ശ്രീലങ്കൻ തമിഴ് കവി അനാറിന്റെ കവിതകൾ

അനാർ എന്ന ഇസത്ത് റെഹാന അസീം തമിഴിൽ കവിത എഴുതുന്നു. ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിലെ വിദൂര ഗ്രാമമായ സായ്ന്ത മരുതിൽ നിന്നാണ് അനാർ എഴുതുന്നത്. പ്രകൃതി, നാടോടിക്കഥകൾ, സൂഫിസം എന്നിവയിലൂടെ വെളിവാകുന്ന സ്ത്രീപക്ഷമാണ് അനാർ കവിതകളുടെ അടിത്തറ. യുദ്ധത്തിനും അതിക്രമത്തിനും അടിപ്പെട്ട് ജീവിക്കുന്ന സ്ത്രീയുടെ ജീവിതവും അനുഭവങ്ങളും അവരുടെ കവിതകൾ വരച്ചിടുന്നു. ചിത്രം വരയ്ക്കാത്ത തൂലിക, എനിക്ക് കവിതയുടെ മുഖം, പെരുങ്കടൽ പണിയുന്നവൾ, ഉടൽ എന്ന പച്ചക്കാട്, പൊടുപൊടുത്ത മഴച്ചാറൽ, ജിന്നിന്റെ ഇരു ചിറകുകൾ എന്നിവയാണ് പ്രധാന കൃതികൾ. ശ്രീലങ്കൻ ഗവൺമെന്റിന്റെ ദേശീയ സാഹിത്യ അവാർഡ്, തമിഴ് ലിറ്റററി ഗാർഡന്റെ (കാനഡ) കവിത അവാർഡ്, ആത്മനാം അവാർഡ് (തമിഴ്നാട്), സ്പാരോ അവാർഡ് (മുംബൈ), വിജയ് ടിവിയുടെ 'ശിഖരം തൊട്ട പെൺകൾ' അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

നീലം

ദ്യത്തെ ചിത്രത്തിൽ
കണ്ണെത്താ ദൂരത്തോളം വാഴത്തോട്ടങ്ങൾ
അതിനപ്പുറം മുളങ്കാടുകൾ വളർന്ന കുന്നോരങ്ങൾ
ഇരുമ്പുതൂണുകളിൽ ഞൊണ്ടിനിൽക്കുന്ന പഴകിപ്പിഞ്ഞിയ പാലം
താഴെ എല്ലാം സഹിച്ചുകൊണ്ടൊഴുകുന്ന കാലം
നടുവിൽ
കാഴ്ചഭംഗികൾ അറുത്തുമുറിക്കുന്ന നാടോടിഭ്രാന്തനെപ്പോലെ റെയിൽപ്പാളം

രണ്ടാമത്തെ ചിത്രത്തിൽ
വെള്ളത്തിന്റെ ഇളംനീല മുക്കി വരച്ച ആകാശം
അതിൽനിന്ന് തൂങ്ങിക്കിടക്കുന്ന തൂക്കുകയർ
അതിന്റെ തടിച്ച ചുറ്റുകൾ
മൂന്നു വളച്ച അവസാനത്തെ കെട്ട്
ആരെങ്കിലുമൊരാൾ
ഏതുനിമിഷവും അതിലേക്ക് കഴുത്ത് നീട്ടി മുറുകിയേക്കാം

ചിത്രകാരന്റെ മുറിയിൽ
വെറുംതറയിൽ ഒഴുകിപ്പരന്ന ചുവപ്പു നിറം
പൊട്ടിച്ചിതറിയ കണ്ണാടിക്കുപ്പിയിൽ വിഷനീലം
മഞ്ഞരോമവും തവിട്ടുവാലും മടങ്ങിപ്പോയ ചെവികളുമായി
ഒരു കാട്ടുപൂച്ച
ചത്തുവീങ്ങിക്കിടക്കുന്നു
അവസാനത്തെ മെഴുകുതിരി എരിഞ്ഞടങ്ങാൻ
അര നിമിഷം ഇനിയും ബാക്കി.

നിലപ്പെണ്ണ്

മഴയ്ക്ക് തൊട്ടുമുമ്പേ കാറ്റ് തണുക്കുമ്പോൾ
ഇലപ്പച്ചയായി അടിമണ്ണിൽ ഞാൻ ആഴത്തിൽ വീഴുന്നു
മഴക്കാറ്റിൽ ഭ്രാന്തിളകിയ കടലിന്റെ ഉപ്പെല്ലാം
വിഴുങ്ങിത്തുപ്പുന്ന ആകാശമാകുന്നു
വിഷവും കിനാവും ചാലിച്ച ഒരു മന്ത്രച്ചൊല്ലാകുന്നു
കാലംകാലമായ് അലറിക്കരയുന്ന ഒരു വാക്കിന്റെ ഇടതും വലതുമാകുന്നു
എന്നെ നിങ്ങൾ എവിടെ ഒളിച്ചുവെയ്ക്കും?

Comments