ഖാലിസ്​ഥാനികൾ, സമ്പന്നർ...ആ​ ആക്ഷേപങ്ങൾ കർഷകരെ അപരരാക്കാൻ വേണ്ടി

Truecopy Webzine

കേന്ദ്ര സർക്കാറിനെതിരെ വിരൽ ചൂണ്ടുന്ന ആ കർഷകർ ആരാണ്​?
സമരമുഖത്തുനിന്ന്​ രണ്ട്​ ദൃക്​സാക്ഷ്യങ്ങൾ
ട്രൂ കോപ്പി വെബ്​സീൻ അവതരിപ്പിക്കുന്നു

‘‘ഡൽഹിയിൽ നിയമിക്കപ്പെട്ടിട്ടുള്ള പൊലീസുകാരിൽ ഭൂരിപക്ഷവും കാർഷിക വീടുകളിൽ നിന്ന് വരുന്നവരാണ്. അവരിൽ ഭൂരിപക്ഷം പേരുടെയും കുടുംബാംഗങ്ങൾ കർഷകരാണ്. തങ്ങൾ അടിച്ചൊതുക്കുന്ന കർഷകർ, ആത്യന്തികമായി തങ്ങളുടെ അവകാശങ്ങൾക്കാണ് പൊരുതുന്നതെന്ന ചിന്ത ഈ പൊലീസ്-സൈനികരിൽ ശക്തമായി വേരോടിയിട്ടുണ്ട്. പ്രക്ഷോഭകരുടെ അടുക്കളയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന പോലീസുകാരും, അവരെ ഊട്ടുന്ന പ്രക്ഷോഭകരും വിനിമയും ചെയ്യുന്ന വികാരങ്ങൾ ഹിന്ദുത്വ സർക്കാരിനെ വളരെ നന്നായിട്ടുതന്നെ ഇളക്കിയിട്ടുമുണ്ട്. ഈ ദൃശ്യങ്ങൾ ഹിന്ദുത്വ പ്രചാരണ യന്ത്രങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കാണാം. അതുകൊണ്ടാണ് പ്രക്ഷോഭം തുടങ്ങി അഞ്ചാം ദിവസത്തിനുള്ളിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മൂന്നു തവണ പ്രതിനിധികളെ അയക്കേണ്ടി വരുന്നത്’’

‘‘കോർപ്പറേറ്റുകൾക്കു കിട്ടുന്ന സബ്‌സിഡികളോ, എഴുതിത്തള്ളലുകളോ ഇന്ത്യയിലെ കർഷകർക്ക് കിട്ടുന്നില്ല. കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ മൂന്നുലക്ഷത്തോളം കർഷകരും, കാർഷിക തൊഴിലാളികളുമാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്, പഞ്ചാബിൽ മാത്രം ഇരുപത്തിനായിരത്തിൽ കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടാവും. സർക്കാരിന്റെ കണക്കനുസരിച്ചു മാത്രം രണ്ടുവർഷം മുൻപുവരെ പതിനാറായിരം കർഷകരാണ് പഞ്ചാബിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്. പാവപ്പെട്ടവരിൽ നിന്നെടുത്ത്, കോർപ്പറേറ്റുകൾക്കു കൊടുക്കുന്ന ഒരു ക്രോണി കാപിറ്റലിസ്റ്റ്​സാമ്പത്തികാവസ്ഥയുടെ ബലിയാടുകളാണ് ഈ കർഷകർ എന്നുതന്നെ പറയാം. ഹിന്ദുത്വ രാഷ്ട്രീയത്തെ പൂർണമായി സഹായിക്കാൻ പറ്റുന്ന ഘടനയാണ് ഈ സാമ്പത്തികാവസ്ഥ. അതുകൊണ്ടുതന്നെയാണ് "എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം' എന്ന അവരുടെ മുദ്രാവാക്യം, "എല്ലാവരുടെയും വിനാശം' എന്ന രീതിയിൽ കാർഷിക മേഖലയിൽ അനുഭവപ്പെടുന്നത്. അതുമൂലം ബ്രാഹ്മിൺ-ബനിയ ലോബിയുടെ രാഷ്ട്രീയ-സാമൂഹ്യ മേധാവിത്വത്തെ പൂർണ്ണമായും ഉറപ്പിക്കുക എന്ന അജണ്ടയും നടപ്പിലാക്കാൻ പറ്റും.

‘‘പഞ്ചാബിലെ കർഷക കൂട്ടായ്മകളിൽ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തു നിൽക്കുന്നതാണ്. ഒരിക്കലും "ഖാലിസ്ഥാൻ' ആശയത്തെ പിന്തുണക്കുന്നതായിരുന്നില്ല ഇടതുപക്ഷ രാഷ്ട്രീയം. അവർ നിലനിന്നിരുന്നത് അതിനെതിരായിട്ടാണ്. അവരുടെ പിന്തുണ സ്റ്റേറ്റിനായിരുന്നു. ഇടതുപക്ഷം പ്രോ-നേഷൻ ആയിരുന്നു. ’’

പ്രമുഖ ഇംഗ്ളീഷ് നോവലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനും പഞ്ചാബിയുമായ അമൻ ദീപ് സന്ധുവുമായിഡോ. യാസ്സർ അറഫാത്ത് പി.കെ സംസാരിക്കുന്നു: നാല് വറ്റുകളിൽ ഒന്ന് ഞങ്ങളിൽനിന്നാണ്, അതുകൊണ്ട് ഈ സമരം ഞങ്ങളുടെ അവകാശമാണ്...

‘‘ജനങ്ങളുടെ നേതൃത്വം തന്നെ കർഷകരും തൊഴിലാളികളുമായി മാറിയിരിക്കുകയാണ്. ഒരു സമരം പ്രഖ്യാപിക്കുക, അവിടെ സീതാറാം യെച്ചൂരി വന്ന് സംസാരിക്കുക- അങ്ങനെയല്ല ഇത്തരമൊരു സമരം നടത്തേണ്ടത്. അതായത്, സീതാറാം യെച്ചൂരി, ഡി. രാജ, ദീപാങ്കുർ ഭട്ടാചാര്യ തുടങ്ങിയവരെപ്പോലുള്ള ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളല്ല സമരം നടത്തേണ്ടത്, സമരം നടത്തേണ്ടത് യഥാർത്ഥ കൃഷിക്കാരും തൊഴിലാളികളുമാണ്. അവരല്ലേ നേതാക്കൾ. സീതാറാം യെച്ചൂരി ഒരു പാർട്ടിയുടെ നേതൃത്വത്തിലിരിക്കുന്ന ആളാണ്, അല്ലെങ്കിൽ ദീപാങ്കർ, രാജ. അവർക്കപ്പുറത്ത് എത്രയോ ഇടതുപക്ഷ ഗ്രൂപ്പുകളുണ്ട്. വളരെ സൂക്ഷ്മമായി രാഷ്ട്രീയ മുന്നേറ്റം നടത്തി നിലപാടെടുത്ത് ആളുകളെ ബോധവത്കരിക്കുന്നവർ. ഇവരെല്ലാം കൂടുന്നതാണ് ഇടതുപക്ഷം. ഒരു പാർട്ടിയുണ്ടാക്കുന്നതല്ലല്ലോ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം. വർഗരാഷ്ട്രീയമല്ലേ അത്. ആ വർഗമല്ലേ നേതാവ്, തൊഴിലാളിയാണ് നേതാവ്.
ഡൽഹിയിലേക്കുനോക്കൂ; സാധാരണ കർഷകനും തൊഴിലാളിയും തികഞ്ഞ ബോധ്യത്തോടെ മറുപടി പറയുകയാണ്. കർഷകൻ തന്റെ മുന്നിലുള്ള മാധ്യമപ്രവർത്തകനോട് ചോദിക്കുന്നു: ""നീയാരാണ്, ഏത് ചാനലിൽ നിന്നാണ്, എന്താണ് അറിയേണ്ടത്, ഇവിടെ ഇരിക്ക്, ഞാൻ പഠിപ്പിച്ചുതരാം''.

വ്യക്തികളല്ല,
വർഗം തന്നെയാണ്​ നേതാവ്​

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യ കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ്, സമരത്തിന്റെ രാഷ്ട്രീയത്തെയും ഭാവിയെയും കുറിച്ച് സംസാരിക്കുന്നു

വായിക്കാം, കേൾക്കാം. ട്രൂ ​കോപ്പി വെബ്​സീനിൽ | Truecopy Webzine

Comments