ഒപ്പിട്ടുകൊടുത്തു; ജീവിതത്തിലൊരിക്കലും ഇനി ക്രിസ്മസ് ആഘോഷിക്കില്ല

പൊലീസുകാർ ഞങ്ങളുടെ അരികിലേക്ക് നടന്നടുത്തു. അറബി ജയിലിൽ ഖുബ്ബൂസ് തിന്നാനാവും എന്റെ തലയിലെഴുത്തെന്ന് ഞാൻ ഉറപ്പിച്ചു. യുവ മുത്തവ സീനിയറുമായി അകലെയ്ക്ക് നീങ്ങി. യൂണിഫാമിട്ട പൊലീസുകാർ ഭീഷണിയുമായി അടുത്തേക്ക് വന്നു. ക്ലോക്കിലെ സെക്കന്റ് സൂചി പോലെ എന്റെ ചങ്കിടിക്കുന്നത് ഞാൻ കേട്ടു...പി.ജെ.ജെ. ആന്റണിയുടെ ഓർമയെഴുത്തിന്റെ അഞ്ചാം ഭാഗം

ദമാം വിമാനത്താവളത്തിന് വെളിയിലെത്തിയപ്പോൾ കമ്പനിയുടെ ബോർഡുമായി നേപ്പാളിയെന്ന് തോന്നിപ്പിക്കുന്ന ഒരാൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എനിക്ക് ആകെ ഒരപരിചിതത്വം തോന്നി. ആരും അധികം സംസാരിക്കുന്നില്ല. ഒച്ചയനക്കങ്ങൾ പതിഞ്ഞ ഒരിടം. പിന്തുടരാൻ ആംഗ്യം കാണിച്ച് കമ്പനിയുടെ ബോർഡുമായി നിന്നയാൾ മുന്നോട്ടുനടന്നു. ഞാൻ പിന്തുടർന്നു. പുറത്ത് വെയിൽ ചൂളം വിളിച്ചുനിന്നിരുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൽ സൗദി അറേബ്യ ചൂടിന്റെ കാര്യത്തിൽ വമ്പത്തിയാണെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ കൊടുംചൂട് അലോസരപ്പെടുത്തിയില്ല. ഡ്രൈവർ സൗമ്യനും മാന്യനുമായ ജ്യോതിഷ് ലിംബു. ബ്രിട്ടീഷ് സേനയുടെ ഗൂർഖാ റജിമെന്റിൽ ജോലി ചെയ്ത നേപ്പാളി. അധികം സംസാരിക്കാൻ പ്രിയപ്പെടാത്തയാൾ. ഭേദപ്പെട്ട പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും വലിയ കുടുംബം പോറ്റാൻ അത് പോരാ. അതുകൊണ്ടാണ് ഗൾഫിൽ ഡ്രൈവറായത്. എനിക്ക് ലിംബുവിനെ ഇഷ്ടമായി. പിൽക്കാലത്ത് എന്റെയും കുടുംബത്തിന്റെയും വിശ്വസ്തനായ സഹായിയായി മാന്യനായ ഈ മുൻ പട്ടാളക്കാരൻ.

ജ്യോതിഷ് ലിംബുവും കുടുംബവും കാഠ്‌മണ്ഡുവിൽ

വിമാനത്താവളത്തിൽ നിന്നും വിട്ട് അൽപം കഴിഞ്ഞപ്പോൾത്തന്നെ പട്ടണക്കാഴ്ചകൾ ഒതുങ്ങി മരുപ്പരപ്പ് പടർന്നുവന്നു. ഒട്ടകങ്ങൾ നിർഭയരായി മേയുന്നു. റോഡിന് സമാന്തരമായി ഇത്തിരി അകന്ന് കമ്പിവേലി കാണാമായിരുന്നു. ഒട്ടകങ്ങൾ റോഡിലേക്ക് കടന്ന് അപകടങ്ങൾ ഉണ്ടാകാതിരിക്കാനായാവണം. കാഴ്ചയെ അനന്തതയിലേക്ക് കൊണ്ടുപോകുന്ന മരുപ്പരപ്പുകൾ. അകലെ മരുച്ചുഴലികൾ വട്ടം തിരിയുന്നു. പൊടിമണ്ണ് പൊന്തി കാഴ്ചയെ പ്രതിരോധിക്കുന്നു. അകലങ്ങളിൽ എന്തോ ഉണ്ടെന്നും ഇല്ലെന്നും ചുറ്റിക്കുന്ന ഭ്രമക്കാഴ്ച. പെട്ടെന്ന് മനസ്സിലേക്ക് കുട്ടിക്കാ കടന്നുനിന്നു. പരുക്കൻ ഒച്ചയും ഭാവവും പൊന്തിയ പല്ലുകളും നീല കവറോളും. ഡിക്‌സികോള കമ്പനിയിൽ എനിക്കൊപ്പം ജോലിചെയ്തിരുന്ന കുട്ടിക്കയെ ഒരു ദിവസം കാണാതാവുകയായിരുന്നു. മരുഭൂമിയിലേക്ക് നടന്നുപോയ കുട്ടിക്ക ഒരിക്കലും മടങ്ങിവന്നില്ല. കാണാതാവുമ്പോൾ പ്രായം അറുപത് അടുത്തിട്ടുണ്ടാവണം. ദേശം കോഴിക്കോടെന്നും മലപ്പുറമെന്നും മാറിമാറി പറഞ്ഞിരുന്നു.

എനിക്കൊപ്പം ജോലിചെയ്തിരുന്ന കുട്ടിക്കയെ ഒരു ദിവസം കാണാതാവുകയായിരുന്നു. മരുഭൂമിയിലേക്ക് നടന്നുപോയ കുട്ടിക്ക ഒരിക്കലും മടങ്ങിവന്നില്ല. കാണാതാവുമ്പോൾ പ്രായം അറുപത് അടുത്തിട്ടുണ്ടാവണം. ദേശം കോഴിക്കോടെന്നും മലപ്പുറമെന്നും മാറിമാറി പറഞ്ഞിരുന്നു

അവിവാഹിതനായ ക്ലീനിംഗ് തൊഴിലാളി. നാട്ടിൽ പോകുന്ന പതിവില്ലായിരുന്നു. മലബാർ മലയാളമല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. അതയാൾ വേർതിരിവില്ലാതെ എല്ലാവരോടും പറഞ്ഞു. സായിപ്പിന് മലയാളം അറിയില്ല എന്ന് പറഞ്ഞവരെ ചീത്ത പറഞ്ഞു. ഉച്ചയടുത്ത് വിശപ്പാകുമ്പോൾ കുട്ടിക്ക ജർമ്മൻ കാരനായ സുപ്പർവൈസറുടെ അടുത്തെത്തും. വലതുകൈപ്പടം ഉയർത്തി തിന്നുന്ന ആംഗ്യം കാണിച്ചുകൊണ്ട് പറയും: ‘സായിപ്പേ, ഞാൻ ഉണ്ടിട്ട് ബരാം'. ചിരിച്ചുകൊണ്ട് സായിപ്പ് മൊഴിയും ‘ഓകെ കുട്ടി. ഗോ, ഈറ്റ് ആൻഡ് കം'. സായിപ്പിന് മലയാളം അറിയില്ലെന്ന് പറഞ്ഞ വിവരദോഷികളെ പുച്ഛത്തോടെ നോക്കിക്കൊണ്ട് കുട്ടിക്ക കാന്റീനിലേക്ക് നടക്കും. അങ്ങിനെ സഹതാപവും തമാശയും ഒരുപോലെ ഉണർത്തിയിരുന്ന കുട്ടിക്ക ഒരു രാത്രി മരുഭൂമിയിലേക്ക് നടന്നുകയറി. മരുപ്പരപ്പിന്റെ അനന്തതയിൽ വച്ച് മരുഭൂമി അയാളെ വിഴുങ്ങി. സേവനാനുകൂല്യങ്ങളും ശമ്പളബാക്കിയും കമ്പനിയുടെ നീക്കിബാക്കികളിൽ അലിഞ്ഞു. ആരും അതിനായി ഒരിക്കലും വന്നില്ല. പല കഥകളും കേട്ടു. അതിൽ കൂടുതൽ വിശ്വസനീയമായി തോന്നിയത് വർഷങ്ങളായി ശമ്പളമെല്ലാം സൂക്ഷിക്കാനായി അയച്ചുകൊടുത്ത ബന്ധു ഒടുവിൽ കൈമലർത്തി എന്ന കഥയാണ്. മരുപ്പരപ്പിലേക്ക് ഇങ്ങിനെ നടന്നുകയറി അദൃശ്യരായരുടെ കഥകൾ ആരും എഴുതിക്കണ്ടിട്ടില്ല. മരുഹൃദയത്തിന്റെ സ്പന്ദനങ്ങളുടെ പിന്നാലെ ഏറെ അലഞ്ഞിട്ടുള്ള മുസഫിർ അഹമ്മദ് ഇതും എഴുതുമായിരിക്കും.
ചില നഗരങ്ങളെ ഒഴിവാക്കിയാൽ സൗദി അറേബ്യ ഒരു ഗംഭീരൻ മരുപ്പരപ്പാണ്. ഇന്ത്യയുടെ മൂന്നിൽ രണ്ടോളം വലുതാണ് ഗൾഫിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യ. അറേബ്യൻ മരുപ്പരപ്പിന്റെ ഭാഗമായ റുബ് അൽ ഖാലി, അൽ നഫൂദ് എന്നീ രണ്ട് മരുഭൂമികളും സൗദി അറേബ്യയുടെ ഭാഗമാണ്. ലോറൻസ് ഒഫ് അറേബ്യയുടെ ആഖ്യാനങ്ങളിലൂടെ റുബ് അൽ ഖാലി അതിപ്രശസ്തി ആർജ്ജിച്ചിട്ടുണ്ട്. മരുപ്രതാപങ്ങളെ ഓർമിപ്പിക്കുന്ന മണൽപ്പരപ്പുകൾ താണ്ടി ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ ജുബൈൽ നഗരത്തിലെ കമ്പനി ക്യാമ്പിലെത്തി. ഞാൻ ജോലി ചെയ്യേണ്ട ഓഫീസ് ആയിരുന്നെങ്കിലും ഒട്ടും സൗഹാർദ്ദപരമായിരുന്നില്ല അവിടത്തെ സ്വീകരണം. മെലിഞ്ഞ് ഒരു പെൻസിലോളം പോന്ന സമീർ ഖാൻ എന്ന ഗോവക്കാരനായിരുന്നു ക്യാമ്പ് മേധാവി. അയാളുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു എന്റെ നിയമനം. പുഞ്ചിരിക്കാൻ വിസമ്മതിച്ചുകൊണ്ട് സമീർ എനിക്ക് ഹസ്തദാനം നൽകി. ഷേക്ക് സലിം എന്ന ക്ലാർക്ക് അലോട്ട് ചെയ്ത മുറിയിലേക്ക് എന്നെ കൊണ്ടുപോയി. സിംഗിൾ റൂമിന് അർഹതയുണ്ടെങ്കിലും തത്ക്കാലം ഒഴിവില്ലാത്തതിനാൽ ഡബിൾ അക്കോമഡേഷൻ ആണ് അലോട്ട് ചെയ്യുന്നതെന്നും മുറി ലഭ്യമായാൽ ഭാവിയിൽ മാറാമെന്നും സമീർ ഉണങ്ങിയ സ്വരത്തിൽ പറഞ്ഞു. അയാളുടെ അകൽച്ച തൊഴിലിടത്തിൽ വരാനിരിക്കുന്ന മുള്ളുമുരട് മൂഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്നുവോയെന്ന് ഞാൻ ആകുലപ്പെട്ടു.

പ്രദീപ് മേനോനും കുടുംബവും

പത്ത് മുറികളുള്ള നീണ്ട കെട്ടിടമായിരുന്നു അത്. മുറ്റം നിറയെ ചുവന്ന അരളിച്ചെടികൾ പൂത്തുനിൽക്കുന്നു. സൗകര്യങ്ങളുള്ള മുറി. ബാത്ത് അറ്റാച്ച്ഡ്. റഫ്രിജറേറ്ററും ഒരു കുഞ്ഞ് പാചകയിടവും സജ്ജമായിരുന്നു. കൈവിളക്കിൽ പ്രദീപ് മേനോൻ എന്നയാളാണ് സഹമുറിയനെന്ന് പോകുമുൻപ് രജിസ്റ്ററിൽ നോക്കി സലിം പറഞ്ഞു. ഉപ്പിന്റെ നേരിയ ബാധയേറ്റ വെള്ളത്തിൽ കുളിച്ചു. സഹമുറിയന്റെ സാമഗ്രികൾ ഉപയോഗിച്ച് ഒരു കട്ടൻ ചായ ഉണ്ടാക്കി കുടിച്ചുകൊണ്ടിരിക്കെ വാതിൽക്കൽ ആരോ മുട്ടി. ആദ്യസന്ദർശകൻ ആരാവുമെന്ന കൗതുകത്തിൽ വാതിൽ തുറന്നപ്പോൾ മലർന്ന ചിരിയുമായി നീല ജീൻസും ടീഷർട്ടും അണിഞ്ഞ ഒരു അറബി യുവാവ്. അടിമുടി പ്രസാദം പൂത്ത ഒരുവൻ. എന്റെ കൈ ബലമായി പിടിച്ചുകുലുക്കിക്കൊണ്ട് അയാൾ പരിചയപ്പെടുത്തി: ‘ഹുസാം സല്ലം, കേറ്ററിംഗ് മാനേജർ. എന്നോടൊപ്പം വരൂ. ഇവിടത്തെ ആദ്യ ലഞ്ച് തിരക്കാകും മുൻപേ കഴിക്കാം'. അയാളുടെ അതിരുവിട്ട ഉത്സാഹത്തിൽ എനിക്ക് കൃത്രിമത്വം രുചിച്ചു. ഈജിപ്തുകാർക്ക് സഹജമായ ഒച്ചയും ബഹളവും കലർന്ന പ്രക്രുതമാണതെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. ഡൈനിംഗ് ഹാളിൽ ആരും ഉണ്ടായിരുന്നില്ല. ഫറവോനോടൊപ്പം സൗദിയിലെ എന്റെ ആദ്യ ലഞ്ച് കഴിച്ചു.

സായിപ്പിന്റെ പട്ടാളച്ചിട്ടയും കമ്പ്യുട്ടർവത്ക്കരണവും ഇടയ്ക്കിടെയുള്ള മാനേജ്‌മെന്റ് മീറ്റിംഗുകളും മാസാവസാനം കർശനമായി സമർപ്പിക്കേണ്ട എഴുതി തയ്യാറാക്കിയ റിപ്പോർട്ടുമെല്ലാം 'ഓൾഡ് സ്‌കൂളിന്റെ നട്ടുകൾ' ഇളക്കി

കോഴിക്കറിയും സാലഡും കാബേജ് തോരനും പരിപ്പും ആയിരുന്നു വിഭവങ്ങളെന്ന് ഞാൻ ഓർക്കുന്നു. അറബികൾക്ക് പ്രിയപ്പെട്ട ഖുബ്ബൂസ് റൊട്ടിയും അച്ചാറും കൊണ്ടുവന്നെങ്കിലും ഞാൻ കഴിച്ചില്ല. ഹുസാം സംസാരിച്ചുകൊണ്ടേയിരുന്നു. കമ്പനിയെക്കുറിച്ചും ലാഭത്തെക്കുറിച്ചും മാനേജ്‌മെന്റിനുള്ളിലെ പൊളിറ്റിക്‌സിനെക്കുറിച്ചും ആയിരുന്നു കൂടുതലും. സത്യം പറഞ്ഞാൽ എനിക്കൊന്നും ഉൾക്കൊള്ളാനായില്ല. ഞങ്ങൾ ഇരുവരുടെയും തൊഴിലുടമയായ അൽ യൂസർ ടൗൺസെൻഡ് ആൻഡ് ബോട്ടം ലിമിറ്റഡ് (എ.വൈ.ടി.ബി) എന്ന കമ്പനിയെക്കുറിച്ച് എനിക്ക് പരിമിതമായ അറിവേ അപ്പോൾ ഉണ്ടായിരുന്നുള്ളു. മാത്രവുമല്ല നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ എന്റെ മുൻഗണന ഭക്ഷണത്തിനായിരുന്നു.

ഹുസാം സല്ലവും സമീർഖാനും സഹപ്രവർത്തകർക്കൊപ്പം

ആമാശയം ആവശ്യത്തിന് ലോഡെടുത്തപ്പോൾ ഉച്ചമയക്കം താനേ വന്നു. മയങ്ങി ഉണർന്നപ്പോൾ നേരേ പഴ്‌സണൽ ഓഫീസിൽ റിപ്പോർട്ട് ചെയ്തു. പാസ്‌പോർട്ടും ബോബെയിൽ വച്ച് സൈൻ ചെയ്ത തൊഴിൽ കരാറിന്റെ കോപ്പിയും കൗണ്ടറിൽ നൽകി. തിരികെ തന്ന ഫോമുകൾ പൂരിപ്പിച്ചുകൊണ്ടിരിക്കെ ഒരാൾ ഡെസ്‌കിൽ നിന്ന് എഴുന്നേറ്റ് നല്ലൊരു ചിരിയോടെ എന്റെ അരുകിലേക്ക് വന്നു. ‘ഞാൻ പ്രദീപ്. നമ്മൾ സഹമുറിയന്മാരാണ്'. ആ നിമിഷം ഞങ്ങൾ കൂട്ടുകാരായി. പേപ്പറുകളൊക്കെ ഒപ്പിട്ടശേഷം കമ്പനിയുടെ തിരിച്ചറിയൽ കാർഡും വാങ്ങി മടങ്ങും മുൻപ് പ്രദീപ് എന്നെ പഴ്‌സണൽ മാനേജരുടെ കാബിനിലേക്ക് കൊണ്ടുപോയി. ജോസ് പേക്കാട്ടിലും പ്രദീപും സുഹ്രുത്തുക്കളായിരുന്നു. നേരത്തെതന്നെ എന്നെക്കുറിച്ച് ജോസ് പ്രദീപിനോട് പറഞ്ഞിരുന്നു. പഴ്‌സണൽ മാനേജർ എന്ന പെരുമയോ ഇളയപ്പന്റെ ബലഗൗരവമോ ജോസ് കാണിച്ചില്ല. അന്നും ഇന്നും ഞങ്ങൾ നല്ല കൂട്ടുകാർ. ഇപ്പോൾ യു.എസിലെ ഹൂസ്റ്റണിൽ ഭാര്യയും മക്കളും കൊച്ചുമക്കളുമൊക്കെയായി സ്ഥിരതാമസം. പ്രദീപുമായി ഞാൻ മുറിയിലേക്ക് മടങ്ങി. എറണാകുളത്തെ വൈപ്പിൻ സ്വദേശിയാണ് ഇഷ്ടൻ. കമ്പനിയുടെ ചരിത്രവും ഭൂമിശാസ്ര്തവുമൊക്കെ പ്രദീപിൽ നിന്ന് അറിഞ്ഞപ്പോൾ സമീർ ഖാന്റെ ഉള്ളുരുക്കം എനിക്ക് മനസ്സിലായി.
സാധാരണ ചെറുകിട സ്ഥാപനമായി ആരംഭിച്ച അൽ യൂസർ കമ്പനി യു.എസ് കമ്പനിയായ ടൗൺസെൻഡ് ബോട്ടവുമായി സഹകരിച്ച് പെട്രൊകെമിക്കൽ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് മേഖലയിലെ ഒരു പ്രൊഫഷണൽ സ്ഥാപനമായി പരിണാമപ്പെടുകയാണ്. ആധുനിക ഘടനയും കോർപ്പറേറ്റ് നയങ്ങളും സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രധാന തസ്തികകളിൽനിന്ന് ‘ഹെഡ് മൂത്ത് എസ് ഐ' ആയവരെ നീക്കി പകരം യോഗ്യതയും പരിചയവുമുള്ളവരെ നിയമിക്കാൻ തുടങ്ങിയിട്ടുണ്ട്. അങ്ങിനെയുള്ള ഒരു പ്ലാനിന്റെ ഭാഗമായി സമീറിന്റെ പകരക്കാരനായി എത്തിയതാണൊ ഞാൻ എന്ന സംശയം സ്വാഭാവികമായും അദ്ദേഹത്തിനുണ്ട്. എനിക്കും ആ വിഷയത്തിൽ തിട്ടമൊന്നും ഉണ്ടായിരുന്നില്ല. ഹൗസിംഗ് ആൻഡ് സർവീസസ് വകുപ്പിന്റെ ഭാഗമായിരുന്നു തൊഴിലാളി ക്യാമ്പുകൾ. അതിന്റെ തലപ്പത്തുണ്ടായിരുന്ന ഫലസ്തീൻകാരനെ നീക്കി പകരം ബ്രിട്ടീഷ് ആർമിയിൽ നിന്ന് റിട്ടയർ ചെയ്ത മേജർ ബിൽ വിത്സൺ എന്നൊരാൾ വന്നുകഴിഞ്ഞിരുന്നു. സായിപ്പിന്റെ പട്ടാളച്ചിട്ടയും കമ്പ്യുട്ടർവത്ക്കരണവും ഇടയ്ക്കിടെയുള്ള മാനേജ്‌മെന്റ് മീറ്റിംഗുകളും മാസാവസാനം കർശനമായി സമർപ്പിക്കേണ്ട എഴുതി തയ്യാറാക്കിയ റിപ്പോർട്ടുമെല്ലാം 'ഓൾഡ് സ്‌കൂളിന്റെ നട്ടുകൾ' ഇളക്കി. മാനേജ്‌മെന്റ് തന്ത്രം മാറ്റുന്നതിലെ അസ്‌കിതകൾ. പലരുടെയും സുഖവാസ കസേരകൾ ഇളകിത്തുടങ്ങിയെന്ന് കിംവദന്തി പടർന്നു. ആദ്യ മീറ്റിംഗിൽ തന്നെ പോളിസി ആൻഡ് പ്രൊസീജിയർന്റെ ഡ്രാഫ്റ്റ് തയ്യാറാക്കാൻ എനിക്ക് നിർദ്ദേശം ലഭിച്ചു. മീറ്റിംഗ് കഴിഞ്ഞയുടെ ബിൽ വിത്സൻ എന്നോടായി പറഞ്ഞു: 'മീറ്റ് മി അറ്റ് ദ് ഓഫീസ്'.

ഒന്നുരണ്ട് ആഴ്ചകൾക്കുള്ളിൽ എനിക്കും സമീറിനും ഇടയിലെ മഞ്ഞുരുക്കാൻ എനിക്ക് കഴിഞ്ഞു. കമ്പനി വൻവികസനത്തിന്റെ പാതയിലാണ്. രണ്ടുപേർക്കും ഇടമുള്ളിടത്ത് മത്സരിക്കേണ്ട കാര്യമില്ലെന്ന് ഞാൻ തുറന്നുപറഞ്ഞു

മീറ്റിംഗ് കഴിഞ്ഞപ്പോൽ എനിക്ക് മനസ്സിലായി, ഞാൻ സമീറിനുള്ള പകരക്കാരൻ അല്ലെന്ന്. എങ്കിലും മേജർ തുറന്നുതന്നെ പറഞ്ഞു: ‘നിനക്ക് സമീർ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ മടിക്കരുത്. ഐ നോ ഹൗ റ്റു ഹാൻഡിൽ ഇറ്റ്.' ഒന്നുരണ്ട് ആഴ്ചകൾക്കുള്ളിൽ എനിക്കും സമീറിനും ഇടയിലെ മഞ്ഞുരുക്കാൻ എനിക്ക് കഴിഞ്ഞു. കമ്പനി വൻവികസനത്തിന്റെ പാതയിലാണ്. രണ്ടുപേർക്കും ഇടമുള്ളിടത്ത് മത്സരിക്കേണ്ട കാര്യമില്ലെന്ന് ഞാൻ തുറന്നുപറഞ്ഞു. സമീർ ക്രമേണ എന്റെ സുഹ്രുത്തും ജേഷ്ഠസഹോദരനുമായി. മെയിന്റനൻസ് സുപ്പർവൈസറായെത്തിയ ഫിലിപ്പൈൻസുകാരൻ റേ ലോറന്റോയും കാറ്ററിംഗിന്റെ തലവൻ ഹുസാമും ഫാമിലി ക്യാമ്പിന്റെ സുപർവൈസർ ഈസ്റ്റ് ഇന്ത്യാക്കാരനായ ഫ്രെഡി കുട്ടീനോയും തണ്ണീർമുക്കം കണ്ണങ്കര സ്വദേശിയായ ഇലട്രിക്കൽ സുപ്പർവൈസർ തോമസ് സജീവ് ജോൺസും ചേർന്ന് ഞങ്ങൾ നല്ലൊരു ടീമായി. അടുത്ത നാട്ടുകാരെന്ന നിലയിൽ എനിക്കും തോമസ് സജീവിനും ഇടയിൽ ചങ്ങാത്തം കൂടുതലായിരുന്നു. വൈകാതെ തൊഴിലാളികളുടെ എണ്ണം മൂവായിരം കടന്നു. പ്രദീപിന്റെ അകമഴിഞ്ഞ സഹായത്തോടെ ക്യാമ്പിന്റെ റിക്കോഡുകളും ബില്ലിംഗും പൂർണമായി കമ്പ്യുട്ടറൈസ് ചെയ്യാനായി.

തോമസ് സജീവ് ജോൺസും ഓമനയും

അതോടെ ബിൽ വിത്സൻ പിന്നിൽനിന്നും നീങ്ങി ഞങ്ങൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു. ഇംഗ്ലീഷ്, മലയാളം, അറബി, ഫിലിപ്പൈൻ ഭാഷയായ താഗലോഗ് തുടങ്ങിയ ഭാഷകളിലുള്ള പത്രങ്ങളും ആനുകാലികങ്ങളുമായി തൊഴിലാളികൾക്കായി ഒരു വായനാമുറി ഒരുക്കാനുള്ള എന്റെ നിർദേശം ബിൽ വിത്സൻ അംഗീകരിക്കുകയും അതിനായി ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ മൊബൈൽ ഫോണും ഇന്റർനെറ്റുമൊന്നും ഇല്ലാതിരുന്ന കാലമായിരുന്നതിനാൽ വായനാമുറി വലിയ ജനപ്രീതി നേടി. അതുവരെ കാരംസ്, ഡാർട്ട്, ബില്ലിയാഡ്‌സ് തുടങ്ങിയ ഇൻഡോർ കളികൾക്കുള്ള സൗകര്യങ്ങളേ അവിടെ ഉണ്ടായിരുന്നുള്ളു. ഇംഗ്ലീഷും, ഹിന്ദിയും അറബിയും സിനിമകൾ കാണിച്ചിരുന്നിടത്ത്മലയാളവും തമിഴും സിനിമകൾ കൂടി പ്രദർശിപ്പിക്കാനും എനിക്കായി. വീഡിയോ ഇറങ്ങിയ കാലമായിരുന്നു അത്. നാലായിരം തൊഴിലാളികളിൽ ആയിരത്തിലധികം പേർ മലയാളികളായിരുന്നു. ഒരു ഡോക്ടറും രണ്ട് നഴ്‌സുമാരുമായി ഒരു ക്ലിനിക്കും തുടക്കം മുതൽ ക്യാമ്പിൽ പ്രവർത്തിച്ചിരുന്നു. കമ്പനി വളരുകയായിരുന്നു. ഒരു പുതിയ ക്യാമ്പ് കൂടി കമ്പനി വാങ്ങി. പ്രമോഷനോടുകൂടി എനിക്ക് പുതിയ ക്യാമ്പിന്റെ സ്വതന്ത്ര ചുമതലയും ലഭിച്ചു.
ഭൂരിപക്ഷം തൊഴിലാളികൾ ഫിലിപ്പൈൻസ്‌കാരും മാനേജ്‌മെന്റിലെ പ്രമുഖർ അമേരിക്കക്കാരും ആയിരുന്നതിനാൽ ഫിലിപ്പീനോകൾക്ക് ലേശം മുൻഗണന കിട്ടിയിരുന്നു. തങ്ങളുടെ ഏക കോളനിയായിരുന്ന രാഷ്ട്രം എന്ന മമത അമേരിക്കക്കാർ അവർക്ക് നൽകിപ്പോന്നു. കമ്പനിച്ചെലവിൽ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് ആഘോഷമായി നടന്നിരുന്നു. അതൊരു ഫിലിപ്പിനോ ഉത്സവം ആയിരുന്നു.

ഇംഗ്ലീഷും, ഹിന്ദിയും അറബിയും സിനിമകൾ കാണിച്ചിരുന്നിടത്ത്മലയാളവും തമിഴും സിനിമകൾ കൂടി പ്രദർശിപ്പിക്കാനും എനിക്കായി. വീഡിയോ ഇറങ്ങിയ കാലം. നാലായിരം തൊഴിലാളികളിൽ ആയിരത്തിലധികം പേർ മലയാളികളായിരുന്നു

കോഴിക്കോടുകാരനായ ബെന്നി ഫിലിപ്പ് മാത്രമായിരുന്നു ആ ടൂർണമെന്റിലെ ഏക ഇന്ത്യൻ കളിക്കാരൻ. മുൻ കേരള ടീം അംഗമായിരുന്നെങ്കിലും വോളിബോളിനോടായിരുന്നു ബെന്നിക്ക് കൂടുതൽ താത്പര്യം. ജോസ് പേക്കാട്ടിൽ വഴി മാനേജ്‌മെന്റിനെ സ്വാധീനിച്ച് വാർഷിക മാമാങ്കത്തിൽ വോളിബോളും ക്രിക്കറ്റും കൂടി ഉൾപ്പെടുത്തിക്കാനായതോടെ അതൊരു ജനകീയോത്സവമായി. പെട്രൊകെമിക്കൽ കൺസ്ട്രക്ഷൻ, മെയിന്റനൻസ്, ഹൗസിംഗ് ആൻഡ് സർവീസസ് എന്നിങ്ങിനെ മൂന്ന് ഡിവിഷനുകളും അതിനുള്ളിൽ നിരവധി പ്രോജക്റ്റുകളും ഉണ്ടായിരുന്നു. ഇന്റർ പ്രൊജക്റ്റ് ടൂർണമെന്റുകൾ ആയതോടെ വീറും വാശിയും വർദ്ധിച്ചു. സമാപനത്തോടൊപ്പം പ്രത്യേക വിഭവങ്ങളുമായി ബുഫെ ഡിന്നറും തൊഴിലാളികൾ ഒരുക്കിയ ഗാനമേളയും കൂടിയായപ്പോൾ സംഭവം ഗംഭീരമായി.

ബെന്നി ഫിലിപ്പും കുടുംബവും

ഇതിനിടയിൽ നിർഭാഗ്യകരമായ ഒരു സംഭവവും ഉണ്ടായി. പരിശീലനത്തിന്റെ ഭാഗമായി കളിച്ചുകൊണ്ടിരിക്കെ തലശ്ശേരിക്കാരനായ അസൈനാർ എന്നൊരു മലയാളിക്ക് നെഞ്ചുവേദന ഉണ്ടായി. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അയാൾ അടുത്ത ദിവസം മരിച്ചു. മാനേജുമെന്റും തൊഴിലാളികളും ചേർന്ന് സാമാന്യം നല്ലൊരുതുക സമാഹരിച്ച് അസൈനാർക്കായി ഒരു തുണ്ട് ഭൂമി വാങ്ങി അതിൽ ചെറിയൊരു വീടുവച്ചുകൊടുത്തു. ബാക്കി തുക അസൈനാറുടെ കുടുംബത്തിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചതും സംതൃപ്തി തരുന്ന ഓർമയാണ്. ബെന്നി ഫിലിപ്പായിരുന്നു ഇതിനായി മുന്നിൽ നിന്നത്.
മറക്കാനാവാത്ത രസകരങ്ങളായ ഒട്ടേറെ അനുഭവങ്ങൾ. ഡിസംബർ മുതൽ മാർച്ച് വരെ തണുപ്പുകാലമായിരുന്നു. തണുപ്പ് മൂർദ്ധന്യത്തിലെത്തിയാൽ നട്ടുച്ചയ്ക്ക് പോലും കമ്പിളി ഉടുപ്പുകൾ വേണ്ടിയിരുന്ന മാസങ്ങൾ. രാവിലെ അഞ്ചരമണിക്ക് ആദ്യഷിഫ്റ്റുകാർക്ക് പോകണം. അതിനുമുൻപായി കുളിയും മറ്റ് കർമ്മങ്ങളും പൂർത്തിയാക്കണം. പൊതുഭക്ഷണശാലയിൽ പോയി ബ്രേക്ഫാസ്റ്റ് കഴിക്കണം. അതിനാൽ മിക്കവരും വളരെ നേരത്തേ ഉണരും. എന്റെ ഓഫീസ് എട്ടുമണിക്കാണ്. മെല്ലെ എഴുന്നേറ്റാൽ മതി. അങ്ങനെയൊരു ദിവസം കമ്പിളിക്കുള്ളിൽ സുഖമായി ഉറങ്ങുമ്പോൾ കാളിംഗ് ബെൽ ഒച്ചയിട്ടു. അലോസരപ്പെട്ട് വാതിൽ തുറന്നപ്പോൾ കമ്പിളിയിൽ പൊതിഞ്ഞ് ഒരാൾ. ലൈറ്റ് കത്തുന്നില്ല, എ.സിയുടെ ഹീറ്റിംഗ് കോയിൽ വർക്ക് ചെയ്യുന്നില്ല എന്നിങ്ങിനെ പരാതികളുമായി വെളുപ്പിന് ശല്യം ചെയ്യാനെത്തിയ ആരോ ആയിരിക്കുമെന്നാണ് കരുതിയത്. അയാളുടെ മുഖം വ്യക്തമായിരുന്നില്ല. ഒന്നുകൂടി അടുത്തുവന്ന് ആ രൂപം ഒച്ച താഴ്ത്തി പറഞ്ഞു: ‘സാറെ എന്റെ സുനാ കാണുന്നില്ല. അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കുകയാ. എന്റെ കല്യാണമാണ്'. ദയനീയമായിരുന്നു അയാളുടെ സ്വരം. ആദ്യം എനിക്കൊന്നും പിടികിട്ടിയില്ല. കല്യാണം, സുനാ എന്നീ പദങ്ങൾ ചേർത്തുവച്ചപ്പോൾ സംഗതി കത്തി. ചിലയിടങ്ങളിൽ ലിംഗത്തിന് സുനാ എന്നൊരു വിളിപ്പേരുണ്ട്. ചീറ്റിയ ചിരി ഞാൻ അടക്കി. 'എന്റത് ചെറുതാരുന്നു. അകത്തേക്ക് കേറിപ്പോയെന്ന തോന്നുന്നത്. ഡോക്ടറുടെ അടുത്ത് പോയാൽ ഫലമുണ്ടാകുമോ സാർ?'. സൂക്ഷിച്ച് നോക്കിയപ്പോൾ പേടിച്ചരണ്ട ആ ചെറുപ്പക്കാരനെ എനിക്ക് മനസ്സിലായി. കൊടിയ തണുപ്പാണ് വില്ലനെന്നും ഞാൻ ഊഹിച്ചു. ഒരു ക്യാമ്പ് സുപ്പർവൈസറുടെ ധർമസങ്കടങ്ങളോടെ ഞാൻ അയാളെ ചേർത്തുപിടിച്ചു. ‘വിഷമിക്കുകയൊന്നും വേണ്ട. കടുത്ത തണുപ്പിൽ ഇങ്ങിനെ സംഭവിക്കാറുണ്ട്. ചൂടുവെള്ളത്തിൽ കുളിക്ക്. അപ്പോ ശരിയാകും'.തലയും താഴ്ത്തി ആ യുവാവ് പോയി. എന്റെ ഉപദേശം അത്ര ബോദ്ധ്യമായിട്ടുണ്ടാവില്ല. ഏതായാലും വൈകുന്നേരം കണ്ടപ്പോൾ അയാളുടെ മുഖത്ത് ലജ്ഞ പടർന്നിരുന്നു. അടുത്തുവന്ന് അയാൾ എന്നോട് മാത്രമായി പറഞ്ഞു, 'സാർ പറഞ്ഞത് ശരിയായിരുന്നു'.
ഗൽഫിലെ മരുപ്പരപ്പിൽ ബാച്ചിലർമാർ വസിക്കുന്നയിടങ്ങളിൽ ക്യാമ്പ് ബോസായി ജോലിചെയ്യുന്നവർക്ക് ഇത്തരം വിചിത്രങ്ങളായ നിരവധി അനുഭവങ്ങളുണ്ടാകും. കുടുംബത്തിന്റെയും കൂട്ടുകാരുടെയും തുണയില്ലാതെ ഒറ്റയ്ക്ക് മിക്കപ്പോഴും ഏകാന്തതയിൽ ജീവിതത്തിന്റെ നാനാവിധ കുരുക്കുകളുമായി മല്ലടിക്കുന്നവരെ അലട്ടുന്ന പ്രശ്‌നങ്ങളിൽ ഉപദേശകനും സുഹൃത്തും അഭ്യുദയകാക്ഷിയുമെല്ലാം അയാൾ തന്നെ. പിടിവിട്ട് ചിത്തഭ്രമത്തിലേക്ക് വഴുതിപ്പോയവരുണ്ട്.

ഗൽഫിലെ മരുപ്പരപ്പിൽ ബാച്ചിലർമാർ വസിക്കുന്നയിടങ്ങളിൽ ക്യാമ്പ് ബോസായി ജോലിചെയ്യുന്നവർക്ക് ഇത്തരം വിചിത്രങ്ങളായ നിരവധി അനുഭവങ്ങളുണ്ടാകും

പ്രകൃതി ക്ഷോഭങ്ങളിൽ കുടുംബം ഒന്നടങ്കം നഷ്ടപ്പെട്ടവരുടെ വ്യസനക്കടലിൽ അവർക്കൊപ്പം ഇരിക്കേണ്ടി വരും. രണ്ടായിരത്തിലധികം തൊഴിലാളികൾ പർത്തിരുന്ന അവിടം നാട്ടിലെ ഒരു ഗ്രാമത്തിന് സമമായിരുന്നു. ജനനത്തിന്റെ മധുരവും മരണത്തിന്റെ വിലാപവും പൊതിയും. ജീവിതത്തിന്റെ സങ്കീർണ്ണതയും നിസ്സഹായതയും കുടുക്കിട്ടുപിടിച്ച ജന്മങ്ങൾ എവിടെയും ഉണ്ടാകുമല്ലോ. ചിലതൊക്കെ രസത്തോടെ ഓർത്തെടുക്കാം. മറ്റുചിലത്അത്ര സുഖകരമാവില്ല.
കുറച്ച് മാസങ്ങൾ ഞാനും പ്രദീപും ഒരുമിച്ച് താമസിച്ചു. രസകരമായിരുന്നു ആ ദിവസങ്ങൾ. കർശനമായ മദ്യനിരോധനം നിലവിലുള്ള രാജ്യമായിരുന്നു സൗദി അറേബ്യയെങ്കിലും വാറ്റുചാരായം നാട്ടിലേക്കാളും സുലഭമായിരുന്നു. ചാരായസേവയോട് ആസക്തിയുള്ളവർ ആയിരുന്നില്ല ഞാനും പ്രദീപും. അതിനാൽ മുറിയിൽ വൈൻ ഉണ്ടാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ക്രിസ്മസ്സിനും മറ്റ് ആഘോഷാവസരങ്ങളിലും വീട്ടിൽ അമ്മ വൈൻ ഉണ്ടാക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അതിപ്പോൾ ഉപകാരമായി. മെസ്സിൽ നിന്നും ചോറും കറികളും മുറിയിലെത്തിക്കാൻ ഞാൻ ഏർപ്പാട് ചെയ്തു. ബീഫ് വരട്ടിയതും മീൻ കറിയും എന്റെയും പ്രദീപിന്റെയും ഇഷ്ടവിഭവങ്ങളായിരുന്നു. അത് ഞങ്ങൾ മുറിയിൽത്തന്നെ പാചകം ചെയ്തു. വർഷങ്ങൾ നിരവധി കടന്നുപോയിട്ടും ഞാനും പ്രദീപും ഒരുമിക്കുമ്പോൾ ഇന്നും ആ ദിവസങ്ങൾ നോസ്റ്റാൾജിയയായി തിക്കിത്തിരക്കും.
സൗദി അറേബ്യയിലെ എന്റെ ആദ്യ ക്രിസ്മസ് ജോസ് പേക്കാട്ടിലിനും കുടുംബത്തിനും ഒപ്പമായിരുന്നു. സീനിയർ ഉദ്യോഗസ്ഥന്മാർക്കൊപ്പം ഫാമിലി ക്യാമ്പിലായിരുന്നു ജോസും കുടുംബവും പാർത്തിരുന്നത്. മൂന്ന് മക്കൾ ബെനീറ്റ, വനേസ, ബെന്നറ്റ്. ചുരുചുറുക്കുള്ള രണ്ട് പെൺകുട്ടികളും അവർക്കിളയ ആൺ കുട്ടിയും. വനേസ ധാരാളം വായിക്കുന്ന കൂട്ടത്തിലായിരുന്നു. ഇളയമ്മ മേരി കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വിഭവങ്ങൾ ഒരുക്കുന്നതിൽ നിപുണയും. ജോസ് ഒറിജിനൽ അമേരിക്കൻ വിസ്‌കിയും കരുതിയിരുന്നു. സുഹൃത്തുക്കൾ വേറെയും ഉണ്ടായിരുന്നു. രണ്ടാമത്തെ പെഗ്ഗ് ഒഴിക്കും മുൻപേ എനിക്ക് ക്യാമ്പ് സെക്രട്ടറിയുടെ അടിയന്തിര വിളി വന്നു.

ജോസ് പേക്കാട്ടിലും കുടുംബവും

മുത്തവ (മതകാര്യ പൊലീസ്) ക്യാമ്പിൽ പരിശോധനയ്ക്കായി എത്തിയിരിക്കുന്നു. ഉത്തരവാദപ്പെട്ടയാൾ ഉടനെ ഹാജരാകണം. പ്രശ്‌നം പരിഹരിച്ചാലുടൻ എത്തിക്കൊള്ളാമെന്നുപറഞ്ഞ് ഞാൻ പുറപ്പെട്ടു. ലിംബു കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആദ്യ പെഗ്ഗ് പൂർത്തിയാക്കാതിരുന്നതിനാൽ എനിക്ക് മദ്യവാസന ഇല്ലായിരുന്നു. എന്നാലും മൂന്നുനാല് ഏലയ്ക്ക ചവച്ചുകൊണ്ടാണ് ക്യാമ്പിലേക്ക് തിരിച്ചത്. ക്യാമ്പിനുമുന്നിൽ മുത്തവയുടെയും പോലീസിന്റെയും വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. നീലച്ചിത്രങ്ങൾ, ചാരായം എന്നിവ പിടിക്കാനായി ബാച്ചിലർ ക്യാമ്പുകളിൽ മതകാര്യ പൊലീസ് മിന്നൽ സന്ദർശനം നടത്താറുണ്ടെന്ന് പറഞ്ഞുകേട്ടിരുന്നു. അത്തരമൊരു പരിശോധനയാവുമെന്ന് ഞാൻ കരുതി. അതിനാൽ ആശങ്ക തോന്നിയിരുന്നില്ല. അവർ മെസ്സ് ഹാളിലാണെന്ന് സെക്യുരിറ്റി ഗാർഡ് എന്നെ അറിയിച്ചു. അവിടെ യുനിഫോം ധരിച്ച രണ്ട് പോലീസുകാരും നാലഞ്ച് മുത്തവാമാരും ഉണ്ടായിരുന്നു. ഞാൻ അടുത്തേക്ക് ചെന്ന് പരിചയപ്പെടുത്തി. ഹാളിൽ ഒട്ടിച്ചുവച്ചിരുന്ന മെറി ക്രിസ്മസ് പോസ്റ്ററുകൾ ചൂണ്ടി മുത്തവാമാരിൽ ഒരാൾ അറബിയിൽ എന്തോ ആക്രോശിച്ചു. അതവിടെ ഒട്ടിക്കാൻ ഫിലിപ്പിനോ യുവാക്കൾക്ക് അനുവാദം നൽകിയത് ഞാനായിരുന്നു. അതിൽ തെറ്റായി ഒന്നും കാണാതിരുന്നതുകൊണ്ടും ഭൂരിപക്ഷം ക്രിസ്മസ് ആഘോഷിക്കുന്നവർ ആയിരുന്നതിനാലുമാണ് അനുവാദം നൽകിയത്. ഈദ്, ബക്രീദ്, ക്രിസ്മസ്, ഓണം, ജനുവരി ഒന്ന് എന്നീ ആഘോഷദിവസങ്ങളിൽ വിശേഷഭക്ഷണം നൽകാൻ മാനേജ്‌മെന്റ് നിർദ്ദേശമുണ്ടായിരുന്നതിനാൽ ഹുസാം തകർപ്പൻ ഭക്ഷണമാണ് ഒരുക്കിയിരുന്നതും. എല്ലാംകൂടി മെസ്സിലാകെ ഒരു

തെല്ലുകഴിഞ്ഞ് യുവ മുത്തവ എന്റെയടുത്തേക്ക് വന്നു. ഒച്ച കുറച്ച് അയാൾ പറഞ്ഞു: ‘നീ കുടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. മറയ്ക്കാൻ ശ്രമിക്കേണ്ട. അല്ലെങ്കിൽ എന്തിനാണ് നീ ഏലക്ക ചവച്ചത്?'

ഉത്സവാന്തരീക്ഷം ആയിരുന്നു. അറബിയിലെ അക്രോശം എനിക്ക് മനസ്സിലായില്ലെന്ന് കണ്ട് കൂട്ടത്തിൽ യുവാവായ ഒരു മുത്തവ എനിക്ക് ഇംഗ്ലീഷിൽ വിശദപ്പെടുത്തി: ‘അമുസ്‌ലിംങ്ങളുടെ മതപരമായ ആഘോഷങ്ങൾ നിരോധിച്ചിട്ടുള്ളതാണ്. ഇവിടമെല്ലാം അലങ്കരിച്ചിരിക്കുന്നു, ഉത്സവഭക്ഷണവും വിളമ്പുന്നു. ഈ നിയമലംഘനങ്ങളെല്ലാം നിങ്ങളുടെ ഏർപ്പാടാണ്. ഇത് ശിക്ഷ അർഹിക്കുന്ന കുറ്റമാണ്. നിങ്ങളെ അറസ്റ്റ് ചെയ്യണം'. സംഗതി കുഴയുകയാണെന്ന് എനിക്ക് മനസ്സിലായി. ഇംഗ്ലീഷ് സംസാരിക്കുന്ന ആ യുവ മുത്തവ മാത്രമായിരുന്നു അപ്പോൾ എന്റെ ആശ്രയം. താഴ്മയോടെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: 'ഞാൻ സൗദി അറേബ്യയിൽ പുതിയതാണ്. ഇതൊന്നും കുറ്റകരമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പോസ്റ്ററുകളെല്ലാം ഉടനെ നീക്കം ചെയ്യാം. മേലിൽ ആവർത്തിക്കില്ല'. യുവാവ് സീനിയർ മുത്തവയോട് എന്തൊക്കെയോ പറഞ്ഞു. അവർക്കിടയിൽ എന്തോ തർക്കമുണ്ടാകുന്നതായും സീനിയർ കൂടുതൽ കോപിഷ്ഠനാകുന്നതായും എനിക്ക് തോന്നി. ഞാൻ സകല ദൈവങ്ങളെയും വിളിച്ചു. ആരുടെ കാരുണ്യത്താലാണൊ ഒടുവിൽ സീനിയർ ശാന്തനായി. 'നീ ഒരു അഫിഡവിറ്റ് സൈൻ ചെയ്യണം. ഇപ്പോഴത്തേക്ക് നിന്നെ വിടും. ആവർത്തിച്ചാൽ ശിക്ഷ കടുപ്പമായിരിക്കും'. യുവ മതകാര്യപൊലീസുകാരൻ സൗമ്യമായി എന്നോട് പറഞ്ഞു. ഞാൻ എന്തിനും തയ്യാറായിരുന്നു. സീനിയർ അഫിഡവിറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കെ സൗദി നിയമങ്ങൾ കർശനമായി പാലിക്കാൻ വിദേശികൾ ബാദ്ധ്യസ്ഥരാണെന്നത് യുവമുത്തവ എനിക്ക് പിന്നെയും വിശദമാക്കിത്തന്നു. അഫിഡവിറ്റുമായി എന്റെ പക്കലേക്ക് വന്ന സീനിയർ സെക്കണ്ടുകൾക്കുള്ളിൽ പിന്നെയും അലറി: 'യു ഡ്രങ്ക്, യു ഡ്രങ്ക്, ഐ സ്‌മെൽ'. അയാൾ എന്നെ അപ്പോൾ തല്ലുമെന്ന് തോന്നി. നോ നോ എന്ന് ഞാനും ഒച്ചയിട്ടു. പൊലീസുകാർ ഞങ്ങളുടെ അരുകിലേക്ക് നടന്നടുത്തു. അറബി ജയിലിൽ ഖുബ്ബൂസ് തിന്നാനാവും എന്റെ തലയിലെഴുത്തെന്ന് ഞാൻ ഉറപ്പിച്ചു. യുവ മുത്തവ സീനിയറുമായി അകലെയ്ക്ക് നീങ്ങി. യൂണിഫാമിട്ട പൊലീസുകാർ ഭീഷണമായി അടുത്തേക്ക് വന്നു. ക്ലോക്കിലെ സെക്കന്റ് സൂചി പോലെ എന്റെ ചങ്കിടിക്കുന്നത് ഞാൻ കേട്ടു. എന്റെ സ്വാതന്ത്ര്യം തുലാസിലാടുന്നത് കണ്ടിട്ടും ഫ്രഷ് മട്ടൺ ബിരിയാണിയും പൊരിച്ച ചിക്കൻ തുടകളും ഇടംവലം നോക്കാതെ വെട്ടിവിഴുങ്ങുന്ന ചില സുഹൃത്തുക്കളെ ഞാൻ അന്നേരം കണ്ടു. എന്നെ വെട്ടിത്തുണ്ടമാക്കി മസാല പുരട്ടി പൊരിച്ചുകൊടുത്താലും ആ കശ്മലന്മാർ തിന്നുമെന്ന് തോന്നി.
തെല്ലുകഴിഞ്ഞ് യുവ മുത്തവ എന്റെയടുത്തേക്ക് വന്നു. ഒച്ച കുറച്ച് അയാൾ പറഞ്ഞു: ‘നീ കുടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. മറയ്ക്കാൻ ശ്രമിക്കേണ്ട. അല്ലെങ്കിൽ എന്തിനാണ് നീ ഏലക്ക ചവച്ചത്?'. ഞാൻ സമ്മതിച്ചില്ല. ‘ഇല്ല സാർ. അത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഞാൻ വടക്കെയിന്ത്യയിൽ പഠിച്ചയാളാണ്. ഡിന്നർ കഴിഞ്ഞാൽ സ്‌പൈസസ് ചവയ്ക്കുക അവിടെ നിന്നും കിട്ടിയ ശീലമാണ്'. ആ സൗമ്യനായ ദേവദൂതൻ വല്ലാത്തൊരു ചിരി ചിരിച്ചു. ‘ഫോർ ദ് ടൈം ബിയിംഗ് ഐ ഡിസൈഡ് റ്റു ട്രസ്റ്റ് യു'. അപ്പോൾ ഞാൻ ശരിക്കും വാനദൂതരുടെ സംഗീതം ആകാശമട്ടുപ്പാവിൽ നിന്നും കേട്ടു. ഇനി ജീവിതത്തിലൊരിക്കലും ക്രിസ്മസ് ആഘോഷിക്കില്ലെന്ന് ഞാൻ ധൈര്യമായി ഒപ്പിട്ടുകൊടുത്തു.

മൂന്നാം ഭാഗം : ഗൾഫിൽ ജോലി ചെയ്തിരുന്ന ഒരു ടി.വി. കൊച്ചുബാവ

നാലാം ഭാഗം : സദ്ദാം ഹുസൈനും രാജീവ് ഗാന്ധിയും ചാക്കോ സാറും

Comments