പൊളള; വി.എം. അരവിന്ദാക്ഷന്റെ കവിത

കുറുക്കനെ
ഉടലോടെ കാണാനാണ്
ഏറെ പണിപ്പെട്ട്
കുറുക്കൻമല കയറിയത്

കുറുക്കന്മാരുടെ
താവളമായിരുന്നത്രേ പണ്ടവിടം

മരുന്നിനുപോലും
കുറുക്കഗന്ധമുണ്ടാവില്ലെന്നാണ്
നെറുകെയെത്തും വരെ
തീർച്ചപ്പെടുത്തിയത്.

കുറുക്ക മഹാസമുദ്രം
അമ്പരപ്പിച്ചുകളഞ്ഞു

ഒരിക്കൽ പോലും സൂത്രക്കണ്ണോടെ
പതിയിരുന്നിട്ടില്ല;

ഒരു മുന്തിരിക്കും ഉയർന്നുചാടിയിട്ടില്ല.

എന്തിന്
ഒരു നായ്ക്കുറുക്കനിൽ പോലും
യാത്ര ചെയ്തിട്ടുമില്ല.

എന്നിട്ടും
എത്ര വേഗമാണവർ
കൂട്ടത്തിൽ കൂട്ടിയത്

അന്നുമുതലാണ്
കൂവാൻ തുടങ്ങിയത്

മനുഷ്യനുണ്ടാക്കിയ
കുറുക്കൻ കഥകളുടെ പൊള്ളത്തരങ്ങൾ
മനസ്സിലായത്

അവരിലൊരാളായപ്പോഴാണ്

പിന്നെയൊരിക്കലും
മലയിറങ്ങിയിട്ടില്ല.

Comments