പിറന്നാൾ സൂം മനുഷ്യപുത്രന്റെ കവിത

മനുഷ്യപുത്രന്റെ കവിത വിവർത്തനം ഷാജി ചെന്നൈ

വിചിത്രമായ ഈ കാലത്ത്
മുമ്പെങ്ങും കേൾക്കാത്ത ഒരു വിചിത്ര സംഭവം
ഒരു കൊച്ചു പെൺകുട്ടിയുടെ ജന്മദിനം
സൂം ആപ്പ് വഴി സംപ്രേഷണം

ഷേവ് ചെയ്യാത്ത മുഖങ്ങളും ചീകാത്ത തലകളുമായി
അവസരത്തിന് ചേരാത്ത വസ്ത്രങ്ങളിൽ
ക്ഷണിക്കപ്പെട്ട അതിഥികൾ വരുന്നു
തെളിച്ചമില്ലാത്ത ഫ്രെയിമുകളായി അവർ കമ്പ്യൂട്ടറിൽ മിന്നുന്നു.

ഒരു കൊച്ചുകുട്ടി
365 ദിവസത്തിൽ ഒരിക്കൽ മാത്രം വരുന്ന അവളുടെ പിറന്നാളിൽ
ഇത്രയധികം ക്രമമില്ലാത്ത കാഴ്ചകൾ കാണരുത്
അതവൾക്ക് പേടിസ്വപ്നങ്ങൾ നൽകിയേക്കാം
എന്നിട്ടും ഇവൾ സന്തോഷവതിയായി കാണപ്പെടുന്നു

അഭിനന്ദനങ്ങൾ, പാട്ടുകൾ, ചിരികൾ
കമ്പ്യൂട്ടർ സ്‌ക്രീനിലെ ചതുരങ്ങളിൽ
അവൾ അത്ഭുതത്തോടെ നോക്കുന്നു
അമ്മയും അച്ഛനും അവളുടെ ഇടതും വലതും
കൊച്ചു പെൺകുട്ടി തന്നെത്താൻ നോക്കുന്നു
അവളുടെ പുത്തൻപുതിയ വസ്ത്രം
അതിന്റെ പുതുമണം അവൾക്ക് ഇഷ്ടമാകുന്നു

തൊട്ടു മുൻപിൽ അവളുടെ പിറന്നാൾ കേക്ക് ഏകാന്തമായി ഇരിക്കുന്നു
പല ആളുകൾ ഒരേ സമയം സംസാരിക്കുന്നു
അവളുടെ അച്ഛൻ, ZMC (സൂം മീറ്റിംഗ് കോർഡിനേറ്റർ)
‘മ്യൂട്ട്... അൺമ്യൂട്ട്', ‘മ്യൂട്ട്... അൺമ്യൂട്ട്' എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു
ശൂന്യമായ നോട്ടങ്ങളോടെ മൗനമായി ചിലർ

സമയം വന്നപ്പോൾ
കൊച്ചു പെൺകുട്ടി സ്‌ക്രീനിലെ മെഴുകുതിരി ഊതി
അവൾ കേക്ക് മുറിച്ചു
സ്വന്തം സ്‌ക്രീനിൽ എല്ലാവരും പാടി
അമ്മയെയും അച്ഛനെയും അവൾ കേക്ക് ഊട്ടി
അവർ പെൺകുട്ടിയെ ഊട്ടി
എല്ലാവരും അവരവരുടെ സ്‌ക്രീനിൽ ആശംസകൾ പറഞ്ഞു
മാനസികമായി കേക്ക് കഷണങ്ങൾ കഴിച്ചു
മാനസികമായി അവൾക്ക് സമ്മാനങ്ങൾ നൽകി
പെൺകുട്ടി മാനസികമായി സമ്മാനങ്ങൾ തുറന്നു
അവയ്ക്കിടയിൽ ചിരിക്കുന്ന ഒരു പാവ
അതവൾക്ക് ശരിക്കും ഇഷ്ടപ്പെട്ടു

പാവ പുഞ്ചിരിച്ചു
അവൾ തിരിച്ചു പുഞ്ചിരിച്ചു
പാടുന്ന പാവയ്ക്കൊപ്പം എല്ലാവരും ചിരിച്ചു
ചിരിക്കുന്ന പാവയ്ക്കൊപ്പം എല്ലാവരും പാടി
എല്ലാം ഏറെ അടുത്ത് പക്ഷേ എത്രയോ ദൂരെ
ഒന്നും നിങ്ങൾക്ക് തൊടാൻ കഴിയില്ല
മിഥ്യകളുടെ അസംബന്ധ നാടകം

പെൺകുട്ടി ഇരിക്കുന്ന മുറി
ഇപ്പോൾ ആത്മാക്കൾ നൃത്തം ചെയ്യുന്ന ഇടം
സ്‌ക്രീനിലെ ചതുരങ്ങൾ ഓരോന്നായി അണഞ്ഞുതുടങ്ങുന്നു
ആരോ ഒരു ബൾബ് ഓഫ് ചെയ്യുന്നതുപോലെ
നിഴലുകൾ മങ്ങുന്നത് പോലെ
ഒച്ചപ്പാടുള്ള ഒരു സിനിമ പെ​െട്ടന്നവസാനിക്കുന്നതുപോലെ
എല്ലാം ഒന്നൊന്നായി അപ്രത്യക്ഷമാകുന്നു
ചെറിയ പെൺകുട്ടി അവളുടെ വിചിത്രമായ ജന്മദിനത്തിനെപ്പറ്റി
ആശയക്കുഴപ്പത്തിലായിരിക്കുന്നു
അസഹനീയമായ ഏകാന്തത അവളെ വലയം ചെയ്യുന്നു
ചുവർ ചാരി അവൾ തലകുനിക്കുന്നു
ചുവരിൽ നിന്ന് അവൾക്കു മുന്നിൽ ഞാൻ പ്രത്യക്ഷപ്പെടുന്നു
സന്തോഷകരമായ ഒരു പിറന്നാൾ നേർന്നുകൊണ്ട്
അവളുടെ തലയിൽ മെല്ലെ
തൊട്ടുതലോടുന്നു...

Comments