ദേശസുരക്ഷയുടെ പേര് പറഞ്ഞ് എന്തും ചെയ്യാനാവില്ല; പെഗാസസിൽ കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി

Think

പെഗാസസ് കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി നൽകി സുപ്രീം കോടതിയുടെ വിധി. ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകളുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് സുപ്രീം കോടതിയുടെ വിധിച്ചത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.

വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ആർ.വി. രവീന്ദ്രനാണ് അന്വേഷണസമിതി അധ്യക്ഷൻ. റോ മുൻ മേധാവി അലോക് ജോഷി, നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി ഡീൻ ഡോ. നവീൻ കുമാർ ചൗധരി, കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂൾ ഓഫ് എൻജിനീയറിങ് പ്രൊഫസർ ഡോ. പി. പ്രഭാകരൻ, മുംബൈ ഐ.ഐ.ടി. പ്രൊഫസർ ഡോ. അശ്വിൻ അനിൽ ഗുമസ്‌തെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. എട്ട് ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

ഇസ്രായേലി ചാര സോഫ്റ്റ് വെറയായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തരും ഉൾപ്പെടെ നിരവധിയാളുകളുടെ ഫോൺ ചോർത്തിയെന്നാണ് ആരോപണം ഉയർന്നത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ സെപ്റ്റംബർ 23-ന് കേസ് പരിഗണിച്ചപ്പോൾ തന്ന വിഷയത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി ഉറപ്പുനൽകിയിരുന്നു.

ദേശസുരക്ഷയുടെ പേര് പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പൗരൻമാരുടെ സ്വകാര്യതയ്ക്ക് രാജ്യത്ത് വിലയുണ്ടെന്നും ഫോൺ ചോർത്തലിന് ഇരയായ ചിലർ തന്നെയാണ് പരാതിക്കാർ എന്നതിനാൽ കേസ് ഗൗരവമായി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പലതവണ വിവരം തേടിയെങ്കിലും കേന്ദ്ര സർക്കാരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ലഭിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധസമിതിയുടെ അന്വേഷണത്തിൽ കേന്ദ്രം സഹകരിക്കണമെന്നും അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറാൻ തയ്യാറാകണമെന്നും മൂന്നംഗ ബെഞ്ച് നിർദേശിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ് ചോർത്തലിന് കാരണമെങ്കിൽ അത് കോടതിയിൽ വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കണമെന്നും കോടതി പറഞ്ഞു.

മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും മാത്രമല്ല, ഓരോ പൗരനും സ്വകാര്യതയ്ക്ക് അവകാശമുണ്ട്. പൗരൻമാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. സ്വകാര്യത ഹനിയ്ക്കപ്പെട്ടു എന്ന് ഒരു പൗരന് സംശയമുണ്ടാകുമ്പോൾ അത് വ്യക്തമാക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. എന്നാൽ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ ഇതുവരെ വ്യക്തമായ മറുപടി നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല. പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച എന്ന കാര്യത്തിലും കേന്ദ്ര സർക്കാർ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ പൊതുചർച്ചയോ കോടതി ഇടപെടലോ ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാട്. പരാതികളെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയമിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അധിക സത്യവാങ്മൂലം നൽകാനാവില്ലെന്ന് കേന്ദ്രം വീണ്ടും വ്യക്തമാക്കിയതോടെയാണ് സുപ്രീം കോടതി തന്നെ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്.

രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, എഡിറ്റേഴ്‌സ് ഗിൽഡ്, മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ തുടങ്ങിയവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

വിവര വിപ്ലവത്തിന്റെ കാലമാണെങ്കിലും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജീവിതം മെച്ചപ്പെടുത്താൻ സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യമാണ്, എന്നാൽ ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനും ഇടയാക്കും. പൗരൻമാരുടെ മൗലികാവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം ഭരണഘടനാ പരിശോധനയ്ക്ക് വിധേയമാകണം. ഇത്തരത്തിലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കണോ എന്ന് സർക്കാർ തീരുമാനമെടുക്കണം.

ഭീകരവാദം പോലെയുള്ളവ നേരിടുന്നതിനായി ദേശസുരക്ഷയുടെ പേരിൽ ചിലപ്പോൾ ഫോൺ ചോർത്തൽ പോലെയുള്ള സ്വകാര്യതാ ലംഘനങ്ങൾ ഭരണകൂടങ്ങൾക്ക് ചെയ്യേണ്ടിവരും. ശക്തമായ കാരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമെ ഇത്തരം നടപടികളിലേക്ക് നീങ്ങാവൂ. നിയമസംവിധാനം നിലനിൽക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത്, കൃത്യമായ സുരക്ഷാനടപടികൾ സ്വീകരിക്കാതെ വിവേചനരഹിതമായ ചാരപ്രവർത്തനം നടത്തുന്നത് അനുവദനീയമല്ല. ഭരണഘടന നിഷ്‌കർഷിക്കുന്ന നടപടിക്രമങ്ങൾ പാലിച്ച് മാത്രമെ എന്ത് സാഹചര്യമുണ്ടായാലും പൗരൻമാരുടെ വിവിരങ്ങൾ ചോർത്താൻ പാടുള്ളൂ.

അതേസമയം, പൊതുപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ എന്തിന് ചോർത്തിയെന്നോ, അല്ലെങ്കിൽ ചോർത്തി എന്നുപോലും സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. സർക്കാരുകൾക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്നതാണ് പെഗാസസ് ചാര സോഫ്റ്റ് വെയർ. അങ്ങനെയാകുമ്പോൾ ഫോൺ ചോർത്തപ്പെട്ടു എന്ന് കരുതുന്നവരുടെ സംശയമുന കേന്ദ്ര സർക്കാരിന് നേരെ തന്നെയാണ് ചൂണ്ടുക.
പെഗാസസ് വിവാദത്തിന്റെ എല്ലാ വശങ്ങളും പരശോധിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമായ മറുപടികൾ നൽകിയില്ലെങ്കിലും ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ടത് അനിവാര്യമായതിനാണ് അന്വേഷണസമിതിയെ നിയോഗിക്കാൻ നിർബന്ധിതമായതെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടന ഉയർത്തിപ്പിടിക്കാനും മൗലികാവകാശങ്ങൾ ഹനിക്കപ്പെടാതെ സംരക്ഷിക്കാനുമാണ് കോടതി ആഗ്രഹിക്കുന്നതും വിധിപ്രസ്താവത്തിൽ പറയുന്നു.

ആരോപണവുമായി ബന്ധപ്പെട്ട് എഴ് വിഷയങ്ങളാണ് വിദഗ്ധ സമിതി പരിശോധിക്കുക. സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ലംഘിക്കപ്പെട്ടു എന്നതാണ് പരിഗണനാ വിഷയങ്ങളിൽ ആദ്യത്തേത്. ആരോപണങ്ങൾ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്നു എന്നതും സമിതി പരിഗണിക്കും. ആരോപണങ്ങളിൽ എന്ത് നടപടിയെടുത്തു എന്നത് കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നതും പരിശോധിക്കപ്പെടും. വിദേശരാജ്യങ്ങൾ ഉന്നയിച്ച ആരോപണങ്ങളും വിദേശ കക്ഷികളും ഇടപെടലുകളും, രാജ്യത്തെ ജനങ്ങളെ, വിദേശ സ്ഥാപനങ്ങളോ ഏജൻസികളോ സ്വകാര്യ സ്ഥാനങ്ങളോ നിരീക്ഷണത്തിലാക്കാനുള്ള സാധ്യത, പൗരൻമാരുടെ അവകാശം ലംഘിക്കുന്നതിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ കക്ഷികളാണോ എന്നിവയും സമിതിയുടെ അന്വേഷണപരിധിയിൽ വരും. പൗരൻമാർക്കുമേൽ സാങ്കേതികവിദ്യയുടെ ഉപയോഗം ഉണ്ടെന്നത് യാഥാർഥ്യമാണെങ്കിൽ കൂടി ഇത് തർക്കവിഷയവും കൂടുതൽ വസ്തുതാ പരിശോധനകൾ ആവശ്യമുള്ളതുമാണ്. അതിനാൽ സമിതിയുടെ അധികാരപരിധിയിൽ നിന്നുകൊണ്ട് യാഥാർഥ്യങ്ങൾ കണ്ടെത്താൻ പരിമിതികളുമുണ്ട്.

ആദ്യഘട്ടത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള പരാതികളായിരുന്നു വന്നതെന്നും അത്തരം ഹർജികളെ കോടതി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സുപ്രീം കോടതി ബെഞ്ച് പറയുന്നു. എന്നാൽ പെഗാസസ് ചാര ആക്രമണത്തിന് ഇരായായി എന്ന് കരുതുന്നവർ തന്നെ പരാതികളുമായി എത്തിയപ്പോഴാണ് കോടതി ഗൗരവമായി പരിഗണിച്ചത്.

Comments