നിങ്ങൾ ആർ.എസ്.എസ്സുകാരന്റെ ചോദ്യമാണ് ഇപ്പോൾ ചോദിച്ചത്

നിലപാടുകളിൽ ഒരു വിട്ടു വീഴ്ച്ചക്കും പി.ജയരാജൻ തയ്യാറല്ല. ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനക്കും സംഘ പരിവാർ ഉയർത്തുന്ന ഭീഷണി മൂർധന്യത്തിലെത്തിയതായി ഇടതുപക്ഷം മാത്രമല്ല എല്ലാ ജനങ്ങളും മനസ്സിലാക്കണമെന്ന് അദ്ദേഹം പറയുന്നു. എന്നാലതുകൊണ്ട് ഇപ്പുറത്തു തീവ്രമാകുന്ന ഇസ്‌ലാമിക രാഷ്ടവാദികളെയും 'അവർ സഹായിക്കുന്ന' മാവോയിസ്റ്റുകളെയും കാണാതിരിക്കുന്നതും അപകടമാണ്. കേരളത്തിലെ ക്യാമ്പസുകളിൽ മാവോയിസ്റ്റുകളെ ഉണ്ടാക്കുന്നതിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടോ?
പി.ജയരാജന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളാണ് താഹ മാടായിയുമായുള്ള ഈ അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നത്.

കേരളത്തിലെ സി.പി.ഐ.എം എന്ന പ്രസ്ഥാനത്തിനെ ജനകീയമാക്കുന്നതിൽ ഉത്സവങ്ങൾക്ക്, ഹിന്ദു പ്രതീകങ്ങൾക്കൊക്കെ വലിയ സ്ഥാനമുണ്ടെന്ന് തോന്നുന്നു. സി.പി.ഐ.എം കേരളത്തിൽ നിലനിൽക്കുന്നത് തന്നെ ഒരു ഹിന്ദു പാർട്ടി എന്ന നിലയാണെന്ന ആരോപണമുണ്ട്. അതായത് ഹിന്ദുത്വ പ്രതീകങ്ങളെ അത് വളരെയധികം ഉപയോഗിക്കുന്നുവെന്നതരത്തിൽ ?

തീർത്തും ശരിയല്ലാത്ത ഒരു വിമർശനമാണിത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് രൂപപ്പെട്ടത്. സഖാവ് കൃഷ്ണപ്പിള്ള, അദ്ദേഹമാണല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സഖാവ് എന്ന പേരിലറിയപ്പെട്ട നേതാവ്. സഖാവ് എന്നു പറഞ്ഞാൽ സഖാവ് കൃഷ്ണപിള്ളയാണ്. കൃഷ്ണപ്പിള്ള, എ.കെ.ജി, തുടങ്ങിയിട്ടുള്ള എല്ലാ നേതാക്കന്മാരും ആദ്യകാലത്ത് കോൺഗ്രസുകാരായിരുന്നല്ലോ. ആ കോൺഗ്രസുകാരായിട്ടുള്ള അന്നത്തെ ഇടതുപക്ഷ വീക്ഷണം പുലർത്തിയിട്ടുള്ള ആളുകൾ കോൺഗ്രസിനകത്ത് ഒരു ഇടതുപക്ഷ ഗ്രൂപ്പുണ്ടാക്കി.

വലതുപക്ഷം കേളപ്പന്റെ നേതൃത്വത്തിൽ. അതിന്റെ പേരുതന്നെ കോൺഗ്രസ് ഗാന്ധി സംഘം എന്നായിരുന്നു. ഞങ്ങൾ തൊഴിലാളികളെയും കൃഷിക്കാരേയും സംഘടിപ്പിക്കുകയും അവർക്കുവേണ്ടി പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തിരുന്നു. ചൂഷണത്തിന് ഇരയായിട്ടുള്ള തൊഴിലാളികളേയും കൃഷിക്കാരേയും അതിൽ നിന്ന് മോചിതരാക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള പ്രക്ഷോഭങ്ങളാണ്. ആ പ്രക്ഷോഭങ്ങളെപ്പോലും വലതുപക്ഷ കോൺഗ്രസുകാർ അംഗീകരിച്ചില്ല. ഗാന്ധിസത്തിന് എതിരാണ് ഈ പ്രക്ഷോഭങ്ങളും സമരങ്ങളുമെന്നു പറഞ്ഞ്, അതായത് ഹിംസയാണ് എന്ന് വ്യാഖ്യാനിച്ചുകൊണ്ടാണ് ഇടതുപക്ഷത്തെ അവർ ആക്ഷേപിച്ചത്.

അപ്പോൾ ഞാൻ പറഞ്ഞുവന്നത് ആ ഇടതുപക്ഷം രൂപപ്പെട്ടപ്പോൾ തന്നെ നാനാ ജാതി മതവിഭാഗത്തിൽപ്പെട്ട ആളുകൾ ഇടതുപക്ഷത്തിന്റെ ഭാഗമായിട്ടുണ്ട്. ആ ഇടതുപക്ഷമാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയായും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയായും മാറിയത്. അതിൽ നാനാജാതി മതവിഭാഗങ്ങൽപ്പെട്ടവരുണ്ട്.

ഉദാഹരണത്തിന് 1940 സെപ്റ്റംബർ 15നാണ് അതിരൂക്ഷമായ ബ്രിട്ടീഷ് വിരുദ്ധ സമരം കേരളത്തിൽ നടന്നത്. അന്ന് ഇടതുപക്ഷ നേതൃത്വത്തിലുള്ള കെ.പി.സി.സി എന്നു പറഞ്ഞാൽ, മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് പ്രസിഡന്റും ഇ.എം.എസ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള അന്നത്തെ കെ.പി.സി.സിയാണ്. സാമ്രാജ്യത്വവിരുദ്ധ ദിനമായിട്ട് സെപ്റ്റംബർ 15 ആചരിക്കാൻ തീരുമാനിച്ചത്. അന്നത്തെ ദിവസമായിരുന്നല്ലോ തലശേരി കടപ്പുറത്ത് നിരോധനം ലംഘിച്ചുകൊണ്ട് മീറ്റിങ് നടത്തിയ ജനക്കൂട്ടത്തിനുനേരെ ബ്രിട്ടീഷ് പൊലീസ് വെടിവെച്ചത്. വെടിയേറ്റ് കൊല്ലപ്പെട്ടത് രണ്ടുപേർ. ഒന്ന് അബു. മറ്റൊന്ന് ചാത്തുക്കുട്ടി. അബു ഒരു അധ്യാപകൻ ചാത്തുക്കുട്ടി ഒരു ബീഡി തൊഴിലാളി, ഒരു മുസ്ലിം, ഒരു ഹിന്ദു.

ഇതൊക്കെ നിലനിൽക്കെ തന്നെ. സി.പി.ഐ.എമ്മിന്റെ ചരിത്രം പറയുമ്പോൾ രക്തസാക്ഷികൾക്ക് ജാതിയില്ല മതമില്ല. ആ നിലയിലല്ല,, പക്ഷേ ഒരു ഘട്ടത്തിൽ സി.പി.ഐ.എമ്മിനുള്ളിലുള്ള ജാതി പൊളിടിക്സ് എപ്പോഴെങ്കിലും വർഗപരമായിട്ടുള്ള അതിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് മറയായിട്ടോ കവചമായിട്ടോ പാർട്ടി ഉപയോഗിക്കാറുണ്ടോ എന്നുള്ളതാണ് ?
ഒരിക്കലുമില്ല. യഥാർത്ഥത്തിൽ കേരളത്തിലെ ദളിത് വിഭാഗത്തെ വർഗാടിസ്ഥാനത്തിൽ സംഘടിപ്പിച്ചതും അവർക്കുവേണ്ടി ശബ്ദമുയർത്തിയതും കേരളത്തിലെ ഇടതുപക്ഷമാണ്. എന്നാൽ അത്തരത്തിൽ മാറ്റമുണ്ടായതിനുശേഷം ഉദ്യോഗരംഗത്ത് ചില ദളിത് വിഭാഗത്തിൽപ്പെട്ടയാളുകൾ ഉയർന്നുവന്നു. സ്വത്വബോധം പിടിപെട്ടവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ജാതീയതയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെ പറയുന്ന ആക്ഷേപങ്ങൾ ഉന്നയിച്ചത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കന്മാരിൽ ഇ.എം.എസ് ജാതിയിൽ സവർണ വിഭാഗത്തിൽപ്പെട്ടയാളാണല്ലോ. ഇ.എം.എസ് സവർണ ജാതിയിൽ പിറന്നവനാണെങ്കിലും അദ്ദേഹം വർഗപരമായി രാജ്യത്തിലെ തൊഴിലാളി കർഷക വിഭാഗങ്ങളുടെ കൂടെയാണ് നിന്നത്. അദ്ദേഹം പ്രതിധാനം ചെയ്യുന്ന വർഗത്തിന്റെ ചൂഷണ വ്യവസ്ഥ അവസാനിപ്പിക്കാൻ വേണ്ടിയുള്ള നിയമനിർമാണത്തിനടക്കം നേതൃത്വം കൊടുത്തത് അദ്ദേഹമാണ്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനം എന്ന നിലയ്ക്കാണ്.

കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ് കൃഷ്ണപ്പിള്ള. അദ്ദേഹം നായർ വിഭാഗത്തിൽപ്പെട്ടയാളാണല്ലോ.

ഇ.എം.എസിനോടും കൃഷ്ണപ്പിള്ളയോടൊക്കെയുള്ള ആദരവ് വെച്ചുകൊണ്ടുതന്നെ ഒരു ചോദ്യം സി.പി.ഐ.എം നേരിടേണ്ടതുണ്ട്. ദളിതുകൾക്കുവേണ്ടി ഈ പാർട്ടി എന്താണ് ചെയ്തത്. അന്നത്തെ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ ഉണ്ടായ നീക്കങ്ങളും പാർട്ടി പ്രവർത്തനങ്ങളും യഥാർത്ഥത്തിൽ ഇവിടെ ആരെയാണ് സുരക്ഷിതരാക്കിയത്?

ജാതീയമായിട്ടുള്ള ഇത്തരം ചിന്തകൾ അതിന്റെ പ്രചരണങ്ങൾ ഈ ജാതി സ്വത്വബോധം സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഉണ്ടായിട്ടുള്ളത്. ഈ സ്വത്വബോധം ശക്തിപ്പെടുത്താനിടയായ സാഹചര്യം സൃഷ്ടിച്ചതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള പങ്ക് ആർക്കും നിഷേധിക്കാനാവില്ല. ഈ സ്വത്വബോധം ഉയർത്തിപ്പിടിച്ച പട്ടികജാതി വിഭാഗത്തിലെയും മറ്റും സാമ്പത്തികമായി ഉയർന്നവരുണ്ടല്ലോ അവരാണ് ഇതെല്ലാം ഉയർത്തിപ്പിടിച്ചത്. ഗവൺമെന്റിലെ ഉയർന്ന ഉദ്യോഗത്തിൽ ഇവർക്ക് സ്ഥാനം കിട്ടി. അപ്പോഴാണ് അവർക്ക് തോന്നിയത് കമ്മ്യൂണിസ്റ്റ് പാർട്ടി താഴ്ന്ന വിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നില്ലയെന്ന്.

അതായത് ദളിത് വിഭാൾക്കിടയിലുള്ള ഉദ്യോഗസ്ഥരാണ് ഇത്തരമൊരു പ്രചരണമുണ്ടാക്കുന്നത് എന്നാണോ?

തീർച്ചയായിട്ടും. അത് കൃത്യമായി പരിശോധിച്ചാൽ നമുക്ക് മനസിലാവും.

പറഞ്ഞുവരുന്നത് ദളിത് ഉദ്യോഗസ്ഥർ കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്നാണോ?

എന്നൊന്നും ഞാൻ പറഞ്ഞതിന് അർത്ഥമില്ല. സ്വത്വബോധം പിടിപെട്ട ചില ഉദ്യോഗസ്ഥരാണ് ഈ പ്രചരണത്തിനു പിന്നിൽ. അത് വസ്തുതയുമായി പൊരുത്തപ്പെട്ടതല്ല എന്നാണ് ഞാൻ പറഞ്ഞുവരുന്നത്. കാരണം അവർക്ക് ഈ സ്വത്വബോധം ഉണ്ടാവുകയും അതനുസരിച്ച് അവർ കാര്യങ്ങൾ വാദിക്കുകയും ചെയ്യുന്നതിന് അടിസ്ഥാനമായിട്ടുള്ള വിദ്യാഭ്യാസം ഉണ്ടല്ലോ, പാവപ്പെട്ടവന്റെ മക്കൾക്ക് വിദ്യാഭ്യാസം കിട്ടുന്നതിന്, ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് വിദ്യാഭ്യാസം കിട്ടുന്നതിന് കേരളത്തിൽ സാഹചര്യം സൃഷ്ടിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്.

ഇപ്പോൾ നിങ്ങൾ ജാതിയുടെ കാര്യം പറഞ്ഞല്ലോ, കണ്ണൂർ ജില്ലയെ സംബന്ധിച്ച് അക്കാലത്ത് ജന്മി നാടുവാഴിത്തത്തിനെതിരെ പൊരുതിയവരിൽ ഏറ്റവും പ്രധാനിയാണ് കെ.പി.ആർ ഗോപാലൻ. മൊറാഴ സമരത്തെ തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് അദ്ദേഹം. പിന്നീട് ബഹുജനപ്രക്ഷോഭത്തെ തുടർന്ന് അദ്ദേഹത്തെ ആ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. കെ.പി.ആർ ഗോപാലൻ ജന്മി കുടുംബത്തിലായിരുന്നല്ലോ ജനിച്ചിരുന്നത്. ജന്മി കുടുംബത്തിൽ ജനിച്ചിട്ടുപോലും വർഗപരമായ മാറ്റമുണ്ടാക്കുന്നതിന്, ഏറ്റവും പിന്നാക്കം നിൽക്കുന്ന ഹരിജനങ്ങളെ ഉദ്ധരിക്കുന്നതിന് കെ.പി.ആർ അടക്കമുള്ള നേതാക്കന്മാരാണ് പ്രവർത്തിച്ചത്. എന്നുപറഞ്ഞാൽ ഈ നാട്ടിലെ ദളിതന്മാരടക്കമുള്ള ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ദീർഘകാലം പ്രവർത്തിച്ചത്.

ഇവിടെ ഭൂപരിഷ്‌കരണ ഭേദഗതി നിയമം കൊണ്ടുവന്നല്ലോ. ഭൂപരിഷ്‌കരണ ഭേദഗതി നിയമം കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ 35ലക്ഷം ആളുകൾക്ക് പത്തുസെന്റ് കുടികിടപ്പവകാശം കിട്ടിയിട്ടുണ്ട്. ആ കുടികിടപ്പവകാശം കിട്ടിയ ആളുകളെ നിങ്ങൾ ജാതീയമായി നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ദളിത് വിഭാഗത്തിൽപ്പെട്ടവരാണ്. പിന്നാക്ക ജാതിയിൽപ്പെട്ടവരാണ്. ആ മാറ്റമുണ്ടാക്കിയതാരാണ്, ഇ.എം.എസിന്റെ നേതൃത്വത്തിലുളള ഗവൺമെന്റാണ്.

അതിൽ തന്നെ വിമർശനവിധേയമാക്കാവുന്ന കാര്യങ്ങളുണ്ട് എന്നതാണ്. അതായത് ഇവിടെയുള്ള കീഴാളരെ കുടിയിടപ്പുകാരാക്കി എന്നുള്ള വിഷയം?

ചത്താൽ കുഴിച്ചിടാൻ ആറടി മണ്ണുപോലുമില്ലാത്ത ഈ നാട്ടിലെ ദളിതർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടിയിട്ടാണല്ലോ പത്തുസെന്റ് കുടികിടപ്പ്. അത് ഭൂപരിഷ്‌കരണ നിയമ ഭേദഗതി പ്രകാരമാണ്. ഇതുമാത്രമല്ല, പരിധിയിൽ കവിഞ്ഞിട്ടുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുന്ന നിയമമാണല്ലോ ഈ നിയമം. 1970 ജനുവരി ഒന്നുമുതൽ പതിനഞ്ച് സ്റ്റാന്റേർഡ് ഏക്കറിൽ കവിഞ്ഞിട്ടുള്ള ഭൂമിയൊക്കെ മിച്ചഭൂമിയാണ്. ആ മിച്ചഭൂമി ഭൂരഹിതരായിട്ടുള്ള ആളുകൾക്ക് കൊടുക്കാനുള്ളതാണ്. ആ ഭൂരഹിതരായിട്ടുള്ള ആളുകൾ ആരാണ്. ഞാൻ നേരത്തെ പറഞ്ഞിട്ടുളള ചത്താൽ കുഴിച്ചിടാൻ ആറടി മണ്ണുപോലുമില്ലാത്തവരാണ്. അവരിൽ ഏറിയ പങ്കും പട്ടികജാതിക്കാരും പിന്നാക്ക ജാതിക്കാരുമാണ്. അവരുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ശ്രമിച്ചത്.

ഇതൊക്കെ നിലനിൽക്കെ തന്നെ നമ്മൾ വസ്തുതാപരമായി സി.പി.ഐ.എം എന്ന പാർട്ടിയുടെ ചരിത്രം പഠിക്കുമ്പോൾ അതിനെക്കുറിച്ച് കൃത്യമായി പറയാവുന്ന ഒരു കാര്യം ബ്രാഹ്മണിക്കൽ നേതൃത്വമാണ് അതിന്റെ വലിയ സ്ഥാനങ്ങൾ, അധികാരം കയ്യാളിയത്. അതൊരു ബ്രാഹ്മണിക്കൽ പാർട്ടിയാണ് എന്നുള്ള വിമർശനമുണ്ട്. നമ്മുടെ പോളിറ്റ് ബ്യൂറോ അംഗങ്ങൾ, അതിന്റെ സെക്രട്ടറിമാരുടെയൊക്കെ ഒരു പ്രത്യേകത, അവർ കമ്മ്യൂണിസ്റ്റുകാരാണ് അവർക്ക് മതമില്ല, ജാതിയില്ല എന്നൊക്കെ പറയുമ്പോൾ തന്നെ അവർക്കുള്ള സവർണത വിമർശകർ പറയാറുണ്ട്. ....?

നേരത്തേതിൽ നിന്നും കടകവിരുദ്ധമായ ചോദ്യമാണ് താങ്കൾ ഇപ്പോൾ പറഞ്ഞിട്ടുള്ളത്. ഞാൻ പറഞ്ഞല്ലോ ഇ.എം.എസ് ഉൾപ്പെടെയുള്ളവർ സവർണ ജാതിയിലാണ് പിറന്നത്. പക്ഷേ അവര് സമാന്യ ജനതയുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് യത്നിച്ചത്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിട്ടാണ്. അപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വർഗപരമായൊരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടനുസരിച്ച് സിദ്ധാന്തം പറയുകയല്ല, അത് പ്രയോഗത്തിൽ വരുത്തുന്ന പാർട്ടികൂടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അതുകൊണ്ട് ഉയർന്ന നേതൃസ്ഥാനത്ത് ഏതോ സവർണ ജാതിയിൽപ്പെട്ട ആളുകൾ ഇരിക്കുന്നു. അവർക്ക് ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് പാർട്ടിയുടെ വർഗപരമായുള്ള നിലപാടിൽ മാറ്റം വരുന്നില്ല. കാരണം ഇന്ത്യയിലെ മറ്റുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഭിന്നമായിട്ടുള്ള പാർട്ടിയാണ് സി.പി.ഐ.എം. കാരണം തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട നാനാവിഭാഗം ജനങ്ങളുടെ വർഗപരമായ താൽപര്യമാണ്, അവരുടെ വർഗത്തിനുള്ള രാഷ്ട്രീയമാണ് സി.പി.ഐ.എം ഉയർത്തിപ്പിടിക്കുന്നത്.

ഉദാഹരണത്തിന് ഈ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ടറൽ ബോണ്ടുവഴി, രാജ്യത്തിലെ കോർപ്പറേറ്റുകൾ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് കൊടുത്തത് 1450 കോടി രൂപയാണ്. എന്നാൽ കോർപ്പറേറ്റുകളിൽ നിന്ന് ഫണ്ട് സ്വീകരിക്കില്ലയെന്ന നിലപാട് കൃത്യമായി സ്വീകരിച്ച പാർട്ടിയാണ് സി.പി.ഐ.എം. അപ്പോൾ ആ പാർട്ടി സവർണർമാർക്കുവേണ്ടിയാണ് നിലനിൽക്കുന്നത് എന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനം.

ആ പാർട്ടി കോർപ്പറേറ്റുകളിൽ നിന്ന് ഫണ്ട് സ്വീകരിക്കേണ്ട കാര്യമില്ല. കാരണം ആ പാർട്ടി തന്നെ കോർപ്പറേറ്റ് പാർട്ടിയാണെന്നാണ് വിമർശകർ പറയുന്നത്?

ഈ നാട്ടിലെ ഓരോ പാർട്ടി ബ്രാഞ്ചിനും ഓഫീസുണ്ട്. അതിന്റെ കെട്ടിടം ഉൾപ്പെടെയുള്ള സ്വത്തുക്കളൊക്കെ കണക്കാക്കി കഴിഞ്ഞാൽ വലിയ സ്വത്ത് ഉടമസ്ഥതയാണ്. പക്ഷേ ആ സ്വത്ത് ആരാണ് ഉണ്ടാക്കിയത്. ആ സ്വത്തിന്റെ യഥാർത്ഥ ഉടമസ്ഥന്മാർ ആരാണ്? ഓരോ പ്രദേശത്തെയും അധ്വാനിക്കുന്ന ജനവിഭാഗമാണ്.

ആർ.എസ്.എസിന്റെ സോഷ്യൽ എഞ്ചിനിയറിങ് എങ്ങനെയാണ് പ്രവർത്തിക്കുകയെന്നതിന് ഒരു മാതൃകയായി പറയുന്ന സംഭവമാണ് തലശ്ശേരി കലാപം. തലശേരി കലാപത്തിനെക്കുറിച്ചു തന്നെ പലതരം വായനകൾ ഇപ്പോൾ നടക്കുന്നുണ്ട്. എങ്ങനെയാണ് മുസ്ലിം വിരുദ്ധത സൃഷ്ടിക്കേണ്ടത്, അതിലേക്ക് എങ്ങനെയാണ് ഹിന്ദു സമൂഹത്തെ അടുപ്പിക്കേണ്ടത് അതെങ്ങനെയാണ് ഒരു ലഹളയായി വളർത്തേണ്ടതെന്നതിനെക്കുറിച്ചുള്ള കൃത്യമായിട്ടുള്ള കേരളീയ മാതൃക തലശേരി കലാപത്തിൽ കാണാൻ കഴിയും. തീർച്ചയായിട്ടും സി.പി.ഐ.എം, സഖാവ് പിണറായി വിജയന്റെയും മറ്റും നേതൃത്വത്തിലുള്ള അന്നത്തെ പാർട്ടി നേതൃത്വം സ്വീകരിച്ച നിശ്ചയദാർഢ്യമുള്ള പ്രവർത്തനങ്ങളാണ് തലശേരി കലാപത്തിന്റെ വർഗീയതയെ പ്രതിരോധിച്ചത്. തലശേരി കലാപത്തെക്കുറിച്ചുള്ള പി.ടി തോമസിന്റെയും മറ്റും വിമർശനങ്ങൾ വരുന്നുണ്ട്. സഖാവ് യു.കുഞ്ഞിരാമന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐയുടെയൊക്കെ വായനകൾ വരുന്നുണ്ട്. തലശേരിയെ അടുത്തറിയുന്ന ആള് എന്ന നിലയിൽ, കലാപവുമായി ബന്ധപ്പെട്ട് ജാഥകളിലും പ്രകടനങ്ങളിലുമൊക്കെ നിന്ന ആൾ എന്ന നിലയിൽ ഇതിനെ എങ്ങനെയാണ് കാണുന്നത് ?
തലശ്ശേരി കലാപം യഥാർത്ഥത്തിൽ ഞാൻ കേട്ടറിഞ്ഞ കാര്യമല്ല. നേരിട്ട് അനുഭവിച്ചിട്ടുള്ള ഒരു പൊതുപ്രവർത്തകനാണ്. തലശ്ശേരി വർഗീയ കലാപം 1971 ഡിസംബറിലും 72 ജനുവരിയിൽ നടന്നിട്ടുള്ള ഒരു കലാപമാണ്. കൃത്യമായി ആർ.എസ്.എസ് ആസൂത്രണം ചെയ്ത ഒരു കലാപമായിരുന്നു. യഥാർത്ഥത്തിൽ അതൊരു ടെസ്റ്റ് ഡോസാണ്. ആർ.എസ്.എസിനെക്കുറിച്ച് പഠിച്ച എല്ലാവരും പറഞ്ഞിട്ടിട്ടുണ്ട് അതിന്റെ പ്രചാരക ശൃംഖലയെക്കുറിച്ച്. വിവിധ പ്രദേശങ്ങളിലേക്ക് തിരശീലയ്ക്ക് പിന്നിലിരുന്ന് പ്രവർത്തിക്കാൻ പ്രചാരകരെ അയക്കുക. അത്തരമൊരു പ്രചാരക് തലശേരിയിലും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിരുന്നു എന്നാണ് പിൽക്കാലത്ത് മനസിലായത്. അത് മറ്റാരുമല്ല, പിന്നീട് ബി.എം.എസിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ദത്തോപാന്ത് ടെങ്കടിയായിരുന്നു.

അക്കാലത്ത് ആർ.എസ്.എസിന് ശാഖകളൊക്കെ വളരെ പരിമിതമായിരുന്നല്ലോ. പക്ഷേ തിരുവങ്ങാട് പ്രദേശത്തൊക്കെ ആർ.എസ്.എസിന് ശാഖയുണ്ടായിരുന്നു. തലശ്ശേരി മുകുന്ദമല റോഡിൽ ആർ.എസ്.എസിന്റെ ശാഖാ പ്രവർത്തനമുണ്ടായിരുന്നു. ഇതിന്റെയൊക്കെ ചുമതല നിർവഹിച്ചുകൊണ്ട് ടെങ്കടി അവിടെ ക്യാമ്പ് ചെയ്തിരുന്നുവെന്നാണ് ഞാൻ അനുമാനിക്കുന്നത്. കൃത്യമായിട്ടുള്ള ആസൂത്രണമാണത്. ആദ്യഘട്ടത്തിൽ ഈ കലാപം ആസൂത്രണം ചെയ്തത് കേരളത്തിൽ ആർ.എസ്.എസിന് ഹിന്ദു സമൂഹത്തിനിടയിൽ നുഴഞ്ഞു കയറാനുള്ള പരീക്ഷണമായിട്ടാണ്. അതിന് അന്ന് ചില സാഹചര്യമുണ്ടായിരുന്നു.

ഒന്ന് മലപ്പുറം ജില്ല രൂപീകരിച്ചല്ലോ. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ ആർ.എസ്.എസും അന്നത്തെ ജനസംഘവും വ്യാപകമായി മലപ്പുറം ജില്ലാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ആ ജില്ലാ വിരുദ്ധ പ്രക്ഷോഭത്തിൽ അവർ ഉന്നയിച്ച ഒരു കാര്യം മലപ്പുറം ജില്ല ഒരു കുട്ടി പാക്കിസ്ഥാനാവും, അതുകൊണ്ട് ഹിന്ദുക്കളാകെ ഉണരണം എന്നാണ്. തലശേരിയിലും അന്നത്തെ ജനസംഘം ഇതിന്റെ ഭാഗമായിട്ട് യോഗമൊക്കെ വിളിച്ച് പ്രചാരണം നടത്തിയിരുന്നു. എന്നുപറഞ്ഞാൽ മലപ്പുറം ജില്ലാ രൂപീകരണത്തെ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ആയുധമായി ജനസംഘവും ആർ.എസ്.എസും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ മലപ്പുറം ജില്ല രൂപീകരിച്ചത് ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കുന്ന ഘട്ടത്തിലാണ്. പിന്നാക്കം നിൽക്കുന്ന മലപ്പുറം ജില്ലയുടെ വികസനമായിരുന്നു അന്നത്തെ ലക്ഷ്യം. അതിനെ വർഗീയമായിട്ടുള്ള ഒരു പ്രചരണത്തിനുവേണ്ടി പ്രയോജനപ്പെടത്തുകയായിരുന്നു ആർ.എസ്.എസും ജനസംഘവും ചെയ്തിരുന്നത്.

രണ്ടാമതായി 1969ൽ ഇ.എം.എസിന്റെ സർക്കാർ പുറന്തള്ളപ്പെട്ടു. മുസ്ലിം ലീഗ് കോൺഗ്രസിനൊപ്പം ചേർന്നു. ഒരു വഞ്ചന നടത്തുകയായിരുന്നു ലീഗ് ചെയ്തത്. സ്വാഭാവികമായിട്ടും ലീഗിനെതിരെയുള്ള അമർഷം നാനാപ്രകാരത്തിൽ ഉയർന്നുവരുന്നുണ്ട്. അന്ന് പൊലീസിൽ മുസ്ലിം ലീഗിന്റെ അനാവശ്യമായ കൈകടത്തലുണ്ടായി. അതുസംബന്ധിച്ചും അന്ന് ആർ.എസ്.എസും ലീഗും പ്രചരണം നടത്തി. എന്നു പറഞ്ഞാൽ മലപ്പുറം ജില്ലാ രൂപീകരണം, ആഭ്യന്തര വകുപ്പിൽ ലീഗിന്റെ ഇടപെടൽ, തലശേരി പട്ടണത്തിലൊക്കെ മുസ്ലിം ലീഗിന്റെ നേതാക്കന്മാർ പൊലീസ് സ്റ്റേഷനിൽ കൽപ്പന കൊടുക്കുകയാണ് ഇങ്ങനെയെല്ലാമുള്ള പ്രചരണം നടത്തി ഒരു മുസ്ലിം വിരുദ്ധ മുന്നേറ്റമുണ്ടാക്കാനുള്ള ഒരു പശ്ചാത്തലം സംഘപരിവാരം ഒരുക്കിയിരുന്നു.

മുസ്ലിം ലീഗ് അന്നെടുത്ത നിലപാടും തലശ്ശേരി കലാപത്തിന് സഹായകമായിട്ടുണ്ട്. ആർ.എസ്.എസ് ആണത് ആസൂത്രണം ചെയ്തത്. പക്ഷേ അതിന് സഹായകരമായിട്ടുള്ള നിലപാട് മുസ്ലിം ലീഗും അന്ന് കൈക്കൊണ്ടിട്ടുണ്ട്. ആ കലാപം അവസാനിപ്പിക്കുന്നതിനുവേണ്ടി സി.പി.ഐ.എമ്മാണ് അന്ന് ഇടപെട്ടിട്ടുള്ളത്. അത് കലാപത്തെക്കുറിച്ച് അന്വേഷിച്ചിട്ടുള്ള ജസ്റ്റിസ് വിതായത്തുൽ കമ്മീഷൻ കൃത്യമായിട്ട് രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

യു.കെ കുഞ്ഞിരാമനെപ്പറ്റി ഇപ്പോൾ കോൺഗ്രസുകാര് ആക്ഷേപം പറയുകയാണ്. കേരളീയ സമൂഹത്തിൽ പിണറായി സർക്കാർ എടുക്കുന്ന ഉറച്ച നിലപാടുകൾ, രാജ്യത്തുടനീളം വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കാൻവേണ്ടി സംഘപരിവാരം ശ്രമിക്കുമ്പോൾ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന സംസ്ഥാനമാണ് കേരളം. സ്വാഭാവികമായിട്ടും യു.ഡി.എഫിന്റെ, കോൺഗ്രസിന്റെയും ലീഗിന്റെയും അണികളിൽ ഒലിച്ചുപോക്കുണ്ടാവുന്നുവെന്ന തിരിച്ചറിവാണ് അവർക്കുണ്ടാവുന്നത്.

സഖാവ് യു.കെ കുഞ്ഞിരാമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടി വിമർശകർ നടത്തിയ കിംവദന്തികളുണ്ട്. കള്ള് ഷാപ്പിലെ തർക്കമാണ് മരണത്തിന് കാരണം എന്നതൊക്കെ. രക്തസാക്ഷികൾ അവർക്കുവേണ്ടി സ്വയം മറുപടി പറയുന്നില്ലല്ലോ. ആ ഒരു സംഭവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കലാപത്തിന്റെ തുടക്കം തലശ്ശേരി മേലൂട്ട് ക്ഷേത്രത്തിലേക്കുള്ള കലശ ഘോഷയാത്രയ്ക്കുനേരെ മുസ്ലീങ്ങൾ നടത്തിയിട്ടുള്ള ഹോട്ടലിൽ നിന്നും ചെരിപ്പെറിഞ്ഞുവെന്നുള്ള കള്ളക്കഥയാണ്. ഇത് രാത്രിയാണ്. പിറ്റേദിവസം കാലത്ത് ഗ്രാമപ്രദേശങ്ങളിലൊക്കെ ഒരേസമയത്ത് ഒരേ ടൈപ്പിലുള്ള വാർത്തകളാണ് പ്രചരിച്ചത്. മുസ്ലീങ്ങൾ ഹിന്ദു പെൺകുട്ടികളുടെ മുലയരിഞ്ഞു, ബലാത്സംഗം ചെയ്തുവെന്നൊക്കെയുള്ള കഥകളായിരുന്നു അത്. ശ്രീനാരായണ ഗുരു ശിലയിട്ട ക്ഷേത്രമാണ് തലശേരിയിലെ ജഗനാഥ ക്ഷേത്രം. ആ ക്ഷേത്രം തകർക്കാൻ വേണ്ടി മലപ്പുറത്തുനിന്നും മാപ്പിളമാർ വരുന്നുവെന്നും പ്രചരണമുണ്ടായി. ഹിന്ദുവികാരം ആളിക്കത്തിച്ച് ഒന്നുമറിയാത്ത ആളുകളെയടക്കം കലാപത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള കൃത്യമായ ആർ.എസ്.എസ് ആസൂത്രണമാണ് അവിടെയുണ്ടായത്.

പിറ്റേദിവസം രാവിലെ അന്ന് കൂത്തുപറമ്പ് എം.എൽ.എയായിട്ടുളള പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ അവിടെയെത്തുന്നുണ്ട്. പിണറായി വിജയൻ, പിന്നീട് എം.എൽ.എയായിട്ടുള്ള രാജുമാസ്റ്റർ, പാട്യം രാജൻ തുടങ്ങിയവർ. ഞങ്ങളൊക്കെ അതിന്റെ ഭാഗമായിട്ടുണ്ടായിരുന്നു.

അന്ന് കൊടികെട്ടിയ കാറിൽ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചുകൊണ്ട് നുണക്കഥകൾ വിശ്വസിക്കരുത്, സമുദായ സൗഹാർദ്ദം സ്ഥാപിക്കണം എന്നഭ്യർത്ഥിച്ചിരുന്നു. ആ യാത്ര ഭീതിതമായിട്ടുള്ള സാഹചര്യത്തിലായിരുന്നു. കാരണം മഴു, ഉലക്ക പോലുള്ള ആയുധങ്ങൾ എടുത്തിട്ടാണ് മതഭ്രാന്തിനടിപ്പെട്ട സംഘം ഇറങ്ങിയത്. അവർക്കുമുമ്പിൽ നിർഭയമായി കടന്നുചെന്നിട്ടാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പ്രവർത്തിച്ചത്. ഇതും വിതായത്തുൽ കമ്മീഷന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

കൗതുകകരമായിട്ടുള്ള കാര്യം വിതായത്തുൽ കമ്മീഷന് ഒട്ടേറെ വ്യക്തികൾ, വിവിധ പാർട്ടികളിലുള്ളവർ മൊഴി കൊടുത്തിട്ടുണ്ട്. കോൺഗ്രസ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, ആർ.എസ്.എസ്, ജനസംഘം എന്നിങ്ങനെയുള്ളവർ. എന്നാൽ മൊഴി കൊടുക്കാത്ത പാർട്ടിയാണ് സി.പി.ഐ.എം. ആ സി.പി.ഐ.എമ്മിനെക്കുറിച്ച് വിതായത്തുൽ കമ്മീഷൻ റിപ്പോർട്ടിന്റെ 220ാം ഖണ്ഡികയിൽ എഴുതിവെച്ചത്- ഈ കലാപത്തിൽ മാർക്സിസ്റ്റ് പാർട്ടി നേതാക്കന്മാരാരും പങ്കെടുത്തിട്ടില്ല, അതേസമയം, ഒരു കൊടികെട്ടിയ കാറിൽ മാർക്സിസ്റ്റ് പ്രവർത്തകന്മാർ സഞ്ചരിച്ച് കലാപത്തിൽ നിന്ന് വിട്ടുനിൽക്കണം എന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചതിന് തെളിവുണ്ട് എന്നാണ്. മൊഴികൊടുക്കാതിരുന്ന പാർട്ടിയെക്കുറിച്ചാണ് എഴുവെച്ചത്.

എസ്.ഡി.പി.ഐ, കോൺഗ്രസ് പോലുള്ള പാർട്ടികൾ ഇപ്പോൾ ഇത്തരം ആരോപണങ്ങളുമായി വരാനുള്ള കാരണം എന്താണ്?

കാരണമുണ്ട്. ഇന്നത്തെ പൗരത്വ ഭേദഗതി നിയമത്തെ തുടർന്നുള്ള കേരളത്തിലെ ഇടതുപക്ഷത്തിന്റെയും സി.പി.ഐ.എമ്മിന്റെയും പിണറായി സർക്കാറിന്റെയുമൊക്കെ നിലപാടുകൾ യു.ഡി.എഫിന്റെ അണികളെ അടക്കം ആകർഷിച്ചിട്ടുണ്ട്. മനുഷ്യമഹാ ശൃംഖലയിൽ അവരടക്കം പങ്കെടുത്തല്ലോ. അത് സ്വാഭാവികമായിട്ടും കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കന്മാരെ ബേജാറാക്കിയിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് ആ കലാപം അവസാനിപ്പിക്കാൻ വേണ്ടി സി.പി.ഐ.എം നടത്തിയ ഇടപെടലിനെ മറച്ചുവെക്കുന്നത്.

ദൽഹി കലാപത്തിൽ 54 പേർക്ക് ജീവൻ നഷ്ടപ്പെട്ടല്ലോ. ഒരാഴ്ച നീണ്ടുനിന്നിട്ടുള്ള തലശ്ശേരി വർഗീയ കലാപത്തിൽ സ്വത്തുവകകൾ നഷ്ടപ്പെട്ടു. പരിക്കുകൾ പറ്റി. പക്ഷെ ജീവൻ നഷ്ടപ്പെട്ടത് ഒരാൾക്ക് മാത്രമാണ്. അതാണ് യു.കെ കുഞ്ഞിരാമൻ. ആ യു.കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വത്തെ അവമതിക്കാൻ വേണ്ടി ആസൂത്രിതമായ പ്രചാരവേല ഇപ്പോൾ നടത്തുന്നത് കോൺഗ്രസുകാരാണ്. കള്ളുഷാപ്പിൽവെച്ചിട്ടുള്ള തർക്കത്തിനിടയിലാണ് യു.കെ കുഞ്ഞിരാമൻ മരിച്ചത് എന്നാണ് പ്രചരണം. യു.കെ ഒരു പാർട്ടി അനുഭാവിയലല്ല, മറിച്ച് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി മെമ്പറാണ്. അന്ന് മാങ്ങാട്ടിടം പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ലോക്കൽ കമ്മിറ്റിയുടെ സജീവ പ്രവർത്തകനും. അദ്ദേഹം മെരുവമ്പായി, നീർവേലി മേഖലയിൽ സമുദായ സൗഹാർദ്ദമുണ്ടാക്കാൻ വേണ്ടിയുള്ള കമ്മിറ്റിയുടെ കൺവീനറായിരുന്നു. അദ്ദേഹം കാവൽ നിന്നതിന്റെ അടിസ്ഥാനത്തിലാണ് കലാപ നീക്കം പരാജയപ്പെട്ടത്. അതിനുള്ള പക തീർക്കുകയായിരുന്നു തിരിച്ചുപോകുന്ന അവസരത്തിൽ. കള്ള് ഷാപ്പിന്റെ പരിസത്തുവെച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പക്ഷേ പ്രതികളെല്ലാം ആർ.എസ്.എസുകാരാണ്. അത് കള്ള് ഷാപ്പിലെ തർക്കത്തിന്റെ ഭാഗമായിട്ടാണ് എന്ന് വ്യാജപ്രചരണം നടത്തുകയാണ്.

യു.കെ ആക്രമിക്കപ്പെടുന്നത് ജനുവരിമാസം മൂന്നാം തിയ്യതി രാത്രി. നാലിന് അദ്ദേഹം മരണപ്പെടുന്നു. അഞ്ചിന് അദ്ദേഹത്തിന്റെ ശവസംസ്‌കാരം. ഞങ്ങളൊക്കെ പങ്കെടുത്തിരുന്നു. നായനാർ ഉൾപ്പെടെയുള്ള നേതാക്കന്മാരുണ്ടായിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസം മെരുവമ്പായിക്കടുത്തുള്ള നീർവേലി എൽ.പി സ്‌കൂളിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ പൗരാവലിയുടെ യോഗം നടന്നിരുന്നു. അതില് കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കന്മാരുണ്ടായിരുന്നു. കലാപം അവസാനിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ച സഖാവ് യു.കെയ്ക്കാണ് അവർ ആദരാഞ്ജലി അർപ്പിച്ചത്.

തലശ്ശേരി കലാപം പോലെ കേരളീയ പൊതുസമൂഹം വെറുക്കുന്ന അത്രയും വലിയ ഒരു സമരത്തിന് പിന്തുണ കൊടുത്ത ഒരു പാർട്ടിയെന്ന് ഇപ്പോൾ പറയുന്ന മുസ്ലിം ലീഗിനോടാണ് സി.പി.ഐ.എം എപ്പോഴും ഒരു അയഞ്ഞ സമീപനം സ്വീകരിക്കുന്നത്. എസ്.ഡി.പി.ഐയെ എതിർക്കുന്നു, പോപ്പുലർ ഫ്രണ്ടിനെ എതിർക്കുന്നു, ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നു. മറിച്ച് മുസ്ലിം ലീഗിനോട് എന്നെങ്കിലും നമ്മുടെ വീട്ടിലേക്ക് വരാൻ സാധ്യതയുള്ള മണവാളനാണ് എന്ന രീതിയിലുള്ള അയഞ്ഞ സമീപനം സി.പി.ഐ.എം പലഘട്ടത്തിൽ എടുത്തിട്ടുണ്ട്?
മുസ്ലിം ലീഗിനോട് വിയോജിക്കേണ്ട അവസരത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച പാർട്ടിയാണ് സി.പി.ഐ.എം. ഇപ്പോൾ മുസ്ലിം ലീഗും സി.പി.ഐ.എം വിരുദ്ധ പ്രചരണം നടത്തുന്നുണ്ട്. അതിന് ഞങ്ങൾ മറുപടി പറയും. അതേസമയം മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ഒരേ സമീപനക്കാരാണെന്ന് പറയാൻ പറ്റില്ല. കോൺഗ്രസും ലീഗും അവരെയടക്കം ഒരു മാർക്സിസ്റ്റ് വിരുദ്ധ മുന്നണിയാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ ഞങ്ങള് തുറന്ന് കാണിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇതിൽ പ്രധാനപ്പെട്ട കാര്യം മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും തമ്മിൽ വ്യത്യാസമുണ്ട്. മുസ്ലിം രാഷ്ട്രീയം മുസ്ലീങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ളതാണ്. അതേസമയം ഇസ്ലാമിക രാഷ്ട്രീയം എന്നു പറയുന്നത് ആർ.എസ്.എസ് ഉയർത്തിപ്പിടിക്കുന്ന ഹിന്ദുരാഷ്ട്രം പോലെ ഇസ്ലാമിക രാഷ്ട്രം ഉയർത്തിപ്പിടിക്കാനുള്ള സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്.

പാക്കിസ്ഥാനിൽ മുഹമ്മദലി ജിന്നയൊക്കെ ആദ്യകാലത്ത് എടുത്ത നിലപാടെന്താ? മുസ്ലീങ്ങളെ മുസ്ലീങ്ങള് ഭരിക്കുക. അവിടുത്തെ ഭരണഘടനാ നിർമാണ അസംബ്ലിയിൽ മുഹമ്മദലി ജിന്ന നടത്തിയിട്ടുള്ള പ്രസംഗമുണ്ട്. ആ പ്രസംഗം 'നിങ്ങൾ ബഹുദൈവ ആരാധനയിൽ വിശ്വസിക്കുന്നവരാവാം. ഏകദൈവ ആരാധനയിൽ വിശ്വസിക്കുന്നവരാകാം. എല്ലാവരും പാക്കിസ്ഥാനികളാവണം, അവർക്കൊക്കെ പൗരത്വം കിട്ടുമെന്നാണ്'.

പക്ഷേ അവിടെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൻ മഅദൂദി പറഞ്ഞിട്ടുള്ളത് ഇസ്ലാമിക രാഷ്ട്രം എന്നുതന്നെയാണ്. 1979നുശേഷം അത് സിയാ ഉൾ ഹഖ് നടത്തിയപ്പോൾ പാക്കിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമി അതിന് പിന്തുണ കൊടുത്തു. അപ്പോൾ യഥാർത്ഥത്തിൽ ഇസ്ലാമിക രാഷ്ട്രമുണ്ടാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളെയാണ് സി.പി.ഐ.എം എതിർക്കുന്നത്.

ബാലൻസിങ് പൊളിറ്റിക്സ് എന്നു പറയുന്ന സംഭവമുണ്ട്. നമുക്ക് തീവ്ര ഹിന്ദുത്വത്തെ ചീത്തപറയണം. അതിനെ വിമർശിക്കുമ്പോൾ അത് ബാലൻസ് ചെയ്യാൻ വേണ്ടി ഇപ്പുറത്ത് ചില മുസ്ലിം സംഘടനകളെ വിമർശിക്കുന്നു. അങ്ങനെ ഒരു ത്രാസൊപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഒരു വിമർശനം എന്നതിൽ കവിഞ്ഞ് നമ്മൾ എതിർക്കേണ്ട സമയത്ത്, അതായത് ഇപ്പോൾ എതിർക്കേണ്ടത് തീവ്ര ഹിന്ദുത്വത്തെയാണ്. അതിനെ മാത്രമാണ്. കാരണം ഇന്ത്യൻ സാഹചര്യത്തെ ഇന്നു കലുഷിതമാക്കുന്നത് ആ ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളാണ് എന്നുള്ള ഒരു തിരിച്ചറിവിൽ ആ ഒരു നിശ്ചയദാർഢ്യത്തോടെയുളള പ്രവർത്തനത്തിനു പകരം ഹിന്ദുതീവ്രവാദമുണ്ട്, മുസ്ലിം തീവ്രവാദമുണ്ട് ആ രീതിയിൽ ഹിന്ദുസമൂഹവും പിണങ്ങരുത് മുസ്ലിം സമൂഹവും പിണങ്ങരുത് എന്ന കൃത്യമായിട്ടുള്ള രാഷ്ട്രീയ കല ഇവിടെ കാണാം. ഈയൊരു രാഷ്ട്രീയ കല എന്നു പറയുന്നത് സി.പി.ഐ.എം വളർത്തിയെടുത്ത രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമാണ്. അതുമാത്രമാണ് തെറ്റ് എന്ന് ഊന്നിപ്പറയേണ്ട സാഹചര്യത്തിൽ പോലും അതും തെറ്റാണ് ഇതും തെറ്റാണ് എന്നു പറയുമ്പോഴുണ്ടാകുന്ന ഒരു സംഭവമുണ്ടല്ലോ. അതിനെ എങ്ങനെയാണ് കാണുന്നത്?

രാജ്യത്ത് ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കുമൊക്കെ വലിയ വെല്ലുവിളി ഉയർത്തുന്നത് ആർ.എസ്.എസും സംഘപരിവാറുമാണ്. അക്കാര്യത്തിൽ ആർക്കാണ് സംശയം. മുഖ്യമായിട്ടുള്ള വിപത്ത് ആർ.എസ്.എസിൽ നിന്നാണ്. പക്ഷേ ആ തീവ്രഹിന്ദുത്വ ശക്തിക്ക് ഇന്ധനം പകർന്നുകൊടുക്കുക, ഇതാണ് ഇസ്ലാമിക തീവ്രവാദികളായിട്ടുള്ള കക്ഷികൾ ചെയ്യുന്നത്. ഇപ്പോൾ നരേന്ദ്രമോദി തന്നെ പാർലമെന്റിൽ പ്രസംഗിക്കുന്നസമയത്ത് പറഞ്ഞല്ലോ കേരളത്തിൽ അക്രമസംഭവങ്ങൾ നടത്തി എന്നൊക്കെ. അപ്പോൾ പൗരത്വം സംരക്ഷിക്കുന്നതിനുവേണ്ടി അല്ലെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവരുടെ യോജിപ്പായിട്ടാണ് വരേണ്ടത്. എന്തെങ്കിലും ഒരു നേട്ടമുണ്ടാക്കാൻ വേണ്ടി അപ്പുറത്തും ഇപ്പുറത്തും പറയുകയെന്നതല്ല സി.പി.ഐ.എം കൈക്കൊള്ളുന്ന നിലപാട്. മറിച്ച് യാഥാർത്ഥ്യം നമ്മുടെ മുമ്പിലുണ്ടല്ലോ. കാരണം ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ശക്തികളാണ് ഒത്തുചേരേണ്ടത്. അതിനുവേണ്ടി കേരളത്തിലെ മുഖ്യമന്ത്രി തന്നെ മുെൈൻകയടുത്തല്ലോ.

ഡിസംബര് 16ന് തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് സമീപനം നടത്തിയ ഉപവാസം. അവിടെ കോൺഗ്രസിന്റെ രമേശ് ചെന്നിത്തലയുണ്ട്, ഇപ്പുറത്ത് മുനീറുണ്ട്, ഇടതുപക്ഷ നേതാക്കന്മാരുണ്ട്, വലതുപക്ഷ നേതാക്കന്മാരുണ്ട്, സാമുദായിക സംഘടനാ നേതാക്കന്മാരുണ്ട്, നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരുണ്ട്. എല്ലാവരേയും ഒന്നിച്ചു നിർത്തിക്കൊണ്ട് രാജ്യത്തിനു തന്നെ ഒരു സന്ദേശം കൊടുത്ത ഡിസംബർ 16ന്റെ ആ ഇടപെടൽ മാതൃകയായിട്ടുള്ള ഒരു കാര്യമാണ്.

അതേസമയം ഡിസംബർ 17ന് കേരളത്തിൽ ഒരു ഹർത്താൽ നടത്തിയല്ലോ. 16ന് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരേയും ഒത്തുചേർത്തുകൊണ്ടുള്ള ഒരുപരിപാടി. തൊട്ടുപിറ്റേദിവസം ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടി വെൽഫെയർ, പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടി എസ്.ഡി.പി.ഐ നടുക്ക് വേറൊരു കക്ഷി. നിരോധിക്കപ്പെട്ട ഇന്ത്യൻ മാവോയിസ്റ്റുകളുടെ കേരളത്തിലെ പ്രകടിത രൂപം പോരാട്ടത്തിന്റെ നേതാവ് രാവുണ്ണി. അപ്പോൾ ഇവരെല്ലാം തീവ്രവാദ ശക്തികളാണ്. ഇവർ ഡിസംബർ 17ന് യോജിച്ചുകൊണ്ട് ഒരു ഹർത്താലിന് ആഹ്വാനം ചെയ്തതോടു കൂടി കേരള രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെട്ടു എന്നതാണ് സി.പി.ഐ.എം വിലയിരുത്തുന്നത്. അതിനെ അതിന്റെ ഗൗരവത്തിൽ കാണേണ്ടതുണ്ട്.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് മുഖ്യവിപത്ത് സംഘപരിവാരമാണ്. പക്ഷേ അവരുടെ ഉദ്ദേശം വിജയിപ്പിക്കത്തക്ക രീതിയിലാണ് ജമാഅത്തെ ഇസ്ലാമി പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ ഇടപെടൽ.

പൗരത്വ സംബന്ധിക്കുന്ന വലിയ ഉത്കണ്ഠകളിലൂടെയാണ് ഇന്ത്യൻ സമൂഹം കടന്നുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ ന്യൂനപക്ഷങ്ങളെ മാത്രമല്ല മതനിരപേക്ഷബോധമുള്ള എല്ലാ മനുഷ്യരേയും സാന്ത്വനിപ്പിക്കുകയും അവർക്ക് ഉറച്ച പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്. കേരളം ഒരു സംസ്ഥാനമാണ്. കേന്ദ്രമാണ് കാര്യങ്ങൾ നടപ്പിലാക്കുക. ഈയൊരു സംഭവത്തിനിടയിൽ മുസ്‌ലിം സംഘടനകൾ, അടിസ്ഥാനപരമായി അവരെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നതുകൊണ്ട്, മുസ്‌ലീങ്ങൾ മാത്രമാണിവിടെ മാർക്കു ചെയ്യപ്പെടുന്നത് എന്നതുകൊണ്ട് മതാടിസ്ഥാനത്തിലുള്ള അത്തരം പ്രകടനങ്ങളും കൂട്ടായ്മകും സ്വാഭാവുകമായും ഉണ്ടാവുന്നതല്ലേ. അതിനെ സി.പി.ഐ.എം എതിർക്കുന്നത്, അതിനുനേരെ ഉയർത്തുന്ന തടസവാദങ്ങൾ സ്വാഭാവികമായും മുസ്‌ലിം സമൂഹത്തിൽ എതിർപ്പുണ്ടാക്കില്ലേ?

പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ, രണ്ടാം മോദി സർക്കാർ പാർലമെന്റിൽ കൊണ്ടുവന്ന പലതും മുസ്‌ലീങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ്. ഇത്തരം നിയമങ്ങളൊക്കെ എതിർക്കപ്പെടേണ്ടതാണ്. പരാജയപ്പെടുത്തേണ്ടതാണ്. പക്ഷെ അത് മുസ്‌ലിം പ്രശ്‌നമായിട്ട് മാത്രം ചുരുക്കാനല്ല സി.പി.ഐ.എം ഉദ്ദേശിക്കുന്നത്.

മുസ്‌ലിം സമുദായങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ഇത്തരം കടന്നാക്രമണങ്ങൾ നടത്തുമ്പോൾ സ്വാഭാവികമായും മുസ്‌ലിം സമുദായത്തിൽ സ്വത്വബോധമുണ്ടാവും. അതിന്റെ അടിസ്ഥാനത്തിൽ വികാരങ്ങളുമുണ്ടാവും. അതുകൂടി പരിഗണിക്കണമെന്നാണ് സി.പി.ഐ.എം തീരുമാനിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം സമുദായത്തിലെ സമുദായ സംഘടനകൾ അത് ഇ.കെ വിഭാഗമായാലും എ.പി വിഭാഗമായാലും, സമസ്ത സംഘടനകളുടെ നേതാക്കന്മാർ ഇടതുപക്ഷത്തിന്റെ വേദിയിലാകെ വന്ന് സംസാരിക്കുന്ന സാഹചര്യമുണ്ടല്ലോ. അവരുടെ നിരവധിയാളുകളാണ് ഇടതുപക്ഷം ആഹ്വാനം ചെയ്ത മനുഷ്യമഹാ ശൃംഖലയിൽ പങ്കെടുത്തത്. മുജാഹിദിലെ മൂന്ന് സംഘടനാ നേതാക്കന്മാരും ഇപ്പോൾ ഭരണഘടനാ സംരക്ഷണ സമിതികളിലൊക്കെ സഹകരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

മുസ്‌ലിം സമുദായത്തിനകത്ത് ഉണ്ടാവുന്ന വികാരങ്ങളെ ന്യായമായ നിലയിൽ പരിഗണിക്കണം. അതേസമയം ആർ.എസ്.എസ് പോലെയുള്ള ശക്തികളുടെ ലക്ഷ്യം ഇന്ത്യാ രാജ്യത്ത് ഹിന്ദു മുസ്‌ലിം വേർതിരിവുണ്ടാക്കുകയെന്നതാണ്. അതിനു സഹായകരമായ രീതിയിൽ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. അതേ സി.പി.ഐ.എം പറയുന്നുള്ളൂ.

അണികളുടെ പോസ്റ്റുകളിലും മറ്റും സഖാവ് പി. ജയരാജനെ ഒതുക്കുന്നുവെന്ന തരത്തിൽ ഒരു അമർത്തിപ്പിടിച്ച സങ്കടം കാണുന്നുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അങ്ങനെ ഒതുക്കിയിട്ടുള്ള ഒരു സംഭവം ഇല്ലല്ലോ. ഞാനിപ്പോൾ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസരത്തിൽ എന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. അപ്പോൾ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയണം എന്ന് പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഞാനിപ്പോൾ സ്‌റ്റേറ്റ് കമ്മിറ്റി മെമ്പറായിട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് നേതാക്കന്മാരുമായിട്ടുളള വ്യക്തിപരമായിട്ടുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ട്.

അനിശ്ചിതമായ, സംഘർഷ ഭരിതമായ അവസ്ഥയിലൂടെയാണ് ഇന്ത്യൻ സമൂഹം, മുസ്‌ലീങ്ങൾ, കമ്മ്യൂണിസ്റ്റുകാർ, കീഴാളർ, ദളിതർ എല്ലാവരും കടന്നുപോകുന്നത്. ഇതങ്ങനെ തീരുമെന്നാണ് ദീർഘമായിട്ടുളള രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സഖാവിന് തോന്നുന്നത്?

നമ്മൾ പ്രതീക്ഷവെച്ചു പുലർത്തേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയല്ലോ, അതിനെത്തുടർന്ന് ഏറ്റവും ഒടുവിൽ ഇപ്പോൾ ദൽഹി കലാപം നടന്നു. കൃത്യമായിട്ട് ആർ.എസ്.എസ് ആസൂത്രണം ചെയ്ത കലാപമാണ്. അതിന്റെ ഭാഗമായിട്ട് ചില മുസ്‌ലീങ്ങളുടെ ഭാഗത്തുനിന്നും തിരിച്ചടികൾ ഉണ്ടായിട്ടുണ്ട് എന്ന് നമ്മൾ മനസിലാക്കണം. അത് യഥാർത്ഥത്തിൽ ആർ.എസ്.എസിന്റെ ഉദ്ദേശം വിജയിക്കുന്ന തരത്തിലേക്കാണ് എത്തിക്കുക. കാരണം ഒരു ധ്രുവീകകരണം വന്നാൽ അതിന്റെ നേട്ടം ബി.ജെ.പിക്കാണ്. സംഘപരിവാരത്തിനാണ്. അതാണ് അവരുദ്ദേശിച്ചത്.

അതിന് അവർ പാർലമെന്റിൽ നിയമം പാസാക്കി. കേരളത്തിലെ നിയമസഭ അത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. ബി.ജെ.പിക്കാർ ബഹളംവെച്ചു. പാർലമെന്റിനാണ് ജനാധിപത്യത്തിലെ പരമാധികാരം, അതിനെ വെല്ലുവിളിക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടോ എന്നതാണ് അവർ ചോദിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ പരമാധികാരികൾ ജനങ്ങളാണ്. ജനങ്ങളാണ് പരമാധികാരികൾ എന്ന തത്വം ഇന്ത്യയിൽ ഉയർത്തിപ്പിടിക്കാൻ ജനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. അതാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത്. ബി.ജെ.പി സർക്കാരാണ് അവിടെ അധികാരത്തിലുണ്ടായിരുന്നത്. നിയമം വരുന്നതിനു മുമ്പേ. ബി.ജെ.പി നേതാക്കന്മാര് നിയമത്തിന് അനുകൂലമായി വലിയ പ്രസംഗം നടത്തി. പൂച്ചയെ പിടിച്ച് പുറത്താക്കുന്നതുപോലെയല്ലേ ജാർഖണ്ഡിലെ ജനവിധി വന്നത്. ബി.ജെ.പി സർക്കാർ പുറത്തായത്.

അതിനുശേഷം ഡൽഹിയിൽ തെരഞ്ഞെടുപ്പു നടന്നു. ഞങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്ന് ബി.ജെ.പി അഹങ്കരിച്ചു. വലിയ വിദ്വേഷ പ്രചരണം നടത്തി. പക്ഷേ അവിടെ അവർ ലക്ഷ്യംകണ്ടില്ല. ജനാധിപത്യ വ്യവസ്ഥയിൽ അന്തിമ വിധികർത്താക്കൾ ജനങ്ങളാണ് എന്നുള്ള തത്ത്വം
തീർച്ചയായിട്ടും ശരിയായിട്ടുവരും. അങ്ങനെ വരുമ്പോൾ ബി.ജെ.പിക്ക് എതിരായിട്ട് അതിശക്തമായ ജനകീയ മുന്നേറ്റം രാജ്യത്തുടനീളം ശക്തിപ്പെടും. അപ്പോൾ നമുക്ക് പ്രതീക്ഷാ നിർഭരമായിട്ടുളള നാളുകൾ തന്നെയാണ് വരാൻ പോകുന്നത്.

അത്ര വലിയ സഹനത്തിന്റെ ചരിത്രം ഇന്ത്യയിൽ മുമ്പുണ്ടായിട്ടുണ്ട്. ഭാവിയിലും അത്തരം വലിയ സഹനങ്ങളിലൂടെ ഇന്ത്യൻ ജനത കടന്നുപോകുമായിരിക്കും. അപ്പോഴും ഇടതുപക്ഷ സർക്കാറിന്റെ ജനക്ഷേമകരമായ പല പ്രവർത്തനങ്ങൾക്കിടയിലും ചില വലിയ വിമർശനങ്ങൾ വരുന്നുണ്ട്. ഉദാഹരണത്തിന് അലൻ താഹ വിഷയത്തിൽ. ഒരു ഇടതുപക്ഷ സർക്കാറിൽ നിന്ന് പൗരന്മാർ പ്രതീക്ഷിക്കുന്ന ചില പ്രവർത്തന രീതികളുണ്ട്. അതിന്റെ പൊലീസ് നയങ്ങളിൽ. രണ്ട് ചെറുപ്പക്കാരാണ് തടവിലുള്ളത്. അടിയന്തരാവസ്ഥകാലത്തെ രാജന്റെ ചരിത്രം നമുക്കറിയാം. അടിയന്താരാവസ്ഥയുടെ ഇരയാണ് പിണറായി വിജയൻ. എത്രയോ അടികൊണ്ട ചരിത്രം അദ്ദേഹത്തിന് ചരിത്രത്തിനു മുന്നിൽ പറയാനുണ്ട്. അങ്ങനെയുള്ള പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രണ്ട് ചെറുപ്പക്കാർ തടവിലിരിക്കുന്നത് ?

കുട്ടികളാണെങ്കിലും യുവാക്കളാണെങ്കിലും അവർ നിയമത്തിന്റെ മുമ്പിൽ തെറ്റ് ചെയ്താൽ സ്വാഭാവികമായിട്ടും പൊലീസ് നടപടിയെടുക്കുമല്ലോ. പൊലീസ് നടപടിയാണ് ഇപ്പോളുണ്ടായത്. ആ പൊലീസ് നടപടിയൊക്കെ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടാണ് എന്നാണ് വലതുപക്ഷക്കാര് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത് വസ്തുതയല്ലല്ലോ.

അലനും താഹയും സി.പി.ഐ.എമ്മിന്റെ മെമ്പർമാരാണ്. ഇപ്പോഴവരെ പുറത്താക്കിയിട്ടുണ്ട്. എന്തുകൊണ്ട്, സി.പി.ഐ.എമ്മിന്റെ മെമ്പർമാരായിരുന്നുകൊണ്ട് അവർ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തി. അത് പൊലീസ് റിപ്പോർട്ടല്ല. പാർട്ടി അന്വേഷിച്ച് കണ്ടെത്തിയതാണ്. അവർ കണ്ണൂർ ജില്ലയിലെ പാലയാട് ലീഗൽ സ്റ്റഡീസ് സെന്ററിലാണല്ലോ പ്രവർത്തിക്കുന്നത്. അവർ മാവോയിസ്റ്റ് സംഘടനാ പ്രവർത്തനം നടത്തിയതായിട്ടുള്ള കൃത്യമായ വിവരമുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അവർ ചെയ്യാൻ പാടില്ലാത്ത കാര്യമാണത്.

ചിലരെല്ലാം പ്രചരിപ്പിക്കുന്നത് അവർ മുസ്‌ലിം ചെറുപ്പക്കാരായതുകൊണ്ട് അവരെ മാവോയിസ്റ്റ് മുദ്രകുത്തി പിടിച്ചുവെന്നാണ്. അതല്ലല്ലോ വസ്തുത. കോഴിക്കോട്ട് നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് ഇപ്പോഴും പിടിയിലായിട്ടില്ല. ആ മാവോയിസ്റ്റ് അലന്റെ താമസസ്ഥലത്ത് വന്നിട്ടുണ്ട്. താമസിച്ചിട്ടുണ്ട്. അതിനെക്കുറിച്ചെല്ലാം കൃത്യമായിട്ടുള്ള വിവരമുണ്ട്. കൂടുതൽ കാര്യങ്ങളുണ്ട്. അതിപ്പോൾ അന്വേഷണത്തിലിരിക്കുന്ന വിഷയമായതുകൊണ്ട് പറയുന്നില്ല.

രണ്ട് യുവാക്കൾ വഴിതെറ്റിപ്പോയി എന്നു തന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. ആ വഴിതെറ്റിയത് പാർട്ടി മെമ്പർമാരാണ്. പാർട്ടി നടപടിയെടുത്തു.

ആ വഴിതെറ്റിയ ചെറുപ്പക്കാർ തിരിച്ചുവരണം. അവര് പറയട്ടെ, 'ഞങ്ങൾ വഴിതെറ്റിപ്പോയിട്ടുണ്ട്, ഞങ്ങൾ സി.പി.ഐ.എം മെമ്പർമാരെന്ന നിലയ്ക്ക് പാർട്ടിയുടെ രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കേണ്ടത്, അതിനുപകരം ഞങ്ങൾ വഴിതെറ്റിപ്പോയിട്ടുണ്ടെന്ന് പറയട്ടെ, അവരെ തിരിച്ചുകൊണ്ടുവരാം.

അതേസമയം, അവർക്കെതിരെ യു.എ.പി.എ ചുമത്തിയതാണെങ്കിൽ അതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവാദിയല്ല. നിലവിൽ നിയമപുസ്തകങ്ങളിൽ യു.എ.പി.എ നിയമമുണ്ട്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥൻ യു.എ.പി.എ ചുമത്തി. മുഖ്യമന്ത്രി കൃത്യമായും സഭയിൽ പറഞ്ഞല്ലോ, കുറ്റപത്രം കൊടുക്കുന്ന സമയത്ത് സംസ്ഥാന ഗവൺമെന്റിന്റെ അനുമതി വേണമല്ലോ. ആ ഘട്ടത്തിൽ ഞങ്ങളത് പരിശോധിക്കുമെന്ന്.

പിണറായി വിജയൻ വളരെ ആദരവോടെ എല്ലാവരും കാണുന്ന നേതാവാണ്. അവരെ പിടിച്ചുകൊണ്ടുപോയത്, ചായകുടിക്കുമ്പോഴല്ല എന്നൊക്കെ പറയുന്നത് അത്രയും ഉയരത്തിൽ നിൽക്കുന്ന ഒരു സഖാവ് അത്തരം പരാമർശങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ?

അദ്ദേഹം മുഖ്യമന്ത്രി മാത്രമല്ല. സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. ഞാൻ ചോദിക്കുന്നത് ഇപ്പോൾ താഹ മാനേജിങ് ഡയറക്ടറായിട്ടുളള ഒരു സ്ഥാപനത്തിന് അകത്ത് ജോലി ചെയ്യുന്നയാള് ആ സ്ഥാപനത്തിന്റെ താൽപര്യത്തിന് കടകവിരുദ്ധമായ നടപടിയെടുത്തുവെന്ന് കണ്ടാൽ താങ്കൾ അവരെ സംരക്ഷിക്കുമോ? അതാണ് സഖാവ് പിണറായിയെടുത്ത നിലപാടിന്റെയും അർത്ഥം.

വളരെ ഉജ്ജ്വലമായ രാഷ്ട്രീയ ചരിത്രമുള്ള പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐയൊക്കെ ഒഴിഞ്ഞ ഇടങ്ങളിലാണ് ഈ വെൽഫെയർ പാർട്ടിയും പോപ്പുലർ ഫ്രണ്ടുമൊക്കെ വരുന്നത്. കേരളീയ യുവത്വത്തെ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ച സംഘടനകളാണ് ഡി.വൈ.എഫ്.ഐയെപ്പോലുള്ള സംഘടനകൾ. ഇന്നത് തെരുവിലുണ്ടോ?

പാർട്ടി ഒഴിച്ചിടുന്ന സ്ഥലങ്ങളിലാണ്, പാർട്ടി ഏതെങ്കിലും തരത്തിൽ കണ്ടില്ലെന്നു നടിക്കുന്ന സ്ഥലങ്ങളിലാണ് മറ്റുപലരും വരുന്നത് എന്ന ആലോചന പാർട്ടിക്കുണ്ടോ?

പാർട്ടി ഒഴിച്ചിടുന്ന സ്ഥലങ്ങളില്ല. എല്ലാ മേഖലയിലും പാർട്ടി ഇടപെടുന്നുണ്ട്. ഈ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയുമൊക്കെ കടന്നുവരുന്നത് ചില പ്രത്യേക സാഹചര്യത്തിലാണ്. ആ സാഹചര്യം കൃത്യമായി വിലയിരുത്തിക്കൊണ്ട് അത് തുറന്നുകാണിക്കാനാണ് സി.പി.ഐ.എം പരിശ്രമിക്കുന്നത്. മാവോയിസ്റ്റുകളും ഇസ്‌ലാമിസ്റ്റുകളും പരസ്പരം സഹകരിക്കുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ മാവോയിസ്റ്റ് രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവർ ഒന്നോ രണ്ടോ പേരാണുണ്ടാവുക. അവരെ പ്രയോജനപ്പെടുത്തിക്കൊണ്ട്, എന്നു പറഞ്ഞാൽ മാവോയിസ്റ്റുകൾ എന്നു പറയുന്നത് സമൂഹത്തിൽ എന്തോ വിപ്ലവമുണ്ടാക്കാൻ പോകുന്നവരാണെന്ന് വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ തോന്നലുണ്ടാക്കുക. യുവാക്കളാണല്ലോ. അപ്പോൾ അവർക്ക് മാറ്റമുണ്ടാവണം. വിപ്ലവം നടക്കണം എന്നൊക്കെയുള്ള തോന്നലുള്ള ആളുകളെ ആ രംഗത്ത് വഴിതെറ്റിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയായിട്ടുള്ള ഫ്രറ്റേണിറ്റിയാണ്. അവർക്ക് കുറച്ച് ചെറുപ്പക്കാരുണ്ട്. അതുകൊണ്ട് ഡി.വൈ.എഫ്.ഐയല്ല അവിടെ ഇല്ലാതാവുന്നത്. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ ക്യാമ്പസുകളിലുണ്ട്. അതേസമയം ഈ ഫ്രറ്റേണിറ്റിപോലെ, ക്യാമ്പസ് ഫ്രണ്ടിനെപോലെയുള്ള സംഘടനകൾ, അവരാണ് വിദ്യാർത്ഥികളേയും മറ്റും വഴിതെറ്റിക്കാൻ ശ്രമിക്കുന്നത്. അവര് മവോയിസ്റ്റുകളേയും പ്രോത്സാഹിപ്പിക്കുന്നു. കാരണം വിപ്ലവം വേണം എന്ന ചിന്തയുള്ള വിദ്യാർത്ഥികൾക്കിടയിൽ ഇതിനെ പ്രോത്സാഹിപ്പിക്കുക എന്നിട്ട് ഇവരുടെ വിജ്ഞാന വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുക അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

അടുത്ത കാലത്ത് നാദാപുരത്താണെന്നു തോന്നുന്നു ജമാഅത്തെ ഇസ്‌ലാമി നേതൃത്വം കൊടുക്കുന്ന പള്ളികളിൽ ആർ.എസ്.എസുകാർക്ക് പ്രസംഗം കേൾക്കാനുള്ള അവസരം കൊടുത്തെന്ന് വാർത്ത കണ്ടു. ആർ.എസ്.എസിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രവർത്തന രീതികളെ താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?

ആർ.എസ്.എസുകാർക്ക് വേദികൊടുക്കുന്നതിൽ മുസ്‌ലിം ലീഗിന്റെ ചില നേതാക്കളും പോകുന്നുണ്ട് എന്നാണ് റിപ്പോർട്ട്. എന്താണോ ആർ.എസ്.എസ് ലക്ഷ്യമിടുന്നത്- ഹിന്ദുരാഷ്ട്രം- അതിന് മറുപതിപ്പാണ് ഇസ്‌ലാമിക രാഷ്ട്രം. ഐ.എസിലേക്ക് ചില ചെറുപ്പക്കാരൊക്കെ കേരളത്തിൽ നിന്ന് പോകുകയാണ്. നൂറിലധികം ചെറുപ്പക്കാർ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. സിറിയയിൽ പോയി അഫ്ഗാനിസ്ഥാനിൽ പോയി അവിടുത്തെ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടാൽ വിശുദ്ധ സ്വർഗം കിട്ടുമെന്ന മതഭ്രാന്തിന് അടിപ്പെട്ടുകൊണ്ടാണ്. ആ മതഭ്രാന്തിനെ നമ്മൾ തുറന്നുകാണിക്കണം. അതേസമയം മതവിശ്വാസികളെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റണം. അതാണ് സി.പി.ഐ.എമ്മിന്റെ കാഴ്ചപ്പാട്.

ഇസ്‌ലാമിക രാഷ്ട്രം മുന്നോട്ടുവെച്ചിട്ടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. അവർ സായുധ സംഘമൊന്നുമല്ല. അവർ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ അങ്ങേയറ്റം അപകടകരമായിട്ടുളള ആശയമാണ് മുന്നോട്ടുവെക്കുന്നത്. വംശശുദ്ധിയാണല്ലോ ആർ.എസ്.എസ് മുന്നോട്ടുവെക്കുന്നത്. നമ്മൾ ചരിത്രം പഠിക്കുന്ന അവസരത്തിൽ നമുക്ക് ബോധ്യമാകുന്നത്

വംശശുദ്ധി പറഞ്ഞിട്ടുള്ള ലോകത്തിലെ എല്ലാശക്തികളും ജനാധിപപത്യത്തെ നശിപ്പിക്കാനാഗ്രഹിക്കുന്ന ശക്തികളാണ്. ഉദാഹരണത്തിന് ജർമ്മനിയിലെ ഹിറ്റ്‌ലർ. അദ്ദേഹത്തിന്റെ ആത്മകഥയാണല്ലോ മെയിൻ കാഫ്. ആര്യന്മാരുടെ വംശശുദ്ധി. മുസോളിനി പറഞ്ഞതെന്താണ്. വംശങ്ങളുടെ അവകാശ പത്രികയെന്ന പേരിലാണ് മുസോളിനിയുടെ ആശയം. ബ്രിട്ടീഷ് കോമൺ സഭയിൽ യാഥാസ്ഥിതിക കക്ഷിയുടെ പ്രതിനിധിയായിട്ടുള്ള സ്റ്റാൻലി ബാൾഡ്‌വിൻ നടത്തിയിട്ടുളള പ്രസംഗത്തിലും വംശശുദ്ധിയാണ് പറയുന്നത്. ശ്രേഷ്ഠമായ ആര്യവംശത്തിന്റെ രണ്ട് ശാഖകൾ ഒത്തുചേർന്നിരിക്കുകയാണെന്നാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ സംബന്ധിച്ച് അദ്ദേഹം സഭയിൽ പ്രസംഗിച്ചത്. ആര്യന്മാരുടെ വംശശുദ്ധിയെപ്പറ്റിയാണ് ഇവിടെ ആർ.എസ്.എസും പറയുന്നത്. അതിന് പകരമായിട്ട് ഇസ്‌ലാമിന്റെ വംശശുദ്ധി, ഇസ്‌ലാമിക രാഷ്ട്രം, ഇസ്‌ലാമിന്റെ നിയമങ്ങളായിരിക്കും രാഷ്ട്ര നിയമങ്ങൾ എന്നാണ് ജമാഅത്തെ ഇസ് ലാമി പറയുന്നത്. മതവും രാഷ്ട്രീയവും വേർപെട്ടു കിടക്കണമെന്ന സെക്കുലറിസത്തിന്റെ ധാരണയ്ക്ക് കടകവിരുദ്ധമായിട്ടാണ് ഈ പറഞ്ഞ വംശശുദ്ധി. അതിന്റെ അടിസ്ഥാനത്തിൽ ജനാധിപത്യത്തിന് എതിരായിട്ടുള്ള നിലപാടുകൾ ആധുനിക മനുഷ്യ സമൂഹം ശക്തമായിട്ട് എതിർത്ത് തോൽപ്പിക്കണം. അല്ലെങ്കിൽ നമ്മൾ കാടൻ യുഗത്തിലേക്ക് തിരിച്ചുപോകും.

Comments