മോദിയുടെ ഡിജിറ്റൽ മാരണ വിജ്ഞാപനം

ഉള്ളടക്കം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വ്യാഖ്യാനമാകും ഇനി ഡിജിറ്റൽ മാധ്യമങ്ങളുടെ ഉള്ളടക്കത്തിന്റെ മാനദണ്ഡം. Netflix, Amazon prime , OTT Platform കളിൽ വരുന്ന ഉള്ളടക്കങ്ങളിലെ രാഷ്ട്രീയവും സദാചാരവും ഇനി സംഘപരിവാർ പറയുന്ന നിലവാര സൂചികകളിൽ ആയിരിക്കണം എന്ന് ആവശ്യം വരാം. ഓൺലൈൻ മാധ്യമങ്ങളെ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ പ്രത്യാഘാതം വിലയിരുത്തി, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ജനകീയ രാഷ്ട്രീയ ഉപയോഗം ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്ത് വർഗസമരത്തിന്റെ ഒരു അജണ്ടയാണ് എന്ന് ഓർമിപ്പിക്കുകയാണ് ലേഖകൻ

മൂഹമാധ്യമങ്ങൾ, OTT Platform-കൾ എന്നിവയടക്കമുള്ള ഡിജിറ്റൽ മീഡിയയെ വാർത്ത, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. രാജ്യത്തെ പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന മോദി സർക്കാരിന്റെ നടപടികളുടെ തുടർച്ചയായാണ് ഇതിനെയും കാണേണ്ടത്.

രാഷ്ട്രീയ, പ്രത്യയശാസ്ത്ര തലത്തിലുള്ള ഉള്ളടക്ക, നടത്തിപ്പ് നിയന്ത്രണങ്ങളിലേക്കാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. പ്രത്യക്ഷത്തിൽ വേണ്ടതുതന്നെ എന്ന് തോന്നിക്കുന്ന ഒന്നാണ് ഈ നിയന്ത്രണങ്ങൾ എന്നതുകൊണ്ടുതന്നെ അത്ര അപകടകരമായ ഒരു പൊതുസ്വീകാര്യതയുടെ തലം കൂടി കൈവരിക്കാനുള്ള സാധ്യത ഇതിലുണ്ട്. അത് രണ്ടു തരത്തിൽ-ഒന്ന്, ഒരു സമഗ്രാധിപത്യ ഭരണകൂടം എന്ന നിലയിൽ, രണ്ട്, ഭൂരിപക്ഷ പൊതുബോധത്തെ നിർമ്മിച്ചെടുക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര പദ്ധതി എന്ന നിലയിൽ- ശക്തിപ്രാപിക്കുന്ന ഭീഷണിയെ ഒന്നുകൂടി ശക്തിപ്പെടുത്തുകയാണ്.

‘അർബൻ നക്‌സൽ’ പൊതുബോധമായത് ഇങ്ങനെ

സാമ്പ്രദായിക മാധ്യമങ്ങളുടെ കാര്യത്തിൽ സംഘപരിവാറിന്റെ കേന്ദ്ര സർക്കാർ ഏതാണ്ട് മേൽക്കൈ നേടിക്കഴിഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം കേന്ദ്ര സർക്കാരിനോ സംഘപരിവാറിനോ എതിരായി നീണ്ടുനിൽക്കുന്ന ഒരു പ്രതിഷേധവും എതിർപ്പും ഉയർത്തുന്നില്ല എന്നവർ ഉറപ്പാക്കിയിരിക്കുന്നു. ദേശീയ ടെലിവിഷൻ വാർത്ത ചാനലുകളും, പ്രാദേശിക വാർത്ത ചാനലുകളും, പ്രധാനപ്പെട്ട പത്രങ്ങളുമെല്ലാം സർക്കാരിന്റെയും ബി.ജെ.പിയുടേയും ഉച്ചഭാഷിണികളായി മാറി. മിക്ക ടെലിവിഷൻ ചാനലുകളുടെയും ഉടമകൾ കോർപ്പറേറ്റുകളും ഭരണകക്ഷി രാഷ്ട്രീയ നേതാക്കളുമാണ്. കേന്ദ്ര സർക്കാരിനും സംഘപരിവാറിനും വേണ്ടി അജണ്ടകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന പണിയാണ് ഇവർ നടത്തുന്നത്.

ഇതിനായി സംഘപരിവാർ-കോർപറേറ്റ്-മാധ്യമ കൂട്ടുകെട്ട് സ്വീകരിക്കുന്നത് മൂന്നു ഘട്ടങ്ങളായുള്ള തന്ത്രമാണ്. ആദ്യം അവർ പൊതുബോധത്തിലേക്ക് ഒരു പ്രശ്‌നത്തെ ഉണ്ടാക്കി ഇറക്കുന്നു. ഉദാഹരണത്തിന് Urban Naxal എന്ന പ്രശ്‌നം. സംഘപരിവാറിന്റെ രാഷ്ട്രീയ ജിഹ്വയും മോദി സർക്കാരിന്റെ അനുബന്ധ സ്ഥാപനവുമായി പ്രവർത്തിക്കുന്ന റിപ്പബ്ലിക് ടി.വിയിൽ തുടങ്ങി മറ്റു കോർപറേറ്റ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഒരു പ്രശ്‌നമായിരുന്നു Urban Naxal എന്നത്.

അത്തരമൊരു പദസംയുക്തം തന്നെ ആദ്യമായിട്ടായിരുന്നു പൊതുസമൂഹത്തിൽ കേൾക്കുന്നത്. തുടർന്നങ്ങോട്ട് നഗര നക്‌സലുകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ വന്നുകൊണ്ടിരുന്നു. അതിനുമുമ്പ് രൂപപ്പെടുത്തിയ ദേശവിരുദ്ധ അടിത്തറയിൽ ഈ പുത്തൻ ഭീഷണി പടുത്തുയർത്താൻ എളുപ്പമായിരുന്നു. നിരന്തരപ്രചാരണത്തിലൂടെ, കേന്ദ്ര സർക്കാരും മാധ്യമങ്ങളും സംയുക്തമായി നടത്തിയ ദൗത്യത്തിലൂടെ Urban Naxal എന്ന് പറഞ്ഞാൽ എന്താണെന്നതിന് ഭരണകൂടം നൽകിയ നിർവ്വചനങ്ങൾ പൊതുസമൂഹത്തിനു ബോധ്യമായിത്തുടങ്ങി.

അർബൻ നക്‌സൽ എന്നാരോപണം നേരിട്ട് തടവിൽ കഴിയുന്ന ആക്ടിവിസ്റ്റുകളായ വരവര റാവു, സുധ ഭരദ്വാജ്, അരുൺ ഫെറൈറ

ഇങ്ങനെ സൃഷ്ടിച്ചെടുത്ത പ്രശ്‌നത്തെ നിലവിലുള്ളതും മൂർത്തമായതുമായ ചുറ്റുപാടുകളുമായി കൂട്ടിക്കെട്ടുകയാണ് അടുത്ത പടി. ഭരണകൂടത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരായ രാഷ്ട്രീയ പ്രതിഷേധങ്ങളെയും മതേതര, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ എന്ന ആശയത്തിനായുള്ള സമരങ്ങളേയും ഈ Urban Naxal നിർമിതിക്കുള്ളിലേക്ക് കയറ്റിവെക്കുകയായിരുന്നു ഇവിടെ സൂചിപ്പിക്കുന്ന ഉദാഹരണത്തിൽ ചെയ്തത്.

എഴുത്തുകാർ, പൗരാവകാശപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ, നരേന്ദ്രമോദി സർക്കാരിനേയും സംഘപരിവാറിനെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നവർ എന്നിവരെല്ലാം Urban Naxal -കളായി ചാപ്പ കുത്തപ്പെട്ടു.
ഇതോടുകൂടി ഒരു പുതിയ വിവരം-Information - ഒരു മൂർത്തവസ്തുതയായി, അതുവരെ അത്തരത്തിലൊരു വിവരത്തെക്കുറിച്ച് അറിയാത്ത ജനങ്ങളിൽ പൊതുബോധമായി രൂപപ്പെടുന്നു. അതായത് ഞാനും Urban Naxal ആണ് എന്നൊരാൾ പ്രതിഷേധ സൂചകമായി പറയുമ്പോൾ അയാളുടെ രാഷ്ട്രീയമെന്താണ് എന്ന് നമുക്ക് തിരിച്ചറിയാനാകുന്നത് ഇത്തരത്തിലുള്ള പൊതുബോധം വെച്ചുകൂടിയാണ്. തുടർന്ന് നടക്കുന്ന നിരവധിയായ Urban Naxal arrestകളെല്ലാം കുറ്റം ചെയ്‌തോ ഇല്ലേ എന്ന തർക്കം മാത്രമായി മാറും. Urban Naxal എന്നത് ഒരു സ്വാഭാവിക വസ്തുതയാണ് എന്നും വരുന്നു. ഈ തടവിലടയ്ക്കൽ അടക്കമുള്ള പ്രയോഗമാണ് മൂന്നാമത്തെ പ്രക്രിയ.

Digital Capitalism

ഇത്തരത്തിലുള്ള ഭരണകൂട-കോർപറേറ്റ്-സാമ്പ്രദായിക മാധ്യമ കൂട്ടുകെട്ടിന്റെ പ്രത്യയശാസ്ത്ര പദ്ധതിയേയും വിവര പ്രസരണത്തെയും (Information dissemination) ഒരു ബദൽ ആഖ്യാന സാദ്ധ്യതകൾ ഉയർത്തി ചോദ്യം ചെയ്യാനുള്ള തലമൊരുക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങളുടെ രാഷ്ട്രീയ പ്രസക്തി. ഇത് ഭരണകൂടം നേരിടുന്ന ഒരു വെല്ലുവിളിയാണ്. സാങ്കേതിക വിദ്യയുടെ വികാസവും മുന്നേറ്റവും ഒരു മുതലാളിത്ത വ്യവസ്ഥയിൽ അതിന്റെ ചൂഷണ മാതൃകയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സമൂഹ മാധ്യമങ്ങൾക്കും ബാധകമാണ്.

എണ്ണ പര്യവേക്ഷണത്തിന്റെ ഭാഗമായി യു.എസിലെ എണ്ണക്കമ്പനികൾ 1947 ആകുമ്പോഴേക്കും 500 റേഡിയോ സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. 49 റേഡിയോ തരംഗദൈർഘ്യങ്ങൾക്കുള്ള അനുമതിയും (licence) എടുത്തു. ഉൾക്കടലിൽ എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുമ്പോൾ അതിന്റെ data കരയിലിരിക്കുന്ന ഭൗമശാസ്ത്രജ്ഞർക്കും മറ്റ് സാങ്കേതിക വിദഗ്ധർക്കും അയച്ചുകൊടുക്കാനാണ് അവർ Microwave radio ഉപയോഗിച്ചത്. internet ഉം World Wide Webമെല്ലാം ഇത്തരത്തിൽ പൊതുസമൂഹത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയല്ല ആദ്യമുണ്ടായത്.

എന്നാൽ സാങ്കേതിക വിദ്യയുടെ വികാസം മുതലാളിത്തത്തിൽ ചരക്കുവൽകരിക്കപ്പെടുക തന്നെ ചെയ്യും. വിപണിയിൽ നിന്ന് വേറിട്ടുകൊണ്ടുള്ള നിലനിൽപ്പ് സാങ്കേതിക വിദ്യക്ക് മുതലാളിത്ത വ്യവസ്ഥയിൽ ഉണ്ടാകില്ല. സ്വാഭാവികമായും സേവന മേഖലകളിലെ സാങ്കേതിക വിദ്യ വികാസം അതിനെ ആഗോള വിപണിയിലെ അതിവേഗം വ്യാപിക്കുന്ന ഒരു ചരക്കാക്കി മാറ്റിയിരിക്കുന്നു.
മനുഷ്യാദ്ധ്വാനത്തെ പരിമിതമായി മാത്രം ഉപയോഗിക്കുന്ന, തൊഴിൽച്ചുരുക്കമുണ്ടാക്കുന്ന ഒരു Digital Capitalism രൂപപ്പെട്ടിരിക്കുകയാണ്.

വ്യാവസായിക വിപ്ലവത്തിനുശേഷം ചരക്കുവൽകരിക്കപ്പെട്ട ആവശ്യങ്ങളെയും ഉൽപ്പന്നങ്ങളെയുമെല്ലാം മറികടന്ന് മനുഷ്യരുടെ ജീവിതത്തെ ഏതാണ്ട് പൂർണമായും ചരക്കുവൽകരിക്കുകയാണ് ഈ ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലം. സാർവത്രികമായ Digitalisation മനുഷ്യ സമൂഹത്തിന്റെ Digital Commodification കൂടിയായി മാറുന്നു. നിങ്ങളുടെ ഭക്ഷണം മാത്രമല്ല, കൊതികൾ കൂടി ചരക്കുവൽകരിക്കപ്പെടുന്നു എന്നാണ്.

ഇത്തരത്തിൽ ചരക്കുവത്ക്കരിക്കുന്നതിനൊപ്പം, ഭരണകൂടത്തിന്റെ നിരീക്ഷണത്തിനുതകുന്ന ഏറ്റവും സൂക്ഷ്മമായ തലം കൂടി ഒരുക്കുന്നുണ്ട് എന്നത് നിസ്തർക്കമായ വസ്തുതയാണ്. എന്നാൽ ഇതിനൊപ്പം സംഭവിക്കുന്ന മറ്റൊരു വളർച്ച എന്നത്, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വിപണി വികാസത്തോടൊപ്പം വിപുലമാകുന്ന വൈവിധ്യം നിറഞ്ഞ ജനകീയ ഉപയോഗമാണ്.

അച്ചടി എങ്ങനെയാണ് ഭാഷയെയും വാക്കുകളെയും അറിവിനേയും അതിന്റെ ദന്തഗോപുരത്തിൽ നിന്ന് ഇറക്കിക്കൊണ്ടുവരികയും ജനസാമാന്യത്തിലേക്ക് പടർത്തുകയും ചെയ്തത് എന്ന പോലെയാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയും അതിന്റെ സാമൂഹ്യ സംവേദന സാധ്യതകളും ഇന്ന് മനുഷ്യരുടെ പരസ്പര സംവേദന സാധ്യതകളെയും ആശയവിനിമയ ലോകത്തെയും വിപുലമാക്കുന്നത്. അതിന്റെ കമ്പോള ചൂഷണവും കോർപ്പറേറ്റ് നിയന്ത്രണവും തീർച്ചയായും നിർണായക ഘടകങ്ങളാണ്.

എന്നാലത് ഈ സാങ്കേതിക വിദ്യയുടെ അനിവാര്യമായ ജനകീയ രാഷ്ട്രീയ സാധ്യതകളെ ഇല്ലാതാകുന്നില്ല. കാരണം ശാസ്ത്രത്തിന്റെ നേട്ടങ്ങളെ മുതലാളിത്തം കൈപ്പിടിയിലാക്കുകയാണ് ചെയ്യുന്നത്, ശാസ്ത്രീയനേട്ടങ്ങൾ മുതലാളിത്തത്തിന്റെ കുത്തകയല്ല തന്നെ. അതുകൊണ്ട് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ജനകീയ രാഷ്ട്രീയ ഉപയോഗം ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്ത് വർഗസമരത്തിന്റെ ഒരു അജണ്ടയാണ്.

വലിയ മൂലധന നിക്ഷേപവും കേന്ദ്രീകൃത പ്രവർത്തന രീതികളുമായിരുന്നു അച്ചടി മാധ്യമങ്ങളെയും തുടർന്നുവന്ന ടെലിവിഷൻ സങ്കേതത്തെയും നിയന്ത്രിച്ചിരുന്നത്. വാർത്തയുടെ, വിവരത്തിന്റെ മുകളിൽ അതിന്റെ പ്രസരണ കേന്ദ്രത്തിനുള്ള ആധിപത്യം അനിഷേധ്യമായിരുന്നു. ഏകമുഖഭാഷണമായിരുന്നു അതിന്റെ സ്വഭാവം. എന്നാൽ ഡിജിറ്റൽ മാധ്യമങ്ങൾ ഇതിനെ മറികടന്നു. വൈവിധ്യമാർന്ന, പല തരത്തിലുള്ള ആളുകൾ മാധ്യമത്തിന്റെ ഉള്ളടക്കത്തെയും അതിന്റെ പ്രസരണത്തേയും തീരുമാനിക്കാൻ തുടങ്ങി.

മാത്രവുമല്ല അത് നിരന്തരം പുതുക്കുകയും ചോദ്യങ്ങളോടും വിമർശനങ്ങളോടും ഉടനടി പ്രതികരിക്കാൻ സാധ്യതയുണ്ടാക്കുകയും ചെയ്യുന്ന ഒന്ന് കൂടിയായി. സ്ഥാപനവത്കൃതമല്ലാത്ത ഒരു സ്വഭാവം ഡിജിറ്റൽ ലോകത്തെ ആശയവിനിമയ സാധ്യതകളിലും സംവേദന രൂപങ്ങളിലും ഒരളവോളം ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു. ഇത്തരത്തിലുള്ള Non-Institutional Actors ഭീഷണിയുയർത്തുന്നത് ഭരണകൂടങ്ങൾക്കും അത് നിലനിർത്തുന്ന സ്ഥാപനങ്ങൾക്കുമാണ്.

ഭരണകൂടങ്ങളുടെ സാമ്പ്രദായികമായ പരമാധികാരം അതിന്റെ ഭൗമാതിർത്തിക്കുള്ളിലെ പരമാധികാരം കൂടിയാണ് (Territorial Sovereignty). ഡിജിറ്റൽ മാധ്യമങ്ങൾ ഭൗമാതിർത്തികളെ ഏതാണ്ട് അപ്രസക്തമാക്കി. പുതിയ Digital Sovereignty പഴയ ദേശ-രാഷ്ട്ര പരമാധികാരത്തെ വെല്ലുവിളിക്കുകയാണ്. ജനങ്ങൾ തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയാവകാശങ്ങളും ഉപയോഗിക്കുന്നതിനുള്ള പുതിയ സാധ്യതകളാണ് ഇത് സൃഷ്ടിച്ചത്.

നിശബ്ദരായി മുഖമില്ലാത്ത പൗരന് തന്റെ രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കാൻ ഒരു വേദി കിട്ടുകയായിരുന്നു. ലക്ഷക്കണക്കിന് മനുഷ്യർ വിവിധ ഡിജിറ്റൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ദിവസം മുഴുവനും പരസ്പരം തങ്ങൾ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് പല രീതിയിൽ സംവദിക്കുക എന്നതിന്റെ വ്യവഹാര സാധ്യതകൾ ലോകം പൂർണമായ അർത്ഥത്തിൽ കാണാൻ പോകുന്നതേയുള്ളു.
അതുകൊണ്ടുതന്നെ ഡിജിറ്റൽ മാധ്യമങ്ങൾക്ക് മേൽ സമഗ്രാധിപത്യ ഭരണകൂടങ്ങൾ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ അത്ഭുതമില്ല. ഇത്തരം നിയന്ത്രണങ്ങൾ ഡിജിറ്റൽ മാധ്യമ ലോകത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരെയാണെന്നു തോന്നാമെങ്കിലും വാസ്തവത്തിലത് ആ സാങ്കേതിക വിദ്യ മുന്നോട്ടുവെക്കുന്ന ജനങ്ങളുടെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെയാണ്.

സംഘപരിവാർ നിലവാര സൂചിക

ഇപ്പോൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ഡിജിറ്റൽ മാധ്യമം ഉപയോഗിച്ചുള്ള എല്ലാ തരത്തിലുള്ള വാർത്താ, വിനോദ ഉള്ളടക്കങ്ങളും വാർത്ത, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. വ്യക്തികൾ നടത്തുന്ന വിശകലങ്ങളോ അഭിപ്രായങ്ങളോ വരെ നിയന്ത്രിക്കാവുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യാനുള്ള പഴുതുവെച്ചാണ് ഈ വിജ്ഞാപനം.

ഉള്ളടക്കം (content) സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വ്യാഖ്യാനമാകും ഇനി ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ ഉള്ളടക്കത്തിന്റെ മാനദണ്ഡം. Netflix, Amazon prime , തുടങ്ങിയ OTT (Over The Top ) Platform -കളിൽ വരുന്ന ഉള്ളടക്കങ്ങളിലെ രാഷ്ട്രീയവും സദാചാരവും ഇനി സംഘപരിവാർ പറയുന്ന നിലവാര സൂചികകളിൽ ആയിരിക്കണം എന്ന ആവശ്യം വരാം. ഇപ്പോൾത്തന്നെ ആർഷഭാരത സംസ്‌കാരത്തിന് യോജിച്ചതല്ല ഇതിലെ ഉള്ളടക്കം എന്ന ആക്ഷേപം സംഘപരിവാറിനുണ്ട്.

ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾക്കെതിരായ രാഷ്ട്രീയ നിയന്ത്രണത്തിനാണ് പുതിയ നീക്കം ഉന്നം വെക്കുന്നത്. തങ്ങൾക്കെതിരെ പ്രതിഷേധവും വിമർശനവും ഉയർത്തുന്ന മാധ്യമങ്ങളെ പല രീതിയിലും ഇപ്പോൾത്തന്നെ മോദി സർക്കാർ വേട്ടയാടുന്നുണ്ട്. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് ഡിജിറ്റൽ മാധ്യമപ്രവർത്തകരെ സർക്കാർ നേരിടുന്നത്. The Wireനും എഡിറ്റർ സിദ്ധാർത്ഥ് വരദരാജനുമെതിരെ ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തതും തങ്ങളെ വിമർശിച്ചതിനാണ്.

The Wire എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ ഫോട്ടോ: ഫെയ്സ്ബുക്ക്

ഇത്തരം ഉദാഹരണങ്ങൾ നിരവധിയാണ്. അതായത് നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലും, Information and Technology Act -ലും ഉള്ളതും മറ്റു നിയമങ്ങളും വെച്ചുകൊണ്ടുതന്നെ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ മാത്രമല്ല വേട്ടയാടാൻ പോലും സർക്കാരിന് കഴിയുന്നുണ്ട്. Defamation-നു എതിരെയുള്ള Civil /Criminal നടപടിക്രമങ്ങളിലൂടെയടക്കം സാധാരണ പൗരനുപോലും ഡിജിറ്റൽ മാധ്യമങ്ങളെ നിയമപരമായി നേരിടാനാകും. അപ്പോൾ പുതിയ നിയന്ത്രണത്തിന്റെ ലക്ഷ്യം മോദി സർക്കാരിന്റെ സമഗ്രാധിപത്യ വാഴ്ചയുടെ മറ്റൊരു പ്രതിബന്ധത്തെ അടിച്ചമർത്തുക എന്നതാണ്.

നിലവിൽ പത്രമാധ്യമങ്ങൾക്ക്, മേൽനോട്ടത്തിനും നിയന്ത്രണത്തിനായി Press Council of India എന്ന അർധ ജുഡീഷ്യൽ അധികാരമുള്ള സ്ഥാപനമുണ്ട്. ടെലിവിഷൻ ചാനലുകൾക്ക് സ്വയമേ നിയന്ത്രണ സംവിധാനത്തിന്റെ രൂപത്തിൽ News Broadcasting Standards Authority, ചലച്ചിത്രങ്ങൾക്ക് വാർത്താ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ Central Board of Certification , ടെലിവിഷൻ ചാനലുകൾക്ക് Broadcasting Content Complaints Council, Advertising Standards Council of India , Cable Television Network (Regulatory Act) 1995 എന്നിവയാണ് ഈ മേഖലയിൽ ഉള്ള നിയമങ്ങൾ. എന്നാൽ ഉള്ളടക്കത്തെ നേരിട്ട് നിയന്ത്രിക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ ഡിജിറ്റൽ മാധ്യമങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ.

കാശ്മീർ, The Wire, തുർക്കി

അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായ ഈ രാജ്യത്ത് അഭിപ്രായപ്രകടനത്തിനുള്ള ഉപാധികളുടെ നിയന്ത്രണവും ഇതേ ഭരണഘടനാ അവകാശത്തിന്റെ പരിധിയിൽ വരുന്നതാണ്. എന്നാൽ ഇതിനെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ഉള്ളടക്ക നിയന്ത്രണത്തിലൂടെ കൂച്ചുവിലങ്ങിടാൻ പോകുന്നത്. ജമ്മു കാശ്മീരിന്റെ ഭരണഘടനാ അവകാശങ്ങൾ ഒരൊറ്റ രാത്രിയിൽ എടുത്തു കളഞ്ഞ മോദി സർക്കാർ ഒരു വർഷത്തിന് ശേഷവും കാശ്മീർ താഴ്വരയിൽ ഇന്റർനെറ്റിന് മുകളിലുള്ള നിയന്ത്രണം നീക്കിയിട്ടില്ല.

വ്യാജ വാർത്തയുടെ പേരിലാണ് സിദ്ധാർത്ഥ് വരദരാജനെതിരെ കേസെടുത്തത്. എന്നാൽ വാർത്ത വ്യാജമായിരുന്നില്ല. അത് സംഘപരിവാറിനെതിരായിരുന്നു എന്നതാണ് കാര്യം. ഈ അടിച്ചമർത്തലിനെ കൂടുതൽ സ്ഥാപനവത്കരിക്കുകയും നിയമപരമാക്കുകയുമാണ് ഇപ്പോൾ മോദി സർക്കാർ ചെയ്തത്. ഇനി ഏതുതരം ഡിജിറ്റൽ മാധ്യമ ഉള്ളടക്കവും ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും.

2018 ഏപ്രിലിൽ സ്മൃതി ഇറാനി വാർത്താ പ്രക്ഷേപണ മന്ത്രിയായിരിക്കെ പുറപ്പെടുവിക്കാൻ ശ്രമിച്ച ഒരുത്തരവ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമ പ്രവർത്തകരുടെ അംഗീകാരം (accreditation) റദ്ദാക്കും എന്നായിരുന്നു. ഈ വിവരം പുറത്തായപ്പോൾ ഉയർന്ന കടുത്ത എതിർപ്പിനെത്തുടർന്ന് സർക്കാർ അതിൽ നിന്നും പിന്മാറുകയായിരുന്നു. അതിനെത്തുടർന്ന് ഡിജിറ്റൽ മാധ്യമങ്ങളുടെ നിയന്ത്രണം സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും മറ്റു മൂന്നു പ്രതിനിധികളുമടങ്ങുന്ന ഒരു പത്തംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ആ സമിതിയിൽ ഡിജിറ്റൽ മാധ്യമ രംഗത്തു നിന്നും ഒരാൾ പോലും ഉണ്ടായിരുന്നില്ല എന്നതാണ് വൈരുധ്യം.

കാശ്മീരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയ മോദി സർക്കാർ അത് രാജ്യത്തെങ്ങും എപ്പോൾ വേണമെങ്കിലും നടപ്പാക്കാൻ കഴിയുന്ന അധികാരം കയ്യാളുകയാണ് എന്നതുതന്നെ ഒരു അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മരണം വിദൂരമല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുമ്പോഴാണ് പുതിയ നിയന്ത്രണങ്ങൾ. ഒരേ സമയം ഡിജിറ്റൽ ലോകത്തെ കോർപ്പറേറ്റുകളുമായി ഭരണകൂട അടിച്ചമർത്തലിനും രാഷ്ട്രീയ പ്രചാരണത്തിനും ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുമായി ഉടമ്പടി ഉണ്ടാക്കുമ്പോൾ ജനങ്ങളുടെ ജനാധിപത്യ സാധ്യതകൾക്ക് വിപുലമാക്കാൻ പാകത്തിൽ അത്തരം ഇടങ്ങളിലുള്ള എല്ലാ സാധ്യതകളെയും അടയ്ക്കുകയാണ് മോദി സർക്കാർ.

ഇത് ലോകത്തെ എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളും ചെയ്യുന്നതാണ്. തുർക്കിയിൽ 2014 മാർച്ച് 20ന് Twitter ന് നിരോധനം ഏർപ്പെടുത്തി. ഒരു ‘സുരക്ഷാ നടപടി' എന്ന നിലയ്ക്കായിരുന്നു അത്. ഒരാഴ്ച തികയും മുമ്പ് കോടതി നിരോധനം നീക്കി. എന്നാൽ എർദ്വാൻ സർക്കാർ രണ്ടു ദിവസം കഴിഞ്ഞപ്പോൾ YouTube നെ തടഞ്ഞ് പുതിയ നിരോധനമിറക്കി. ഇതൊന്നും കോർപ്പറേറ്റ് വിരുദ്ധതയുടെ പേരിലല്ല, രാഷ്ട്രീയ അടിച്ചമർത്തലിന്റെ ഭാഗമായിരുന്നു.

യു.എസിൽ ഗൂഗ്ൾ, ഫെയ്‌സ്ബുക്, യാഹു മുതലായ ഡിജിറ്റൽ ഭീമന്മാർ അവിടുത്തെ ഭരണകൂടത്തിന് പൗരന്മാരുടെ വിവരങ്ങൾ രാജ്യസുരക്ഷയുടെയും ഭീകരവാദവിരുദ്ധതയുടെയും പേരിൽ ചോർത്തിക്കൊടുത്തതാണ്. വ്യാപാര താൽപര്യങ്ങൾക്കായി തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന, സ്വകാര്യതയുടെ അവകാശങ്ങൾ ലംഘിക്കുന്ന ഇതേ കമ്പനികൾ ഡിജിറ്റൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യ ലോകത്തിന്റെ മാതൃകയല്ല.

എന്നാൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ജനാധിപത്യ സാധ്യതകൾ മനുഷ്യരാശിക്ക് അവകാശപ്പെട്ടതാണ്. അതിനെ ഭരണകൂടം തട്ടിയെടുക്കുകയും അടിച്ചമർത്തുകയും ചെയ്യുമ്പോൾ നിഷ്‌ക്രിയരായിരുന്നാൽ ഗണ്യമായൊരു വരുംകാലത്തെ നിർണയിക്കാൻ പോകുന്ന സാങ്കേതികവിദ്യയെ പൂർണമായും ഭരണകൂടങ്ങൾക്കും കോർപ്പറേറ്റുകൾക്കും തീറെഴുതിക്കൊടുക്കാനായിരിക്കും നാം കൂട്ടുനിൽക്കുന്നത്.

Comments