എ.വി. കുഞ്ഞമ്പു അസ്ഥിവാരമിട്ട പയ്യന്നൂർ കോട്ട

Election Desk

ഉപ്പുസത്യാഗ്രഹം അടക്കം ദേശീയ പ്രസ്ഥാനത്തിന്റെ വേരോട്ടമുള്ള ദേശം, സി.പി.എമ്മിന്റെ ചോദ്യം ചെയ്യപ്പെടാത്ത കോട്ട. 2016ൽ സി.പി.എമ്മിലെ സി. കൃഷ്ണൻ 40,263 വോട്ടിനാണ് കോൺഗ്രസിലെ സാജിത് മൗവ്വലിനെ തോൽപ്പിച്ചത്. 2011 മുതൽ സി. കൃഷ്ണനാണ് ജയം. 2006 മുതൽ 2011 വരെ പി.കെ. ശ്രീമതിയായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി.

എ. വി. കുഞ്ഞമ്പു / വര: ദേവപ്രകാശ്

പ്രമുഖ സി.പി.എം നേതാക്കളുടെ ഇഷ്ട മണ്ഡലം കൂടിയാണിത്. തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ നേതൃപരമായ പങ്ക് വഹിക്കുകയും കരിവെള്ളൂർ സമരത്തിന് നേതൃത്വം നൽകുകയും ചെയ്ത എ.വി. കുഞ്ഞമ്പു 1970ൽ പയ്യന്നൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുമ്പോൾ, അദ്ദേഹം കണ്ണൂർ ജയിലിലായിരുന്നു. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കണ്ണൂരിൽ തിരിച്ചെത്തിയ കുഞ്ഞമ്പുവിനെ ചൈനാ ചാരനെന്ന് മുദ്രകുത്തിയാണ് പൊലീസ് അറസ്റ്റുചെയ്തത്. അദ്ദേഹത്തിന്റെ ഛായാചിത്രവുമായിട്ടായിരുന്നു പ്രചാരണം. 77 വരെ കുഞ്ഞമ്പു എം.എൽ.എയായി. തുടർന്ന് എൻ. സുബ്രഹ്‌മണ്യ ഷേണായി (1977, 1980), എം.വി. രാഘവൻ (1982), സി.പി. നാരായണൻ (1987, 1991), പിണറായി വിജയൻ (1996) തുടങ്ങിയ നേതാക്കൾ മൽസരിച്ച് ജയിച്ചു. എം.വി. രാഘവൻ സി.പി.എമ്മിനുവേണ്ടി അവസാനമായി മൽസരിച്ചും പയ്യന്നൂരിലാണ്, 1982ൽ. കോൺഗ്രസിലെ ടി. വി. ഭരതനെയാണ് പരാജയപ്പെടുത്തിയത്.

രണ്ടുതവണയായി തുടരുന്ന സി. കൃഷ്ണൻ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലേക്ക് മാറുകയാണ്. പകരം പുതുമുഖത്തെ പരീക്ഷിക്കാനാണ് സി.പി.എം നീക്കം. ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനനാണ് സാധ്യത. പാർട്ടി ജില്ലാ കമ്മിറ്റിക്കും മധുസൂദനനെയാണ് പ്രിയം. ഉറച്ച സീറ്റായതിനാൽ, അവസാന നിമിഷം പ്രമുഖ നേതാക്കളിൽ ആരെങ്കിലും പയ്യന്നൂരിൽ എത്താനും സാധ്യതയുണ്ട്. പി. ജയരാജനുവേണ്ടി അണികൾ മുമ്പ് കാമ്പയിൻ നടത്തിയിരുന്നു. അത് ഇപ്പോൾ സജീവമല്ല.

എ.ഐ.സി.സി നിയോഗിച്ച ഏജൻസികൾ ജയസാധ്യതയുള്ളതായി കണ്ടെത്തിയിരിക്കുന്നത് എം. പ്രദീപ്കുമാറിനെയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിൽ 44ൽ 35 സീറ്റും നേടിയാണ് എൽ.ഡി.എഫ് ഭരണത്തുടർച്ചയുണ്ടാക്കിയത്. യു.ഡി.എഫിന് എട്ടുസീറ്റുമാത്രം. പയ്യന്നൂർ നഗരസഭയും പെരിങ്ങോം- വയക്കര, കാങ്കേൽ- ആലപ്പടമ്പ്, കരിവെള്ളൂർ, പെരളം, രാമന്തളി, എരമം- കുറ്റൂർ, ചെറുപുഴ പഞ്ചായത്തുകളും അടങ്ങിയ മണ്ഡലം.

Comments