ലക്ഷദ്വീപിലെ ഒരാള്‍ക്കും
ഇക്കൊല്ലം പെരുന്നാളിന്
കോഴിയിറച്ചി കിട്ടിയില്ല
ലക്ഷദ്വീപിലെ ഒരാള്‍ക്കും ഇക്കൊല്ലം പെരുന്നാളിന് കോഴിയിറച്ചി കിട്ടിയില്ല
കൊച്ചിയില്‍ നിന്നുള്ള ലക്ഷദ്വീപിന്റെ എല്ലാ അഡ്മിനിസ്‌ട്രേഷന്‍ സംവിധാനവും മംഗലാപുരത്തേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിക്കകത്താണ് ലക്ഷദ്വീപ്. ഓഫീസുകള്‍ മംഗലാപുരത്തേക്ക് മാറ്റുന്നതോടെ കര്‍ണ്ണാടക ഹൈക്കോടതിയുടെ അധിക്കാരപരിധിക്കകത്താകും ദ്വീപ്. അങ്ങിനെവരുമ്പോള്‍ സര്‍ക്കാര്‍ സഹായവുമായി ബന്ധപ്പെട്ടോ മറ്റോ എന്തെങ്കിലും വ്യവഹാരങ്ങള്‍ ഉണ്ടെങ്കില്‍ അതിന് കര്‍ണ്ണാടകത്തിലേക്ക് പോകേണ്ടിവരും. ആത്യന്തികമായി കേരളവുമായുള്ള ബന്ധം അവസാനിപ്പിച്ച് ലക്ഷദ്വീപിനെ കര്‍ണ്ണാടകവുമായി കൂട്ടിക്കെട്ടുകയാണ് അവരുടെ ലക്ഷ്യം.
25 May 2021, 05:18 PM
‘‘മാഷേ, എന്റെ ഈ 44 വയസ്സിനിടയ്ക്ക് പെരുന്നാളിന് ചിക്കന്‍ ഇല്ലാത്ത ഒരു വര്‍ഷം പോലും ഉണ്ടായിട്ടില്ല. എന്നാല്‍ എന്റെ കുട്ടികള്‍ക്ക് ഇക്കൊല്ലം പെരുന്നാളിന് പോലും കോഴിയിറച്ചി കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എനിക്ക് മാത്രമല്ല, ലക്ഷദ്വീപിലെ ഒരാള്‍ക്കും ഇക്കൊല്ലം പെരുന്നാളിന് കോഴിയിറച്ചി കിട്ടിയില്ല. അത് വെറും ഒരു വിഭവത്തിന്റെ പ്രശ്‌നം മാത്രമല്ല, മാഷേ. ഞങ്ങളുടെ ജീവിതരീതിയുടെ, രുചിയുടെ, ഞങ്ങളുടെ ശരി തെറ്റുകളുടെ കാര്യം പുറത്തുനിന്നും വന്ന ചില മാന്യന്മാര്‍ തീരുമാനിക്കുന്നതിന്റെ പ്രശ്‌നമാണ്.''
കടമത്തുനിന്ന് രാവിലെ വിളിച്ച സാദിക്കിന്റെ സ്വരത്തില്‍ അമര്‍ഷവും വേദനയും നിറഞ്ഞിരുന്നു: ‘‘സത്യത്തില്‍ അഭിമാനം തോന്നിയ നിമിഷം, കഴിഞ്ഞദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കേരളം ലക്ഷദ്വീപിന് ഒപ്പമുണ്ട് എന്നുപറഞ്ഞപ്പോഴായിരുന്നു. ഞങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ളത് കേരളവുമായിട്ടാണ്. അതാണ് ഇപ്പോള്‍ അവരുടെ സ്വൈര്യം കെടുത്തുന്നത്. അതിനും അന്ത്യം കുറിക്കാനാണ് അവര്‍ പദ്ധതി ഇടുന്നത്. കൊച്ചിയില്‍ നിന്നുള്ള ലക്ഷദ്വീപിന്റെ എല്ലാ അഡ്മിനിസ്‌ട്രേഷന്‍ സംവിധാനവും അവര്‍ മംഗലാപുരത്തേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ കേരളാ ഹൈക്കോടതിയുടെ അധികാര പരിധിക്കകത്താണ് ലക്ഷദ്വീപ്. ഓഫീസുകള്‍ മംഗലാപുരത്തേക്ക് മാറ്റുന്നതോടെ കര്‍ണ്ണാടക ഹൈക്കോടതിയുടെ അധിക്കാരപരിധിക്കകത്താകും ദ്വീപ്. അങ്ങിനെവരുമ്പോള്‍ സര്‍ക്കാര്‍ സഹായവുമായി ബന്ധപ്പെട്ടോ മറ്റോ എന്തെങ്കിലും വ്യവഹാരങ്ങള്‍ ഉണ്ടെങ്കില്‍ അതിന് കര്‍ണ്ണാടകത്തിലേക്ക് പോകേണ്ടിവരും. ആത്യന്തികമായി കേരളവുമായുള്ള ബന്ധം അവസാനിപ്പിച്ച് ലക്ഷദ്വീപിനെ കര്‍ണ്ണാടകവുമായി കൂട്ടിക്കെട്ടുകയാണ് അവരുടെ ലക്ഷ്യം. അതോടെ ഈ ദ്വീപസമൂഹത്തിന്റെ ഇന്നുവരെയുള്ള സംസ്‌കാരം കടലിലാഴ്‌ന്നുപോകും.’’
കോവിഡ് വ്യാപകമായി, പരിവാരസമേതം
സാദിക്കിനെ ഞാന്‍ പരിചയപ്പെടുന്നത് ലക്ഷദ്വീപില്‍ പത്തുദിവസം നീണ്ടുനിന്ന അധ്യാപക പരിശീലനത്തില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ പോയപ്പോഴാണ്. ജീവിതത്തിലെ മനോഹരമായ ദിവസങ്ങളായിരുന്നു അത്. നിഷ്‌കളങ്കരായ അവിടുത്തെ മനുഷ്യര്‍ ഞങ്ങളെ എത്ര സ്‌നേഹപൂര്‍വമാണ് സ്വീകരിച്ചിരുന്നത്! വെറ്റിലമുറുക്ക് ശീലമായിരുന്ന ഞങ്ങളുടെ കൂട്ടത്തിലെ ഒരധ്യാപകനെ, മണ്ണില്‍ കുഴിച്ചിട്ടിരുന്ന വെറ്റിലക്കെട്ടുമായി പലവീടുകളും ഏതുസമയത്തും സ്വീകരിച്ചു. (കപ്പലില്‍ അപൂര്‍വമായി വരുന്ന വെറ്റില വാടിപ്പോകാതിരിക്കാന്‍ ആണ് ഈ മണ്ണില്‍ പൊതിഞ്ഞുവെക്കല്‍). ആ ദിവസങ്ങളില്‍ നടന്ന കല്യാണങ്ങളില്‍ ഞങ്ങള്‍ വിശിഷ്ടാതിഥികളായി. അവിടുത്തെ അധ്യാപകര്‍ക്ക് മാത്രമല്ല അവരുടെ മക്കള്‍ക്കും (മക്കള്‍ എന്നാണ് വിദ്യാര്‍ത്ഥികളെ അവര്‍ പൊതുവായിത്തന്നെ വിളിക്കുക) ഞങ്ങള്‍ ക്ലാസുകള്‍ നല്‍കി. ചൂരയെ പിടിക്കാനും പവിഴപ്പുറ്റുകളില്‍ നീന്താനും അവര്‍ ഞങ്ങള്‍ക്കും പരിശീലനം നല്‍കി. വൈകുന്നേരങ്ങളില്‍ പല വീടുകളില്‍ നിന്നും സുലഭമായി മീന്‍ വിഭവങ്ങള്‍ എത്തി. ഇത്രയും സ്‌നേഹവും കരുതലും ആതിഥ്യമര്യാദയും ഉള്ള മറ്റൊരു ജനവിഭാഗത്തെയും ഞാന്‍ അന്നുവരെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല. ആ ബന്ധവും സ്‌നേഹവും ഇപ്പോഴും സാദിക്കിനെപ്പോലുള്ള സുഹൃത്തുക്കളിലൂടെ തുടരുന്നു.
സാദിക്കിന്റെ വാക്കുകളില്‍ ലക്ഷദ്വീപ് നേരിടുന്ന ദുരന്തത്തിന്റെ ആഴം വ്യക്തമായിരുന്നു.

അതിശക്തമായ കോവിഡ് നിയന്ത്രണങ്ങള്‍ (Standard Operation Procedure - SOP) ഉള്ളതുമൂലം കഴിഞ്ഞ ഫെബ്രുവരി വരെ ഒരു കേസ് പോലും ദ്വീപില്‍ നിന്ന് ഉണ്ടായില്ല. 14 ദിവസത്തെ ക്വാറന്റയിനും ആര്‍.ടി.പി.സി.ആര്‍ പരിശോധനയും കഴിഞ്ഞേ ആര്‍ക്കും ദ്വീപിലേക്ക് പോകാന്‍ കഴിയൂ. വൈദ്യസഹായം തേടിയോ സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് വേണ്ടിയോ മാത്രമേ കര്‍ശന പരിശോധനകള്‍ക്ക് ശേഷം ദ്വീപില്‍ നിന്ന് ആളുകള്‍ക്ക് കൊച്ചിയിലേക്കും വരാന്‍ കഴിയൂ. ഈ നിയന്ത്രണങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തിയാണ് പരിവാര സമേതം പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഗുജറാത്തില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ ദ്വീപില്‍ വന്നിറങ്ങിയത്.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയ കവറത്തിയില്‍ മാത്രമല്ല, എല്ലാ ദ്വീപിലും പരിവാര സമേതം അവര്‍ കറങ്ങി. എല്ലാ ഉദ്യോഗസ്ഥരുടെയും മീറ്റിംഗുകള്‍ ഒരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്തി. ബോധപൂര്‍വ്വം വെള്ളിയാഴ്ചകളിലെ ജുമാ സമയത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മീറ്റിംഗുകള്‍ വിളിച്ചു. ഫലം കോവിഡ് ദ്വീപിലാകെ വ്യാപിച്ചു.
അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ജ്ജ് മാത്രമുള്ള പ്രഫുല്‍ പട്ടേല്‍ ഇത്രയും ദിവസങ്ങളില്‍ ദ്വീപില്‍ നടത്തിയ കൈകടത്തല്‍ പോലും അവിടുത്തെ ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കയാണ്. ജനകീയമായി തെരഞ്ഞെടുക്കപ്പെട്ട സമിതികളില്‍ നിക്ഷിപ്തമായിരുന്ന എല്ലാ അധികാരങ്ങളും കേന്ദ്രം കെട്ടിയിറക്കിയ ചില ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. താരതമ്യേന ട്രെയിനിംഗ് ഘട്ടത്തില്‍ നില്‍ക്കുന്ന അത്തരം ഉദ്യോഗസ്ഥര്‍ക്ക് ലക്ഷദ്വീപിന്റെ സംസ്‌കാരമോ അവിടുത്തെ രീതികളോ അറിയാത്തത് കൊണ്ട് അവര്‍ എല്ലാത്തിനും ഉടക്കുകള്‍ വെച്ചു. കേന്ദ്രസര്‍ക്കാര്‍ കാലങ്ങളായി നല്‍കിവരുന്ന സഹായങ്ങള്‍ ഒരു ഉത്തരവിന്റെയും പിന്‍ബലമില്ലാതെ റദ്ദാക്കി. എത്രയോ ഫണ്ടുകള്‍ യഥാകാലം ചെലവഴിക്കാത്തത് കൊണ്ട് ലാപ്‌സായി. ദുര്‍ബലവിഭാഗങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കിയിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒറ്റയടിക്ക് റദ്ദാക്കി. പാവങ്ങള്‍ക്ക് വീടുവെക്കാന്‍ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ മിതമായ വിലയില്‍ നല്‍കിയിരുന്ന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ലക്ഷദ്വീപ് ഹൗസിംഗ് ബോര്‍ഡ് ഇത്തരത്തില്‍ പിരിച്ചുവട്ട ഒന്നാണ്. അവിടെ തൊഴില്‍ ചെയ്യുന്ന എത്രയോ ആളുകള്‍ക്ക് തൊഴിലുകള്‍ നഷ്ടപ്പെട്ടു. ദുര്‍ബലവിഭാഗങ്ങള്‍ക്ക് കാലങ്ങളായി ലഭിച്ചിരുന്ന ഒരു സഹായം റദ്ദായി.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന SPORTS (Society for Promotion of Recreational Tourism & Sports) എന്ന സംവിധാനത്തില്‍ 10,000 രൂപ പ്രതിമാസ ഓണറേറിയം കൈപ്പറ്റി പത്തും പതിനേഴും വര്‍ഷമായി ജോലിചെയ്തുവരുന്ന ഇരുനൂറോളം ജീവനക്കാരെ ഒരു മുന്നറിയിപ്പും ഇല്ലാതെ പിരിച്ചുവിട്ടു. താത്കാലിക അധ്യാപകരെടെയും മറ്റ് ഓഫീസ് ജീവനക്കാരുടെയും സേവനം മതിയാക്കി ഉത്തരവിട്ടു. ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം അപ്രായോഗികമായ തീരദേശനിയമം നടപ്പാക്കാന്‍ എന്ന പേരില്‍ നൂറും ഇരുനൂറും മീറ്റര്‍ പരിധിയില്‍ ഉള്ള മത്സ്യഷെഡ്ഡുകള്‍ പോലും പൊളിച്ചുമാറ്റി. (ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ തീരദേശനിയമങ്ങളും മറ്റും അതുപോലെ നടപ്പിലാക്കിയാല്‍ ലക്ഷദ്വീപില്‍ ആര്‍ക്കും വീടുവെക്കാന്‍ പോലും ആവില്ല. അതേസമയം വികസനത്തിന്റെ പേരില്‍ അധികം വാഹനങ്ങള്‍ പോലുമില്ലാത്ത ദ്വീപുകളില്‍ പോലും ഹൈവേകള്‍ നിര്‍മ്മിക്കുന്നു.)
സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പശുക്കളെ വളര്‍ത്താനും കോഴി ഫാം നടത്താനും പഞ്ചായത്ത് നല്‍കിയിരുന്ന സേവനങ്ങള്‍ പൊടുന്നനെ നിര്‍ത്തി. പെരുന്നാളിന് ആളുകള്‍ക്ക് കോഴി ലഭിക്കാതിരിക്കാന്‍, ഇന്നുവരെ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും കോഴികര്‍ഷകര്‍ക്ക് 45 ദിവസം മുന്‍പ് നല്‍കാറുണ്ടായിരുന്ന കോഴികുഞ്ഞുങ്ങളെ നല്‍കുന്ന പദ്ധതി നിഷ്‌കരുണം തടഞ്ഞു.

കേവലം അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ജ്ജ് മാത്രമാണ് ലക്ഷദ്വീപില്‍ ഇപ്പോള്‍ പ്രഫുല്‍ പട്ടേലിനുള്ളത്. അയാള്‍ക്ക് ലക്ഷദ്വീപിന്റെ സംസ്‌കാരം മനസ്സിലാവില്ല. അത് പരസ്പരമുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും സംസ്‌കാരമാണ്. നിഷ്‌കളങ്കരാണ് ലക്ഷദ്വീപ് വാസികള്‍. അവര്‍ക്ക് വലിയ രീതിയില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനും പോലും അറിയില്ല. അവരെയാണ് മതഭ്രാന്ത് മൂത്ത ഒരു ഭരണകൂടം അതിന്റെ ദല്ലാളന്മാരെ അയച്ച് ഇല്ലാതാക്കാന്‍ നോക്കുന്നത്. ഗുജറാത്തിലെ വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തുണ്ടം മുറിച്ച് വില്‍ക്കാന്‍ തുനിയുന്നത്. ക്രിമിനല്‍ പെറ്റി കേസുകള്‍ പോലും ഉണ്ടാവാത്ത ഒരു നാട്ടില്‍ ഗുണ്ടാനിമം പോലുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്ന് അവരുടെ എളിയ പ്രതിഷേധങ്ങളെപ്പോലും ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്നത്. ഒരു ജനതയുടെ വിശ്വാസത്തെ തൃണവൽക്കരിച്ച് ടൂറിസത്തിന്റെ പേരില്‍ മദ്യവും മയക്കുമരുന്നുകളും അവര്‍ക്കുമേല്‍ വര്‍ഷിക്കുന്നത്. പ്രഫുല്‍ പട്ടേലിനും സംഘത്തിനും സാധിക്കുന്നത് അതുമാത്രമാണ്. കാരണം അവര്‍ പരിചയിച്ച പ്രത്യയശാസ്ത്രത്തില്‍ ഉള്ളത് അതുമാത്രമാണ്.
മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പി യായ മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യചെയ്യാനിടയാക്കിയ സംഭവത്തില്‍ മുഖ്യപ്രതിയായ ഒരു അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കള്ളവും ചതിയും ഇല്ലാത്ത ഒരു നാട്, അതും മുസ്‌ലിംകള്‍ മാത്രമുള്ള ഒരു പ്രദേശം കാണുമ്പോള്‍ അതില്‍ അരിശം വരിക സ്വാഭാവികമാണ്. എന്നാല്‍ മാനവികതയുടെ കരുത്തില്‍ വിശ്വസിക്കുന്ന മനുഷ്യര്‍ ചരിത്രത്തില്‍ പലപ്പോഴും അത്തരം അഹങ്കാരങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്, പ്രതിഷേധത്തിന്റെ വന്‍തിരമാലകള്‍ പടുത്തുയര്‍ത്തികൊണ്ടുതന്നെ.
ഹരിദാസൻ
25 May 2021, 10:07 PM
കേരളത്തിന്റെ സഹോദര സ്ഥാനം ലക്ഷദ്വീപിനുണ്ട്. ഇന്ത്യയിൽ മറ്റേതെരു സംസ്ഥാനത്തെക്കാൾ ലക്ഷദ്വീപിന് കേരളവുമായി ആത്മബന്ധമുണ്ട് , ഭാഷാബന്ധമുണ്ട്. അവിടെ നടക്കുന്ന അത് അനീതിയും വേദനിപ്പിക്കുന്നത് നമ്മെയാണ്.
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
മനില സി.മോഹൻ
Apr 17, 2022
5 Minutes Watch
കെ.വി. ദിവ്യശ്രീ
Apr 14, 2022
12 Minutes Watch
കെ.വി. ദിവ്യശ്രീ
Apr 05, 2022
9 Minutes Read
സുൽഫത്ത് എം.
26 May 2021, 07:29 AM
ഫാസിസം കൂർത്ത പല്ലുകളും നഖങ്ങളും ഒന്നൊന്നായി രാകി മൂർച്ച കൂട്ടി പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. ചോരയൂറ്റിക്കുടിച്ച് തുടങ്ങിയിട്ടേയുള്ളൂ. പ്രതിരോധങ്ങൾ ശക്തമായില്ലെങ്കിൽ .....