ഉരുളക്കിഴങ്ങിന്റെ ആത്മകഥ

Truecopy Webzine

വാൻഗോഗ് മുതൽ ലാലുപ്രസാദ് യാദവ് വരെ, റോട്ടർഡാമിലെ കാപ്‌സലോൺ തൊട്ട് കൊൽക്കത്ത തെരുവുകളിലെ ആലുബിരിയാണി വരെ! ദിവാസ്വപ്‌നങ്ങളായും, നൊസ്റ്റാൾജിയയായും, ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തിയ ഒരു പറ്റം ഉരുളക്കിഴങ്ങ് അനുഭവങ്ങൾ. ഭക്ഷണത്തിൽ, സംസ്‌കാരത്തിൽ, കലയിൽ, സാഹിത്യത്തിൽ, രാഷ്ട്രീയത്തിൽ ഉരുളക്കിഴങ്ങ് എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്നൊരന്വേഷണം. ട്രൂകോപ്പി വെബ്സീൻപാക്കറ്റ് 58-ൽ വായിക്കാം.


വെങ്കിടേഷ് രാമകൃഷ്ണൻ: കിഴക്കൻ ഉത്തർ പ്രദേശിൽ തുടങ്ങി ബിഹാറിലുടനീളം സഞ്ചരിച്ച് കൊൽക്കത്തയിലും ബംഗാളിന്റെ മറ്റു ഭാഗങ്ങളിലും ഏറെ പ്രചാരമുള്ള ബേസിക്കിലും ബേസിക്ക് ആയ ഒരു വിഭവമാണ് "ആലു ബാത്ത്'. നേരിട്ടുള്ള വിവർത്തനം ഉരുളക്കിഴങ്ങും ചോറും എന്ന്. സംഗതി സിംപിൾ ആണ്. തൊലിയുരിയാതെ പുഴുങ്ങിയ ഉരുളക്കിഴങ്ങ്, ചോറ്, നാലഞ്ച് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് ഇത്രയുമാണ് ചേരുവ. ചോറും ഉരുളക്കിഴങ്ങും ചേർത്ത് കുഴയ്ക്കുക, പിന്നെ പച്ചമുളകും ഉപ്പും ചേർത്ത് കുഴയ്ക്കുക. വേണമെങ്കിൽ ഒന്നോ രണ്ടോ തുള്ളി കടുകെണ്ണ ചേർക്കാം. പാകമായി എന്ന് തോന്നുമ്പോൾ കഴിച്ചു തുടങ്ങാം. അതീവ സ്വാദിഷ്ടമായ ഈ വിഭവം നല്ല വിശപ്പുള്ളപ്പോൾ കൂടുതൽ രുചികരമായി തോന്നും. ബിഹാറിലും ബംഗാളിലും പല തെരെഞ്ഞെടുപ്പ് കവറേജുകൾക്ക് ഇടയിൽ പകൽ മുഴവൻ ഭക്ഷണം കിട്ടാതെ രാത്രി ആരുടെയെങ്കിലും താവളത്തിൽ നിന്ന് ഒരു പിടി ആലു ബാത്ത് കിട്ടുമ്പോൾ, സ്വർഗ്ഗീയം തന്നെയാണ്. സമാനമായ ചില രാത്രികളിൽ, ബിഹാറിലെ ഭോജ്പൂർ - ആറയിൽ സി.പി.ഐ.എം.എൽ. നേതാവ് ദീപാങ്കർ ഭട്ടാചാർജിക്കൊപ്പവും കൊൽക്കത്തയിൽ സി പി ഐ എം നേതാവ് നീലോത്പൽ വാസുവിനോടോപ്പവും എന്തിനധികം ബിഹാറിലെ ചപ്രയിൽ സാക്ഷാൽ ലാലുവിനൊപ്പവും ആലു -ബാത്ത് ആഘോഷിച്ചിട്ടുണ്ട്. ആ ഭക്ഷണത്തിന്റെ ക്ഷീണനിർമാർജന ശേഷിയും അതിന്റെ സ്വകീയമായ രുചിയും ചെറുപ്പം മുതലേ ശീലിച്ചവനാണ് ഞാൻ എന്ന് ആ രാത്രിയിൽ ലാലു ആവർത്തിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെയാവും ലാലു ഇതും ആവർത്തിച്ചു കൊണ്ടിരിക്കുന്നത് - "ജബ് തക്ക് ഹേ ആലു, തബ് തക്ക് രഹേഗ ലാലു'.


മൈന ഉമൈബാൻ: കുട്ടിക്കാലത്ത് വീട്ടിൽ ഉരുളക്കിഴങ്ങിന് രാജകീയ സ്ഥാനമാണുണ്ടായിരുന്നത്. ഇടുക്കിയിലെ ഒരുൾഗ്രാമത്തിലാണ് വീടെന്നുള്ളതുകൊണ്ട് അവിചാരിതമായെത്തുന്ന അതിഥിക്കുവേണ്ടി ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിച്ചിരുന്നു. ഇറച്ചിയും മീനുമൊന്നും ഇന്നത്തെപ്പോലെ സുലഭമല്ല.

ഐഷാബീവി അമ്മച്ചിയുടെ വറുത്തരച്ച (ഇറച്ചിക്കൂട്ടുകൾ തന്നെ) ഉരുളക്കിഴങ്ങ് കറിയോളം രുചിയുള്ളതൊന്നും ഓർമയിലില്ല. എല്ലാം കിറുകൃത്യം, പാകം.
ഉണക്കമീൻ, ഉരുളക്കിഴങ്ങ്, സവോള, ചെറിയുള്ളി എന്നിവയാണ് എപ്പോഴും സ്റ്റോക്കുള്ള കറിസാധനങ്ങൾ. മുതിർന്ന് വീടുവിട്ട് പലയിടങ്ങളിൽ സഞ്ചരിച്ച് പലതും രുചിച്ചിട്ടും ഒരിക്കലും വറുത്തരച്ച അതേ രുചിയുള്ള ഉരുളക്കിഴങ്ങു കറി കിട്ടിയിട്ടില്ല.

ഉരുളക്കിഴങ്ങുപാടം ഞാൻ ആദ്യമായി കണ്ടത് കൊട്ടാക്കമ്പൂരിലായിരുന്നു! മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ ദൂരെയാണ് കൊട്ടാക്കമ്പൂർ. 1960 കളിൽ അങ്ങോട്ട് കാളവണ്ടി മാത്രമാണ് വാഹനം. അല്ലെങ്കിൽ കാൽനട. മഴനിഴൽ പ്രദേശം. തണുപ്പ്. അതിനിടയിൽ ഉരുളക്കിഴങ്ങും ഉള്ളിയും...


സുധീഷ് കോട്ടേമ്പ്രം: സൂര്യകാന്തിപ്പൂക്കളുടെയോ, നക്ഷത്രാങ്കിത രാത്രിയുടെയോ വന്യമായ സൗന്ദര്യപ്രകടനം ഉരുളക്കിഴങ്ങ് തിന്നുന്നവരിലില്ല. ഒരുപക്ഷേ, കാര്യകാരണബന്ധങ്ങൾ ഇത്ര കൃത്യതയോടെ വിതരണം ചെയ്യപ്പെട്ട മറ്റൊരു വാൻഗോഗ് ചിത്രവുമില്ല എന്നും പറയാം. അത്താഴമേശ എന്ന സാർവ്വലൗകിക ബിംബമല്ല, ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന തലക്കെട്ടുതന്നെ ആ ദൃശ്യത്തിന്റെ പശ്ചാത്തലത്തെ അനാവരണം ചെയ്യാൻ തക്ക ശേഷിയുള്ള ഒന്നാണ്. അത് ‘ഉരുളക്കിഴങ്ങ്' എന്ന വിഭവത്തെയും അത് ‘തിന്നുന്നവർ' എന്ന വിഷയിയെയും ഊന്നുന്നു. മേയർ ഷപ്പിറോ നിരീക്ഷിക്കുന്നതുപോലെ, ഒന്നിച്ചിരിക്കുമ്പോഴും അവരെ ചൂഴുന്ന ഒരുതരം ഏകാന്തത ഉരുളക്കിഴങ്ങ് തിന്നുവരുടെ ചിത്രത്തിൽ വലയം ചെയ്തിരിക്കുന്നു. പരസ്പരം ആശ്രയിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴും കുടുംബത്തിനകത്തെ സ്വയം സമ്പൂർണമായ ഏകാന്തതകളെക്കൂടി ഈ ചിത്രം ആവിഷ്‌കരിക്കുന്നു. പരസ്പരം വേറിടുമ്പോഴും അവർക്ക് മീതെ കത്തുന്ന റാന്തൽവെട്ടം പോലെ ഒന്ന് ആ കുടുംബത്തെ ഒന്നിച്ച് നിർത്തുന്നു.

വിൻസെൻറ്​ വാൻഗോഗിന്റെ The Potato Eaters / Photo: vangoghmuseum.nl

വാൻഗോഗിന്റെ പിതാവിന്റെ മരണം 1885 ഏപ്രിലിൽലാണ്. 1885 മേയ്- ജൂൺ മാസങ്ങളിലാണ് വാൻഗോഗ് ‘പൊട്ടെറ്റോ ഈറ്റേഴ്സി’ന്റെ വിവിധ വേർഷനുകൾ ചെയ്യുന്നതും. അച്ഛനുമായുള്ള ആശയസംഘർഷങ്ങളും അതിന്റെ പരിണതികളും അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളിൽ നിഴലിക്കുന്നുവെന്ന് വാൻഗോഗ്-ചിത്രങ്ങളുടെ സൈക്കോ അനലറ്റിക് വായനകൾ വാദിക്കുന്നു. ഒരുപക്ഷെ, താൻ ആരാണെന്ന സ്വത്വസംഘർഷത്തെ, താനൊരു കർഷകനാണെന്ന ഉത്തരത്തിലേക്ക് വാൻഗോഗിനെ കൊണ്ടെത്തിക്കുന്ന ചിത്രവുമാണ് ‘പൊട്ടെറ്റോ ഈറ്റേഴ്സ്'. വാൻഗോഗിന്റെ ജനനത്തിനും മുൻപുള്ള ഒരു കുടുംബനിമിഷത്തെ ആവിഷ്‌കരിക്കുകയാണ് ‘പൊട്ടെറ്റോ ഈറ്റേഴ്സ്' എന്ന് എച്ച്.ആർ. ഗ്രെയിറ്റ്സിനെപ്പോലുള്ള നിരൂപകർ നിരീക്ഷിച്ചിട്ടുണ്ട്.


വി. അബ്ദുൾ ലത്തീഫ്: കൊൽക്കത്തയിൽനിന്നാണ് ഉരുളക്കിഴങ്ങു ചേർത്ത ബിരിയാണി ആദ്യമായി കഴിച്ചത്. സത്യത്തിൽ അത് ഉരുളക്കിഴങ്ങു ബിരിയാണിയായിരുന്നില്ല. ഉരുളക്കിഴങ്ങു ചേർത്ത ചിക്കൻബിരിയാണിയായിരുന്നു. ബിരിയാണി ഒരുപാട് രുചികൾക്കുള്ള ഒറ്റപ്പേരാണല്ലോ പലപ്പോഴും. പല നാടുകളിലെ ബിരിയാണികൾ അതിന്റെ മസാലക്കൂട്ടുകൊണ്ടും ഉള്ളടക്കംകൊണ്ടും വേറിട്ടു നിൽക്കുന്നു. കൊൽക്കത്തബിരിയാണിയിലെ മുഴുത്ത ഉരുളക്കിഴങ്ങുകളാണ് കാര്യമായി ശ്രദ്ധിച്ചത്.

കൊൽക്കത്തയിലുണ്ടായിരുന്ന ദിവസങ്ങളിൽ രാവിലെ ചെറിയ ചായക്കടകളിൽനിന്നാണ് ആഹാരം കഴിച്ചിരുന്നത്. കട എന്നൊന്നും പറയാൻ മാത്രം വലിപ്പമില്ലാത്ത കുഞ്ഞു സംവിധാനങ്ങൾ. പാചകവും പാത്രം കഴുകലും നിന്നോ ഇരുന്നോ ഒക്കെ ആഹാരം കഴിക്കുന്നതുമെല്ലാം മിക്കവാറും നടപ്പാതയിലാകും. വാഹനങ്ങളുടെ പൊടിയും തിരക്കും കാൽനടയാത്രക്കാരുടെ ബഹളവുമൊക്കെയായി കേരളത്തിൽനിന്നാലോചിച്ചാൽ ഒട്ടും വൃത്തിയില്ലാത്ത അന്തരീക്ഷം. ഈ കടകളാണ് ശരിക്കും കൊൽക്കത്തയെ ഊട്ടുന്നത് എന്നു തോന്നിയിട്ടുണ്ട്. പാവപ്പെട്ടവർ മാത്രമല്ല റൈറ്റേഴ്‌സ് ബിൽഡിംഗിലേക്ക് തിരക്കിട്ടു പോകുന്ന ഉദ്യോഗസ്ഥരും കഴിക്കുന്നത് ഈ വഴിയോരഭോജനശാലകളിൽനിന്നാണ്. സാമാന്യം വയറുനിറയെ പൂരിയും കിഴങ്ങുസബ്ജിയും വളരെച്ചെറിയ വിലയ്ക്ക് കിട്ടും എന്നതാണ് ആകർഷണം. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരാൾക്കു കഴിക്കാനുള്ള പൂരിയും സബ്ജിയും വെറും എട്ടു രൂപയ്ക്കു കിട്ടും. ഒരു ചായകൂടി കഴിച്ചാൽ പന്ത്രണ്ടുരൂപ. ചെറിയ ബഡ്ജറ്റിൽ ജീവിക്കാൻ ഈ ഭക്ഷണം മതി. ഇങ്ങനെ കിട്ടുന്ന ആഹാരത്തിൽ നല്ലൊരു പങ്ക് ഉരുളക്കിഴങ്ങായിരിക്കും. ബംഗാളിലൂടെ യാത്ര ചെയ്യുമ്പോൾ ഉരുളക്കിഴങ്ങിനെക്കുറിച്ച് അങ്ങോട്ടു ചെന്ന് ആലോചിച്ചില്ലെങ്കിലും ഉരുളക്കിഴങ്ങ് ഇങ്ങോട്ടുവന്ന് അതിന്റെ കഥ പറഞ്ഞു...


ഉഷ എസ്: കർഷകർക്കാണോ വ്യവസായികൾക്കാണോ വിത്തിൻമേൽ അവകാശം? കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഈ ചോദ്യം ലോകത്ത് വലിയ തോതിൽ ഉയർന്നുവരികയും ശക്തമായ ആഗോളചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗത കർഷകരെ സംബന്ധിച്ച്​ വിത്തെന്നത് കൈമാറി വളർത്താനും സൂക്ഷിക്കാനുമുള്ളതാണ്. ആ കൈമാറ്റത്തിലൂടെയാണ് വിത്തുകൾ വിദൂരസ്ഥലങ്ങളിലേയ്ക്ക് എത്തിയതും അവിടുത്തെ ഭക്ഷണരീതികളെ സ്വാധീനിച്ചതും. എന്നാൽ എൺപതുകൾ മുതൽ വിത്തിന്റെമേലുള്ള അവകാശത്തെപ്പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുകയുണ്ടായി. ഇത് ഹൈബ്രിഡ് വിത്തുകളുടെയും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെയും വികസനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നതാണ്. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ നിയമം ഉണ്ടാക്കുമ്പോൾ ഇതേറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. ആയിരക്കണക്കിന് വർഷങ്ങളായി കർഷകർ വികസിപ്പിച്ചെടുത്തു കൊണ്ടുവന്ന വിത്തുകൾക്കുമേൽ വിത്തുകമ്പനികൾ അവകാശം സ്ഥാപിച്ചുകൂടാ എന്നും ഇത് എക്കാലത്തും പൊതുമേഖലയിൽ എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ നിലനിൽക്കണമെന്നും ഈ ചർച്ചകളിൽ ധാരണയായെങ്കിലും പുതിയ വിത്തുകൾ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞർക്കും കമ്പനികൾക്കും അവകാശം കൊടുക്കാൻ തീരുമാനമായി. ഇതിനെ ബൗദ്ധിക സ്വത്തവകാശം എന്ന് പറയുന്നു. അങ്ങനെയാണ് ഇന്ത്യയിൽ ആദ്യമായി ഇതുമായി ബന്ധപ്പെട്ട ഒരു നിയമം PPVFR (Plant Variety Protection and Farmers Right Act 2001) ഉണ്ടാകുന്നത്.

ഉരുളക്കിഴങ്ങ്​ വിത്തിന്മേലുള്ള പെപ്​സി കമ്പനിയുടെ കുത്തകാവകാശം റദ്ദാക്കിയ വിധിയുടെ പാശ്​ചാത്തലത്തിൽ ഒരു വിശകലനം.


നന്ദഗോപാൽ ആർ. മേനോൻ: ഉരുളക്കിഴങ്ങ്​ ഒന്നേ ഉണ്ടായിരുന്നുള്ളു അറിവിൽ. ഒരു സ്വത്വമേണ്ടായിരുന്നുള്ളൂ ഉരുളക്കിഴങ്ങിന്. കടയിൽ പോയാൽ ഏത്തപ്പഴവും പാളയംകോടനും, രസകദളിയും തരംതിരിച്ച്​, പേരെടുത്തു ചോദിക്കുന്ന പോലല്ല. ഉരുളക്കിഴങ്ങ്​... അത്രേയുള്ളൂ, അത്രേം മതി. യൂറോപ്പിലേയ്ക്ക് കുടിയേറി ആദ്യമായി ഡെന്മാർക്കിലെ സൂപ്പർമാർക്കറ്റിൽ ഉരുളക്കിഴങ്ങ്​ വാങ്ങാൻ ചെന്നപ്പോൾ കഥ മാറി. മെഴുക്കുവരട്ടിയുണ്ടാക്കാൻ വേണ്ടിയാണ് ഉരുളക്കിഴങ്ങ്​. പൊട്ടറ്റോ എന്നുചോദിച്ചപ്പോൾ ഒരു ചെറുപ്പക്കാരൻ ഒരു ഷെൽഫിലേക്ക് കൈചൂണ്ടി. നോക്കിയപ്പോൾ ഒന്നല്ല, നാലോ അഞ്ചോ തരം ഉരുളക്കിഴങ്ങുകൾ. എല്ലാത്തിനും വെവ്വേറെ പേരും, ഓർഗാനിക്കും അല്ലാത്തതും. ചിലത്​ പ്ലാസ്റ്റിക് ബാഗിൽ, വേറെ ചിലത് ഒരു കൂമ്പാരമായി കൂട്ടിയിട്ടത്. എന്ത് എടുക്കണമെന്ന് ഒരു ധാരണയുമില്ല. മെഴുക്കുവരട്ടിയെന്നു പറഞ്ഞാൽ സൂപ്പർമാർക്കറ്റുകാർക്ക് തിരിയില്ല. വിശദീകരിച്ചു മെനക്കെടാൻ നിന്നില്ല, കൈയിൽ കിട്ടിയ ഒരു ചെറിയ പായ്ക്കറ്റും വാങ്ങിപ്പോന്നു. കഴുകി വൃത്തിയാക്കി പുഴുങ്ങിയെടുത്തു. തൊലികളയാനെടുത്തപ്പോൾ ഉരുളക്കിഴങ്ങ്​ പൊടിഞ്ഞു, ചെറിയ ചെറിയ കഷ്ണങ്ങളായി. അമർത്തിയാൽ ഒരു പേസ്റ്റ് പരുവം. ഒടുക്കം ചോറും തൈരെന്നു പേര് നൽകിയ യോഗർട്ടും നാട്ടിൽ നിന്ന് കൂടെക്കൊണ്ടുവന്ന അച്ചാറും കൂട്ടി കഴിച്ചു സമാധാനിച്ചു. പിന്നെയും ദിവസം കുറേ കഴിഞ്ഞാണ് കുഴമ്പുരൂപത്തിൽ (puree) ഉണ്ടാക്കാനുള്ള ഉരുളക്കിഴങ്ങാണ് വാങ്ങിയതെന്ന് മനസ്സിലായത്. പൊരിയ്ക്കാനും, ചിപ്‌സുണ്ടാക്കാനും വേറെയിനമുണ്ട്. ഒന്നിനെ ഉദ്ദേശിച്ചു ഉണ്ടാക്കിയത് മറ്റൊന്നിനുപയോഗിച്ചാൽ മെനു വേറെ കരുതണമെന്ന് ഗുണപാഠം.

ഉരുളക്കിഴങ്ങിനെക്കുറിച്ചുള്ള ചില യൂറോപ്യൻ അനുഭവങ്ങൾ.


വി. മുസഫർ അഹമ്മദ്​: ഹംഗേറിയൻ ചലച്ചിത്രകാരൻ ബേലതാറിന്റെ ‘ദി ടൂറിൻ ഹോഴ്‌സി'ലാണ് അടുത്ത കാലത്ത് ഉരുളക്കിഴങ്ങ് തിന്നുന്ന അച്ഛനെയും മകളെയും കണ്ടത്. പ്രകൃതിയുടെ വന്യതയിൽ, വരൾച്ചയിലും പൊടിക്കാറ്റിലും ഒറ്റപ്പെട്ടുപോയ അച്ഛനും മകൾക്കും പുഴുങ്ങിയ ഉരുളക്കിഴങ്ങല്ലാതെ മറ്റൊന്നും ഭക്ഷിക്കാനില്ല. അതിൽ വിതറാൻ കുറച്ച് ഉപ്പ്, ചിലപ്പോൾ വീട്ടിൽ തന്നെ വാറ്റിയ മദ്യം. ആ ചിത്രം ഇക്കഴിഞ്ഞ ഗോവ ചലച്ചിത്രമേളയിൽ പനാജിയിലെ ഐനോക്‌സ് തീയേറ്ററിലെ ഇരുട്ടിൽ കണ്ടുകൊണ്ടിരുന്നപ്പോൾ സ്വാഭാവികമായും വാൻഗോഗിന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന വിഖ്യാത പെയിന്റിങ്ങും ഓർമയിലേയ്ക്കു കടന്നുവന്നു. യൂറോപ്പിനെ സംബന്ധിച്ച് എക്കാലത്തും ഉരുളക്കിഴങ്ങ് അടിസ്ഥാന ഭക്ഷണമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവരുടെ കലയിലും സാഹിത്യത്തിലും സിനിമയിലും ജീവനുള്ള ഒരു കഥാപാത്രമായി/കലാവസ്തുവായി ഈ കിഴങ്ങ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അരിയും ചോറും നമ്മുടെ കലയിൽ പ്രത്യക്ഷപ്പെടുന്നതിന് സമാനമാണത്. വാൻഗോഗ് ചിത്രത്തിലും ബേലാതാറിന്റെ സിനിമയിലും പട്ടിണിയെ അതിജീവിക്കാൻ മനുഷ്യരെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നായി ഉരുളക്കിഴങ്ങ് പ്രവർത്തിക്കുന്നു.

അയർലണ്ടിൽ 1845-49 കാലത്തുണ്ടായ ഭക്ഷ്യക്ഷാമം (മാർക്‌സ് ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ) ഉരുളക്കിഴങ്ങ് ചെടിയിലും വേരുകളിലും പ്രത്യക്ഷപ്പെട്ട ഫംഗസ് (പൂപ്പൽ) ബാധ മൂലമായിരുന്നു. ഉരുളക്കിഴങ്ങ് മഹാക്ഷാമം, കൊടിയ കഠിനകാലം എന്നാണ് ആ ഭക്ഷ്യക്ഷാമം ചരിത്രത്തിൽ വിശേഷിക്കപ്പെടുന്നത്. നാലു വർഷക്കാലവും രോഗം മൂലം ഉരുളക്കിഴങ്ങ് വിള നശിക്കുകയായിരുന്നു. അയർലണ്ട് അതിന്റെ ചരിത്രത്തിൽ അനുഭവിച്ച ഏറ്റവും വലിയ മഹാപ്രതിസന്ധികളിലൊന്നായിരുന്നു ഇത്. 168 വർഷങ്ങൾക്കു ശേഷം 2013ലാണ് അയർലണ്ടിലെ ഉരുളക്കിഴങ്ങിനെ ബാധിച്ച ഫംഗസിനെ പൂർണമായും മനസ്സിലാക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചത്.

ഇന്ത്യയിൽ ഇത് കൃഷി ചെയ്യാൻ തുടങ്ങുന്നത് 17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയും 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയുമാണ്. കൊളോണിയിൽ വിത്തുകളിൽ ഒന്നായാണ് ഉരുളക്കിഴങ്ങ് ഇന്ത്യയിലെത്തുന്നത്. പോർച്ചുഗീസുകാർ ഇതിനായി ആദ്യം ശ്രമിച്ചു. പക്ഷെ അവർക്കതിൽ വിജയിക്കാനായില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി 18-ാം നൂറ്റാണ്ടിൽ കൊൽക്കത്തയിലേക്ക് ഉരുളക്കിഴങ്ങ് വിത്തുകൾ കൊണ്ടുവന്നു. കർഷകരോട് കൃഷി ചെയ്യാനാവശ്യപ്പെട്ടു. അങ്ങനെ ഉരുളക്കിഴങ്ങ് ഇവിടേക്ക് പ്രവേശിച്ചു. 18-ാം നൂറ്റാണ്ടിനു മുമ്പുള്ള കാര്യങ്ങൾ പരാമർശിക്കുന്ന ചരിത്ര രേഖകളിലൊന്നും ഈ കൃഷിയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണില്ല. മലബാർ കുരുമുളക് യൂറോപ്പിലേക്ക് കടത്തിയവർ അവരുടെ ഭക്ഷണശീലത്തിലെ പ്രധാന ഇനമായ ഉരുളക്കിഴങ്ങിന്റെ വിത്തുകൾ ഇവിടേക്ക് കൊണ്ടുവന്നു. കാലം ചെന്നതോടെ അതും ഒരിന്ത്യൻ അടിസ്ഥാന ഭക്ഷണമായി പരിവർത്തിപ്പിക്കപ്പെട്ടു.


വി.എസ്​. സനോജ്​: മലയാളികളിൽ പലർക്കും പൊട്ടറ്റോ വിരുദ്ധത പൊതുവേയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലം മുതലേ ഉരുളക്കിഴങ്ങ് വിരുദ്ധതയുണ്ടായത് ആ സ്വാധീനം കൊണ്ടായിരിക്കാം. ഉരുളക്കിഴങ്ങ് രുചിയോടുള്ള കുട്ടിക്കാല അതൃപ്തി ഒഴിവാക്കാനാവാതെ പോയി. ജീവിതം കാൽനൂറ്റാണ്ട് പിന്നിട്ട ശേഷം മാത്രമാണ് പൊട്ടറ്റോ വിരോധത്തിൽ നിന്ന് വ്യതിചലനമുണ്ടായത്. അതായത് ഊണിനോ ചപ്പാത്തിക്കോ ഒരു മുട്ടക്കറി കിട്ടിയാൽ അതിലുള്ള ഉരുളകിഴങ്ങ് പ്ലേറ്റിൽ ഒരറ്റത്ത് ഓരോ കഴിപ്പുകളിലും അവഗണിക്കപ്പെട്ട് കൂട്ടിയിടപ്പെട്ടുകൊണ്ടിരിക്കലായിരുന്നു പതിവ്. ഏത് കറി കിട്ടിയാലും ഉരുളകിഴങ്ങിന്റെ സ്ഥാനം ഇതായിരുന്നു. മുട്ട കഴിച്ചിരുന്ന വെജ് ആയിരുന്നു അക്കാലത്ത് എന്നതുകൊണ്ടാകാം. ഏറെക്കാലത്തിനുശേഷം ഉത്തരേന്ത്യൻ യാത്രകളാണ് പൊട്ടറ്റോയെ ഇഷ്ടപ്പെടാനുള്ള പ്രേരണയുണ്ടാക്കിയത്.

ലഖ്‌നൗവിലെയും ഓൾഡ് ഡൽഹിയിലെയും കൊൽക്കത്തയിലെയും തണ്ടൂരി കടകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ പലതരം രസികൻ പൊട്ടറ്റോ ഇനങ്ങൾ പ്ലേറ്റിലേക്ക് വന്നു. ഉശിരൻ ചില്ലി പൊട്ടറ്റോയുടെ ലോകമായി ലഖ്‌നൗവിനെ കണ്ടുകിട്ടി. വിസ്‌കിക്കൂട്ടിന് കൂട്ടിനുപോലും താനൊരു നല്ല കൈസഹായമായിരിക്കും, നിങ്ങളൊന്ന് ട്രൈ ചെയ്യൂ എന്ന് ചില്ലി പൊട്ടറ്റോ പ്ലേറ്റുകൾ പറയാൻ തുടങ്ങി. യു.പി.യിലെയും കൊൽക്കത്തയിലെയും ഗല്ലികളിലെ ദേശീരുചികളാണതിന് കാരണം. ഏതാണ്ട് ഇരുപത്തഞ്ച് വർഷത്തിനുശേഷമാണ് ജീവിതത്തിൽ അത് സംഭവിച്ചത് എന്നുമാത്രം. ഇഷ്ടമായാൽ പിന്നെ ഒന്നും ഒരു മോശം അനുഭവമല്ലെന്ന ബോധ്യം കടന്നുവരുമല്ലോ. അതുതന്നെ പിന്നീട് സംഭവിച്ചു. ഫ്രഞ്ച് ഫ്രൈസും ചില്ലി പൊട്ടറ്റോയും തുടങ്ങി പലതരം വകഭേദങ്ങൾ ഭക്ഷണ മെനുവിലേക്ക് അതോടെ കേറിവന്നു. ഇത്തരം പൊട്ടറ്റോ നരേറ്റീവുകൾ പലർക്കുമുണ്ടാകാം.


പി.പി. ഷാനവാസ്: തക്കാളിക്ക് സ്തുതിഗീതമെഴുതിയ പാബ്ലോ നെരൂദ പൂർവവംശം ഒന്നായ ഉരുളക്കിഴങ്ങിനെ എന്തേ വിട്ടുകളഞ്ഞത്? ചിലിയുടെ ഡിസംബർ തെരുവുകളിൽ തക്കാളി തീർക്കുന്ന വേനലും വെളിച്ചവും പിടിച്ചെടുത്ത കവിത, ഇൻക സംസ്‌കൃതി പുലർന്ന ഉരുളക്കിഴങ്ങിനെ വിട്ടുപോയതെന്തേ? മാച്ചുപിച്ചുവിന്റെ ഉയരങ്ങൾ തേടിപ്പോയ കവിക്ക്, ഈ പാതാള വർഗം എഴുതിയ മാനവമോചന കവിത കളഞ്ഞു പോയതെങ്ങനെ?

പൂർവവംശം ഒന്നായ തക്കാളിയ്ക്കും ഉരുളക്കിഴങ്ങിനും വേറിട്ട കാവ്യജീവിതമുണ്ട്. അതോ ഉരുളക്കിഴങ്ങിനെപ്പറ്റി പറഞ്ഞുവെന്നാൽ യു.എ.പി.എ. ചുമത്തും എന്ന് ഭയന്നിട്ടാവുമോ കവി തക്കാളിയുടെ കോഡ് ഭാഷ ഉപയോഗിച്ച് ഉരുളക്കിഴങ്ങിനെക്കുറിച്ച് എഴുതിയത്? തക്കാളിയും ഉരുളക്കിഴങ്ങും നമ്മുടെ താഹയും അലനുമാണോ? അലന്റെ തക്കാളിച്ചന്തം. താഹയുടെ ഉരുളക്കിഴങ്ങിന്റെ പൗരാണികഭാവം. ഒന്ന് തെളിവിലും മറ്റേത് ഒളിവിലും എന്നാണോ? കമ്യൂണിസം എന്ന ഒരേ വിഷച്ചെടിയുടെ (ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും പൂർവികൻ ഒരു വിഷച്ചെടിയാണ്) സന്താനപരമ്പര എന്ന നിലയിൽ ഒന്ന് പാർലിമെന്ററി പാതയും മറ്റേത് വിപ്ലവമാർഗത്തിലും യാഥാക്രമം വലത് - ഇടത് വ്യതിയാനങ്ങൾക്ക് വഴിപ്പെട്ടതാണോ? ദലിതരുടെ മാർക്‌സിസത്തിൽ ദലിതരെ കാണാത്തതുപോലെ, ഒളിവിടമൊരുക്കിയ കോരനും വേലനും ചരിത്രത്തിൽ കാണാതെപോയതുപോലെ, തക്കാളി നടത്തിയത് ഒരു സവർണ അട്ടിമറിയാണോ?

വാൻഗോഗ് ആണ് അധഃകൃതരായ ഉരുളക്കിഴങ്ങിന് ഒരു കാൻവാസ് കൊടുത്തത്. അതിന് ചിത്രകാരന് ഒരു ജീവിതം തന്നെ പകരം കൊടുക്കേണ്ടിവന്നു. തൊഴിലാളികളോടും മണ്ണിൽ പണിയെടുക്കുന്ന കർഷകരോടുമുള്ള തന്റെ താദാത്മ്യത്തിന്റെ നിദർശനമായാണ് ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ'എന്ന ചിത്രത്തെ അദ്ദേഹം സ്വയം കണ്ടത്. അതേ കാലത്താണ് മാർക്‌സ് മാനിഫെസ്റ്റോയും എഴുതുന്നത്. കത്തിയും മുള്ളും എന്നതിനുപകരം പരുക്കൻ കൈകൾ കൊണ്ട് ഉരുളക്കിഴങ്ങു തിന്നുന്ന മനുഷ്യരുടെ ശില്പസമാനമായ മുഖങ്ങളും പ്രേമം തിളങ്ങുന്ന കണ്ണുകളും ശരറാന്തലിന്റെ മുനിഞ്ഞുകത്തുന്ന ഗുഹാവെളിച്ചത്തിൽ വിൻസെൻറ്​ ആവിഷ്‌കരിച്ചത്, അക്കാലത്ത് വാങ്ങാനാളില്ലാത്ത പെയിന്റിങ് ആയിരുന്നു എന്ന് അനിയൻ തിയോയുടെ സാക്ഷ്യമുണ്ട്. മാർക്‌സിന്റെ ശവമടക്കിന് പതിനൊന്നുപേർ എന്ന കണക്ക് നോക്കുമ്പോൾ, വാൻഗോഗിന് യൂറോപ്യൻമാർ നൽകിയ സ്വീകാര്യതയെ മനസ്സിലാക്കാവുന്നതേയുള്ളൂ. ആത്മനഷ്ടത്തെക്കുറിച്ച് ബിബ്ലിക്കൽ ഭാഷ മാർക്‌സ് മാനിഫെസ്റ്റോയിൽ പ്രയോഗിക്കുംപോലെ, വാൻഗോഗും ഹേഗ് സ്‌കൂളിന്റെ സ്വാധീനത്തിൽ തന്റെ ക്യാൻവാസിന്റെ കമ്പോസിഷനിൽ ഒരു റിലീജിയസ് അണ്ടർടോൺ നിലനിർത്തിയിരുന്നു. അവസാന അത്താഴത്തിന്റെ ക്രിസ്തുസ്മൃതി. യൂറോപ്പിൽ തൊഴിലാളിവർഗങ്ങൾ ഒരു സ്വാധീനശക്തിയായി മാറുന്നതിന്റെ സൂചകങ്ങളായിരുന്നു അവർക്ക് മാർക്‌സിനെപ്പോലെ ഒരു തത്വചിന്തകനെയും വാൻഗോഗിനെപ്പോലെ ഒരു ചിത്രകാരനെയും കിട്ടിയത്. ഇരുവരും തങ്ങളുടെ വികാരവിക്ഷുബ്ധതകൊണ്ട് കുപ്രസിദ്ധരാണല്ലോ.

Comments