ജോര്‍ദാന്‍, ഫലസ്തീന്‍, ലിബിയ...
ചില അനുഭവങ്ങൾ
ജോര്‍ദാന്‍, ഫലസ്തീന്‍, ലിബിയ...ചില അനുഭവങ്ങൾ
സൗദി അറേബ്യയില്‍ എങ്ങിനെ ജീവിക്കാനാവുന്നു! ഇത്രയും സ്വാതന്ത്ര്യമില്ലാത്ത ഒരു നാട്ടില്‍ മനുഷ്യര്‍ക്ക് കഴിയാനാവുമോ? നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ അങ്ങോട്ടുപോകാന്‍? ഇങ്ങിനെ ഒത്തിരിചോദ്യങ്ങളെ നേരിട്ടാണ് ഞാന്‍ സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. അല്‍പം ആശങ്കയൊക്കെ മനസ്സിലുണ്ടായിരുന്നെന്നതും നേര്- ഗള്‍ഫ് ഓര്‍മയെഴുത്തിന്റെ ആറാം ഭാഗം
25 Aug 2020, 04:52 PM
സ്വാതന്ത്ര്യമെന്നത് കൂറ്റന്‍ മഞ്ഞുമലയെപ്പോലെയാണ്. മുകളില്‍ കാണാനാവുന്നത് ചെറിയൊരുഭാഗം, വളരെ ചെറിയ ഒരംശം. മനുഷ്യര്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതും സ്വതന്ത്രരാകുന്നതും കൂടുതലും ആന്തരികതയിലാണ്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്കും മതയാഥാസ്ഥിതികതയ്ക്കും അടിമകളായവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഉള്ളിലെ ഇരുട്ടിനെ മറച്ചുപിടിക്കാനാണ്. സത്യത്തില്‍ അതിന്റെ തനിമ അതിനെ നേരിടുന്നവര്‍ക്കേ വെളിപ്പെടൂ. മറ്റുള്ളവരുടേത് കേട്ടുകേള്‍വിയും കെട്ടുകഥകളുമാണ്.
സൗദി അറേബ്യയില്‍ എങ്ങനെ ജീവിക്കാനാവുന്നു! ഇത്രയും സ്വാതന്ത്ര്യമില്ലാത്ത ഒരു നാട്ടില്‍ മനുഷ്യര്‍ക്ക് കഴിയാനാവുമോ? നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ അങ്ങോട്ടുപോകാന്‍? ഇങ്ങനെ ഒത്തിരി ചോദ്യങ്ങൾ നേരിട്ടാണ് ഞാന്‍ സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. അല്‍പം ആശങ്ക മനസ്സിലുണ്ടായിരുന്നെന്നതും നേര്.
എന്നിട്ടും ഈ രാജ്യം എന്റെ അനുഭവത്തിലേക്ക് കടന്നുനിന്നത് പുതുവായുവിന്റെ ഹര്‍ഷാരവങ്ങളോടെ ആയിരുന്നു. ദുബായിലെ അന്നത്തെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെല്ലാം കമ്പാര്‍ട്ടുമെന്റലൈസ്ഡ് ആയിരുന്നു. ഒരു കൂട്ടം ആളുകള്‍ നാലുപാടും മതിലുകള്‍ തീര്‍ത്ത് കൂടിക്കലരുന്നു. നമ്മള്‍ എന്നായിരുന്നില്ല മറിച്ച് ഞങ്ങള്‍ എന്നായിരുന്നു അവിടെ നിലപാടുതറ. ദേശക്കൂട്ടങ്ങള്‍, കക്ഷിരാഷ്ട്രീയക്കൂട്ടങ്ങള്‍, മത-ജാതി കൂട്ടങ്ങള്‍, യാതൊരുവിധ ഇന്ത്യത്വവും ഇല്ലാത്ത ഇന്ത്യന്‍ അസോസിയേഷനുകള്‍ ഇതൊക്കെയായിരുന്നു നാട്ടുനടപ്പ്. ഇവകളില്‍പ്പോലും കമ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ നിന്ന് കാണുമ്പോള്‍ സൗദി തുറവിയുടെ ഇടമായിരുന്നു. ഗള്‍ഫ് മേഖലയിലെ മറ്റെല്ലായിടങ്ങളിലെയും പോലെ ഇവിടെയും സ്വദേശികളും പരദേശികളും രണ്ട് വ്യതിരിക്തസമൂഹങ്ങളായിരുന്നു. കൊടുക്കൽ വാങ്ങലുകള്‍ അത്യപൂര്‍വം. പരസ്പരം ഇടപെടുന്നുമില്ല, ഇടങ്കോലിടുന്നുമില്ല. അപൂര്‍വം ചില അടുത്ത സൗദി മിത്രങ്ങളുടെ വീടുകളില്‍ പോയിട്ടുണ്ട്. പുരുഷന്മാരല്ലാതെ സ്ത്രീകളാരും നമ്മുടെ മുന്നിലേക്ക് വരുന്നില്ല. അത്യപൂര്‍വമായി വയോധികയായ അമ്മയെ നമ്മള്‍ പരിചയപ്പെട്ടേക്കാം. ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള അറബികള്‍ ഈ കാര്യത്തില്‍ ഭിന്നരായിരുന്നു. അവര്‍ കുടുബമായി ഇടപഴകിയിരുന്നു.
ജോര്‍ദാന്‍കാരും ഫലസ്തീന്‍കാരും
മുസ്‌ലിംകളും ക്രൈസ്തവരും ഇടകലര്‍ന്ന് കഴിയുന്ന ജോര്‍ദാന്‍ സമൂഹം വളരെ ലിബറലായിരുന്നു. ഫലസ്തീന്‍കാരും ഇപ്രകാരമായിരുന്നെങ്കിലും അവര്‍ ഇത്ര ലിബറലായിരുന്നില്ല. ഇവര്‍ക്കിടയില്‍ ഇതേച്ചൊല്ലി ചില ഏറ്റുമുട്ടലും ഉണ്ടാകുമായിരുന്നു. രസകരമായ ഒരു ഓര്‍മ: ഇസാത് ഞങ്ങളുടെ കമ്പനിയില്‍ മാനേജരായിരുന്നു. മുന്‍ശുണ്ഠി അല്‍പം കൂടുതലായിരുന്നെങ്കിലും രസികന്‍. ആയിടെ മാനേജര്‍ തസ്തികയില്‍ ചേര്‍ന്ന സുലൈമാന്‍ എന്ന ഫലസ്തീനി വംശജനായ ജോര്‍ദാന്‍ പൗരന്‍ തികഞ്ഞ മതയാഥാസ്ഥിതികനും. ഇവര്‍ സീനിയര്‍ ക്യാമ്പില്‍ അടുത്തടുത്ത വീടുകളിലാണ് പാര്‍ത്തിരുന്നത്. ഇരുവര്‍ക്കും വീടിനുമുന്നില്‍ പൂന്തോട്ടവും ഉണ്ടായിരുന്നു. തോട്ടം നനയ്ക്കുന്നത് ഒരേസമയത്തായാലും അത് സമാധാനപരമായി സമാപിച്ചിരുന്നു. അപ്പോളാണ് റമദാന്‍ നോമ്പാചരണം വന്നത്. കടുത്ത വേനല്‍. ക്രൈസ്തവനായതിനാല്‍ ഇസാത്തിന് ഇതൊന്നും വിഷയമേ ആയിരുന്നില്ല. സുലൈമാന്‍ അതോടെ കടുത്ത ഭക്തിയിലേക്ക് ഊര്‍ന്നിറങ്ങി. സകലം ഭക്തിമയം. ജലപാനം പോലുമില്ലാതെ, ഉമിനീരിറക്കാതെ ഇഷ്ടപുകവലി വെടിഞ്ഞ് അയാള്‍ കൊടുംചൂടുള്ള പകലില്‍ വ്യാപരിച്ചു. അന്ന് രാവിലെ നനയ്ക്കാനെത്തിയപ്പോള്‍ പുന്നാരം പറഞ്ഞ് ഭാര്യയും സുലൈമാനൊപ്പമുണ്ടായിരുന്നു. നോമ്പുമാസത്തില്‍ പരമ്പരാഗത വസ്ത്രമായ നെടുങ്കന്‍ അറബിക്കുപ്പായമായിരുന്നു സുലൈമാന്റെ വേഷം. വൈകാതെ ഇസാത്തും ഉദ്യാനപരിപാലനത്തിനെത്തി. കൊടിയ ചൂട് പരിഗണിച്ച് അയാളുടെ വേഷം പരമാവധി ചുരുങ്ങിയ ഒരു നിക്കര്‍ മാത്രമായിരുന്നു. അത് അശ്ലീലവും അനാദരവുമായി സുലൈമാന് തോന്നി. അയാളത് തുറന്നുപറഞ്ഞു. കുറച്ചുകൂടി ശരീരം മറക്കുന്ന ഒരു വസ്ത്രം നോമ്പുമാസത്തില്‍ ധരിക്കണമെന്ന് സുലൈമാന്‍ ഇസാത്തിനോട് പറഞ്ഞു. ഈ വസ്ത്രത്തിനെന്താണ് കുറവെന്നായി ഇസാത്ത്. കൊടുംചൂടില്‍ വീട്ടുമുറ്റത്ത് ഇത് മാന്യന്മാരുടെ മാന്യമായ വസ്ത്രമാണെന്ന് ശബ്ദമുയര്‍ത്തി അയാള്‍ വാദിച്ചു. വാഗ്വാദം ബഹളമയമായി മുറുകി. കലികയറിയ ഇസാത്ത് അതോടെ നിക്കറും താഴേക്കിറക്കി; ‘ഈ വസ്ത്രം നിനക്ക് മതിയാകുമോ?' എന്നലറി. അതോടെ സുലൈമാന് ഭ്രാന്ത് പിടിച്ചു. അവര്‍ കൈയ്യാംകളിയിലെത്തി. അടുത്തുള്ള വീടുകളില്‍ നിന്ന് താമസക്കാര്‍ പുറത്തിറങ്ങി ഫ്രീസ്‌റ്റൈല്‍ ഗുസ്തി പുലര്‍കാലസദ്യയായി ആസ്വദിച്ചു. ഇരുവരുടെയും നല്ലപാതികളും വഴക്ക് ഏറ്റുപിടിച്ചു. ഒടുവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെത്തിയാണ് അവരെ വേര്‍പ്പെടുത്തിയത്. വൈകാതെ അവരൊലൊരാളുടെ പാര്‍പ്പിടം കോമ്പൗണ്ടിന്റെ മറ്റൊരു മൂലയിലേക്ക് മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചു.
ഇന്ത്യക്കാരും സൗദികളും
ഇന്ത്യക്കാര്‍ക്കും സൗദികള്‍ക്കുമിടയിലെ സാമൂഹിക വേര്‍തിരിവിന് ധനാത്മകമായ വശവും ഉണ്ടായിരുന്നു. സമൂഹികജീവിതവും ജീവിതസമീപനങ്ങളും ഭിന്നരായിരുന്നവര്‍ പരസ്പരം ഇടപെടാതെ, അതിക്രമിച്ചുകയറാതെ ജീവിക്കാന്‍ ശീലിച്ചു. മതസ്പര്‍ദ്ധ ഇന്ന് ഇന്ത്യയില്‍ കാണപ്പെടുന്നത്ര പോലും അവിടെ ഇല്ലായിരുന്നു. ജീവിതത്തെ അവര്‍ പൊതുവിടങ്ങളിലേക്ക് കൊണ്ടുവന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വഴി; ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി എന്നതായിരുന്നു സൗദികളുടെ പൊതുസമീപനം. ആദ്യ ക്രിസ്മസിന് ഞാന്‍ നേരിട്ട അസുഖകരമായ അനുഭവത്തിനുപിന്നില്‍ മതമൗലികവാദികളായ ചില ഹൈദരാബാദുകാരായിരുന്നെന്ന് പിന്നീടറിഞ്ഞു. അവര്‍ പരാതിയുമായി മതകാര്യപ്പൊലീസിനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. അവരില്‍ച്ചിലര്‍ പിന്നീട് എന്റെ സുഹൃത്തുക്കളായി സമീപനങ്ങളില്‍ മാറ്റമുള്ളവരാവുകയും ചെയ്തു.
സൗദികളുടെ ഈ താല്‍പര്യരാഹിത്യമാണ് ഓണവും വിഷുവും ദീപാവലിയും ക്രിസ്മസുമെല്ലാം പരമ്പരാഗത രീതിയില്‍ത്തന്നെ സൗദിയില്‍ ആഘോഷിക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗകര്യമൊരുക്കിയത്. എല്ലാ ആഘോഷങ്ങളെയും എല്ലാവരും പിന്തുണച്ചു. സാമ്പത്തികസഹായവും നല്‍കി. മിക്ക സംഘടനകളും ഓണവും ക്രിസ്മസും ഈദ്‌പെരുന്നാളും ആഘോഷിക്കുന്നവരായിരുന്നു. ഇതില്‍ മതഭേദം തരിമ്പും ഇല്ലായിരുന്നു. പ്രാര്‍ത്ഥനാസംഘങ്ങളും സജീവമായിരുന്നു. നായര്‍ക്കും ഈഴവര്‍ക്കും വേറിട്ട സംഘടനകളായി. ക്രൈസ്തവര്‍ക്കിടയിലെ സകലമാന ഗ്രൂപ്പുകള്‍ക്കും പ്രത്യേക പ്രാര്‍ത്ഥനാസംഘങ്ങളുണ്ടായി. ഇതോടൊപ്പമാണ് കക്ഷിരാഷ്ട്രീയക്കാരുടെ ഒത്തൊരുമകള്‍ പുഷ്ടി പ്രാപിച്ചത്. സാഹിത്യപ്രണയികള്‍ ചുമ്മാതിരിക്കുമോ? പട്ടണങ്ങള്‍തോറും അവരും സുസംഘടിതരായി.

പെരുമ്പടവം മുതല്‍ കേണല്‍ മുകുന്ദന്‍ മേനോന്‍ വരെ
ആയിടെയാണ് കുവൈത്തിലെ ‘കല’ എന്ന സംഘടന ഗള്‍ഫ് രാജ്യങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് കഥാമത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് കാഷ് അവാര്‍ഡിനൊപ്പം അവിടെച്ചെന്ന് അവാര്‍ഡ് വാങ്ങിപ്പോരാൻ വിമാനടിക്കറ്റും താമസസൗകര്യവും വാഗ്ദാനം ചെയ്തു. നാട്ടിലായിരുന്നപ്പോള്‍ രണ്ടാംനിര ആനുകാലികങ്ങളില്‍ ഇടയ്ക്ക് കഥ എഴുതിയിരുന്നെങ്കിലും ഗള്‍ഫില്‍ എത്തിയശേഷം എഴുത്തിന് സുല്ലിട്ടമട്ടായിരുന്നു. സൗദി അറേബ്യ കൂടുതല്‍ ഒഴിവുനേരവും എഴുത്തിനെ പോഷിപ്പിക്കുന്ന സ്വകാര്യതയും നല്‍കി. വായനയും കൂടിവന്നു. നീണ്ട ഇടവേളയ്ക്കുശേഷം ഒരു കഥ എഴുതി കുവൈത്തിലേക്കയച്ചു. റിസള്‍ട്ട് വന്നപ്പോള്‍ എമിരേറ്റില്‍ നിന്നുള്ള മഹ്‌റൂഫും ഞാനും സമ്മാനിതരായി. വലിയ കഴമ്പൊന്നുമില്ലാത്ത സമ്മാനമായിരുന്നു അതെങ്കിലും അതിനായി കുവൈത്തിലേക്ക് പോയതും പെരുമ്പടവം ശ്രീധരനില്‍ നിന്ന് സമ്മാനം സ്വീകരിച്ചതും രണ്ടുദിവസം പൂര്‍ണമായി സാഹിത്യത്തില്‍ മുഴുകി പെരുമ്പടത്തിനും ‘കല’യിലെ സാഹിത്യതല്‍പ്പരര്‍ക്കൊപ്പം കഴിഞ്ഞതും എന്നിലെ സാഹിത്യപ്രണയിയെ കുറച്ചൊന്നുമല്ല ഉണര്‍ത്തിയത്. പെരുമ്പടവം ശ്രീധരനുമായി അന്ന് തുടങ്ങിയ സൗഹൃദം ഇന്നും അടുപ്പത്തോടെ തുടരുന്നു. ഇപ്പോള്‍ ആസ്ത്രേലിയയിലുള്ള റോയി നെറ്റോയും അന്നത്തെ ‘കല’യുടെ സംഘാടകരില്‍ ഒരാളായിരുന്നു. അതും നല്ല സൗഹൃദമായി തുടരുന്നു.
എഴുത്തിലേക്ക് കാര്യമായി ഇറങ്ങിനിന്നുവെങ്കിലും ഒരപര്യാപ്തതയെ വേണ്ടവിധം അപ്പോള്‍ എനിക്ക് പരിഗണിക്കാനായില്ല: എഴുത്തിന്റെ സമകാലികതയുമായി ഞാന്‍ അകലത്തിലായിരുന്നു. ലോകത്തിലും അതുവഴി മലയാളത്തിലും കഥ എവിടെയാണ് നില്‍ക്കുന്നതെന്ന് ഞാന്‍ തേടിയില്ല.
മനോഹരമായ മലയാളത്തില്‍ അതിമനോഹരമായി പ്രസംഗിക്കുന്ന ഷംസുദ്ദീന്‍ കായിപ്പുറവും ഞാനും ജുബൈല്‍ പട്ടണത്തില്‍ ജോലിചെയ്യുന്നവരായിരുന്നു. നാനാവിധ അളവുകളിലുള്ള പലവിധ ലോഹക്കൂട്ടുകളില്‍ തീര്‍ത്ത നട്ടും ബോള്‍ട്ടും വില്‍ക്കുന്ന കടയുടെ മാനേജരായിരുന്നു ഷംസുദ്ദീന്‍. ജോലികഴിഞ്ഞ് നേരെ ഷംസുവിന്റെ കടയിലെത്തും. രണ്ടുപേരും കൂടി തൊട്ടരുകില്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയം പോലെ ഏകതൊഴിലാളി ചായക്കടയില്‍ പോകും. അവിടത്തെ ഉണ്ടമ്പൊരിയും നെയ്യപ്പവും പഴം പൊരിച്ചതുമെല്ലാം പ്രസിദ്ധമായിരുന്നു. ചായയും ഏതെങ്കിലുമൊരു പൊരിപ്പലഹാരവും ഞങ്ങള്‍ സാഹിത്യത്തോടൊപ്പം ദിനവും ആഹരിച്ചു. അപ്പോഴാണ് ഞങ്ങളെത്തുന്ന അതേസമയം അവിടെത്തുന്ന മറ്റൊരാളെ ശ്രദ്ധിച്ചത്. നല്ല ഉയരവും ദൃഢശരീരവും. പിരിച്ച് കൂര്‍പ്പിച്ച മീശ. ഒരു സൈനികന്റെ കെട്ടും മട്ടും.

മാറ്റമില്ലാതെ നെയ്യപ്പവും ചായയുമാണ് സേവ. അദ്ദേഹത്തിന്റെ വിചിത്രമായ ഒരു ദിനസരിയാണ് ഞങ്ങളെ ആകര്‍ഷിച്ചത്. നെയ്യപ്പം വാങ്ങിയാലുടന്‍ അത് ഞെക്കിപ്പിഴിഞ്ഞ് എണ്ണ പുറത്തുകൊണ്ടുവരും. ഇയാള്‍ വല്ല എണ്ണ കുഴിപ്പന്‍ ജോലിയിലുമായിരിക്കുമെന്ന് ഷംസ് തമാശിച്ചു. എണ്ണ ഖനനത്തിന്റെ രണ്ടാംഘട്ടത്തില്‍ അത് ഒരു താളത്തില്‍ മീശയില്‍ പുരട്ടി അതിന്റെ അഗ്രങ്ങളെ കൂര്‍പ്പിക്കുന്നത് കാണേണ്ടകാഴ്ചയായിരുന്നു. അതിനുശേഷമായിരുന്നു തീറ്റയും കുടിയും. ഒരാളോടും മിണ്ടില്ല, മന്ദഹസിക്കുകപോലുമില്ല. ഒരു ദിവസം ഞങ്ങള്‍ കക്ഷിയുടെ പുറകേ വച്ചുപിടിച്ചു. ഒപ്പമെത്തി ചോദിച്ചു, ‘മലയാളിയാണോ?'.
‘ആണെങ്കില്‍?' എന്നൊരു മറുചോദ്യമായിരുന്നു ഉത്തരം.
ഞങ്ങള്‍ അതിവിനയം ഭാവിച്ചപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ചു. അത് ഒരൊന്നൊന്നര ചിരിയായിരുന്നു.അദ്ദേഹം പാലക്കാടുകാരനായ റിട്ടയേഡ് കേണല്‍ മുകുന്ദന്‍ മേനോന്‍. ജുബൈലില്‍ സ്വന്തമായി ചെറിയൊരു ബിസിനസ് നടത്തുന്നു. സംഭവകഥകളുടെ പൂരപ്പറമ്പായിരുന്നു കേണല്‍. ബോംബെയിലെ അധോലോകത്തെ വാടകക്കൊലയാളിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മുങ്ങിപ്പൊങ്ങിയിരിക്കുകയാണ് സൗദി അറേബ്യയില്‍. ബോംബെയില്‍ ഈസ്റ്റ്-വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഹ്യുമന്‍ റിസോഴ്‌സ് മാനേജരായിരുന്നു. അതിന്റെ ഉടമ തിരുവനന്തപുരം സ്വദേശിയായ തക്കിയുദ്ദീന്‍ വാഹിദിനെ ഛോട്ടാ രാജന്‍ എന്ന അധോലോക നേതാവ് നിയോഗിച്ച കിങ്കരന്മാര്‍ വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നു. ഏതൊരു ത്രില്ലര്‍ നോവലിനെയും വെല്ലുന്ന ഉദ്വേഗം തിരതല്ലുന്ന സംഭവങ്ങളുടെ തുടര്‍ച്ചകള്‍ കേട്ട് ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തരിച്ചിരുന്നുപോയി. അവയുടെ സവിശേഷ സ്വകാര്യസ്വഭാവം കാരണം അവ ഗുപ്തമായിത്തന്നെ ഇരുന്നോട്ടെ.
സൗദിയിലെ കോണ്‍ഗ്രസ് പോര്
ആ അവസരത്തിലാണ് സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ കോണ്‍ഗ്രസ് സംഘടനകള്‍ ചേര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ ജൂബിലി ആഘോഷിച്ചത്. കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളില്‍ നിന്നും പ്രതിനിധികള്‍ പ്രാസംഗികരായി ഉണ്ടായിരുന്നു. എന്നെയവര്‍ മുഖ്യപ്രഭാഷകനായി ക്ഷണിച്ചു. ദമാമില്‍ നടന്ന ആ സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഓവര്‍സീസ് സംഘടനകളുടെ ഔദ്യോഗിക കോഓര്‍ഡിനേറ്ററായ, എഴുത്തുകാരന്‍ കൂടിയായ മന്‍സൂര്‍ പള്ളൂര്‍. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കോണ്‍ഗ്രസിനോടൊപ്പമാണ് ഇന്ത്യക്കാരില്‍ ഭൂരിപക്ഷമെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ഗ്ഗീയതയെ വേണ്ടവിധം ശത്രുവായി പരിഗണിക്കുന്നില്ലെന്നും അതിനാലാണ് മുസ്‌ലിംലീഗും കേരളാ കോണ്‍ഗ്രസും ഒപ്പമുള്ളതെന്നും ഇത് തുടരുന്നത് കോണ്‍ഗ്രസിന്റെ അപചയത്തിനും തകര്‍ച്ചയ്ക്കും കാരണമാകും എന്നതിനാണ് ഞാന്‍ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്. തുടര്‍ന്ന് പ്രസംഗിച്ചവരില്‍ മിക്കവരും എന്നെ നിശിതമായി വിമര്‍ശിച്ചു.

ലീഗിന്റെയും കേരളാകോണ്‍ഗ്രസിന്റെയും പ്രതിനിധികള്‍ ശത്രുവായി പ്രഖ്യാപിച്ചത് എന്നെ ആഹ്ലാദിപ്പിച്ചു. അവരുടെ എല്ലാവിധ സാംസ്‌കാരിക പരിപാടികളില്‍നിന്നും ഞാന്‍ അകറ്റിനിര്‍ത്തപ്പെട്ടു. അത് ഒരു കുടിപ്പകയായി അവരിപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. (ലീഗിനോട് അടുപ്പം പുലര്‍ത്തുന്ന ചിലരും രൂപീകരിച്ച ഒരു സൗദി മലയാള സമാജം അടുത്തകാലത്ത് മലയാളകഥയുടെ ജൂബിലി ആഘോഷിക്കാന്‍ ദമാമില്‍ ഒരു സമ്മേളനം നടത്തി. മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളില്‍ പതിവായി എഴുതുന്ന സൗദിയില്‍ നിന്നുമുള്ള ഏകവ്യക്തിയായിട്ടുപോലും കഥയുടെ ജൂബിലിക്ക് ഞാന്‍ ക്ഷണിക്കപ്പെട്ടില്ല എന്നത് എനിക്ക് രസകരമായി തോന്നി.) ഏതായാലും കോണ്‍ഗ്രസിന്റെ ദമാം സമ്മേളനം എനിക്ക് നിരവധി നല്ല മിത്രങ്ങളെ കൊണ്ടുവന്നു. ഷംസുദ്ദീന്‍ കായിപ്പുറം, സലിം പള്ളിവിള, ശ്രീനിവാസ് അമരമ്പലം, സി.വി.ജോസ്, പ്രദീപ് കൊട്ടിയം, കവി ശിവപ്രസാദ്, ശിവന്‍ മേനോന്‍, നിസാര്‍ കാത്തുങ്ങല്‍, സാലു പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുപരിയായി വായനയെയും എഴുത്തിനെയും സമീപിക്കുന്ന കുറേ സാഹിത്യപ്രണയികള്‍. ആ സംഘം വളര്‍ന്നാണ് പള്ളിക്കൂടം സാസ്‌കാരികവേദി രൂപപ്പെട്ടത്. കോണ്‍ഗ്രസിലെയും ഇടത് പാര്‍ട്ടികളിലെയും ഒപ്പം കക്ഷിരഹിതരിലെയും സാഹിത്യാസ്വാദകരെ ഓരേസമയം സാഹിത്യത്തിന്റെ തമ്പിലേക്ക് കൊണ്ടുവരാന്‍ ആ പരിശ്രമത്തിന് കഴിഞ്ഞു.

മുസ്തഫ ബെന്‍ ഹാലിം
ഇതിനകം ക്യാമ്പിന്റെ ചുമതലയില്‍ നിന്ന് മാറി ഞാന്‍ ഹ്യുമന്‍ റിസോഴ്‌സില്‍ അഡ്മിനിസ്‌ട്രേറ്ററായി ചേര്‍ന്നിരുന്നു. ക്യാമ്പുകളുടെയും ഹ്യുമന്‍ റിസോഴ്‌സിന്റെയും ചുമതല വഹിച്ചിരുന്ന ജനറല്‍ മാനേജര്‍ അമേരിക്കന്‍ പൗരനായ നബീല്‍ ഹലാബിയായിരുന്നു അതിനുകാരണം. ക്യാമ്പ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നനിലയില്‍ വിവിധ ദേശക്കാരും ഭാഷക്കാരുമായ ജോലിക്കാരുമായി ഞാന്‍ ഇടപഴകുന്ന രീതി അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മനുഷ്യര്‍ അവര്‍ ഏതുദേശക്കാരായാലും എന്നെ മടുപ്പിച്ചില്ല. ജോസ് പേക്കാട്ടിലിന്റെ പിന്തുണയും ആ സ്ഥാനചലനത്തിന്റെ പിന്നിലുണ്ടായിരുന്നു. ചെറിയൊരു ശമ്പളവര്‍ദ്ധനയും ഇതോടൊപ്പം ലഭിച്ചത് എനിക്ക് ആഹ്ലാദവും പകര്‍ന്നു. അമേരിക്കയില്‍ വിദ്യാഭ്യാസം നേടിയ നബീല്‍ ഹലാബി കമ്പനിയുടെ ഭൂരിപക്ഷ ഷെയറുകള്‍ കൈവശം വച്ചിരുന്ന ബെന്‍ ഹാലിം കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. അറബികളുടെ ചരിത്രത്തില്‍ വര്‍ണ്ണാഭമായ ഇടം നേടിയ ബെന്‍ ഹാലിം കുടുംബം യഥാര്‍ത്ഥത്തില്‍ ലിബിയയില്‍ നിന്നുള്ളവരായിരുന്നു. കമ്പനി ചെയര്‍മാന്‍ ലിബിയയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന മുസ്തഫ ബെന്‍ ഹാലിമും മാനേജിംഗ് ഡയറക്ടര്‍ അദ്ദേഹത്തിന്റെ മൂത്തമകന്‍ അമര്‍ ബെന്‍ ഹാലിമും. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മുന്‍ പ്രധാനമന്ത്രിയാണ് മുസ്തഫാ ബെന്‍ ഹാലിം. അടുത്ത ജനുവരി 29 ആവുമ്പോള്‍ അദ്ദേഹത്തിന് നൂറുവയസ് തികയും.

ലിബിയന്‍ സര്‍വകലാശാലയുടെയും സെന്‍ട്രല്‍ ബാങ്ക് ഒഫ് ലിബിയയുടെയും സ്ഥാപകനും മുസ്തഫ ബെന്‍ ഹാലിം തന്നെ. അലക്‌സാണ്ട്രിയ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ മുസ്തഫ ലിബിയയെ ആധുനീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. കേണല്‍ ഖദ്ദാഫി സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തപ്പോള്‍ അദ്ദേഹം അനഭിമതനാവുകയായിരുന്നു. മുസ്തഫ ബെന്‍ ഹാലിമിനെ വധിക്കാന്‍ പലതവണ ഖദ്ദാഫി ശ്രമിച്ചെങ്കിലും അതില്‍ നിന്നെല്ലാം തലനാരിഴയ്ക്ക് രക്ഷപെട്ടു. ബെയ്‌റൂത്തില്‍ വച്ച് അംഗരക്ഷകരെ കബളിപ്പിച്ച് മുസ്തഫയെ തട്ടിയെടുത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും ഡിക്കിയില്‍ ബന്ധിതനായ മുസ്തഫയുമായി കിഴുക്കാംതൂക്കായ മലയോരത്ത് ഉപേക്ഷിച്ചുതള്ളി. പക്ഷേ സ്‌ഫോടകവസ്തുക്കള്‍ ഏതോകാരണവശാല്‍ പൊട്ടിത്തെറിച്ചില്ല. ഒരുദിവസം കഴിഞ്ഞാണ് അദ്ദേഹം കണ്ടെത്തപ്പെട്ടത്. അത് ശത്രുക്കളില്‍ ആശ്ചര്യവും അത്ഭുതവും ഉളവാക്കി. ഇനി ഒരിക്കലും ഖദ്ദാഫിക്ക് തന്നെ വധിക്കാന്‍ ആവില്ലെന്ന് ആഹ്ലാദവാനായ മുസ്തഫ ബെന്‍ ഹാലിം മാധ്യമങ്ങളോട് പറഞ്ഞു. മുസ്തഫ ബെന്‍ ഹലിമിന്റെ ഓര്‍മക്കുറിപ്പുകള്‍ അറബിയിലും ഇംഗ്ലീഷിലും (ലിബിയാസ് ഹിഡന്‍ പേജസ് ഒഫ് ഹിസ്റ്ററി)പുസ്തകമായി വലിയതോതില്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

സൗദി രാജാവ് 1975 ല്‍ അദ്ദേഹത്തിന് സൗദി പൗരത്വം നല്‍കി രാജാവിന്റെ യൂറോപ്യന്‍ കാര്യങ്ങള്‍ക്കുള്ള ഉപദേശകനായി നിയമിച്ചു. മൂത്തമകന്‍ അമര്‍ ബെന്‍ ഹാലിം സ്റ്റാഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനിയറിംഗിലും മാനേജുമെന്റിലും ബിരുദം കഴിഞ്ഞപ്പോള്‍ സൗദിയില്‍ തുടക്കം കുറിച്ചതാണ് അല്‍ യൂസ്ര എഞ്ചിനിയറിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനി. യൂസ്ര എന്നത് മുസ്തഫാ ബെന്‍ ഹാലിമിന്റെ ഭാര്യയുടെ പേരായിരുന്നു. സി.സി.സി എന്ന പ്രമുഖ കമ്പനിയുമായി ചേര്‍ന്ന് ജുബൈല്‍ തുറമുഖ നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു അല്‍ യൂസര്‍ കമ്പനി. അതിന്റെ വിജയകരമായ പൂര്‍ത്തീകരണം കമ്പനിക്ക് പേരും പെരുമയും കൊണ്ടുവന്നു. തുടര്‍ന്നാണ് അമേരിക്കയിലെ ടൗണ്‍സെന്‍ഡ് ആന്‍ഡ് ബോട്ടം കമ്പനിയുമായി ചേര്‍ന്ന് ജോയിന്റ് വെഞ്ചറായി അല്‍ യുസര്‍ ടൗണ്‍സെന്‍ഡ് ആന്‍ഡ് ബോട്ടം (ചുരുക്കപ്പേരായി എ.വൈ.ടി.ബി) പെട്രോകെമിക്കല്‍ മെയിന്റനന്‍സ് കമ്പനിയായി വളന്നുതുടങ്ങിയത്. ഇന്നത് മിഡില്‍ ഈസ്റ്റിലെ മുന്‍നിര പെട്രൊകെമിക്കല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് കമ്പനിയാണ്. യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്ക, ലത്തീന്‍ അമേരിക്ക എന്നിവിടങ്ങളിലെ രണ്ട് ഡസനോളം രാജ്യങ്ങളില്‍ നിന്നുമായി ആറായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രമുഖ എഞ്ചിനിയറിംഗ് സ്ഥാപനമാണ്.
ഖദ്ദാഫിയും ലിബിയയും
അമര്‍ ബെന്‍ ഹലിം അദ്ദേഹത്തിന്റേതായ രീതിയില്‍ ലിബിയയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. അദ്ദേഹവും നേതൃത്വത്തിലുണ്ടായിരുന്ന ഫോറം ഫോര്‍ ഡെമോക്രാറ്റിക് ലിബിയ (എഫ്.ഡി.എല്‍) എന്ന സംഘടന ഒളിഞ്ഞും തെളിഞ്ഞും ഖദ്ദാഫി വിരുദ്ധ രാഷ്ട്രീയം ചലനാത്മകമാക്കുന്നതില്‍ പങ്കുവഹിച്ചു. ആദ്യകാലങ്ങളില്‍ അദ്ദേഹവുമായി ഇടപഴകുന്നതിന് എനിക്ക് അവസരങ്ങളുണ്ടായിരുന്നു. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ആഘോഷിച്ചിരുന്ന കമ്പനിയുടെ ആനുവല്‍ ഡേയുടെ ഭാഗമായി ടൂര്‍ണമെന്റുകളും സംഗീതപരിപാടികളും സംഘടിപ്പിക്കുന്നതില്‍ എനിക്കുണ്ടായിരുന്ന പങ്കായിരുന്നു അതിന് കാരണം. അമര്‍ ബെന്‍ ഹലിം ഇതിലെല്ലാം വലിയ ഉത്സാഹിയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. മാധ്യമലോകത്തെ സുഹൃത്തുക്കള്‍ വഴി ഞാനാണത് സാദ്ധ്യമക്കുന്നതെന്നറിഞ്ഞ് എന്നെ പ്രത്യേകം അഭിനന്ദിച്ചു. ഖദ്ദാഫി വിരുദ്ധപ്രക്ഷോഭം മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോള്‍ അച്ഛന്റെയും മകന്റെയും ശ്രദ്ധ കൂടുതലും അങ്ങോട്ടായി. അറബ് മാധ്യമങ്ങളില്‍ അവര്‍ നിറഞ്ഞുനിന്നു. ആ സമയത്താണ് കമ്പനിയുടെ 34 ശതമാനം ഓഹരി ഒരമേരിക്കന്‍ കമ്പനിക്ക് കൈമാറ്റം ചെയ്തത്. മുസ്തഫാ ബെന്‍ ഹലിം പദവികള്‍ ഒഴിഞ്ഞു. ഇനി അധികകാലം അമര്‍ ബെന്‍ ഹലിം മാനേജിംഗ് ഡയറക്ടറായി ഉണ്ടാവില്ലെന്നും പുതിയ ലിബിയന്‍ ഭരണകൂടത്തിന്റെ ഭാഗമാകാന്‍ അങ്ങോട്ടുപോകുമെന്നും സൗദി കോര്‍പ്പറേറ്റ് വൃത്തങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

ഖദ്ദാഫി ദേശസാല്‍ക്കരണങ്ങളിലൂടെ കൈവശപ്പെടുത്തിയ ബെന്‍ ഹാലിം കുടുംബത്തിന്റെ വന്‍ ആസ്തികള്‍ ഖദ്ദാഫിയുടെ പതനത്തോടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെകിട്ടിയാല്‍ ഇപ്പോള്‍ത്തന്നെ വന്‍സമ്പന്നരായ ബെന്‍ ഹാലിം കുടുംബം അറബ് ലോകത്തെ സാമ്പത്തിക/ബിസിനന്‍സ് ശക്തിയായി മാറുമെന്നത് ഉറപ്പായിരുന്നു. അതോടെ ലിബിയയിലെ ആഭ്യന്തരകലാപവും ഖദ്ദാഫിയുടെയും ലിബിയയുടെയും ഭാവിയും നേരിട്ടുബാധിക്കുന്ന ഗള്‍ഫിലെ അപൂര്‍വം വ്യവസായസ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടതായി എ.വൈ.ടി.ബി മാറി.
2011 ഒക്‌ടോബര്‍ 20 ന് ഖദ്ദാഫി കൊല്ലപ്പെട്ടു. തൊട്ടരുകില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് അദ്ദേഹം കൊല്ലപ്പെട്ടെന്നും അതല്ല ജീവനോടെ റിബല്‍ സൈനികരുടെ കൈയ്യില്‍പ്പെട്ട ഖദ്ദാഫിയെ അവര്‍ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നുവെന്നും പല റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും ദുബായിലും ബഹ്‌റൈനിലും വീടുകളുണ്ടായിരുന്ന ബെന്‍ ഹാലിം കുടുംബം കൂട്ടുകുടുംബമായിരുന്നു. ഒരുമിച്ചായിരിക്കാന്‍ അവര്‍ പ്രിയപ്പെട്ടു. ലണ്ടനും ദുബായുമായിരുന്നു അവരുടെ പ്രിയ വാസയിടങ്ങള്‍. മാധ്യമങ്ങള്‍ പൊതിഞ്ഞപ്പോള്‍ അമര്‍ ബെന്‍ ഹലിം പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘തലസ്ഥാനമായ ബങ്കാസിയില്‍ നൂറ്റമ്പതിലേറെ ജനകീയ സംഘടനകള്‍ കൂണുകള്‍ പോലെ ഇതിനകം പൊന്തിവന്നുകഴിഞ്ഞുവെന്നത് കാണിക്കുന്നത് പ്രത്യാശാഭരിതമായ ഒരു ജനസമൂഹത്തെയാണ്; അവരൊക്കെയും ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നിയമവാഴ്ച, സിവില്‍ സമൂഹം എന്നിവ തീവ്രമായി ആഗ്രഹിക്കുന്നവരാണ്. വിശിഷ്ടമായൊരു ദൃശ്യമാണിത്... ഖദ്ദാഫിക്ക് ശേഷമുള്ള ലിബിയയുടെ അടയാളമാണിതെങ്കില്‍ അത് തീര്‍ച്ചയായും മഹത്തായ ഒരു ലിബിയയെ കുറിച്ചുള്ളതാണ്. ഞാന്‍ അത്യന്തം പ്രത്യാശാഭരിതനാണ്.'
ലിബിയന്‍ ആഭ്യന്തരയുദ്ധം
ദീര്‍ഘമായ സേവനകാലത്തിനുശേഷം ഞാന്‍ രാജി വച്ചെങ്കിലും മാനേജുമെന്റിന്റെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ഒരു വര്‍ഷത്തേക്ക് അത് നീട്ടിവച്ചു. അമര്‍ ബെന്‍ ഹലീം പൂര്‍ണമായിത്തന്നെ കമ്പനിക്കാര്യങ്ങളില്‍ നിന്ന് അകന്നുനിന്നു. ബോര്‍ഡ് മീറ്റിംഗുകളില്‍ മാത്രമായി സാന്നിദ്ധ്യം ചുരുങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ച കാനഡക്കാരനായ സി.ഇ.യുമായി അദ്ദേഹം പ്രധാന ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിലെത്തിയ അദ്ദേഹം എന്റെ ഓഫീസിനുമുന്നിലൂടെയാണ് ഹ്യുമന്‍ റിസോഴ്‌സ് ഡയറക്ടറുടെ ഓഫീസിലേക്ക് നടന്നത്. തമ്മില്‍ കണ്ടിട്ടും സംസാരിച്ചിട്ടും വര്‍ഷങ്ങള്‍ ആയിരിക്കുന്നു.പഴയ മിക്കവരും വിട്ടുപോയിരിക്കുന്നു. വന്‍ സ്രാവുകളുമായി സംസാരിച്ചുകൊണ്ട് എന്റെ ഓഫീസ് കടന്ന് അദ്ദേഹം മുന്നോട്ടുപോയി. എന്നെ മറന്നിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതി. പെട്ടെന്നതാ അമര്‍ ബെന്‍ ഹാലിം എന്റെ ഓഫീസിന്റെ വാതില്‍ക്കല്‍! മുന്നോട്ടുപോയ അദ്ദേഹം എന്തോ ഓര്‍ത്തിട്ടെന്നവണ്ണം പുറകോട്ട് വരികയായിരുന്നു.
‘ഹൗ ആര്‍ യു, ആന്തണി? എവരിതിംഗ് ഓള്‍ റൈറ്റ് വിത്ത് യു?'
പെട്ടെന്നെഴുന്നേറ്റ് ഞാന്‍ വാതില്‍ക്കലേക്ക് ചെന്നു. ഞങ്ങള്‍ കൈകള്‍ പിടിച്ചുകുലുക്കി. പഴയ അതേ ഊഷ്മളതയും സൗഹൃദവും. വിടര്‍ന്ന് ചിരിച്ച് അമര്‍ ബെന്‍ ഹലിം മുന്നോട്ടുനീങ്ങി.
ലിബിയയില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊള്ളുകയാണ്. മതരാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഒരു വശത്ത്. തുര്‍ക്കിയും ഇറാനും തന്ത്രപരമായി റഷ്യയും അവരെ പിന്തുണയ്ക്കുന്നു. ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ ദേശീയ സൈന്യമാണ് മറുവശത്ത്. മിതവാദികള്‍, ബഹുകക്ഷി ജനാധിപത്യത്തെ പിന്തുണയ്ക്കുന്നവര്‍ തുടങ്ങിയവരെല്ലാം ജനറലിനൊപ്പം. സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഇവരുടെ പിന്നിലുണ്ട്. ബെന്‍ ഹലിം കുടുംബം ഇവര്‍ക്കൊപ്പമാണ്. ദിവസേന ആയിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുന്നു. കൂട്ടപ്പാലായനങ്ങൾ. യുദ്ധം മുറുകുന്നു. ബെങ്കാസി ഏറെക്കുറെ ലിബിയന്‍ ദേശീയസൈന്യം തിരികെപ്പിടിച്ചുകഴിഞ്ഞു. എങ്കിലും അന്തിമ വിജയം ഇപ്പോഴും പ്രവചിക്കാനായിട്ടില്ല. എനിക്ക് പറയാനാകുന്ന ഒരേഒരു കാര്യം: എനിക്കറിയാവുന്ന അമര്‍ ബെന്‍ ഹലിം മനുഷ്യസ്‌നേഹിയാണ്, ആധുനികതയോട് ചേര്‍ന്നുനടക്കുന്നയാളാണ്. നേതൃത്വത്തില്‍ അദ്ദേഹം ഉണ്ടാകുന്നത് പുത്തന്‍ ലിബിയയക്കും അതിന്റെ ജനാധിപത്യഭാവിക്കും തീര്‍ച്ചയായും ഗുണകരമായിരിക്കും.
ഒന്നാം ഭാഗം: മറവിക്കെതിരെയുള്ള നീക്കങ്ങള്‍
രണ്ടാം ഭാഗം ഭാഗം: മുംബൈ- ദുബൈ; രണ്ടു നഗരങ്ങൾ പകുത്ത ജീവിതം
മൂന്നാം ഭാഗം : ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഒരു ടി.വി. കൊച്ചുബാവ
നാലാം ഭാഗം : സദ്ദാം ഹുസൈനും രാജീവ് ഗാന്ധിയും ചാക്കോ സാറും
അഞ്ചാം ഭാഗം: ഒപ്പിട്ടുകൊടുത്തു; ജീവിതത്തിലൊരിക്കലും ഇനി ക്രിസ്മസ് ആഘോഷിക്കില്ല
എഴുത്തുകാരന്‍
Telson John
31 Aug 2020, 09:43 PM
പല രാജ്യങ്ങളിലൂടെ സംസ്‍കാരങ്ങളിലൂടെ ,വ്യക്തികളിലൂടെ വ്യക്തിത്വങ്ങളിലൂടെ ,രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിലൂടെ അങ്ങനെ അങ്ങനെ ഒരു മുഴുനീളയാത്രയിൽ ഒട്ടും മടുപ്പിക്കാതെയുള്ള വിവരണം .😇
Jolsa kutty
30 Aug 2020, 03:47 PM
പഴയ രസകരമായ ഒർമ്മകളിലൂടെ ഞങ്ങളെയും കൈപിടിച്ച് നടത്തുന്നതിന് നന്ദി നമസ്സ്കരം
Bappu Thenhippalam
29 Aug 2020, 01:20 PM
സാർ , തിരക്കുകൾ കാരണം വൈകിയാണ് വായിക്കാനായത് . എഴുത്ത് ദേശങ്ങൾ താണ്ടി ദേശാന്തരങ്ങളുടെ ചരിത്രം പറയുന്നു . പ്രവാസം പലയാവർത്തി ഗൾഫ് യുദ്ധങ്ങളിൽ കുരുങ്ങി അതിൻ്റെ ദുരിതം അനുഭവിച്ച കാലത്തെ വീണ്ടെടുക്കുന്ന ഓർമ്മകൾ . ക്യാമ്പ് ജീവിതത്തെക്കുറിച്ചു പറയുമ്പോൾ അതൊരു കഥ വായിക്കുന്ന അനുഭവം. സംഘടനകളെക്കുറിച്ചു ഗൾഫ് രാഷ്ട്രീയത്തെ ക്കുറിച്ചു സാറിന്റെ അനുഭവപാടവമുള്ള നിരീക്ഷണം. അറേബ്യാൻ സംസ്ക്കാരത്തിലേക്ക് വെളിച്ചം വീശുന്ന അനുഭവക്കുറിപ്പ് . തുടരട്ടെ ഈ പങ്കുവെക്കൽ . കാത്തിരിക്കുന്നു .ആശംസകൾ
UMESH KALARIKKAL
27 Aug 2020, 11:52 PM
ഒരു സാഹിത്യകാരന്റെ ദീർഘവീക്ഷണം ശരിക്കും അടുത്ത് അനുഭവിച്ചറിഞ്ഞത് ആൻറണി സാറിലൂടെയായിരുന്നു. അതിൽ പ്രധാനപ്പെട്ട ഉദാഹരണം ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ, അതിന്റെ അപകടങ്ങളെ ഒരു പാട് കാലം മുന്നേ സൗദിയിൽ കിഴക്കൻ പ്രവിശ്യയിലെ നിരവധിയായ വേദിയിൽ മുൻകൂട്ടി പറഞ്ഞ കഥാകാരനാണ് ആന്റണി സാർ, പ്രത്യേകിച്ചും കോൺഗ്രസ്സിന്റെ മൃദു ഹിന്ദുത്വ സമീപനം വരാൻ പോകുന്ന ഇന്ത്യയിൽ ഭൂരിപക്ഷ വർഗീയതയ്ക്ക് വളമൊരുക്കും എന്നത് പലപ്പോഴായി സൂചിപ്പിക്കാറുണ്ടായിരുന്നു. നിരവധിയായ വേദികളിൽ ഈ തുറന്നു പറയൽ കൊണ്ട് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായും വന്നിട്ടുണ്ട്. ഗൃഹാതുരത്വത്തിന്റെ മയപ്പെടുത്തിയ വാക്കുകളിലാണ് കഥാകാരൻ ഈ എഴുത്തുകൾ തുടങ്ങിയതെങ്കിലും സൂക്ഷമമായി പരിശോദിച്ചാൽ മിഡിൽ ഈസ്റ്റിലെ കുടിയേറ്റ സമൂഹങ്ങളിൽ ഉൾത്തിരിഞ്ഞ് വന്ന രാഷ്ട്രീയ കൈവഴികളെ / ബോധ്യങ്ങളെ നമുക്ക് വേരിതിരിച്ചെടുത്ത് വായിക്കാൻ പാറ്റും ഇതിൽ. പുസ്തകമാക്കി പ്രസിദ്ധീകരിച്ചാൽ വരാൻ പോകുന്ന സമൂഹത്തിനും ഉപകാരപ്പെടും എന്ന അഭിപ്രായമുണ്ട്
Prabha mathews
27 Aug 2020, 08:50 PM
What u said about Congress is very relevant these days.... It's not a surprise if they avoided u in all forms...as truth is always bitter.....
Biju John
27 Aug 2020, 12:10 PM
മദ്ധ്യപൂർവദേശത്തു ജീവിക്കുന്ന ഏതൊരാൾക്കും വളരെ ഹ്രുദ്യമായി തോന്നുന്ന അനുഭവവിവരണം. നമ്മുടെയും അനുഭവമായി തോന്നും.
Martin Valooran
26 Aug 2020, 10:52 PM
ഓർമ്മകൾ നന്നായി, രസകരമായി വിവരിച്ചിരിക്കുന്നു. Thank you for sharing.
മനോജ് നായർ
26 Aug 2020, 08:49 PM
കളിയിൽ തുടങ്ങി കാര്യത്തിൽ അവസാനിക്കുന്ന ഒരു ചെറുകഥ പോലെ ആസ്വാദ്യകരമായ രചന, വളരെ സന്തോഷം നൽകി, ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാനായി, എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🙏
Seju Davis
26 Aug 2020, 05:21 PM
Makes interesting reading as if we are going through the same experiences. Waiting for the next one👌
പി. ജെ. ജെ. ആന്റണി
Feb 07, 2021
19 Minutes Read
Ritha Sabu
6 Nov 2020, 04:21 PM
വായിക്കാൻ ഏറെ വൈകിപ്പോയി. എങ്കിലും നേരിട്ട് കാണുന്ന അനുഭവം തരുന്ന കുറിപ്പുകൾ. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. ചരിത്രവും, രാഷ്ട്രീയവും സമരസമായി അടുക്കും ചിട്ടയോടും കൂടെ ഇത്രയും തന്മയത്വത്തോടെ എഴുതാൻ സാറിന് കഴിയുന്നത് ഇതൊക്കെ കേട്ടറിഞ്ഞത് കൊണ്ടല്ല..പകരം സ്വന്തമായി അറിയുകയും ആ അറിവുകൾ അനുഭവങ്ങൾ ആകുകയും ചെയ്തത് കൊണ്ടാണ്. വായിച്ചവരുടെ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും തന്നെ ഇതിനുള്ള സാക്ഷൃ പത്രങ്ങൾ. അഭിനന്ദനങ്ങൾ അറിയിക്കുന്നു. അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന സമയവും കാത്തിരിക്കുന്നു.