കെ.കെ.രമ അസഭ്യം പറഞ്ഞെന്ന വീഡിയോയ്ക്ക്​ തെളിവില്ലെന്ന്​ പൊലീസ്​, കൈരളിക്കെതിരെ മാനനഷ്​ടക്കേസിന്​ രമ

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം, വടകരയിലെ ആർ.എം.പി സ്ഥാനാർത്ഥിയായിരുന്ന കെ.കെ. രമ ഒരു പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന തരത്തിൽ പ്രചരിപ്പിച്ച വീഡിയോയ്ക്ക് തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതിയിൽ. ആറുവർഷങ്ങൾക്ക് ശേഷം സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ കൈരളി ചാനലിനെതിരെ മാനനഷ്ടത്തിന് കേസ്‌ കൊടുക്കുമെന്നും കെ.കെ.രമ.

Think

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം, വടകരയിലെ ആർ.എം.പി സ്ഥാനാർത്ഥിയായിരുന്ന കെ.കെ. രമ ഒരു പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന തരത്തിൽ പ്രചരിപ്പിച്ച വീഡിയോയ്ക്ക് തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതിയിൽ. വടകര കോടതിയിൽ നിലവിലുള്ള കേസിൽ, ആറു വർഷമായി അന്വേഷിച്ചിട്ടും ഈ പ്രചാരണത്തിനുപയോഗിച്ച ഒറിജിനൽ വീഡിയോ ടേപ്പ് കൈരളി ടി.വിയ്ക്ക് ഹാജരാക്കാനോ, കെ.കെ.രമയുടെ യഥാർഥ ശബ്ദമാണോ വീഡിയോ ഫൂട്ടേജിലുള്ളതെന്ന് കണ്ടെത്താനോ കഴിഞ്ഞില്ലെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ തലേന്ന്​, സ്ഥാനാർത്ഥി എന്ന നിലയിൽ തന്നെ അപമാനിക്കാനും, വ്യക്തിപരമായി ഇല്ലാതാക്കാനും കൈരളി പീപ്പിൾ ടി.വിയും, സി.പി.എം ഉന്നത നേതൃത്വവും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി നിർമിച്ചെടുത്ത വ്യാജ വീഡിയോ ആണ് ഇതിനായി ഉപയോഗിച്ചതെന്നായിരുന്നു രമയുടെ അന്നത്തെ ആരോപണം. ഇത് കണ്ടെത്തണമെന്നാവശ്യപ്പെട്ട് 2016ൽ വടകര റൂറൽ എസ്​.പിക്ക്​ കെ.കെ. രമ നൽകിയ പരാതിയുടെ അന്വേഷണ റിപ്പോർട്ടാണ് ആറുവർഷങ്ങൾക്കുശേഷം പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

പൊലീസ് റിപ്പോർട്ടിൽ പറയുന്നത്: ‘‘നാളിതുവരെ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയുടേത് എന്നുപറഞ്ഞ് 15-05-2016ന്​ കൈരളി, പീപ്പിൾ ചാനലുകൾ സംപ്രക്ഷേണം ചെയ്ത ഒറിജിനൽ വീഡിയോ ഫൂട്ടേജ് ലഭ്യമാവാത്തതിനാൽ പരാതിക്കാരിയുടെ ഒറിജിനൽ ശബ്ദമാണോ വീഡിയോ ഫൂട്ടേജിൽ ഉപയോഗിച്ചത് എന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല.’’

പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്

ആറുവർഷങ്ങൾക്ക് ശേഷം സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ കൈരളി ചാനലിനെതിരെ മാനനഷ്ടത്തിന് കേസ്‌ കൊടുക്കുമെന്നും കെ.കെ.രമ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസം വടകരയിലെ മാണിക്കോത്ത് ക്ഷേത്രപരിസരത്ത് വീടുകൾ കേറിയുള്ള പ്രചാരണം നടത്തിയിരുന്നു. സി.പി.എം ശക്തികേന്ദ്രമായ അവിടെ കുറച്ച് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ വരികയും ചെറിയ തോതിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. അതിനിടെ ഒരു പെൺകുട്ടിയുടെ വീട്ടിൽ ഞങ്ങൾ കയറിയിരുന്നു. ആ വീട്ടിലെ സ്ത്രീകളടക്കം എല്ലാവരോടും നല്ല രീതിയിൽ വോട്ട് ചോദിച്ചു. പിന്നീട്​, ഞങ്ങൾ ഇറങ്ങി വരുമ്പോഴാണ് ആ പെൺകുട്ടി എന്നോട് ഭയങ്കരമായി സംസാരിക്കാൻ വന്നത്. അപ്പോഴാണ് ഞാൻ, ‘മോളെ കാര്യമറിയാതെ സംസാരിക്കല്ലേ' എന്നുപറഞ്ഞത്. അതിൽ മോള് എന്നതിന് മുമ്പായി ‘നായി’ എന്നുകൂടി ചേർത്ത് വീഡിയോയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. കുട്ടിയും അതുതന്നെ പറഞ്ഞു. പിറ്റേ ദിവസം കൈരളി നിരന്തരം ഈ വീഡിയോ പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. ആ സമയത്ത് പ്രസ്​മീറ്റ്​ നടത്തി നടന്ന സംഭവം എന്താണെന്നും ഉപയോഗിച്ച ഭാഷ ഏതാണെന്നും കൃത്യമായി പറഞ്ഞു. വ്യാജ പ്രചാരണത്തിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതിയും കൊടുത്തു. ഇതാണ് അന്ന് സംഭവിച്ചത്. അതിനുശേഷം ഒരുപാട് തവണ ഈ കേസിന് പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി. സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഈ വീഡിയോ ഇവർ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. എന്ത് വിഷയം ഉണ്ടാകുമ്പോഴും പെൺകുട്ടിയോട് മോശമായി പെരുമാറിയ ആൾ എന്ന തലക്കെട്ടിൽ ഈ വീഡിയോ വീണ്ടും വീണ്ടും പ്രചരിപ്പിക്കും. അതിഭീകരമായിരുന്നു ആ സമയങ്ങളിലെ അധിക്ഷേപങ്ങൾ. അതുകൊണ്ടു തന്നെ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് എന്റെ ആവശ്യമായിരുന്നു. എന്നാൽ പൊലീസ് നിരന്തരം ആവശ്യപ്പെട്ടിട്ടും കൈരളി ചാനൽ ഇതിന്റെ ഒറിജിനൽ വീഡിയോ ഹാജരാക്കിയില്ല. കാരണം വ്യാജമായി ഉണ്ടാക്കിയ വീഡിയോയുടെ ഒറിജിനൽ ഹാജരാക്കാൻ പറ്റില്ലല്ലോ. ഒരു വ്യക്തിയെ ടാർഗെറ്റ് ചെയ്യാനും അവരെ നശിപ്പിക്കാനും അങ്ങേയറ്റം വരെ പോകും എന്നതിന്റെ തെളിവാണിത്. സത്യം തെളിഞ്ഞതോടെ കൈരളിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ പോവുകയാണ്. ഒരു പാർട്ടിയുടെ ചാനൽ ഇത്തരത്തിൽ ആസൂത്രിതമായി കള്ളം പ്രചരിപ്പിച്ചതിനെ നിയമപരമായി തന്നെ നേരിടും.’’

കൈരളി പോലൊരു ചാനൽ ഇത്ര നിരുത്തരവാദപരമായി ഇങ്ങനൊരു വാർത്ത സംപ്രേക്ഷണം ചെയ്തു എന്നത് നിക്ഷിപ്ത താൽപര്യങ്ങളുടെ കുഴലൂത്തായി മാധ്യമപ്രവർത്തനം മാറി എന്നതിന്റെ ഉദാഹരണം കൂടിയാണെന്ന്​ നിയമവിദഗ്​ധനായ പ്രമോദ്​ പുഴങ്കര പറഞ്ഞു: ‘‘കൈരളി ചാനൽ ഇതുസംബന്ധിച്ചൊരു വാർത്ത നൽകുകയും അതിന്മേലൊരു അന്വേഷണം വരുമ്പോൾ അതിനോട് പ്രതികരിക്കാനോ വിശദീകരണം നൽകാനോ തയാറാവാതിരിക്കുകയും ചെയ്യുക എന്നത് ശരിയായ രീതിയല്ല. സ്വർണ്ണക്കടത്ത് വിവാദകാലത്ത് മാധ്യമങ്ങളിലൂടെ വന്ന അസംഖ്യം നുണകളുടെയും ഊഹാപോഹങ്ങളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷം അത്തരം മാധ്യമങ്ങൾക്കുനേരെ ഉന്നയിച്ച വിമർശനം അതേ അളവിൽ പാകമാകുന്ന രീതിയാണ്​ കൈരളി ചാനൽ കെ.കെ.രമയുടെ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്.
സ്ത്രീകളാണ് പൊതുപ്രവർത്തന രംഗത്തെങ്കിൽ അവരെ നിരന്തരമായി, സംഘടിതമായി, പാർട്രിയാർക്കൽ ആക്രമണോത്സുകതയോടെ നേരിടുന്ന രീതി ഇന്ന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിൽ അത് ഏറ്റവും പ്രകടമായി അനുഭവിക്കേണ്ടി വന്ന രാഷ്ടീയ പ്രവർത്തകയാണ് കെ.കെ. രമ. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനും മുമ്പ് അത്തരത്തിലൊരു ആക്രമണം നേരിടേണ്ടി വന്ന സ്ത്രീയാണവർ. കെ.കെ. രമ കൈകൊള്ളുന്ന രാഷ്ട്രീയ നയത്തോട് വിയോജിപ്പാകാം, എന്നാൽ, അതിനെ നേരിടാൻ ഇത്തരം രീതി ഉപയോഗിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല.

സംഘടിത പാർട്ടികൾ ഇതുനടത്തുമ്പോൾ, ഇരയാക്കപ്പെടുന്നവർക്ക് നീതി കിട്ടുക എന്നത് ദുഷ്‌ക്കരമാവും, ചിലപ്പോൾ ഒരിക്കലും കിട്ടാതെ പോവുകയും ചെയ്യും. നമ്മുടെ നിയമസംവിധാനങ്ങളിൽ ഇത്തരം കേസുകൾ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് ചിട്ടവട്ടങ്ങളുമില്ല താനും. അതുകൊണ്ടാണ് ഇതുസംബന്ധിച്ചൊരു റിപ്പോർട്ട് കോടതിക്ക് കൊടുക്കാൻ ആറ് വർഷമെടുത്തത്. അധികാരത്തിലിരിക്കുന്ന പാർട്ടിക്കെതിരെയാണ്, അവരുടെ അനുഭാവമുള്ള ഒരു ചാനലിനെതിരെയാണ് എന്നുള്ളതുകൊണ്ടുതന്നെ ഈ കേസിൽ പൊലീസിന്റെ ഈ ആറ് വർഷത്തെ മെല്ലെപ്പോക്ക്​ വ്യക്തമാണ്’’- പ്രമോദ്​ പുഴങ്കര പറഞ്ഞു.

Comments