പെട്ടിമുടി, ചെല്ലാനം, വിഴിഞ്ഞം: മനുഷ്യർ പഠിച്ചതും ഭരണകൂടം പഠിക്കാത്തതും

പെട്ടിമുടിയിൽ 70 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലുണ്ടായിട്ട്​ ആഗസ്​റ്റ്​ ആറിന്​ ഒരു വർഷം തികയുന്നു. അവിടുത്തെ ദുരന്തബാധിതർക്ക്​ സർക്കാർ ഉറപ്പുനൽകിയ നഷ്​ടപരിഹാരം ലഭിച്ചുവോ? കഴിഞ്ഞ മേയിൽ തിരുവനന്തപുരത്തെയും എറണാകുളത്തെയും തീരമേഖലകൾ കനത്ത കടലേറ്റത്തിനിരയായി. അവരുടെ അവസ്​ഥ എന്താണ്​? കേരളത്തിലുണ്ടാകുന്ന ദുരന്തങ്ങൾ ശരിക്കും പ്രകൃതി ദുരന്തങ്ങളോ മനുഷ്യ ദുരന്തങ്ങളോ? വിദഗ്​ധർ എന്തു പറയുന്നു?- ഒരു അന്വേഷണ റിപ്പോർട്ട്​

"കഷ്ടപ്പാടുകളെല്ലാം നമ്മൾ പാവപ്പെട്ടവർക്ക് മാത്രം എപ്പോഴുമുണ്ടാകുന്നതെന്താ? ദൈവത്തിന് നമ്മളോട് അത്രയേറെ ദേഷ്യമായതുകൊണ്ടാണോ?'; 2020 ആഗസ്​റ്റിൽ​ ഇടുക്കി രാജമലക്കടുത്ത് കണ്ണിമല എന്ന സ്ഥലത്തെ തൊഴിലാളി ലയങ്ങളിലൊന്നിൽ അച്ഛന്റെ മടിയിലിരുന്ന് ഒരു ആറുവയസ്സുകാരി തമിഴ് കലർന്ന മലയാളത്തിൽ എന്നോട് ചോദിച്ച ചോദ്യമാണ്.

ഞാനും ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ആ പിതാവും പരസ്പരം നോക്കി. ഞങ്ങൾക്ക് അതിന്​ ഉത്തരമുണ്ടായിരുന്നു. ഇതിനൊക്കെ കാരണം മനുഷ്യർ തന്നെയാണെന്ന് ആ പിതാവ് കുഞ്ഞിന് പറഞ്ഞുകൊടുത്തു. അതെങ്ങനെയെന്ന അവളുടെ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയാനാകാത്തതുകൊണ്ട് ഞങ്ങൾ രണ്ടുപേരും നിശബ്ദരായി ഇരുന്നു.
അത് ആ കുഞ്ഞിന്റെ മാത്രം ചോദ്യമായിരുന്നില്ല. രാജമലയിലെ ഓരോ ലയങ്ങളിലും ഉണങ്ങിയ തേയിലക്കമ്പുകൾ കത്തുന്ന അടുപ്പുകളിലേക്ക് നോക്കുന്ന എരിയുന്ന മനസ്സുകളിൽ നിന്ന്​, ദുരന്തത്തിന്റെ ഒന്നാം വാർഷികം അടക്കു​മ്പോഴും ഈ ചോദ്യം ഉയരുന്നുണ്ട്.

മൂന്ന് വർഷമായി, കൃത്യമായി പറഞ്ഞാൽ 2018 മുതൽ എല്ലാ ആഗസ്​റ്റുകളും കേരളത്തെ സംബന്ധിച്ച് ദുരിതങ്ങളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയുമാണ്. 2018ലും 19ലും പ്രളയങ്ങളുടെ രൂപത്തിലായിരുന്നു ആ ദുരിതങ്ങളെങ്കിൽ കഴിഞ്ഞ വർഷം ഇടുക്കി രാജമലയിലെ പെട്ടിമുടിയെന്ന പ്രദേശം തന്നെ ഇല്ലാതായി. 2018ലെ പ്രളയത്തിൽ 483 പേർ മരിക്കുകയും 40,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തതായാണ് വിലയിരുത്തൽ. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം’ എന്നറിയപ്പെടുന്ന 1924ലെ പ്രളയത്തിന് ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമായിരുന്നു 2018ലേത്​. ഇത് മനുഷ്യനിർമിതമാണെന്ന രാഷ്ട്രീയ ആരോപണവും ഉയർന്നിരുന്നു.

സംസ്ഥാനത്തെ 14 ജില്ലകളിലും ദുരിതം വിതച്ച വെള്ളപ്പൊക്കമായിരുന്നു ഇത്. എന്നാൽ 2019ലെ വെള്ളപ്പൊക്കത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളെയാണ് സാരമായി ബാധിച്ചത്. നദികളിലെയും മറ്റ് ജലാശയങ്ങളിലെയും ജലനിരപ്പ് ഉയർന്നതും തുടർച്ചയായ മഴയുമാണ് വെള്ളപ്പൊക്ക കാരണങ്ങളായി ഔദ്യോഗികമായി വിലയിരുത്തുന്നത്. അതേസമയം മലയോര പ്രദേശങ്ങളിലെ തുടർച്ചയായ ഖനനങ്ങളും മണ്ണെടുപ്പും നിർമാണ പ്രവർത്തനങ്ങളുമാണ് ശക്തമായ ഉരുൾപൊട്ടലുകളിലേക്ക് നയിച്ചതെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് എട്ടിനും 29നും ഇടയിലുണ്ടായ ദുരിതത്തിൽ 121 പേർ മരിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായിട്ടുമില്ല.

പ്രകൃതി ദുരന്തങ്ങളല്ല, മനുഷ്യ ദുരന്തങ്ങൾ

രണ്ട് മാസം മുമ്പ് തീരപ്രദേശങ്ങളിലുണ്ടായ കടലേറ്റങ്ങളാണ് കേരളം കണ്ട ഏറ്റവുമൊടുവിലത്തെ ദുരന്തം. ഇവയുടെ കാരണങ്ങൾ തേടിപ്പോയാൽ ഇവയെയൊന്നും പ്രകൃതി ദുരന്തങ്ങളായി മാത്രം വിശേഷിപ്പിക്കാനാകില്ലെന്ന് വ്യക്തമാകും. മാ​ത്രമല്ല, ഇവയുടെ ഇരകൾ മത്സ്യത്തൊഴിലാളികളും തോട്ടംതൊഴിലാളികളും ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളാണ്​​. അവരുടെ വാസസ്​ഥലം മുതൽ സാമൂഹിക ജീവിതം വരെ, ഇത്തരം ദുരന്തമുഖത്താണ്​ കെട്ടിപ്പൊക്കിയിട്ടുള്ളത്​.

2018ലെ മഹാപ്രളയം കേരളത്തെ സംബന്ധിച്ച്​ ഒരു മുന്നറിയിപ്പായിരുന്നു, കേരളത്തി​ന്റെ പരിസ്​ഥിതിയും ഭൂപ്രകൃതിയുമായും ബന്ധപ്പെട്ട്​ ഭാവിയിൽ സ്വീകരിക്കേണ്ട സംരക്ഷണ നടപടികളെക്കുറിച്ച്​ ഗൗരവത്തോടെ ആലോചിക്കുന്നതിനുള്ള മുന്നറിയിപ്പ്​. ഒപ്പം, ഇത്തരം ദുരന്തമേഖലകളിലെ മനുഷ്യരുടെ ജീവിതം എങ്ങനെ സ്​ഥായിയായ സുരക്ഷിതത്വത്തിലേക്ക്​ വികസിപ്പിക്കാം എന്നുകൂടി ആലോചിക്കാനുള്ള അവസരം. എന്നാൽ, മഹാപ്രളയവും തൊട്ടടുത്ത വർഷങ്ങളിൽ ആവർത്തിച്ച ദുരന്തങ്ങളും കേരളത്തെ ഒന്നും പഠിപ്പിച്ചില്ല എന്നാണ്​ അന്വേഷണത്തിൽ വ്യക്​തമാകുന്നത്​. ​എറണാകുളത്തെയും തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും കോഴിക്കോ​ട്ടെയും തീരമേഖലകൾ കഴിഞ്ഞ മേയിൽ വൻ കടൽക്ഷോഭത്തിനിരയായി. ദുരന്തത്തിനിരയായ മനുഷ്യരുടെ ജീവിതം എങ്ങനെയെല്ലാം മാറിപ്പോയി, കേരളം സ്വീകരിക്കേണ്ട ദുരന്ത നിവാരണ മാർഗങ്ങളെക്കുറിച്ച്​ വിദഗ്​ധർ എന്തു പറയുന്നു എന്നീ കാര്യങ്ങളാണ്​ ഇവിടെ അന്വേഷിക്കുന്നത്​.

ചെല്ലാനം ഫിഷിങ് ഹാർബർ

ചെല്ലാനത്തിന്റെ ബാക്കിപത്രം

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത് തീരങ്ങൾ ഇല്ലാതാകുന്ന പ്രക്രിയ വർധിക്കുകയാണ് എന്നാണ്. ചെല്ലാനം പോലെയുള്ള ഇടങ്ങളിൽ ഇത് രൂക്ഷമായിരുന്നു. ഏതാണ്ട് ദൈനംദിന പ്രതിഭാസമായി മാറിയ കടൽക്ഷോഭങ്ങളാണ് ഇത്തരത്തിൽ തീരപ്രദേശങ്ങൾ ഇല്ലാതാകുന്നതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. കടലിലും തീരപ്രദേശങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചശേഷമാണ് കടൽക്ഷോഭങ്ങളും പതിവായതെന്ന് മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.

മൺസൂൺ ആരംഭിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് 2021 മെയ് 14, 15 തിയതികളിലാണ് ചെല്ലാനം നിവാസികളെ ദുരിതത്തിലാക്കി കടൽ കരയിലേക്ക് ആഞ്ഞടിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതലാണ് കടൽ ഇത്രമാത്രം പ്രക്ഷുബ്ധമായി കരയിലേക്ക് ആഞ്ഞടിക്കാൻ ആരംഭിച്ചത്. തുടർന്ന് സെപ്തംബറിൽ രാത്രിയിലും ശക്തമായ കടലാക്രമണമുണ്ടായി. ന്യൂനമർദ്ദം മൂലമുണ്ടായ ഈ രണ്ട് കടലാക്രമണങ്ങളും അപ്രതീക്ഷിതമായിരുന്നു. എന്നാൽ ഈ കടലാക്രമണങ്ങൾ എങ്ങനെ മനുഷ്യനിർമ്മിതമാകുന്നുവെന്ന് ചെല്ലാനം കമ്പനിപ്പടി സ്വദേശി മറിയാമ്മ ജോർജ്ജ് വിശദീകരിക്കുന്നു: "2010ൽ ചെല്ലാനത്ത് ഒരു മിനി ഫിഷിംഗ് ഹാർബറിന്റെ നിർമാണം ആരംഭിച്ചതിന് ശേഷമാണ് വടക്കോട്ടുള്ള ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായത്. ആ ഭാഗത്ത് പുലിമുട്ട് ഇടാത്തതാണ് ഇതിന് കാരണം. 2017ൽ ഓഖിയുണ്ടായപ്പോൾ ദുർബലമായ കടൽഭിത്തിയുണ്ടായിരുന്ന ഭാഗങ്ങളിൽ കൂടി കടൽ ശക്തമായി കരയിലേക്ക് വന്നതിനെ തുടർന്ന് പല വീടുകളും പൂർണമായും അതിലേറെ വീടുകൾ ഭാഗികമായും നശിച്ചു. അതിനുശേഷം അഞ്ച് വർഷവും കടൽക്ഷോഭങ്ങൾ പതിവായിരുന്നു. ഇത്തവണത്തെ കടൽക്ഷോഭമായിരുന്നു ഏറ്റവും ശക്തമായത്. തീരത്തുള്ള ഒരു വീടിനെ പോലും കടൽ വെറുതെ വിട്ടില്ല. ചെറിയ കടവ് മുതൽ കമ്പനിപ്പടിയുടെ തെക്ക് ഭാഗം വരെയുള്ള വീടുകൾ പൂർണമായും നശിച്ചു.'- അവർ പറയുന്നു.

കടലാക്രമണത്തിന് ശേഷം ചെല്ലാനത്ത് സന്ദർശനം നടത്തുന്ന മന്ത്രിമാരായ പി രാജീവും സജി ചെറിയാനും

കാരണം നിർമാണ പ്രവർത്തനം

കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങൾ പരിശോധിച്ചാൽ അതിന്റെ സമീപത്തെവിടെയെങ്കിലും നിർമാണ പ്രവർത്തനമോ മണൽ ഖനനമോ നടക്കുന്നതായി കാണാമെന്ന് തീരദേശ വനിതാ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ മാഗ്ലിൻ ഫിലോമിന ചൂണ്ടിക്കാട്ടുന്നു. അല്ലാത്ത സ്ഥലങ്ങളിലും കടൽക്ഷോഭമുണ്ടായാലും കടൽ വന്നതുപോലെ തന്നെ തിരിച്ചുപോകുകയാണ് പതിവ്. എന്നാൽ ഈ സ്ഥലങ്ങളിൽ കടൽ കരയെ വിഴുങ്ങുന്നതാണ് കാണാൻ കഴിയുകയെന്നും മത്സ്യത്തൊഴിലാളികളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. സുനാമിക്ക് ശേഷം ചെല്ലാനത്തിന്റെ തെക്ക് ഭാഗത്ത് ഒരു ഫിഷിംഗ് ഹാർബർ നിർമിച്ചതാണ് ചെല്ലാനത്തെ കടൽക്ഷോഭങ്ങൾക്ക് പ്രധാന കാരണം. കഴിഞ്ഞ കടലാക്രമണത്തിന് ശേഷം ചെല്ലാനത്ത് സന്ദർശനം നടത്തിയ മന്ത്രിമാരായ പി. രാജീവും സജി ചെറിയാനും കടലാക്രമണം തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്​ രണ്ട് കോടി രൂപയും കടൽഭിത്തി നിർമ്മിക്കാൻ 16 കോടി രൂപയും അനുവദിക്കുമെന്നാണ് അവർ ഉറപ്പ് നൽകിയത്. കൂടാതെ എട്ട് കോടി രൂപയ്ക്ക് ജിയോ ബാഗുകൾ സ്ഥാപിക്കുന്നത് വേഗത്തിൽ പൂർത്തിയാക്കുമെന്നുമാണ് മെയ് 28ന് അവർ നൽകിയ വാഗ്ദാനം.

കടലിലൊഴുകിപ്പോയ ഉറപ്പുകൾ

അതേസമയം, ചെല്ലാനത്തെ കടലേറ്റം മനഃപൂർവ്വം ഉണ്ടാക്കുന്നതുപോലെയാണ് അധികൃതരുടെ പെരുമാറ്റമെന്ന് ചെല്ലാനം കൊച്ചി ജനകീയവേദി സംയുക്തസമിതി കൺവീനർ സെബാസ്​റ്റ്യൻ വി. ടി. ചൂണ്ടിക്കാട്ടുന്നു: ""ഓരോ തവണയും കടൽ കയറിക്കഴിയുമ്പോൾ ഫിഷറീസിന്റെ ‘പുനർഗേഹം’ പദ്ധതിയിൽ നിന്ന്​ തീരദേശവാസികളെ വിളിക്കുന്നുണ്ട്. എന്തായി പോകാൻ തയ്യാറാണോ, കടൽ കയറുകയല്ലേ എന്നൊക്കെ ചോദിച്ച് പ്രലോഭിപ്പിക്കുകയാണ്. മനഃപൂർവ്വം കടൽ കയറ്റി അമ്പത് മീറ്ററിനുള്ളിലുള്ളവരെ മാറ്റാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇവരെന്ന് തോന്നും. ഇപ്പോൾ ഏറ്റവും കൂടുതൽ കടൽ കയറുന്നത് ചാളക്കടവ്, വേളാങ്കണ്ണി ബസാർ പ്രദേശങ്ങളിലാണ്. ഇവിടെയൊന്നും കടൽ കയറാൻ ന്യൂനമർദ്ദമൊന്നുമുണ്ടാകണ്ടതില്ല, ചെറിയ വേലിയേറ്റമുണ്ടായാൽ മതി. കാരണം, ഭൂമി ലെവലും കരിങ്കൽക്കെട്ടുകളുടെ ലെവലും കടൽ ലെവലും ഏതാണ്ട് തുല്യമായിരിക്കുകയാണ്. വേലിയേറ്റത്തിൽ അര മീറ്ററോ ഒരു മീറ്ററോ തിര ഉയരുമ്പോൾ വെള്ളം കരയിലേക്ക് കയറും. അതാണ് നിലവിലെ ചെല്ലാനത്തെ അവസ്ഥ. എന്നാൽ ഈ പ്രദേശങ്ങളിൽ ഇതുവരെയും ഒരു ബാഗ് പോലും വച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബർ മൂന്നിന് ജിയോ ബാഗുകൾ സ്ഥാപിച്ച് കടലാക്രമണങ്ങൾ താൽക്കാലികമായി തടയാൻ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥലമാണ് ചാളക്കടവ്. കഴിഞ്ഞ ദിവസം കളക്ടറുടെ ഫേസ്ബുക്ക് പേജിൽ ചെല്ലാനത്ത് ദുരന്തനിവാരണത്തിനായി 3.22 കോടി രൂപ ചെലവഴിച്ചുവെന്ന് കണ്ടു. ഇതെല്ലാം വെറുതെ പറയുന്നതാണ്. ചെല്ലാനത്ത് വന്ന് നോക്കിയാൽ ആർക്കും മനസ്സിലാക്കാം. കടല് കയറാൻ കാത്തിരുന്നിട്ട് അതിനുശേഷം ഇവർക്ക് വേണ്ടപ്പെട്ട ഏതെങ്കിലും കോൺട്രാക്ടറെ കൊണ്ട് എവിടെയെങ്കിലും കുറച്ച് മണൽ ബാഗുകൾ സ്ഥാപിച്ച ശേഷം കോടികൾ എഴുതിയെടുക്കുന്ന തട്ടിപ്പാണ് നടക്കുന്നത്. ജൂൺ 26ന് ചാളക്കടവിലെ ജനങ്ങൾ റോഡ് ഉപരോധിച്ചിരുന്നു. അന്ന് തന്നെ ഇറിഗേഷൻ വകുപ്പ് പണി തുടങ്ങാമെന്ന് വാഗ്ദാനം ചെയ്യുകയും വൈകുന്നേരത്തോടെ എക്​സവേറ്ററൂം മണൽ ബാഗുകളും എത്തിച്ച് പിറ്റേന്ന് മുതൽ പണി തുടങ്ങുകയും ചെയ്തു. മാസങ്ങൾക്ക് മുമ്പ് വേളാങ്കണ്ണി മാർക്കറ്റിൽ ജിയോ ബാഗുകൾ നിറച്ചു വച്ചിട്ടുണ്ട്. എന്നാൽ ഇത് അടുക്കിവയ്ക്കാത്തതിനാൽ കടല് കയറി മണൽ മുഴുവൻ അതിന്റെ മുകളിലായി. ഇനി ആ മണൽ മാറ്റിയാൽ മാത്രമേ ബാഗുകൾ പുറത്തെടുക്കാൻ സാധിക്കൂ. അങ്ങനെ എടുത്തുകഴിയുമ്പോൾ ആ ജിയോ ബാഗുകൾക്ക് നാശം സംഭവിക്കും. ആ ബാഗുകൾ ഒന്ന് മര്യാദയ്ക്ക് അടുക്കിവച്ചിരുന്നെങ്കിൽ അവിടെയുള്ള കുറച്ച് വീട്ടുകാർക്കെങ്കിലും ആശ്വാസമാകുമായിരുന്നു.’’- സെബാസ്​റ്റ്യൻ പറയുന്നു.

‘‘കാശ് ചെലവഴിച്ചിട്ടും അതുകൊണ്ട് ജനങ്ങൾക്ക് പ്രയോജമില്ലാത്ത അവസ്ഥയാണ്. ജൂൺ അവസാനം ടെൻഡർ നടപടി പൂർത്തിയാക്കുമെന്നാണ് ടൗട്ടെ വന്നപ്പോൾ ഇറിഗേഷൻ മന്ത്രി പറഞ്ഞത്. എന്നാൽ ഇതുവരെയും യാതൊരു നടപടിയുമില്ല. കഴിഞ്ഞ കടലാക്രമണ സമയത്ത് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ചിലർക്ക് മാത്രമാണ് ലഭിച്ചത്. കടലാക്രമണമുണ്ടാകുമ്പോൾ തീരത്തുള്ളവരെ മാത്രമല്ല നഷ്ടം ബാധിക്കുന്നത്. ഇരുന്നൂറും മുന്നൂറും മീറ്റർ അകലെയുള്ള വീടുകളിലും നാശമുണ്ടാക്കും. കുത്തൊഴുക്ക് പോലെ തിര വന്നടിച്ച്​ മതിലുകൾ മാത്രമല്ല, പല വീടുകളുടെയും സെപ്റ്റിക് ടാങ്കുകൾ വരെ നാശമായിട്ടുണ്ട്​. ഗൃഹോപകരണങ്ങളും ധാരാളമായി ഒഴുകിപ്പോയി. ഇവിടെ കടലിൽ നിന്ന്​ പരമാവധി 250-300 മീറ്റർ വരെയാണ് വീടുകൾ ഉള്ളത്. ബാക്കി തോടുകളും പാടങ്ങളുമാണ്. ഈ പ്രദേശത്തെ മുഴുവൻ വീടുകളിലും ഏതെങ്കിലും വിധത്തിലുള്ള നാശം ഉണ്ടായിട്ടുണ്ട്. അതിനൊന്നും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കടലിനോനടുത്ത് കിടക്കുന്നവരിൽ കിട്ടിയത് തന്നെ വിഭാഗീയമായിട്ടാണ്. പഞ്ചായത്ത് അംഗത്തിന്റെ അടുത്ത ആളുകൾക്കൊക്കെ കിട്ടി. അല്ലാത്തവർക്ക് കിട്ടിയില്ല. അതായത് വീട് ഇടിഞ്ഞുപോയവർക്ക് കിട്ടിയിട്ടില്ല, എന്നാൽ മതിൽ നഷ്ടപ്പെട്ടവർക്ക് 95,000 രൂപ വീതം ലഭിക്കുകയും ചെയ്തു'' - സെബാസ്​റ്റ്യൻ വി. ടി. ചൂണ്ടിക്കാട്ടുന്നു.

കടലാക്രമണ സൂചന ലഭിച്ചതോടെ വീടുകൾക്കു മുമ്പിൽ സംരക്ഷണ ഭീത്തിയൊരുക്കുന്ന ചെല്ലാനത്തുകാർ.

തുറമുഖ നിർമാണം മൂലം തീരശോഷണം

വർഷങ്ങൾക്ക് മുമ്പ് വീടുകളുണ്ടായിരുന്ന ചെല്ലാനത്തെ തീരങ്ങൾ ഇപ്പോൾ കടലിനുള്ളിലെവിടെയോ ആണെന്ന് ഇവിടെയുള്ളവർ പറയുന്നു. ഇവിടെ തീരം ഇല്ലാതാകുകയാണെങ്കിൽ തിരുവനന്തപുരത്തെ തീരങ്ങളിൽ മറ്റൊരു പ്രതിഭാസമാണ് കണ്ടുവരുന്നത്. ഈ വർഷം തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഒരു കണക്കെടുപ്പനുസരിച്ച് പത്ത് മുതൽ മുപ്പത് മീറ്റർ വരെ കടൽത്തീരം നഷ്ടമായിട്ടുണ്ടെന്നാണ് അറിയുന്നത്. അതേസമയം ജില്ലയിലെ തെക്കേ അറ്റത്തുള്ള തീരങ്ങളിൽ തീരം കൂടുതലായി വയ്ക്കുകയാണ് ചെയ്യുന്നതെന്ന് ഗവേഷണ വിദ്യാർത്ഥിയും വിഴിഞ്ഞം സ്വദേശിയുമായ സിന്ധു മരിയ നെപ്പോളിയൻ പറയുന്നു: ""തീരദേശോഷണം വിഴിഞ്ഞത്തേക്കാൾ ഉപരി ബാധിക്കുന്നത് വിഴിഞ്ഞത്തിന് വടക്കോട്ടുള്ള ഗ്രാമങ്ങളെയാണ്. തൊണ്ണൂറുകൾക്കുമുമ്പ് ഇരുന്നൂറോ മുന്നൂറോ മീറ്റർ മാത്രം നീളമുള്ള പുലിമുട്ടുകൾ സ്ഥാപിച്ച്​ ഹാർബറുകൾ നിർമിച്ചതിന് പിന്നാലെയാണ് പൂന്തുറ, ചെറിയതുറ പോലുള്ള ഈ ഗ്രാമങ്ങളിൽ തീരശോഷണം സംഭവിച്ചു തുടങ്ങിയത്. അതേസമയം വിഴിഞ്ഞത്തിന്റെ തെക്ക് ഭാഗത്തുള്ള ഗ്രാമങ്ങളിൽ തീരം കൂടുതലായി രൂപപ്പെടുന്ന സാഹചര്യമാണ്. പൂന്തുറയിലും മറ്റും തീരം നഷ്ടപ്പെട്ടുപോകുന്നതിനെക്കുറിച്ച് ചർച്ച നടന്നതല്ലാതെ ശാസ്ത്രീയ പഠനമോ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളോ നടന്നില്ല. വർഷങ്ങൾക്ക് മുമ്പ് വിഴിഞ്ഞത്ത് അന്താരാഷ്ട്ര പോർട്ട് പദ്ധതി വന്നപ്പോഴും സർക്കാർ ഏജൻസികൾ നടത്തിയ പഠനത്തിൽ പോർട്ട് നിർമാണം മൂലമുണ്ടായേക്കാവുന്ന തീരശോഷണം എന്ന പാരിസ്ഥിതികാഘാതം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല. പകരം പോർട്ട് മൂലമുണ്ടാകുന്ന വികസനത്തിന്റെ തോത് മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. വിഴിഞ്ഞം പോർട്ടിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് വിഴിഞ്ഞം ഹാർബർ സൃഷ്ടിച്ച പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമം നടന്നിരുന്നുവെങ്കിൽ ഇതിന് വിഴിഞ്ഞം നിവാസികളിൽ നിന്ന് കിട്ടിയ പിന്തുണ കിട്ടിയെന്ന് വരില്ലായിരുന്നു. അവരിൽ നിന്ന് പോലും മറച്ചുവച്ചുകൊണ്ടുള്ള പഠനങ്ങളാണ് വിഴിഞ്ഞം പോർട്ടിന് വേണ്ടി നടന്നത്. പോർട്ടിനുവേണ്ടി സ്ഥാപിച്ച പുലിമുട്ടുകൾ ഹാർബറിന് വേണ്ടിയിട്ട പുലിമുട്ടുകളേക്കാൾ നീളവും വ്യാപ്തിയും ഉളളവയായിരുന്നു. അതിന്റെ നിർമാണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഈ മൺസൂണിന്റെ തുടക്കത്തിൽ എഴുന്നൂറും എണ്ണൂറും മീറ്റർ നീളമുള്ള പുലിമുട്ടുകളൊക്കെ കടൽ തന്നെ കൊണ്ടുപോയി. അതിന്റെ പുനർനിർമാണം നടക്കുകയാണ്. അതായത് നഷ്ടപ്പെട്ട അത്രയും കല്ല് അവർ വീണ്ടും ഇട്ടുകൊണ്ടിരിക്കുകയാണ്. ഈ നിർമാണത്തിന്റെ ആഘാതങ്ങൾ ഇപ്പോൾ പൂന്തുറയ്ക്ക് അപ്പുറത്തേക്കും വ്യാപിക്കുകയാണ്. ശംഖുമുഖം, വെട്ടുകാട്, വേളി, കൊച്ചുവേളി, മാധവപുരം വരെയുള്ള ഗ്രാമങ്ങളാണ് ഇതിന്റെ പ്രശ്‌നങ്ങൾ അനുഭവിക്കുന്നത്. വിഴിഞ്ഞം പോർട്ട്​ നിർമാണം ആരംഭിച്ചതിനുശേഷമാണ് തീരശോഷണവും ആരംഭിച്ചതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിന്ധു മരിയ നെപ്പോളിയൻ.

വള്ളങ്ങൾ കൂട്ടിയിടിക്കുന്നത്​ പതിവായി

വിഴിഞ്ഞം പോർട്ട് നിർമാണത്തിന് പിന്നാലെ അവിടുത്തെ മത്സ്യത്തൊഴിലാളികളുടെ ജോലി കൂടുതൽ കഠിനമായതായി മത്സ്യത്തൊഴിലാളികളുടെ തീരജീവിതത്തിന്​ ദൃക്​സാക്ഷി കൂടിയായ സിന്ധു മരിയ നെപ്പോളിയൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ മത്സ്യത്തൊഴിലാളികൾ നേരിടുന്നുണ്ട്. ആനിയാടിക്കാലം എന്ന് മത്സ്യത്തൊഴിലാളികൾ വിളിക്കുന്ന മെയ് മുതൽ ആഗസ്റ്റ് വരെയുള്ള സീസൺ സമയത്ത് കടലിൽ പോകുമ്പോൾ കാര്യമായ കാറ്റും പ്രശ്‌നങ്ങളുമൊക്കെയുണ്ടാകാറുണ്ട്. പോർട്ട് നിർമാണം തുടങ്ങിയ ശേഷം ഹാർബറിലേക്ക് ബോട്ടുകൾ അടുപ്പിക്കാൻ സാധിക്കാത്ത വിധത്തിൽ ഞെരുക്കമുണ്ടെന്നുമാണ് എന്റെ അച്ഛനൊക്കെ പറയുന്നത്. ഇതുമൂലം വള്ളങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണ്​. രണ്ട് കൊല്ലം മുമ്പുവരെയും അവർ അഭിമുഖീകരിക്കാതിരുന്ന ഒരു പ്രശ്‌നമായിരുന്നു ഇത്. ആദ്യം എല്ലാവരും വിചാരിച്ചത് മത്സ്യബന്ധനത്തിന് വരുന്ന ബോട്ടുകളുടെ എണ്ണം കൂടുന്നതുകൊണ്ടാണ് ഇതെന്നാണ്. കന്യാകുമാരിയിൽ നിന്നും കൊല്ലത്തു നിന്നുമൊക്കെ ഈ സീസൺ സമയത്ത് ഇവിടെ വള്ളങ്ങൾ വരാറുണ്ട്. എന്നാൽ കഴിഞ്ഞ വർഷവും ഈ വർഷവും ഇതിന്റെ കാരണം വ്യക്തമായി. കോവിഡ് ആയതിനാൽ ജില്ലയ്ക്ക് പുറത്തുള്ള വള്ളങ്ങൾ ഇവിടേക്ക് വരാൻ അനുവദിച്ചിട്ടില്ല. തൊട്ടടുത്തുള്ള പൂന്തുറ പോലുള്ള ഗ്രാമങ്ങളിൽ നിന്ന് പോലും വള്ളങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നിട്ട് പോലും വള്ളങ്ങൾക്ക് സുരക്ഷിതമായി ഹാർബറിൽ അടുപ്പിക്കാൻ സാധിച്ചിട്ടില്ല. ഹാർബർ കൊണ്ട് ഉദ്ദേശിക്കുന്നത് കടൽ പ്രക്ഷുബ്ധമായിരിക്കുമ്പോൾ പോലും വള്ളങ്ങൾ സുരക്ഷിതമായി അടുപ്പിക്കാനുള്ള ഇടം എന്നാണല്ലോ? എന്നാൽ ആ ഒരു അവസ്ഥ വിഴിഞ്ഞത്ത് ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പോർട്ട് നിർമാണത്തിന് പുലിമുട്ട് ഇടാൻ തുടങ്ങിയതോടെ കടൽത്തിരകളുടെ സ്വാഭാവിക ചലനം മാറിത്തുടങ്ങി. ഡ്രെഡ്ജിംഗ് പോലുള്ള പ്രക്രിയകൾ മൂലം കടലിന്റെ ആഴം കൂടുന്നതാണ് ഇതിന് കാരണം. നിർമാണം നടക്കുന്ന പോർട്ടിന്റെ ഭാഗത്തെ സമ്മർദ്ദം കൂടി ഹാർബർ ഭാഗത്തുണ്ടാകുന്നതിനാൽ ഇവിടുത്തെ തിരമാലകളുടെ ശക്തി വർധിക്കുന്നു. തിര ഉയരുന്നതും ഒഴുക്ക് ശക്തമാകുന്നതും മൂലം പഴയതുപോലെ ഹാർബറിലേക്ക് സുരക്ഷിതമായി വള്ളം അടുപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. രണ്ട് മാസം മുമ്പും രാത്രി വിഴിഞ്ഞം ഹാർബറിൽ വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം സംഭവിച്ചിരുന്നു. ഓഖി പോലെ വലിയ ദുരന്തം ഉണ്ടാകുമെന്നാണ് അന്ന് എല്ലാവരും ഭയന്നതെങ്കിലും ഭാഗ്യത്തിന് അതുണ്ടായില്ല. വള്ളങ്ങൾ പലതും സുരക്ഷിതമായി തിരിച്ചെത്തിയെങ്കിലും വലിയ തോതിൽ തിരകൾ ആഞ്ഞടിച്ചതിനാൽ ഒരുപാട് സമയം അവർക്ക് ഹാർബറിന് പുറത്ത് കാത്തുകിടക്കേണ്ടി വന്നു. അവരുടെ അറിവിൽ ഇങ്ങനെയൊന്ന് മുമ്പ് സംഭവിച്ചിട്ടില്ല. സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള അന്തരീക്ഷമാണ് ഇവിടെ മത്സ്യത്തൊഴിലാളികൾക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.

കൃത്രിമമായി തീരം വച്ചുപിടിപ്പിക്കണം

വിഴിഞ്ഞത്ത് ധാരാളം വീടുകൾക്ക് വിള്ളലുണ്ടായെന്ന വാർത്തയും അടുത്തകാലത്ത് പുറത്തുവന്നിരുന്നു. ഡ്രെഡ്​ജിങ്ങിന്റെയും മറ്റ് നിർമാണ പ്രവർത്തനങ്ങളുടെയും അനന്തരഫലമാണിത്. ഓഖിയോ സുനാമിയോ പോലുള്ള എന്തെങ്കിലും പ്രതിഭാസങ്ങൾ ഉണ്ടായാൽ വിഴിഞ്ഞത്തിന്റെ വടക്കോട്ടുള്ള ഗ്രാമങ്ങളെയെല്ലാം അത് ഭയങ്കരമായി ബാധിക്കും. തെക്കോട്ടുള്ള ഞങ്ങളുടെയൊക്കെ പ്രദേശങ്ങളായ അടിമലത്തുറ, പുല്ലുവിള മുതൽ പൂവാർ വരെയുള്ള ഗ്രാമങ്ങളിൽ കടപ്പുറം ഉള്ളതിനാൽ കുറെയൊക്കെ സുരക്ഷിതമാണ്. കടലിൽ നിന്ന്​ തിരമാലകൾ ഉയർന്നുവരുമ്പോഴേക്കും സുരക്ഷിതമായ എവിടേക്കെങ്കിലും മാറാൻ സമയം ലഭിക്കും. എന്നാൽ ഗ്രാമങ്ങളിൽ കടൽ മുന്നിലേക്കൊന്ന് ആഞ്ഞാൽ പോലും വീടുകൾ ഇല്ലാതാകും. കഴിഞ്ഞകൊല്ലവും ഇക്കൊല്ലവും വിമാനത്താവളത്തിന്റെ ഭാഗത്തും ശംഖുമുഖത്തും പൂന്തുറയിലും അങ്ങേയറ്റത്തേക്ക് അഞ്ചുതെങ്ങ്, മുതലക്കുഴി ഹാർബറിനടുത്തുള്ള ഗ്രാമങ്ങൾ വരെയും തീരങ്ങൾ കടലെടുത്ത് പോയിട്ടുണ്ട്. ഇവിടെയൊന്നും വീടുകളും കടലും തമ്മിൽ വലിയ ദൂരമില്ലാതായിരിക്കുന്നു. ഓരോ വർഷവും ഓരോ വരി വീതം വീടുകളാണ് പോകുന്നത്.
വലിയതുറ പള്ളിയുടെ അടുത്തായി വലിയൊരു ഗ്രൗണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ ആ ഗ്രൗണ്ടിന്റെ വലിയൊരു ഭാഗം കടലിനുള്ളിലാണ്. കേരളത്തിലെ അവസാന മത്സ്യബന്ധന ഗ്രാമങ്ങളായ പൊഴിയൂർ, പരിത്തിയൂർ പ്രദേശങ്ങളിൽ കുറെയേറെ വീടുകൾ കടലെടുത്ത് പോയിട്ടുണ്ട്. കടലേറ്റം ഇതേരീതിയിൽ തുടർന്നാൽ രണ്ട് കൊല്ലത്തിനുള്ളിൽ അവിടെയുള്ള ഒരു ഗ്രൗണ്ടും സമാന്തരമായുള്ള ഒരു സെമിത്തേരിയും കടലിനടിയിലാകും. അതൊരു വൈകാരികമായ നഷ്ടം കൂടിയാകും. ജീവിച്ചിരിക്കുന്നവരുടെ ഇടം നഷ്ടപ്പെടുന്നതിനൊപ്പം മരിച്ചുപോയവരുടെ ഇടങ്ങൾ കൂടി നഷ്ടമാകുകയാണ്. തീരങ്ങളാണ് മനുഷ്യനെ കടലിൽ നിന്നും സംരക്ഷിച്ചു നിർത്തുന്ന പ്രധാന ഘടകം. തീരം നഷ്ടമായാൽ എന്തുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന അനിശ്ചിതാവസ്ഥയുണ്ടാകും.
കടലിലുണ്ടാകുന്ന ദുരന്തങ്ങൾ പ്രകൃതി ദുരന്തങ്ങളാണ്. ദൗർഭാഗ്യം കൂടിയാകുമ്പോൾ ഓഖി പോലെ കരയെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയുണ്ടാകും. എന്നാൽ കരയിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കും കടലാക്രമണം പോലുള്ള ദുരന്തങ്ങൾക്കും എന്ത് ജാമ്യമാണ് കൊടുക്കാൻ സാധിക്കുക?. അവിടെ നഷ്ടമാകുന്നത് നമ്മുടെ വാസസ്ഥലങ്ങളും തൊഴിലിടങ്ങളുമെല്ലാമാണ്. അതിൽ പ്രകൃതിയെ പഴിക്കുന്നതിന് ഒരു പരിധിയുണ്ട്. അതിനാൽ തന്നെ ഞങ്ങൾക്ക് ഇനി പുലിമുട്ടുകളോ കല്ലോ ഇട്ട് തരണ്ട, പകരം കൃത്രിമമായി തീരം വച്ചുപിടിപ്പിച്ച് തരണമെന്നാണ് ഞങ്ങളുടെ ആവശ്യം. പോണ്ടിച്ചേരിയിലൊക്കെ മത്സ്യബന്ധന ഹാർബർ നിർമിക്കുന്നതിന്റെ ഭാഗമായി വലിയ തോതിൽ തീരം നഷ്ടപ്പെട്ടിരുന്നു. എന്നാൽ അവർ കൃത്രിമമായി തീരം നിർമ്മിച്ചതോടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലിക്ക് പോകാനും വീടുകൾക്ക് മേലുള്ള ഭയാശങ്കകളും ഇല്ലാതായിട്ടുണ്ട്. അത്തരം പരിഹാരങ്ങളാണ് തിരുവനന്തപുരം ജില്ലയുടെ തീരദേശങ്ങളിലും ആവശ്യം- സിന്ധു മരിയ നെപ്പോളിയൻ പറയുന്നു.

എന്നാൽ, അധികൃതർ ഇക്കാര്യങ്ങൾ കണ്ടഭാവം നടിക്കുന്നില്ലെന്നാണ്​ മത്സ്യത്തൊഴിലാളികളുടെ പരാതി. പെട്ടിമുടിയിൽ സംഭവിച്ചതുപോലെ ഒരു ദിവസം എല്ലാം തൂത്തെറിഞ്ഞ് പോയിക്കഴിഞ്ഞിട്ടാകും അപകടത്തെക്കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നതായി എല്ലാവരും അറിയുന്നതുപോലും. ഓഖിയുണ്ടായപ്പോൾ മുന്നറിയിപ്പ് നൽകാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. അതേസമയം മറ്റൊരു വശത്ത് കടപ്പുറം കൂടിക്കൊണ്ടിരിക്കുകയാണ്.

‘‘എന്റെ കുട്ടിക്കാലത്ത് കടൽത്തീരത്തുനിന്ന്​ അധികം അകലെയായിരുന്നില്ല വീട്. സ്‌കൂൾ വിട്ട് വരുമ്പോൾ അമ്മയോടൊപ്പം കടൽത്തീരത്ത് പോയിരിക്കുമായിരുന്നു. അത് അവിടെയുള്ള എല്ലാവരുടെയും രീതിയായിരുന്നു. എന്നാൽ ഇന്ന് അവിടെയുള്ളവർക്ക് കടലിന് അടുത്തെത്തണമെങ്കിൽ ഒരുപാട് നടക്കേണ്ടി വരുന്നു. കടൽ ഉള്ളിലേക്ക് വലിഞ്ഞ് കടൽത്തീരം വർധിക്കുന്നതാണ് ഇതിന് കാരണം’’- സിന്ധു പറഞ്ഞു.

2020 ഓഗസ്റ്റിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലം / Photo: Neethu Joseph, The News Minute

ഇനിയും വീടുകൾ കടലിൽ പോകും

ഒരു വശത്ത് കടലിന് ആഴം കൂടുമ്പോൾ മറ്റൊരു വശത്തു നിന്ന്​ കടൽ ഉള്ളിലേക്ക് വലിയുന്നതാണ് ഇതിന് കാരണമെന്ന് തീരദേശവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജോസഫ് വിജയൻ വിശദമാക്കുന്നു: ""വലിയ ദുരന്തങ്ങളിലേക്കാണ് കേരളം പോകുന്നതെന്നതിന് യാതൊരു സംശയവുമില്ല. കിഴക്കൻ മേഖലയിലും തീരപ്രദേശങ്ങളിലും ഈ ദുരന്തമുണ്ടാകും. തീരത്തുള്ള ഒരുപാട് വീടുകൾ കടലേറ്റത്തിൽ തകർന്ന് പോയിരുന്നു. അതിനിയും വ്യാപകമാകും. മഴക്കാലമായതുകൊണ്ട് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണെങ്കിലും ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കടൽത്തീരത്തെ മണലൊഴുക്ക് സ്വാഭാവികമായി നടക്കേണ്ട ഒരു പ്രക്രിയയാണ്. ഡ്രഡ്ജിംഗോ മണൽ നീക്കം ചെയ്യലോ നിർമാണങ്ങളോ ഒക്കെ നടക്കുമ്പോൾ സ്വാഭാവികമായ ഈ മണൽനീക്കം തടസ്സപ്പെടും. അപ്പോഴാണ് ഒരു വശത്ത് മണൽ കൂടുതലായി പോകുന്നത്. പോകുന്ന മണൽ തിരിച്ചുവരാതെ മറ്റേതെങ്കിലും സ്ഥലത്ത് കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. മണൽ നഷ്ടപ്പെടുന്ന സ്ഥലത്ത് തീരം നഷ്ടമാകുകയും കൂടുതൽ അടിയുന്ന സ്ഥലത്ത് തീരം വർധിക്കുകയും ചെയ്യും. ഒരു ഭാഗത്ത് നഷ്ടപ്പെടുന്ന മണൽ നിർമാണം നടക്കുന്ന പ്രദേശങ്ങളുടെ തെക്ക് ഭാഗത്തുള്ള തീരത്തടിയുകയോ അല്ലെങ്കിൽ നിർമാണം നടക്കുന്ന തുറമുഖത്തിന് അകത്ത് അടിയുകയോ ചെയ്യുന്നതാണ് കേരളത്തിൽ കണ്ടുവരുന്നത്. മണൽ അടിയുന്ന സ്ഥലങ്ങളിൽ തീരം കൃത്രിമമായി ഉണ്ടാകുകയും മണൽ തിരിച്ചുവരാത്ത മേഖലകളിൽ ഓരോ വർഷം കഴിയുന്തോറും മണൽ പോയ്‌ക്കോണ്ടേയിരിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കുമ്പോൾ കരയായിരുന്ന സ്ഥലങ്ങളിലെ വീടുകൾ തകർന്ന് വീണുകൊണ്ടിരിക്കും. ശംഖുമുഖം, വേളി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഈ വർഷം നൂറ് കണക്കിന് വീടുകൾ നഷ്ടമായത് അങ്ങനെയാണ്.’’

ഡ്രഡ്​ജിങ്ങും മണൽ കുഴിക്കലും അപകടമുണ്ടാക്കുന്നു

വിഴിഞ്ഞത്ത് മണൽ കുഴിച്ചെടുത്തിട്ട് കൃത്രിമമായി കരയുണ്ടാക്കുകയാണ് ചെയ്തത്. ആ മണൽ ഒഴുകിപ്പോകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു. ഇവിടുന്ന് പോയ മണൽ ആ കുഴികളിൽ അടിയുന്നതിനാലാണ് അത് തിരിച്ചുവരാത്തത്. അല്ലെങ്കിൽ ഒരു തടസ്സം ഉണ്ടാക്കി വച്ചിരുന്നെങ്കിൽ ആ മണൽ ഇവിടെ തന്നെ കിടക്കുമായിരുന്നു. കടലിൽ സ്വാഭാവികമായി ഒഴുകിപ്പോകുന്ന മണൽ എട്ട് മാസത്തെ പ്രക്രിയയ്‌ക്കൊടുവിലാണ് തിരിച്ചുവരാറ്. നാല് മാസം കൊണ്ട് അങ്ങോട്ടും നാല് മാസം കൊണ്ട് ഇങ്ങോട്ടും. ടെഡിമെന്റ് ട്രാൻസ്‌പോർട്ട് അല്ലെങ്കിൽ ലോംഗ് ഷോർ ഡ്രിഫ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. അതിന്റെ അളവ് ഏറിയും കുറഞ്ഞുമിരിക്കും. വലിയ കാറ്റും മഴയുമൊക്കെ ഉണ്ടാകുമ്പോൾ മണൽ സ്വാഭാവികമായി വടക്കുനിന്നും തെക്കോട്ടും തെക്കു നിന്നും വടക്കോട്ടും ഒഴുകിപ്പോകും. എന്നാൽ ഇപ്പോൾ ഈ കുഴികളിൽ അടിഞ്ഞിരിക്കുന്നതിനാൽ ഈ മണലിന് തിരിച്ചുവരാൻ സാഹചര്യം ഇല്ലാതായി. എണ്ണൂറ് മീറ്റർ മാത്രമായ പുതിയൊരു ബ്രേക്ക് വാട്ടർ നിർമാണം അധികമൊന്നും മുന്നോട്ട് പോയിട്ടില്ലെങ്കിലും തിരികെ വരേണ്ട മണലിന്റെ ഒരു ഭാഗം വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്തിന് അകത്തേക്ക് കയറുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് ഇപ്പോൾ അവിടെ വലിയ അപകടങ്ങളൊക്കെയുണ്ടാകുന്നത്. അതാണ് ഭാവിയിൽ നമ്മെ കാത്തിരിക്കുന്ന വലിയ പ്രശ്‌നം. തുടർച്ചയായി അപകടങ്ങളുണ്ടാകും. മുതലപ്പൊഴിയിലൊക്കെ ഇത് പതിവായിട്ടുണ്ട്. മണൽത്തിട്ട മൂലമാണ് അപകടമുണ്ടായതെന്ന് ഹാർബർ അധികൃതർ തന്നെ സമ്മതിച്ചിട്ടുണ്ട്. സ്വാഭാവികമായി അങ്ങോട്ടും ഇങ്ങോട്ടും മണൽ ഒഴുകുന്നതിനെ തടസ്സപ്പെടുത്തുന്നതാണ് ഡ്രഡ്ജിംഗും മണൽ കുഴിക്കലും എല്ലാം. ഇത്തരത്തിൽ അടിയുകയോ കുഴിച്ചെടുക്കുകയോ ചെയ്യുന്ന മണൽ സർക്കാർ തന്നെ വിൽക്കുകയാണ്. അത്രയും മണൽ കുറയും അത്രയും തീരവും എവിടെയെങ്കിലും നഷ്ടപ്പെടുകയാണ് - ജോസഫ് വിജയൻ പറയുന്നു.

ഉരുൾപൊട്ടലിനുശേഷം പെട്ടിമുടി

തോട്ടം മേഖലയിൽ പാറ ഖനനം പ്രശ്​നകാരണം

തീരദേശവാസികളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നത് മണൽ ഖനനം ആണെങ്കിൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള മലയോര വാസികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നത് പാറഖനനമാണ്. മൂന്നാർ ഭാഗങ്ങളിലെ മണ്ണെടുപ്പും പാറ ഖനനവുമാണ് പെട്ടിമുടി ദുരന്തത്തിന് വഴിവച്ചതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു.

കേരളത്തിലെ ‘ആഗസ്റ്റ് ദുരന്തങ്ങൾ’ എന്ന് വിശേഷിപ്പിക്കാവുന്നവയിലെ ഏറ്റവും ഒടുവിലത്തേത് പെട്ടിമുടി ദുരന്തമായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ആറിന് രാത്രി പെട്ടിമുടിയിലെ തോട്ടം തൊഴിലാളികളുടെ ഉറക്കത്തിലേക്ക് രണ്ട് കിലോമീറ്റർ മുകളിൽ ഇരവിപുരം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ നിന്ന്​ വൻപാറക്കല്ലുകൾ കുത്തിയൊലിച്ച് വീണു, പലരും പിന്നീട് ഉണർന്നില്ല. എഴുപത് പേരാണ് മരിച്ചത്. നാല് പേരുടെ മൃതദേഹങ്ങൾ ഒരു വർഷം തികയാറായിട്ടും കണ്ടെത്തിയിട്ടില്ല. അപകടത്തിൽ നിന്ന് പന്ത്രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്.
രാത്രി പത്തേമുക്കാലോടെയുണ്ടായ ദുരന്തം പുറംലോകമറിഞ്ഞത് പിറ്റേന്നു രാവിലെ. ശക്തമായ മഴയിൽ വൈദ്യുതി ലൈനുകളും മൊബൈൽ ടവറും തകരാറിലായതാണ് ദുരന്തം പുറംലോകം അറിയാൻ വൈകിയതിന് കാരണം. നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ പൂർണമായും മണ്ണിനടിയിലായി.

ദീപൻ ഇപ്പോൾ ഇവിടെയുണ്ട്​

പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്ന്​ രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തെടുക്കുമ്പോൾ അവിടെ നിന്ന് വാവിട്ട് കരയുന്ന ദീപൻ എന്ന ചെറുപ്പക്കാരനെ കേരളം മറന്നിട്ടുണ്ടാകില്ല. ദീപന്റെ കുടുംബത്തിലെ 43 പേരാണ് ദുരന്തത്തിൽ മരിച്ചത്. അതിൽ ഇയാളുടെ ഗർഭിണിയായ ഭാര്യയും ഉൾപ്പെട്ടിരുന്നു. രക്ഷപ്പെട്ടത് ദീപനും അമ്മ പളനിയമ്മയും മാത്രമാണ്. മാട്ടുപ്പട്ടിക്കും സൈലൻറവാലിക്കുമിടയിൽ കുറ്റിയാർവാലിയിൽ സർക്കാർ ഇവർക്ക് വീട് നിർമിച്ചു നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ സർക്കാർ വാഗ്ദാനം ചെയ്തിരുന്നതിൽ അഞ്ച് ലക്ഷം രൂപയും കൈമാറി. തമിഴ്‌നാട് സർക്കാരും കേന്ദ്രസർക്കാരും പ്രഖ്യാപിച്ച സഹായധനം ഇവർക്ക് ലഭിച്ചിട്ടില്ല. അതേസമയം അപകടത്തിൽ ഗുരുതര പരിക്കുകളേറ്റ അമ്മയുടെ ചികിത്സയ്ക്കായി താൻ ഇപ്പോഴും മൂന്നാർ കോളനിയിലാണ് താമസമെന്ന് ടാക്‌സി ഡ്രൈവറായ ദീപൻ അറിയിച്ചു. പെട്ടിമുടി ദുരന്തത്തിൽ പളനിയമ്മയുടെ എല്ലുകളെല്ലാം പൊട്ടിയിരുന്നു. ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദനയുണ്ടാകാറുള്ളതിനാലാണ് പതിമൂന്ന് കിലോമീറ്റർ ദൂരെയുള്ള കുറ്റിയാർവാലിയിലേക്ക് താമസം മാറാത്തതെന്നും ദീപൻ വ്യക്തമാക്കി.

‘‘അന്ന് രാത്രി ഭാര്യയെയും കൂട്ടി ഉറങ്ങാൻ കിടന്നു. അവൾ ഗർഭിണിയായിരുന്നതിനാൽ ചേർത്ത് പിടിച്ചാണ് ഞാൻ കിടന്നത്. ഇടയ്‌ക്കൊന്ന് അവൾക്ക് ബാത്ത്‌റൂമിൽ പോകണമെന്ന് പറഞ്ഞപ്പോൾ അവളെ അവിടെ കൊണ്ടുപോയി കാലിൽ എണ്ണയിട്ട് തിരുമ്മിക്കൊടുത്തിട്ടാണ് വീണ്ടും കിടന്നത്. നല്ല ഉറക്കം പിടിച്ചപ്പോഴാണ് ആന വണ്ടി ഇടിച്ചതുപോലെയൊരു ഒച്ച കേട്ടത്. എന്തോ വന്ന് വീട്ടിൽ ഇടിച്ചതായും തോന്നി. ഭാര്യയെ ചേർത്ത് പിടിച്ചിട്ട് അമ്മയെ വിളിച്ചു നോക്കി. പിന്നെ എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല. പിന്നെ നോക്കുമ്പോൾ എന്റെ കയ്യിൽ ഇറുകെ പിടിച്ചിരുന്ന ഭാര്യയെ കാണാനുണ്ടായിരുന്നില്ല. എന്റെ കൈപിടിച്ചാണ് അവൾ ഈ വീട്ടിലേക്ക് വന്നത് ഇപ്പോൾ എന്റെ കയ്യിൽ നിന്ന് തന്നെ അവൾ ഊർന്ന് പോയെന്ന് ആദ്യം മനസ്സിലായില്ല. എന്റെ കൈ മുറിഞ്ഞത് മാത്രമാണ് ഞാൻ അറിഞ്ഞത്. വലിയ നഷ്ടങ്ങൾ വേറെയുണ്ടായെന്ന് അപ്പോൾ അറിയില്ലായിരുന്നു. അമ്മയെ പിറ്റേദിവസമാണ് കണ്ടെത്തിയത്. നല്ല ഉയരത്തിലാണ് വെള്ളം വീട്ടിലേക്ക് കയറിവന്നത്. ആളുകളുടെ ഭയങ്കര കരച്ചിൽ മാത്രമാണ് രാത്രിയിൽ കേൾക്കാനുണ്ടായിരുന്നത്. ചുറ്റിലും ഇരുട്ടായിരുന്നു. രാവിലെ വരെ ആ മണ്ണിൽ തന്നെ ഞാനും കിടന്നു. അഞ്ചേമുക്കാൽ ആയപ്പോൾ നാല് ചേട്ടന്മാർ വന്ന് ആദ്യം എന്നെയാണ് പൊക്കിയെടുത്തത്. അടുത്തുതന്നെ അമ്മയും കിടന്ന് കരയുന്നുണ്ടായിരുന്നെങ്കിലും മഴയുടെയും കാറ്റിന്റെയും ഒച്ചയും മറ്റുള്ളവരുടെ കരച്ചിലുമൊക്കെ കാരണം ഞാൻ അത് കേട്ടില്ല. മരിച്ചവരെല്ലാം ബന്ധുക്കളാണ്. എന്റെ മാമൻമാരും അവരുടെ മക്കളുമൊക്കെയാണ് മരിച്ചത്. ചേട്ടനും ചേട്ടന്റെ ഭാര്യയും രണ്ട് മക്കളും മരിച്ചു. അതിൽ ചേട്ടനും ഭാര്യയും ഒരു കുട്ടിയും മരിച്ചതിന്റെ നഷ്ടപരിഹാരം അഞ്ച് ലക്ഷം വീതം അമ്മയ്ക്ക് ലഭിച്ചു. ഒരു കുട്ടിയുടെ മൃതദേഹം ലഭിക്കാത്തതിനാൽ അത് ലഭിച്ചിട്ടില്ല. ഉരുൾ പൊട്ടലുണ്ടായ സ്ഥലത്ത് പലപ്പോഴും പോയിട്ടുണ്ട്. ചേട്ടന്മാരും ഞാനും അവിടെ വിറകിനും അച്ഛൻ ജോലി ചെയ്യുമ്പോൾ ഭക്ഷണം കൊണ്ടുപോയി കൊടുക്കാനുമൊക്കെ അവിടെ പോയിട്ടുണ്ട്. ഉരുൾ പൊട്ടിവന്ന പാറക്കല്ലുകളൊക്കെ നേരത്തെ കണ്ടിട്ടുണ്ട്. പക്ഷെ അത് ഞങ്ങളുടെ ജീവിതം തന്നെയില്ലാതാക്കുമെന്ന് അറിയില്ലായിരുന്നു. കമ്പനിയുടെ ഫീൽഡ് ഓഫീസർ ആയിരുന്ന സെന്തിൽകുമാറിനോട് ആളുകളെ മാറ്റണമെന്ന് രാത്രി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രാജമലയിൽ നിന്നും താഴേക്ക് വരാനുള്ള മടികൊണ്ട് അയാൾ വീട്ടിൽ നിന്നും പുറത്തേക്ക് വരാൻ പോലും തയ്യാറാകാതെ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ പോലും ഒരു വീട് തകർന്നുവെന്നും ഒരു ടിപ്പറും ജെ.സി.ബിയും വേണമെന്നുമാണ് അയാൾ അധികൃതരെ വിളിച്ചറിയിച്ചത്. പിന്നീട് കമ്പനി അയാളെ അവിടെ നിന്നും മാറ്റി. പെട്ടിമുടിയിൽ ഞങ്ങൾ താമസിച്ചിരുന്ന ലയങ്ങളിൽ ഇപ്പോൾ കണ്ണൻ ദേവൻ കമ്പനിയുടെ ആന്ധ്രയിൽ നിന്നുള്ള തൊഴിലാളികളെ താമസിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ഇവിടെ അപകട സാധ്യതകൾ ഉണ്ടെന്നാണ് എല്ലാവരും പറയുന്നത്. കഷ്ടപ്പെടുന്നവരുടെ ജീവന് കമ്പനി യാതൊരു വിലയും കാണാത്തതുകൊണ്ടാണ് വീണ്ടും അവിടെ തൊഴിലാളികളെ താമസിപ്പിക്കുന്നത്. നഷ്ടപ്പെട്ടതൊന്നും മുതലാളിമാർക്കല്ലല്ലോ ഞങ്ങൾക്ക് അല്ലേ?''- ദീപൻ ചോദിക്കുന്നു.

ദീപൻ

ജീവിതം ത​ന്നെ തളർന്നുപോയ കുടുംബങ്ങൾ

പെട്ടിമുടി ദുരന്തത്തിൽ ആകെയുള്ള സഹോദരി നഷ്ടമായ വ്യക്തിയാണ് മൂന്നാർ കോളനിയിൽ താമസിക്കുന്ന ജ്യോതി. ദീപന്റെ മാമന്റെ മകൻ ഭാരതീരാജയുടെ ഭാര്യയാണ് ജ്യോതിയുടെ അനുജത്തി രേഖ. ഭാരതീരാജയും മാതാപിതാക്കളും രേഖയും രണ്ട് മക്കളുമാണ് ഇവരുടെ വീട്ടിൽ മരിച്ചത്. ഭർത്താവിന്റെ സഹോദരിക്കാണ് ഇവരുടെ മരണത്തിന്റെ നഷ്ടപരിഹാരം ലഭിച്ചത്. ആറ് പേരുടെയും നഷ്ടപരിഹാരമായി 30 ലക്ഷം രൂപ ഇവർക്ക് അനുവദിച്ചു. എന്നാൽ ജ്യോതിയുടെ മാതാപിതാക്കൾ കേസ് കൊടുത്തതിനെ തുടർന്ന് 15 ലക്ഷം രൂപയാണ് നൽകിയിരിക്കുന്നത്. പിന്നീട് കോടതിക്ക് പുറത്തുണ്ടാക്കിയ ഒത്തുതീർപ്പിൽ രണ്ടര ലക്ഷം രൂപ രേഖയുടെ മാതാപിതാക്കൾക്ക് നൽകാനും രേഖയ്ക്ക് ഫോറസ്റ്റിലുണ്ടായിരുന്ന ജോലി ജ്യോതിക്ക് നൽകാനും ധാരണയായി. ‘‘അപകടം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് ജൂലൈ 24നാണ് ഞാൻ അവസാനമായി പെട്ടിമുടിയിൽ പോയത്. അന്ന് അനിയത്തിയുടെ മോൾ ലക്ഷശ്രീയുടെ പിറന്നാൾ ആയിരുന്നു. അവിടെ വലിയ ആഘോഷമായാണ് എല്ലാവരും അത് നടത്തിയത്. ഒരിക്കലും ഇത്തരമൊരു അപകടം അവിടെ സംഭവിക്കുമെന്ന് അന്ന് കരുതിയതേയില്ല. ചേച്ചിയുടെ മോൻ അശ്വത് രാജയുടെ മൃതദേഹം കിട്ടിയത് അപകടം നടന്ന് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ആഗസ്റ്റ് പതിനെട്ടാം തിയതിയാണ്. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ അവനെയെങ്കിലും ജീവനോടെ കിട്ടുമോയെന്ന് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. എന്റെ അച്ഛനും അമ്മയ്ക്കും ആൺമക്കളില്ല. ഞങ്ങൾ രണ്ട് പെൺമക്കൾ മാത്രമാണ് ഉള്ളത്. ഉണ്ടായ നഷ്ടത്തെക്കുറിച്ച് ആലോചിച്ചിരുന്ന് ഇപ്പോൾ ഒരു വർഷമായെന്ന് തോന്നുന്നതേയില്ല. രേഖയുടെ മരണത്തിന് ശേഷം ഞങ്ങളുടെ അച്ഛനും അമ്മയും വീട്ടിൽ നിന്ന് പുറത്തേക്ക് പോലും ഇറങ്ങാനാകാത്ത വിധത്തിൽ തളർന്നുപോയി.''- ജ്യോതി പറയുന്നു.

ഷൺമുഖാനന്ദൻ

മരിച്ചത്​ 70 പേർ, നഷ്​ടപരിഹാരം ലഭിച്ചത്​ 35 പേർക്ക്​

പെട്ടിമുടി ദുരന്തത്തിൽ മരിച്ച 70 പേരിൽ 35 പേർക്ക് മാത്രമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചതെന്ന് പെട്ടിമുടി സ്വദേശി ഷൺമുഖാനന്ദൻ പറയുന്നു. കേന്ദ്രസർക്കാരും തമിഴ്‌നാട് സർക്കാരും പ്രഖ്യാപിച്ച യാതൊരു സഹായവും ലഭിച്ചിട്ടില്ല. ""അന്ന് വിമാനദുരന്തത്തിൽ മരിച്ചവർക്ക് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ വീതം ധനസഹായം ലഭിച്ചപ്പോൾ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്ക് അഞ്ച് ലക്ഷം മാത്രമാണ് അനുവദിച്ചത്. ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്തപ്പോൾ സർക്കാർ പറഞ്ഞത് പെട്ടിമുടിയിലുള്ളവർക്ക് കേന്ദ്രസർക്കാരും തമിഴ്‌നാട് സർക്കാരും നൽകുന്നത് കൂടി ചേർന്ന് പത്ത് ലക്ഷമാകും എന്നാണ്. എന്നാൽ 35 പേരുടെ ആശ്രിതർക്ക് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ധനസഹായം പോലും ലഭിച്ചിട്ടുള്ളൂ. മൃതദേഹം കണ്ടെത്താത്ത നാല് പേരെയും മരിച്ചതായി കണക്കാക്കാൻ അന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും അതിനെക്കുറിച്ചുള്ള യാതൊരു പേപ്പറുകളും ലഭിച്ചിട്ടില്ലെന്നും ദുരന്തത്തിൽ രണ്ട് മക്കളെ നഷ്ടമായ ഷൺമുഖാനന്ദൻ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ഒരു മകന്റെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല.

പി. ഗോമതി

സഹായം ലഭിച്ചത്​ ​കേസ്​ കൊടുത്തപ്പോൾ

ഇപ്പോൾ ധനസഹായം ലഭിച്ചവർക്ക് അത് ലഭിച്ചത് കേസ് കൊടുത്തിട്ടാണെന്ന് പെമ്പിളൈ ഒരുമൈ നേതാവ് പി ഗോമതി പറയുന്നു. ""അഞ്ച് ലക്ഷത്തിന് വീട് വച്ചുകൊടുക്കാമെന്ന നിലപാട് മാറ്റമാണ് ആദ്യം സർക്കാരിൽ നിന്നുണ്ടായത്. കേസ് കൊടുത്തത് കാരണം അഞ്ച് ലക്ഷം കൂടാതെ വീടും എന്ന നിലപാട് സ്വീകരിച്ചു. അതേസമയം കണ്ണൻദേവൻ കമ്പനിയാണ് വീട് വച്ച് കൊടുത്തതെന്നാണ് അറിയുന്നത്. എട്ട് പേർക്ക് മാത്രമാണ് വീട് വച്ച് കൊടുത്തിരിക്കുന്നത്. റേഷൻ കാർഡ് ഇല്ലെന്ന കാരണങ്ങളൊക്കെ പറഞ്ഞാണ് ബാക്കിയുള്ളവർക്ക് വീട് നിഷേധിച്ചിരിക്കുന്നത്. ഇപ്പോൾ പുറത്തുനിന്ന് ആരെയും കമ്പനി അധികൃതർ പെട്ടിമുടിയിലേക്ക് കയറ്റുന്നില്ല. മണ്ണിടിച്ചിലിൽ തകർന്ന വീടുകൾ വൃത്തിയാക്കി അവിടെ തന്നെ ആളുകളെ താമസിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി. പണിയെടുക്കാൻ ആള് വേണം അല്ലെങ്കിൽ തേയിലത്തോട്ടം നശിച്ചുപോകുമെന്ന് പറഞ്ഞാണ് ഇവിടെ വീണ്ടും ആളുകളെ പാർപ്പിച്ചിരിക്കുന്നത്. ഇതിൽ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ചിലരും ഉൾപ്പെടുന്നുണ്ട്. പണി വേണമെന്നുള്ളതുകൊണ്ട് ഇവർ ഇവിടെ തന്നെ താമസിക്കാൻ നിർബന്ധിതകാകുകയാണ്. പുതിയ വീടുകൾ നിർമ്മിച്ച് നൽകിയ കുറ്റിയാർവാലിയും അപകട സാധ്യത ഏറെയുള്ള സ്ഥലമാണ്. സൈലന്റ്‌വാലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴും നിരവധി പെട്ടിമുടികൾ ഉണ്ട്. അതിനാൽ തന്നെ തോട്ടം തൊഴിലാളികൾക്ക് സുരക്ഷിതത്വ ബോധത്തോടെ ഉറങ്ങാനാകില്ല''- ഗോമതി വ്യക്തമാക്കി.

ദുരന്തത്തിന് മുൻപുള്ള പെട്ടിമുടി

വികസനം വഴിതെറ്റിയാൽ ദുരന്തം

എല്ലാക്കാലത്തും വികസനം ദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നതാണ് കാണുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി ഡോ. കെ. ജി. താര ചൂണ്ടിക്കാട്ടുന്നു. ദുരന്തങ്ങൾ വികസനത്തിന് വഴിവയ്ക്കും. പക്ഷേ ആ വികസനം ശരിയായിട്ടുള്ള രീതിയിലല്ലെങ്കിൽ അത് ദുരന്തങ്ങൾക്കും കാരണമാകും. പ്രകൃതിദത്തമായ ദുരന്തങ്ങളാണെങ്കിലും മനുഷ്യ നിർമിത ദുരന്തങ്ങളാണെങ്കിലും അത് ബാധിക്കുന്നതെല്ലാം ഇവിടുത്തെ പാർശ്വവൽകൃത സമൂഹത്തെയാണ്. സമൂഹത്തിലെ ഉന്നതവിഭാഗക്കാരെ ഏതെങ്കിലും ദുരന്തം ബാധിക്കണമെങ്കിൽ വല്ല ഉൽക്കയും വീഴണമെന്നും അവർ പറയുന്നു. നയരൂപീകരണം ആരോ നടത്തുന്നു, അത് വേറെയാരോ നടപ്പിലാക്കുന്നു, എന്നാൽ ഇതിന്റെ ദുരിതഫലം അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങളും. ഇത്തരം അബദ്ധനയങ്ങളെ എതിർക്കുന്ന ഒരു പ്രതിപക്ഷം ഇവിടെയുണ്ടാകേണ്ടതുണ്ട്. ആർക്കോ വേണ്ടിയുള്ള പ്രോജക്ടുകളും ആർക്കോ വേണ്ടിയുള്ള നയരൂപീകരണങ്ങളുമാണ് ഇവിടെ നടക്കുന്നത്. പാരിസ്ഥിതികമായി നമ്മെ വളരെയധികം നശിപ്പിക്കുകയും അതേസമയം യാതൊരു വിധ ഗുണവുമില്ലാത്തതുമായ വിഴിഞ്ഞം പദ്ധതി പോലുള്ളവ ഇവിടെ നടപ്പാകുന്നത് അങ്ങനെയാണ്. സിൽവർ ലൈൻ കൊറിഡോറൊക്കെ ഇത്തരത്തിൽ ജനങ്ങളെ വലിയ തോതിൽ ബാധിക്കുന്ന വിഷയങ്ങളാണ്. കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകളും ജോലി നഷ്ടപ്പെടുന്ന ആളുകളും ചേർന്ന് വലിയൊരു ഗ്രൂപ്പായി ഇത്തരം നയങ്ങളെ എതിർക്കേണ്ട കാലത്തിലേക്കാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. ഇവിടുത്തെ വികസനപ്രവർത്തനങ്ങളിൽ പരിസ്ഥിതിയോട് യാതൊരു പരിഗണനയും താൻ കാണുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഡോ. കെ.ജി. താര

അക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും ഒരേസമീപനമാണെന്നാണ് മാറിനിന്ന് നോക്കുമ്പോൾ മനസ്സിലാകുന്നത്. കേന്ദ്രത്തിൽ വർഗ്ഗീയ ഘടകങ്ങൾ കൂടി വരുന്നുവെന്നല്ലാതെ പരിസ്ഥിതി വിഷയത്തിൽ രണ്ടിടത്തും യാതൊരു വ്യത്യാസവും തനിക്ക് കാണാനാകുന്നില്ലെന്നും അവർ വ്യക്തമാക്കി. ഇതിന് വേണ്ടി സാമൂഹിക- പരിസ്ഥിതി ആഘാത പഠനങ്ങൾ നടക്കുന്നില്ല. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി മൂന്ന് മാസം കൊണ്ട് പഠനം നടത്തിയത് സെന്റർ ഫോർ എൻവയോൺമെൻറ്​ ആൻഡ് ഡെവലപ്പ്‌മെൻറ്​ എന്ന സ്ഥാപനമാണ്. ദേശീയ- സംസ്ഥാന തലത്തിൽ ഇത്തരമൊരു പ്രോജക്ട് ഏറ്റെടുത്ത് നടത്താൻ ഇവർക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. കേരളത്തിൽ എത്രയോ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുണ്ട്. അവരെയൊന്നും ഏൽപ്പിക്കാതെ ഇവരെ തന്നെ ഏൽപ്പിച്ചത് സംശയകരമാണ്. ഇത്രയും വലിയ പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കിയെന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. അവർ തയ്യാറാക്കിയ അലൈൻമെന്റിലും തെറ്റുകൾ ധാരാളമുണ്ട്. ഒരു വഴികണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഗൂഗിൾ മാപ്പ് ഉപയോഗിച്ച് അലൈൻമെൻറ്​ തയ്യാറാക്കിയിരിക്കുന്നതും അബദ്ധമാണ്. ഈ പഠനത്തിന്റെ രീതിയോ റിപ്പോർട്ടോ ഒന്നും ഇവർ പുറത്തുവിടാത്തതും അതിലെ അബദ്ധങ്ങൾ മറച്ചുവയ്ക്കാനാണെന്നും കെ.ജി. താര ആരോപിച്ചു.

ഭൂവിനിയോഗ നയം ​വേണം

ഇപ്പോഴത്തെ രീതിയിലാണ് നമ്മുടെ വികസന പ്രവർത്തനങ്ങൾ പോകുന്നതെങ്കിൽ കേരളത്തിൽ ഇനിയും വെള്ളപ്പൊക്കങ്ങളും പെട്ടിമുടികളും മറ്റ് ദുരന്തങ്ങളും ആവർത്തിക്കപ്പെടുമെന്നും കെ.ജി. താര കൂട്ടിച്ചേർത്തു. പ്ലാനിംഗ് ബോർഡ് ആദ്യം ചെയ്യേണ്ടത് ഒരു ഭൂവിനിയോഗ നയം രൂപീകരിക്കുകയാണ്. ബാക്കിയുള്ള റിസോഴ്‌സുകൾ എന്താണെന്ന് മനസ്സിലാക്കി വേണം പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്. ഏറ്റവും അത്യാവശ്യമുള്ളത് എന്താണെന്ന് പരിശോധിക്കണം. വീടില്ലാത്തവർക്ക് വീട് നിർമിക്കാം. പക്ഷേ ഒരു വീടുള്ളയാൾക്ക് രണ്ടാമതൊരു വീട് കൂടി നിർമ്മിക്കേണ്ടതില്ലല്ലോ? തുരങ്ക പാതകളൊക്കെ നിർമ്മിക്കുമ്പോൾ അത്രയും പാറ പ്രകൃതിയിൽ നിന്നും മാറ്റപ്പെടുകയാണ്. ഫ്ലൈ ഓവറുകളും നാല് മണിക്കൂറ് കൊണ്ട് കാസർഗോഡ് എത്തുന്നതുമൊന്നുമല്ല നമ്മുടെ ഇപ്പോഴത്തെ അത്യാവശ്യം. പകരം, വരുന്ന തലമുറയ്ക്ക് ഈ പ്രകൃതിയെ സൂക്ഷിച്ചുവയ്ക്കലാണ്. ഇനിയും ഇവിടെയുള്ള പാറകളും മറ്റും മാറ്റിയാൽ ഇനിയും നമ്മൾ ദുരന്തങ്ങളും നേരിടേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജനങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കുന്ന, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഭരണാധികാരികളെയാണ് ആവശ്യമെന്നും കെ.ജി. താര വ്യക്തമാക്കി.


Comments