സംഘ്പരിവാർ തന്ത്രം പയറ്റുന്ന ജമാഅത്തെ ഇസ്​ലാമിയും പോപ്പുലർ ഫ്രണ്ടും

കേരളമുണ്ടാകുന്നതിനു മുമ്പുതന്നെ ‘നസ്രാണി ദീപിക’യും നസ്രാണി സഭകളും ഉയർത്തിയ അതേ പ്രശ്നമാണ് ഇപ്പോൾ സമസ്തയും ജമാ അത്തെ ഇസ്​ലാമിയും പോലുള്ള സംഘങ്ങളും ഉയർത്തുന്നത് എന്നത് യാദൃശ്ചികമല്ല.

Truecopy Webzine

കേരളത്തിലെ ജനസംഖ്യയുടെ കാൽഭാഗത്തോളം വരുന്ന മുസ്​ലിം സമുദായത്തെ വർഗീയവത്കരിക്കുന്നതിനും ഇസ്​ലാമിക രാഷ്ട്രീയത്തിന്റെ പിന്തിരിപ്പൻ സാമൂഹ്യബോധത്തിലേക്ക് ചേർക്കുന്നതിനുമുള്ള ശ്രമങ്ങൾ സജീവമാണെന്നും വാസ്തവത്തിൽ സംഘപരിവാറിന്റെ അതേ തന്ത്രവും അടവുകളുമാണ് ജമാഅത്തെ ഇസ്​ലാമിയും പോപ്പുലർ ഫ്രണ്ടും പോലുള്ള ‘കേരള താലിബാനികൾ' എന്ന് വിളിക്കാവുന്ന ഇസ്​ലാമിക രാഷ്ട്രീയ സംഘങ്ങൾ ഇക്കാര്യത്തിൽ ഉപയോഗിക്കുന്നതെന്നും അഭിഭാഷകനും എഴുത്തുകാരനുമായ പ്രമോദ് പുഴങ്കര.

പൊതുസമൂഹത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക സ്വഭാവങ്ങളിൽ നിന്ന് ഭിന്നമായി മറ്റൊരു രാഷ്ട്രീയ- സാംസ്‌കാരിക ചരിത്രവും വഴിയുമുള്ളവരാണ് തങ്ങളെന്ന് സ്ഥാപിച്ചെടുക്കാനാണ് ഇവരാദ്യം ശ്രമിക്കുന്നത്. എല്ലാ സാമൂഹ്യ വ്യവഹാരങ്ങളുടേയും അടിസ്ഥാനഘടകം മതമായി മാറുന്നു. മതബദ്ധമായ ജീവിതത്തിന്റെ മൂല്യബോധത്തിനു നിരക്കുമെങ്കിൽ മാത്രമാണ് മതേതര സമൂഹത്തിലെ ജീവിതക്രമങ്ങൾ അംഗീകരിക്കുകപോലുമുള്ളൂ എന്ന അവസ്ഥ ഉണ്ടാക്കിയെടുക്കുകയാണ്. സാമാന്യമായ രീതിയിൽ സ്വാഭാവിക രീതി എന്ന മട്ടിൽ മതവിശ്വാസത്തെ കണ്ടിരുന്ന കേരളീയ മുസ്​ലിംകളെ പൊതു സമൂഹത്തിൽ നിന്ന് മാറിനിൽക്കുന്ന ഒരു ജനവിഭാഗമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും ഇസ്​ലാമിക രാഷ്ട്രീയ സംഘടനകൾ നടത്തിവരുന്നത്- ട്രൂ കോപ്പി വെബ്സീനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.

കമ്യൂണിസത്തിനെതിരെ മൂന്നുമാസം നീണ്ടുനിൽക്കുന്ന പ്രചാരണം നടത്താൻ കേരളത്തിലെ ഒരു മുസ്ലിം സംഘടന- സമസ്ത- തീരുമാനിച്ചത് കേരള സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ- സാമൂഹ്യ ചലനങ്ങളുടെ മൂർത്തമായ പ്രതിഫലനമാണ്. കേരള സമൂഹത്തിലെ രാഷ്ട്രീയ- സാമൂഹ്യ വൈരുധ്യങ്ങളിൽ പലതും രൂക്ഷമാകുന്നു എന്നും അതിന്റെ വേവും ചൂടും അടക്കിവെക്കാനാകാത്ത വിധത്തിൽ പുറത്തുവരുന്നു എന്നുകൂടി അത് കാണിക്കുന്നുണ്ട്.

ജാതി- ജന്മി മേധാവിത്തത്തിനെതിരായ കമ്യൂണിസ്റ്റ് മുന്നേറ്റത്തിനെതിരെ മത, സാമുദായിക ശക്തികളുടെ ഐക്യം ആദ്യ കമ്യൂണിസ്റ്റ് സർക്കാറിനുമുമ്പ്? രൂപപ്പെടിരുന്നു. പുന്നപ്ര- വയലാർ സമരകാലത്തും, കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ മറ്റു കാർഷിക, തൊഴിൽ സമരങ്ങളുടെ സമയത്തുമെല്ലാം ഈ എതിർപ്പ് ശക്തമായി ഉയർന്നു.

1946 ഒക്ടോബർ 24-നു പുന്നപ്രയിൽ നടന്ന വെടിവെപ്പിൽ 35 തൊഴിലാളികൾ കൊല്ലപ്പെട്ടു. വെടിവെപ്പിന് ശേഷം ദീപിക എഴുതിയത് ‘കമ്യൂണിസ്റ്റ് നേതാക്കളാണ് കുഴപ്പം, തൊഴിലാളികളല്ല' എന്നാണ്. ‘നിരീശ്വരവാദികളും സായുധവിപ്ലവത്തിൽ വിശ്വസിക്കുന്നവരുമായ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുക എന്നതായിരുന്നു ദീപിക നിർദേശിച്ച പരിഹാരം.
ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽവന്ന കമ്യൂണിസ്റ്റ് പാർട്ടി സർക്കാർ വിദ്യാഭ്യാസ ബില്ലും കാർഷിക ബന്ധ ബില്ലും അവതരിപ്പിച്ചതോടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ഒരു സഖ്യം രൂപം കൊണ്ടു. വളരെ വ്യക്തമായും ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സർക്കാരിന്റെ രാഷ്ട്രീയ നിയമനിർമ്മാണങ്ങളിൽ അസംതൃപ്തരായ സ്വത്തുടമാവർഗ്ഗത്തിന്റെ സമരമായിരുന്നു അത്.
കമ്യൂണിസത്തിനെതിരെ കേരളത്തിൽ രൂപം കൊണ്ട വിശാല മുന്നണിയുടെ പ്രകടമായ രണ്ടു സ്വഭാവങ്ങളിൽ ഒന്ന്, അത് ഭൂവുടമ /സ്വത്തുടമ വർഗത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു എന്നാണ്. രണ്ട്, അത് കമ്യൂണിസ്റ്റുകാർ ദൈവനിഷേധികളും മതനിരാസരാഷ്ട്രീയമുള്ളവരും ജാതി വിരുദ്ധരാണ് എന്നുമുള്ള മത, സാമുദായിക നേതൃത്വങ്ങളുടെ എതിർപ്പാണ്. ആറുപതിറ്റാണ്ടുകൾക്കിപ്പുറവും ഏതാണ്ട് അതേ പ്രവണതകളോടെ കമ്യൂണിസത്തിനെതിരെ പ്രചാരണവുമായി ഒരു മത സംഘടന ഇറങ്ങുമ്പോൾ അത് കേരള സമൂഹത്തിലെ വൈരുധ്യങ്ങളിൽ പുരോഗമനപരമായി ഇടപെടാൻ കഴിയുന്ന ഒരു ആശയവും ഭൗതിക ശക്തിയുമായി മാറാനുള്ള സാദ്ധ്യതകൾ കമ്യൂണിസം ഇപ്പോഴും നിലനിർത്തുന്നു എന്നുതന്നെയാണ് കാണേണ്ടത്.
കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രമെന്ന മട്ടിൽ ഒരു വശത്ത് കമ്യൂണിസത്തേയും മാർക്‌സിസത്തെയും ആക്രമിക്കുമ്പോൾത്തന്നെ ആഗോളീകരണത്തിന്റെയും നവ- ലിബറൽ സാമ്പത്തിക നയങ്ങളുടെയും ഇരകളായ മനുഷ്യരെ സ്വത്വവാദത്തിന്റെ കുതർക്കങ്ങളിൽ കുരുക്കിയിടുക എന്ന തന്ത്രം ഏറ്റവും വിജയകരമായി പ്രയോഗിക്കപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളം.

കേരളമുണ്ടാകുന്നതിനു മുമ്പുതന്നെ നസ്രാണി ദീപികയും നസ്രാണി സഭകളും ഉയർത്തിയ അതേ പ്രശ്നമാണ് ഇപ്പോൾ സമസ്തയും ജമാ അത്തെ ഇസ്​ലാമിയും പോലുള്ള സംഘങ്ങളും ഉയർത്തുന്നത് എന്നത് യാദൃശ്ചികമല്ല. സാമൂഹ്യാസമത്വങ്ങളെയും അതിന്റെ രാഷ്ട്രീയ- സാമ്പത്തിക കാരണങ്ങളേയും വർഗാടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയും മനുഷ്യനെ കേവലമായ ആശയലോകത്തിൽ നിന്ന് ജീവിക്കുന്ന സമൂഹത്തിൽ ഇടപെടാൻ കഴിയുന്ന അവകാശവും അധികാരവുമുള്ള ഒരു സാമൂഹ്യ ജീവിയാക്കി മാറ്റുകയും ചെയ്യുന്നതിനുള്ള സമരത്തിനെയാണ് കമ്യൂണിസം പ്രതിനിധാനം ചെയ്യുന്നത് എന്ന് മതവർഗീയവാദികൾക്കറിയാം. അതുകൊണ്ടുതന്നെ കമ്യൂണിസം അവരുടെ ശത്രുവാകുന്നതിൽ അത്ഭുതവുമില്ല.

അവിശ്വാസികളായ കമ്യൂണിസ്റ്റുകാർക്കെതിരെ ഇപ്പോൾ സമസ്തയും ഇസ്​ലാമിക രാഷ്ട്രീയ സംഘങ്ങളും നടത്തുന്ന പ്രചാരണം വള്ളിപുള്ളി വിസർഗം വിടാതെ ശബരിമല ലഹളക്കാലത്ത് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ സംഘങ്ങൾ നടത്തി എന്നത് അടിസ്ഥാനപരമായി മതവർഗീയവാദികൾക്കുള്ള ചാർച്ചയും ചേർച്ചയും വ്യക്തമാക്കുന്നുണ്ട്. മതേതരത്വം എന്ന ആധുനിക ജനാധിപത്യ ബോധത്തിനെ നേരിട്ടാക്രമിക്കാൻ ഒരു മടിയും ഇരുകൂട്ടരും കാണിക്കാറില്ല. മതേതരത്വത്തെ ഒരു രാഷ്ട്രീയ സങ്കൽപനമെന്ന നിലയിൽ തള്ളിക്കളയുന്നതിലും സംഘപരിവാറും ഇസ്​ലാമിക രാഷ്ട്രീയക്കാരും തമ്മിൽ വ്യത്യാസമില്ല.

ഒരു ആധുനിക ജനാധിപത്യ സമൂഹമായി കേരളത്തിന് നിലനിൽക്കണമെങ്കിൽ, മുന്നോട്ടു പോകണമെങ്കിൽ സങ്കുചിതമായ മത, സ്വത്വ രാഷ്ട്രീയത്തിന്റെയും മതബദ്ധമായ സാമൂഹ്യബോധത്തിന്റെയും വ്യാപനം തടഞ്ഞേ തീരൂ. അവരുടെ പ്രധാന എതിരാളിയെ മതവാദികളടക്കമുള്ള ചേരി പ്രഖ്യാപിച്ചു കഴിഞ്ഞു, അത് കമ്യൂണിസമാണ്. അതിൽപരം രാഷ്ട്രീയവ്യക്തതയ്ക്ക് സഹായിക്കുന്ന മറ്റെന്തുണ്ട്.

‘കമ്യൂണിസ്റ്റ് ഭൂതം' ആരെയാണ് ഭയപ്പെടുത്തുന്നത്?
പ്രമോദ് പുഴങ്കര എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 41

Comments