സമാന്തര, പ്രാദേശിക
രംഗവേദികളുടെ പരിചയപ്പെടുത്തലുമായി
പി. എം. താജ് അനുസ്മരണം
സമാന്തര, പ്രാദേശിക രംഗവേദികളുടെ പരിചയപ്പെടുത്തലുമായി പി. എം. താജ് അനുസ്മരണം
അന്തർദേശീയ അവതരണ ശില്പശാല, രംഗാവതരണ പ്രഭാഷണ പരമ്പര തുടങ്ങിയ വിപുലമായ പരിപാടികളോടെ ഓൺലൈനായി 2021 ജൂലൈ 23 മുതൽ 29 വരെ പി. എം. താജ് അനുസ്മരണം നടക്കുന്നു
15 Jul 2021, 12:31 PM
പ്രാദേശിക ഭാഷാ രംഗവേദിയുടെ ലാവണ്യബോധം മലയാള നാടകവേദിയിൽ സൃഷ്ടിച്ചതിൽ പി. എം. താജിന്റെ നാടക പ്രവർത്തനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. സമകാലിക ഭാരതീയ രംഗവേദിയിയിലെ നവ ഭാവുകത്വം നിലനിൽക്കുന്നതുതന്നെ ബഹുസ്വരത നിറഞ്ഞ പ്രാദേശിക ഭാഷാ രംഗവേദിയിലൂടെയാണ്.
കഴിഞ്ഞ 31 വർഷമായി കോഴിക്കോട് നടക്കുന്ന നാടകോത്സവങ്ങളിലൂടെ, പ്രഭാഷണങ്ങളിലൂടെ, ചെറു കൂട്ടായ്മകളിലൂടെ കേരളത്തിന്റെ രംഗാവതരണ ഇടപെടലുകൾക്കുള്ള ചാലകശക്തിയായി പി. എം. താജ് അനുസ്മരണ സമിതി പ്രവർത്തിച്ചുവരുന്നു. ഈ മഹാമാരിയുടെ കാലത്ത് രംഗവേദിക്ക് നവോർജ്ജം നൽകുക എന്ന ഉദ്ദേശ്യത്തോടെ വിപുലമായ പരിപാടികളോടുകൂടി ഓൺലൈനായി 2021 ജൂലൈ 23 മുതൽ 29 വരെ പി. എം. താജ് അനുസ്മരണം നടത്തുകയാണ് .
അന്തർദേശീയ അവതരണ ശില്പശാല, രംഗാവതരണ പ്രഭാഷണ പരമ്പര
താജ് അനുസ്മരണവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമാന്തര രംഗവേദിയുടെ, പ്രാദേശിക രംഗവേദിയുടെ സമകാലിക പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശികഭാഷാ രംഗവേദിയിലെ പ്രവർത്തകരുടെ പ്രഭാഷണം, യുവ രംഗാവതരണ പ്രവർത്തകർക്കുവേണ്ടിയുള്ള അന്തർദേശീയ അവതരണ ശില്പശാല, താജിന്റെ നാടകങ്ങളുടെ ആവിഷ്കാരം, നാടക വായന, നാടക സന്ദർഭങ്ങളെ അവലംബിച്ചുള്ള ചിത്രകാരന്മാരുടെ ദൃശ്യാവിഷ്‌കാരം, നാടക പ്രവർത്തകരുടെ കൂടിയിരിക്കൽ എന്നിങ്ങനെയുള്ള പരിപാടികൾ നിറഞ്ഞതാണ് ഈ വർഷത്തെ താജ് അനുസ്മരണം.
2021 ജൂലൈ 23 മുതൽ 29 വരെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ അവതരണ ശില്പശാലയും, വൈകിട്ട് 7 മണിക്ക് പ്രഭാഷണങ്ങളും നടക്കും. തിരഞ്ഞെടുത്ത 25 യുവ നാടക പ്രവർത്തകർക്കുവേണ്ടിയുള്ള ഓൺലൈൻ രംഗാവതരണ ശില്പശാല അന്തർദേശീയ രംഗാവതരണ പ്രവർത്തകരും അക്കാദമിക്കുകളുമായ ശങ്കർ വെങ്കിടേശ്വരൻ, ഡോ. അമീത് പരമേശ്വരൻ , ഡോ. ലക്ക്സനായി സോങ്‌ചെങ്ച്ചയ്, ജിജോ കെ മാത്യു, അലിയാർ അലി, അതുൽ വിജയകുമാർ, മനീഷ് പച്ചിയാരു എന്നിവർ നയിക്കും. ഓൺലൈൻ പ്രഭാഷണപരമ്പരയിൽ തമിഴ്നാട്ടിൽ നിന്ന് പ്രളയൻ, ഗോവയിൽ നിന്ന് വിഷ്ണുപദ് ബർവെ, ഹൈദരാബാദിൽ നിന്ന് ജോൺ ബഷീർ, ബംഗാളിൽ നിന്ന് പ്രൊഫ. അൻഷുമാൻ ബൗമിക്ക്, ആസാമിൽ നിന്ന് അനുപം കൗശിക് ബോറ, മേഘാലയയിൽ നിന്ന് ലാപ്തിയങ് സെയിം, ഡൽഹിയിൽ നിന്ന് ഓംചേരി എൻ. എൻ. പിള്ള, കേരളത്തിൽ നിന്ന് ഇ. പി. രാജഗോപാലൻ, സതീഷ് കെ. സതീഷ് എന്നിവർ സംസാരിക്കും.
20 - 30 വയസിനിടയിലുള്ളവർക്കുവേണ്ടിയുള്ള അവതരണ ശില്പശാലയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂലായ് 17ന് മുമ്പ് ഗൂഗിൾ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കുക. അഭീഷ് ശശിധരനാണ് ശില്പശാല ഡയറക്ടർ. (ഫോൺ 9676145161).
ഓൺലൈൻ കലാപരിപാടികൾ
ജൂലൈ 23 മുതൽ 27 വരെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
28, 29 തീയതികളിൽ താജിന്റെ തലസ്ഥാനത്തുനിന്ന് ഒരു വാർത്തയും ഇല്ല, ഇത്രമാത്രം, പ്രിയപ്പെട്ട അവിവാഹിതൻ എന്നീ നാടകങ്ങളുടെ പുതിയ ഭാഷ്യങ്ങൾ വിജയൻ വി. നായർ ടി.സുരേഷ് ബാബു, എ രത്നാകരൻ എന്നിവരുടെ സംവിധാനത്തിൽ അവതരിപ്പിക്കും. സുനിൽ അശോകപുരത്തിന്റെ നേതൃത്വത്തിൽ 25ഓളം ചിത്രകാരന്മാർ താജിന്റെ നാടക മുഹൂർത്തങ്ങൾക്കും കഥാപാത്രങ്ങൾക്കും നൽകിയ ദൃശ്യാവിഷ്കാരങ്ങൾ മൻസൂർ വീഡിയോ രൂപത്തിൽ പ്രദർശിപ്പിക്കും.
താജിന്റെ നാടകത്തിലെ ഗാനങ്ങൾക്കും കവിതകൾക്കും ശശി പൂക്കാടും സംഘവും സംഗീതം നൽകും. അണിയറ കോഴിക്കോടിന് വേണ്ടി മൈ മൈം ഫെയിം പി പി ജയരാജ് ഏകപാത്ര അഭിനയം കാഴ്ചവെക്കും. രാഘേഷ് ശാലിനി ദമ്പതികൾ (ദുബായ്) താജിന്റെ കവിത ആലപിക്കും. കേരളത്തിലെ പ്രശസ്തരായ നാടകപ്രവർത്തകർ താജിനെ അനുസ്മരിക്കും.
കൂടിച്ചേരലുകൾക്ക് തടസ്സം സൃഷ്ടിക്കുന്ന വൈറസിന്റെ ആക്രമണത്തേക്കാൾ ഭീതിദമാണ് ഭരണവർഗ്ഗം സംഘംചേരലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ. മക്കാർത്തിയുടെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ കാലത്ത് ഫുട്ബോൾ നിരോധനത്തെ ക്കുറിച്ച് ആലോചിച്ചത് അതുണ്ടാക്കുന്ന ടീംസ്പിരിറ്റ് സോഷ്യലിസത്തിലേക്ക് നയിക്കും എന്ന് ഭയപ്പെട്ടതു കൊണ്ടാണ്.
രാജ്യം ഭരിക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും സംഘബോധമുണ്ടാക്കുന്ന എന്തിനും എതിരായിത്തീരുന്ന ഒരു കാലത്ത് നാടകവും നാടകപ്രവർത്തനവും ജനപക്ഷത്തുള്ള കരുത്തുറ്റ ആയുധങ്ങളാണ് എന്ന് ജനാധിപത്യ വിശ്വാസികളെ ഓർമ്മപ്പെടുത്താനുള്ള ഒരു സന്ദർഭം കൂടിയായി മാറുകയാണ് താജ് അനുസ്മരണം.

രാംദാസ് കടവല്ലൂര്‍
Jun 11, 2022
4 Minutes Read
പി. പ്രേമചന്ദ്രന്‍
May 12, 2022
7.1 minutes Read
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read
കെ.ജെ. ജേക്കബ്
Mar 21, 2022
6 Minutes Read
നീന പ്രസാദ്
Mar 21, 2022
3 Minutes Read