സഖാവ് പി.എ: ജീവിതം പാർട്ടിക്കു സമർപ്പിച്ച ജനകീയ നേതൃത്വം

പാർട്ടിയിലാകെ വലിയ തോതിൽ വിഭാഗീയതയുണ്ടായിരുന്ന കാലഘട്ടത്തിൽ പാർട്ടിയോട് പ്രതിബദ്ധതയുള്ള പ്രവർത്തകർക്ക് എല്ലാവിധ പിന്തുണയും നൽകി പാർട്ടിയെ ഐക്യപ്പെടുത്താനും പാർടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പാർട്ടിക്ക് മുൻകാല ഘട്ടങ്ങളിൽ ഉള്ളതിനേക്കാൾ വളർച്ചയും വിജയവും നേടിയെടുക്കാനും പാർട്ടി നേതൃത്വം എന്ന നിലയിൽ പി.എ.ക്കു സാധിച്ചു. വെള്ളിയാഴ്​ച അന്തരിച്ച പ്രമുഖ സി.പി.എം നേതാവും കാൽനൂറ്റാണ്ട്​ വയനാട്​ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.എ.മുഹമ്മദിനെക്കുറിച്ച്​ അഖിലേന്ത്യ കിസാൻ സഭ ​നേതാവും സുൽത്താൻ ബത്തേരി എം.എൽ.എയുമായിരുന്ന പി. കൃഷ്​ണപ്രസാദ്​ ഓർക്കുന്നു

യനാട്ടിലെ തൊഴിലാളി വർഗപ്രസ്ഥാനത്തിൽ ‘സഖാവ് പി.എ.' എന്നറിയപ്പെട്ടിരുന്ന പി. എ. മുഹമ്മദിന്റേത് അനിഷേധ്യമായ ജനകീയ വ്യക്തിത്വമായിരുന്നു. എല്ലാ കക്ഷിരാഷ്ടീയത്തിൽപ്പെട്ട വയനാട്ടുകാർക്കും ഏറ്റവും പ്രിയങ്കരൻ.

വിനയവും ലാളിത്യവുമാണ് പി. എ.യുടെ മുഖമുദ്ര. ഏത് ആൾക്കൂട്ടത്തിലും ലയിച്ചുചേരാനും അവരിലൊരാളായി മാറാനും പി.എ.ക്കു സാധിച്ചു. പി.വി. വർഗീസ് വൈദ്യർക്കും പി. കുഞ്ഞിക്കണ്ണനും ശേഷം തങ്ങളുടെ ജീവിതത്തിലൂടെ വയനാട്ടിലെ പാർട്ടിയുടെ ചരിത്രത്തിൽ അനിഷേധ്യസ്ഥാനം നേടിയെടുത്ത മുൻ തലമുറയിലെ ഒരു സമര സഖാവായിരുന്നു അദ്ദേഹം.

2003 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റു സ്ഥാനത്തുനിന്ന് വിരമിച്ചശേഷം പാർട്ടി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത് കർഷക മുന്നണിയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. അതിന് ഡൽഹി പാർട്ടി കേന്ദ്രത്തിൽ നിന്ന് പാർട്ടി അംഗത്വം വയനാട് പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റി. അന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി.എ.

വയനാട് കാർഷിക മേഖലയിൽ നിരന്തരമായ ആത്മഹത്യകൾ നടക്കുന്ന, കാപ്പി പ്രതിസന്ധിയുടെ കാലഘട്ടം. കർഷക -ഗ്രാമീണ കുടുംബങ്ങൾ കടക്കെണിയിലും വറുതിയിലും. പ്രതിദിനം കർഷക ആത്മഹത്യയുടെ വാർത്തകൾ. കടം എഴുതിത്തള്ളണം എന്ന ആവശ്യം ഉന്നയിച്ച് ഫാർമേഴ്‌സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ പ്രക്ഷോഭം നടക്കുന്നുണ്ട്. ഇംഫാം എന്ന കർഷക സംഘടന പ്രക്ഷോഭരംഗത്തുണ്ട്. ആദിവാസികൾ ഭൂമിക്കായി പ്രക്ഷോഭം നടത്തുന്നു. സി. കെ. ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരം അടിച്ചമർത്തിയതും ആദിവാസി കർഷക തൊഴിലാളി ജോഗിയെ എ. കെ. ആന്റണി സർക്കാർ വെടിവെച്ചു കൊന്നതും ആ കാലഘട്ടത്തിലാണ്. അടഞ്ഞുകിടക്കുന്ന തോട്ടം മേഖലയിൽ കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും. നവ ഉദാരവൽക്കരണ നയങ്ങൾ രാജ്യത്താകെ എന്താണ് ചെയ്യുക എന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു അന്നത്തെ വയനാട്.

പ്രതിസന്ധികളെ നേരിടാനും അതിനെ അവസരമായി കണ്ട് പാർട്ടിയുടെയും വർഗ ബഹുജന സംഘടനകളുടെയും വളർച്ചക്കായി ഉപയോഗപ്പെടുത്താനും പ്രതിസന്ധിയുടെ രൂക്ഷ ഫലങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസമെത്തിക്കാനുമുള്ള മികച്ച മാതൃകയായിരുന്നു സഖാവ് പി. എ.യുടെ നേതൃത്വത്തിൽ വയനാട് പാർട്ടി ജില്ലാ കമ്മിറ്റി വികസിപ്പിച്ച പ്രവർത്തനശൈലി.
പ്രവർത്തിക്കുന്ന സഖാക്കൾക്ക് എല്ലാ പിന്തുണയും സഖാവ് നൽകി. അതിലൂടെ കൂട്ടായ്മ വികസിപ്പിക്കാനും വർഗ ബഹുജന സംഘടനകളെ സക്രിയമാക്കാനും സാധിക്കണം- എങ്കിൽ മാത്രമേ പൊതുവേ പാർട്ടി ദുർബലമായ മേഖലകളിൽ ശക്തിയാർജ്ജിക്കാൻ സാധിക്കൂ എന്ന വ്യക്തമായ വീക്ഷണമാണ് സഖാവിനുണ്ടായിരുന്നത്.

അതതു വർഗ-ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കാനും പാർട്ടി നേതൃത്വത്തിൽ അതിന്​ ഫലപ്രദമായ ഇടപെടൽ ഉറപ്പുവരുത്താനും പാർട്ടി ജില്ലാ കമ്മിറ്റി സമയോചിത ഇടപെടലാണ് നടത്തിയത്. അതിലെല്ലാം ശരിയായ നിലപാടുകൾ സ്വീകരിക്കാനും സമരരംഗത്ത് പാർട്ടിയെയാകെ അണിനിരത്താനും പി. എ.ക്കു സാധിച്ചു. ഇക്കാരണത്താലാണ് വയനാടിന്റെ ചരിത്രത്തിലെ ഏറ്റുവും ഉജ്ജലമായ ബഹുജന സമരങ്ങളും തെരഞ്ഞെടുപ്പ് വിജയങ്ങളും നേടാൻ പി.എ. സെക്രട്ടറിയായ ഘട്ടത്തിൽ പാർട്ടിക്ക് സാധിച്ചത്.

ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം നടന്നത് ലോകത്തുതന്നെ സമാനതയില്ലാത്തതാണ്. 14 കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ ഏക്കർ ഭൂമിയിലാണ് -നിക്ഷിപ്ത വനഭൂമിയിലും തോട്ടം മേഖലയിലെ മിച്ചഭൂമിയിലും -സമര സഖാക്കൾ താമസം തുടങ്ങിയത്. ആയിരങ്ങളെയാണ് പൊലീസ് അറസ്റ്റുചെയ്തു ജയിലിലടച്ചത്. പി.എ. യെയും കണ്ണൂർ ജയിലിൽ അടച്ചു. പൂർണ ഗർഭിണിയായ ശാന്ത കണ്ണൂർ ജയിലിൽ പ്രസവിച്ച കുട്ടി മരിച്ചു. ജയിലിൽ നിന്നു വിട്ട ആദിവാസികൾ വീണ്ടും തിരികെ സമരഭൂമിയിലെത്തി. അവിടെ അവർ കെട്ടിയ കുടിലുകൾ പൊലീസ് പൊളിക്കാതെ കാവൽ നിന്നത് തോട്ടം തൊഴിലാളി യൂണിയൻ, കർഷക തൊഴിലാളി യൂണിയൻ, കർഷക സംഘം പ്രവർത്തകരാണ്​. ഒപ്പം വിദ്യാർഥി- യുവജന- മഹിളാ സംഘടനകളുടെ പ്രവർത്തകരും.

പാർട്ടി സംഘടനയെ ഫലപ്രദമായി ചലിപ്പിച്ച് ജില്ലയാകെ സമരകേന്ദ്രമാക്കി മാറ്റാൻ പി. എ. അനിതരസാധാരണമായ നേതൃത്വം നൽകി. 2004 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ വിജയിച്ച ഒന്നാം യു.പി.എ സർക്കാർ ആദിവാസി വനാവകാശ നിയമം നിർമിച്ചതിലൂടെ കുടിൽ കെട്ടിയ ഭൂമികളിൽ ആദിവാസികൾക്ക് അവകാശം ലഭിച്ചു.

ആ കാലഘട്ടത്തിൽ ജില്ലയിലെ രൂക്ഷമായ കാർഷിക പ്രതിസന്ധിയെ നവ ഉദാരവൽക്കാരണ നയങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനും അതിനെതിരായ സമരങ്ങളാണ് പ്രതിസന്ധി പരിഹാരിക്കാൻ ആവശ്യം എന്ന് പാർട്ടി സംഘടനയെയാകെ ബോധ്യപ്പെടുത്താനും പാർട്ടി ജില്ലാ കമ്മിറ്റിക്കു സാധിച്ചു. കർഷക ആത്മഹത്യകൾ ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിലെ വിദർഭ, ആന്ധ്രാപ്രദേശിലെ അനന്ത്പുർ എന്നിവിടങ്ങളിൽ നിന്നല്ല, കേരളത്തിലെ വയനാട്ടിൽ നിന്നാണ് രാജ്യത്ത് ആദ്യമായി ഉദാരവൽക്കരണ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡൽഹിയിലേക്ക് കർഷകരുടെ പാർലമെന്റ് മാർച്ച് നടന്നത്. കർഷകരുടെ കടം എഴുതി തള്ളുക, കാർഷിക പ്രതിസന്ധി പരിഹരിക്കാൻ കാർഷിക വിളകൾക്ക് ആദായവില നൽകുക എന്നിവയായിരുന്നു ആവശ്യങ്ങൾ. 2006 മാർച്ച് 24 ന് വയനാട് കർഷക സമര സമിതി ഡൽഹിയിൽ പാർലിയമെന്റ് മാർച്ച് നടത്തി. അന്ന് വയനാട്ടിലെ കടകമ്പോളങ്ങൾ പൂട്ടി വയനാട് ജില്ലാ ബന്ദ് ആചരിച്ചു.

കാർഷിക മേഖലയിൽ ഐക്യമുന്നണി രൂപീകരിക്കുക എന്ന നയത്തെ ഏറ്റവും നന്നായി വികസിപ്പിക്കാൻ പാർട്ടി ജില്ലാകമ്മിറ്റിക്കു സാധിച്ചതിന്റെ ഫലമയിട്ടാണ് കേരള കർഷക സംഘം മുൻകൈയെടുത്ത് 2004ലെ വയനാട് കർഷക സമര സമിതി രൂപീകരിച്ചതും അതിന്റെ നേതൃത്വത്തിൽ സമരങ്ങൾ നടത്തിയതും. കർഷക മോർച്ച, സ്വതന്ത്ര കർഷക സംഘടന, ഇംഫാം, കർഷക കോൺഗ്രസ്, കർഷക യൂണിയൻ (എം), ഇടതുപക്ഷ കർഷക സംഘടനകൾ ഉൾപ്പെടെ എല്ലാ കർഷക സംഘടനകളുമായും സഹകരിച്ച് വിപുലമായ മുന്നണിയാണ് അന്ന് രൂപപ്പെടുത്തിയത്. ഫാർമേഴ്‌സ് റിലീഫ് ഫോറം മാത്രമാണ് മാറിനിന്നത്. 2004 മുതൽ തുടർച്ചയായ കർഷക സമരങ്ങൾ വയനാട്ടിൽ നടന്നു.

കാപ്പി കർഷകർ നേരിടുന്ന പ്രതിസന്ധി നേരിടാൻ കാപ്പി ബെൽറ്റായ കേരളത്തിലെയും കരണാടകത്തിലെയും കാപ്പി കർഷക സംഘടനകളുമായി സഹകരിച്ച് സൗത്ത് ഇന്ത്യൻ ഫാർമേഴ്‌സ് ഫെഡറേഷൻ രൂപീകരിച്ചു പ്രവർത്തിക്കാൻ പി. എ. മുൻകൈയെടുത്തു. അതിനായി കുടകിലും ബംഗളൂരിലും നടന്ന കർഷക യോഗങ്ങളിൽ പങ്കെടുക്കാൻ ഞങ്ങളോടൊപ്പം പി. എ.യും യാത്ര ചെയ്തു. ആ ഘട്ടത്തിൽ കർണാടകത്തിലെ കർഷകരുടെ ഇടയിൽ പാർട്ടി ശക്തിപ്പെടുത്താൻ ബോർഡർ കമ്മിറ്റി രൂപീകരിക്കാനും കോടിയേരി ബാലകൃഷ്ണനൊപ്പം പി. എ. സജീവമായിരുന്നു.

2004 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലും, 2005ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്, 3 ബ്ലോക്ക് പഞ്ചായത്തുകൾ, 27 ൽ 23 ഗ്രാമ പഞ്ചായത്ത്/ മുൻസിപ്പാലിറ്റി എന്നിവയിലും, 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വയനാട്ടിലെ മൂന്നു സീറ്റുകളിലും എൽ.ഡി.എഫ് വിജയം നേടിയത് പി.എ യുടെ നേതൃത്വത്തിൽ വയനാട്ടിലെ പാർട്ടി കാർഷിക -ആദിവാസി -തോട്ടം മേഖലയിൽ വളർത്തിയെടുത്ത ഐക്യമുന്നണി രാഷ്ട്രീയവും അതിന്റെ നേതൃത്വത്തിൽ നടന്ന വർഗസമരങ്ങളുടെയും ബലത്തിലാണ്.

2006ൽ വി.എസ്. അച്ചുതാനന്ദൻ സർക്കാർ രാജ്യത്താദ്യമായി കർഷക കടാശ്വാസ കമീഷൻ രൂപീകരിച്ചു. 40114 കർഷക കുടുംബങ്ങളുടെ കടം കമീഷൻ ഏറ്റെടുത്തു. ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിൽ വന്ന ഒന്നാം യു. പി. എ സർക്കാർ 2008ൽ 70,000 കോടി രൂപയുടെ കടാശ്വാസപദ്ധതി പ്രഖ്യാപിച്ചു.

കാപ്പി പ്രതിസന്ധിയുടെ കാലഘട്ടത്തിൽ വയനാട്ടിൽ 2003 -2007 കാലത്ത് നടത്തിയ വയനാട് കർഷക സമര സമിതിയുടെ സമരാനുഭവങ്ങളാണ് പിന്നീട് 2012 ൽ ഡൽഹിയിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റിയപ്പോൾ ഭൂമി അധികാർ ആന്ദോളൻ, അഖിലേന്ത്യാ കർഷക സമര സമന്വയ സമിതി, സംയുക്ത കിസാൻ മോർച്ച എന്നിവയുടെ രൂപീകരണത്തിലും ഐക്യ കർഷക സമരങ്ങളിലും സജീവമായ പങ്കാളിത്തം വഹിക്കാൻ സഹായകരമായത്.

പി.എ.യുടെയും പി.വി. വർഗീസ് വൈദ്യരുടെയും നേതൃത്വത്തിലാണ് വയനാട് കാർഷിക പ്രതിസന്ധി മറികടക്കാൻ ക്ഷീര മേഖല കേന്ദ്രീകരിച്ച് 1999 ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായ ഘട്ടത്തിൽ കേരള സർക്കാർ ഉത്തരവിലൂടെ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി രൂപീകരിച്ചത്. ഭൂപരിഷ്‌ക്കരണത്തിനുശേഷം കാർഷിക മേഖലയിൽ നടക്കേണ്ട കാർഷിക വ്യവസായങ്ങളും ആഭ്യന്തര വിപണി വികസനവും എന്ന കടമകൾ സഹകരണ കൃഷിയിലൂടെ ഏറ്റെടുക്കുക എന്നതാണ് ബ്രഹ്മഗിരിയുടെ ദൗത്യം.
സ്ഥാപക ഡയറക്ടർ ബോർഡ് അംഗമായിരുന്ന പി.എ. 2016 വരെ ആ സ്ഥാനത്ത് തുടർന്നു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ ബ്രഹ്മഗിരിയുമായി പി.എ. കാത്തുസൂക്ഷിച്ച ആത്മബന്ധവും നൽകിയ കരുതലും പിന്തുണയും ഈ വളർച്ചക്ക് സഹായകരമായി. 2011 ലെ ഭരണമാറ്റത്തെ തുടർന്ന്​ മലബാർ മീറ്റ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കാതെ വന്ന ഘട്ടത്തിൽ 2013 ൽ അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കണ്ട് ബ്രഹ്മഗിരി വായ്പ സമാഹരണത്തിന് ഉചിതമായ തീരുമാനം എടുക്കാൻ പി. എ. മുൻകൈ എടുത്തു. അതിനെ തുടർന്നാണ് 2014 മാർച്ച് 15 ന് മലബാർ മീറ്റ് ഫാക്ടറി കമീഷൻ ചെയ്യാൻ സാധിച്ചത്.

സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ വിത്ത് ധനവും രണ്ടു ജീവനക്കാരുമായി ആരംഭിച്ച ബ്രഹ്മഗിരി കഴിഞ്ഞ 20 വർഷങ്ങളിൽ 59 കോടി രൂപ ആസ്തിയും 226 ജീവനക്കാരടക്കം 600 ഓളം കർഷകരും സംരംഭകരും ജീവിതോപാധി കണ്ടെത്തുന്ന ശ്രദ്ധേയമായ സ്ഥാപനമായി വളർന്നതിൽ പി.എ.യുടെ നിസ്തുലമായ അദ്ധ്വാനമുണ്ട്.

കൂട്ടായ നേതൃത്വം എന്ന നിലയിൽ പ്രവർത്തിക്കാനും സജീവമായി പ്രവർത്തിക്കുന്ന സഖാക്കളെ പ്രോൽസാഹിപ്പിക്കാനും എവിടെയെല്ലാം സമരങ്ങളുണ്ടോ അവിടെയെല്ലാം ഓടിയെത്താനും പി.എ.ക്കു നിർബന്ധ ബുദ്ധിയുണ്ടായിരുന്നു. ആരോടും അദ്ദേഹത്തിന് വിരോധമുണ്ടായിരുന്നില്ല.
പാർട്ടിയിലാകെ വലിയ തോതിൽ വിഭാഗീയതയുണ്ടായിരുന്ന കാലഘട്ടത്തിൽ പാർട്ടിയോട് പ്രതിബദ്ധതയുള്ള പ്രവർത്തകർക്ക് എല്ലാവിധ പിന്തുണയും നൽകി പാർട്ടിയെ ഐക്യപ്പെടുത്താനും പാർടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പാർട്ടിക്ക് മുൻകാല ഘട്ടങ്ങളിൽ ഉള്ളതിനേക്കാൾ വളർച്ചയും വിജയവും നേടിയെടുക്കാനും പാർട്ടി നേതൃത്വം എന്ന നിലയിൽ പി.എ.ക്കു സാധിച്ചു.

2011 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ എം.എൽ.എയായിരുന്ന ശ്രേയാംസ് കുമാറിനെതിരെ മൽസരിക്കാൻ സുൽത്താൻ ബത്തേരി എം.എൽ.എയായിരുന്ന എന്നെ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഡൽഹിയിലേക്ക് പ്രവർത്തനം മാറ്റാൻ അത് തടസ്സമാകും എന്നതിനാൽ എന്നെ ഒഴിവാക്കിത്തരണമെന്ന് പാർട്ടി നേതൃത്വത്തിന് എഴുതി നൽകി. പകരം പി.എ.യെ യാണ് പാർട്ടി സ്ഥാനാർഥിയാക്കിയത്. തെരെഞ്ഞെടുപ്പിൽ പി.എക്കു വിജയിക്കാനായില്ല.

വിവിധ വിഷയങ്ങളിൽ രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുമ്പോൾ പോലും വ്യക്തിപരമായി എല്ലാവർക്കും സ്‌നേഹവും ആദരവും എല്ലാവിധ പിന്തുണയും നൽകാനും ഏത് പ്രതിസന്ധി ഘട്ടത്തിലും പതറാതെ ഉറച്ചുനിൽക്കാനും പാർട്ടിയെ ഒറ്റക്കെട്ടായി സംരക്ഷിക്കാനും എങ്ങനെ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു കാണിക്കാൻ പി.എ.ക്കു കഴിഞ്ഞു.

വായിക്കാനും പഠിക്കാനും സമയം കണ്ടെത്തുന്നതിൽ നിർബന്ധബുദ്ധിയുള്ള കമ്യൂണിസ്റ്റ്കാരനായിരുന്നു പി.എ. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കണം എന്നദ്ദേഹം എല്ലാവരെയും പഠിപ്പിച്ചു. തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങൾ പാർട്ടിഘടകങ്ങളിൽ വെട്ടിത്തുറന്നു പറയാൻ പി.എക്കു സാധിച്ചു. അത് മറ്റുള്ളവരെ അലോസരപ്പെടുത്തുമോ എന്ന് പരിഗണിച്ചില്ല. പാർട്ടി അച്ചടക്കത്തിൽ എല്ലാവർക്കും അദ്ദേഹം മാതൃകയായിരുന്നു.
വർഗസമരങ്ങളിലൂടെയും കൂട്ടായ നേതൃത്വത്തിലൂടെയും മാത്രമേ പ്രതിസന്ധികൾ മറികടക്കാനും തൊഴിലാളി വർഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സാധിക്കൂ എന്ന വ്യക്തമായ നിലപാട് ആർജ്ജിക്കാൻ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സാധിച്ചതാണ് പി.എ.യുടെ ജീവിത വിജയം. സഖാവ് പി.എ.ക്ക് അന്തിമ രക്താഭിവാദ്യങ്ങൾ.


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments