ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍
ഇക്ബാലിന്റെ ഏകാന്തവ്യസനങ്ങള്‍
ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ഇക്ബാലിന്റെ ഏകാന്തവ്യസനങ്ങള്‍
പാക്കിസ്ഥാനും ചൈനയുമായുള്ള നമ്മുടെ ബന്ധങ്ങള്‍ ഇപ്പോഴത്തെ രീതിയില്‍ "പുരോഗമിച്ചുകൊണ്ടിരുന്നാല്‍' പ്രതിരോധച്ചെലവ് നമ്മുടെ ബജറ്റിന്റെ മൂന്നിലൊന്നാകാന്‍ വലിയ കാലതാമസം വേണ്ടിവരില്ല. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും യുദ്ധക്കോപ്പുകള്‍ ഉണ്ടാക്കി ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിറ്റ് കൂടുതല്‍ കൂടുതല്‍ ലാഭം കൊയ്യും. ദേശത്തായാലും പരദേശങ്ങളിലായാലും കോര്‍പ്പറേറ്റുകള്‍ ലാഭം തിന്ന് കൊഴുക്കട്ടെ! സകല മതങ്ങളുടെയും ഈശ്വരന്മാരും അവരുടെ കക്ഷത്താണല്ലോ- ഗള്‍ഫ് ഓര്‍മ്മകളുടെ പതിനൊന്നാംഭാഗം
7 Feb 2021, 09:14 AM
ഡിക്‌സികോളായില്‍ ജോലി ചെയ്യുമ്പോള്‍ ഇക്ബാല്‍ എന്നുപേരായ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു.
ബാംഗ്ലൂര്‍ സ്വദേശി. ഉല്ലാസപ്രിയന്‍. പരമരസികന്‍.
കന്നഡയിലും തമിഴിലും ഹിന്ദിയിലുമുള്ള സിനിമാപ്പാട്ടുകള്‍ അല്‍പം ഉറക്കെത്തന്നെ സദാ പാടുക അവന്റെ സ്വഭാവമായിരുന്നു.
നാല് തെന്നിന്ത്യന്‍ ഭാഷകളും ഉറുദുവും ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കുമായിരുന്നു. ആലിസ്റ്റര്‍ മാക്‌ളീന്‍, ഹാരോള്‍ഡ് റോബിന്‍സ്, ജാക്വിലിന്‍ സൂസന്‍, ഏ.ജെ ക്രൊനിന്‍ തുടങ്ങിയ ജനപ്രിയ നോവലിസ്റ്റുകളുടെ രചനകളോട് ഞങ്ങളിരുവര്‍ക്കും അന്നുണ്ടായിരുന്ന കമ്പമാണ് ഞങ്ങളെ അടുപ്പിച്ചത്. ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ ജോലിചെയ്തിരുന്നതിനാല്‍ ജോലിസമയത്തും വാതിലടച്ചിരുന്ന് നോവല്‍ വായനയിലും ചര്‍ച്ചയിലും മുഴുകാന്‍ അവസരമുണ്ടായിരുന്നു. ചില വാരാന്ത്യങ്ങള്‍ അവന്‍ എന്നോടൊപ്പം ചിലവഴിച്ചു. ഇക്ബാല്‍ നന്നായി ബിരിയാണി വയ്ക്കുമായിരുന്നു. ബിയര്‍ ഞങ്ങള്‍ രണ്ടുപേരും പ്രിയപ്പെട്ടു. അലസവര്‍ത്തമാനങ്ങളുമായി ഞങ്ങള്‍ പാതിരാകള്‍ താണ്ടി. അങ്ങിനെയൊരിക്കലാണ് ഇക്ബാലിന്റെ ഉല്ലാസപ്രിയത്തിനു പിന്നിലെ ഏകാന്തവ്യസനങ്ങളെ അറിയാനായത്.
അവന്റെ അമ്മയുടെ കുടുംബം ലാഹോറിലായിരുന്നു. നാലോ അഞ്ചോ ആങ്ങളമാര്‍ക്ക് ഒറ്റപ്പെങ്ങള്‍. അപ്പന്‍ ബാംഗ്ലൂര്‍കാരനും. ഇന്ത്യയും പാക്കിസ്ഥാനും ശത്രുക്കളായി യാത്രകള്‍ അസാധ്യമായപ്പോള്‍ അമ്മയും നാല് പെണ്മക്കളും ലാഹോറിലായിരുന്നു. ഏറ്റവും ഇളയവനായ ഇക്ബാല്‍ അപ്പനുമായി ബാംഗ്ലൂരിലും. ചിറ്റപ്പന്മാരും കൂട്ടുകാരും സ്‌കൂളും കോളേജുമെല്ലാം ഉല്ലാസപ്രിയനായ ഇക്ബാലിനെ ബാംഗ്ലൂരില്‍ തളച്ചു. അപ്പന്‍ കപ്പല്‍ ജോലിക്കാരനായിരുന്നു. ഒരു കപ്പല്‍ യാത്രയില്‍ അയാള്‍ എങ്ങിനെയോ പാക്കിസ്ഥാനില്‍ കുടുംബത്തോട് ചേര്‍ന്നു. അങ്ങിനെയാണ് ഇക്ബാല്‍ ഏകാന്തതയുടെ ദുരിതം രുചിക്കാന്‍ തുടങ്ങിയത്. ബാംഗ്ലൂര്‍ വിട്ടുപോകാന്‍ അവന്‍ പ്രിയപ്പെട്ടില്ല പക്ഷേ അമ്മയും അപ്പനും കൂടപ്പിറപ്പുകളും ഇല്ലാതെ ഏകാകിയാകുന്ന അവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. ഇക്ബാലിനെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകാനുള്ള കുടുംബത്തിന്റെ പരിശ്രമങ്ങള്‍ ഫലം കാണാതെ ഒടുങ്ങിക്കൊണ്ടേയിരുന്നു. രണ്ട് നഗരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു യുവാവ്. അവന്റെ ഏകാന്തത ആ നാളുകളില്‍ എനിക്കും വേദനയായി. നാല് പെങ്ങമ്മാരും സംഗീതവും ബിയറും ബിരിയാണിയുമായി ലഹോര്‍ നഗരം എന്റെ ഉള്ളിലും ഒത്തിരിക്കാലം തളിര്‍ത്ത് പൂത്തുനിന്നു.
Also Read: ഗള്‍ഫ് ഓര്‍മയെഴുത്ത് | പി.ജെ.ജെ. ആന്‍റണി | മുന്‍ ലേഖനങ്ങള്‍ വായിക്കാം
ഭഗത് സിംഗിന്റെ ജീവിതത്തിലെ നിര്‍ണ്ണായകങ്ങളായ ചില സന്ദര്‍ഭങ്ങള്‍ ചേര്‍ത്ത് "ലാഹോര്‍ 1926' എന്ന പേരില്‍ ഒരു കഥ എന്റേതായുണ്ട്. ഇക്ബാലും ലാഹോര്‍ നഗരവും പിന്നെയും മനസ്സില്‍ തളിര്‍ത്തു. കഥ എഴുതാനായി ലാഹോറിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കാര്യമായിത്തന്നെ എനിക്ക് തിരയേണ്ടിവന്നിരുന്നു. ലാഹോറിന്റെ ഉജ്വലമായ സാംസ്‌കാരികപ്പെരുമകള്‍ അവിടം സന്ദര്‍ശിക്കാനുള്ള ആഗ്രഹത്തെ പെരുപ്പിച്ചു. കെടാത്ത കനലായി അതിപ്പോഴും മനസ്സിലുണ്ട്. യാത്രകള്‍ അനാദികാലം മുതല്‍ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുണ്ടാവണം. നമ്മുടെ മുതുമുതുമുത്തശ്ശനായ ആ വാനരന്‍ നാല്‍ക്കാലിപ്പട്ടം ഉപേക്ഷിച്ച് ഇരുകാലില്‍ നിവര്‍ന്ന് നിന്നതും ദൂരത്തെ കാഴ്ചകള്‍ മോഹിപ്പിച്ചിട്ടാവും. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പിന്മുറക്കാരായ ഹോമോസാപ്പിയന്‍സ് ഇരുണ്ടഭൂഖണ്ഡത്തില്‍ നിന്നും ഇറങ്ങിനടന്നതും ലോകമാകെ പടര്‍ന്നതും യാത്രകള്‍ കൊതിപ്പിച്ചിട്ടുതന്നെയാവണം.
നരവീണ മോസ്‌കോയില്‍
ശരീരവും മനസ്സും കൊണ്ടുള്ള യാത്രകളിലാണ് മനുഷ്യര്‍ സ്വയം അറിയുന്നത്. യാത്രകളുടെ തിരിവുകളിലും വളവുകളിലും സംഭവിക്കുന്ന ആന്തരികോദയങ്ങള്‍ ബോധജ്ഞാനത്തിന്റെ പെരുന്നാളും തിരുനാളുമായി യാത്രികന് വെളിപാടുകളാകുന്നുണ്ട്. എനിക്കൊരു കൂട്ടുകാരനുണ്ട് - യാത്രകള്‍ പ്രിയപ്പെടുന്ന സയ്യദ് മുഹമ്മദ്. പ്രൊഫഷണല്‍ മേഖലയില്‍ വിജയിയായ ഒരു എഞ്ചിനിയര്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കടുത്ത മാർക്‌സിസ്റ്റായിരുന്നു. പിന്നെ മാർക്‌സിസ്റ്റ് സഹയാത്രികനായി അതൊക്കെ തിളക്കം കുറഞ്ഞ് മങ്ങി. യാത്രയുടെ കുതൂഹലങ്ങളില്‍ വെസ്‌റ്റേണ്‍ യൂറോപ്പിന്റെ ഉദാരതകള്‍ തെഴുത്ത ഇടങ്ങളില്‍ അലഞ്ഞ് ഒടുവിലാണ് സോവിയറ്റ് പ്രതാപത്തിന്റെ നരവീണ മോസ്‌കോയില്‍ സയ്യദ് മുഹമ്മദ് എത്തിയത്. ഒപ്പം ഭാര്യയും ഉണ്ടായിരുന്നു.

ലെനിന്‍ മുസോളിയത്തിനുമുന്നിലെ നീണ്ട നിരയില്‍ നില്‍ക്കുമ്പോള്‍ സോവിയറ്റ് ബിഗ് ബാംഗില്‍ പൊട്ടിത്തെറിച്ചുപോയ എതോ പൂര്‍വ യൂറോപ്യന്‍ തുണ്ടില്‍ നിന്നെത്തിയ ഒരു ചെറിയ കൂട്ടം ചെങ്കൊടിയുമായി അവിടെയെത്തി കാവല്‍പ്പട്ടാളക്കാരെ വകവയ്ക്കാതെ കൈചുരുട്ടി ഏതോഭാഷയില്‍ ഉശിരോടെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അതുകണ്ട സയ്യിദ് ഒരു തിരിച്ചുപിടിക്കലിന്റെ തള്ളലില്‍ സകലം മറന്ന് നിരവിട്ടോടി അവര്‍ക്കൊപ്പം ചേര്‍ന്ന് "ഇങ്കിലാബ് സിന്ദാബാദ്' എന്നാഞ്ഞുവിളിച്ചു. അന്നേരം പഴയ വേരുകളും വെളിപാടുകളും ആര്‍ത്തലച്ചുവന്ന് അയാളെ നവപ്പെടുത്തി. ആ ടൂറിലെ ഏറ്റവും സവിശേഷമായ സമയം അതായിരുന്നുവെന്ന് പിന്നീട് സയ്യദ് എന്നോട് പറഞ്ഞു.
യൂറോപ്യന്‍ യാത്ര
യാത്രകള്‍ എനിക്കും കമ്പമായിരുന്നു. കുടുംബവുമായി ഇന്ത്യയില്‍ പലയിടങ്ങളിലേക്കും യാത്രചെയ്തിട്ടുണ്ട്. ചരിത്രത്തിന്റെ ചുവടുകളില്‍ മയങ്ങി നിന്നിട്ടുണ്ട്. മധുവിലെന്നപോലതില്‍ ഉന്മേഷിതനായിട്ടുണ്ട്. എത്ര കണ്ടാലും കേട്ടാലും ചരിത്രത്തിന്റെ വളവുകളും തിരിവുകളും ആഴക്കിടങ്ങുകളും പിന്നെയും പിന്നെയും പിടിച്ചുനിര്‍ത്തും; മോഹിതനാക്കും. ഒരു യൂറോപ്യന്‍ യാത്ര ഏറെക്കാലമായി മനസ്സിലുണ്ടായിരുന്നു. ഗള്‍ഫിലെ ജോലിയില്‍ ആയിരിക്കുന്ന അവസരങ്ങളാവും ആ വിധമൊരു യാത്രയ്ക്ക് എല്ലാവിധത്തിലും പാകമെന്നും കണ്ടു. മാനേജുമെന്റുമായി സുഖകരമല്ലാത്ത ഉരസല്‍ ഉണ്ടായപ്പോള്‍ തോന്നി ഈ ജോലിയില്‍ തുടരാന്‍ അധികകാലം പ്രിയപ്പെടില്ലെന്ന്. അതിനകം നാലുമക്കളില്‍ രണ്ടുപേരുടെ - വിനീതയുടെയും വസന്തിന്റെയും - വിവാഹം കഴിഞ്ഞിരുന്നു. എമില്‍ പഠനം കഴിഞ്ഞ് ജോലിയിലായി. ഏറ്റവും ഇളയയാള്‍ ആനന്ദ് എഞ്ചിനിയറിംഗ് ബിരുദവും രണ്ട് വര്‍ഷം ജോലിയും കഴിഞ്ഞ് എം.ബി.എ ചെയ്യുകയാണ്. ചുമതലകളുടെ ഭാരം ഒതുങ്ങാറായിരിക്കുന്നു.
യൂറോപ്യന്‍ നാടുകള്‍ സന്ദര്‍ശിക്കുക എന്ന സ്വപ്നം നടപ്പിലാക്കാന്‍ ഉചിതമായ സമയമായെന്ന് തോന്നി. വാര്‍ഷിക അവധിയും വിമാനടിക്കറ്റും അതിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. പല ട്രാവല്‍ ഏജന്‍സികളുമായി ചര്‍ച്ചചെയ്തു. പത്തൊന്‍പത് ദിവസങ്ങള്‍, ഏഴ് രാജ്യങ്ങള്‍ എന്ന് ഉറപ്പിച്ചു. പോര്‍ട്ടുഗല്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, വത്തിക്കാന്‍. പ്രധാനപ്പെട്ട കാഴ്ചകളിലേക്ക് മാത്രം ചുരുങ്ങിയ ഒരു ടൂര്‍. ഏജന്‍സികള്‍ ഒരുക്കുന്ന സംഘവുമായി പോകുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞവഴി പക്ഷേ അവര്‍ നിശ്ചയിക്കുന്ന പ്രോഗ്രാം നമ്മുടെ താത്പ്പര്യപ്രകാരമായിരിക്കില്ല. ഇറ്റലിയിലെ പോംപിയും കാപിറ്റോള്‍ മ്യുസിയങ്ങളും ആരുടെ പരിപാടിയിലും ഇല്ല. ഇവ കാണമെന്ന ആഗ്രഹം എനിക്ക് ഒഴിവാക്കാനും ആകുമായിരുന്നില്ല. ഒടുവില്‍ കൊച്ചിയില്‍ നിന്നുമുള്ള സംഘം ഇറ്റലിയില്‍ എത്തുന്നതിന് നാലുദിവസം മുന്‍പേ അവിടെയെത്താനും പോംപിയും മ്യൂസിയങ്ങളും ആ ദിവസങ്ങളില്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചു. അല്‍പം ചെലവ് വര്‍ധിച്ചെങ്കിലും ആഗ്രഹിച്ച ഇടങ്ങളെല്ലാം കാണാന്‍ അത് അവസരം തന്നു. യൂറോപ്പിലെ കടുത്ത ശൈത്യം ഒഴിവാക്കുന്നതാവും നല്ലതെന്ന പലരുടെയും ഉപദേശം മാനിച്ച് സെപ്തംബര്‍ മാസം യാത്രയ്ക്കായി തെരഞ്ഞെടുത്തു. ആദ്യ നാലുദിവസങ്ങളില്‍ സഹായിക്കുന്നതിനായി നാട്ടുകാരനായ ലൈജു പുത്തന്‍പുരക്കല്‍ എന്ന യുവാവിനെയും റോമില്‍ കണ്ടെത്തിയതോടെ സംഗതികള്‍ ട്രാക്കിലായി.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാരകമായ വെസൂവിയസ് അഗ്നിപര്‍വത സ്‌ഫോടനത്തെക്കുറിച്ചും അതില്‍ എരിഞ്ഞുതീര്‍ന്ന പോംപി നഗരത്തെക്കുറിച്ചുമെല്ലാം വായിച്ചറിഞ്ഞത്. പൊതുവര്‍ഷം 79 ആഗസ്റ്റ് 24 ന് ഉച്ചതിരിയുന്ന നേരത്താണ് തികച്ചും അപ്രതീക്ഷിതമായി വെസൂവിയസ് അതിഘോരമായി തീ തുപ്പിയത്. രണ്ടുദിവസങ്ങള്‍ അത് തുടര്‍ന്നു. അണുസ്‌ഫോടനത്തിനുസമാനമായ ആ അഗ്നിതാപത്തില്‍ നിന്നും ഓടി രക്ഷപെടാന്‍ പോലും നേരമുണ്ടായിരുന്നില്ല. ആഢംബരജീവിതത്തിനും സുഖലോലുപതയ്ക്കും പുകള്‍പെട്ടിരുന്ന ആ തുറമുഖ നഗരത്തെ അഗ്നിയും ചാരവും ഭക്ഷിക്കുകയായിരുന്നു. അതില്‍ വെന്തൊതുങ്ങിയ പൊംപി നഗരവും സമീപത്തെ നിരവധി ചെറുപട്ടണങ്ങളും 17 നൂറ്റാണ്ടുകള്‍ വെസൂവിയസിന്റെ ഇരുപതിലേറെ മീറ്ററുകള്‍ പൊക്കമുള്ള തീച്ചാരത്തില്‍ മുങ്ങിമറഞ്ഞുകിടക്കുകയായിരുന്നു.

പൊംപിയും സമീപത്തുണ്ടായിരുന്ന ചെറുപട്ടണങ്ങളും ഉള്‍പ്പെട്ട കമ്പാനിയ പ്രവിശ്യ ശാപദേശമെന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക ഇറ്റലിയിലെ നേപ്പിള്‍സ് പ്രവിശ്യയിലാണ് ഇപ്പോള്‍ കമ്പാനിയ. പതിനേഴാം നൂറ്റാണ്ടിലാണ് ഈ പ്രദേശം പുരാവസ്തുഗവേഷകരുടെ ശ്രദ്ധയില്‍ വരുന്നത്. ചാരത്തിനടിയില്‍ നിന്നും പൊന്തിവന്ന നഗരാവശിഷ്ടങ്ങള്‍ അമ്പരപ്പിക്കുന്ന അളവില്‍ തികവുള്ളതും ഒന്നാം നൂറ്റാണ്ടിലെ വാസ്തുവിദ്യയെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും ഉള്‍ക്കാഴ്ച പകരുന്നതുമായിരുന്നു. ഗ്രീക് സംസ്‌കാരത്തിന്റെ സ്വാധീനമുണ്ടായിരുന്ന ഈ റോമന്‍ നഗരം എല്ലാവിധത്തിലും സമ്പന്നമായിരുന്നു. കലാപ്രകടനങ്ങള്‍ക്ക് വേദിയായ കൂറ്റന്‍ ആംഫി തിയറ്ററുകള്‍, ഇന്നത്തെ രീതിയിലുള്ള ഫാസ്റ്റ് ഫുഡ് കടകള്‍, മധുശാലകള്‍, തീറ്റവസ്തുക്കളുടെ വിപണികള്‍, ഉദാര രതിശീലങ്ങളുടെയും ജനാധിപത്യത്തിന്റെയും സാന്നിധ്യം സൂചിപ്പിക്കുന്ന ഇടങ്ങള്‍, ലിംഗസമത്വത്തിന്റെ അടയാളങ്ങള്‍, സ്‌നാന ഗൃഹങ്ങള്‍, തുടങ്ങിയവയെല്ലാം കൂടി ഒന്നാം നൂറ്റാണ്ടിലെ ഈ നഗരത്തെ വേറിട്ട് അടയാളം ചെയ്യുന്നു. ഇപ്പോഴും തകരാതെ അവശേഷിക്കുന്ന തെരുവുകളും കരിങ്കല്‍ പാകിയ റോഡുകളും അത്ഭുതപ്പെടുത്തുന്നു. ചെറിയ പ്ലിനി ചരിത്രകാരനായ ടാസിറ്റസിനെഴുതിയ രണ്ട് കത്തുകളിലാണ് വെസുവിയസ് സ്‌ഫോടനത്തെക്കുറിച്ച് ഇന്ന് ലഭ്യമായ ദൃക്‌സാക്ഷി വിവരണങ്ങളുള്ളത്. വലിയ പ്ലിനി സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
1860 ല്‍ പുരാവസ്തുഖനനത്തിന്റെ ഡയറക്ടറായി ചുമതലയേറ്റ ഗുസെപ്പെ ഫിറോലിയാണ് പൊംപി ഖനനത്തിനും ശേഖരിത വസ്തുക്കളുടെ വിശകലന/പഠന ശൈലിക്കും ഫലപ്രദമായ നേതൃത്വം നല്‍കിയത്. പതിനേഴ് നൂറ്റാണ്ടുകള്‍ അഗ്നിപര്‍വതച്ചാരത്തിനുള്ളില്‍ കിടന്നിരുന്ന ജീവരൂപങ്ങള്‍ അഴുകി ഇല്ലാതായപ്പോള്‍ ചാരത്തിനുള്ളില്‍ ഒരു പോത് അവശേഷിച്ചു. ഈ പോതുകളിലേക്ക് പ്ലാസ്റ്റര്‍ ഓഫ് പാരീസ് ദ്രവരൂപത്തില്‍ ഒഴിച്ച് കട്ടിയാകാന്‍ അനുവദിച്ച ശേഷം ചുറ്റുമുള്ള ചാരം നീക്കിയപ്പോള്‍ ലഭിച്ച രൂപം അവരുടെ അന്ത്യനിമിഷങ്ങളെ വെളിപ്പെടുത്തുന്നതായിരുന്നു. ആയിരത്തിലേറെ ഇത്തരം രൂപങ്ങള്‍ ഗുസെപ്പെ ഫിറോലി രൂപപ്പെടുത്തി. അഗ്നിപര്‍വതത്തില്‍ നിന്നും പുറപ്പെട്ട ദുസ്സഹമായ ചൂടിലും ലാവയിലും ചാരത്തിലും അകപ്പെട്ട് നിസ്സാഹായരായി വെന്തൊടുങ്ങിയ പോംപിയന്‍ ജനതയുടെ അവസാനനിമിഷങ്ങളെ നമുക്കും അനുഭവവേദ്യമാക്കുന്ന പോംപിയില്‍ നിന്നും സന്ദര്‍ശകര്‍ക്ക് വെറുതേ ഇറങ്ങിപ്പോരാനാവില്ല. അതിതീവ്ര വേദനയുടെ തീമല നമ്മളെയും ചവിട്ടിപ്പിടിക്കും. ഒരു ദിവസം മുഴുവന്‍ ഞങ്ങള്‍ അവിടെയുണ്ടായിരുന്നു. പോംപിയുടെ ഓര്‍മ്മകള്‍ നമ്മെ അത്രവേഗം വിട്ടൊഴിയുകയില്ല. ജീവിതത്തിന്റെ ക്ഷണികതയെ നമുക്ക് മുന്നില്‍ നഗ്നമാക്കുന്ന ഈ അനുഭവമാണ് മധുരാന്തകം എന്ന കഥ എഴുതാന്‍ എനിക്ക് പ്രേരണയായത്. ഒരു ദിവസം മുഴുവനും ഞങ്ങള്‍ ലൈജുവിനൊപ്പം അവിടെ ചിലവഴിച്ചു.
കാപ്പിറ്റോള്‍ മ്യൂസിയങ്ങള്‍
കാപ്പിറ്റോള്‍ മ്യൂസിയങ്ങള്‍ മറ്റൊരു വിധത്തിലാണ് നമ്മോട് ഇടപെടുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മ്യൂസിയങ്ങളില്‍ ഒന്നാണ് കാപ്പിറ്റോള്‍ മ്യൂസിയം. ക്രിസ്തുമതത്തോട് മാത്രം ബന്ധപ്പെടുത്തി റോമിനെ കാണുന്നവര്‍ പൊതുവേ പോംപിയെയും കാപ്പിറ്റോള്‍ മ്യൂസിയങ്ങളെയും ഒഴിവാക്കുകയാണ് പതിവ്. ക്രിസ്തുവിനും എട്ട് നൂറ്റാണ്ടുകള്‍ മുന്‍പ് റോം നിലവിലുണ്ടായിരുന്നു. ചെന്നായ പാലൂട്ടിവളര്‍ത്തിയ രണ്ട് അനാഥകുട്ടികളായ റോമുളുസും റേമൂസും ചേര്‍ന്ന് റോമാനഗരം സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. ആധുനിക പാശ്ചാത്യസംസ്‌കൃതിക്ക് ഈ നഗരത്തിന്റെ സംഭാവനകള്‍ ഈടുറ്റതാണ്. ലത്തീന്‍ ഭാഷ, അദ്ധ്യാത്മികത, സാമൂഹിക ഘടന, നിയമം, രാഷ്ട്രീയം, സാങ്കേതികവിജ്ഞാനം, നഗരാസൂത്രണം, വാസ്തുവിദ്യ, സാഹിത്യം, യുദ്ധതന്ത്രം, ഭരണവ്യവസ്ഥ തുടങ്ങി എല്ലാമേഖലകളിലും റോമന്‍ സാമ്രാജ്യം അതിന്റേതായ സംഭാവനകള്‍ നല്‍കി. ജനാധിപത്യത്തിന്റെ പൂര്‍വ്വമാതൃകകള്‍ റോമിലാണ് ഉരുവം കൊണ്ടത്. നഗരപിതാക്കന്മാര്‍ ചേര്‍ന്ന് ചക്രവര്‍ത്തിയെ തെരഞ്ഞെടുക്കുന്നതായിരുന്നു കുറേക്കാലം റോമിന്റെ ഭരണരീതി. കലിഗുളയെപ്പോലുള്ള സ്വേച്ഛാധിപതികളും മാര്‍ക്കസ് ഔറേലിയസിനെപ്പോലുള്ള തത്വചിന്തകരായ ഭരണാധിപന്മാരും റോമില്‍ ആധിപത്യത്തിലെത്തിയിരുന്നു. റിപ്പബ്ലിക് എന്ന ആശയത്തിനും ലോകം റോമിനോട് കടപ്പെട്ടിരിക്കുന്നു.

യൗവനത്തില്‍ ഏറ്റവുമധികം ആകര്‍ഷിച്ച ചിന്തകന്‍ മാര്‍ക്കസ് ഔറേലിയസും അദ്ദേഹത്തിന്റെ പ്രഖ്യാത രചനയായ മെഡിറ്റേഷന്‍സ് എന്ന തത്വചിന്താഗ്രന്ഥവുമായിരുന്നു. രണ്ടാം നൂറ്റാണ്ടില്‍ 161 മുതല്‍ 180 വരെ റോം ഭരിച്ച ഈ ചക്രവര്‍ത്തി സ്‌റ്റോയിക് ചിന്തയുടെ വക്താവായിരുന്നു. ആനന്ദത്തോടുള്ള മോഹവും വേദനയോടുള്ള ഭയവും ഇല്ലാതാക്കി ജീവിതത്തെ അത് ഇതള്‍വിരിഞ്ഞ് വരുമ്പോലെ സ്വീകരിക്കാനാകണമെന്നതായിരുന്നു മാര്‍ക്കസ് ഔറേലിയസിന്റെ സമീപനം. നാം അനുവദിക്കാത്തതൊന്നും നമ്മള്‍ അനുഭവിക്കേണ്ടിവരില്ലെന്ന മാര്‍ക്കസിന്റെ വാക്കുകള്‍ എനിക്ക് ജ്ഞാനസൂക്തമായിരുന്നു. ലോകത്തിനുമേല്‍ നമ്മുടെ സ്വാധീനം പരിമിതമാണെങ്കിലും മനസ്സ് നമ്മുടെ വരുതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍ അലട്ടിയിരുന്ന യൗവനത്തില്‍ തത്വചിന്തകനായ ഈ റോമന്‍ ചക്രവര്‍ത്തി എനിക്ക് ബലിഷ്ഠതയുടെയും അതിജീവനത്തിന്റെയും ഉറപ്പായിരുന്നു. റസ്സല്‍ ക്രോ നായകനായി അഭിനയിച്ച ലോകപ്രശസ്തമായ ഗ്ലാഡിയേറ്റര്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ കേന്ദ്രസ്ഥാനത്ത് മാര്‍ക്കസ് ഔറേലിയസാണ്. റോമന്‍ ചരിത്രത്തിലെ ഏറ്റവും ഗാംഭീര്യവാനായ മാര്‍ക്കസ് ഔറേലിയസിന്റെ അശ്വാരൂഢ പ്രതിമ മ്യൂസിയത്തിന്റെ നടുമുറ്റത്തുണ്ടായിരുന്നു. നാലേകാല്‍ മീറ്റര്‍ ഉയരമുള്ള ആ പിത്തള പ്രതിമ മ്യൂസിയത്തിനകത്ത് ഉണ്ടായിരുന്ന പുരാതന പ്രതിമയുടെ പകര്‍പ്പായിരുന്നു. രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ഈ പ്രതിമ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഈ മ്യൂസിയത്തില്‍ എറ്റവുമധികം പേര്‍ കാണാനെത്തുന്ന പ്രതിമയും ഇതുതന്നെ. യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ ഏറ്റവുമധികം തിളങ്ങി നില്‍ക്കുന്ന എന്റെ ഓര്‍മ്മയും മറ്റൊന്നല്ല. ഒരു ദിവസം മുഴുവനും കണ്ടിട്ടും മനസ്സിനിണങ്ങിയപോലെ അവിടെയുണ്ടായിരുന്നതെല്ലാം കണ്ടുതീര്‍ക്കാനായില്ല. ശില്‍പ്പങ്ങളുടെയും ചിത്രങ്ങളുടെയും പുരാവസ്തുശേഖരങ്ങളുടെയും അതിബൃഹത്തായ ഒരു കലവറയാണ് ഈ മ്യൂസിയം. പിത്രൊ കൊര്‍ട്ടോന, ലോട്ടോ, മൈക്കലാഞ്ചലോ, ടിറ്റിയന്‍, റൂബന്‍സ്, കറാവാഗിയോ, ബെര്‍നിനി തുടങ്ങിയ ഭൂവനപ്രശസ്തരുടെ രചനകള്‍ അവയില്‍ ചിലത് മാത്രമാണ്. ഇവര്‍ക്കൊപ്പം ക്രിസ്തുവിന് നൂറ്റാണ്ടുകള്‍ മുന്‍പുമുതലുള്ള മാര്‍ബിളിലും പിത്തളയിലും തീര്‍ത്ത ശില്‍പങ്ങള്‍ നമ്മെ വിസ്മയിപ്പിക്കാനും ആഹ്ലാദിപ്പിക്കാനുമായി ഇവിടെയുണ്ട്. റോമുളൂസും റേമൂസും ചെന്നായുടെ മുലപ്പാല്‍ നുണയുന്ന പിച്ചളപ്രതിമ അതിലൊന്നാണ്.

പില്‍ക്കാലത്ത് റോമിനെ അതിന്റെ പ്രൗഢിയിലേക്കും സമ്പ്രദായങ്ങളിലേക്കും പുനസ്ഥാപിച്ച കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി സിംഹാസനസ്ഥനായിരിക്കുന്ന പന്ത്രണ്ട് മീറ്റര്‍ ഉയരമുള്ള തൂവെള്ള മാര്‍ബിള്‍ ശില്‍പ്പത്തിന്റെ ശിരസും പാദങ്ങളും ബാഹുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അവയുടെ തികവും സുഭഗതയും അപൂര്‍വചാരുതയുള്ളതാണ്. ശിരസ്സിന് മാത്രം രണ്ടര മീറ്റര്‍ ഉയരമുണ്ട്. പാദങ്ങള്‍ക്ക് രണ്ട് മീറ്ററും. റോമന്‍ കലയുടെ ചരിത്രം സജീവമായ കാപിറ്റോള്‍ മ്യൂസിയം കാണാതെയുള്ള നഗര സന്ദര്‍ശനം തീര്‍ത്തും അപൂര്‍ണ്ണമായിരിക്കും.
വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സീസിനൊപ്പം
വൈകുന്നേരം വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സീസിനൊപ്പം ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. തലകുനിച്ചുനിന്ന് പോപ്പില്‍ നിന്നും ആശീര്‍വാദം സ്വീകരിച്ചത് ജീവിത പങ്കാളിക്ക് അസുലഭ ഭാഗ്യനിമിഷങ്ങളായി. നാട്ടുകാരനായ സുഹൃത്ത് ലൈജു പുത്തന്‍പുരക്കലും സുഹൃത്തുമായിരുന്നു ഞങ്ങളുടെ സാരഥികള്‍. അവരുടെ ദീര്‍ഘകാല പരിചയം റോമിലെയും ചുറ്റുവട്ടത്തെയും നിരവധി കാഴ്ചകളിലേക്ക് ഞങ്ങളെ കൊണ്ടുപോയി. വൈദ്യുതിയും മോട്ടോര്‍ പമ്പുകളും രംഗത്തെത്തുന്നതിനുമുന്‍പേ അക്വാഡക്റ്റ് സംവിധാനത്തിലൂടെ പുരാതന റോമാനഗരത്തില്‍ സാധാരണ പൗരന്മാര്‍ക്കായി ജലവിതരണം ഏര്‍പ്പെടുത്തിയിരുന്നു. നഗരചത്വരങ്ങളിലെയും മറ്റും പ്രസിദ്ധങ്ങളായ പല ജലധാരകളും ഇതുവഴിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ക്രിസ്തുവിന് മുന്‍പ് പ്രവര്‍ത്തിച്ചുതുടങ്ങിയ അവയില്‍ ചിലത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാര്‍ബില്‍ ശില്‍പങ്ങളാല്‍ മനോഹരമാക്കി വെള്ളം തുള്ളിത്തുളുമ്പുന്ന ഈ ജലധാരകളിലേക്ക് നാണയങ്ങള്‍ എറിയുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് കരുതപ്പെടുന്നതിനാല്‍ ഇവിടങ്ങളില്‍ സന്ദര്‍ശകബാഹുല്യം കാണാം.

നാലാം ദിവസം കൊച്ചിയില്‍ നിന്നുമുള്ള സന്ദര്‍ശക ഗൂപ്പ് റോമിലെത്തി. ഞങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു. ട്രാവല്‍ ഏജന്‍സി ഏര്‍പ്പെടുത്തിയ ബെന്നി ജോര്‍ജ് എന്ന ഗൈഡും ഒപ്പമുണ്ടായിരുന്നത് സൗകര്യപ്രദമായി. നിരവധി ടൂര്‍ഗ്രൂപ്പുകള്‍ക്ക് ഒപ്പം യാത്രചെയ്തുള്ള പരിചയം ബെന്നിയുടെ സന്നിദ്ധ്യത്തെ പ്രയോജനകരമാക്കി. ബിസിനസ്സുകാരും അദ്ധ്യാപകരും അഭിഭാഷകരും ശാസ്ത്രജ്ഞരും വീട്ടമ്മമാരുമൊക്കെ ഉള്‍പ്പെട്ട ആ സംഘത്തോടൊപ്പമുള്ള യാത്ര ഉല്ലാസകരമായിരുന്നു. പലരും അടുത്ത സ്‌നേഹിതരായി. അമേരിക്കന്‍ ദ്വീപായ ഹവായില്‍ നിന്നും വന്ന ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ജോസഫ് അഗസ്റ്റസും ഭാര്യ പ്രേമിയും എല്ലാവര്‍ക്കും പ്രിയങ്കരരായി. എറണാകുളം മഹാരാജാസിലെ ആദ്യ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ പങ്കാളിയായ അദ്ദേഹം പില്‍ക്കാലത്ത് നാസയില്‍ ശാസ്ത്രജ്ഞനായി ആദ്യ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാവുകയും ചെയ്തു. അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാന്‍ ഞങ്ങളെല്ലാവരും സദാ ഉത്സാഹിതരായിരുന്നു. ഡോ.അഗസ്റ്റസ് ഇപ്പോള്‍ റിട്ടയര്‍ ചെയ്ത് ഹവായ് ദ്വീപില്‍ വിശ്രമജീവിതം നയിക്കുന്നു. ഇടയ്ക്ക് കൊച്ചിയില്‍ എത്താറുണ്ട്. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ സംഘത്തില്‍ ഉണ്ടായിരുന്ന ക്യാപ്റ്റന്‍ ജോസും ഭാര്യ മെഴ്‌സിയും, പാലക്കാട് ബിസനസ്സുകാരനായ ജോസ് പഴയപുരക്കലും ഭാര്യ മോളിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ സാന്ദ്രയും അഡ്വക്കേറ്റ് പോളി അരിക്കാടനും കോളേജ് അദ്ധ്യാപികയായ ഭാര്യ ജെസിയും മറ്റനേകം പേരും കലര്‍ന്ന് ആ യൂറോപ്യന്‍ ടൂറിനെ മറക്കാനാവാത്തതാക്കി.

കലയുടെ ഗാംഭീര്യത്താലാണ് റോം നമ്മളെ ആകര്‍ഷിക്കുന്നത്. ഭക്തിയൊക്കെ ഓരങ്ങളിലേക്ക് ഒതുങ്ങുന്നു. ഇറ്റലിയിലെ മിക്കപട്ടണങ്ങളും അങ്ങിനെ തന്നെ. എങ്കിലും അസീസിയിലെത്തുമ്പോള്‍ സംഗതികള്‍ മാറുന്നു. കലയും കനകവും മാര്‍ബിള്‍ മിനുസങ്ങളും ഫ്രാന്‍സീസ് അസീസിയുടെ ലാളിത്യത്തിന് വഴിമാറുന്നു. നിരാര്‍ഭാടകരമായ ആ ഭദ്രാസനപ്പള്ളി നിസ്വതയെ അണിഞ്ഞ് നമ്മളെ അദ്ധ്യാത്മികതയുടെ പ്രശാന്തതയിലേക്ക് ക്ഷണിക്കുന്നു. അപ്പോള്‍ അദ്ധ്യാത്മികതയുടെ സ്പര്‍ശം സന്ദര്‍ശകന് അനുഭവപ്പെടുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് പള്ളിക്ക് മുന്നില്‍ പോപ്പ് ഫ്രാന്‍സീസിന് ചുറ്റും പ്രാര്‍ത്ഥനയും പ്രഭാഷണവുമായി ജനറല്‍ ഓഡിയന്‍സില്‍ പങ്കുചേരാനും ഞങ്ങള്‍ക്ക് അവസരമുണ്ടായി. തൊട്ടരുകിലുള്ളവരുമായി പാരസ്പര്യവും പങ്കാളിത്തവും രൂപപ്പെടുത്തുന്നതാണ് പ്രാര്‍ത്ഥനയേക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നതെന്ന് ഫ്രാന്‍സീസ് പാപ്പാ സന്ദര്‍ശകരെ ഓര്‍മ്മിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ഒരു ദിവസമായിരുന്നതിനാല്‍ പാപ്പാ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും സേവനത്തെ എടുത്തുപറഞ്ഞ് പ്രശംസിച്ചത് നഴ്‌സായ എന്റെ ജീവിതപങ്കാളിക്കും മെഡിക്കല്‍ വിദ്യര്‍ത്ഥിയായ സാന്ദ്രയ്ക്കും ഹൃദ്യമായി. കൈവശം കരുതിയിരുന്ന ഇന്ത്യന്‍ ദേശീയ പതാക വീശി പാപ്പായുടെയും അവിടെ കൂടിയിരുന്ന പരദേശികളുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ എന്റെ ഭാര്യ ശ്രമിച്ചു. പലരും അവരവരുടെ ദേശീയ പതാകകള്‍ കൊണ്ടുവന്നിരുന്നു. ഏറ്റവും മികച്ച പതാക ഇന്ത്യയുടേതാണെന്ന കാര്യത്തില്‍ എന്റെ ശ്രീമതിക്ക് സന്ദേഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. പോപ്പ് ഫ്രാന്‍സീസ് അര്‍ജന്റീനക്കാരനാണെന്നതിനാല്‍ ആ ചത്വരത്തെ ഒരു കോലാഹലമേടാക്കാന്‍ അവര്‍ കൂറ്റന്‍ പതാകകളുമായി മുന്നിട്ടുനിന്നു.
കിഴക്കിന്റെ വെനീസുകാര്‍ യഥാര്‍ഥ വെനീസില്‍
കിഴക്കിന്റെ വെനീസ് എന്ന് പേരുള്ള ആലപ്പുഴയില്‍ നിന്നുമുള്ള ഞങ്ങള്‍ക്ക് വെനീസ് സന്ദര്‍ശനം സവിശേഷമായിരുന്നു. ഇടുങ്ങിയ കനാലുകളിലൂടെ ചെറുവള്ളത്തില്‍ നിരവധി പാലങ്ങള്‍ക്ക് കീഴിലൂടെയുള്ള യാത്ര ആലപ്പുഴയെ ഓര്‍മ്മിപ്പിച്ചു. വെനീസിലെ സെന്റ് മാര്‍ക്‌സ് സ്‌ക്വയറിലെ ചുവര്‍ഘടികാരം ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചുവര്‍ ഘടികാരമാണെന്ന് വെനീസ് മുന്‍സിപ്പാലിറ്റി അവകാശപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഘടികാരത്തില്‍ സൂര്യചന്ദ്രന്മാര്‍ ഭൂമിയെ ചുറ്റുന്നതായാണ് ആലേഖനം ചെയ്തിട്ടുള്ളത്.

ഇറ്റലിയില്‍ നിന്നും ഞങ്ങളുടെ ആഢംബര ബസ് സ്വിറ്റ്‌സെര്‍ലണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ പാസ്‌പോര്‍ട്ടും വിസയുമെല്ലാം പരിശോധിക്കപ്പെടുമെന്ന് കരുതി ഞാന്‍ തയ്യാറായിരുന്നെങ്കിലും യാതൊരുവിധ പരിശോധനയും ഉണ്ടായില്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ വിസയുള്ളവര്‍ക്ക് അതിര്‍ത്തികളില്‍ പ്രവേശനം സുഗമമാണെന്ന് സ്‌പെയിന്‍ കാരനായ ഡ്രൈവര്‍ അബ്ദുള്‍ പറഞ്ഞു. ടുണീഷ്യക്കാരനായ അബ്ദുള്‍ സ്‌പെയിനിലേക്ക് കുടിയേറിയതാണ്. പാതയുടെ ഒരു വശത്തുള്ള പുല്‍മേട്ടില്‍ ഫുട്ബാള്‍ കളിച്ചുകൊണ്ടിരിക്കുന്ന കൗമാരക്കാരില്‍ പകുതി ഇറ്റലിക്കാരയിരിക്കുമെന്നും അവര്‍ കളി കഴിഞ്ഞാല്‍ സൈക്കിളില്‍ അതിര്‍ത്തികടന്ന് ഇറ്റലിയിലേക്കുപോകുമെന്നും അബ്ദുള്‍ കൂട്ടിച്ചേര്‍ത്തു. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധങ്ങളും അതിര്‍ത്തിത്തര്‍ക്കങ്ങളും പ്രായേണ ഇല്ലാത്തതിനാല്‍ പ്രതിരോധച്ചിലവ് നാമമാത്രമാണെന്നത് ഞാനപ്പോള്‍ ഓര്‍ത്തു. അവര്‍ പുരോഗമിക്കുന്നതില്‍ അത്ഭുതമില്ല. ഇന്ത്യയുടെ ദേശീയ ബജറ്റിന്റെ പതിനാറ് ശതമാനം പ്രതിരോധച്ചിലവാണ്. അതാകട്ടെ എല്ലാവര്‍ഷവും കൂടിക്കൊണ്ടേയിരിക്കുന്നു. പാക്കിസ്ഥാനും ചൈനയുമായുള്ള നമ്മുടെ ബന്ധങ്ങള്‍ ഇപ്പോഴത്തെ രീതിയില്‍ "പുരോഗമിച്ചുകൊണ്ടിരുന്നാല്‍' പ്രതിരോധച്ചെലവ് നമ്മുടെ ബജറ്റിന്റെ മൂന്നിലൊന്നാകാന്‍ വലിയ കാലതാമസം വേണ്ടിവരില്ല. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും യുദ്ധക്കോപ്പുകള്‍ ഉണ്ടാക്കി ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വിറ്റ് കൂടുതല്‍ കൂടുതല്‍ ലാഭം കൊയ്യും. ദേശത്തായാലും പരദേശങ്ങളിലായാലും കോര്‍പ്പറേറ്റുകള്‍ ലാഭം തിന്ന് കൊഴുക്കട്ടെ! സകല മതങ്ങളുടെയും ഈശ്വരന്മാരും അവരുടെ കക്ഷത്താണല്ലോ.
വിനോദസഞ്ചാരയിടങ്ങള്‍ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമാം വിധം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പാശ്ചാത്യര്‍ ശ്രദ്ധ ചെലുത്തുന്നു. എവിടെയും നമുക്കത് തിരിച്ചറിയാനാകുമായിരുന്നു. സൂറിച്ച് ഹില്‍ട്ടണിലായിരുന്നു താമസം ഏര്‍പ്പാട് ചെയ്തിരുന്നത്. വൈവിദ്ധ്യമുള്ള മികച്ച ഭക്ഷണവും മികച്ച താമസ സൗകര്യങ്ങളും. ആ കാര്യത്തില്‍ ട്രാവല്‍ ഏജന്‍സി ഞങ്ങളെ ചതിച്ചില്ല. അവിടെ നിന്നും ഞങ്ങള്‍ ആല്‍പ്‌സ് സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. സ്വിസ് ആല്‍പ്‌സിലെ ഒരു പര്‍വത ശിഖരമായിരുന്ന 3238 മീറ്റര്‍ ഉയരത്തിലുള്ള മൗണ്ട് ടിറ്റ് ലിസായിരുന്നു ലക്ഷ്യം. സമീപത്തുള്ള എംഗള്‍ബെര്‍ഗ് പട്ടണത്തില്‍ നിന്നും ടിറ്റ് ലിസ് ശിഖരത്തിലേക്ക് കേബിള്‍ കാറില്‍ സഞ്ചരിച്ചത് മറക്കാനാവുന്നില്ല. സര്‍വത്ര വെളുത്ത മഞ്ഞ് വാരിപ്പുതച്ച മലനിരകള്‍. അന്നുവരെ കണ്ടിട്ടില്ലാത്ത അപൂര്‍വ്വദൃശ്യം.

തത്തിക്കളിക്കുന്ന സൂര്യപ്രകാശം. ഗിരിശിഖരത്തില്‍ മഞ്ഞില്‍ ചുറ്റിനടക്കാനും താത്പ്പര്യമുള്ളവര്‍ക്ക് സ്‌കേറ്റ് ചെയ്യാനും തള്ളിനില്‍ക്കുന്ന സുതാര്യമായ കോഫി പാര്‍ലറുകളിലിരുന്ന് ചൂട് കാപ്പിയും മൊത്തിക്കുടിച്ച് കാഴ്ചകളില്‍ മുഴുകാനും സൗകര്യമുണ്ടായിരുന്നു. മഞ്ഞിലെ നടപ്പ് സാധ്യമാക്കുന്ന ഷൂ കരുതിയിരുന്നതിനാല്‍ മലമുകളിലെ മഞ്ഞില്‍ ഞാനും ജസ്സിയും കൗതുകത്തോടെ ചുറ്റിനടന്നു. സന്ദര്‍ശകരുടെ ബാഹുല്യം നിമിത്തം ഐസ് പ്രതലം മിനുസപ്പെടാനും തെന്നാനും സാധ്യതയുള്ളതിനാല്‍ ട്രാക്ടര്‍ പോലുള്ള ഒന്നിലധികം വാഹനങ്ങള്‍ പിന്നില്‍ ഘടിപ്പിച്ച കൂറ്റന്‍ ചവറ്റുവലിപോലുള്ള ഒരുപകരണവുമായി അവിടെങ്ങും ചുറ്റിത്തിരിഞ്ഞ് മഞ്ഞിനെ മാന്തി ഇളക്കിക്കൊണ്ടിരുന്നു. അതിനുമുകളിലൂടെ നടക്കുക ശ്രമകരം ആയിരുന്നില്ല. രസകരമായ അനുഭവം. അടുത്ത ദിവസം മനോഹരമായ ലൂസേണ്‍ പട്ടണത്തില്‍ കാഴ്ചകള്‍ കണ്ട് പ്രസിദ്ധമായ സ്വിസ് ചോക്ലേറ്റും വാച്ചുകളും വാങ്ങുവാന്‍ ചുറ്റിത്തിരിഞ്ഞു. ജുബൈലിലെ ചന്തകളില്‍ കിട്ടുന്നതിനേക്കാള്‍ വലിയ വിലക്കുറവൊന്നും ഉണ്ടായിരുന്നില്ല.
നോത്രദാം ഭദ്രാസനപ്പള്ളിയില്‍
പാരീസില്‍ ഐഫല്‍ ടവറില്‍ കയറിയ ശേഷമാണ് ഞങ്ങള്‍ നോത്രദാം ഭദ്രാസനപ്പള്ളിയിലെത്തിയത്. ആ യാത്രയില്‍ അതുവരെ കണ്ട അസംഖ്യം ഭദ്രാസനപ്പള്ളികളില്‍ നിന്നും ഭിന്നമായിരുന്നു നോത്രെദാം. ആകാശങ്ങളെ തുളച്ച് പൊന്തുന്ന സ്തൂപിതാഗ്രങ്ങളാല്‍ സമൃദ്ധമായ ഗോഥിക് വാസ്തുവിദ്യതന്നെയായിരുന്നു അതിന് കാരണം. അഭൗമമായ ഒന്നിലേക്ക് കയറിപ്പോകുന്ന ഗോപുരപ്പെരുമകള്‍. കുംഭഗോപുരം പോലുള്ള ഒറ്റഘടനയല്ലത്. നീണ്ട് മെലിഞ്ഞ സുഭഗമായ നിരവധി സ്തൂപങ്ങള്‍. വിസൃതിയെക്കാളും ഔന്നത്യത്തെയാണ് ഗോഥിക് വാസ്തുവിദ്യ പിഞ്ചെല്ലുന്നത്. ചുവരുകളില്‍ മുക്കാലും ഉയര്‍ന്നുപൊന്തുന്ന കമനീയമായ ചില്ലുജാലകങ്ങളും അവയുടെ വര്‍ണ്ണപ്പൊലിമയും. പള്ളിയുടെ അകം വെളിച്ചത്തോടൊപ്പം ഇരുളിനെയും കാമ്യമായി വിന്യസിച്ചിരിക്കുന്നു. അതിനിടയില്‍ വിക്ടര്‍ യൂഗോയുടെ ക്വാസിമോദോയ്ക്കായി ഞാന്‍ അറിയാതെ തിരഞ്ഞു. വളരെ നേരം ആ കത്തീഡ്രലില്‍ ഞങ്ങള്‍ തങ്ങി. അകത്തും പുറത്തുമായി കാണാന്‍ ഒത്തിരിയുണ്ടായിരുന്നു. ഒടുവിലാണ് കത്തീഡ്രലിന്റെ സംരക്ഷകനായ ചക്രവര്‍ത്തിയുടെ പ്രതിമയെക്കുറിച്ച് ഗൈഡ് പറഞ്ഞത്. എന്നെ അമ്പരപ്പിച്ചുകൊണ്ട് ആ പ്രതിമ സാക്ഷാല്‍ കാറത്സ്മാന്‍ ചക്രവര്‍ത്തിയുടേതായിരുന്നു; എന്റെ ബാല്യകൗമാരങ്ങളെ നിറം പിടിപ്പിച്ച ചവിട്ടുനാടക നായകന്‍. ആലപ്പുഴയുടെ തീരദേശങ്ങളില്‍ നിന്നും മാഞ്ഞുപോയ അരങ്ങുകളില്‍ നിന്നും പറിച്ചുനാട്ടിയപോലെ ഉഗ്രപ്രതാപവാനായി ചിന്നത്തമ്പി അണ്ണാവിയുടെ നായകന്‍ ചെന്തമിഴ് ചുവടികളുടെ വീരരസത്തില്‍ ചവിട്ടിയുയരുന്ന കാഴ്ച എനിക്ക് ഗൃഹാതുരതയുടെ ദീപ്തിയായി.

ഞാനോടിച്ചെന്ന് കൊച്ചീക്കാരനായ ഡോക്ടര്‍ അഗസ്റ്റസിനെ കൂട്ടിക്കൊണ്ടുവന്നു. ഞങ്ങള്‍ക്കിരുവര്‍ക്കും ചക്രവര്‍ത്തി സുപരിചിതനായിരുന്നു. പാരീസില്‍ ഈവിധം അദ്ദേഹത്തെ സന്ധിക്കുമെന്ന് ആരറിഞ്ഞിരുന്നു! പോയവര്‍ഷം കത്തീഡ്രലിന് തീപിടിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം തേടിയത് ചവിട്ടുനാടകനായകന് എന്ത് സംഭവിച്ചുവെന്നായിരുന്നു. അദ്ദേഹം നാടകത്തിലേതുപോലെ ഇപ്പോഴും ആപത്തനര്‍ത്ഥങ്ങള്‍ തീണ്ടാതെ പള്ളിമുറ്റത്തുണ്ടെന്നത് എനിക്ക് സന്തോഷത്തിന് കാരണമായി.
മൂന്ന് ആഴ്ചകള്‍ വളരെവേഗം കടന്നു പോയതായി തോന്നി. പോര്‍ട്ടുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നിന്നും ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. ദുബായില്‍ ഇറങ്ങി ഞാനും ജസ്സിയും സൗദി അറേബ്യയിലെ ദമാമിലേക്കും മറ്റുള്ളവര്‍ കൊച്ചിയിലേക്കും പോന്നു. ഇറ്റലിയിലെ മുന്തിരിത്തോപ്പിന്റെ മാനേജരായ ലൈജു പുത്തന്‍പുരക്കല്‍ പ്രിയത്തോടെ സമ്മാനിച്ച വിശേഷപ്പെട്ട ഒരു കുപ്പി വൈന്‍ ദുബായില്‍ വച്ച് ഞാനൊരു സുഹൃത്തിന് സമ്മാനിച്ചു. അത് സ്‌നേഹം കൊണ്ടൊന്നും ആയിരുന്നില്ല. സൗദി അറേബ്യയിലേക്ക് വൈന്‍ കൊണ്ടുവരുന്നത് അപകടകരമായിരുന്നു. മറ്റെല്ലാം ആ യാത്രയില്‍ പ്രിയം തുളുമ്പുന്നതായിരുന്നു.

എഴുത്തുകാരന്‍
UMESH KALARIKKAL
11 Feb 2021, 01:15 PM
യൂറോപ്പ് സന്ദർശിക്കാനുള്ള മോഹത്തെ ഒന്നുകൂടി ഉറപ്പിച്ചു :)
Telson John
8 Feb 2021, 10:17 AM
വളരെ നല്ല യാത്ര വിവരണം .. ഇറ്റലി സന്ദർശിക്കണം എന്ന മോഹം ഉടലെടുത്തിരുന്നു .നല്ല ഫീൽ കിട്ടി . പോംപി ഒരു നൊമ്പരമായി .... ഇന്ത്യയും പാകിസ്താനും അവരുടെ മണ്ടത്തരങ്ങളുടെ ആഴം തിരിച്ചറിഞ്ഞു തിരുത്തും എന്നു കരുതാം
Felix J Pulludan
8 Feb 2021, 07:28 AM
പി ജെ ജെ യുടെ എഴുത്തിന് ഒരു പ്രത്യേക വശ്യതയുണ്ട്. അത് കഥകളിലായാലും ലേഖനങ്ങളിലായാലും വല്ലാതനുഭവപ്പെടും. ആലങ്കാരികതകളുടെ അനാവശ്യ അകമ്പടിയില്ലാതെ ലളിതപദങ്ങളുടെ സമജ്ജസമായ സമ്മേളനം വായനക്കാരന് മുഷിയാതെ വായിക്കാന്‍ അയാളറിയാതെ തന്നെ പ്രേരണയാകും. എഴുത്ത് തുടരട്ടെ
Prabha mathews
7 Feb 2021, 10:10 PM
You should have given the delicious wine to me in Dubai..😂 beautiful narration, now no need to visit again. Rome is Rome... The city of artitecture..
Seju Davis
7 Feb 2021, 09:58 PM
Thanks for sharing. Vivid description makes great reading. Waiting for more...👍
Paul Alappat
7 Feb 2021, 01:41 PM
ഒരു നല്ല യാത്രാ വിവരണം വായിച്ച അനുഭവം. ഇത്തരം എഴുത്തുകൾ ആണ് വായന ഒരു അനുഭവം ആക്കി മാറ്റുന്നത്. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
പി. ജെ. ജെ. ആന്റണി
Nov 05, 2020
14 Minutes Read
ഇ.എ സലീം
Jul 29, 2020
3 Minutes Read
T. R. Henry
17 Feb 2021, 08:13 PM
യാത്ര വിവരണം വളരെ ഇഷ്ടപ്പെട്ടു.. ഞങ്ങൾ കാണാത്ത ക്യാപ്പിറ്റോൾ മ്യൂസിയവും, നോത്രാടാം പള്ളിയും കണ്ടപോലെ ആയി.. ഇനിയും ഇതുപോലുള്ള യാത്രവിവരണം പ്രതീക്ഷിക്കുന്നു