ഒരു സ്വപ്നത്തിലെപ്പഴെങ്കിലും... - രഗില സജിയുടെ കവിത

വീടിന് പിന്നിൽ
ആൾസഞ്ചാരം കുറഞ്ഞ
ഒരിടമുണ്ട്.

കാട് കെട്ടി
വളളി പടർന്ന്
ഒരു സർപ്പക്കാവിന്റെ ആമ്പിയൻസുള്ളത്.

അവിടെ ഒരു പുസ്തകപ്പുര പണിയണം.
അങ്ങനെയുള്ളൊരു സ്വപ്നത്തിൽ
മദിച്ച് കിടക്കുമ്പോഴാണ്
ഓളിയിട്ടമാതിരി എന്തോ കേട്ടത്.

പുസ്തകപ്പുരയക്കു ഞാൻ കരുതിയ
കാട് കെട്ടിയ, ആൾപ്പെരുമാറ്റം കുറഞ്ഞ
അതേയിടത്തെ
ഉയരം കൂടിയ മൂച്ചിയിൽ
കഴുത്തിലൊരൂരാക്കുടുക്കിട്ടാടുന്നു
കണ്ട് പരിചയമില്ലാത്തൊരു ശരീരം.

വീട്ടുകാർക്കാർക്കാർക്കും
അയാളെ അറിയില്ല.

ഇത്ര ചോദ്യങ്ങളിട്ട് കുഴപ്പിക്കുന്നതെന്തിനാണ്.
ഞാൻ കാണും മുമ്പേ
ഈ സ്ഥലം അയാൾ
മരിക്കാൻ കരുതി വച്ചതാവാം.
ഒരു സ്വപ്നത്തിലെപ്പഴെങ്കിലും...


രഗില സജി

കവി. അൽ സലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ ലക്​ചറർ. മൂങ്ങയിൽനിന്ന് മൂളലിനെ വേർപെടുത്തുംവിധം, എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments