അക്കിത്തത്തെക്കുറിച്ച്, സന്ദേഹത്തോടെ...

കവികളുടെ, എഴുത്തുകാരുടെ ജീവചരിത്രത്തിൽ എല്ലാം സംഭവ്യമാണ്. പക്ഷേ, ബാബരി മസ്ജിദ് തകർന്നു കഴിഞ്ഞിരുന്നു. ഗാന്ധിവധത്തിനുശേഷം തകർന്നടിഞ്ഞ ഹിന്ദുത്വ പതുക്കെ പതുക്കെ ഇന്ത്യൻ ഫാസിസത്തിന് രൂപം മെനയുകയായിരുന്നു. ഇത് ഒരു രാഷ്ട്രീയപ്രക്രിയ മാത്രമായിരുന്നില്ല. സാംസ്‌കാരിക പ്രക്രിയ കൂടിയായിരുന്നു. ഹിംസയുടെ ഈ പുതിയ തിരയോട് ഉദാസീനമാകുക മാത്രമല്ല അക്കിത്തം ചെയ്തത്. അവരുടെ മുൻകൈയിലുള്ള സാംസ്‌കാരിക സംഘടനയുടെ ഭാരവാഹിയും രക്ഷാധികാരിയും ആകുക വഴി ‘അനുഗ്രഹീതമായ ആ ഉദാസീനതയെ’ അദ്ദേഹം വികസിപ്പിച്ചു. അക്കിത്തത്തിന്റെ എഴുത്തുജീവിതത്തിന്റെ സങ്കീർണതകളെയും വൈരുധ്യങ്ങളെയും ഒരു പിൽക്കാല കവി വായിക്കുന്നു

ക്കിത്തത്തെ ഈ വിയോഗദിവസം സ്മരിക്കുമ്പോൾ എവിടെനിന്നു തുടങ്ങണം എന്ന്, മലയാളത്തിലെ ഏത് കാവ്യാസ്വാദകരേയും പോലെ എനിക്കും സന്ദേഹമുണ്ട്. ‘വെളിച്ചം ദുഃഖമാണുണ്ണി / തമസ്സല്ലോ സുഖപ്രദം’ എന്ന മലയാളത്തിലെ ഏറ്റവും പ്രവേഗമുള്ള, ദീർഘായുസ്സുള്ള വരികൾ എഴുതിയ ആളെന്ന നിലക്കോ? നവോത്ഥാനകാലം മുതൽ കൽക്കത്താ തിസീസിന്റെ ഇടതുകാലം വരെ പുതിയ മലയാളിയെ വാർത്തെടുക്കാൻ സംസ്‌കാരത്തിന്റേയും സാമൂഹികതയുടേയും അടുക്കളയിൽ കൈമെയ് മറന്ന് പണിയെടുത്ത പരിഷ്‌കർത്താവ് എന്ന നിലയിലോ? ഹിംസയുടെ ന്യായീകരണം ഏത് പുരോഗമനത്തേയും സമഗ്രാധിപത്യത്തിന്റെ, പിൽക്കാലത്ത് സ്റ്റാലിനിസം എന്ന് പുകൾപെറ്റ, പ്രായോഗിക സാമ്രാജ്യത്തിൽ എത്തിക്കുമെന്ന് ആദ്യം കണ്ടറിഞ്ഞവരിൽ ഒരാൾ എന്ന മട്ടിലോ? ‘പാവങ്ങളു'ടെ തർജ്ജമ മലയാളത്തിൽ എത്തിച്ച മാനവികത എന്ന ആശയത്തെ റാഡിക്കൽ ഹ്യുമനിസം എന്ന മട്ടിൽ മലയാളകവിതയുടെ ആശയ ചരിത്രത്തിൽ രേഖപ്പെടുത്താൻ കിണഞ്ഞുപരിശ്രമിച്ച ആദ്യകവികളിൽ ഒരാൾ എന്ന നിലക്കോ?

ഒന്നു തളർന്നുനിന്നാൽ, ഏത് ഇന്ത്യൻ കവിയെയും ആദ്യം പിടികൂടാൻ കാത്തുനിൽക്കുന്ന ആസ്തിക്യത്തിന്റെ മുതലവായിലേയ്ക്ക്, അറിഞ്ഞോ അറിയാതേയോ ജീവിതാസ്തമനത്തിൽ പ്രവേശിച്ച ആൾ എന്ന നിലക്കോ? ഇന്ത്യൻ രാഷ്ട്രീയവും സംസ്‌കാരവും ഫാസിസ്റ്റ് പിടിയിൽ ഞെരുങ്ങുമ്പോൾ ‘അനുഗ്രഹീതമായ നിഷ്‌കളങ്കതയാൽ' അതിനോട് ഉദാസീനമെങ്കിലും ഉദാരമായ ആനുകൂല്യം വെച്ചുപുലർത്തിയ ആളെന്ന നിലയിലോ?

അക്കിത്തത്തിന്റെ ആ തലക്കെട്ടിനെ അനാഥമാക്കിക്കൂടാ

ഇതിൽ എല്ലാ ചോദ്യങ്ങളോടും നാം നീതി പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ചും ഒട്ടും സംശയാസ്പദമല്ലാത്ത കവിത്വം അദ്ദേഹത്തെ ചൂഴ്ന്നുനിൽക്കുമ്പോൾ. മലയാള ഭാഷയെ, കവിതയെ, സമകാലീനതയിൽ ഉറപ്പിച്ചു നിർത്താൻ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അദ്ദേഹം നടത്തിയ ശ്രമം അത്രയും മഹത്തരമായിരിക്കുമ്പോൾ, നാമിപ്പോൾ ആലോചിക്കേണ്ടത്, ഇപ്പോൾ നാം കഴിയുന്ന ലോകക്രമത്തെ പാശ്ചാത്യർ വീണ്ടും വീണ്ടും ഡബ്ല്യു. ബി. യേറ്റ്‌സിന്റെ ‘രണ്ടാം വരവിലെ' ( second coming ) ‘things fall apart / centre can not hold ' എന്ന വരികൾ ഉപയോഗിച്ച് വിവരിക്കുന്നുവെങ്കിൽ, ‘ഇടിഞ്ഞുപൊളിഞ്ഞ ലോകം' എന്ന അക്കിത്തത്തിന്റെ തലക്കെട്ടിനെ അനാഥമാക്കിക്കൂടാ.

പ്രത്യേകിച്ചും നമ്മുടെ ജനാധിപത്യമൂല്യങ്ങളെയും വിമതത്വത്തിന്റെ അവകാശങ്ങളേയും അതിവേഗം ഇടിച്ചുതകർത്തുകൊണ്ട് ഫാസിസത്തിന്റെ വണ്ടി വന്നുകൊണ്ടിരിക്കുമ്പോൾ. അതേ, അക്കിത്തത്തിന്റെ ആ ഗ്രന്ഥനാമം അവിടെ ഒതുങ്ങിനിന്നില്ല. അത് ഭീഷണമായി പടർന്നു. നാം ജീവിക്കുന്ന പാടലോകത്തിനെ, അധികാരം ഒന്നു ചുരണ്ടിയാൽ തകർന്നു വീഴുന്ന കൽപിതലോകത്തിനെ വിശേഷിപ്പിക്കാൻ ഇതിലും നല്ല ഒന്നില്ല.

ഏറ്റവും ശക്തിമാനായ അക്കിത്തം അതായിരുന്നു. പ്രബുദ്ധതയുടെ പ്രശ്‌നങ്ങളെയാണ് കവിത നേരിടേണ്ടത് എന്നു കരുതിയ ആൾ. ഇത് ഇരുപതാം നൂറ്റാണ്ടിലെ ലോകകവിതയുടെ അടർത്തിമാറ്റാനാവാത്ത ജീവാംശം ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കവിത ചെയ്ത ഒരു കാര്യം അധികാരനിരൂപണം എന്നത് രാഷ്ട്രീയക്കാരുടെ തൊഴിൽപരമായ വ്യവഹാരമല്ല എന്ന് ഉറപ്പിക്കുകയായിരുന്നു. അത് പൗരാവകാശമാണ്. കേരളത്തിൽ അതിന് ദൃഷ്ടാന്തം ശ്രീനാരായണഗുരു മുതൽക്കുണ്ട്. ഏതാണ്ട് ഹിന്ദുരാജ്യം ആയിരുന്ന തിരുവിതാംകൂറിൽ, അരുവിക്കരയിൽ, പ്രതിഷ്ഠ നടത്തുക മാത്രമല്ല, ആ അവർണ്ണഗുരു ചെയ്തത്. ആ പ്രതിഷ്ഠയെ നിരൂപിക്കുക കൂടിയാണ്. ‘ജാതിഭേദം മതദ്വേഷം / ഏതുമില്ലാതെ സർവ്വരും / സോദരത്വേനെ വാഴുന്ന / മാതൃകാസ്ഥാനമാണിത്' എന്ന് ആ പ്രതിഷ്ഠയെ നിർണയിക്കുമ്പോൾ തിരുവിതാംകൂർ എന്ന ഹിന്ദു രാജ്യത്തിന്റെ അധികാര വ്യവസ്ഥയോടുള്ള കഠിന വിമർശനം ആയിത്തീരുന്നുണ്ട്.

കേരളത്തിലെ ആധുനിക രാഷ്ട്രീയ കവിതയുടെ തുടക്കം ഇതാണ്.

ആശാനിലൂടെ തിടം വെച്ച ഈ കവിതാരീതിയുടെ ഊർജ്ജമാണ് അക്കിത്തത്തെകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിച്ചത്. നാലാപ്പാടനിലൂടെ പൊന്നാനിയിലെത്തി, ഇടശ്ശേരിയിലൂടെ, ഗോവിന്ദനിലൂടെ, വളർന്ന മാനവികത എന്ന അവബോധം അക്കിത്തത്തിനെ വി.ടിക്കൊപ്പം എത്തിച്ചു, കമ്യൂണിസത്തിൽ എത്തിച്ചു, ഗാന്ധിയിലും എത്തിച്ചു. സ്റ്റാലിനിസം എന്ന ജനാധിപത്യ വിരുദ്ധത പാർട്ടിയെയും അതിൽ വിശ്വസിക്കുന്നവരേയും എന്താക്കി തീർക്കുമെന്ന് വളരെപ്പെട്ടെന്നു കാണാൻ അക്കിത്തത്തിനു കഴിഞ്ഞു. ലോകം പൊതുവായി അത് കണ്ടത് 1990 കളിൽ മാത്രമാണ് എന്നോർക്കുക. ഏതാണ്ട് അക്കാലത്ത് ഒരു ജോർജ്ജ് ഓർവെല്ലിനോ ഒക്ടേവിയോ പാസിനോ എം. ഗോവിന്ദനോ മാത്രമേ അത് കാണാൻ കഴിഞ്ഞുള്ളുവെന്നും.

എഴുത്തുകാരുടെ ജീവചരിത്രത്തിൽ എല്ലാം സംഭവ്യമാണ്

ഈ അക്കിത്തത്തെ ഉജ്ജ്വലമായി രേഖപ്പെടുത്തേണ്ടത് ഭാവിയുടെ ആവശ്യമാണ്. ബ്രാഹ്മണേതരമായ, ഫ്യൂഡൽ വിരുദ്ധമായ ഒരു സാംസ്‌കാരികബോധം സൃഷ്ടിച്ച് മലയാളിക്ക് മുന്നോട്ടുപോകണമെങ്കിൽ ജനാധിപത്യത്തെ മാനിക്കുന്ന ഒരു ഇടതുബോധമാണ് ഉണ്ടാകേണ്ടത്. An eye for an eye makes the whole world blind എന്ന ദർശനം അക്കിത്തത്തിന്റെ കവിതയുടെ അടിക്കാമ്പായി വളർന്നു. അതിനെ വിരുദ്ധമെന്നും അനുകൂലമെന്നും വിശേഷിപ്പിച്ചവർ ഒന്നു മറന്നുപോയി; പ്രബുദ്ധയുടെ സഞ്ചാരപാതയിലേക്കുള്ള എഞ്ചിനീയറിങ്ങ് കവികളുടെ കൂടി അവകാശം ആണ്. അത് പ്രത്യയശാസ്ത്രത്തിനോടുള്ള പ്രതികരണം എന്നതിനേക്കാൾ കവിയുടെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയായിരുന്നു.

ഈ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ഒരു പിൽക്കാല കവി എങ്ങനെയാണ് തൊണ്ണൂറുകൾക്കു ശേഷമുള്ള അക്കിത്തത്തെ വിലയിരുത്തുക? തീർച്ചയായും, അഹിംസയിൽ നിന്നോ സ്‌നേഹബന്ധിതമായ പ്രപഞ്ചദർശനത്തിൽ നിന്നോ ഒരിഞ്ചുപോലും അദ്ദേഹം തെന്നിമാറിയിട്ടില്ല. എന്നാൽ വിമർശനത്തിന്റേതായ ആ കൂർമ്മദൃഷ്ടി അദ്ദേഹത്തിന് കൈമോശം വന്നു. നേരത്തേ പറഞ്ഞ, ആസ്തിക്യത്തിന്റെ രൂപത്തിൽ വന്ന മുതല അദ്ദേഹത്തെ വിമർശകനിൽ നിന്ന് വിശ്വാസിയാക്കി. കൽക്കത്താ തിസീസിൽ ഒരു അണുബോംബിന്റെ ചെയിൻ റിയാക്ഷൻ ബീജരൂപത്തിൽ കണ്ട അദ്ദേഹം ഋഗ്വേദത്തിൽ സ്‌നേഹം മാത്രം കണ്ടു.

എല്ലാ വൈദിക വചനങ്ങളും ചോദ്യം ചെയ്യപ്പെടാത്ത സംഹിതകൾ ആയി. ഭക്തിയും ഒരു വിമർശനമാണ് എന്ന് അടിവരയിട്ട വചനകവികളോ തുക്കാറാമോ ചൊക്കമേളയോ കബീറോ ലാൽദെദോ അദ്ദേഹത്തെ സ്വാധീനിച്ചില്ല. വൈദികസാഹിത്യം ജീവനേയും ദർശനത്തേയും മൂടി.

കവികളുടെ, എഴുത്തുകാരുടെ ജീവചരിത്രത്തിൽ എല്ലാം സംഭവ്യമാണ്. പക്ഷേ, ബാബരി മസ്ജിദ് തകർന്നു കഴിഞ്ഞിരുന്നു. ഗാന്ധിവധത്തിനുശേഷം തകർന്നടിഞ്ഞ ഹിന്ദുത്വ പതുക്കെ പതുക്കെ ഇന്ത്യൻ ഫാസിസത്തിന് രൂപം മെനയുകയായിരുന്നു. ഇത് ഒരു രാഷ്ട്രീയപ്രക്രിയ മാത്രമായിരുന്നില്ല. സാംസ്‌കാരിക പ്രക്രിയ കൂടിയായിരുന്നു.

ഹിംസയുടെ ഈ പുതിയ തിരയോട് ഉദാസീനമാകുക മാത്രമല്ല അദ്ദേഹം ചെയ്തത്. അവരുടെ മുൻകൈയിലുള്ള സാംസ്‌കാരിക സംഘടനയുടെ ഭാരവാഹിയും രക്ഷാധികാരിയും ആകുക വഴി ‘അനുഗ്രഹീതമായ ആ ഉദാസീനതയെ' അദ്ദേഹം വികസിപ്പിച്ചു. ഗാന്ധിയെ ആഴത്തിൽ അറിഞ്ഞ ആൾ ഗാന്ധിവധത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയുടെ സുഹൃത്താകുക. ഈ വൈരുദ്ധ്യം നേരിടാൻ കഴിയാത്ത വിധം അദ്ദേഹത്തിന്റെ കവിത്വം ഇല്ലാത്ത ഭൂതകാലത്തിന്റെ നന്മയിലേയ്ക്ക് ഒളിച്ചോടി.

തെന്നിന്ത്യൻ ഭാഷകൾ മുഴുവൻ ദേവനാഗരിയിൽ എഴുതി ദേശീയോദ്ഗ്രഥനത്തിന് സഹായിക്കണം എന്ന അഭിപ്രായം ഏറ്റവും കൂടുതൽ അസഹനീയമായി തോന്നിയത് മലയാളത്തിന്റെ വളഞ്ഞുപുളഞ്ഞ ലിപികളിൽ മാത്രം രൂപം കൊണ്ട അദ്ദേഹത്തിന്റെ മഹത്തായ കവിതകൾക്കു തന്നെ ആയിരിക്കണം.

മലയാളം ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ട മഹത്തായ കവിതകൾ തന്ന കവീ, വിട.

Comments