വായനയുടെ ചരിത്രം

'സസ്യങ്ങളുടെ നീരിൽ പുകക്കരി ചേർത്താണ് അവർ മഷി ഉണ്ടാക്കിയിരുന്നത്. ഏറക്കാലം അവർ ഈ രണ്ട് അറിവുകളും അതീവരഹസ്യമായി സൂക്ഷിച്ചിരുന്നു. ആദ്യമത് കൊറിയക്കാർ കൈക്കലാക്കുകയും, പിന്നീടത് ജപ്പാനിലും, അതിനു ശേഷം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും എത്തുകയായിരുന്നു. പിന്നെയും കുറേ കാലം കഴിഞ്ഞാണ് അച്ചടി, പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ, ഡയറികൾ, വായനശാലകൾ എന്നിവയൊക്കെ ഉണ്ടാകുന്നത്.'

"ലോകത്തിലെത്തന്നെ ഏറ്റവും സുന്ദരമായ ശലഭോദ്യാനങ്ങളിലൊന്നാണ് ഈ സ്ഥലം.'

പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളും, ആഭരണങ്ങളും, ചെരുപ്പുകളും, നെയിൽ പോളീഷുകളും, ഫേഷ്യൽ ക്രീമുകളും, അടിവസ്ത്രങ്ങളുമടക്കം ലോകത്തിലെ ഏതു ബ്രാൻഡും ഇറക്കുന്ന സൗന്ദര്യസംവർദ്ധകോപാധികളെല്ലാം യഥേഷ്ടം ലഭിക്കുന്നതുകൊണ്ട് സുന്ദരികളായ യുവതികളും, മദ്ധ്യവയസ്‌കകളും ശലഭങ്ങളെപ്പോലെ നിരവധി നിറങ്ങളിൽ നിരന്തരം പറന്നുവരുകയും പറന്നകലുകയും ചെയ്യുന്ന എറണാകുളത്തെ കോൺവെന്റ് ജംങ്ഷനിൽ സൗന്ദര്യോപാസകനായി നിൽക്കുമ്പോൾ കുറച്ചുനാൾ മുൻപ് കോൺവെന്റ് ജംങ്ഷനെ ഇങ്ങനെയായിരുന്നു സുബ്ബു കാവ്യാത്മകമായി വിശേഷിപ്പിച്ചത്. ഈ സൗന്ദര്യാസക്തിയെ തടുക്കാനുള്ള ശേഷി അയാളുടെ മനസ്സിന് ഇല്ലാത്തതുകൊണ്ട് എറണാകുളത്ത് എപ്പോൾ വന്നാലും കോൺവെന്റ് ജംങ്ഷനിൽ പോകാൻ സുബ്ബു എങ്ങനെയും സമയം കണ്ടെത്തുമായിരുന്നു.

അല്ലറചില്ലറ കൈക്കടങ്ങൾ കൂടിക്കൂടി അതെഴുതി വയ്ക്കുന്ന കുഞ്ഞു പോക്കറ്റ് ഡയറി നിറഞ്ഞു കവിഞ്ഞപ്പോൾ ആ കടങ്ങൾ തീർക്കാനായി ജോഷി പി.എഫിൽ നിന്നും അൻപതിനായിരം രൂപ ലോൺ എടുത്തതറിഞ്ഞ് അതിൽ നിന്നും അയ്യായിരം രൂപ കടം വാങ്ങാനാണ് ഇത്തവണ സുബ്ബു എറണാകുളത്തു വന്നത്. സുബ്ബു എന്തായാലും കോൺവെന്റ് ജംങ്ഷൻ സന്ദർശിക്കും എന്നറിയാവുന്ന ജോഷി അഞ്ചരമണിക്ക് അതിനടുത്തുള്ള പ്രസ് ക്ലബിന് എതിർവശത്തെ ലത്തീഫിന്റെ സെക്കൻഡ് ഹാൻഡ് പുസ്തകക്കടയിൽ കാണാം എന്ന് അറിയിച്ചതോടെ സൗന്ദര്യാസ്വാദനാർത്ഥം കോൺവെന്റ് ജംങ്ഷനിലേക്ക് പോകാൻ സുബ്ബു തീരുമാനിച്ചു. മേനക ബസ് സ്‌റ്റോപ്പിൽ വന്നിറങ്ങി ബ്രോഡ്‌വേയിലെ ഭാരത് കോഫിഹൗസിൽ കയറി കാപ്പിയും രണ്ട് ഉഴുന്നുവടയും കഴിച്ച് അയാൾ പ്രസ് ക്ലബ് റോഡു വഴി ലക്ഷ്യത്തിലേക്കു നടന്നു.

രണ്ടു മണിക്കൂറോളം അയാളങ്ങനെ കോൺവെന്റ് ജംങ്ഷനിൽ അലഞ്ഞുതിരിഞ്ഞ് രസിച്ചു. അഞ്ചുമണി കഴിഞ്ഞ് കൃത്യം പതിനഞ്ചു മിനിട്ടായപ്പോൾ താൻ പുസ്തകക്കടയിൽ ഉണ്ടെന്നറിയിച്ച് ജോഷിയുടെ മെസേജ് സുബ്ബുവിന്റെ മൊബൈലിൽ വന്ന് മുട്ടിവിളിച്ചു.

ബ്ലോസ്സം എന്നാണ് ലത്തീഫിന്റെ പുസ്തകക്കടയുടെ പേര്. ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ ശേഖരിച്ച് കണ്ടെയ്‌നറുകളിൽ കപ്പൽ മാർഗം ബോംബെ തുറമുഖത്തെത്തിച്ച് അവിടെ നിന്നും റോഡ് മാർഗം ലോറിയിൽ കയറ്റിയാണ് ലത്തീഫ് അയാളുടെ കടയിൽ പുസ്തകങ്ങൾ എത്തിക്കുന്നത്. പലപ്പോഴും ആ കണ്ടെയ്‌നറുകൾ ഗൗരവവായനയുള്ളവരുടെ നിധിപേടകങ്ങളായിരുന്നു. ഇന്ത്യയിൽ കിട്ടാൻ സാധ്യതയില്ലാത്തവയും, ഏതെങ്കിലുമൊക്കെ ലേഖനങ്ങളിൽ വായിച്ചപ്പോൾ എന്നെങ്കിലും അത് കയ്യിൽ കിട്ടുമായിരിക്കും എന്ന് മോഹിച്ചവയുമൊക്കെ പലപ്പോഴും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പല ഗൗരവവായനക്കാരും ഇടയ്ക്കിടെ ഈ സെക്കൻഡ് ഹാൻഡ് പുസ്തകക്കടയിൽ വന്നും പോയുമിരുന്നു. അപ്രതീക്ഷിതമായ നിധികൾ കാട്ടി ലത്തീഫ് അവരെയെല്ലാം പലപ്പോഴും ഞെട്ടിച്ചുകൊണ്ടുമിരുന്നു.

സുബ്ബുവിന് പുസ്തകക്കടയുടെ പുറത്ത് അരമണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. നീല പുറംചട്ടയുള്ള പുസ്തകം വലതു കയ്യിൽ നെഞ്ചോടു ചേർത്തുപിടിച്ച് വലിയ സന്തോഷത്തോടെയാണ് ജോഷി പുറത്തു വന്നത്.

"എത്ര നേരമായെഡോ ഈ പെരുവഴിയിൽ തന്നെയും കാത്തുനിൽക്കുന്നു.' സുബ്ബുവിന്റെ വാക്കുകളിലെ പ്രകടമായ ദേഷ്യം വകവെക്കാതെ ജോഷി അയാളെ സ്‌നേഹപൂർവം കെട്ടിപ്പിടിച്ചു.

"വാ, ആദ്യം ഒരു കാപ്പി കുടിക്കാം.' അവർ ബ്രോഡ്‌വേയിലെ ഭാരത് കോഫി ഹൗസിലേക്ക് സാവധാനം നടന്നു.

"അതേതാ പുസ്തകം?'

ജോഷി അയാളുടെ കയ്യിലെ പുസ്തകം സുബ്ബുവിന് കൈമാറി. ആർ. ഇ. ആഷറിന്റെ മലയാളഭാഷയെക്കുറിച്ചുള്ള മലയാളം എന്ന പുസ്തകമായിരുന്നു അത്.

"ഓ, ഇത് മറ്റേ ആഷറല്ലേ? നമ്മുടെ ബഷീറിനെ ഇംഗ്‌ളീഷിലേക്ക് ആക്കിയ ചേട്ടൻ?'

"ആ, അയാൾ തന്നെ.'

"ഏതോ പത്രത്തിലെ ചരമവാർത്തയിലാണ് ഞാൻ ഇയാളെപ്പറ്റി വായിച്ചത്. ബഷീറിനെ ഇംഗ്‌ളീഷിലാക്കിയതിന്റെ കഥയൊക്കെ ഉണ്ടായിരുന്നു അതിൽ. ഇയാൾ ഇങ്ങനെയൊരു പുസ്തകവും എഴുതിയിട്ടുണ്ടല്ലേ!' കാര്യമായ അറിവൊന്നുമില്ലെങ്കിലും എന്തിനെക്കുറിച്ചും ആരുടെ മുൻപിലും ആധികാരികമായ ഭാവത്തിൽ വായിട്ടലയ്ക്കുന്ന സബ്ബു ആഷറിനെയും വെറുതെ വിട്ടില്ല.

"റൂട്ട്‌ലെജാണല്ലോ പബ്ലിഷർ, ഭയങ്കര വിലയാവില്ലേ?' പുസ്തകം പരിശോധിച്ചു കൊണ്ട് സുബ്ബു ചോദിച്ചു. "ശ്ശോ, 65 ഡോളറോ? തനിക്കെന്താ പ്രാന്താണോ മലയാളത്തെപ്പറ്റിയുള്ള ഒരു പുസ്തകം ഇത്രയും വില കൊടുത്ത് വാങ്ങാൻ? ആ ലോൺ കിട്ടിയത് തീരുന്നത് വരെ എന്തും ആവാല്ലോ ല്ലേ.'

"ഇല്ലെഡോ, നൂറുരൂപയേ ആയുള്ളൂ.'

"പിന്നേ, ആ കടക്കാരനെന്താ വട്ടാണോ ഇത്രയും വിലയുള്ള പുസ്തകം തനിക്ക് നൂറു രൂപക്ക് തരാൻ? പുണ്യം കിട്ടാനൊന്നുമല്ലല്ലോ അയാൾ കട നടത്തുന്നത്.'

ജോഷിക്ക് ചിരി വന്നു.

"ഇത് സെക്കൻഡ് ഹാൻഡ് പുസ്തകാഡോ, അതുകൊണ്ടാണ് ഇത്ര വിലക്കുറവ്.'

പ്രസ് ക്ലബ് റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അവർ ബ്രോഡ്‌വേയിലേക്ക് നടന്നു.

"ഇതുപക്ഷേ, കണ്ടിട്ട് പഴയതൊന്നുമല്ലല്ലോ. ഒരു ചുളിവു പോലും വീണിട്ടില്ല.'

"വികസിത രാജ്യങ്ങളിലൊക്കെ അങ്ങനെയാണ്. അവർ രണ്ടോ മൂന്നോ മാസം മാത്രമേ പുസ്തകങ്ങൾ റാക്കിൽ വക്കുകയുള്ളൂ. അതിനിടയിൽ വിറ്റില്ലെങ്കിൽ അവരത് പൾപ്പ് ചെയ്യാനായി അയക്കും. എന്തിന്, ലൈബ്രറികൾ പോലും അങ്ങനെ ചെയ്യാറുണ്ട്. അധികം പേർ വായിക്കാൻ എടുത്തില്ലെങ്കിൽ അവരതിനെ ഉപേക്ഷിക്കും. എല്ലാം കൂടി സൂക്ഷിച്ചു വെക്കാൻ സ്ഥലം വേണ്ടേ? അങ്ങനെയുള്ള പുസ്തകങ്ങൾ ചിലപ്പോഴൊക്കെ ഇതുപോലെ വികസ്വരരാജ്യങ്ങളിലേക്ക് ചെറിയ വിലയ്ക്ക് എത്തിപ്പെടും.' ജോഷി അയാളുടെ സ്വതസിദ്ധമായ വടിവൊത്ത ഭാഷയിൽ വിശദീകരിച്ചു.

അവർ കോഫിഹൗസിന്റെ മൂലയിലെ രണ്ടു കസേരകൾ ഇട്ട ചെറിയ വട്ടമേശക്ക് ഇരുപുറവുമായി ഇരുന്നു.

"രണ്ടു കാപ്പി, രണ്ടു പ്ലെയ്റ്റ് വടയും.' ജോഷി ഓർഡർ കൊടുത്തു.

'നിരവധി പേർ നിരസിച്ച നിരാശയായ ഒരു കാമുകിയെപ്പോലെ, അലഞ്ഞു തിരിഞ്ഞ് ഇവിടെ എത്തുമ്പോഴാണല്ലേ തന്നെപ്പോലെ ഏതെങ്കിലും ഒരു ഭ്രാന്തൻ അവൾക്ക് മോക്ഷം കൊടുക്കുന്നത്.' ഉറക്കെ ചിരിച്ചു കൊണ്ട് അയാൾ പുസ്തകം തിരികെ ജോഷിയെ ഏൽപ്പിച്ചു.

'ഒന്ന് പതുക്കെ ചിരിക്കെഡോ, വെറുതെ മറ്റുള്ളവർക്ക് ശല്ല്യമാകല്ലേ.' ജോഷി ചുറ്റും നോക്കിക്കൊണ്ട് സുബ്ബുവിനെ ശാസിച്ചു.

ചരിത്രം

"എന്നാലും, ഈ വായനയും എഴുത്തുമൊക്കെ ഒരു സംഭവം തന്നെയാണല്ലേ? ഏത് തലേക്കല്ലനാണാവോ അതൊക്കെ കണ്ടുപിടിച്ചത്.' ചൂടുള്ള കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ സുബ്ബു ആശ്ചര്യപ്പെട്ടു.

"അതങ്ങനെ പ്രത്യേകിച്ചൊരാൾ കണ്ടുപിടിച്ചതൊന്നുമല്ല. നൂറ്റാണ്ടുകൾ എടുത്താണത് ഇന്നിപ്പോൾ കാണുന്ന അവസ്ഥയിലെത്തിയത്. കല്ലിൽ കൊത്തിയ ചിത്രങ്ങളിൽ തുടങ്ങി ആമസോൺ കിൻഡിൽ ഇറീഡർ വരെ നീണ്ടു കിടക്കുന്ന വലിയ ചരിത്രമുണ്ട് അതിന്.' ജോഷി ഗൗരവത്തിൽ പറഞ്ഞു. "പുസ്തകങ്ങളിൽ വായിച്ചിട്ടുള്ള എന്റെ അറിവനുസരിച്ച് പുരാതനകാലത്തെ കച്ചവടക്കാരാണ് എഴുത്തെന്ന പ്രക്രിയ രൂപപ്പെടുത്തിയത്. കച്ചവടത്തിന്റെ ഭാഗമായി ചരക്കുകൾ കൈമാറ്റം ചെയ്യുന്നതിന്റെ കണക്കുകൾ കുറിച്ചുവക്കുന്നതിനു വേണ്ടിയാണ് അവരത് ഉപയോഗിച്ചിരുന്നത്.'

"അതല്ലെങ്കിലും അങ്ങനെയാണല്ലോ. അവരുടെ പണി എളുപ്പത്തിലാക്കാൻ വേണ്ടി അവർ തന്നെ ഓരോന്ന് കണ്ടുപിടിക്കും. വൈകാതെ ആ കണ്ടുപിടുത്തവും അവർ കച്ചവടച്ചരക്കാക്കും.' സുബ്ബു കച്ചവടത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട് വ്യക്തമാക്കി.

"അതുശരിയാണ്. പല കണ്ടുപിടുത്തങ്ങളും കച്ചവടക്കാരുടെ സംഭാവനയാണ്. കളിപ്പാട്ടങ്ങൾ, കമ്പ്യൂട്ടറുകൾ, ബൈക്കുകൾ, കാറുകൾ, ടൂത്ത് ബ്രഷുകൾ, ചെരുപ്പുകൾ, വിഗ്ഗുകൾ, മനുഷ്യനിർമ്മിതമായ പുതിയ രുചികൾ, പെർഫ്യൂമുകൾ, എയർ കണ്ടീഷണറുകൾ, യുദ്ധവിമാനങ്ങൾ, ആയുധങ്ങൾ തുടങ്ങി എന്തിലും അവർ എപ്പോഴും പുതുമ തേടികൊണ്ടിരിക്കും. പുതിയവ കാട്ടി ഭ്രമിപ്പിച്ച് അവ വാങ്ങാൻ നമ്മെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ നോക്കുമ്പോൾ പുതിയ കാലത്ത് നടക്കുന്ന യുദ്ധങ്ങൾ പോലും കച്ചവടക്കാരാണ് നിർമ്മിച്ചെടുക്കുന്നത്. യുദ്ധങ്ങളില്ലെങ്കിൽ അവർക്ക് വലിയ കച്ചവടങ്ങൾ സാധിക്കില്ലല്ലോ.'

അവർ കൈ കഴുകാനായി എഴുന്നേറ്റു.

"ഈ പൈപ്പ് നോക്ക്, കുറച്ചു കാലം മുൻപുവരെ ഇങ്ങനെയുള്ള പച്ചവെള്ളം വരുന്ന പൈപ്പുകളായിരുന്നില്ലേ കുളിമുറികളിൽ ഉണ്ടായിരുന്നത്. കച്ചവടക്കാരണ് ചൂടുവെള്ളം കിട്ടുന്ന പൈപ്പ് അവതരിപ്പിക്കുന്നത്.'

"ഇങ്ങനെ നോക്കിയാൽ നമുക്ക് എല്ലാത്തിലും കച്ചവടം മാത്രമേ കാണാൻ പറ്റുകയുള്ളൂ. നടന്നു പോയിരുന്ന നമ്മളിപ്പോൾ വണ്ടികളിലല്ലേ പോകുന്നത്?'

"എന്താ സംശയം, അതും കച്ചവടമാണ്. കൂടുതൽ പണം കിട്ടാനായി കൂടുതൽ സൗകര്യങ്ങൾ കാണിച്ച് അവർ നമ്മളെ പ്രലോഭിച്ചു കൊണ്ടിരിക്കും.'

വെയ്റ്റർ ബില്ലുമായി വന്നു. സുബ്ബു ബിൽ എടുത്ത് അലസമായി പരിശോധിച്ചതിനു ശേഷം ജോഷിയുടെ അടുത്തേക്ക് നീക്കി വച്ചു.

"മൊത്തം സമൂഹത്തിന് വേണ്ടി കണ്ണിമചിമ്മാതെ എല്ലാം നിരീക്ഷിക്കുകയും, നമുക്കവ ഉറക്കെ വെളിപ്പെടുത്തിത്തരുകയും ചെയ്യുന്ന എഴുത്തുകാരെപ്പോലും ഇതിനകം അവർ അവരുടെ വലയിൽ വീഴ്ത്തിക്കഴിഞ്ഞു.'

"അതെന്താ കാര്യം?'

"പുതിയൊരു ടെക്‌നോളജി വന്നിട്ടുണ്ട്. എഴുത്തുകാരൻ അയാൾക്ക് എഴുതാനുള്ളത് വെറുതെ പറഞ്ഞാൽ മതി. അയാളുടെ സംസാരം റെക്കോഡ് ചെയ്യുന്ന ആ ചെറിയ യന്ത്രം അയാൾ പറഞ്ഞതിനെയെല്ലാം അതേപടി ഡികോഡ് ചെയ്ത് സ്‌ക്രിപ്റ്റാക്കി മാറ്റും. അടുത്തിടെ ഞാൻ എവിടെയോ വായിച്ചതാണ്.' വെയ്റ്ററിന്റെ കയ്യിൽ ബിൽതുക ഏൽപ്പിക്കുന്നതിനിടയിൽ ജോഷി പറഞ്ഞു കൊണ്ടിരുന്നു. "മരുന്നുകച്ചവടമാണ് നമ്മുടെ കാലത്തെ ഏറ്റവും ലാഭമുള്ള കച്ചവടം. പുതിയ രോഗം കണ്ടെത്തൽ, രോഗത്തെക്കുറിച്ചുള്ള ഭയത്തിന്റെ പ്രചാരണം, രോഗത്തിനുള്ള പുതിയ മരുന്നിന്റെ പരസ്യവും വിൽപ്പനയും എന്നിങ്ങനെയാണ് അതിന്റെ പ്രോസസ്സ്.'

"ഓ!'

"കളിയാക്കണ്ട. ഒരുദാഹരണം പറയാം ഞാൻ.' സുബ്ബുവിന്റെ പുച്ഛസ്വരം ജോഷിയെ ചെറുതായി ദേഷ്യം പിടിപ്പിച്ചിരുന്നു. "പ്രായപൂർത്തിയായ മനുഷ്യരിൽ കാണുന്ന ഒരു സാധാരണ ശാരീരികാവസ്ഥയാണ് കഷണ്ടി. ജനിതകപാരമ്പര്യമാണ് അതിന്റെ പ്രധാന കാരണമെന്നാണ് സയൻസ് പറയുന്നത്. ഫംഗസ് ബാധ കൊണ്ടും മുടി കൊഴിഞ്ഞുപോകാം. പുതിയ കാലത്ത് പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾ ഉപയോഗിക്കുന്ന ചിലരിലും, കീമോതെറാപ്പി ചെയ്യുന്നവരിലുമൊക്കെ കഷണ്ടി ഉണ്ടാവാറുണ്ട്. ആദ്യകാലത്ത് കഷണ്ടിയെ സൗന്ദര്യമില്ലായ്മയായി പ്രചരിപ്പിച്ച് അതിനു പരിഹാരമായി വിഗ്ഗുകൾ വിറ്റാണ് കച്ചവടക്കാർ കഷണ്ടിയെ ഉപയോഗപ്പെടുത്തിയത്. കുറച്ചുകൂടി കാലം കഴിഞ്ഞപ്പോൾ "ഉടൻ നിങ്ങളുടെ ഡോക്ടറെ കാണൂ' എന്ന പരസ്യവാചകത്തോടെ കഷണ്ടിയെ അവർ രോഗാവസ്ഥയായി പ്രചരിപ്പിക്കാൻ തുടങ്ങി. മാനസികപ്രശ്‌നങ്ങൾക്കും വൈകാരികപ്രശ്‌നങ്ങൾക്കും മുടികൊഴിച്ചിൽ കാരണമായേക്കാം എന്നുവരെ പ്രചരിപ്പിയ്ക്കപ്പെട്ടു. മെർക്ക് എന്ന അമേരിക്കൻ കമ്പനിയായിരുന്നു ഇങ്ങനെയൊരു പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. തൊട്ടുപുറകേ അവർ കഷണ്ടിക്കുള്ള മരുന്നും ലോകത്തെ പരിചയപ്പെടുത്തി.

"അതിന് മരുന്നു കഴിച്ചാൽ കഷണ്ടി മാറുമോ?'

"ഇല്ല. അവർ പക്ഷേ കഷണ്ടിക്ക് മരുന്നുണ്ടെന്നാണ് പ്രചരിപ്പിച്ചത്. അതിനും ശേഷമാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ രീതിയൊക്കെ ഉണ്ടായത്.'

"ഇതു വച്ചോ, അല്ലെങ്കിൽ സംസാരത്തിനിടയിൽ തരാൻ മറന്നുപോകും.' ജോഷി പേഴ്‌സിൽ നിന്നും മൂന്ന് ആയിരത്തിന്റെ നോട്ടുകളും മൂന്ന് അഞ്ഞൂറിന്റെ നോട്ടുകളും അഞ്ച് നൂറിന്റെ നോട്ടുകളും എടുത്ത് സുബ്ബുവിന് കൊടുത്തു. കോഫിഹൗസിൽ നിന്നും പുറത്തിറങ്ങിയ അവർ പുതിയ ഗസ്റ്റ്ഹൗസിന്റെ വലതു വശത്തുള്ള ഇടവഴിയിലൂടെ മറൈൻ ഡ്രൈവിലെ നടപ്പാതയിലേക്ക് കടന്നു. "അപ്പോൾ പറഞ്ഞുവന്നത്, മറവിയെ പ്രതിരോധിച്ച് സങ്കീർണ്ണമായ ഓർമ്മകളെ സൂക്ഷിച്ചു വക്കാനായി ഈ കച്ചവടക്കാരാണ് പുതിയ രീതിയിൽ എഴുത്തിനെ ഉപയോഗിച്ചു തുടങ്ങിയത്. മെസപ്പൊട്ടേമിയൻ കാലത്തെ സുമേറിയക്കാരും, ഹാരപ്പൻ മോഹഞെ്ജാദാരൊ നിവാസികളുമായിരുന്നു ഇത്തരത്തിലുള്ള ആദ്യകാല എഴുത്തുകാർ.'

"ആ, അത് ഞാൻ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. മറ്റേ കളിമണ്ണിന്റെ ഫലകങ്ങളിൽ മുദ്രണം ചെയ്യുന്ന രീതിയല്ലേ അത്?'

"അതെ, അതുതന്നെ. കമ്പുകൾ കൊണ്ട് കളിമൺ ഫലകങ്ങളിൽ എഴുതുന്ന രീതിയും, മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത് എണ്ണങ്ങൾ രേഖപ്പെടുത്തുന്ന രീതിയുമൊക്കെ പലയിടങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നു. അതിനും മുൻപാണ് ഗുഹാചിത്രങ്ങളൊക്കെ ഉണ്ടായിരുന്നത്. അതിനെപ്പറ്റി അധികമൊന്നും ഞാൻ വായിച്ചിട്ടില്ല. അതിനും ശേഷമാണ് സവിശേഷമായ ചിഹ്‌നങ്ങൾ വഴി ആശയം രേഖപ്പെടുത്തുന്ന രീതി ഉണ്ടായത്. അക്കാലത്തായിരിക്കണം മനുഷ്യൻ ആദ്യമായി ചുറ്റുമുള്ള സംഭവങ്ങളെ ചിഹ്‌നങ്ങൾ വഴി എഴുതി സൂക്ഷിക്കുന്ന രീതി പരീക്ഷിച്ചു തുടങ്ങിയത്. പിന്നെയും കുറേ കാലം കഴിഞ്ഞാണ് ഓരോ ശബ്ദത്തിനും ഓരോ ചിഹ്‌നം എന്ന ആശയമൊക്കെ ഉണ്ടാകുന്നത്. അതാണ് ലിപി എന്ന സങ്കൽപ്പത്തിന്റെ ആദിമരൂപം.'

"ഒരു ചെറിയ പലകയിൽ ഇത്രക്കൊക്കെ എഴുതി സൂക്ഷിക്കാൻ പറ്റുമോ? എനിക്കു തോന്നുന്നത് വിരുതന്മാരായ ചരിത്രകാരന്മാരുടെ എക്‌സാജറേറ്റഡ് കഥാസൃഷ്ടികളാണ് ഇതിൽ കുറെയൊക്കെ എന്നാണ്.'

"ഏയ്, അതാകാൻ വഴിയില്ല. ഒരു സംഭവം പല പലകകളിലായി എഴുതി സൂക്ഷിക്കാമല്ലോ. കഥയാണെങ്കിലും ബൈബിളിലെ പത്തുകൽപ്പനകൾ ഇങ്ങനെയൊരു സാദ്ധ്യതയുടെ ഉഗ്രൻ റഫറൻസാണ്. പണ്ടുകാലത്ത് രാജാക്കന്മാരുടെ ശാസനങ്ങൾ കരിങ്കല്ലിൽ കൊത്തിയല്ലേ പൊതുവിടങ്ങളിൽ പ്രദർശിപ്പിച്ചിരുന്നത്.'

അസ്തമിക്കുന്ന സൂര്യന്റെ ചെഞ്ചോരനിറം നോക്കി കായലിനോട് ചേർന്നുള്ള അരമതിലുകളിൽ പ്രണയികളുടെ നീണ്ട നിരകൾ തന്നെ ഉണ്ടായിരുന്നു. പരിസരം മറന്ന് പരസ്പരം മുട്ടിയുരുമ്മിയിരുന്ന് വളരെ ചെറിയ ശബ്ദത്തിൽ സംസാരിക്കുകയും ഇടക്ക് അതിന്റെ രസത്തിൽ പരസ്പരം ചാരിയിരുന്ന് രസിച്ച് ചിരിക്കുകയും ചെയ്യുന്ന അവരെ സുബ്ബു ഇടയ്ക്കിടെ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു.

"ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ താൻ? അതോ വായിൽനോക്കി നടക്കുകയാണോ.' ജോഷിക്ക് ദേഷ്യം വന്നു. "എനിക്കെന്താ വട്ടാണോ ഇങ്ങനെ ഒറ്റക്ക് സംസാരിച്ചു നടക്കാൻ?'

"കേൾക്കുന്നുണ്ട് ജോഷീ. ഇടക്ക് ആ സൂര്യന്റെ ഭംഗി കണ്ട് നോക്കിപ്പോയതാണ്.' ചിരിച്ചുകൊണ്ടയാൾ ജോഷിയുടെ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു. അവർ കായലിൽ നിന്നും അടിച്ചു കയറുന്ന ഇളംതണുപ്പുള്ള കാറ്റേറ്റ് ആളൊഴിഞ്ഞ ഒരിടത്ത് ഇരുന്നു. ജോഷി അയാളുടെ സംസാരം തുടർന്നു.

"അപ്പോൾ പറഞ്ഞു വന്നത്, ആദ്യകാലത്ത് സംസാരത്തിലൂടെ ആശയവിനിമയം നടത്താനുള്ളതായിരുന്നു ഭാഷ. പിന്നെയും ഏറെ കാലങ്ങൾക്കു ശേഷമാണ് ഓരോ ശബ്ദത്തിനും ഓരോ ലിപി എന്ന രീതിയിൽ ഭാഷകൾ വളർന്നത്. അക്കാലത്തായിരിക്കണം മനുഷ്യൻ ഓർമ്മകൾ പൂർണ്ണമായും എഴുതി സൂക്ഷിക്കുക എന്ന ആശയം വികസിപ്പിച്ചെടുത്തത്. അങ്ങനെയുള്ള ആ ചെറിയ കുറിപ്പികളാണ് ആദ്യകാല ചരിത്രരചനകൾ.' അടുത്തുവന്ന കപ്പലണ്ടിക്കാരന്റെ കയ്യിൽ നിന്നും ജോഷി രണ്ടുപൊതി കപ്പലണ്ടി വാങ്ങി അതിലൊന്ന് സുബ്ബുവിന് കൊടുത്തു. അവർ ഇളംചൂടുള്ള കപ്പലണ്ടി ആസ്വദിച്ച് കൊറിച്ചുകൊണ്ടിരുന്നു. "എഴുത്ത് എന്ന ആശയവിനിമയോപാധി കൂടുതൽ വികസിച്ചതോടെയാണ് പഠിക്കൽ, പഠിപ്പിക്കൽ തുടങ്ങിയ സങ്കല്പങ്ങളൊക്കെ ഉണ്ടായിത്തുടങ്ങുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയായിരിക്കണം മനുഷ്യൻ കൂടുതൽ എളുപ്പമുള്ള എഴുത്തുപകരണങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. അക്കാലത്തായിരിക്കും ഈജിപ്റ്റുകാർ പാപ്പിറസ് കണ്ടുപിടിച്ചത്.'

"പാപ്പിറസിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്.'

"ഇന്നു കാണുന്ന രീതിയിലുള്ള പേപ്പറും അതിൽ എഴുതാനുള്ള മഷിയുമൊക്കെ കണ്ടുപിടിച്ചത് ചൈനക്കാരാണ്. ഒന്നാം നൂറ്റാണ്ടിൽ ഒരു ചൈനക്കാരനാണ് ചെടികളുടെ തണ്ടുകളും, മരക്കഷ്ണങ്ങളും, തുണിയുമൊക്കെ അരച്ചെടുത്ത മിശ്രിതം ഉണക്കിയെടുത്ത് ആദ്യമായി കടലാസ് ഉണ്ടാക്കുന്നത്.'

"ഹോ, സമ്മതിക്കണം. അന്ന് ഇങ്ങനെയാക്കെ ചിന്തിച്ചെടുക്കാൻ ഇത്തിരി വട്ടൊന്നും പോര.'

ജോഷി സുബ്ബുവിന്റെ തമാശ കേട്ടതായിപ്പോലും നടിക്കാതെ സംസാരം തുടർന്നു.

"സസ്യങ്ങളുടെ നീരിൽ പുകക്കരി ചേർത്താണ് അവർ മഷി ഉണ്ടാക്കിയിരുന്നത്. ഏറക്കാലം അവർ ഈ രണ്ട് അറിവുകളും അതീവരഹസ്യമായി സൂക്ഷിച്ചിരുന്നു. ആദ്യമത് കൊറിയക്കാർ കൈക്കലാക്കുകയും, പിന്നീടത് ജപ്പാനിലും, അതിനു ശേഷം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും എത്തുകയായിരുന്നു. പിന്നെയും കുറേ കാലം കഴിഞ്ഞാണ് അച്ചടി, പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ, ഡയറികൾ, വായനശാലകൾ എന്നിവയൊക്കെ ഉണ്ടാകുന്നത്.'

"അതൊക്കെ ഇപ്പോൾ പഴംകഥയായില്ലേ? ഇപ്പോൾ അധികം പേരും ഇബുക്ക് ഉപയോഗിച്ചു തുടങ്ങിയില്ലേ?'

"അതിലൊന്നും വലിയ കാര്യമില്ല. ലോകം മുഴുവൻ എന്നെപ്പോലുള്ള എത്രയോ പേർ ഇപ്പോഴും പുസ്തകങ്ങൾ വാങ്ങുന്നുണ്ട്...'

ചുറ്റും ഇരുട്ട് വീണുകഴിഞ്ഞിരുന്നു. തെരുവുവിളക്കുകളുടെ ചുവന്ന വെളിച്ചത്തിൽ നഗരം ലയിച്ചു ചേർന്നിരുന്നു. ദൂരെ കപ്പലുകളിൽ തെളിഞ്ഞു കാണുന്ന പ്രകാശങ്ങളിലേക്ക് നോക്കി ജോഷി നിശബ്ദനായി ഇരുന്നു.

"എന്തായാലും ഇത്ര നേരമായി. നമുക്കൊരു ബിയർ കുടിച്ചാലോ?'

"അതുകൊള്ളാം. തന്റെ ചരിത്രക്ലാസ്സ് അറ്റൻഡ് ചെയ്ത് എന്റെ തല ചെകിടിച്ചു തുടങ്ങി. ഇത്തിരി ലഹരിയുണ്ടെങ്കിലേ ഇനിയത് തലയിൽ കേറുകയുള്ളൂ.' ജോഷിയുടെ അഭിപ്രായത്തെ സുബ്ബു സന്തോഷത്തോടെ പിന്താങ്ങി. അവർ മഴവിൽപ്പാലം കടന്ന് കായലോരത്തിലൂടെ ഹൈക്കോടതിയുടെ അടുത്തുള്ള ബോട്ടുജെട്ടിയിലേക്ക് നടന്നു.

"ജോഷീ, ഈ ഇബുക്കിന്റെ പരിപാടി ശരിക്കും എങ്ങനെയാണ്?'

"തനിക്ക് ചരിത്രക്ലാസ്സ് കേട്ട് ബോറടിച്ചെന്നു പറഞ്ഞിട്ട്?'

"എന്നാലും വെറുതെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. വേറെ എവിടെയെങ്കിലും പ്രയോഗിച്ച് ബുദ്ധിജീവി ആകാമല്ലോ.'

"ശരി ശരി' ജോഷിക്ക് അതുകേട്ട് ചിരി വന്നു. 'ഈ ഇന്റർനെറ്റൊക്കെ വരുന്നതിന് മുൻപാണ് ഇബുക്കിന്റെ ജനനം. പ്രോജക്ട് ഗുട്ടൻബർഗ് എന്ന് കേട്ടിട്ടുണ്ടോ താൻ?'

"ഇല്ല.'

"ഫ്രീ ബുക്കുകൾ കിട്ടുന്ന ഒരു വെബ്‌സൈറ്റാണത്. പ്രോജക്ട് ഗുട്ടൻബർഗ് തുടങ്ങിയ മൈക്കിൾ.എസ്. ഹാർട്ട് ആണ് ഇബുക്കുകളുടെ തന്ത. വിദ്യാർഥിയായിരുന്ന ഹാർട്ടിന് ലൈബ്രറിയിലെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അനുവാദം കിട്ടിയതോടെയാണ് അതിന്റെ തുടക്കം. United States Declaration of Independence എന്ന ചരിത്രലേഖനം ആ കമ്പ്യൂട്ടറിൽ ടെക്‌സ്റ്റ് ഫോർമാറ്റിൽ ടൈപ്പ് ചെയ്‌തെടുത്തതാണ് ആദ്യത്തെ ഇബുക്ക്. പിന്നീടയാൾ ബൈബിളും, ഹോമർ , മാർക്ക് ട്വയ്ൻ, ഷേക്‌സ്പിയർ തുടങ്ങിയവരുടെ പുസ്തകങ്ങളുമടക്കം പകർപ്പവകാശമില്ലാത്ത മൂന്നൂറോളം കൃതികൾ സ്വന്തമായി ടൈപ്പ് ചെയ്ത് ഫ്രീ ആയി ആളുകൾക്ക് നൽകി.'

ബോട്ടുജെട്ടി കടന്ന് ഹൈക്കോടതി ജംങ്ഷനിൽ നിന്നും കുറച്ചു മുന്നോട്ടു നടന്ന് അവർ വലതു വശത്തെ മാർക്കറ്റ് റോഡിലേക്ക് കടന്നിരുന്നു. വീണ്ടും കുറച്ചുകൂടി മുന്നോട്ടുപോയി ഇടത്തോട്ട് തിരിഞ്ഞ് അവർ സീ പേൾ ബാറിനകത്തേക്ക് കടന്നു.

"മണീ, എന്തുണ്ട് വിശേഷം?' ബെയററുടെ തോളിൽ തട്ടിക്കൊണ്ട് ജോഷി കുശലം ചോദിച്ചു.

"ആ, സാറേ. സുഖം തന്നെ.'

"ഇതെന്താ, ഇന്നിവിടെ ആരുമില്ലല്ലോ?'

"ശനിയാഴ്ച്ചയല്ലേ സാറേ, എല്ലാവരും വീട്ടിൽ പോയിക്കാണും.'

"സത്യത്തിൽ, ഈ നഗരവാസികൾ ദൈവത്തെപ്പോലെയാണ്. ആറുദിവസം മരിച്ചു പണിയെടുക്കും. എന്നിട്ട് ഏഴാം ദിവസം വിശ്രമിയ്ക്കാനായി വീട്ടിലേയ്ക്ക് മടങ്ങും. കഞ്ചാവടിച്ച കുരങ്ങനെപ്പോലെയാണ് പിന്നെ നഗരം, ആരവങ്ങളൊന്നുമില്ലാതെ ആകെ കിറുങ്ങിയിരിക്കും. ഞായറാഴ്ച്ചയാണെങ്കിലോ, ദൈവം വിശ്രമിയ്ക്കുകയല്ലേ, അയാൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത നഗരത്തെ കാഴ്ച്ചകൾ കാണാനെത്തുന്ന യാതൊരു മാനേഴ്സുമില്ലാത്ത ബ്ലഡി ഗ്രാമവാസികൾ അലമ്പാക്കിക്കളയും...' എന്നൊക്കെ അഭിപ്രായപ്പെടാൻ സുബ്ബുവിന്റെ നാവ് തരിച്ചെങ്കിലും ജോഷിയുടെ ദേഷ്യമോർത്തയാൾ സ്വയം നിയന്ത്രിച്ചു.

ബാറിന്റെ ഒതുങ്ങിയ മൂലയിലെ സീറ്റുകളിൽ അവർ ഇരുന്നു. രണ്ടു ബിയറുകൾക്ക് ഓഡർ കൊടുത്ത് ജോഷി സിഗററ്റിന് തീ കൊടുത്ത് ആദ്യത്തെ പുക ഇരുത്തി വലിച്ച് കസേരയിലേക്ക് ചാഞ്ഞ് കണ്ണടച്ചിരുന്നു.

"ജോഷീ, ഇത്രയും നേരം താൻ ചരിത്രം പറഞ്ഞ് എന്നെ കൊന്നു. ഇനി ഞാനൊരു കഥ പറയാം.'

"ആയിക്കോട്ടെ.' കണ്ണുതുറക്കാതെ തന്നെ ജോഷി പറഞ്ഞു.

"കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരൻ പറഞ്ഞതാണ്. എന്റെ നാട്ടിൽ പണ്ടുണ്ടായ ഒരു കഥയാണ്.'

സുബ്ബുവിന്റെ കഥ കേൾക്കാൻ തയ്യാറായി ജോഷി നിവർന്നിരുന്നു.

"അവതാരികയൊന്നും വേണ്ട, താൻ പറയ്. കേൾക്കട്ടെ.'

രണ്ടു ഗ്‌ളാസുകളിൽ ബിയർ പകർന്ന് ജോഷി ഒരു ഗ്‌ളാസ് സുബ്ബുവിന്റെ അടുത്തേക്ക് നീക്കി വച്ചു.

"ചിയേഴ്‌സ്.'

ചരിത്രാതീതം

"എന്നാലിനി കേട്ടുകൊൾക.'

ഒറ്റ വലിയ്ക്ക് ഗ്‌ളാസ് കാലിയാക്കിയ സുബ്ബു പഴയ കാലത്തെ നാടകങ്ങളിലെ വിദൂഷകനെ അനുകരിച്ച് ഈണത്തിൽ പറഞ്ഞു കൊണ്ട് കഥ തുടങ്ങി.

"പണ്ട് എന്റെ നാട്ടിലൊരു നാണുച്ചോനുണ്ടായിരുന്നു. പൂക്കൊട്ടമനയിലെ പണിക്കാരനായിരുന്നു അയാൾ. നൂറേക്കർ ഭൂമിയുടെ ഒത്തനടുക്കായിരുന്നു പൂക്കൊട്ടമനയുടെ എട്ടുകെട്ട് നിന്നിരുന്നത്. അന്നൊക്കെ കൂട്ടുകുടുംബമല്ലേ, എണ്ണമില്ലാത്ത പെണ്ണുങ്ങളും, ആണുങ്ങളും, കുട്ടികളും, പണിക്കാരുമൊക്കെയുള്ള മന സദാസമയം ഉത്സവപ്പറമ്പ് പോലെയായിരുന്നു. വലിയ സമ്പത്തിന്റെ ഉടമകളും, വലിയ മന്ത്രവാദികളുടെ പാരമ്പര്യവുമുള്ള പൂക്കൊട്ടമനയിലെ കാരണവരുടെ വാക്കിന് എതിരുപറയാൻ നാട്ടിലാർക്കും ധൈര്യമില്ലായിരുന്നു. തെങ്ങിന് തടമെടുക്കുക, പുല്ല് ചെത്തിക്കൂട്ടുക, വേലി വെട്ടിവെളുപ്പിക്കുക തുടങ്ങി മനയിലെ പുറംപണികളായിരുന്നു നാണുച്ചോൻ ചെയ്തിരുന്നത്. വലിയ പറമ്പല്ലേ, ഒരറ്റത്ത് നിന്ന് പണി തുടങ്ങി മറ്റേ അറ്റത്ത് എത്തുമ്പോഴേക്കും പണി തുടങ്ങിയ സ്ഥലത്ത് വീണ്ടും പണി തുടങ്ങാറായിട്ടുണ്ടാകും. അങ്ങനെ വർഷത്തിൽ മുന്നൂറ്റിയറുപത്തഞ്ച് ദിവസവും പണിയുള്ള നാട്ടിലെ ഒരൊറ്റ ആളായിരുന്നു നാണുച്ചോൻ. മാത്രവുമല്ല, ഒരു മഴക്കാലത്ത് കുളം കവിഞ്ഞു കിടന്ന സമയം കുളിക്കാനിറങ്ങിയ മനയ്ക്കലെ ഒരു കുട്ടി മുങ്ങിത്താഴാൻ പോയപ്പോൾ മുൻപിൻ നോക്കാതെ കുളത്തിൽ ചാടി രക്ഷപ്പെടുത്തിയതു കൊണ്ട് അയാൾക്ക് മറ്റു പണിക്കാരേക്കാൾ പൂക്കൊട്ടമനയിൽ ചില സ്വാതന്ത്ര്യങ്ങളൊക്കെ ഉണ്ടായിരുന്നു.

പണിക്ക് പോകുമ്പോൾ അയാൾ ഒറ്റമകനായ സുപ്രനെയും കൂടെക്കൂട്ടുമായിരുന്നു. സുപ്രൻ ചേട്ടനെ ഞാനെന്റെ ചെറുപ്പത്തിൽ കണ്ട ഓർമ്മയുണ്ട്. ഞാൻ കാണുമ്പോൾ അങ്ങേർക്ക് നൂറിൽക്കൂടുതൽ പ്രായമുണ്ട്. ഉയരം കുറഞ്ഞ ആ മനുഷ്യൻ, പ്രായാധിക്യം കൊണ്ട് നടു വളഞ്ഞതിനാൽ വടിയും കുത്തിപിടിച്ചാണ് നടന്നിരുന്നത്. ഭയങ്കര അറിവുള്ള ആളായിരുന്നു. സംസ്‌കൃതവും വൈദ്യവുമൊക്കെ അറിയാമായിരുന്നു. എല്ലാവർക്കും വലിയ ബഹുമാനമായിരുന്നു അങ്ങേരെ.'

"ഒന്നു പോടോ, വെറുതെ നുണ പറയാതെ. അന്ന് സംസ്‌കൃതം പഠിക്കാൻ പോയിട്ട്, മര്യാദക്ക് എണ്ണം പഠിക്കാൻ പോലും കീഴ്ജാതിക്കാരെ അനുവദിക്കാത്ത കാലമായിരുന്നു.'

"ഹേയ്, അല്ല ജോഷീ. അങ്ങേർക്ക് സംസ്‌കൃതം അറിയാമായിരുന്നു. എന്തിന് അഷ്ടാംഗഹൃദയം വരെ കാണാതെ അറിയാമായിരുന്നു. ആ കഥയാണ് ഞാൻ പറയാൻ പോകുന്നത്.

ഒരറ്റം ചെത്തിക്കൂർമ്പിച്ച പാണലിന്റെ കടക്കുറ്റി കൊണ്ട് എട്ടുകെട്ടിന്റെ ഏറക്കാലിയിലെ പുല്ലു പറിക്കലും ചുവരിൽ പറ്റിപ്പിടിച്ച പായൽ കുത്തിക്കളയുകയുമൊക്കെയായിരുന്നു സുപ്രൻ ചേട്ടന്റെ ജോലി. അങ്ങനെ ഒരു ദിവസം പണിചെയ്തു കൊണ്ടിരിക്കുമ്പോൾ അയാൾ മനയിലെ കാരണവർ അവിടുത്തെ കുട്ടികൾക്ക് ഒരു കഥ പറഞ്ഞു കൊടുക്കുന്നത് കേട്ടു. ഒരു കട്ടിലിന്റെ പകുതിയോളം വരുന്ന വീതിയും നീളവുമുള്ള, ആനക്കൊമ്പും വെള്ളിയും കൊണ്ട് മോടി പിടിപ്പിച്ച വലിയ ചാരുകസേരയിൽ മലർന്നുകിടന്ന് അയാൾ കഥ പറഞ്ഞു കൊടുക്കുകയായിരുന്നു. കുട്ടികൾ അയാളുടെ മുന്നിൽ അർദ്ധവൃത്താകൃതിയിൽ ഇരുന്ന് കഥ കേട്ടുകൊണ്ടിരുന്നു.'

കാലിയായ ഗ്‌ളാസ്ിൽ സുബ്ബു വീണ്ടും ബിയർ നിറച്ചു. ജോഷിയുടെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി കത്തിച്ച് ആഞ്ഞു വലിച്ച് ആദ്യത്തെ പുക ഉള്ളിലേക്കിരുത്തി അയാൾ കഥ തുടർന്നു.

"അത് ഏകലവ്യന്റെ കഥയായിരുന്നു. താൻ കേട്ടിട്ടില്ലേ ആ കഥ? അർജുനനോടുള്ള വാത്സല്യം കൊണ്ടാണ്. ഏകലവ്യന്റെ വലത്തേ കയ്യിലെ പെരുവിരലാണ് ദ്രോണർ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്. മൂർച്ചയേറിയ ഒരു അമ്പിന്റെ കൂർത്ത വശം കൊണ്ട് തന്റെ പെരുവിരൽ അറുത്ത് ചേമ്പിലയിൽ വച്ച് ഏകലവ്യൻ ഭക്തിപൂർവ്വം ഗുരുവിനെ നമസ്‌കരിച്ചു. പെരുവിരൽ നഷ്ടമായതോടെ അയാൾ അർജുനനേക്കാൾ കഴിവുകുറഞ്ഞ വില്ലാളിയായിത്തീർന്നു.'

"എന്തു പോക്രിത്തരമാണ്. ചതിയുടെ ചരിത്രത്തിന് ചരിത്രാതീതകാലത്തിൽ വരെ വേരുകളുണ്ടല്ലേ?' ജോഷി അല്പം ഈർഷ്യയോടെയാണത് പറഞ്ഞത്.

"അതുപോട്ടെ, അന്നു സുപ്രൻചേട്ടന് പതിനൊന്നു വയസ്സായിരുന്നു പ്രായം. അങ്ങനെ ഈ കഥ കേട്ട സുപ്രൻചേട്ടൻ അന്നു രാത്രി മുഴുവൻ അതിനെക്കുറിച്ച് ചിന്തിച്ച് ഉറങ്ങിയതേയില്ല. പിറ്റേന്ന് രാവിലെ അയാൾ ഒരു വിചിത്രമായ തീരുമാനമെടുത്തിരുന്നു. അന്നുമുതൽ മനയ്ക്കലെ കുളക്കരയിലുള്ള ഓത്തു പഠിപ്പിയ്ക്കുന്ന കെട്ടിടത്തിന്റെ അടുത്ത് പുല്ലുപറിക്കാനായി അയാൾ അച്ഛന്റെ അനുവാദം വാങ്ങി. നാണുച്ചോനായിരുന്നു അയാൾ എവിടെയാണ് പണി എടുക്കേണ്ടതെന്ന് തീരുമാനിച്ചിരുന്നത്. പുല്ലുപറിക്കുന്നതിനോടൊപ്പം ആഴ്ചയിലൊരിക്കൽ കുളം വൃത്തിയാക്കേണ്ട പണിയും കൂടി അയാൾ മകനെ ഏല്പിച്ചു. അങ്ങനെ കുറച്ചു നാൾ കടന്നുപോയി. മനയ്ക്കലെ കുട്ടികൾക്ക് അവരുടെ ആശാൻ ഉറക്കെ ചൊല്ലിക്കൊടുക്കുന്ന ശ്ലോകങ്ങളും അവയുടെ വിശദീകരണങ്ങളുമെല്ലാം സുപ്രൻ ചേട്ടൻ കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു. ആദ്യമൊക്കെ അത് ഏറ്റുചൊല്ലാൻ അയാൾക്ക് ബുദ്ധിമുട്ടായിരുന്നു. പതിയെപ്പതിയെ അയാൾക്ക് നാവ് വഴങ്ങിത്തുടങ്ങി. കേട്ട ശ്ലോകങ്ങൾ മറ്റു കുട്ടികൾ ഏറ്റുചൊല്ലുമ്പോൾ പുല്ലുപറിക്കുന്നതിനിടയിൽ ആയാളും പതിഞ്ഞ ശബ്ദത്തിൽ ചൊല്ലും. വൈകാതെ അയാൾ ചില ശ്ലോകങ്ങളൊക്കെ തെറ്റില്ലാതെ ചൊല്ലുന്ന അവസ്ഥയിലായി.'

"മണീ, സിഗററ്റുണ്ടോ?' ജോഷി ഉറക്കെ വിളിച്ചു ചോദിച്ചു.

"ഇല്ല സാറേ, വേണമെങ്കിൽ വാങ്ങിത്തരാം.'

മണിയെ സിഗരറ്റ് വാങ്ങാനുള്ള പണമേൽപിച്ച് ജോഷി വീണ്ടും സുബ്ബുവിന്റെ കഥ കേൾക്കാൻ തുടങ്ങി.

"അങ്ങനെയൊരു ദിവസം ഓത്തില്ലായിരുന്നു. ചെറിയ ശബ്ദത്തിൽ ചില ശ്ലോകങ്ങൾ ഓർത്തെടുത്ത് ചൊല്ലിക്കൊണ്ട് സുപ്രൻചേട്ടൻ പുല്ല് പറിക്കുകയായിരുന്നു. ആശാൻ പുറകിൽ വന്നുനിന്നത് അയാൾ അറിഞ്ഞില്ല.'

"ഓ, നീയിതൊക്കെ എങ്ങനെ പഠിച്ചു?'

ആശാന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അയാൾ കിലുകിലാ വിറച്ചു. ഉടുത്തിരുന്ന ഒറ്റത്തോർത്തിനിടയിലൂടെ മൂത്രം ഒഴുകിയിറങ്ങി. ദേഹം മുഴുവൻ തളർന്ന് എന്തുചെയ്യണമെന്നറിയാതെ അയാൾ നിന്നു.

"എന്തിനാ കുട്ടീ നീ ഇങ്ങനെ പേടിക്കുന്നത്'എന്നു ചോദിച്ച് അയാൾ സുപ്രൻ ചേട്ടന്റെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. വൈകാതെ ഞാൻ തിരിച്ചു പോകുകയാണ്. നീയും കൂടിക്കോ എന്റെ കൂടെ. എനിക്കറിയാവുന്നതൊക്കെ ഞാൻ പഠിപ്പിച്ചു തരാം. പകരം നീ ഇല്ലത്തെ പണികളൊക്കെ എടുക്കുകയും വേണം എന്നുപറഞ്ഞ് അയാൾ സുപ്രൻ ചേട്ടനെ അയാളുടെ ഇല്ലത്തേക്ക് കൊണ്ടുപോയി. പൂക്കൊട്ട പോലെത്തന്നെ വലിയ സമ്പത്തുള്ള മനയായിരുന്നു അയാളുടേതും. തൊട്ടുകൂടായ്മയൊക്കെ ഉള്ള കാലമായിരുന്നില്ലേ, എന്നിട്ടും അറിവ് നേടാനുള്ള സുപ്രൻ ചേട്ടന്റെ ആഗ്രഹത്തെ ആ ആശാൻ വല്ലാതെ ബഹുമാനിച്ചു. ജനലിന് പുറത്ത് ഏറക്കാലിയിൽ നിൽക്കുന്ന സുപ്രൻ ചേട്ടനെ അകത്തിരുന്ന് ജനലിലൂടെ പാഠങ്ങൾ ചൊല്ലിക്കൊടുത്താണ് ആശാൻ പഠിപ്പിച്ചതെന്നാണ് കേട്ടിട്ടുള്ളത്.

"നാട്ടിൽ പോയി ഒരു സ്‌കൂളൊക്കെ തുടങ്ങണം. പഠിച്ചതൊക്കെ ആഗ്രഹമുള്ളവർക്ക് പറഞ്ഞു കൊടുക്കണം.'

പഠനം തീർന്ന് തിരികെ പോരുമ്പോൾ ഗുരുദക്ഷിണയായി എന്ത് വേണമെന്ന് ചോദിച്ച സുപ്രൻ ചേട്ടന് പതിനായിരം രൂപ കൊടുത്തു കൊണ്ട് ഇതാണ് തനിക്ക് വേണ്ട ഗുരുദക്ഷിണയെന്ന് ആശാൻ അറിയിച്ചു. അന്നത്തെ പതിനായിരം രൂപയല്ലേ, ഇന്നത്തെ ഒരു കോടിയോളം വിലയുണ്ട്.'

മണി സിഗററ്റുമായി വന്നിരുന്നു. ജോഷിയും സുബ്ബുവും ഓരോ ബിയറിന് കൂടി ഓഡർ കൊടുത്ത് സിഗരറ്റ് കത്തിച്ചു.

"പിന്നെ, കയ്യിൽ കാശുണ്ടെങ്കിൽ അന്നും ഇന്നത്തെപ്പോലെ തന്നെയായിരുന്നു. ആളുകളൊക്കെ ബഹുമാനത്തോടെ ഓഛാനിച്ച് നിൽക്കും. സുപ്രൻ ചേട്ടൻ നാട്ടിലെത്തി കുറെ സ്ഥലം വാങ്ങി ഒരു ചെറിയ വീട് വച്ചു. പിന്നെ ഒരു സ്‌കൂളും തുടങ്ങി. എന്റെ നാട്ടിലെ പഴയ ആളുകളൊക്കെ ആ സ്‌കൂളിലാണ് പഠിച്ചത്.'

"ദേ, പിന്നേം നുണ. എഡോ, ബ്രിട്ടീഷുകാർ ഉണ്ടെങ്കിലും അന്നൊക്കെ രാജഭരണം ഉള്ള കാലമല്ലേ? അന്ന് സ്‌കൂളൊക്കെ തുടങ്ങിയെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.'

"ശരിയാണ്, രാജഭരണമൊക്കെ ഉള്ള കാലമായിരുന്നു. പക്ഷേ, സുപ്രൻ ചേട്ടൻ ഒരു സായിപ്പിന്റെ സഹായത്തോടെയാണ് സ്‌കൂൾ തുടങ്ങിയത്. അങ്ങേരുടെ അടുത്ത് സംസ്‌കൃതവും വൈദ്യവും പഠിക്കാൻ വന്നതായിരുന്നു അയാൾ. സുപ്രൻ ചേട്ടന് അയാൾ നൽകിയ ഗുരുദക്ഷിണയായിരുന്നു സ്‌കൂൾ തുടങ്ങാനുള്ള സഹായം. സായിപ്പിന്റെ സഹായമുണ്ടെങ്കിൽ അന്ന് രാജാവല്ല, രാജാവിന്റെ അപ്പൻ പോലും അനങ്ങില്ല. പോരാത്തതിന് ആ സായിപ്പായിരുന്നു സുപ്രൻ ചേട്ടന്റെ സ്‌കൂളിലെ ആദ്യത്തെ പ്രിൻസിപ്പാൾ.'

"അങ്ങേരിപ്പോഴും ഉണ്ടോ?'

"എന്ത് പൊട്ടത്തരമാടോ ഈ ചോദിക്കുന്നത്? കള്ളു കുടിച്ച് സ്ഥലകാലബോധവും പോയോ? അങ്ങേര് മരിച്ചിട്ട് ഇപ്പോൾ ഒരു മുപ്പത് വർഷമെങ്കിലും ആയിക്കാണും.'

"മക്കളൊക്കെ ഉണ്ടായിരുന്നില്ലേ?'

"ഉവ്വ്, അങ്ങേർക്ക് പത്ത് ആൺമക്കളായിരുന്നു. അതിൽ ആറു പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.'

"അവരെയൊക്കെ അങ്ങേര് പഠിപ്പിച്ചിട്ടുണ്ടോ?'

"ഉണ്ടോന്നോ, കേമായി. അവരെയൊക്കെ പഠിപ്പിക്കുക മാത്രമല്ല, അവരൊക്കെ ഞങ്ങളുടെ നാട്ടിലെ ഏറ്റവും നല്ല അദ്ധ്യാപകർ കൂടിയാണ്. അവർക്ക് പഠിപ്പിക്കാൻ വേണ്ടി സുപ്രൻ ചേട്ടൻ പിന്നീട് ഒരു സ്‌കൂൾ കൂടി തുടങ്ങിയിരുന്നു. രണ്ടാമത് തുടങ്ങിയ സ്‌കൂൾ പൊളിച്ച് അത് കോളേജാക്കാൻ അവർ ആലോചിക്കുന്നുണ്ടെന്ന് കേട്ടിരുന്നു.'

"അതു കലക്കി, താൻ ആള് കൊള്ളാമല്ലോ. ഈ കഥ കേട്ട് എനിക്കാകെ ഒരു എനർജി കേറിയിട്ടുണ്ട്.'

കാലിയായ ഗ്‌ളാസുകളിൽ വീണ്ടും ബിയർ നിറഞ്ഞു. മണിയെ വിളിച്ച് ജോഷി നാല് പുഴുങ്ങിയ താറാവുമുട്ടകൾക്ക് കൂടി ഓഡർ കൊടുത്തു.

"എന്നാപ്പിന്നെ ഞാനുമൊരു കഥ പറയാം. കള്ളുകുടിച്ചാൽ കഥ പറയുന്നത് ഒരു രസമാണ്.' ജോഷി മുരടനക്കി നിവർന്നിരുന്നു.

ചരിത്രനിഷേധം

"എന്റെയൊരു കൂട്ടുകാരനുണ്ട്. മഞ്ജുനാഥൻ എന്നാണ് പേര്. ഇട്ട് മൂടാനുള്ള കാശുണ്ട്. മട്ടാഞ്ചേരിയിൽ രണ്ടു വീടുകൾ, വൈറ്റിലയിൽ ഒരു ഫ്‌ളാറ്റ്, ബാംഗ്‌ളൂരിൽ രണ്ട് ഫ്‌ളാറ്റുകൾ, കൂർഗിൽ പാരമ്പര്യമായി കിട്ടിയ ഏക്കർ കണക്കിന് തോട്ടങ്ങൾ ഒക്കെയുള്ള ആളാണ്. പക്ഷേ കണ്ടാൽ പറയില്ല. സ്വന്തമായി രണ്ട് ബെൻസ് കാറുകളുണ്ട്, എന്നാലും ബസിൽ മാത്രമേ യാത്ര ചെയ്യുകയുള്ളൂ. മുട്ടോളം ഇറക്കമുള്ള ഷർട്ടുമിട്ട് എപ്പോൾ വേണമെങ്കിലും അയാൾ നഗരത്തിൽ അലയുന്നത് കാണാം. വല്ലാത്തൊരു മനുഷ്യനാണ്. നഗരത്തിലെ വമ്പൻ പണക്കാർ മുതൽ തെരുവിലെ പിച്ചക്കാർ വരെ നീളുന്ന വലിയൊരു സുഹൃദ് വലയവും അയാൾക്കുണ്ട്. അത്യാവശ്യം സ്വർണത്തിന്റെ കള്ളക്കടത്തൊക്കെ ഉണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.'

പുഴുങ്ങി രണ്ടായി മുറിച്ച മുട്ടയുടെ ഒരു പകുതിയിൽ ഉപ്പും കുരുമുളകുപൊടിയും തളിച്ച് ആർത്തിയോടെ തിന്നതിനു ശേഷം ജോഷി അയാളുടെ ബിയർ ഗ്‌ളാസ് ഒറ്റ വലിക്ക് കാലിയാക്കി വീണ്ടും ബിയർ നിറച്ച് വച്ചു.

'എന്താന്നറിയില്ല, എന്നോട് ഭയങ്കര സ്‌നേഹമാണ് അയാൾക്ക്. പുസ്തകം വായിക്കുന്നത് കൊണ്ടായിരിക്കും. അയാളും നന്നായി പുസ്തകം വായിക്കും. ഒരു വിധപ്പെട്ട ക്ലാസിക് വർക്കുകളെല്ലാം അയാൾ വായിച്ചിട്ടുണ്ട്. ആറു ഭാഷകളറിയാം അയാൾക്ക്. പക്ഷേ മലയാളമറിയില്ല. മലയാളമറിയില്ല എന്നു പറഞ്ഞാൽ മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നേയുള്ളൂ. നന്നായി പറയും.'

'അപ്പോൾ എങ്ങനെയാണ് ബസിന്റെ ബോർഡൊക്കെ വായിക്കുന്നത്?'

'അത് ഞാനും അയാളോട് ചോദിച്ചിട്ടുണ്ട്. സ്ഥലങ്ങളുടെ പേരെല്ലാം ചിത്രരൂപത്തിലാണ് അയാൾ ഓർമയിൽ സൂക്ഷിച്ചിരിക്കുന്നത്, അതുകൊണ്ട് ബോർഡ് വായിക്കാൻ ഒരിക്കലും പ്രശ്‌നമുണ്ടായിട്ടില്ല എന്നാണ് അയാൾ പറഞ്ഞത്.'

"അതൊരു കേൾക്കാത്ത ടെക്‌നിക്കാണല്ലോ. എന്തായാലും രസികനാണല്ലേ? മലയാളിയല്ലേ അയാൾ?'

"അതെ, അച്ഛനും അമ്മയുമൊക്കെ മലയാളികളാണ്. ജനിച്ചതും വളർന്നതും പഠിച്ചതുമൊക്കെ ബാംഗ്‌ളൂരാണ്.' ജോഷി കഥ തുടർന്നു.

"ഒരു ദിവസം ഞങ്ങൾ തമ്മിൽ കണ്ടപ്പോഴാണ് ഞാൻ അയാളോട് മലയാള സാഹിത്യത്തിന്റെ വലിപ്പത്തെക്കുറിച്ച് പറഞ്ഞത്. കുറെ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമെല്ലാം ഞാൻ അയാളോട് പറഞ്ഞു. അയാൾ അതെല്ലാം ശ്രദ്ധയോടെ കേൾക്കുകയും ചിലതൊക്കെ വീണ്ടും ചോദിച്ച് കുറിച്ചെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തിരിച്ചു പോരാൻ നേരത്താണ് അയാൾ എന്നെ ഞെട്ടിച്ചത്.'

"ഈ പുസ്തകങ്ങളൊക്കെ ഏതു കടയിലാണ് കിട്ടുന്നത്?'

"ഞാൻ അവ കിട്ടുന്ന പുസ്തകക്കടകളുടെ പേരുകളും അവയുടെ എക്‌സാക്റ്റ് ലൊക്കേഷനും അയാൾക്ക് പറഞ്ഞു കൊടുത്തു.'

"നാളെത്തന്നെ ഞാൻ ഇതിൽ പലതും വാങ്ങും.'

"അപ്പോൾ താൻ മലയാളം പഠിക്കാൻ പോകുകയാണോ?'

"ഏയ്, അതൊന്നും എന്നെക്കൊണ്ട് പറ്റില്ല.'

"പിന്നെങ്ങനെ വായിക്കും?'

"എന്തെങ്കിലും വഴിയുണ്ടാക്കണം'

"ഗൂഢമായ ചിരിയോടെ അയാൾ ആ പറഞ്ഞതിന്റെ അർഥം എനിക്ക് മനസ്സിലായില്ലെങ്കിലും ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല.'

"ഒരു ബിയറും കൂടി കഴിക്കുകയല്ലേ?' സുബ്ബുവിനോട് ചോദിക്കുന്നതിനിടയിൽ ജോഷി മണിയെ കയ്യുയർത്തി വിളിച്ചു.

"അയ്യോ സാറേ, പെട്ടെന്ന് കുടിക്കണം. ബാറടക്കാറായി. ഇനിയൊരു അര മണിക്കൂർ കൂടിയേ ഒള്ളൂ.'

"ആയിക്കോട്ടെ മണീ, ടെൻഷനാവണ്ട. ഞങ്ങൾ പെട്ടെന്ന് ഇറങ്ങിക്കോളാം.'

ജോഷി അയാളെ സമാധാനിപ്പിച്ചു.

"എന്നിട്ട്? താൻ ആ മഞ്ജുനാഥന്റെ ബാക്കി കഥ പറയ്.' സുബ്ബു തിരക്കുകൂട്ടി.

"പിന്നെ കുറെ കാലം അയാളെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. അഞ്ചാറു തവണ ഞാനയാളെ ഫോൺ ചെയ്തിരുന്നു, പക്ഷേ അയാൾ ഫോണെടുത്തില്ല. പിന്നെ ഞാനും വിളിക്കാതായി. അങ്ങനെയൊരു ഒരു കൊല്ലം കഴിഞ്ഞു കാണും. ഒരു ദിവസം അവിചാരിതമായി അയാൾ ഫോൺ ചെയ്ത് ഇന്ന് നമുക്ക് കാണാൻ പറ്റുമോ എന്ന് ചോദിച്ചു. ബ്രോഡ്‌വേയിലെ കോഫി ഹൗസിൽ തന്നെയാണ്, ഞങ്ങൾ കുറെ നേരം വെറുതെ സംസാരിച്ചിരുന്നു.'

"ഒന്നു മിനുങ്ങണോ? പുറത്തിറങ്ങിയപ്പോൾ അയാൾ ചോദിച്ചു.'

"ഇന്ന് ബാറിലൊന്നും പോകാൻ തോന്നുന്നില്ല. വേണ്ട, നമുക്ക് മറ്റൊരു ദിവസം ഇരിക്കാം.'

"ബാറിലൊന്നും പോകണ്ട, ഞാനിവിടെ മാർക്കറ്റ് റോഡിൽ ഒരു റൂം എടുത്തിട്ടുണ്ട്. അവിടെ വരെ പോയാൽ മതി.'

"അതെന്തിനാ റൂം? ഫോൺ എടുക്കാത്തത് പോലെ താൻ വീട്ടിലും പോകാതായോ?'

"അവിടെയിരുന്നാണ് ഞാൻ പുസ്തകം വായിക്കുന്നത്.'

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

"താൻ അന്ന് പറഞ്ഞ മലയാളം പുസ്തകങ്ങളൊക്കെ ഞാൻ വായിച്ചു കഴിഞ്ഞു.'

"താൻ ഇത്ര പെട്ടെന്ന് മലയാളം പഠിച്ചോ?' ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

"അതൊക്കെ റൂമിൽ ചെല്ലുമ്പോൾ പറയാം.' അയാൾ ഗൂഢമായി ചിരിച്ചു.

റൂമിന്റെ ചാരിയിട്ട വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയപ്പോൾ അവിടെ മദ്യത്തിന്റെ രൂക്ഷഗന്ധം നിറഞ്ഞിരുന്നു. അയാൾ ലൈറ്റിട്ടപ്പോഴാണ് അവിടെ മറ്റൊരാൾ കൂടി ഉള്ളത് ഞാൻ അറിഞ്ഞത്. അയാൾ മദ്യത്തിന്റെ ലഹരിയിൽ കസേരയിലിരുന്ന് കാൽ മേശപ്പുറത്തേക്ക് കയറ്റി വച്ച് ബോധമില്ലാതെ ഉറങ്ങുകയായിരുന്നു. സ്ഥാനം തെറ്റികിടന്ന അയാളുടെ മുണ്ട് മഞ്ജുനാഥൻ നേരെയാക്കിയിട്ടു കൊണ്ട് ഗ്‌ളാസ്സിൽ എനിക്ക് മദ്യം പകർന്നു.

"എന്റെ കൂട്ടുകാരനാണ്. ഒന്നുമില്ല, ഇന്നൽപ്പം ഓവറായിപ്പോയി.' അയാൾ പറഞ്ഞു.

അജിത് എന്നായിരുന്നു അയാളുടെ പേര്. കടലിൽ മീൻ പിടിക്കുന്ന ബോട്ടിലായിരുന്നു അയാൾക്ക് ജോലി. മലയാളം എഴുതാനും വായിക്കാനും അറിയുന്ന അയാളെ പുസ്തകം വായിച്ചു കൊടുക്കാനായി മഞ്ജുനാഥൻ വാടകക്കെടുത്തതായിരുന്നു.

"ഇത്തിരി എക്‌സ്‌പെൻസീവാണ്. അഞ്ഞൂറ് രൂപയും ഒരു ഫുൾ ബോട്ടിലുമാണ് ഇവന്റെ ഒരു ദിവസത്തെ വാടക. പിന്നെ കോഴി ബിരിയാണിയും.' മഞ്ജുനാഥൻ വിശദീകരിച്ചു.

"കള്ളനാണ്, അവന് വായിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗമൊക്കെ അവൻ വായിക്കാതെ വിടും. അവന്റെ മുഖഭാവവും, കഥയുടെ ഒഴുക്കിലുള്ള തടസ്സവും കണ്ടാൽ എനിക്കത് മനസിലാവും. മനസ്സിലായാലും ഞാനൊന്നും പറയില്ല. പറഞ്ഞാൽ അവന് ദേഷ്യം വരും ദേഷ്യം വന്ന് ഇറങ്ങിപ്പോയാൽ ഇതുപോലൊരു നല്ല വായനക്കാരനെ കണ്ടുപിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് ഞാൻ അതൊന്നും അറിഞ്ഞില്ലെന്ന് നടിക്കും.'

"അയാൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഞാൻ അയാളുടെ മുറിയിലൂടെ കണ്ണോടിക്കുകയായിരുന്നു. നൂറിലധികം പുസ്തകങ്ങൾ ഒരു മൂലയിൽ അട്ടിയിട്ട് വച്ചിരുന്നു.'

"ഇതൊക്കെ വായിച്ചു കേട്ട് കഴിഞ്ഞോ?'

"മുക്കാൽ എണ്ണവും കഴിഞ്ഞു. തീരേണ്ട സമയമായി. ചില ദിവസം ഈ പിശാചുപിടിച്ചവൻ ദാ, ഇതു പോലെയാണ്. അടിച്ച് ഓഫാകും. പിന്നെ പിറ്റേ ദിവസം നോക്കിയാൽ മതി.'

"സാറേ, ബാറടച്ചു. മാനേജർ ബഹളമുണ്ടാക്കുന്നുണ്ട്. പ്ലീസ്.'

ദിവസവും കാണുന്ന ആളായതു കൊണ്ട് മണി ജോഷിയോട് വിനയത്തോടെ അപേക്ഷിച്ചു.

"കുഴപ്പമില്ല മണീ, ഞങ്ങൾ എഴുന്നേറ്റു കഴിഞ്ഞു.'

ബിൽ തുകയും ടിപ്പും മണിയെ ഏല്പിച്ച് ജോഷി അയാൾക്ക് ഗുഡ് നൈറ്റ് പറഞ്ഞു.

"അങ്ങനെ അയാൾ മലയാള സാഹിത്യത്തിലും അപ്‌ഡേറ്റ് ആയി. ഇപ്പോഴും ഏതൊക്കെയാണ് പുതിയ നല്ല പുസ്തകങ്ങൾ എന്ന് അയാൾ ഇടക്ക് വിളിച്ചു ചോദിക്കും.'

ബാറിന്റെ ഗേറ്റിന് വെളിയിൽ നിന്ന് സിഗരറ്റ് വലിക്കുന്നതിനിടയിൽ ജോഷി അയാളുടെ കഥ പറഞ്ഞു നിർത്തി.

"എന്താടാ ഇവടെ? ആര്‌ടെ അമ്മേ കെട്ടിക്കാനാടാ നീയൊക്കെ ഇവടെക്കെടന്ന് കറങ്ങണത്?'

അവർക്ക് മുന്നിൽ ശബ്ദത്തോടെ ബ്രേക്കിട്ട ജീപ്പിൽ നിന്നും എസ്. ഐ. ചാടിയിറങ്ങി.

ജോഷിയും സുബ്ബുവും സിഗരറ്റ് താഴെയിട്ട് ചവിട്ടിക്കെടുത്തി. പൊലീസുകാരെ കണ്ട് ജോഷി ആലില പോലെ വിറക്കുന്നുണ്ടായിരുന്നു.

"ഞങ്ങൾ വീട്ടിൽ പോകാൻ നിൽക്കുകയാണ് സാറേ.' സുബ്ബുവാണ് ഉത്തരം പറഞ്ഞത്.

"വീട്ടിൽ പോകാൻ ബാറിന്റെ മുമ്പിലാണോടാ നിക്കണത്?'

"അത് സാറേ, ഒരു ബിയർ കഴിച്ച് ഇപ്പോൾ ഇറങ്ങിയതേ ഉള്ളൂ.'

"ഏവടെയാടാ നിന്റെ വീട്? '

"ഇത്തിരി അകലെയാണ് സാറേ, തൃശൂരാണ്.'

"ഊം, വേഗം വിട്ടോ. ഇനിയിവിടെ കാണരുത്.'

"ശരി സാറേ.'

കുഴപ്പക്കാരല്ലെന്ന് മനസ്സിലായതിനാലാവും, പോലീസുകാർ കൂടുതലൊന്നും ചോദിക്കാതെ പോയി.

"താൻ ഇത്ര പേടിത്തൊണ്ടനാണല്ലേ?' ബസ് സ്റ്റാൻഡിലേക്ക് പോകാനായി ഓട്ടോറിക്ഷ വിളിയ്ക്കാൻ നടക്കുമ്പോൾ സുബ്ബു പുച്ഛത്തോടെ ജോഷിയോട് ചോദിച്ചു.

"തനിയ്ക്കത് പറയാം, കുട്ടിയും കുടുംബവുമൊന്നും ഇല്ലല്ലോ. എന്നെക്കാത്ത് ഭാര്യയും പിള്ളേരും ഇരിയ്ക്കുന്നുണ്ട്. പോലീസ് പിടിച്ചാൽ പിന്നെ നാളെ രാവിലെയേ ഇറങ്ങാൻ പറ്റുകയുള്ളൂ. തനിയ്ക്കതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല സുബ്ബൂ.' ഓട്ടോയിലേക്ക് കയറുന്നതിനിടയിൽ തന്റെ ദേഷ്യത്തെ വിഴുങ്ങിക്കൊണ്ട് ഉത്തരവാദിത്തമുള്ള കുടുംബനാഥനിലേക്കുള്ള പകർന്നാട്ടം ജീവിതഗന്ധിയായ മെയ്വഴക്കത്തോടെ ജോഷി പൂർത്തിയാക്കി.

Comments