സദ്ദാം ഹുസൈനും രാജീവ് ഗാന്ധിയും ചാക്കോ സാറും; ഗൾഫ് ഓർമ്മയെഴുത്ത് - 4

ല രാജ്യങ്ങളിലായി നീണ്ട ഗൾഫ് വാസം എന്നോട് എന്താണ് ചെയ്തത്? ഒരു വർഷത്തോളം നീണ്ട ഇടവേളകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഒരു വിടുതൽ ആയിരുന്നില്ല. പുതിയ, ഒരുപക്ഷേ കൂടുതൽ മെച്ചപ്പെട്ട ഒരു തൊഴിലുടമയ്ക്കായുള്ള അന്വേഷണം. അതായിരുന്നു ഇടവേളകൾ. ഇന്ത്യക്കകത്തും പുറത്തുമായി അനേകം വ്യാഴവട്ടങ്ങൾ. മിക്കപ്പോഴും ഒന്ന് നഷ്ടപ്പെടുമ്പോളാണ് മറ്റൊന്നിനായി തേടുന്നത്. സ്വകാര്യ മേലയിൽ തൊഴിൽ നഷ്ടമാകാൻ കാരണങ്ങൾ പലതാവും. തൊഴിൽ കരാറിന്റെ കാലാവധിയെത്തുക, പണിയെടുക്കുന്ന പ്രൊജക്റ്റ് പൂർത്തിയാവുക ഇങ്ങനെ പല കാരണങ്ങൾ. ശകാരിക്കാൻ തെറിവാക്ക് ഉപയോഗിച്ച മേലുദ്യോഗസ്ഥനെ ഇരുമ്പുവടിക്ക് അടിച്ചതിന്റെ പേരിൽ പൊലീസ് കേസായി ജോലി വിട്ടുപോരേണ്ട ഒരു സന്ദർഭവും എനിക്കുണ്ടായിട്ടുണ്ട്. യൗവനത്തിന്റെ തിളപ്പായിരുന്നു അത്. ഓർക്കാൻ അത്ര സുഖകരമായ പ്രതികരണങ്ങളായിരുന്നില്ല ഞങ്ങൾ ഇരുവരുടെയും.

ലോകത്തിന്റെ മിക്കവാറും ദേശങ്ങളിൽ നിന്നുമുള്ളവരുമായി കൂടിക്കലർന്ന് ജീവിച്ച ഗൾഫ് വാസം എന്നെ ഒത്തിരി പാകപ്പെടുത്തി. വെറും ഒരു മലയാളിയെന്ന് സ്വയം അടയാളപ്പെട്ടിരുന്ന എന്നെ പരദേശജീവിതം തുറവിയുള്ള ഒരു മനുഷ്യനാക്കി

ലോകത്തിന്റെ മിക്കവാറും ദേശങ്ങളിൽ നിന്നുമുള്ളവരുമായി കൂടിക്കലർന്ന് ജീവിച്ച ഗൾഫ് വാസം എന്നെ ഒത്തിരി പാകപ്പെടുത്തി. വെറും ഒരു മലയാളിയെന്ന് സ്വയം അടയാളപ്പെട്ടിരുന്ന എന്നെ പരദേശജീവിതം തുറവിയുള്ള ഒരു മനുഷ്യനാക്കി. മതത്തെയും ജാതിയെയും ദേശീയതയെയും അതിവർത്തിക്കാൻ കരുത്തനാക്കി. എന്നിലെ മലയാളി നസ്രാണി തെന്നിന്ത്യക്കാരനായി, പിന്നെയത് ബഹുസ്വരതയുള്ള ഇന്ത്യക്കാരനായി. അവിടെനിന്നുമാണ് ഏഷ്യക്കാരൻ എന്ന സ്വത്വം ദൃഢപ്പെട്ടത്. ക്രമേണ പലമയെ പുണരുന്ന ഹോമോസാപ്പിയനായി ഞാൻ പരിണാമപ്പെട്ടു. ഈ അനുഭവമാണ് "വാഗാ പോയിന്റ്' എന്ന കഥയായത്. അതേ തള്ളൽ തന്നെയാണ് ഡൽഹിയിലേക്കുള്ള വിമാനവും വെടിമരുന്നിന്റെ മണവും റിപ്പബ്ലിക്കും പോലുള്ള കഥകളെഴുതാൻ പ്രേരണയായതും. ഗൾഫിലെ ദേശാന്തരാനുഭവങ്ങളും സഹവാസങ്ങളും ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ കഥയേയെഴുതുകില്ലായിരുന്നു. വേറിട്ട ചിലത് എനിക്ക് മലയാള കഥയോട് ചേർക്കാനുണ്ടെന്ന ഊർജ്ജമാണ് നാൽപത് കഴിഞ്ഞപ്പോൾ കഥയിലേക്ക് കടക്കാൻ എനിക്ക് ഉത്സാഹമായത്.

ജീവിതത്തിലും അതിന്റെ ചുറ്റുവട്ടങ്ങളിലും സംഭവിക്കുന്നത് മിക്കപ്പോഴും എല്ലാവർക്കും ഒരേപോലെ ആയിരിക്കുമെങ്കിലും അവയോടെല്ലാം നമ്മൾ പ്രതികരിക്കുന്ന രീതിയാണ് വ്യത്യസ്തമാകുന്നത്, വേറിട്ടതാകുന്നത്. ഇവിടെയാണ് ജീവിതാനുഭവങ്ങളും വായനയുമെല്ലാം പ്രസക്തമാകുന്നത്. അനേകം ഇന്ത്യൻ നഗരങ്ങൾ താണ്ടിയാണ് ഞാൻ ദുബായിലെത്തിയത്. ഒഴുക്കിന് കുറുകെ നിൽക്കാനും ചിലപ്പോൾ എന്നെത്തന്നെ തിരുത്താനും മികവിനോട് ആസക്തനാകാനും വായന താങ്ങായി. ജിദ്ദു കൃഷ്ണമൂർത്തിയുടെ അറിഞ്ഞതിൽ നിന്നുമുള്ള മോചനം എന്ന ആശയം അദ്ദേഹത്തെ വായിച്ച നാൾ മുതൽ സ്വയം പരിണാമപ്പെടുന്നതിന് പ്രേരണയായി വർത്തിച്ചു.

ദുബായ് കാലം

ഗൾഫ് രാജ്യങ്ങളിലെല്ലാം മതാധിഷ്ഠിത ഭരണകൂടങ്ങളായിരുന്നു. ബാഹ്യമായി നിയമവാഴ്ച ബലവത്താണെന്ന് തോന്നിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു അവിടെല്ലാം. അതിനടിയിൽ ഞെരിഞ്ഞമർന്ന അസ്വതന്ത്രമായി വർത്തിക്കുന്ന സാധാരണക്കാരുടെ അറബ് ലോകത്തെ മിക്കവരും അറിഞ്ഞതേയില്ല. അക്കാലങ്ങളിൽ ഇന്ത്യക്കാർ, വിശിഷ്യാ മലയാളികൾ മതവർഗ്ഗീയതയെ അപരിഷ്കൃതവും പുരോഗമനവിരുദ്ധവുമായി കണ്ടുപോന്നിരുന്നു. ആ കാരണത്താൽ പാക്കിസ്ഥാനിലെ ഭരണവ്യവസ്ഥയെ പ്രാകൃതമായി ഗണിക്കുകയും ചെയ്തു. ഇന്ത്യ ഒരു മതേതര ജനാധിപത്യരാഷ്ട്രമാണെന്നത് അഭിമാനത്തോടെ മറ്റുള്ളവർക്ക് മുന്നിൽ ഉയർത്തിപ്പിടിച്ചു. നിർഭാഗ്യവശാൽ ക്രമേണ ഇതിന് മാറ്റം വരാൻ തുടങ്ങി.

ഒരു മതരാഷ്ട്രത്തിൽ കുറച്ചുകാലം തൊഴിലെടുത്ത് ജീവിച്ചുകഴിയുമ്പോൾ നമ്മുടെ മതേതരത്വത്തിന് ബലക്കുറവ് അനുഭവപ്പെട്ടുതുടങ്ങും. മതാധിഷ്ഠിതഭരണക്രമത്തോട് നമ്മൾ അറിയാതെ ഉദാരവാന്മാരാകും. അതിൽ അമാന്യമായി ഒന്നുമില്ലെന്ന സമീപനം നമുക്കുള്ളിൽ വേരുകൾ മെല്ലെ പടർത്തും. അമേരിക്കൻ വിരുദ്ധത ഉപയോഗപ്പെടുത്തി ഇറാനിൽ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിക്കാൻ അയത്തൊള്ള ഖമേനിക്ക് കഴിഞ്ഞതോടെ വർഗ്ഗീയതയെ പുരോഗമനപരമെന്നും പ്രതിലോമകരമെന്നും ഇടതുപക്ഷക്കാർ പോലും വേറിട്ട് കാണാൻ തുടങ്ങി. അതോടെ മുഖ്യധാരാമതങ്ങളിലെ വർഗ്ഗീയപിന്തിരിപ്പൻ സംഘടനകൾ ഗൾഫ് മലയാളികൾക്കിടയിൽ ശാഖകൾ തുടങ്ങി. ആദ്യമൊക്കെ രഹസ്യമായും പിന്നെ പരസ്യമായും ആയിരുന്നു ഈ പ്രാക്രതകൃഷിയിറക്കങ്ങൾ. ഇറാനിൽ ഇസ്ലാമിക റിപ്പബ്ലിക് നിലവിൽ വന്നത് ഇന്ത്യയിൽ ഹിന്ദുവർഗ്ഗീയതയ്ക്ക് മാന്യതയുടെ മുഖം നൽകി. ഗൾഫ് കുടിയേറ്റം കേരളത്തിൽ വർഗ്ഗീയതയ്ക്ക് പോഷകമായത് ഇങ്ങിനെയൊക്കെയാണ്. ഇത് ഇനിയും വേണ്ടവിധം വിശകലനം ചെയ്യപ്പെടുകയോ പഠിക്കപ്പെടുകയോ ചെയ്തിട്ടില്ല. വിദ്യാസമ്പന്നരും പരിഷ്‌കൃതരുമായിരുന്നവർ പോലും അതുവരെ പ്രാകൃതവും മനുഷ്യവിരുദ്ധവുമയി കരുതപ്പെട്ടിരുന്ന മതവർഗ്ഗീയതയുടെ കൂടാരത്തിലേക്ക് ഉളുപ്പില്ലാതെ ചേക്കേറി. ഗൾഫ് കുടിയേറ്റത്തിന്റെ ഏറ്റവും ദോഷകരമായ പ്രതിഫലനം ഇതായിരുന്നു. ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിൽ യാഥാസ്ഥിതിക സമീപനങ്ങളെ താലോലിച്ചിരുന്ന ആർച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് അന്നുവരെ മലയാളി കത്തോലിക്കരെന്ന സ്വത്വത്തെ പ്രിയപ്പെട്ട് ഒറ്റക്കുടക്കീഴിൽ ഐക്യത്തോടെ സംഘടിച്ച് കഴിഞ്ഞിരുന്നവരെ ലത്തീൻ, സുറിയാനി എന്നിങ്ങിനെ വിജയകരമായി പിളർത്തിയതും ഇതേ കാലയളവിലായിരുന്നു. ഗൾഫിലെ മലയാളലോകം കേരളത്തിന്റെ തനിപ്പകർപ്പായി അളിഞ്ഞുതൂങ്ങി. മനുഷ്യനെന്നും മലയാളിയെന്നുമുള്ള തിരിച്ചറിവുകളുടെ മേൽ ഭൂതകാലം ചീഞ്ഞ കേവുഭാരമായി ഞാന്നുകിടക്കാൻ ആർത്തിപൂണ്ടു.

സി. മാത്യു, ഭാര്യ റോസമ്മ

ഈ ജീർണ്ണതകൾ സംഘടനകൾക്കുള്ളിലേക്കും പടർന്നുകയറി. അതുവരെ വരേണ്യത മാത്രം ദോഷകരമായി ബാധിച്ചിരുന്ന ഇന്ത്യൻ / മലയാളി സംഘങ്ങളിൽ ജാതി-മത സ്വാധീനങ്ങളും പെരുകാൻ തുടങ്ങി. മത-ജാതി ഗ്രൂപ്പുകൾക്കൊപ്പം രാഷ്ട്രീയ കക്ഷികളിലെ ഗ്രൂപ്പുകളും പ്രത്യേക സംഘടനകളുമായി രംഗത്തെത്തി. മിക്ക സംഘടനകളും ഈ വഷളത്തരങ്ങൾക്ക് കുട പിടിച്ചപ്പോഴും ഷാർജ ഇന്ത്യൻ അസോസിയേഷൻ അതിന്റെ ബഹുജന പങ്കാളിത്തം കൊണ്ടും മതേതരസ്വഭാവം കൊണ്ടും വേറിട്ടുനിൽക്കാൻ ശ്രദ്ധ ചെലുത്തി. ഗ്രൂപ്പുകളി ഉണ്ടായിരുന്നെങ്കിലും മലയാളികൾ നേതൃത്വം നൽകിയ അസോസിയേഷന്റെ പ്രവർത്തനം താരതമ്യേന അതിന്റെ മതേതരമുഖത്തിന് ഇണങ്ങിയതായിരുന്നു. പേരിൽ ഷാർജ എന്ന് ഉണ്ടായിരുന്നെങ്കിലും അത് യൂനൈറ്റഡ് അറബ് എമിറേറ്റിലെ മുഴുവൻ ഇന്ത്യക്കാർക്കുമായി അംഗത്വം തുറന്നിട്ട സംഘടന ആയിരുന്നു. വൈ.ഏ. റഹിം എന്ന സമർത്ഥനായ സംഘാടകൻ ആയിരുന്നു അതിന്റെ സാരഥ്യത്തിൽ. ഇപ്പോഴും സംഘടനയുടെ നേതൃനിരയിൽ അദ്ദേഹമുണ്ട്. ഇത്ര ദീർഘകാലം ഇപ്രകാരം തുടരുന്ന മറ്റൊരാളുണ്ടാവാൻ ഇടയില്ല. പൊതുവേ ഈവിധ കൂട്ടങ്ങളിൽ നിന്നെല്ലാം അകലം സൂക്ഷിക്കാൻ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും കുമ്പനാട്ടുകാരനായ സി.മാത്യുസ് എന്ന സുഹൃത്തിന്റെ സ്‌നേഹനിർബന്ധങ്ങൾക്ക് വഴങ്ങി അതിൽ കുറച്ചുകാലം അംഗമായി. മാത്യൂസ് അന്ന് ദുബായ് ചെറുകിട ബിസിനസ് രംഗത്തെ പ്രമുഖനായിരുന്നു. മലയാളികളുടെ പല പൊതുപരിപാടികൾക്കും മാത്യൂസിന്റെ സ്ഥാപനം ധനസഹായം നൽകിപ്പോന്നു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വനിരയിലും അക്കാലത്ത് അദ്ദേഹം സജീവമായിരുന്നു.

വൈ.ഏ. റഹിം ഷാർജ ഭരണാധികാരിക്കൊപ്പം

മിക്ക ഗൾഫ് സംഘടനകളും കടലാസ് പുലികൾ മാത്രമായിരുന്നു. ഗൾഫ് സന്ദർശിക്കുന്ന മത-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർക്ക് സ്വീകരണം നൽകലും ഒരു വാർഷികമാമാങ്കവും മാത്രമായിരുന്നു ആകെയുള്ള പരിപാടി. ചില മന്ത്രിമാരും നേതാക്കളും കറുപ്പ് വെളുപ്പിക്കാൻ മാത്രമായിരുന്നു ഗൾഫ് സന്ദർശിച്ചിരുന്നതെന്നത് പരസ്യമായ രഹസ്യമായിരുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യാൻ മത്സരിച്ചിരുന്ന ശിങ്കിടിവൃന്ദവും ഉണ്ടായിരുന്നു. ഇടത്, വലത് എന്ന വേർതിരിവൊന്നും ഇതിൽ ഉണ്ടായിരുന്നില്ല. ഇന്നും അതിന് മാറ്റമുണ്ടായിട്ടുമില്ല. സ്‌നേഹിതരുടെ നിർബന്ധത്തിന് വഴങ്ങി ഇത്തരം സ്വീകരണങ്ങളിൽ പ്രാസംഗികനായി പങ്കെടുക്കേണ്ടിയും വന്നിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധം പുലർത്തിയിരുന്ന കാഞ്ഞിരപ്പള്ളിക്കാരനായ സാമൂഹ്യപ്രവർത്തകൻ ജോണി പുത്തൻപുരക്കൽ മിത്രമായിരുന്നതും ഇതിന് കാരണമായി.

കത്തോലിക് മീറ്റിൽ പ്രസംഗിക്കുന്ന പി.ജെ.ജെ.

ഈ ബഹളത്തിനിടയിലും അതിർവരമ്പുകളും സങ്കുചിതതാത്പ്പര്യങ്ങളും കയ്പിക്കാത്ത ചില സ്വകാര്യ സൗഹൃദസംഘങ്ങൾ അപൂർവ്വമായ ചാരുതയോടെ തിളങ്ങി നിന്നിരുന്നു. അവയിൽ മിക്കതും ദേശക്കൂട്ടങ്ങളായിരുന്നു. ഒരു ഗ്രാമത്തിലെയോ വലിയൊരു തറവാട്ടിലെയോ അംഗങ്ങൾ ഒരു നിശ്ചിത കാലയളവിൽ വീടുകളിലോ പാർക്കുകളിലോ ഒരുമിച്ചുകൂടുന്നവ. ഈ വിധ ചരടുകളോ ബന്ധങ്ങളോ യാതൊന്നുമില്ലാത്ത ഒരു സ്വാഭാവിക സൗഹൃദകൂട്ടായ്മയാണ് എന്റെ മനസ്സിൽ ഇപ്പോഴും പച്ചയാർന്ന് നിൽക്കുന്നത്.

തിരുവല്ല മനക്കൽചിറയിൽ വർഗീസിന്റെയും (തമ്പിച്ചായൻ) അന്നമ്മ എന്ന കുഞ്ഞമ്മച്ചേച്ചിയുടെയും വീട്. രണ്ടുപേരും സാമാന്യം നല്ല ശമ്പളത്തിൽ സർക്കാർ സർവീസിൽ ഉള്ളവർ ആയിരുന്നു. തമ്പിച്ചായൻ ഡിഫൻസിലും കുഞ്ഞമ്മച്ചേച്ചി സീനിയർ നഴ്‌സായി ആരോഗ്യവകുപ്പിലും. കുഞ്ഞമ്മച്ചേച്ചിയുടെ സഹോദരൻ കറിയാച്ചൻ എന്റെ സുഹൃത്തായിരുന്നു. ഒരു വെള്ളിയാഴ്ച കറിയാച്ചൻ എന്നെ ഉച്ചഭക്ഷണത്തിന് വിളിച്ചു. കുടുംബമായി കഴിയുന്നവർ അന്ന് വളരെ കുറവായിരുന്നതിനാൽ നല്ല ഭക്ഷണം ഓഫർ ചെയ്യുന്ന അത്തരം ക്ഷണങ്ങൾ ബാച്ചിലർ ജീവിതം നയിക്കുന്നവർ പൊതുവേ പ്രിയപ്പെട്ടിരുന്നു. ഞാൻ അവിടെ എത്തുമ്പോൾ ഏഴെട്ടുപേർ അവിടെ ഉണ്ടായിരുന്നു. ഏതെങ്കിലുമൊക്കെ വിധത്തിൽ ആ കുടുംബത്തിന്റെ കൂട്ടുകാർ. അവരുടെ എണ്ണം കൂടിവന്നതല്ലാതെ ഒരിക്കലും കുറഞ്ഞില്ല. അവരെല്ലാം തമ്പിച്ചായനും കുഞ്ഞമ്മച്ചേച്ചിക്കും പ്രിയപ്പെട്ട അനിയന്മാരായിരുന്നു. നാനാജാതിമതസ്തരായ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ളവർ ആ കൂട്ടത്തിലുണ്ടായിരുന്നു. വിവാഹത്തിനും മറ്റും പാചകത്തിനായി ഉപയോഗിക്കുന്ന തരം വലിയ പാത്രത്തിലാണ് കുഞ്ഞമ്മച്ചേച്ചി ബിരിയാണി വച്ചിരുന്നത്. ബിരിയാണിയും തൈര് കലർത്തിയ സാലഡും പപ്പടവും അച്ചാറുമായിരുന്നു സ്ഥിരം മെനു. വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതൽ ഓരോരുത്തരായി എത്തിത്തുടങ്ങും. നേരത്തേ എത്തുന്നവർ പാചകത്തിൽ സഹായിക്കും. പിന്നെ കൊണ്ടുപിടിച്ച ചർച്ചകളും വാദപ്രതിവാദങ്ങളുമാണ്. കക്ഷിരാഷ്ട്രീയവും മതവുമായിരുന്നു വിഷയങ്ങൾ. ആക്രമണോത്സുകമായ വിമർശനങ്ങളായിരുന്നു കൂടുതൽ. അവർക്ക് മൂന്ന് ആണ്മക്കളായിരുന്നു; ഷാനു ഷോണു ഷൈനു. ഞാനവരുടെ പ്രിയപ്പെട്ട ആന്റണി അങ്കിളായി. ഒരു ദിവസം കുഞ്ഞമ്മച്ചേച്ചി എന്നോട് ചോദിച്ചു: "വീട്ടിൽ മൂത്ത സഹോദരിമാർ എന്താ വിളിക്കുന്നതെന്ന്. ജോയിച്ചൻ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ സഹോദരിമാരെ എന്താ അങ്ങോട്ട് വിളിക്കുന്നതെന്നായി കുഞ്ഞമ്മച്ചേച്ചി. പെങ്ങൾ എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ ഇന്നുമുതൽ നമുക്കിടയിൽ അങ്ങിനെ മതിയെന്ന് കുഞ്ഞമ്മച്ചേച്ചിയും പറഞ്ഞു.

വർഗീസും കുടുംബവും

അങ്ങിനെയാണ് ദുബായിൽ എനിക്ക് ഒരു പെങ്ങൾ ഉണ്ടായത്. പതിറ്റാണ്ടുകൾ കടന്നിട്ടും സംബോധനകൾ മാറ്റമില്ലാതെ തുടരുന്നു. എന്റെ കുടുംബം ദുബായിൽ എത്തിയപ്പോൾ അവധിദിനങ്ങളിൽ മക്കൾ മൂവരും എന്റെ വീട്ടിലായി. ഞാൻ അവർക്ക് അദ്ധ്യാപകനും പരിശീലകനുമായി. എന്റെ മക്കൾക്ക് അവർ സഹോദരന്മാരായി. ജസ്സിക്ക് അവരും മക്കളായി. ഈ അടുപ്പം ഇളകാതെ തുടരുന്നു. കറിയാച്ചൻ വിവാഹം കഴിച്ചു. പൊങ്കുന്നം സ്വദേശി തങ്കമ്മയെന്ന് ഞങ്ങൾ വിളിക്കുന്ന മേരി സ്‌കറിയായെ. അവർക്ക് രണ്ട് മക്കൾ, മാർട്ടിനും മെൽവിനും.

വർഷങ്ങൾ പോകെ കറിയാച്ചൻ വാഹനാപകടത്തിൽ മരിച്ചു. തമ്പിച്ചായനും കുഞ്ഞമ്മപ്പെങ്ങളും റിട്ടയറായി നാട്ടിലേക്ക് പോന്നു. മക്കൾ മൂന്നുപേരും വിവാഹിതരായി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ കുടുംബമായി ജീവിക്കുന്നു. ഇന്നും ഞാൻ ആ കുടുംബത്തിലെ അംഗം തന്നെ. ഇപ്പോഴും ഇടയ്ക്ക് മനയ്ക്കൽച്ചിറയിലേക്ക് സന്തോഷത്തോടെ പോകുന്നു. ഈ വിധം ദേശദൂരങ്ങളെയും ജാതിമതങ്ങളെയും അതിലംഘിക്കുന്ന സൗഹൃദക്കൂട്ടങ്ങൾ ഗൾഫ് മലയാളികൾക്കിടയിലെ മഴവിൽമനോഹാരിതയാണ്. ദീർഘകാലം ഗൾഫിൽ കഴിഞ്ഞതുകൊണ്ട് എന്റെ അടുത്ത കൂട്ടുകാർ ഗൾഫുകാരാണ്. ഇപ്പോഴും സന്തോഷത്തോടെ ഇടയ്ക്ക് കൂട്ടത്തിൽ ഒരാളുടെ വീട്ടിൽ ഒത്തുകൂടുമ്പോൾ അവയെല്ലാം പുതുങ്ങുന്നു. ദേശദൂരങ്ങൾ അഴിഞ്ഞുപോകുന്നു. ഞങ്ങൾ തനിമലയാളികളായി പിന്നെയും വീണ്ടെടുക്കുന്നു. ആനന്ദിക്കുന്നു. ജാതിമതങ്ങളെയും പ്രാദേശിക വേർതിരിവുകളെയും കക്ഷിരാഷ്ട്രീയത്തെയും വിഷം തീണ്ടാത്ത കോവിഡ് ദൂരത്തിൽ നിർത്താൻ യത്‌നിക്കുന്നു.

വിനീത

കുടുംബം ഒപ്പമായതോടെ ചെലവുകൾ കൂടാൻ തുടങ്ങി. മകൾ വിനീത അവർ ഓൺ സ്‌കൂൾ വിദ്യാർത്ഥിനിയായി. വസന്തും ഒപ്പം പോകാൻ തിടുക്കം കൂട്ടി. ചാക്കോസാറിന്റെ കമ്പനിയിൽ നിന്നും ലഭിക്കുന്ന ശമ്പളം കൊണ്ട് വരവും ചെലവും ക്രമപ്പെടുത്തുക ക്ലേശകരമായി. വീട്ടിലേക്കും പണം അയയ്ക്കണമായിരുന്നു. ഇളയവരുടെ പഠനച്ചെലവുകളും കൂടിവന്നു. ഇതിനിടയിൽ ഒരു സഹോദരിയുടെ വിവാഹം നടത്താനായി. കൂടുതൽ ശമ്പളമുള്ള മറ്റൊരുജോലി തേടൽ എന്റെ മുൻഗണന പട്ടികയിൽ ഒന്നാമതായി. ഈ സാഹചര്യത്തിലാണ് ഗൾഫിൽ യുദ്ധത്തിന്റെ ഇരുൾ മേഘങ്ങൾ പടർന്നത്. 1990 ആഗസ്റ്റ് രണ്ടിന് സദ്ദാം ഹുസൈൻ കുവൈറ്റ് എന്ന ഗൾഫ് രാജ്യത്തെ ഏകപക്ഷീയമായി സൈന്യത്തെ അയച്ച് കീഴടക്കി. മേഖലയെ അത് അസ്വസ്ഥമാക്കി. സദ്ദാമിന്റെ അടുത്ത നീക്കങ്ങളെക്കുറിച്ച് കിംവദന്തികൾ പടർന്നു. സൈനികമായി ചുവടുറപ്പിക്കാനും സ്വാധീനം പെരുപ്പിക്കാനുമായി കരുക്കൾ സൂക്ഷ്മതയോടെ നീക്കിയിരുന്ന അമേരിക്ക തന്ത്രപൂർവ്വം ഗൾഫ് തലസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. അമേരിക്കയും സ്വരാജ്യങ്ങളും ചേർന്ന് ഇറാഖിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. വഴങ്ങിക്കൊടുക്കാൻ സദ്ദാമും തയ്യാറായിരുന്നില്ല. ജോർജ് ബുഷും മാർഗരറ്റ് താച്ചറും യുദ്ധാനുകൂലികളായിരുന്നു. നാറ്റോപ്പട ഗൾഫിലേക്ക് നീങ്ങാൻ ആരംഭിച്ചു. മുസ്ലിംങ്ങളുടെ പരമോന്നത തീർത്ഥാടന നഗരമായ മക്ക സൗദി അറേബ്യയിൽ നിന്നും പിടിച്ചെടുക്കാൻ സദ്ദാം കോപ്പുകൂട്ടുകയാണെന്ന് ഊഹങ്ങൾ പെരുകിവന്നു. എണ്ണസമ്പന്നമായ സൗദി അറേബ്യ സദ്ദാം അനുകൂല ഭരണകൂടത്തിന്റെ കൈപ്പിടിയിൽ ആയാൽ പിന്നെ അയാളെ പിടിച്ചാൽ കിട്ടില്ലെന്ന് അമേരിക്ക ഗണിച്ചു. ഭയം തീണ്ടിയ ഗൾഫ് രാജ്യങ്ങൾ യുദ്ധത്തിന് അനുകൂലമായി. ജനാധിപത്യം പേരിനുപോലും ഇല്ലാതിരുന്ന ഗൾഫ് മേഖലയിൽ താഴെത്തട്ടിൽ നിന്നുമുള്ള കൂടിയാലോചനകളിലൂടെ തീരുമാനങ്ങളിലെത്തുക അസാദ്ധ്യമായിരുന്നു. ഭരണകൂടങ്ങൾ നിലനിൽപ്പിന് പരമപ്രാധാന്യം നൽകി.

യുദ്ധം ഒഴിവാകാൻ പോകുന്നില്ലെന്ന് എനിക്ക് തോന്നി. കുടുംബത്തെ ഞാൻ നാട്ടിലേക്കയച്ചു. പലരെയും പോലെ യുദ്ധം നീണ്ടുനിന്നേക്കുമെന്ന് ഞാനും ഭയന്നു. അരിയും പരിപ്പും കടലയും അതിജീവനത്തിനായുള്ള മറ്റ് ഇനങ്ങളും സ്‌റ്റോക് ചെയ്തു. എല്ലാത്തിനും വില കയറാൻ തുടങ്ങിയിരുന്നു. ഗവർമെന്റ് നിർദ്ദേശം പാലിച്ച് ജനാലച്ചില്ലുകളെല്ലാം പ്രകാശം പുറത്ത് കാണാത്തവിധം പൊതിഞ്ഞു. നൈറ്റ് കർഫ്യു നിലവിൽ വന്നു. രാത്രിവിളക്കുകൾ മാഞ്ഞുപോയി. 1991 ജനുവരി 17 ന് ഡസർട്ട് സ്‌റ്റോം എന്ന് വിളിപ്പേരിട്ട ഒന്നാം ഗൾഫ് യുദ്ധം ആരംഭിച്ചു. ഫെബ്രുവരി 28 വരെ അത് നീണ്ടുനിന്നു. ആകാശത്തും കടലിലുമായിരുന്നു സംഘർഷം. കരയുദ്ധം ഒരാഴ്ച തികച്ചില്ല. ഇറാഖ് സൈന്യത്തെ തുരത്തി സേനകൾ കുവൈറ്റ് പിടിച്ചെടുത്തു. പഴയ എമീർ ഭരണകൂടം തിരികെയെത്തി. കരയുദ്ധത്തിന്റെ അവസാന നാളുകളിൽ അച്ഛൻ ഹൃദയാഘാതത്താൽ മരിച്ചതായി നാട്ടിൽ നിന്നും വിവരമെത്തി. നാട്ടിൽ പോകാനാവുമോ എന്നത് സംശയത്തിലായിരുന്നു. വിമാന സർവീസുകളുടെ എണ്ണം കുറച്ചിരുന്നെങ്കിലും നിർത്തിവച്ചിരുന്നില്ല. അതിനാൽ ചെറിയൊരു എമർജൻസി ലീവിൽ നാട്ടിൽപ്പോയി വരാനായി. അച്ഛന്റെ അഭാവത്തിൽ കുടുംബത്തിന്റെ ചുമതലകളുടെ ഉത്തരവാദം എനിക്കായി. കൂടുതൽ വരുമാനമുള്ള ഒരു ജോലിയുടെ ആവശ്യം കൂടുതൽ അനുഭവപ്പെട്ടു.

പി.ജെ.ജെ. ആന്റണിയും ഭാര്യയും

ആയിടയ്ക്കാണ് എന്റെ സുഹൃത്തും ഭാര്യാമാതാവിന്റെ സഹോദരീഭർത്താവുമായ ജോസ് പേക്കാട്ടിൽ സൗദിയിൽ എത്തുന്നത്. അമേരിക്കൻ പൗരനായ അദ്ദേഹം സൗദി-അമേരിക്കൻ സംയുക്ത സംരംഭമായ ഒരു വലിയ പെട്രൊകെമിക്കൽ കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ പഴ്‌സണൽ മാനേജരായിട്ടാണ് എത്തിയത്. കൂടുതൽ വരുമാനമുള്ള ഒരു ജോലിക്കായുള്ള എന്റെ ആവശ്യം ഞാൻ ജോസിനോട് പറഞ്ഞു. വൈകാതെ ആ സ്ഥാപനത്തിൽ നിന്നും ഒരു ജോബ് ഓഫർ ലഭിച്ചു. ആയിരത്തിലേറെ തൊഴിലാളികൾ പാർക്കുന്ന ക്യാമ്പിന്റെ അഡ്മിൻ സുപ്പർവൈസർ. ഞാൻ രാജി നൽകി. അത് സ്വീകരിക്കാൻ ചാക്കോസാർ ആദ്യം സന്നദ്ധനായില്ല. ചാക്കോസാറും കുടുംബവുമായുള്ള അടുപ്പം അവിടം വിട്ടുപോരാൻ എനിക്കും വിഷമം ഉണ്ടാക്കിയെങ്കിലും മുന്നിൽ മറ്റ് പോംവഴികൾ ഉണ്ടായിരുന്നില്ല. പാതിമനസ്സോടെ ദുബായിയോട് യാത്ര പറഞ്ഞ് ഞാൻ നാട്ടിലെത്തി. സൗദി വിസ പ്രൊസസ് ചെയ്ത് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. സൗദി അറേബ്യയിലെ കർശന നിയമങ്ങളെക്കുറിച്ചുള്ള ആവലാതികൾ അക്കാലത്ത് സുലഭമായിരുന്നു. പല സ്‌നേഹിതരും എന്നെ നിരുത്സാഹപ്പെടുത്തി. ഒടുവിൽ സൗദി എംബസ്സിയിൽ നിന്നും പാസ്‌പ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടി. വിമാന ടിക്കറ്റും റെഡിയായി..

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന്റെ ബഹളമായിരുന്നു. ബി.ജെ.പി പിന്തുണയോടെ അധികാരത്തിലെത്തിയെങ്കിലും അവർ ഇടയ്ക്ക് പാലം വലിച്ചതിനാൽ വി.പി.സിംഗിന് കാലാവധി പൂർത്തിയാക്കാനായില്ല. കോൺഗ്രസ് പിന്തുണയോടെ ജനതാദൾ നേതാവ് ചന്ദ്രശേഖർ പ്രധാനമന്ത്രി ആയെങ്കിലും ആ പിന്തുണയും നിലനിന്നില്ല. രാജിവച്ച ചന്ദ്രശേഖർ പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിനായി ശിപാർശ ചെയ്തു. അങ്ങിനെയാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. രണ്ടാം ഊഴത്തിനായി പൊരുതുന്ന രാജീവ് ഗാന്ധിയും കോൺഗ്രസ് കക്ഷിയും ഒരുവശത്ത്.

രാജീവ് ഗാന്ധി

മറുവശത്ത് കലങ്ങി മറിഞ്ഞ് പരസ്പരം ചെളിവാരി എറിയുന്ന ഒരു കൂട്ടവും. ഉത്തർപ്രദേശിൽ അധികരത്തിൽ എത്തിയതിന്റെ ആത്മവിശ്വാസവുമായി ബി.ജെ.പിയും രംഗത്തുണ്ടായിരുന്നു. രാജീവ് ഗാന്ധി അധികാരത്തിൽ മടങ്ങിവരുമെന്നത് ഉറപ്പായിരുന്നു. കൊച്ചിയിൽ നിന്നും ഞാൻ ബോംബെയിലെത്തി. അക്കാലത്ത് ബോംബെ ഡൊമസ്റ്റിക് എയർപോർട്ടിൽ നിന്നും നടന്ന് ഇന്റർ നാഷണൽ എയർപോർട്ടിൽ എത്താമായിരുന്നു. അർദ്ധരാത്രിയോടടുത്താണ് ദമാമിലേക്കുള്ള എന്റെ സൗദി എയർവേസ് വിമാനം. ചെക്കിൻ ചെയ്യാൻ എനിക്ക് വലിയ ലഗ്ഗേജ് ഒന്നും ഉണ്ടായിരുന്നില്ല. രാത്രി പത്ത് മണി കഴിഞ്ഞിരുന്നു. പത്തെ പത്തിന് ശ്രീപെരുമ്പത്തൂരിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ധനു എന്ന് വിളിപ്പേരുള്ള തേന്മൊഴി രാജരത്‌നം ചാവേർ ബോംബായി പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയെ വധിച്ചു. ശ്രീലങ്കയിൽ നിന്നുമുള്ള തമിഴ് ഒളിപ്പോരാളിയായിരുന്നു അവൾ. പതിഞ്ഞ ഒച്ചയിൽ എനിക്ക് ചുറ്റും വിമാനത്താവളം വിറുങ്ങലിച്ചു.

ഞാൻ കയറിയ വിമാനം പറന്ന് പൊങ്ങി. അപരിചിതമായ ഒരു നാട്ടിലേക്കുള്ള എന്റെ കന്നിയാത്ര. അശുഭകരമായ കാര്യങ്ങളാവുമോ എന്നെ കാത്തിരിക്കുന്നത്? മനസ്സിൽ ആശങ്കകൾ പടരുന്നുണ്ടായിരുന്നു. പിന്നിൽ എന്റെ നാടും ജനങ്ങളും അതിലേറെ കുഴപ്പിക്കുന്ന സന്നിഗ്ദ്ധതകളുമായി മല്ലിടാൻ തുടങ്ങുകയായിരുന്നു

Comments