ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിന് തുടക്കമായി. നാട്ടില്‍ മക്കളും കൊച്ചുമക്കളും ഉത്സാഹത്തോടെ ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ട്. വായനയ്ക്കും എഴുത്തിനും കൂടുതല്‍ സമയം ഇനി ലഭിക്കും. സംതൃപ്തിയുണ്ടാക്കുന്നതും ആഹ്ലാദകരവുമായിരുന്ന സൗദി ജീവിതത്തിന് വിട- ഗൾഫ് ഓര്‍മയെഴുത്ത് അവസാനിക്കുന്നു
31 Mar 2021, 04:00 PM
കാല്‍നൂറ്റാണ്ട് ഒരേ സ്ഥാപനത്തില്‍ പണിയെടുക്കുക, അതിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം തുഴയുക, അതിലെ ജീവനക്കാരില്‍ പ്രിയരെയും സ്നേഹിതരെയും കണ്ടെത്തുക, അതിന്റെ വളര്‍ച്ചയ്കൊപ്പം വളരാനാകുക- ഇതൊക്കെയായിരുന്നു ഞാനും തൊഴിലുടമയായ അല്‍ യൂസര്‍ ടൗണ്‍സെന്‍ഡ് ബോട്ടും കമ്പനിയുമായുള്ള ബന്ധം. ഗള്‍ഫിലെ പല രാജ്യങ്ങളില്‍ പണിയെടുത്തശേഷമാണ് സൗദി അറേബ്യയിലെത്തിയത്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരുമായി ടീമായി ജോലിചെയ്തതിന്റെ പരിചയവും അത് പകര്‍ന്ന ആത്മവിശ്വാസവും തുണയായി. തുടക്കത്തില്‍ യൂറോപ്യന്‍ മാനേജുമെൻറ് ശൈലിയുമായായിരുന്നു പരിചയമായത്. അത് ക്രുത്യനിഷ്ഠതയുടെ കാര്യത്തിലൊഴികെ മറ്റെല്ലാം വിധത്തിലും ഇന്ത്യന്‍ തന്നെയായിരുന്നു. ജാതിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു തരം ശ്രേണീബദ്ധത അതിന്റെ മുഖമുദ്രയായിരുന്നു.
അമേരിക്കന്‍ മാനേജ്മെൻറ് ശൈലി ഭിന്നമായിരുന്നു. അത് കുറച്ചുകൂടി ജനാധിപത്യപരമായിരുന്നു. സംതൃപ്തനായ തൊഴിലാളി ഉല്‍പാദനക്ഷമതയ്ക്ക് കാരണമാകും എന്ന ബോധ്യം അതിന്റെ ഭാഗമായിരുന്നു.

ഭരിക്കുക എന്നതിന് ഊന്നല്‍ കുറവായിരുന്നു. ജീവനക്കാര്‍ രാജിവച്ചുപോകുന്നത് മാനേജുമെന്റിന്റെ അപര്യാപ്തതകളുടെ സൂചനയായി കരുതപ്പെട്ടു. അമേരിക്കന്‍ മാനേജ്മെൻറ് ശൈലി കൂടുതല്‍ ഉദാരവും മനുഷ്യോന്മുഖവുമായി എനിക്ക് അനുഭവപ്പെട്ടു. അതിനുള്ളില്‍ പണിയെടുക്കുക ഒട്ടൊക്കെ ആഹ്ലാദകരമായിരുന്നു. ഇന്ത്യന്‍ ശൈലി കൂടുതലും യൂറോപ്യന്‍ ആയിരുന്നെങ്കിലും മാറിച്ചിന്തിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടായിരുന്നു. അതിലൊരാളായിരുന്നു സുഹ്രുത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ഡോക്ടര്‍ പി.വി.എസ്.നമ്പൂതിരിപ്പാട്. സൗദിയില്‍ അദ്ദേഹം പ്രസിദ്ധമായ അല്‍ റാഹ്ജി പെട്രൊകെമിക്കല്‍ ഗ്രൂപ്പിന്റെ ബിസിനസ് ഉപദേഷ്ടാവായിരുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രേഡ് യൂണിയന്‍ ഉണ്ടായിരിക്കുന്നത് മാനേജുമെന്റിന്റെയും ജീവനക്കാരുടെയും താത്പ്പര്യങ്ങള്‍ക്ക് ഒരുപോലെ ഗുണം ചെയ്യുമെന്ന് അന്താരാഷ്ട്ര പ്രശസ്തനായ ഈ മാനേജുമെന്റ് വിദഗ്ധന്‍ കരുതിയിരുന്നു. തൊഴിലാളി ക്ഷേമവും ഉല്‍പാദനക്ഷമതയും ഒരുപോലെ ഉറപ്പുവരുത്താന്‍ അതിന് കഴിയുമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെയും കേരളത്തില്‍ അപ്പോളോ ടയേഴ്സിന്റെയും തലപ്പത്ത് ഉണ്ടായിരുന്ന കാലങ്ങളില്‍ പ്രസ്തുത സ്ഥാപനങ്ങളെ പണിമുടക്കുകളില്ലാത്ത, ഉത്പാദനക്ഷമതയുള്ള, ജീവനക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും ബോണസും വേതനവും നല്‍കുന്ന സ്ഥാപനങ്ങളായി നയിക്കാന്‍ ഡോ. പി.വി.എസ്. നമ്പൂതിരിപ്പാടിന് കഴിഞ്ഞതിന്റെ പിന്നിലും ഈ സമീപനങ്ങള്‍ തന്നെയായിരുന്നു. ഞങ്ങളുടെ സംഭാഷണങ്ങളില്‍ അല്‍ യൂസര്‍ കമ്പനിയുടെ തൊഴിലാളി സൗഹൃദ സമീപനങ്ങളെ ഡോ. നമ്പൂതിരിപ്പാട് മതിപ്പോടെ പ്രശംസിച്ചിരുന്നു.

അമേരിക്കക്കാര്‍ മാറി പകരം യൂറോപ്യര്‍ വന്നത് ഇതിനൊക്കെ മാറ്റം വരുത്തി. എക്സിക്യൂട്ടീവ് മാനേജുമെന്റിനും സാധാരണ ജീവനക്കാര്‍ക്കുമിടയിലെ മിഡില്‍ മാനേജ്മെന്റിന്റെ ഭാഗമായിരുന്നവര്‍ക്ക് ഇതിന്റെ ഘര്‍ഷണവും സമ്മര്‍ദ്ദവും കൂടുതലായി അനുഭവപ്പെട്ടു. ഹ്യുമന്‍ റിസോഴ്സിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റായി വന്ന സ്വദേശി ഭരിക്കാന്‍ ഉടുത്തൊരുങ്ങിയ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കമ്പനിയുടെ പത്ത് ശതമാനത്തോളം ഓഹരികളുടെ ഉടമയായിരുന്നത് ആ യുവ ബ്യുറോക്രാറ്റിന്റെ ഭരണത്തെ കൂടുതല്‍ കടുപ്പമുള്ളതാക്കി. അദ്ദേഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കോര്‍പ്പറേറ്റ് നയങ്ങളെ ശക്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുള്ളവ ആയിരുന്നെങ്കിലും എനിക്ക് സുപരിചിതമായിരുന്ന ലിബറല്‍ ശൈലിയുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല.
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നതാവും നല്ലതെന്ന് തോന്നിത്തുടങ്ങി. ഞാന്‍ രാജി നൽകി. എന്നാല്‍ ദീര്‍ഘകാല സുഹൃത്തും മേലധികാരിയുമായിരുന്ന ഹ്യുമന്‍ റിസോഴ്സസ് ഡയറക്ടര്‍ ആദില്‍ അല്‍ അഹ്‌മദ് അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഞാന്‍ തിടുക്കത്തില്‍ തീരുമാനമെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്രമേണ സ്ഥിതിഗതി മാറിവരും എന്ന ശുഭാപ്തിവിശ്വാസിയായിരുന്നു അദ്ദേഹം. എന്നെ അവിടെ പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളുടെ അഭാവവും എന്റെ തീരുമാനത്തിന് കാരണമായി.
സഹോദരിമാരുടെ വിവാഹത്തിന് ധനം സ്വരൂപിക്കാനാണ് ഗള്‍ഫിലെത്തിയത്. ഇഷ്ടപ്പെട്ട പങ്കാളിയെ വിവാഹം ചെയ്ത് ജീവിതം തുടങ്ങാനും ഗള്‍ഫിലെ ജോലി തുണയായി. മക്കള്‍ നാലുപേരും പ്രൊഫഷണല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയിലായി. മകള്‍ വിനീതയുടെ വിവാഹവും കഴിഞ്ഞു. ഭര്‍ത്താവ് ദേശീയ സുരക്ഷാവകുപ്പില്‍ ശാസ്ത്രജ്ഞനായ റോബിന്‍ ചേനപ്പറമ്പില്‍. തുറവൂരിനടുത്തുള്ള മനക്കോടം സ്വദേശി. മകന്‍ വസന്തിന്റെ ജീവിതപങ്കാളി ആലുവാ സ്വദേശി നീബ ജോസ് വേമ്പള്ളി. കമ്പ്യൂട്ടര്‍ എഞ്ചിനിയറായ എമില്‍ കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഏറ്റവും ഇളയവന്‍ ആനന്ദ് ജാം നഗറിലെ റിലയന്‍സ് സൈറ്റില്‍ ജോലിയിലാണെങ്കിലും മത്സരപ്പരീക്ഷയെഴുതി മികച്ചൊരു കോളേജില്‍ എം.ബി.എ യ്ക്ക് ചേരാനാണ് ആഗ്രഹിക്കുന്നത്. അതാകുമ്പോള്‍ ജോലിയും ഉറപ്പാകുമല്ലോ.
ചുരുക്കത്തില്‍ പണത്തിന് ഇനി വലിയ ആവശ്യങ്ങളൊന്നുമില്ല. നാട്ടിലെത്തിയാല്‍ ഭാര്യയുടെ പെന്‍ഷന്‍ മതി ആരെയും ആശ്രയിക്കാതെ ജീവിച്ചുപോകാന്‍. ജോലി രാജി വക്കാനുള്ള എന്റെ താൽപര്യത്തെ ഇതെല്ലാം ബലപ്പെടുത്തി. ഉള്ളില്‍ മറ്റൊരു ചിന്തയും വളരുന്നുണ്ടായിരുന്നു. ഒരു നോവല്‍ എഴുതണം. കഥ മാത്രമാണ് ഇതുവരെ എഴുതിയിട്ടുള്ളത്. രണ്ടുതവണ നോവല്‍ എഴുതിത്തുടങ്ങിയെങ്കിലും മൂന്നുനാല് അദ്ധ്യായങ്ങള്‍ക്കപ്പുറം അതൊന്നും മുന്നോട്ട് നീങ്ങിയില്ല. നോവലെഴുത്തുകാരായ നിരവധി ഗള്‍ഫ് സുഹൃത്തുക്കള്‍ പ്രോത്സാഹനങ്ങളുമായി എന്നെ ഉത്തേജിപ്പിച്ചെങ്കിലും ആവശ്യമായ ഏകാഗ്രതയിലേക്കും തുടര്‍ച്ചയിലേക്കും നീങ്ങാന്‍ എനിക്കായില്ല. ബ്രഹത്തായ ഭൂമികയാണ് നോവലിന്റേത്. നിരവധി കഥാപാത്രങ്ങള്‍. അവര്‍ക്കോരോരുത്തര്‍ക്കും സ്വന്തമായ ജീവിതദര്‍ശനങ്ങള്‍, വെല്ലുവിളികളും പരിസരവും അന്തരീക്ഷവും. പേരും വിലാസവും തൊഴിലും വികാസപരിണാമങ്ങളും. ഒരുവര്‍ഷത്തിലധികം എടുത്തേ നോവല്‍ രചന സാദ്ധ്യമാവുകയുള്ളു.
നോവലിന്റെ ഭൂമിക വിസ്തൃതമാകുന്നതിനനുസരിച്ച് ഈ രചനാകാലവും രണ്ടോ മൂന്നോ വര്‍ഷങ്ങളായി പരിണമിക്കാം. എന്റെ എഴുത്ത് രീതിയുടെ സവിശേഷതകള്‍ കാരണം കഥയായാലും നോവലായാലും അതിന്റെ വിസ്തൃതി, കഥാപാത്രങ്ങള്‍, പരിണാമഗതികള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന പൂര്‍വധാരണകള്‍ സ്വരൂപിക്കുക ഏറെക്കുറെ അസാദ്ധ്യമായിരുന്നു. രാഷ്ട്രീയവും ദര്‍ശനവുമായിട്ടാണ് കഥയും നോവലുമെല്ലാം എന്റെയുള്ളില്‍ കുടിപാര്‍ക്കാന്‍ തുടങ്ങുന്നത്. ബാക്കിയൊക്കെയും അനുക്രമമായി വന്നുചേരുകയാണ്.
എന്നെത്തന്നെ ആശ്ചര്യപ്പെടുത്തുന്ന വികാസപരിണാമങ്ങളിലേക്ക് കഥകള്‍ സഞ്ചരിക്കുന്നത് ഞാന്‍ ആഹ്ലാദത്തോടെ കാണാറുണ്ട്. ഒരുതരം ബിഗ് ബാങ്ങിലൂടെ രൂപപ്പെടുന്ന പുതുപ്രപഞ്ചങ്ങളാണവയെല്ലാം. പ്രാണനും പ്രാണപോഷകങ്ങളുമെല്ലാം അനന്യമായ ഏതോ സൗമ്യപ്രക്രിയയിലൂടെ സ്വരൂപിക്കപ്പെടുകയാണ്. എഴുതി പൂര്‍ത്തിയാകും വരെ കഥയ്ക്കുള്ളിലോ നോവലിനുള്ളിലോ ആയിരിക്കുക എന്നത് വിചിത്രമായ ഒരു കടന്നുപോകലിന്റെ അനുഭവമാണ്. പുറത്തിറങ്ങിയാല്‍ മിക്കപ്പോഴും പിന്നീട് അകത്തുകയറുക എന്നത് നിത്യമായി പാളിപ്പോകാനാണ് സാദ്ധ്യത. കയറിക്കൂടുന്നത് മിക്കപ്പോഴും മറ്റൊരു പ്രപഞ്ചത്തിലാവും. പഴയ സമവാക്യങ്ങളൊന്നും അവിടുണ്ടാവില്ല. അതോടെ അതവിടെ ഉപേക്ഷിക്കേണ്ടിവരും. വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന അപരിചിത പ്രപഞ്ചങ്ങള്‍. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയാല്‍ ഇതിനെല്ലാം മാറ്റമുണ്ടാകുമെന്നും ആവശ്യമായ തുടര്‍ച്ചയും ഏകാഗ്രതയും സ്വരൂപിക്കാനാവുമെന്നും ഞാന്‍ കരുതി.
മനുഷ്യരുടെ ആന്തരികത വിചിത്രമായ ഒരിടമാണ്. കൗതുകത്തിന്റെ സേര്‍ച്ച് എഞ്ചിനില്‍ കയറി നമ്മള്‍ എവിടെയെല്ലാം ചുറ്റിയടിക്കുന്നു. എന്തെല്ലാം കാണുന്നു, എന്തെല്ലാം സ്വരൂപിക്കുന്നു. എന്നിട്ടും ഒടുവില്‍ തിരിച്ചറിയുന്നത് മനുഷ്യവ്യക്തിയുടെ പരിമിതികളും പ്രപഞ്ചത്തിന്റെ അനന്തതയുമാണ്. പ്രപഞ്ചത്തിന്റെ അനന്തതയോട് തുലനം ചെയ്യാനാവുന്നത് നമ്മുടെ ആന്തരികത മാത്രം. വ്യക്തിയുടെ ആന്തരികത എന്നത് നമുക്കിനിയും പിടിതരാത്ത ഒന്നാണ്. സദാ നമ്മോടൊപ്പം ഉണ്ടായിരുന്നിട്ടും നമുക്കതിനെ പൂര്‍ണ്ണമായി അളക്കാനും അറിയാനും കഴിഞ്ഞിട്ടുണ്ടോ? അന്തമില്ലാതെ ആഴങ്ങളിലേക്കും വിസ്തൃതിയിലേക്കും പുളഞ്ഞുപോകുന്ന ബോധത്തിന്റെയും ഓര്‍മ്മയുടെയും അതിസങ്കീര്‍ണ്ണമായ അടരുകള്‍. ഈ പെന്‍ഡുല വഴിയില്‍ എന്റെ ആനന്ദമാണ് വായനയും എഴുത്തും. എഴുതുമ്പോള്‍ അനന്തമായതിന്റെ ഓരങ്ങള്‍ ചേര്‍ന്നാണ് ബോധം സഞ്ചരിക്കുന്നതെന്ന് തോന്നും. എഴുത്തില്‍ സൃഷ്ടിയുടെ ധിക്കാരമുണ്ട്, ഒപ്പം അനന്തമായതിന്റെ മുന്നിലെ ‘തുച്ഛ ബോധ’വുമുണ്ട്. എന്നിട്ടും പിന്നെയും എഴുതാന്‍ തന്നെ തിടുക്കം.

വര്‍ഷാവസാനം വരെ ജോലിയില്‍ തുടരാന്‍ തീരുമാനിച്ചു. ഡിസംബറില്‍ നാട്ടിലേക്ക് പോകാമെന്ന് ആദില്‍ അല്‍ അഹ്‌മദും സമ്മതിച്ചു. പക്ഷേ ഓക്ടോബര്‍ ആദ്യം വിഷയം വീണ്ടും ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ ആദില്‍ അവിടെയും ഇവിടെയും ഇല്ലാത്തവിധത്തില്‍ സംസാരിക്കുവാന്‍ തുടങ്ങി. സ്നേഹം കൊണ്ടാകാം, അല്ലെങ്കില്‍ ഇത്രനീണ്ടകാലം ഒപ്പമുണ്ടായിരുന്ന ഒരാള്‍ വിട്ടുപോകുന്നതിന്റെ അസ്വസ്ഥതയാവാം. ഒരുകൊല്ലം കൂടി നില്‍ക്കാമെങ്കില്‍ ഞാന്‍ നിനക്കൊപ്പം ആലപ്പുഴയ്ക്ക് വരാം. നിന്നെ വീട്ടില്‍ കൊണ്ടുചെന്നെത്തിച്ചിട്ടെ ഞാന്‍ തിരികെ പോരുകയുള്ളു എന്നെല്ലാം ആദില്‍ ഉദാരവാനായി. ഒന്നിനും ചെവികൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ എന്റെ കടുംപിടുത്തം തന്നെ ഫലം കണ്ടു. ഡിസംബര്‍ ആദ്യം യാത്രയ്ക്കായി വിമാനടിക്കറ്റുകള്‍ ബുക്കുചെയ്യാന്‍ ആദില്‍ തന്നെ ട്രാവല്‍ സെക്ഷന് നിര്‍ദ്ദേശം നല്‍കി. ജീവിതത്തില്‍ പുതിയൊരുഘട്ടത്തിനായി ഞാനും കുടുംബവും ഒരുങ്ങാന്‍ തുടങ്ങി.
യാത്രയയപ്പുകള്‍ എന്ന ചടങ്ങുതീര്‍ക്കലില്‍ നിന്ന് ഒഴിവാകാൻ കാര്യങ്ങള്‍ രഹസ്യമാക്കിവച്ചു. ആരാഞ്ഞവരോടെല്ലാം വൈകാതെ വിട്ടുപോകണമെന്ന് കരുതുന്നുവെന്ന് ഒഴുക്കന്‍ മട്ടില്‍ പ്രതികരിച്ചു. യാത്രാദിവസം അടുക്കുമ്പോള്‍ അടുത്ത കൂട്ടുകാരെ അറിയിക്കാമെന്ന് കരുതി. കാര്‍ കമ്പനിയുടേതായതിനാല്‍ പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് കൈമാറിയാല്‍ മതി. വീട് വിടുന്നതിനുള്ള നോട്ടീസ് നല്‍കി. വസന്തും നീബയും മറ്റൊരു ഫ്ളാറ്റിലേക്ക് മാറി. ഞങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതരം വലിയ ഫ്ളാറ്റ് അവര്‍ക്ക് ആവശ്യമില്ലായിരുന്നു. വലിയൊരു പരിചയവലയം ഉണ്ടായിരുന്നെങ്കിലും അതില്‍ സുഹൃത്തുക്കള്‍ പരിമിതമായിരുന്നു. മൂന്നുതരക്കാരായിരുന്നു ചുറ്റുമുള്ളവര്‍. വായനയിലും എഴുത്തിലും താത്പ്പര്യമുള്ളവരും അല്ലാത്തവരുമെന്ന് അവരെ വേര്‍തിരിക്കാം. സാമൂഹ്യപ്രവര്‍ത്തകരെന്ന ഒരു വിഭാഗവുമുണ്ട്. മറ്റൊരുവിധത്തിലും വര്‍ഗ്ഗീകരിക്കാം: ബിസിനസ് തത്പരരും അല്ലാത്തവരുമെന്ന്. ഇതാവും കൂടുതല്‍ പൊരുത്തമാകുക.
ഗള്‍ഫില്‍ എത്തുന്ന നല്ലൊരുവിഭാഗം ഇന്ത്യക്കാര്‍ വിശിഷ്യ മലയാളികള്‍ ബിസിനസ് ആരംഭിച്ച് മറ്റൊരു യൂസഫ് അലി ആകുന്നത് കിനാവ് കാണുന്നവരാണ്. എന്റെ വലയത്തിലും അവരുണ്ടായിരുന്നു. മിക്കവരും നിക്ഷേപച്ചൂടില്‍ കൈപൊള്ളിയവര്‍. വിജയിച്ചവരും അപൂര്‍വ്വമല്ലായിരുന്നു. സിങ്കപ്പൂര്‍ എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍സണ്‍ കണ്ടകുളത്തി അതിലൊരാളായിരുന്നു. എന്റെ അകന്ന ബന്ധത്തില്‍നിന്നുമുള്ള പേളിയെയാണ് ജോണ്‍സണ്‍ വിവാഹം ചെയ്തത്. അതിനാല്‍ ഞങ്ങള്‍ക്കിടയിലെ ബന്ധത്തിന് അല്‍പം ഇഴയടുപ്പവും ഉണ്ടായിരുന്നു. പല സം രംഭങ്ങളും കാര്യമായി വിജയിച്ചില്ലെങ്കിലും പപ്പായ ഐസ്‌ക്രീം ശരിക്കും ജോണ്‍സണ്‍ന്റെ പ്രതീക്ഷകളെ മധുരിപ്പിച്ചു.

സ്വാഭാവികമായും അടുപ്പം എഴുത്തുകാരുമായിട്ടായിരുന്നു. കൊച്ചുബാവയായിരുന്നു പ്രിയമിത്രം. ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ശ്രദ്ധേയരായ എഴുത്തുകാര്‍ ഉണ്ടായിരുന്നുവെങ്കിലും അവരില്‍ വളരെകുറച്ചുപേരുമായി മാത്രമേ എനിക്ക് വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നുള്ളു. അവരില്‍ ഏറ്റവും ശ്രദ്ധേയനായി എഴുത്തില്‍ വിജയിച്ചത് ബഹറിനില്‍ ജോലിചെയ്തിരുന്ന ബന്യാമിന്‍ ആയിരുന്നു. എഴുത്തിന്റെ മാറുന്ന തുടിപ്പുകളെ ഭാവനയോടെ കൈപ്പിടിയിലൊതുക്കാന്‍ ബന്യാമിനായി. പ്രഥമ ഡി.സി നോവല്‍ പുരസ്‌കാരം നേടിയ കെ. വി. മണികണ്ഠന്‍ എന്റെ പ്രിയമിത്രമാണ്. കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ എന്നെ പ്രോത്സാഹിപ്പിച്ചതും പഠിപ്പിച്ചതും ഈ ചെറുപ്പക്കാരനായ എഴുത്തുകാരനാണ്.
ഞാന്‍ എഴുതിത്തുടങ്ങുന്ന കാലം. മണികണ്ഠന്‍ അബുദാബിയില്‍ നിന്ന്വന്നിരുന്ന ഇന്റര്‍നെറ്റ് മാഗസിന്‍ മൂന്നാമിടം ഡോട്ട് കോമിന്റെ എഡിറ്ററായിരുന്നു. സര്‍ജു ചാത്തന്നൂര്‍, കരുണാകരന്‍, റാം മോഹന്‍ പാലിയത്ത് തുടങ്ങിയവരായിരുനു മൂന്നമിടത്തിനുപിന്നില്‍. ഞാനതില്‍ ലേനങ്ങള്‍ എഴുതിയിരുന്നു. കൈകൊണ്ട് വെള്ള കടലാസില്‍ എഴുതിയത് സൗദി അറേബ്യയില്‍ നിന്ന് ഫാക്സ് ചെയ്യുകയായിരുന്നു. ടൈപ്പ് ചെയ്ത് കയറ്റിയിരുന്നത് മണികണ്ഠനായിരുന്നു. അതിലെ ക്ലേശവും ബുദ്ധിമുട്ടുമാകും എന്നെ മലയാളം കമ്പ്യുട്ടര്‍ ടൈപ്പിംഗ് എങ്ങിനെയും പരിശീലിപ്പിക്കാന്‍ മണികണ്ഠന് പ്രേരണയായത്. പരിശീലനം ശരിക്കും വിജയിച്ചു. പിന്നീടൊരിക്കലും ഞാന്‍ കൈകൊണ്ട് എഴുതിയിട്ടില്ല. അതിനാല്‍ ‘എഴുതുന്നതില്‍' ആരോടെങ്കിലും കടപ്പാടുണ്ടോ എന്ന് ചോദിച്ചാല്‍ കെ. വി. മണികണ്ഠന്റെ സ്നേഹത്തെ ഓര്‍ക്കാതിരിക്കാനാവില്ല.
സൗദിയില്‍ കൂടുതല്‍ അടുപ്പം സുനില്‍ കൃഷ്ണൻ, അബു ഇരിങ്ങാട്ടിരി, ജോസഫ് അതിരുങ്കല്‍, ഷിഹാബ് ഹസ്സന്‍, ആന്‍സി മോഹന്‍ മാത്യു, ഷഹ്ന ആര്‍. തുടങ്ങിയവരോടായിരുന്നു. സുനില്‍ കൃഷ്ണനും ഞാനും മണിക്കൂറുകള്‍ മടുക്കാതെ സാഹിത്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. കവിതയുടെ മൊഴിവഴക്കങ്ങളും സാമഗ്രികളെയും നവപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സുനിലിന്റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും മൗലികതയുടെ തിളക്കമുണ്ടായിരുന്നു.
സിനിമ ഗാന രചയിതാവായ നിഷാന്ത് കൊടമനയും ഞങ്ങള്‍ക്കൊപ്പം കൂടുമായിരുന്നു. ഇവരില്‍ പലരും ഇതിനകം മുഖ്യധാരയില്‍ എത്തിക്കഴിഞ്ഞുവെങ്കിലും പ്രതിഭാശാലിയായ സുനില്‍ കൃഷ്ണൻ ഇപ്പോഴും സ്വയം ശീലിച്ച വാല്‍മീകത്തിനുള്ളിലാണ്. ഇവരുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ എനിക്ക് വലിയ ഉത്തേജനമായിരുന്നു. അടുത്ത ഒന്നുരണ്ടുമാസങ്ങള്‍ക്കുള്ളില്‍ സൗദി അറേബ്യ വിടുകയാണെന്ന് ഇവരോടെല്ലാം സൂചിപ്പിച്ചു.
ദിവസങ്ങള്‍ വളരെ വേഗം കടന്നുപോയി. ജോലിസ്ഥലത്തെ അവസാന ദിവസവും എത്തി. ബോണസ് നിഷേധിച്ചതുള്‍പ്പെടെയുള്ള മാനേജുമെന്റിന്റെ നയവിരുദ്ധവും ഔചിത്യരഹിതമായ സമീപനങ്ങള്‍ എന്റെ മനസ്സില്‍ അനിഷ്ടം കലര്‍ത്തിയിരുന്നു. കാല്‍ നൂറ്റാണ്ടുകാലത്തെ സേവനത്തിനുശേഷം വിട്ടുപോകുന്ന എനിക്ക് യാത്രയയപ്പ് നല്‍കുവാന്‍ മാനേജുമെന്റ് തീരുമാനിച്ചത് ഞാന്‍ അറിഞ്ഞു. കമ്പനി പ്രസിഡന്റിന്റെ സെക്രട്ടറിക്കായിരുന്നു അതിന്റെ ചുമതല. അതില്‍ പങ്കെടുക്കുകയില്ലെന്ന് ഞാന്‍ തുറന്നുപറഞ്ഞു.

നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ മനസ്സിന്റെ സമനില തെറ്റിയ ഒരു ജീവനക്കാരന്റെ തൊഴില്‍നിയമപ്രകാരമുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനായി കര്‍ശനമായ നിലപാടെടുത്തതാണ് മാനേജുമെന്റില്‍ ചിലരുടെ നീരസം എന്റെ മേല്‍ വന്നതും അത് ബോണസ് നിഷേധിക്കുന്നതിലെത്തിയതും. തൊഴില്‍ നിയമപ്രകാരവും മാനുഷികമൂല്യങ്ങളുടെ തെളിച്ചത്തിലും മറ്റൊരു നിലപാടെടുക്കാന്‍ ഞാന്‍ പ്രിയപ്പെട്ടില്ല.
അന്തസ്സോടെ പെരുമാറുന്നതില്‍ പരാജയപ്പെട്ട മാനേജുമെന്റിനോട് അത്രയൊക്കെ മര്യാദ മതിയെന്ന് മനസ്സ് പറഞ്ഞു. ഇതറിഞ്ഞ ഡിപ്പാര്‍ട്ടുമെന്റിലെ സഹപ്രവര്‍ത്തകര്‍ പഴ്സണല്‍ മാനേജര്‍ ഇബ്രാഹിം അല്‍ മേജിയുടെ നേതൃത്വത്തിൽ സ്വകാര്യ യാത്രയയപ്പ് എനിക്കായി ഒരുക്കി. സഹപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് സൗദി സഹപ്രവര്‍ത്തകരുടെ സ്നേഹം എന്നെ സ്പര്‍ശിച്ചു. എനിക്കും കുടുംബത്തിനുമായുള്ള സമ്മാനങ്ങളും അവര്‍ പ്രിയത്തോടെ നല്‍കി. അത് സത്യസന്ധവും ഹൃദയസ്പർശിയുമായ ഒരനുഭവമായിരുന്നു. പോകുന്നവിവരം അറിഞ്ഞ സൗദി കിഴക്കന്‍ പ്രവിശ്യയിലെ മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ പെട്ടെന്ന് മറ്റൊരു യാത്രയയപ്പും ഒരുക്കി.

സാബു മേലേതിലായിരുന്നു അതിന് ചുക്കാന്‍ പിടിച്ചത്. കെ.എം.ബഷീര്‍, എ.കെ.അസീസ്, സാജിദ് ആറാട്ടുപുഴ, ബഷീര്‍ പട്ടണത്ത് തുടങ്ങിയ നിരവധി മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. ഓഫീസില്‍ സഹപ്രവര്‍ത്തകനായ സാബു ക്ലീറ്റസ് പ്രസിഡന്റായ പെരിയാര്‍ ക്ലബും ക്ലബിന്റെ സ്ഥാപക പ്രസിഡൻറ് യാത്രയയപ്പില്ലാതെ പോകാന്‍ സമ്മതിച്ചില്ല. അയല്‍ക്കാരായ ബാലസുബ്രമണ്യം, ബെന്നി പാറയില്‍, സജ്ഞയ് ഗഡേറാവ് എന്നിവര്‍ നല്‍കിയ വിരുന്നുകളിലും പങ്കെടുത്തു. സാധനങ്ങളെല്ലാം പാക്ക് ചെയ്ത് എയര്‍ കാര്‍ഗോ ആയി നാട്ടിലേക്കയച്ചു. ദീര്‍ഘകാല സഹപ്രവര്‍ത്തകനും സുഹൃത്തുമായ പാക്കിസ്ഥാന്‍ സ്വദേശി അബ്ദുള്‍ വഹാബ് എന്നെയും കുടുംബത്തെയും വിമാനത്താവളത്തിലെത്തിക്കാനുള്ള ചുമതല നിര്‍ബന്ധമായി ഏറ്റെടുത്തു. ഓരോ അവധിക്കാലത്തും പാക്കിസ്ഥാനി എഴുത്തുകാരുടെ ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ കറാച്ചിയില്‍ നിന്ന് എനിക്കെത്തിക്കുന്നതിലും ഈ നല്ല അയല്‍ക്കാരന്‍ ഉത്സാഹിയായിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും പുസ്തകങ്ങളുടെ വില വാങ്ങാന്‍ വഹീദ് കൂട്ടാക്കിയിട്ടില്ല. ഒരു ഡ്രൈവറുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ അതൊരു നിസ്സാര തുകയായിരുന്നില്ല.
സ്നേഹത്തോടെയല്ലാതെ ഈ നല്ല സഹപ്രവര്‍ത്തകനെ ഓര്‍ക്കാനാവില്ല.
അങ്ങനെ ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിന് തുടക്കമായി. നാട്ടില്‍ മക്കളും കൊച്ചുമക്കളും ഉത്സാഹത്തോടെ ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ട്. വായനയ്ക്കും എഴുത്തിനും കൂടുതല്‍ സമയം ഇനി ലഭിക്കും. സംതൃപ്തിയുണ്ടാക്കുന്നതും ആഹ്ലാദകരവുമായിരുന്ന സൗദി ജീവിതത്തിന് വിട. എല്ലാവിധത്തിലും സൗഹൃദസമ്പന്നമായിരുന്നു അത്.
(അവസാനിച്ചു)
എഴുത്തുകാരന്‍
Siva Prasad
31 Mar 2021, 10:33 PM
നല്ല ഓർമ്മയെഴുത്ത്.ഇനി.... നോവൽ കാത്തിരിക്കുന്നു.
കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
31 Mar 2021, 06:55 PM
ഗൾഫുനാടുകളിൽ നിന്ന് നല്ല സൗഹൃദങ്ങൾ പിറക്കുന്നു. എൻ്റെ പ്രവാസം അവസാനിപ്പിച്ചതിനു ശേഷമാണ് പി.ജെ.ജെ. എന്ന എഴുത്തുകാരനെ നേരിൽ കാണുന്നത്. അതിനുമുമ്പ് ധാരാളം വായിച്ചിരുന്നു. ഈ കുറിപ്പും ഹൃദ്യമായി തോന്നി.
PJJ Antony
31 Mar 2021, 06:28 PM
ഇങ്ങിനെയൊരു ഓർമ്മക്കുറിപ്പ് എഴുതുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല. തികച്ചും യാദൃശ്ചികമായിട്ടാണ് www.truecopythink.media യുടെ എഡിറ്ററും ആദരണീയനായ സുഹൃത്തുമായ ശ്രീ കമൽറാം സജീവ് അങ്ങിനെയൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. ആലോചിച്ചപ്പോൾ അതിൽ താൽപ്പര്യം തോന്നി. വ്യക്തിപരമായ അനുഭവങ്ങളെക്കാളുപരി അവയുടെ സാമൂഹിക പ്രസക്തിക്ക് ഊന്നൽ നൽകിയാണ് എഴുതിയത്. പതിവ് ഗൾഫ് അനുഭവങ്ങളിൽ നിന്നും വേറിട്ട സന്ദർഭങ്ങൾ കണ്ടെത്താൻ ഉത്സാഹിച്ചു. സാഹിത്യത്തെയും രാഷ്ട്രീയത്തെയും ഒപ്പം കൂട്ടി. ഇതൊക്കെക്കൊണ്ടാവും വായനക്കാർ പ്രിയത്തോടെ സ്വീകരിച്ചതെന്ന് കരുതുന്നു. പന്ത്രണ്ട് ലക്കങ്ങൾ പൂർത്തിയാക്കിയ ഓർമ്മക്കുറിപ്പുകൾ സമാപിക്കുകയാണ്. താൽപ്പര്യത്തോടെ വായിച്ചവർക്കും പ്രതികരിച്ചവർക്കും സ്നേഹവും നന്ദിയും. സർവോപരി ശ്രീ കമൽറാം സജീവിനും ട്രൂകോപ്പിക്കും സ്‌നേഹാദരവുകൾ. മലയാളത്തിന്റെ മുഖ്യധാരാവായനയിൽ ഇടം നേടിയ ട്രൂകോപ്പി എന്ന പുതുമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അകം നിറയുന്ന സന്തോഷമുണ്ട്. -- PJJ Antony
പി. ജെ. ജെ. ആന്റണി
Feb 07, 2021
19 Minutes Read
പി. ജെ. ജെ. ആന്റണി
Nov 05, 2020
14 Minutes Read
ഇ.എ സലീം
Jul 29, 2020
3 Minutes Read
P Sudhakaran
1 Apr 2021, 10:22 PM
പി ജെ ജെ യുടെ പുതിയ കഥകൾ കാത്തിരിക്കുന്നു