കർഷക സമരം ചെറുക്കുന്നത് വർഗീയതയെ കൂടിയാണ്

ഈ അടുത്ത കാലത്ത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വർഗീയതയെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞത് കർഷക സമരത്തിനാണ്. ഇന്ത്യയിൽ തൊഴിലാളി- കർഷക ഐക്യത്തിലൂടെ രൂപപ്പെട്ടുവരുന്ന സാമ്രാജ്യത്വ വിരുദ്ധ- കുത്തക വിരുദ്ധ- ഭൂപ്രഭുത്വ വിരുദ്ധ മുന്നണി രൂപപ്പെടുത്തിയെടുക്കുന്നതിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾക്ക് പ്രധാന പങ്കുണ്ടെന്ന് വ്യക്തമാക്കുകയാണ്, എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുള്ള, ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന്റെ സംഘാടകരിൽ ഒരാളായ അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്

1982- 84 കാലത്ത്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിൽ പ്രീ ഡിഗ്രിക്ക് ചേർന്നപ്പോഴാണ്‌ ഞാൻ എസ്.എഫ്.ഐയിൽ പ്രവർത്തിച്ചുതുടങ്ങുന്നത്. മത്തായി ചാക്കോയാണ് അന്ന് എസ്.എഫ്.ഐ കോഴിക്കോട് ജില്ല സെക്രട്ടറി. അന്തരിച്ച കെ.എസ്. തോമസ്, കോഴിക്കോട് നഗരസഭ കൗൺസിലറായിരുന്ന ടി. സുജൻ തുടങ്ങിയവരുടെ കൂടെയാണ് കോളജിൽ ഞങ്ങൾ അന്ന് പ്രവർത്തിക്കുന്നത്. അന്ന് ദേവഗിരി കോളജ് കെ.എസ്.യുവിന്റെ ശക്തികേന്ദ്രമാണ്. ആ കാലഘട്ടം എസ്.എഫ്.ഐയുടെ വളർച്ചയുടെ കൂടി കാലഘട്ടമാണ്. അടിയന്തരാവസ്ഥക്കുശേഷമുള്ള അഞ്ചുവർഷത്തിനുശേഷം കേരളത്തിലാകെ എസ്.എഫ്.ഐ സമരസംഘടന എന്ന നിലക്ക് ശക്തിയാർജ്ജിച്ചുവരുന്ന കാലം. ഒരുപാട് രക്തസാക്ഷികൾ ആ കാലഘട്ടത്തിൽ എസ്.എഫ്.ഐക്കുണ്ടായിട്ടുണ്ട്. ആ രക്തസാക്ഷിത്വം തീവ്രമായ സമരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും അനുഭവപ്പെടുന്നത്. രക്തസാക്ഷികളുടെയും സൈമൺ ബ്രിട്ടോ അടക്കമുള്ള സഖാക്കളുടെയും ഓർമകൾ അതിശക്തമായ പ്രക്ഷോഭത്തിന്റേതായ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

യഥാർത്ഥ മുദ്രാവാക്യങ്ങൾ വികസിപ്പിച്ചെടുക്കണം

ഈ കാലഘട്ടത്തിൽ തന്നെയാണ് നിരവധി പൊതുവിദ്യാഭ്യാസ പ്രശ്നങ്ങൾ എസ്.എഫ്.ഐ ഏറ്റെടുക്കുന്നത്. പ്രീഡിഗ്രി ബോർഡ് വിരുദ്ധ സമരം, മെഡിക്കൽ കോളജുകളുടെ സ്വകാര്യവൽകരണത്തിനെതിരായ സമരം, യാത്രാ അവകാശനിഷേധത്തിനെതിരായ സമരം, വിദ്യാഭ്യാസ നയത്തിനെതിരായ സമരം തുടങ്ങി ഒരുപാട് പ്രക്ഷോഭങ്ങൾ ആ കാലഘട്ടത്തിൽ എസ്.എഫ്.ഐ ഏറ്റെടുക്കുന്നുണ്ട്. ഈ സമരാന്തരീക്ഷങ്ങളിലൂടെയാണ് ഞാനും എസ്.എഫ്.ഐയിലേക്ക് ആകർഷിക്കപ്പെടുന്നത്. വലിയ രൂപത്തിലുള്ള അനുഭവമാണത്. ഒരു വിഷയത്തെക്കുറിച്ച് പഠിക്കുക, അതിന്റെ അകവും പുറവും മനസിലാക്കി വിശദീകരിക്കുക, അതിനുപിന്നിൽ ആളുകളെ, വിദ്യാർഥികളെ അണിനിരത്തുക, എതിരാളികളെ മറികടക്കുന്ന വിധത്തിലുള്ള സമര സംഘടനാ പ്രവർത്തനത്തിലൂടെ ഓരോ കേഡറുകളെയും സംരക്ഷിക്കുക... പൊലീസ് ലാത്തിച്ചാർജ്ജും ഏറ്റുമുട്ടലുകളും അടിച്ചമർത്തലുകളും അടക്കമുള്ള അനുഭവങ്ങളിലൂടെയാണ് ഞങ്ങളന്ന് കടന്നുപോന്നത്. ഇതിലൂടെ രൂപപ്പെട്ടുവരുന്ന വ്യക്തിത്വമായിട്ടാണ് അന്നത്തെ എസ്.എഫ്.ഐ പ്രവർത്തകരുടെ കൂട്ടായ്മകളെല്ലാം രൂപപ്പെട്ടുവന്നിട്ടുള്ളത്.

ഇന്നും ഏതൊരു വിഷയത്തെക്കുറിച്ചും ഉള്ളറിഞ്ഞ് പഠിച്ച് അതിന്റെ വൈരുദ്ധ്യാത്മകത എന്താണെന്ന് മനസിലാക്കി അതിനെ സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി യഥാർത്ഥ മുദ്രാവാക്യങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതാണ് രാഷ്ട്രീയത്തിൽ അല്ലെങ്കിൽ ബഹുജനപ്രവർത്തനത്തിൽ ഏറ്റവും മുഖ്യമായ ഒരു കാര്യം.

80കളിലെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കന്മാരായ മത്തായി ചാക്കോ, എം. വിജയകുമാർ, എം.വി ഗോവിന്ദൻ, എം.ദാസൻ, കടകംപള്ളി സുരേന്ദ്രൻ, എം.എ ബേബി, സി.പി ജോൺ, വി.ശിവൻകുട്ടി എന്നിവർ/ ഫോട്ടോ: വി. ശിവൻകുട്ടി, ഫെയ്‌സ്ബുക്ക്‌

എസ്.എഫ്.ഐയുടെ പഠന ക്യാമ്പുകൾ ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇ.എം.എസ് ഉൾപ്പെടെയുള്ള സഖാക്കളാണ് ക്യാമ്പുകളിൽ ക്ലാസെടുത്തിരുന്നത്. തോമസ് ഐസക്, രവീന്ദ്രനാഥ്, എസ്.ആർ.പി തുടങ്ങി അക്കാലഘട്ടത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സഖാക്കൾ വലിയ രൂപത്തിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഇതിലൂടെ സാമ്പത്തിക ശാസ്ത്രത്തെയും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും ചരിത്രത്തെയും സംഘടനകളെയും കുറിച്ചെല്ലാം വിപുലമായ ഷെഡ്യൂളുകളുടെ അടിസ്ഥാനത്തിലുള്ള പഠനങ്ങൾ നടന്നു. പി. ഗോവിന്ദപിള്ളയെയും എം.പി. പരമേശ്വരനെയും പോലുള്ള സഖാക്കൾ ആ ക്ലാസുകളിൽ ഞങ്ങളോട് ഇക്കാര്യങ്ങൾ പങ്കുവെയ്ക്കുകയും ജനാധിപത്യപരമായി ഏത് ചോദ്യം ചോദിക്കാനും മറുപടി പറയാനുമൊക്കെ പഠിപ്പിക്കുന്നത് ആ കാലഘട്ടത്തിലാണ്.

സമര സംഘടന എന്ന അനുഭവം

ഒരു സോഷ്യൽ റവല്യൂഷൻ എന്താണ്, അതിൽ തന്നെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ പങ്ക് എന്താണ്, അവരുടെ പരിപാടികൾ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ, അതെങ്ങനെ രൂപപ്പെട്ടു, 1964ലെ സി.പി.എം പരിപാടി, നേരത്തെ പരിപാടി ഇല്ലാതിരുന്ന ഒരു കാലഘട്ടം, സി.പി.എമ്മിൽ നിന്ന് വിഘടിച്ചുപോയ സി.പി.ഐ (എം.എൽ) ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടുകൾ, ലോകരാഷ്ട്രീയ സാഹചര്യവും രണ്ടാം ലോകമഹായുദ്ധവും അതുമായി ബന്ധപ്പെട്ട വർഗസമര ചരിത്രം... ഇക്കാര്യങ്ങളെ കുറിച്ചുള്ള പഠനം. ഞാൻ സൂചിപ്പിച്ചത്, സമര സംഘടനാ പ്രവർത്തനം മുതൽ പഠന- ഗവേഷണ പ്രവർത്തനമുൾപ്പെടെ വിപ്ലവകരമായ ഒരു രാഷ്ട്രീയ പ്രവർത്തനത്തിനുവേണ്ട എല്ലാ തയ്യാറെടുപ്പും നടത്താൻ കഴിയുന്ന രൂപത്തിലായിരുന്നു അന്ന് സംഘടനയുടെ പ്രവർത്തനം.

മെഡിക്കൽ കോളജിനടുത്താണ് ദേവഗിരി കോളജ്. പ്രീ ഡിഗ്രി സമരം നടക്കുന്ന കാലത്ത് മെഡിക്കൽ കോളജിൽ വൈകുന്നേരം ഒരുപാട് ആളുകൾ വരും. രോഗികളെ കാണാൻ, അവിടെ വലിയ ജനപ്രവാഹമുണ്ടാവും. വൈകുന്നേരം അവിടെ ചെന്ന് പാട്ടയിൽ പണം സമാഹരിക്കും. അതിൽ നിന്നാണ് സമരത്തിനും സംഘടനാ പ്രവർത്തനത്തിനും പണം കണ്ടെത്തുന്നത്. ഒരിക്കൽ വീട്ടിൽ നിന്ന് അമ്മയും അമ്മാവന്മാരും എന്റെ സഹോദരിമാരുമെല്ലാം മെഡിക്കൽ കോളജിൽ രോഗിയെ കാണാൻ വന്ന സമയത്ത് ഞാൻ പണം പിരിക്കുന്നതാണ് അവർ കണ്ടത്. അതെല്ലാം വളരെ പോസിറ്റീവായിട്ടാണ് പിന്നീട് അവർ എടുത്തത്. വീട്ടിൽ അച്ഛന്റെയുൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റേതായ ഒരു പാരമ്പര്യം എനിക്കുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു അച്ഛൻ. പിന്നീട് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങി വ്യാപാര രംഗത്തേക്ക് വന്നു. ആ അർത്ഥത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടേതായ പ്രവർത്തനത്തിന്റെയും നേതൃത്വവുമായുള്ള ബന്ധത്തിന്റെയുമെല്ലാം പാരമ്പര്യം ഉണ്ട്. അതുകൊണ്ടുതന്നെ അവർക്കത് ഉൾക്കൊള്ളാനും മനസിലാക്കാനും പ്രയാസമുണ്ടായിട്ടില്ല. ഞാൻ സൂചിപ്പിച്ചുവന്നത് ഈ രൂപത്തിലുള്ള പ്രവർത്തനത്തിലൂടെയാണ് ഇന്നിപ്പോൾ ചെയ്യുന്നതുപോലെയുള്ള സമര സംഘടനാ പ്രവർത്തനത്തിന്റെ അനുഭവം ആർജ്ജിക്കാൻ കഴിഞ്ഞിട്ടുള്ളത്.

സമരമുഖരിതമായ കാമ്പസുകൾ

എസ്.എഫ്.ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സവിശേഷത, അതിന്റെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവമാണ്. ഇതിന്റെ ഭാഗമായി ലോകത്തെങ്ങും നടക്കുന്ന വിമോചന പോരാട്ടങ്ങളുമായി ഐക്യദാർഢ്യം എന്നത് എസ്.എഫ്.ഐ ഞങ്ങളെ പഠിപ്പിച്ച കാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ ജയിലിൽ കഴിയുന്ന നെൽസൺ മണ്ഡേലയെ വിട്ടയക്കാൻ "ഫ്രീ ഫ്രീ നെൽസൺ മണ്ഡേല' എന്ന മുദ്രാവാക്യം കാമ്പസുകളിൽ ശക്തമായി മുഴങ്ങിയ കാലമാണത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നിന്നാണ് ആ സമരത്തെക്കുറിച്ചുള്ള സന്ദേശം എല്ലാ കാമ്പസുകളിലും എത്തുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ആയിരുന്ന കാലത്ത് സംഘടിപ്പിച്ച ഒരു കലാജാഥയിൽ അലക്സാണ്ടർ പോപ്പ് എഴുതിയ "ഫ്രീ നെൽസൺ മണ്ഡേല' എന്ന നാടകമുണ്ടായിരുന്നു. അതെല്ലാം കമ്പസുകളിൽ വലിയ ആവേശമുണ്ടാക്കി.

സൈമൺ ബ്രിട്ടോയും (ഇരിക്കുന്നവരിൽ ഇടത്തേ അറ്റത്ത്) സുഹൃത്തുക്കളും / Photo: Thomas Isaac, facebook

അമേരിക്കൻ പിന്തുണയോടെയുള്ള സയണിസ്റ്റ് അക്രമത്തിനെതിരെ ഫലസ്തീൻ ജനത നടത്തുന്ന ചെറുത്തുനിൽപ്പ്, ക്യൂബയുടെ പോരാട്ടം, ചെ ഗുവേരയും ഫിദൽ കാസ്ട്രോയും ഉൾപ്പെടെയുള്ള വിപ്ലവ നേതാക്കളുടെ ചരിത്രം, അമേരിക്കയുമായുള്ള അവരുടെ നിരന്തര ചെറുത്തുനിൽപ്പ്, വിയറ്റ്നാമിന്റെ വിമോചനം, വിയറ്റ്നാം യുദ്ധം, അതിൽ അമേരിക്കൻ നിലപാടിനെതിരെ ലോകമാകെ ഉയർന്നുവന്ന ചെറുത്തുനിൽപ്പുകൾ, "മേരാ നാം തേരാ നാം വിയറ്റ്നാം' എന്ന മുദ്രാവാക്യം... ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമായി എസ്.എഫ്.ഐയാണ് കാമ്പസുകളിൽ എത്തിക്കുന്നത്.

ഫ്രാൻസിലെ വിദ്യാർഥി കലാപം ഉൾപ്പെടെയുള്ളവയെ കുറിച്ചുള്ള പഠനങ്ങൾ വിദ്യാർഥികൾക്ക് നൽകുന്നതിൽ സംഘടന വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരത്തിലുളള യുവജന മുന്നേറ്റങ്ങളെ കേരളത്തിലെ അന്നത്തെ തലമുറക്ക് പരിചയപ്പെടുത്തുന്നതും അങ്ങനെ ലോക വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ച് ബോധ്യപ്പെടുന്നതിലും അതിലൂടെ സ്വയം വികസിക്കുന്നതിലുമെല്ലാം എസ്.എഫ്.ഐയുടെ സാമ്രാജ്യത്വവിരുദ്ധ നിലാപാട് വലിയ പങ്കാണ് വഹിച്ചത്.

രാജ്യത്ത് നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളിലും നിലപാടെടുക്കാനും അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സംഘടനകൾക്ക്- "ഐസ'യാണെങ്കിലും എ.ഐ.എസ്.എഫാണെങ്കിലും- ഒരുമിച്ചുനിന്ന് പ്രവർത്തിക്കാൻ കഴിയുന്നത് വലിയൊരു കാര്യമാണ്. ഞങ്ങൾ പഠിക്കുന്ന കാലത്തുണ്ടായിരുന്നതിനേക്കാൾ വിദ്യാർഥി ഐക്യം ഇന്ന് രാജ്യത്താകെ രൂപപ്പെട്ടുവന്നിട്ടുണ്ട്. വിദ്യാർഥികളുടെ നേതൃത്വത്തിൽ മറ്റു ജനവവിഭാഗങ്ങളുടെ- പ്രത്യേകിച്ച് തൊഴിലാളികളുടെ, കർഷകരുടെ, വ്യാപാരികളുടെ, ആദിവാസികളുടെ, ദളിതരുടെ, മുസ്‌ലിംകളുടെ, ന്യൂനപക്ഷങ്ങളുടെ- വിഷയങ്ങളിൽ നിലപാടെടുക്കാനും അഭിപ്രായം പറയാനും ഒരു വിദ്യാർഥി സംഘടന എന്ന നിലയ്ക്ക് എസ്.എഫ്.ഐ എല്ലാകാലത്തും ശ്രദ്ധിച്ചിരുന്നു. ഇത്തരം വിഷയങ്ങളിൽ വിപുലമായ രാഷ്ട്രീയ ഐക്യം എന്ന കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കുന്നതിൽ എസ്.എഫ്.ഐ ഇന്നും മുമ്പന്തിയിൽ നിൽക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം ബന്ധങ്ങളിലൂടെയാണ് സമൂഹത്തിന്റെ ആകെ നേതൃത്വം എന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന മികച്ച രാഷ്ട്രീയ പ്രവർത്തകരെ വാർത്തെടുക്കാൻ വിദ്യാർത്ഥി പ്രസ്ഥാനത്തിന് സാധിക്കുന്നത്.

അടിച്ചമർത്തപ്പെടുന്നവരുമായുള്ള ഐക്യപ്പെടൽ

പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഇന്ത്യയെ സംബന്ധിച്ച് വർഗ പ്രശ്നം കൂടിയാണ്. കാരണം ഇന്ത്യയിലെ ഏറ്റവും പിന്നാക്കം ദരിദ്ര ജനവിഭാഗങ്ങളാണ് ദളിതരും ആദിവാസികളും ന്യൂനപക്ഷവിഭാഗങ്ങളും ഉൾപ്പെടെയുള്ളവർ. അവരെ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെടുത്തി പ്രവർത്തനം ഏറ്റെടുക്കാൻ കഴിയുകയെന്ന കാഴ്ചപ്പാട് പ്രധാനമാണ്. കാരണം പോസ്റ്റ്മോഡേണിസത്തിന്റെ കാലത്ത് ഇത്തരത്തിലുളള വ്യത്യസ്ത ഐഡന്റിറ്റികളെ ഉപയോഗപ്പെടുത്തി സമൂഹത്തെ വിഭജിക്കുക എന്നത് മുതലാളിത്ത ശക്തികളുടെ നിർണായക ലക്ഷ്യമാണ്. അതിന്റെ ഭാഗമായിട്ടാണ് വർഗീയതയുടെയും ദേശീയതയുടെയും എക്സ്ട്രീം മുദ്രാവാക്യങ്ങൾ വികസിപ്പിച്ചെടുക്കുന്നത്. തങ്ങളുടെ വൈജാത്യങ്ങളെയും വ്യക്തിത്വത്തെയും സംരക്ഷിക്കുമ്പോൾ തന്നെ അതിനെ വർഗപരമായി കൂട്ടിയിണക്കി വിപുലമായ ചൂഷണത്തിനെതിരായ സമരത്തിൽ അണിനിരത്താൻ കഴിയുക എന്ന നിലപാട് എടുക്കാൻ കഴിയേണ്ടതുണ്ട്.

അതിനു കഴിയുംവിധം ജാതീയതയുടെ പ്രശ്നം, വർഗവും ജാതിയും തമ്മിലുള്ള പാരസ്പര്യത്തിൽ എങ്ങനെയാണ് അതിനെ വൈരുദ്ധ്യാത്മികമായി കൂട്ടിയോജിപ്പിക്കേണ്ടത് എന്ന പ്രശ്നം എന്നിവയെല്ലാം കൃത്യമായൊരു നിലപാടെടുത്ത് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾക്ക് പരിഹരിക്കാൻ കഴിയുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് അടിച്ചമർത്തപ്പെടുന്നവരും പാർശ്വവത്കരിക്കപ്പെടുന്നവരുമായ വിഭാഗങ്ങളുമായി ഐക്യപ്പെടുക എന്ന കാഴ്ചപ്പാട് മുന്നോട്ടുവെയ്ക്കപ്പെടുന്നത്.

കൃഷ്ണപ്രസാദ് പാട്യാലയിലെ പാധി ടോൾ പ്ലാസയിലെ കർഷക ധർണയെ അഭിസംബോധന ചെയ്യുന്നു/ ഫോട്ടോ: കിസാൻ സഭ

പക്ഷേ ഇതൊന്നും സമൂഹത്തിന്റെ ആവശ്യാനുസൃതമായി ചെയ്യുന്നുണ്ട് അല്ലെങ്കിൽ ചെയ്യാൻ കഴിയുന്നുണ്ട് എന്ന് അവകാശപ്പെടാനും കഴിയില്ല. അങ്ങനെ ചെയ്യാൻ കഴിയണമെങ്കിൽ അതിന് വർഗമുദ്രാവാക്യങ്ങളെ ശരിയായ വിധത്തിൽ മനസിലാക്കി അതിനെ സർക്കാറിന്റെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി അതിൽ നിന്ന് മുദ്രാവാക്യങ്ങൾ രൂപപ്പെടുത്താൻ കഴിയണം. അതിനുള്ള വലിയ ശ്രമമായിരുന്നു എസ്.എഫ്.ഐയുടെ പരിപാടി അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ. 2000-2003 കാലഘട്ടത്തിലാണ് ആ ഉത്തരവാദിത്വം എസ്.എഫ്.ഐ നിർവഹിച്ചത്. എസ്.എഫ്.ഐ ഒരു കമ്യൂണിസ്റ്റ് സംഘടന, ഒരു കമ്യൂണിസ്റ്റ് ലീഗ് എന്ന രൂപത്തിൽ കണ്ടാണ് സോഷ്യലിസ്റ്റ് വിദ്യാഭ്യാസ പരിപാടി മുന്നോട്ടുവെക്കുന്നത്.

ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനം, തൊഴിലാളി വർഗ പ്രസ്ഥാനം ജനാധിപത്യ വിപ്ലവഘട്ടത്തെക്കുറിച്ചാണ് പറയുന്നത്, അതേസമയം എസ്.എഫ്.ഐയുടെ പരിപാടി ഒരു സോഷ്യലിസ്റ്റ് പരിപാടിയെക്കുറിച്ചാണ് പറയുന്നത് എന്നൊരു വിമർശനം 1984ൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പരിപാടിയിൽ ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളെക്കുറിച്ച് വ്യക്തമായ നിലപാടെടുത്ത്, അവയുമായി ഏറ്റുമുട്ടി, അക്കാര്യത്തിൽ ശരിയായ നിലപാടിലേക്ക് വിദ്യാർഥികളെ എത്തിക്കാൻ കഴിയുകയെന്നത് വിദ്യാർഥി സംഘടനാ പ്രവർത്തനത്തെസംബന്ധിച്ച് നിർണായകമാണ്. അതുകൊണ്ടുതന്നെ, സി.പി.ഐ (എം.എൽ) ഉൾപ്പെടെയുള്ള വിഭാഗങ്ങളുമായും നക്സലൈറ്റ് ആശയക്കാരായ വിദ്യാർഥികളുമായും ഉള്ള സംവാദങ്ങൾ എസ്.എഫ്.ഐയുടെ പ്രവർത്തനങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. അതിനെക്കുറിച്ച് നന്നായി പഠിച്ചു മനസിലാക്കി നിലപാടെടുത്തുകൊണ്ടേ പ്രസ്ഥാനത്തെ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിയൂ.

പരിപാടി പുതുക്കുക എന്ന വെല്ലുവിളി

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ എസ്.എഫ്.ഐയുടെ പ്രവർത്തനത്തെ മറികടന്ന് "ഐസ' പ്രവർത്തനം ശക്തിപ്പെട്ട കാലഘട്ടത്തിൽ ഉൾപ്പെടെ ഈ തരത്തിലുള്ള പരിപാടിപരമായ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും ഞാനും സമിക് ലാഹിരിയും കെ.കെ രാഗേഷും അരുൺകുമാറും തുടങ്ങി എസ്.എഫ്.ഐയുടെ അന്നത്തെ കേന്ദ്രനേതൃത്വത്തിലുണ്ടായിരുന്ന സഖാക്കൾ ശ്രമിച്ചിരുന്നു. ഇത്തരം പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ പരിപാടി പുതുക്കണമെന്ന നിലപാടിലെത്തുന്നതും പരിപാടി പുതുക്കാനുള്ള പ്രവർത്തനം ഏറ്റെടുക്കുന്നതും. അത് വലിയൊരു അനുഭവമാണ് ഞങ്ങൾക്കുണ്ടാക്കി തന്നത്. അതിന്റെ ഭാഗമായി കോഴിക്കോട് നടന്ന സമ്മേളനത്തിലാണ് എസ്.എഫ്.ഐയുടെ പരിപാടി പുതുക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നത്. അന്ന് അതുമായി ബന്ധപ്പെട്ട് വലിയ വിവാദമുയരുന്നുണ്ട്. അതായത്, എസ്.എഫ്.ഐ സോഷ്യലിസം ഉപേക്ഷിക്കുകയാണ്, റിഫോമിസത്തിലേക്ക് പോകുകയാണ് എന്ന ആരോപണമാണ് വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന്ഉന്നയിക്കപ്പെട്ടത്.

മറുഭാഗത്ത്, സോഷ്യലിസം ഉപേക്ഷിക്കുന്നുവെന്ന് പറയുന്നത് എസ്.എഫ്.ഐ പ്രവർത്തകരിൽ വലിയ സ്വാധീനമുണ്ടാക്കുകയും അങ്ങനെ ചെയ്യുന്നത് ശരിയല്ലയെന്ന അഭിപ്രായം സംഘടനക്കകത്തുണ്ടാവുകയും ചെയ്തു. ഇവ തമ്മിലുള്ള ഏറ്റുമുട്ടൽ സംഘടനക്കകത്ത് നടക്കുമ്പോഴും, അത് 1964ലെ സി.പി.എമ്മിന്റെ പരിപാടിയെ സംബന്ധിച്ച ഏറ്റവും ശരിയായ ചർച്ച കൂടിയായിരുന്നു.

കർഷകർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് എസ്.എഫ്.ഐ പഞ്ചാബ് ഘടകം നടത്തിയ പ്രതിഷേധം.

അതിന്റെ ചില അടിസ്ഥാനങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. വ്യവസായവത്കരണത്തിലൂടെ കടന്നുപോകാതെ ഒരു ആധുനിക വ്യവസായ സമൂഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറയുന്നതുപോലെ രൂപപ്പെടുകയില്ല. ആ ആധുനിക വ്യവസായത്തിന്റെ ഭാഗമായിട്ട് മാത്രമാണ് ആധുനിക തൊഴിലാളി വർഗവും രൂപപ്പെട്ടുവരുന്നത്. ആധുനിക വ്യവസായ സമൂഹവത്കരണം എന്ന ഘട്ടത്തിലൂടെയല്ലാതെ സോഷ്യലിസത്തിലേക്ക് കടന്നുപോകാൻ കഴിയില്ല. ആ ഘട്ടത്തിന്റെ ഭാഗമായി ആ ഉത്തരവാദിത്തം മുതലാളിത്ത സമൂഹത്തിൽ നിർവഹിക്കപ്പെടുന്നില്ലെങ്കിൽ തൊഴിലാളി വർഗത്തിന് അത് ഏറ്റെടുത്ത് നിർവഹിക്കേണ്ടിവരും. ഈ കാര്യങ്ങളൊക്കെ കേരളത്തിന്റെ ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിശദീകരിക്കാം. യഥാർത്ഥത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുതലാളിത്ത ശക്തികളാണ് ഭൂപരിഷ്‌കരണം നടപ്പിലാക്കേണ്ടത്, നാടുവാഴിത്ത വ്യവസ്ഥയെ തകർക്കേണ്ടത്. കോൺഗ്രസ് ഒരിക്കലും അതിന് മുൻകൈ എടുത്തില്ല. ആ ഘട്ടത്തിലാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇ.എം.എസ് സർക്കാർ ഭൂപരിഷ്‌കരണം നടപ്പിലാക്കുന്നത്. അത് കാർഷിക വിപ്ലവത്തിന്റെ ഒരു ഘട്ടം മാത്രമാണ്.

ഇതെല്ലാം വിശദീകരിച്ച് ഈ ഘട്ടത്തിൽ നമ്മൾ ഏറ്റെടുക്കേണ്ടത് ജനാധിപത്യ വിപ്ലവത്തിന്റെ ഭാഗമായ കടമകളാണെന്നും ജനാധിപത്യ വിപ്ലവത്തിന്റെ ഭാഗമായി ജനാധിപത്യ വിദ്യാഭ്യാസ വ്യവസ്ഥയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ് സോഷ്യലിസ്റ്റ് വിദ്യാഭ്യാസ വ്യവസ്ഥയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിനേക്കാൾ കാലഘട്ടത്തിനാവശ്യം എന്നും വിശദീകരിച്ചാണ് എസ്.എഫ്.ഐയുടെ പരിപാടി പുതുക്കാൻ കഴിഞ്ഞത്. ആ പരിപാടിയെ പൊതുവെ സംഘടനയെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും ഇന്നും ആ വെല്ലുവിളി പൂർണമായി ഏറ്റെടുക്കാൻ എസ്.എഫ്.ഐയ്ക്കു കഴിഞ്ഞിട്ടുണ്ടോ എന്നത് പ്രവർത്തകർ പരിശോധിക്കേണ്ടതാണ്. അതിന് കഴിഞ്ഞാലേ, എസ്.എഫ്.ഐയുടെ ശക്തമായ വളർച്ചയും വ്യാപനവുമുണ്ടാവൂ.

ഞങ്ങളൊക്കെ പ്രവർത്തിക്കുന്ന സമയത്ത് നാല്- ഏഴ് ലക്ഷം മെമ്പർഷിപ്പാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മെമ്പർഷിപ്പിന്റെ വലിയ വളർച്ച ഉണ്ടായിട്ടുണ്ട്. 40 ലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് എസ്.എഫ്.ഐയിൽ അംഗങ്ങൾ എന്നത് അഭിമാനകരമായ വളർച്ചയാണ്. ഈ രൂപത്തിൽ പൊതുസമൂഹത്തിന്റെ അംഗീകാരം നേടി മുമ്പില്ലാത്ത തരത്തിലുള്ള വളർച്ച നേടാനും പരിപാടിയിലുണ്ടായ മാറ്റങ്ങളുൾക്കൊണ്ട് എല്ലാ ജനവിഭാഗങ്ങളേയും, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവരെ, ഉൾക്കൊണ്ട് അവരെ വിപ്ലവകരമായ ജനാധിപത്യ മുന്നേറ്റത്തിന്റെ ഭാഗമാക്കി മാറ്റിയെടുക്കാൻ കഴിയുന്നുവെന്നതും പ്രധാനമാണ്. യഥാർത്ഥത്തിൽ ബഹുജനസംഘടനയെന്നു പറയുന്നത് വിപ്ലവത്തെയല്ല പ്രദാനം ചെയ്യുന്നത്, മറിച്ച് ആ സമൂഹത്തിലെ ചൂഷണം ചെറുക്കുന്നതിലാണത് പ്രധാനമായും ഊന്നുന്നത്.

എസ്.എഫ്.ഐയെക്കുറിച്ചുള്ള ഏറ്റവും വലിയ വിലയിരുത്തലും അതാണ്. അതായത്, സോഷ്യലിസ്റ്റ് പരിപാടിയെന്ന വിലയിരുത്തലിൽ അതിനെ ചുരുക്കിക്കളയുന്ന, സോഷ്യലിസ്റ്റ് ബോധമുള്ള വിദ്യാർഥികളുടെ ലീഗ് എന്ന നിലയിലേക്ക് ചുരുക്കിക്കളയുന്ന പ്രശ്നം പരിപാടിയിൽ ഉണ്ടെങ്കിലും എസ്.എഫ്.ഐയുടെ ദൈനംദിന ബോധം എന്നു പറയുന്നത് വിദ്യാർഥികളുടെ അതത് കാലഘട്ടത്തിലെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഉദാഹരണത്തിന് യാത്രാപ്രശ്നം, പഠിക്കാനുള്ള അവകാശം, യൂണിയൻ രൂപീകരിക്കാനുള്ള സമരം, സ്വകാര്യവത്കരണത്തിനും വർഗീയവത്കരണത്തിനും എതിരായ സമരം, അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ടിയുള്ള സമരം... ഇക്കാര്യങ്ങളിലാണ് എസ്.എഫ്.ഐ എല്ലാകാലത്തും കേന്ദ്രീകരിച്ചിരുന്നത് എന്നതുകൊണ്ടാണ് പരിപാടിയുടെ പരിമിതികളെ മറികടന്ന് ഇന്നു കാണുന്ന രീതിയിലുള്ള വിദ്യാർഥി സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ എസ്.എഫ്.ഐക്ക് കഴിഞ്ഞത്.

കർഷക സമരത്തിനിടെ കൃഷ്ണപ്രസാദിനെ അറസ്റ്റു ചെയ്തുവലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൽഹി പൊലീസ്‌

പരിപാടിയിലുള്ള മാറ്റത്തെക്കൂടി ഉൾക്കൊണ്ട് രാഷ്ട്രീയമായി വളർത്തിയെടുക്കാൻ ഇനിയുള്ള കാലഘട്ടങ്ങളിൽ എസ്.എഫ്.ഐക്ക് കഴിയണം. അഞ്ചോ പത്തോ വർഷത്തിനകത്തുതന്നെ ഈ പറഞ്ഞ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുന്ന വിധത്തിലേക്കുള്ള രാഷ്ട്രീയ സാഹചര്യം, പ്രത്യേകിച്ച് ലോക മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വലിയ രൂപത്തിലുള്ള സമരങ്ങൾ, ഇപ്പോഴത്തെ കർഷകരുടെയുൾപ്പെടെയുള്ള സമരങ്ങളെപ്പോലുള്ളവ ശക്തിപ്പെട്ടുവരും. അവിടെ വിദ്യാർഥി പ്രസ്ഥാനത്തിന് വലിയ പങ്കുവഹിക്കാൻ കഴിയും. അന്ന് ഞങ്ങൾ ഒരു മുദ്രാവാക്യം തന്നെ രൂപപ്പെടുത്തിയിരുന്നു- "എഡ്യുക്കേഷൻ ഫോർ പീപ്പിൾസ് ഡവലപ്പ്മെന്റ്'- ജനകീയ വികസനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം. ജനകീയ വിദ്യാഭ്യാസത്തിന്റേതായ ഒരു ഇടതുപക്ഷ ജനാധിപത്യ വികസന പദ്ധതി എടുത്തുകൊണ്ടുള്ള കാഴ്ചപ്പാടാണ് എസ്.എഫ്.ഐ മുന്നോട്ടുവെക്കുന്നത്. അതിനെ കൂടുതൽ ശക്തിപ്പെടുത്താൻ എസ്.എഫ്.ഐക്കു കഴിയുമ്പോൾ പാർശ്വവത്കരിക്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ കുറേക്കൂടി നന്നായി പ്രതിനിധീകരിക്കാനും അവരുടെ കൂടി നേതൃത്വമായി രാജ്യവ്യാപകമായി വളർന്നുവരാനും എസ്.എഫ്.ഐക്കു സാധിക്കും.

ഇന്ത്യൻ ജനത വർഗപരമായ ഐക്യത്തിലേക്ക്

വർഗീയതയുടെ പ്രശ്നം മറികടക്കാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം, വർഗപരമായ മുദ്രാവാക്യങ്ങൾ എടുക്കുകയാണ്. ഡൽഹിയിലെ കർഷകസമരത്തിന്റെ ഏറ്റവും വലിയ സവിശേഷതയും അതാണ്. ഈ അടുത്ത കാലത്ത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വർഗീയതയെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞത് ഈ സമരത്തിനാണ്. അതിനെ ഖാലിസ്ഥാൻ സമരമെന്നും കർഷകർ സിഖ് തീവ്രവാദികളാണെന്നും മറ്റുമുള്ള രൂപത്തിലേക്ക് വളച്ചൊടിക്കാൻ ആർ.എസ്.എസ് ശ്രമിച്ചെങ്കിലും കൈ പൊള്ളിയതുപോലെ അവർക്ക് പിൻവലിക്കേണ്ടി വന്നു. കാരണം, അത് കേവലം സിഖുകാരുടെ സമരമല്ല, മറിച്ച് പഞ്ചാബിലും കേരളത്തിലും മണിപ്പൂരിലും ഗുജറാത്തിലും കാശ്മീരിലുമുൾപ്പെടെയുള്ള കർഷകരുടെ ഭൂമിയുമായി, കാർഷികോൽപന്നങ്ങളുടെ മിനിമം വിലയുമായി, സംസ്‌കരണവുമായി, വിപണിയുമായി ബന്ധപ്പെട്ട, രാജ്യത്തിന്റെ ഫെഡറലിസവുമായി ബന്ധപ്പെട്ട പൊതു മുദ്രാവാക്യങ്ങളാണ് കർഷകരേറ്റെടുക്കുന്നത്. അവരുടെ ജീവിത പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്.

അതുപോലെ, കർഷക തൊഴിലാളികളുടെ ജോലിയും മിനിമം കൂലിയും മിനിമം വിലയും എന്നതാണ് ഈ സമരത്തിലെ പ്രധാന മുദ്രാവാക്യങ്ങൾ. കർഷകരെ സംബന്ധിച്ച്, കാർഷിക പ്രതിസന്ധി അവരുടെ വർഗപരമായ വൈജാത്യത്തെ മറികടന്ന് ഒരു കർഷക ഐക്യമുണ്ടാക്കിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കർഷകർ എന്നു പറയുന്നത് ഒരു വർഗമല്ല. വിവിധ അവാന്തരവിഭാഗങ്ങൾ അതിനകത്തു കാണാൻ കഴിയും. കർഷക തൊഴിലാളിയുണ്ട്, ദരിദ്ര കർഷകരുണ്ട്, ഇടത്തരം കൃഷിക്കാരുണ്ട്, ധനിക കർഷകരുണ്ട്, മുതലാളിത്ത കൃഷിക്കാരുണ്ട്, മുതലാളിത്ത ഭൂപ്രഭുക്കളുണ്ട്... വർഗപരമായ വ്യത്യാസങ്ങളും അവർക്കിടയിലുണ്ട്. ഇവരെല്ലാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കൃഷിയെ വിൽപ്പനക്കുള്ള ചരക്കായി കമ്പോളത്തിക്കുന്ന സമീപനമാണ്. ആ കമ്പോളത്തിൽ ദരിദ്ര കർഷകനായാലും മുതലാളിത്ത ഭൂപ്രഭുവായാലും, അവരുണ്ടാക്കുന്ന ബസുമതി അരിക്ക് 18- 20 രൂപ മാത്രമാണ് കിലോക്ക് കിട്ടുക. എന്നാൽ ആ നെല്ല് 200 രൂപക്കും 600 രൂപക്കും 2000 രൂപക്കും അരിയാക്കി വിറ്റ് അദാനിയെയും അംബാനിയെയും പോലുള്ള വൻകിട കമ്പനികൾ കൊളളലാഭമെടുക്കുന്നു. തങ്ങൾക്ക് വില കിട്ടുന്നില്ല എന്ന പ്രശ്നം ദരിദ്ര കർഷകരെയും മുതലാളിത്ത ഭൂപ്രഭു ഉൾപ്പെടെയുള്ളവരെയും കോർപ്പറേറ്റുകൾക്കെതിരെ ഒരുമിക്കാൻ നിർബന്ധിക്കുകയാണ്.

ഈ വർഗപരമായ ഐക്യം ഇപ്പോൾ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഈ ഐക്യമാണ് വർഗീയതെ ചെറുക്കുക. ഇതാണ് ഇന്ത്യയുടെ പാഠം. ഒരിക്കലും വർഗീയതക്ക് സ്വാധീനമില്ല എന്നല്ല ഞാൻ പറയുന്നത്. വർഗീയതെ മറികടക്കാൻ കഴിയുന്ന വർഗപരമായ ഐക്യത്തിലേക്ക് ഇന്ത്യൻ ജനത കടന്നുവരികയാണ്. അതുകൊണ്ടുതന്നെ ആ വർഗപരമായ ഐക്യം, പ്രത്യേകിച്ച് മുതലാളിത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ബി.ജെ.പിയെയും ആർ.എസ്.എസിനെയും വലിയ രൂപത്തിൽ രാഷ്ട്രീയമായി ഒറ്റപ്പെടുത്തും. പ്രാദേശിക രാഷ്ട്രീയ പാർട്ടികളും കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളും നിലപാട് മാറ്റി ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നിലപാടിലേക്ക് വരികയും വിപുലമായ ബി.ജെ.പി വിരുദ്ധ ഐക്യമുന്നണി രാജ്യത്താകെ വികസിച്ചുവരികയും ചെയ്യുന്നതിലേക്ക് ഇത് നയിക്കും. ഈ കർഷക സമരത്തോടൊപ്പം തൊഴിലാളികളുടെയും അതിശക്തമായ സമരം രാജ്യത്ത് രൂപപ്പെട്ടുവരും.

വർഗീയതയെ എങ്ങനെയാണ് കർഷക സമരം ചെറുക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണൾ നമുക്ക് കാണാൻ കഴിഞ്ഞു. യു.പിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ ലൗ ജിഹാദിന്റെ മറവിൽ നിയമനിർമാണം നടത്തി. അതിനുശേഷം അവർ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകളെടുത്തു, അത് വലിയ ചർച്ചയാക്കാൻ അവർ ശ്രമിച്ചു. പക്ഷേ അതെല്ലാം കർഷക സമരത്തിൽ മുങ്ങിപ്പോയി. അവരുദ്ദേശിച്ചപ്പോലെ വർഗീയവത്കരണം നടത്താൻ യു.പിയിലോ ഇന്ത്യയിലോ ബി.ജെ.പിക്കോ ആർ.എസ്.എസിനോ കഴിഞ്ഞില്ല. ഈ കാലഘട്ടത്തിൽ തന്നെയാണ് ഗോവധ നിരോധനനിയമം എന്ന പേരിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള യദ്യൂരപ്പ സർക്കാർ കർണാടകയിൽ നിയമനിർമാണം നടത്തിയത്. അതും ഇതുപോലെ ചീറ്റിപ്പോകുന്നതാണ് കണ്ടത്. ഹലാൽ മീറ്റ് എന്നു പറഞ്ഞ് ഒരു കാര്യം അവർ കൊണ്ടുവരുന്നുണ്ട്. വർഗീയതയാണ് ഇതിനെല്ലാം പിന്നിലെന്ന് മനസിലാക്കാനുള്ള ശേഷി ഇന്ന് കർഷകർക്കുണ്ട്.

ഈ പറയുന്ന രൂപത്തിലേക്ക് കർഷകരെ കൊണ്ടുവരാൻ കഴിയുന്നതിൽ സമരങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. വർഗീയതയെ ചെറുക്കാൻ വർഗസമരത്തിലൂടെയാണ് കഴിയുകയെന്ന ബോധ്യത്തോടെ വർഗസമരവുമായി താതാത്മ്യം പ്രാപിക്കാനും വർഗസമരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് മനസിലാക്കി അത് കർഷകരെയും തൊഴിലാളികളെയും ബോധ്യപ്പെടുത്താനും കഴിയുന്ന ഒരു ബുദ്ധിജീവി തലത്തിലുള്ള പ്രവർത്തനത്തിന് എസ്.എഫ്.ഐക്ക് വലിയ പങ്കുവഹിക്കാൻ കഴിയും. അത് എസ്.എഫ്.ഐ ഏറ്റെടുക്കുന്നുണ്ട്. നന്നായിതന്നെ അത് മുന്നോട്ടുകൊണ്ടുപോകാനും സംഘടനക്ക് കഴിയും.

കേരളത്തിലെ കാർഷിക പ്രശ്‌നങ്ങൾ

കേരളത്തിലും ഇത്തരം പ്രശ്നങ്ങളുണ്ട്. കാർഷിക മേഖലയിലെ പ്രതിസന്ധിക്കും കാർഷിക പ്രശ്നത്തിനും പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഭൂപരിഷ്‌കരണത്തിലൂടെ ഭൂമി കർഷകരുടേതായെങ്കിലും കേരളത്തിലെ കൃഷിഭൂമിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇപ്പോഴും വൻകിട കാർഷിക വ്യവസായികളുടെ ചൂഷണത്തിന് വിധേയമാകുന്നു. റബ്ബർ, കാപ്പി, തേയില കൃഷിക്കാരെല്ലാം ഈ ചൂഷണത്തിന് വിധേയരാകുന്നു. അവരുടെ ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ചുരുങ്ങിയ വിലക്ക് വാങ്ങിക്കൊണ്ടുപോകുകയാണ്. എന്നിട്ട് വൻ ലാഭമാണ് കമ്പനികളുണ്ടാക്കുന്നത്. കൃഷിക്കാരുടെ ഏറ്റവും വലിയ പ്രശ്നം, കാർഷിക വ്യവസായങ്ങൾ വികസിപ്പിച്ചെടുക്കാൻ കേരളത്തിൽ ഇതുവരെ കഴിഞ്ഞില്ല എന്നതാണ്. അതുകൊണ്ട് കാർഷിക വ്യവസായങ്ങൾ വികസിപ്പിച്ചെടുക്കുകയെന്നത് വ്യവസായവത്കരണ കാലഘട്ടത്തിലെ നിർണായക ഘടകമാണ്. അത് ഏറ്റെടുക്കുന്നതിൽ ഇടതുപക്ഷ ഗവൺമെന്റുകളും വേണ്ടത്ര വിജയിച്ചിട്ടില്ല എന്നതാണ് കേരളത്തിന്റെ കാർഷിക പ്രശ്നം.

അതു പരിഹരിക്കാൻ കേരളത്തിൽ കോർപറേറ്റുവത്കരണത്തിനെതിരെ, കാർഷിക സഹകരണ കൃഷിയുടേതായ, ബ്രഹ്മഗിരി പോലുള്ള കൂട്ടായ്മകൾ രൂപപ്പെട്ടുവരണം. അവയുടെ നേതൃത്വത്തിലുള്ള ആധുനിക കാർഷിക വ്യവസായങ്ങൾ, മലബാർ മീറ്റുപോലുള്ള പദ്ധതികൾ സ്ഥാപിക്കണം. കാർഷിക വ്യവസായവൽകരണത്തിലൂടെയുണ്ടാവുന്ന അധിക മൂല്യം കർഷകനും കർഷക ത്തൊഴിലാളിക്കും അധിക വിലയും അധിക വേതനുമായും എത്തിച്ചുകൊടുക്കുക. ഇതാണ് കേരളത്തിലെ കാർഷിക പ്രശ്നത്തിന് പരിഹാരം.

എസ്.എഫ്.ഐയെപ്പോലുള്ള സംഘടനക്ക് അതിനെക്കുറിച്ചു പഠിക്കാനും മനസിലാക്കാനും നിലപാടെടുക്കാനും കഴിയുമ്പോൾ മാത്രമേ ദരിദ്ര- ഇടത്തരം കർഷകരുടെ മാത്രമല്ല, കേരളത്തിലെ കർഷക മുതലാളിമാരുടെ കൂടി കുടുംബങ്ങളെ സ്വാധീനിക്കാനാകൂ. "നിങ്ങളുടെ വിമോചനത്തിനും കോർപറേറ്റുകൾക്കെതിരായ സമരം പ്രധാനമാണ്, അതുകൊണ്ട് നിങ്ങളുടെ വലതുപക്ഷ പദ്ധതികളേക്കാൾ ഇടതുപക്ഷ ജനാധിപത്യ പദ്ധതിയാണ് നിങ്ങളെ കുടുംബത്തെ സഹായിക്കുക' എന്ന് ബോധ്യപ്പെടുത്തികൊടുക്കാൻ എസ്.എഫ്.ഐക്കാണ് കഴിയുക. അംബാനിയെയും അദാനിയെയും പോലുള്ള കോർപറേറ്റ് കമ്പനികളില്ലാതെയും കാർഷിക വ്യവസായങ്ങൾ സ്ഥാപിക്കാനും വ്യാപാരം നടത്താനും കർഷകർക്കും തൊഴിലാളികൾക്കും സഹകരണ കാർഷിക ഉൽപാദന സംഘങ്ങളിലൂടെ കഴിയും. അതുകൊണ്ട് കുത്തക മുതലാളിത്തത്തിനും ബി.ജെ.പിക്കും എതിരായ സമരത്തെക്കുറിച്ച്, ബി.ജെ.പിക്കൊപ്പം അണിനിരന്നിട്ടുള്ള കേരളത്തിലെ ധനിക കർഷകരുൾപ്പെടെയുള്ള കുടുംബങ്ങളെ കൂടി ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിലൂടെ മാത്രമേ അവരെ ഇടതുപക്ഷ ജനാധിപത്യ ശക്തികളോടൊപ്പം അണിനിരത്താൻ കഴിയു; ഇതാണ് എസ്.എഫ്.ഐയുടെ പ്രവർത്തനത്തിലൂടെയുണ്ടാവേണ്ട ഫലം.

യുവ ജനപ്രതിനിധികൾക്ക് ചെയ്യാവുന്നത്

തെരഞ്ഞെടുപ്പുകൾ ജനാധിപത്യ പ്രക്രിയയുടെ അഭേദ്യഭാഗമാണ്. തെരഞ്ഞെടുപ്പുകളിൽ വ്യക്തിപരമായി നിങ്ങൾക്ക് അംഗീകാരവും പദവികളും ലഭ്യമാകും. അതോടൊപ്പം, നിങ്ങൾ ആ സിസ്റ്റത്തിന്റെ, ഒരു ഭരണ സംവിധാനത്തിന്റെ ഭാഗമാകും. രാജ്യത്ത് നിലനിൽക്കുന്ന ബൂർഷ്വാ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമാണ് ഈ തെരഞ്ഞെടുപ്പുകളെല്ലാം- പ്രാദേശിക തെരഞ്ഞെടുപ്പുകളുൾപ്പെടെ. പക്ഷെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ചും താഴെത്തട്ടിൽ പഞ്ചായത്ത് തലത്തിലൊക്കെയുള്ള തെരഞ്ഞെടുപ്പുകളിൽ, ഉൾപ്പെടുന്നത് ബഹുഭൂരിപക്ഷവും പാവപ്പെട്ട ജനങ്ങളായിരിക്കും. മുതലാളിത്ത- ഭൂപ്രഭു- സാമൂഹ്യ- രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായ സ്ഥാപനങ്ങളെ തൊഴിലാളികളും കർഷകരും അടക്കമുള്ള അടിസ്ഥാന വർഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടവേദിയാക്കാനുള്ള ഒരു സാധ്യത തുറന്നുതരുന്നുണ്ട്. അത് തിരിച്ചറിഞ്ഞ് ആ വിഭാഗത്തോടൊപ്പം നിന്നുകൊണ്ടുള്ള നിയമനിർമാണങ്ങളും ഭരണവും സാധ്യമാകും.

ഈ രണ്ടുകാര്യങ്ങളിലും വലിയ സാധ്യതകളുണ്ട്. ഇക്കാര്യം തിരിച്ചറിയുന്ന രാഷ്ട്രീയ പ്രവർത്തകർ തെരഞ്ഞെടുക്കപ്പെടുമ്പോൾ, അവർക്ക് ജനങ്ങൾക്കുവേണ്ടി ഇക്കാര്യങ്ങളെല്ലാം ഉപയോഗപ്പെടുത്താൻ കഴിയും. എന്നാൽ, പദവിയുടെയും സൗകര്യങ്ങളുടെയും അംഗീകാരത്തിന്റെയും ആലസ്യത്തിൽ മനസ് മാറിപ്പോകുന്ന ആളുകൾ ഈ സാമൂഹ്യവ്യവസ്ഥയുടെ ഭാഗമായി മാറുകയും ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പാർലമെന്ററി പ്രവർത്തനത്തിൽ ഏറ്റവും വലിയ മാതൃകയായ ഒരു തൊഴിലാളി വർഗ നേതാവാണ് എ.കെ.ജി. പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്റുവും പ്രതിപക്ഷ നേതാവായി എ.കെ.ജിയുമാണുണ്ടായിരുന്നത്. എ.കെ.ജി പാർലമെന്റിനെ പന്നിക്കൂട് എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്.

പാർലമെന്റിലെത്തുന്ന ഒരു ഇടതുപക്ഷ പാർലമെന്റ് അംഗത്തിനെ ഏറ്റവും വേഗം, ഒരു പന്നിക്കൂട് പോലെ ബൂർഷ്വാ ഭൂപ്രഭു വ്യവസ്ഥയുടെ അഴിമതിയുടെയും ആഡംബരത്തിന്റെയും ഭാഗമാക്കി മാറ്റിക്കളയാനും അവരുടെ വിപ്ലവ സ്വഭാവത്തെ ചോർത്തി കളയാനുമുള്ള എല്ലാ സൗകര്യങ്ങളും അതിനകത്തുണ്ട്. പാർലമെന്റംഗം എന്നു പറഞ്ഞാൽ രാജാവിനെപ്പോലെയാണ്, നിരവധി സൗകര്യങ്ങളുണ്ട്. അതിൽ കണ്ണുമഞ്ഞളിച്ച് ആ പന്നിക്കൂട്ടിൽ വീണുപോകരുത്, നമ്മൾ തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടങ്ങൾക്കുവേണ്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്ന വിപ്ലവകരമായ ബോധം എപ്പോഴും മനസിലുണ്ടാവണം എന്നാണ് എ.കെ.ജി ആ പ്രയോഗത്തിലൂടെ സൂചിപ്പിച്ചിട്ടുള്ളത്.

അതുതന്നെയാണ് തൊഴിലാളികളുടെയും കർഷകരുടെയുമൊക്കെ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ വിജയിച്ചുവരുന്ന എസ്.എഫ്.ഐയുടെ പ്രവർത്തകരായ യുവനേതാക്കളുടെ മനസിലുണ്ടാവുക. അവർ ഈ പറയുന്ന ഊർജം സംഭരിച്ച് ഏറ്റവും മികച്ച നിയമസഭാ സമാജികരും പാർലമെന്റ് അംഗവും പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ മേയറുമായും പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. അതിലൂടെ ഏറ്റവും മികച്ച നേതൃത്വം രൂപപ്പെട്ടുവരുന്നുണ്ട്. അപവാദങ്ങളുണ്ടാവാം. ആ അപവാദങ്ങളെ മറികടക്കേണ്ടതും അവക്ക് വഴിപ്പെടാതെ സ്വയം വിപ്ലവ സ്വഭാവം കാത്തുസൂക്ഷിക്കാനും കഴിയുകയെന്നുള്ളത് വളരെ പ്രധാനമാണ്. വിപ്ലവസ്വഭാവം എന്നു പറയുമ്പോൾ, ഒരു തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്ന എസ്.എഫ്.ഐ പ്രവർത്തകരെയാണ് ഞാൻ സൂചിപ്പിക്കുന്നത്.

കിസാൻ സഭ ജോയിന്റ് സെക്രട്ടറിമാരായ ബാദൽ സരോജിനും വിജൂ കൃഷ്ണനുമൊപ്പം സമരവേദിയിൽ കൃഷ്ണപ്രസാദ്

എസ്.എഫ്.ഐ ഒരു ബഹുജനപ്രസ്ഥാനമാണ്. ഒരു വിപ്ലവപാർട്ടി, വിപ്ലവപ്രസ്ഥാനം എന്ന രൂപത്തിൽ ആ സംഘടനയെ നമ്മൾ വിലയിരുത്തേണ്ടതില്ല. വിപ്ലവം എന്നു പറയുന്നത് മറ്റൊരു അർത്ഥത്തിൽ മനസിലാക്കേണ്ട ഘടകമാണ്. ആ വിപ്ലവകരമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കുറിച്ച പഠനവും ശരിയായ തിരിച്ചറിവുമുള്ള എസ്.എഫ്.ഐ പ്രവർത്തകർക്കു മാത്രമേ ലെനിൻ വിശേഷിപ്പിച്ചതുപോലെ പ്രഫഷണൽ റവല്യൂഷണറി എന്ന രൂപത്തിൽ വിപ്ലവം തന്നെ തന്റെ ജീവിത ഉത്തരവാദിത്തമാക്കി മാറ്റിയെടുത്ത് സമൂഹത്തെ മാറ്റിയെടുക്കാൻ കഴിയുന്ന കൂട്ടായ്മ വികസിപ്പിച്ചെടുക്കാനും മുതലാളിത്ത ചൂഷണത്തിന് അറുതിവരുത്താനും തൊഴിലാളികളുടെയും കർഷകരുടെയും വിമോചനത്തിനുവേണ്ടിയുളള വിപ്ലവകരമായ മാറ്റത്തിലേക്ക് സമൂഹത്തെ നയിക്കാനും കഴിയൂ. അത് ഈ രാഷ്ട്രീയ പ്രവർത്തനം ഏറ്റവും സജീവമായ കാലഘട്ടത്തിലാണ് 80 കളിൽ ഞങ്ങളെപ്പോലുള്ള പ്രവർത്തകർ സംഘടനയിലേക്ക് വരുന്നത് എന്നതുകൊണ്ടാണ് ഞങ്ങൾക്കിന്ന് അഖിലേന്ത്യാടിസ്ഥാനത്തിൽ തന്നെ കർഷകരുടെ സമരങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലുള്ള പ്രവർത്തനത്തിൽ പങ്കാളികളാവാൻ കഴിയുന്നത്. അങ്ങനെ പങ്കാളികളാക്കാൻ ഞങ്ങളെ രൂപപ്പെടുത്തിയതിൽ എസ്.എഫ്.ഐ വഹിച്ച പങ്ക് വളരെ വലുതാണ്.

വിദ്യാർഥി സംഘടന എന്തുചെയ്യണം?

ഇന്ന് ഇന്ത്യയിലാകെ നടക്കുന്ന സമരങ്ങളുടെ ഒരു മുന്നണി കർഷകരുടെയും തൊഴിലാളികളുടെയും ഐക്യമാണ്. തൊഴിലാളി- കർഷക ഐക്യത്തിലൂടെ രൂപപ്പെട്ടുവരുന്ന പുതിയ ശക്തി വർഗീയതയുടെ വേരറുത്ത്, ഭൂപ്രഭുക്കളുടെയും കുത്തകമുതലാളിമാരുടെയും സ്വാധീനത്തിൽ നിന്ന് ചെറുകിട വിഭാഗങ്ങളെയും തൊഴിലാളികളെയും മോചിപ്പിച്ച്, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുൾപ്പെടെയുള്ളവരുടെ സാമ്രാജ്യത്വ വിരുദ്ധ- കുത്തക വിരുദ്ധ- ഭൂപ്രഭുത്വ വിരുദ്ധ മുന്നണി രൂപപ്പെടുത്തിയെടുക്കുന്നതിൽ സഹായിക്കും. ഇതിൽ എസ്.എഫ്.ഐയുടെ പ്രവർത്തനത്തിന് വലിയ പങ്കുണ്ട്. കാരണം എസ്.എഫ്.ഐയുടെ പ്രവർത്തനത്തിലൂടെയാണ് ഇടത്തരം- ധനിക കുടുംബങ്ങളെ സ്വാധീനിക്കാനും അതിൽ നിന്നുള്ള കേഡർമാരെ കണ്ടെത്താനും അവരെ ഇത്തരമൊരു മുന്നണിയുടെ ഭാഗമാക്കാനും കഴിയുക. ആ അർത്ഥത്തിൽ, 50 വർഷം പൂർത്തിയായ സന്ദർഭത്തിൽ, എസ്.എഫ്.ഐയുടെ പ്രവർത്തനം മുമ്പെങ്ങുമില്ലാത്ത വിധത്തിലേക്ക് പ്രസക്തമായ കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ എസ്.എഫ്.ഐ ഏറ്റവും പ്രധാന്യം കൊടുക്കേണ്ടത് പഠന പ്രവർത്തനങ്ങൾക്കാണ്.

അഖിലേന്ത്യാടിസ്ഥാനം മുതൽ താഴെത്തട്ടിൽ വരെ പഠനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് , 80 കളിലെയൊക്കെ പോലെ, കൃത്യമായ സിലബസുകൾ രൂപീകരിച്ച് കൃത്യമായ പഠനത്തിലൂടെ വിദ്യാർഥി കേഡർമാരെ രൂപപ്പെടുത്തുകയും സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതിന് നേതൃത്വം കൊടുക്കാനും കഴിയുന്നവരുമാക്കണം. അതിന് ജനാധിപത്യ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ, മുതലാളിത്തം വലിയ വ്യവസ്ഥാ പ്രശ്നം നേരിടുന്ന കാലഘട്ടത്തിൽ വലിയ പ്രാധാന്യമുണ്ട്. ഒരു വിപ്ലവ പാർട്ടിയല്ല, ബഹുജനസംഘടനയാണ് എസ്.എഫ്.ഐ എന്നു തിരിച്ചറിഞ്ഞ്, ആ പരിമിതിക്കകത്തുനിന്നുകൊണ്ടുതന്നെ, സാമൂഹ്യ വിപ്ലവത്തിന്റേതായ ഈ കാലഘട്ടം ഏതാണെന്നു മനസിലാക്കി ജനാധിപത്യ വിപ്ലവത്തിന്റേതായ സാഹചര്യത്തിൽ സാമ്രാജ്യത്വത്തിനും കുത്തകമുതലാളിത്തത്തിനുമെതിരായ ബഹുജന പ്രസ്ഥാനം വളർത്തിയെടുക്കാനാണ് ശ്രമിക്കേണ്ടത്.
ഇന്ത്യയായിരിക്കും ഈ പുതിയ കാലഘട്ടത്തിൽ ലോകത്തിൽ മുതലാളിത്ത വ്യവസ്ഥാപ്രതിസന്ധിയെ മറികടക്കുന്ന ബഹുജനപ്രക്ഷോഭം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ പോകുന്നതെന്ന് ഈ കർഷക- തൊഴിലാളി സമരങ്ങൾ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ആ ഒരു രാഷ്ട്രീയ പ്രാധാന്യം മനസിലാക്കിക്കൊണ്ടുള്ള പ്രവർത്തനം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നിന്ന് സ്വഭാവികമായും പ്രതീക്ഷിക്കാം. അത് ഏറ്റെടുക്കാനുള്ള ശേഷിയും കഴിവും എസ്.എഫ്.ഐയുടെ അഖിലേന്ത്യ- സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നവർക്കുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. 'ഐസ', എ.ഐ.എസ്.എഫ് തുടങ്ങിയ ഇടതുപക്ഷ വിദ്യാർഥി സംഘടനകളെ കൂട്ടിയോജിപ്പിച്ചാണ് അവരത് നടത്തുന്നത് എന്നതും രാഷ്ട്രീയ പക്വതയാണ് കാണിക്കുന്നത്.

Comments