായ കൂട്ടായ്മ ഒരു സാമൂഹികപ്രസ്ഥാനമായി വികസിപ്പിക്കാൻ ഈ സർക്കാരിന്റെ പിന്തുണ വേണം. കാണാതായ കലാകാരികളെ കണ്ടെത്തണം. അവരെ കലയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം, കലാപരിശീലനത്തിനുള്ള സൗകര്യങ്ങളൊരുക്കണം. കലയിലെ അവരുടെ നൈരന്തര്യത്തെ ലോകത്തിനുമുന്നിൽ ബോധ്യപ്പെടുത്തണം.

സമൂഹത്തിൽ അനീതി അനുഭവിക്കുന്നവരുടെ കലാസമൂഹം നിർമ്മിക്കുന്നതിന് ഏതുവിധത്തിലുള്ള ഒരു സംഘാടന പാടവമാണോ ആവശ്യമായിരിക്കുന്നത് അത് തന്നെയാണ് എല്ലാ കലാകാരർക്കും പൊതുവായി വേണ്ട ആവശ്യമായിരിക്കുന്നതും.

അതിന്റെ ആദ്യപടിയായി കേരള ലളിതകലാഅക്കാദമിയുടെ ചരിത്രത്തെ തിരുത്തി, അക്കാദമി ചെയർപേഴ്‌സൺ എന്ന പദവി, സെക്രട്ടറി, എക്‌സിക്യുട്ടീവ്കമ്മറ്റി അംഗങ്ങൾ തുടങ്ങിയ നിലകളിൽ ആനുപാതികമായി കലാകാരികൾക്ക് അവസരതുല്യതയോ, മുൻഗണന തന്നെയോ നൽകേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാൽ, കലാകാരികൾക്ക് കിട്ടുന്ന പദവിയും തുല്യതയും സമൂഹത്തിലെ സർഗ്ഗശേഷിയുള്ള പെൺ തലമുറയ്ക്ക് ആത്മവിശ്വാസത്തിന്റെ ഒരു സന്ദേശം നൽകുമെന്ന് മാത്രമല്ല, പൊതുവായ കേരള കലാലോകത്തിന്റെ തന്നെ ജീവിതസാഹചര്യങ്ങൾ മികച്ച കലാസൃഷ്ടിക്ക് അനുകൂലമാകുകയും ചെയ്യുമെന്നു ഞങ്ങൾക്കുറപ്പാണ്.

ഈ മെമ്മോറാണ്ടത്തിൻമേൽ പൊതുവിൽ കലാ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടതും കലാകാരികൾക്ക് അനുകൂലമായതുമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Comments