താഹയ്ക്ക് കിട്ടാത്ത രാജ്യതാത്പര്യത്തിന്റെ ജാമ്യം

അലന്റെയും താഹയുടെയും കയ്യിൽ നിന്ന് കണ്ടെടുത്ത രേഖകൾ നിരോധിക്കപ്പെട്ട സംഘടനയായ സി.പി.ഐ മാവോയിസ്റ്റിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് ഇവരെന്ന് തെളിയിക്കുന്നു എന്ന് കോടതി പറയുന്നു. ഇവർ ഇരുവരും നിരോധിത സംഘടനയിലെ അംഗങ്ങളാണെന്നോ ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുമെന്നോ എൻ.ഐ.എ.യ്ക്ക് വാദമില്ല. അതില്ലാതെതന്നെ അത്തരമൊരു സംഘടനയുടെ ആശയഗതിയോട് അനുഭാവമുണ്ടെന്ന് സംശയിച്ചാൽ ഒരു പൗരനെ യു.എ.പി.എ ചുമത്തി തടവിലിടാം എന്ന അതിഭീകരമായ പൗരാവകാശ ലംഘന നിയമം രാജ്യത്ത് നിലനിൽക്കുന്നു എന്ന് ജനങ്ങൾക്ക് മനസിലാക്കാൻ ഈ കോടതി ഉത്തരവ് സഹായിക്കട്ടെ- പരീന്തങ്കാവ് യു.എ.പി.എ കേസിൽ ആരോപണ വിധേയനായ താഹ ഫസലിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിന്യായമുയർത്തുന്ന ഗുരുതരമായ പൗരാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് അഭിഭാഷകനായ പ്രമോദ് പുഴങ്കര എഴുതുന്നു

ടുവിൽ നമ്മളിലാരാണ് ബാക്കിയാവുക എന്നത് മാത്രമായിരിക്കുമോ ഒരു സമൂഹം എന്ന നിലയിൽ ഇനി നമുക്ക് മുന്നിലുള്ള ആകാംക്ഷ എന്നാണ് അലൻ -താഹ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിലെ ഹൈക്കോടതി വിധിയുടെ സൂചന. വ്യക്തികളുടെ സ്വാതന്ത്ര്യം രാജ്യത്തിന്റെ താത്പര്യങ്ങളേക്കാൾ വലുതല്ല എന്ന, നമ്മൾ കുറച്ചു വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന അതിദേശീയതയുടെ ക്ഷുദ്രപ്രയോഗങ്ങൾ വളരെ സ്വാഭാവികതയോടെ കോടതിവിധിയിൽ ആവർത്തിക്കുന്നു. We have no doubt that rights and personal liberty are sacrosanct. Courts are bound to protect it. At the same time, individual rights should subserve the national interest. When individual rights are pitted against national interest and security, the latter should prevail. (CRL.A.No.705/706 OF 2020, Para 36).

അലൻ-താഹ കേസിൽ താഹയുടെ ജാമ്യം റദ്ദ് ചെയ്ത (അലന് ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയില്ല) ഹൈക്കോടതി വിധി വലിയ അമ്പരപ്പുകളൊന്നും ഉണ്ടാക്കുന്നില്ല. അടിസ്ഥാനപരമായി അതൊരു UAPA
(Unlawful Activities (Prevention) Act, 1967) കേസാണ് (ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 120B, UAPA വകുപ്പുകൾ 38 and 39).

അതുകൊണ്ടുതന്നെ ജാമ്യം ലഭിക്കാനുള്ള വ്യവസ്ഥകൾ സാധരണ ഐ.പി.സി കുറ്റകൃത്യങ്ങളേക്കാൾ കർക്കശവുമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ശിക്ഷിക്കുന്നതിനേക്കാളേറെ ജാമ്യം നൽകാതെ തടവിലിടുന്നതിനാണ് ഈ നിയമത്തിന്റെ ശ്രദ്ധ മുഴുവനും. ഈ കേസിലും ഏതാണ്ട് അതുതന്നെയാണ് സംഭവിച്ചത്. ഹൈക്കോടതി വിധിയുടെ ഊന്നൽ മുഴുവൻ ജാമ്യം നൽകാതിരിക്കുക എന്നതാണ് UAPA -യുടെ കാതലായ തത്വങ്ങളിലൊന്ന് എന്ന മട്ടിലാണ് നിയമത്തിന്റെ നിർമ്മാണം തന്നെ. Bail is the rule, Jail is the exception എന്നാണ് ജാമ്യം അനുവദിച്ച ന്യായാധിപൻ എക്കാലത്തെയും പ്രമാണമായി ധരിച്ചുവെച്ചിരിക്കുന്നത് എന്ന് ഹൈക്കോടതി വിമർശിക്കുന്നു. സാധാരണ ഗതിയിൽ ഐ.പി.സി കുറ്റകൃത്യങ്ങളിൽ ജാമ്യാപേക്ഷകളിൽ കാണിക്കുന്ന സമീപനമല്ല UAPA അനുസരിച്ചുള്ള കുറ്റകൃത്യങ്ങളിൽ ജാമ്യാപേക്ഷയുടെ കാര്യത്തിൽ കാണിക്കേണ്ടതെന്നാണ് ഹൈക്കോടതി പറയുന്നത്. UAPA പോലുള്ളൊരു പ്രത്യേക നിയമം അനുസരിച്ച് ജാമ്യം നൽകുമ്പോൾ ജാമ്യം ഒരു സാധാരണ നടപടിയല്ല എന്നാണ് കോടതി പറഞ്ഞുവെക്കുന്നത്. Jail is the rule , Bail is the exception എന്നാണ് ഹൈക്കോടതി വിധിയിൽ പറയാതെ പറയുന്നതും.

ഈ ജനാധിപത്യവിരുദ്ധ നിയമം -UAPA, ഉണ്ടാക്കിയപ്പോഴും കാലാകാലങ്ങളിൽ അതിൽ പൗരാവകാശങ്ങളെ നഗ്നമായി ലംഘിക്കുന്ന ഭേദഗതികൾ കൊണ്ടുവരുമ്പോഴും എന്താണോ ഭരണകൂടം ലക്ഷ്യം വെച്ചത് അത് വള്ളിപുള്ളി വിടാതെ നടപ്പാക്കിക്കൊടുക്കുന്ന വിധിയും വ്യാഖ്യാനവുമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. UAPA -യിലെ 43 D (5) എന്ന, ജാമ്യം നൽകുന്നത് സംബന്ധിച്ച വകുപ്പ് ഉയർത്തിക്കാട്ടിയാണ് കോടതി താഹയുടെ ജാമ്യം റദ്ദാക്കിയത്. പൗരന്റെ ഭരണഘടനാപരമായ അടിസ്ഥാനാവകാശങ്ങൾക്ക് വിരുദ്ധമാണ് ഈ നിയമം മൊത്തമായും എന്നുള്ളപ്പോൾത്തന്നെ ജാമ്യത്തിന്റെ കാര്യത്തിൽ കുറ്റകൃത്യങ്ങളുടെ വിചാരണയിൽ അനുവർത്തിക്കുന്ന സാമാന്യമായ സമീപനങ്ങളുടെ ലംഘനം കൂടിയാണ് 43 D (5).

അലനും താഹയും, ജാമ്യം കിട്ടിയതിനുശേഷമുള്ള ദിവസങ്ങളിലൊന്നിൽ താഹ അലന്റെ വീട്ടിലെത്തിയപ്പോൾ

ഒരു കേസിലെ ജാമ്യാപേക്ഷയിൽ പ്രതി ആവശ്യപ്പെടുന്നത് താൻ കോടതിയുടെ നിബന്ധനകൾക്കനുസരിച്ച് നിയമനടപടികൾക്ക് വിധേയനായിക്കൊള്ളാം എന്നും എന്നാൽ പ്രസ്തുത കാലയളവിൽ തന്നെ തടവിലടക്കരുത് എന്നുമാണ്. ജാമ്യം നിഷേധിക്കുന്നതിന് പരാതിക്കാരനായ ഭരണകൂടത്തിന്റെ/സർക്കാരിന്റെ വാദം പ്രതിക്ക് ജാമ്യം നൽകിയാൽ പ്രതി നിയമത്തിന്റെ പിടിയിൽ നിന്നും ഒളിച്ചോടാനും തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കുറ്റകൃത്യം തുടരാനും മറ്റു കുറ്റകൃത്യങ്ങൾ ചെയ്യാനും സമൂഹത്തിനു ഭീഷണിയാകാനും സാധ്യതയുണ്ട് എന്നാണ്. ഈ വാദങ്ങൾ കേൾക്കുകയും ഇതിൽ ഭരണകൂടത്തിന്റെ വാദങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് നോക്കിയുമാണ് സാമാന്യമായി ജാമ്യം അനുവദിക്കുക. എന്നാൽ UAPA 43(D)5 ഇതിനെ കുറ്റവിചാരണയുടെ തലത്തിലേക്കാണ് എത്തിച്ചത്. ഇതനുസരിച്ച് അന്വേഷണ ഏജൻസികൾ ഹാജരാക്കുന്ന കേസ് ഡയറിക്കപ്പുറം മറ്റു വസ്തുതകളിലേക്ക് കോടതി പരിശോധന നടത്തേണ്ടതില്ല. അങ്ങനെ നടത്തുമ്പോൾ പ്രഥമ ദൃഷ്ട്യാ -prima facie -കുറ്റക്കാരനാണെന്ന് കണ്ടാൽ പ്രതിക്ക് ജാമ്യത്തിന് അർഹതയില്ലെന്നാണ് നിയമം പറയുന്നത്.

ഇത് ജാമ്യത്തെ സംബന്ധിച്ച നീതിവിചാരത്തെ തലകീഴായി അട്ടിമറിക്കുകയും ഭരണകൂടത്തിനനുസൃതമായി മാറ്റുകയും ചെയ്യുന്ന പ്രക്രിയയാണ്. ഏതാണ്ട് വിചാരണക്കാലം മുഴുവൻ പ്രതി തടവിൽ കഴിയണമെന്ന അവസ്ഥയാണ് ഇതുണ്ടാക്കിയിട്ടുള്ളത്. എങ്ങനെയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണ് എന്ന നിഗമനത്തിൽ കോടതി എത്തുന്നത്? അതിനു കോടതി ആധാരമാക്കേണ്ടത് അന്വേഷണ ഏജൻസിയുടെ കേസ് ഡയറി മാത്രമാകുമ്പോൾ ഒരു തരത്തിലും പ്രതിക്ക് ഈ കെണിയിൽ നിന്നും പുറത്തുകടക്കാൻ കഴിയില്ല. മാത്രവുമല്ല പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്നു കണ്ടെത്തുകയാണ് ജാമ്യ ഹർജിയിലെ വാദത്തിനൊടുവിൽ ഉണ്ടാകുന്നത് എന്നുവന്നാൽ അത് കേസിനെ അതിലെ തെളിവുകളുടേയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വിധിക്കുന്നതിനു സമാനമാണ്. അത്തരമൊരു ഘട്ടത്തിൽ പ്രതിക്ക് തന്റേതായ എതിർവാദങ്ങളും എതിർതെളിവുകളും ഹാജരാകാനുള്ള അവസരമില്ല എന്ന ഇപ്പോഴത്തെ അവസ്ഥ നിഷ്പക്ഷ വിചാരണ എന്ന പ്രാഥമിക നീതി സങ്കൽപ്പത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്.

ഇതിനു മുമ്പ് റദ്ദായിപ്പോയ ഭീകരപ്രവർത്തന വിരുദ്ധ നിയമമായ POTA (The Prevention of Terrorism Act, 2002) ജാമ്യം നൽകുന്നത് സംബന്ധിച്ചുണ്ടാക്കിയിരുന്ന ജനാധിപത്യ വിരുദ്ധമായ വകുപ്പിന്റെ ഏതാണ്ട് തനിയാവർത്തനമാണ് UAPA -യിലെ 43 D (5). POTA -യിൽ 49 (7) അനുസരിച്ച് സർക്കാർ എതിർത്താൽ, പ്രതി കുറ്റം ചെയ്തിട്ടില്ല എന്ന് കോടതിക്ക് ബോധ്യം വന്നാൽ മാത്രമേ ജാമ്യം അനുവദിക്കാൻ പാടുള്ളു. അതായത് വിചാരണക്കൊടുവിൽ സ്ഥാപിക്കേണ്ട സംഗതിയാണ് പ്രതി ജാമ്യഹർജിയിൽ സ്ഥാപിച്ചെടുക്കേണ്ടത്. അതുകൊണ്ടുതന്നെ POTA പ്രകാരം പ്രതികളാക്കപ്പെട്ടവർ വിചാരണക്കാലം മുഴുവൻ തടവിൽ കഴിയേണ്ടി വന്നിരുന്നു.

ജാമ്യ ഉത്തരവ് റദ്ദാക്കാനുള്ള അപ്പീലിൽ, ഹൈക്കോടതി നൽകിയ വിധിയിൽ വാസ്തവത്തിൽ സ്വന്തം യുക്തിയെത്തന്നെയാണ് കോടതി പലപ്പോഴും നോക്കുകുത്തിയാക്കുന്നത്. കോടതി കണ്ടെത്തുന്നത് നിരോധിക്കപ്പെട്ട സംഘടനയായ CPI (Maoist) നു വേണ്ടി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് ഇരുവരും എന്നാണ് (മൂന്നാം പ്രതിയെ പിടികിട്ടിയിട്ടില്ല). ഇതിനാധാരമായി കോടതി നിരത്തുന്ന കാരണങ്ങൾ മുഴുവൻ ദേശീയ അന്വേഷണ ഏജൻസിയുടെ വാദങ്ങളാണ്. ഇരുവരുടെയും കയ്യിൽ നിന്ന് കണ്ടെടുത്ത പലവിധത്തിലുള്ള അച്ചടിച്ചതും അല്ലാത്തതുമായ രേഖകൾ ഇത് തെളിയിക്കുന്നു എന്ന് കോടതി പറയുന്നു. ഇരുവരും നിരോധിത സംഘടനയിലെ അംഗങ്ങളാണെന്നോ അവർ പ്രായോഗികമായി ഏതെങ്കിലും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നോ NIA -ക്ക് വാദമില്ല. അതില്ലാതെതന്നെ അത്തരമൊരു സംഘടനയുടെ ആശയഗതിയോട് അനുഭാവമുണ്ടെന്ന് സംശയിച്ചാൽ ഒരു പൗരനെ UAPA ചുമത്തി തടവിലിടാം എന്ന അതിഭീകരമായ പൗരാവകാശ ലംഘന നിയമം രാജ്യത്ത് നിലനിൽക്കുന്നു എന്ന് ജനങ്ങൾക്ക് മനസിലാക്കാൻ ഈ കോടതി ഉത്തരവ് സഹായിക്കട്ടെ.

താഹയുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിൽ നിന്ന്

കോടതി നടത്തുന്ന രാഷ്ട്രീയ നിരീക്ഷണം ആദ്യം സൂചിപ്പിച്ചതുപോലെ വ്യക്തികളുടെ സ്വാതന്ത്ര്യവും രാജ്യതാത്പര്യവും തമ്മിലുള്ള അളന്നുതൂക്കമാണ്. വ്യക്തി സ്വാതന്ത്ര്യത്തിനു മുകളിലാണ് രാജ്യതാത്പര്യം എന്നാണ് കോടതി പറയുന്നത്. ഇത് വളരെ സങ്കുചിതമായ ഒരു നിരീക്ഷണമാണ്. വ്യക്തി സ്വാതന്ത്ര്യം എന്നാൽ ഏതൊരു ഘട്ടത്തിലും ഒരു പൗരന് തന്റെ ജീവൻ പോലെത്തന്നെ കൊണ്ടുനടക്കാൻ അവകാശമുള്ള മനുഷ്യാവകാശങ്ങളുടെ കൂട്ടത്തിലാണ് ഇത് സംബന്ധിച്ച ആധുനിക നിയമവ്യാഖ്യാനങ്ങളെല്ലാം കണക്കാക്കുന്നത്. ഭരണകൂടങ്ങളാകട്ടെ ഇതിനെ പരമാവധി ചുരുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. വ്യക്തി സ്വാതന്ത്ര്യവും രാജ്യ താത്പര്യവും തമ്മിൽ വൈരുധ്യമുണ്ടാകുന്നത് എപ്പോഴാണ്? രാജ്യതാത്പര്യം എന്നാൽ എന്താണ്? ഭരണത്തിലിരിക്കുന്ന സർക്കാരും അതിനു നേതൃത്വം നൽകുന്ന രാഷ്ട്രീയകക്ഷിയുടെ പ്രത്യയശാസ്ത്രവുമാണോ ഒരു ജനാധിപത്യ രാജ്യത്തിൽ രാജ്യതാത്പര്യം നിർണ്ണയിക്കേണ്ടത് ? ഭരണഘടന പൗരന് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം എങ്ങനെയാണ് രാജ്യതാത്പര്യത്തിനു വിരുദ്ധമാവുക?

ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ കേവലമായ അതിദേശീയതയുടെ സങ്കുചിത പ്രചാരണത്തിലെ രാഷ്ട്രീയവാചകം അതേപടി പകർത്തുകയാണ് ഹൈക്കോടതി വിധി. ഭരണസംവിധാനവും പൊലീസും ശത്രുക്കളാണ് എന്ന് പറയുന്നത്, ഇവർ നിരോധിത സംഘടനയുടെ ആളുകളാണെന്ന് തെളിയിക്കുന്നതായി കോടതി കണ്ടെത്തുന്നു. ഇന്ത്യയിലെ ഭരണസംവിധാനത്തേയും പൊലീസിനെയും ശത്രുക്കളായി കാണാൻ ഇന്ത്യയിലെ ജനതയ്ക്ക് അവകാശമുണ്ട്. ഈ ഭരണസംവിധാനം ശരിയല്ല എന്ന് വിളിച്ചു പറയാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെയാണ് നമ്മൾ ജനാധിപത്യം എന്ന് വിളിക്കുന്നത്.

സഹോദരനും ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം താഹ

എത്ര ലാഘവത്തോടെയാണ് ഇത്തരത്തിൽ മനുഷ്യരുടെ മൗലികാവകാശങ്ങളെ നിഷേധിക്കുന്ന വിധിന്യായങ്ങൾ എഴുതിയുണ്ടാക്കുന്നത് എന്നതുകൂടി ഈ വിധി കാണിക്കുന്നുണ്ട്. പ്രതികൾ എല്ലാ കാര്യങ്ങളും വളരെ രഹസ്യമായാണ് ചെയ്തത് എന്നതിന്റെ തെളിവായി അറസ്റ്റ് ചെയ്യുമ്പോൾ അവരുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല എന്നും അത് പിന്നീട് വീട്ടിൽ നിന്നും പിടിച്ചെടുക്കുകയാണ് ചെയ്തത് എന്നുമുള്ള NIA വാദം കോടതി ആവർത്തിക്കുന്നു. മൊബൈൽ ഫോൺ കയ്യിൽ കൊണ്ട് നടക്കാത്തത് മാവോവാദികളുടെ ലക്ഷണമായി കണക്കാക്കുന്ന നിയമവ്യവസ്ഥ തീർച്ചയായും മുൻവിധിയുടെ അങ്ങേയറ്റത്താണ്.

രണ്ടാം പ്രതി താഹ കൂടുതലായി കുറ്റക്കാരനാകുന്നത് അയാളുടെ വീട്ടിൽ നിന്നും ജമ്മു കാശ്മീരിന് സ്വാതന്ത്ര്യം നൽകണം എന്ന മട്ടിലുള്ള എഴുത്ത് പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്തപ്പോൾ അയാൾ രാഷ്ട്രീയ മുദ്രാവാക്യം മുഴക്കുകയും ചെയ്തു എന്നതിന്റെയും പേരിലാണ് എന്നാണ് കോടതി പൊതുവായി പറയുന്നത്. ജമ്മു കാശ്മീരിന് സ്വാതന്ത്ര്യം നല്കണം എന്ന അഭിപ്രായം ഒരു കുറ്റകൃത്യമല്ല. അതൊരു അഭിപ്രായമാണ്. കാശ്മീർ ജനതയുടെ രാഷ്ട്രീയാസ്തിത്വം സംബന്ധിച്ച തീരുമാനം അവർ തന്നെയാണ് എടുക്കേണ്ടതെന്നും കാശ്മീർ ജനതയുടെ സ്വയം നിർണയാവകാശം അവരുടെ രാഷ്ട്രീയ അവകാശമാണെന്നും ഈ ലേഖകന് അഭിപ്രായമുണ്ട്. ഇന്ത്യയിൽ നിരവധിപേർ പരസ്യമായി ആ അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്. മാത്രവുമല്ല ഇന്ത്യൻ ഭരണകൂടം കാശ്മീരിൽ നടത്തുന്നത് ഒരു സൈനിക ഭീകരതയാണെന്നും ലോകമാകെ ഉയരുന്ന അഭിപ്രായമാണ്. ഇതൊക്കെ ഒരു ജനാധിപത്യ രാജ്യത്തിന്റെ നിരന്തരമായ സംവാദ ഭൂമികയിൽ നടന്നുകൊണ്ടിരിക്കേണ്ട കാര്യങ്ങളാണ്. ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങളും സംസ്ഥാന പദവിയും ഒറ്റ രാത്രികൊണ്ട് നീക്കം ചെയ്ത്, ആ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രാദേശികളായി തരം താഴ്ത്തുകയും ആറു മാസത്തിലേറെയായി കാശ്മീർ ജനതയുടെ എല്ലാവിധ പൗരാവകാശങ്ങളെയും ലംഘിക്കുകയും ചെയ്യുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യതാത്പര്യം കാക്കുകയാണ് എന്ന് പറഞ്ഞില്ലെങ്കിൽ UAPA ചുമത്തുമെന്നാണ് ഈ വിധിയിൽ നിന്നും വായിച്ചെടുക്കേണ്ടത് എന്ന് വരുന്നു.

പ്രതികളുടെ പ്രായം പരിഗണിച്ചുകൊണ്ട് അവരുടേത് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ അറിയാനുള്ള ജിജ്ഞാസയായി കാണണം എന്ന വാദം കോടതി തള്ളുന്നുണ്ട്. ഒരൊറ്റ സംഘടനയുടെയും മാവോവാദത്തിന്റെയും നേർക്ക് മാത്രമുള്ള താത്പര്യം അറിവിനുള്ള താത്പര്യമില്ല എന്നാണ്. ഒപ്പം വിചാരധാരയും കൂടി കയ്യിൽ വെച്ചെങ്കിൽ രക്ഷപ്പെട്ടേനെ !

പ്രതികളുടെ പ്രായം പരിഗണിച്ചുകൊണ്ട് അവരുടേത് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ അറിയാനുള്ള ജിജ്ഞാസയായി കാണണമെന്ന ആവശ്യം തള്ളിക്കൊണ്ട് കോടതി നിരത്തുന്ന വാദഗതികൾ, താഹയുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിൽ നിന്ന്

വളരെ അമ്പരപ്പിക്കുന്ന സുപ്രധാനമായ ഒരു കാര്യം ഹൈക്കോടതി വിധിയിലുണ്ട്. അത് അലന് നൽകിയ ജാമ്യം റദ്ദാക്കാതിരിക്കുകയും താഹയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തതിന്റെ കാരണങ്ങളാണ്. പ്രതികളുടെ കുറഞ്ഞ പ്രായം ഒരു പരിഗണനാവിഷയമല്ല എന്ന് വിധിയുടെ ആദ്യഭാഗത്ത് പറഞ്ഞ കോടതിതന്നെ അലന്റെ ചെറിയ പ്രായം കൂടി പരിഗണിച്ചുകൊണ്ടാണ് ജാമ്യം റദ്ദാക്കാതിരിക്കുന്നത്. ഒപ്പം അലന്റെ പക്കൽനിന്നും പിടികൂടിയ സംഗതികൾ അത്ര കുഴപ്പമുള്ളതല്ലെന്നും എന്നാൽ താഹയുടെ വീട്ടിൽ നിന്നും പിടികൂടിയ ജമ്മു കാശ്മീർ വിഷയത്തിലടക്കമുള്ള വസ്തുക്കൾ വരെ UAPA അനുസരിച്ച് ജാമ്യം നല്കാതിരിക്കാൻ പാകമാണെന്നും കോടതി പറയുന്നു. വിചിത്രമാണ് ഈ വാദം.

രണ്ടുപേരെയും പിടികൂടുന്നത് ഒരേ സ്ഥലത്തുവെച്ചാണ്. രണ്ടു പേരും ഒരേ നിരോധിത സംഘടനയുടെ പ്രവർത്തകരാണ് എന്നാണ് ആരോപണം. രണ്ടുപേരും, പിടികിട്ടാത്ത മൂന്നാമനും പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത് എന്നും പറയുന്നു. നിരോധിതസംഘടനയുടെ "പരസ്യ സഖാക്കൾ' "രഹസ്യ സഖാക്കൾ' എന്നിവയടക്കമുള്ള രഹസ്യപ്രവർത്തന നിർദ്ദേശങ്ങളനുസരിച്ചാണ് ഇരുവരും പ്രവർത്തിക്കുന്നതും എന്നും കോടതി കണ്ടെത്തുന്നു. ഇതേ പ്രവർത്തനത്തിന്റെ ഒരു ഭാഗമായാണ് രണ്ടാം പ്രതിയായ താഹയുടെ പക്കൽ നിന്നും പിടിച്ചെടുക്കുന്ന വസ്തുക്കളെ കാണേണ്ടത്. അതായത് ഒരു വസ്തു ഒരേ സമയം രണ്ടു പേർക്ക് കൈവശം വെക്കാൻ കഴിയാത്തതിനാൽ കൂട്ടത്തിൽ ഒരാൾ കൈവശം വെക്കുന്നു എന്നേയുള്ളു എന്നാണ്. എന്നാൽ ജമ്മു കാശ്മീർ വിഷയത്തിൽ താഹ മാത്രമായി സ്വാതന്ത്ര്യം വാങ്ങാൻ തത്പരനാണ് എന്നാണോ കോടതിയുടെ നിലപാട്? പിടികൂടിയപ്പോഴുള്ള മുദ്രാവാക്യം വിളിയാണോ UAPA അനുസരിച്ചുള്ള കുറ്റാരോപണം തെളിയിക്കുന്നതിന് കോടതി തെളിവായി എടുക്കുന്നത്? ദയനീയം എന്നെ പറയാനുള്ളു.

അലന്റെ ജാമ്യം റദ്ദാക്കാതിരിക്കാൻ അയാൾ മാനസിക അസ്വസ്ഥതയ്ക്ക് ചികിത്സക്ക് വിധേയനാണ് എന്ന് കോടതി പറയുന്നുണ്ട്. പ്രതിയാക്കപ്പെട്ടതിന് മുമ്പാണോ ശേഷമാണോ അത്തരമൊരു ചികിത്സ തുടങ്ങിയത് എന്നത് പ്രസക്തമായ കാര്യമാണ്. ഇത് വിധിയിൽ പറയുന്നില്ല. ഇതിന്റെ നിയമപരമോ വസ്തുതസംബന്ധിയോ ആയ കാര്യങ്ങൾ ഈ ഘട്ടത്തിൽ ചർച്ച ചെയ്യുന്നത് വിചാരണയെ സ്വാധീനിച്ചേക്കാം എന്നതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.

താഹയുടെ ജാമ്യം നിഷേധിക്കപ്പെടുന്നത് കേസ് സംബന്ധിച്ച മറ്റ് ചില സൂചനകൾ നൽകുന്നുണ്ട്. കേസ് കൂടുതൽ ശക്തമാക്കാൻ അന്വേഷണ ഏജൻസി കൂടുതൽ ഭദ്രമായ ഒരു ആരോപണവലയം താഹക്ക് ചുറ്റും കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണ്. മറ്റൊന്ന് അലനെ മാപ്പുസാക്ഷിയാക്കാനുള്ള ശ്രമങ്ങൾ ഇതിനിടയിൽ നടന്നിരുന്നു എന്ന വാർത്തകളാണ്. അതിന്റെ ശരിതെറ്റുകളിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ല. എന്നാൽ കൂട്ടുപ്രതിയായ അലന് പ്രായത്തിന്റെ ആനുകൂല്യം കിട്ടുകയും ഇത്രയും കാലം ജാമ്യത്തിൽ നിന്നിട്ടും നിയമനടപടികളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കാത്ത താഹക്ക് കേവലം മൂന്നു വർഷത്തെ മൂപ്പും രണ്ടു പേരും പ്രവർത്തിച്ചു എന്നാരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പോസ്റ്ററും ജാമ്യം കിട്ടാതിരിക്കാൻ കാരണമാവുകയും ചെയ്യുന്നത് കോടതിയുടെ നീതിവിചാരം അത് നിലനിൽക്കുന്ന സാമൂഹ്യഘടനയെ ഓരോ അടിയിലും പ്രതിഫലിപ്പിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.

അലന്റെ ജാമ്യം റദ്ദാക്കാതിരിക്കാൻ കോടതി നിരത്തിയ വാദങ്ങൾ, താഹയുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിൽ നിന്ന്

അലൻ-താഹ കേസിലെ സാമൂഹ്യ ഇടപെടലിന് കാരണമായ ഒരു ഘടകം അലന്റെ കുടുംബത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലമാണ്. അതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല. എന്നാലതൊരു ഘടകമാണ് എന്ന് കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ തുടക്കം മുതൽ UAPA എന്ന ജനാധിപത്യ വിരുദ്ധ നിയമത്തിന്റെ ഇരകളായ രണ്ടു പൗരന്മാർ എന്ന നിലയിൽ നിന്നും നിഷ്‌കളങ്കരായ രണ്ടു കുട്ടികൾ എന്ന നിലയിലേക്ക് വാദങ്ങൾ വഴുതിപ്പോയിരുന്നു. അവർ നിഷ്‌ക്കളങ്കരായിരുന്നോ അല്ലയോ എന്നല്ല പ്രശ്‌നം. UAPA എന്ന ഭരണകൂട ഭീകരതയുടെ പ്രത്യക്ഷ ആക്രമണം രാജ്യത്തൊട്ടാകെ നടക്കുമ്പോൾ അതിന്റെ ഭാഗമായി, രാഷ്ട്രീയ പ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കുമെതിരായി, വിമതശബ്ദങ്ങൾക്കെതിരായി നടക്കുന്ന ഭരണകൂട വേട്ടയാണ് ഇതെന്നും അതുകൊണ്ടുതന്നെ UAPA -ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരായ സമരമാണ് ഈ സമരവുമെന്ന രാഷ്ട്രീയ നിലപാടിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാനുള്ള പ്രവണത അലൻ-താഹ മോചനത്തിനായി രൂപപ്പെട്ട കൂട്ടായ്മകൾക്കുണ്ടായിരുന്നു. വ്യക്തിപരമായ ശ്രമങ്ങളോ കുടുംബത്തിന്റെ ആശങ്കകളോ അവരെ സഹായിക്കാനുള്ള സന്നദ്ധതയോ എല്ലാം തന്നെ എല്ലാ തരത്തിലും ന്യായീകരിക്കാവുന്നതാണ്. എന്നാൽ, ഒരു പൊതുസമൂഹം എന്ന നിലയിൽ ഒരു രാഷ്ട്രീയ പ്രശ്നം ഉയർത്തുമ്പോൾ അത് വിശാലമായ ഒരു സാമൂഹ്യപ്രശ്‌നത്തിലേക്ക് ചേർത്തുവെക്കേണ്ടതുണ്ട്.

അലൻ-താഹ കേസിലുണ്ടാകുന്ന പൗരാവകാശ നിഷേധത്തിന്റെ ഓരോ വിധിയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയും ഇടതുകക്ഷികളേയും അതികണിശമായ സ്വയം വിമർശനത്തിനും പൊതുവിമർശനത്തിനും പ്രേരിപ്പിക്കേണ്ടതുണ്ട്. UAPA അടക്കമുള്ള ജനാധിപത്യ വിരുദ്ധ നിയമങ്ങൾക്കെതിരായ രാഷ്ട്രീയ നിലപാട് ദേശീയതലത്തിലും പാർലമെന്റിലും എടുത്ത സി പി ഐ (എം), കേരളത്തിൽ UAPAചുമത്തി രണ്ടു പേരെ തടവിലാക്കിയത് സി പി ഐ (എം) പി ബി അംഗം കൂടിയായ പിണറായി വിജയൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയി തുടരുമ്പോഴാണ്. മാത്രവുമല്ല ഇന്നുവരെയും ആ നടപടിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളതും. രാഷ്ട്രീയ ചിന്തകളേയും ഭരണകൂട വിരുദ്ധതയേയും ജനാധിപത്യ വിരുദ്ധ നിയമങ്ങളുപയോഗിച്ചുകൊണ്ട് അടിച്ചമർത്തേണ്ടതാണെന്ന ഭരണകൂട നിലപാട് ഒരു ഇടതുപക്ഷ സർക്കാർ ഏറ്റെടുത്തത് നിർദാക്ഷിണ്യം വിമർശിക്കേണ്ട പിന്തിരിപ്പൻ രാഷ്ട്രീയമാണ്.

ഭീമ കൊരേഗാവ് കേസിലടക്കം നൂറുകണക്കിനാളുകളാണ് ഇന്ത്യയിൽ UAPA ചുമത്തപ്പെട്ട് വിചാരണയും കാത്ത് തടവിൽ കിടക്കുന്നത്. സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരതയുടെ പ്രത്യയശാസ്ത്രം ഭരണകൂടഭീകരതയുടെ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുകൊണ്ട് എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമർത്തുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ അതെ നിയമങ്ങൾ കേരളത്തിൽ ഉപയോഗിക്കാൻ ഒരു ഇടതുപക്ഷ സർക്കാർ തയ്യാറായത് ഒരുതരത്തിലും പൊറുക്കേണ്ട പിഴവല്ല.

അലൻ-താഹ കേസിൽ കേരള പൊലീസ് UAPA ചുമത്തിയതോടെത്തന്നെ NIA -ക്ക് കേസ് ഏറ്റെടുക്കാനുള്ള നിയമസാധുത പുതിയ ഭേദഗതിയനുസരിച്ച് ലഭിച്ചു. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് പൊലീസ് UAPA ചുമത്തിയതും. ഇനി ഇടതുകക്ഷികൾക്ക് ചെയ്യാവുന്ന രാഷ്ട്രീയമായ തിരുത്ത് ഈ വിഷയത്തിൽ തങ്ങളെടുത്ത നിലപാട് ശരിയായിരുന്നില്ല എന്നും കേരളത്തിൽ UAPA പ്രയോഗിക്കില്ല എന്നും പ്രഖ്യാപിക്കുകയാണ്. അത് ചെയ്യാനുള്ള ജനാധിപത്യ, വർഗരാഷ്ട്രീയം തങ്ങൾക്കുണ്ട് എന്ന് തെളിയിക്കേണ്ടത് ഇന്നത്തെ ഇന്ത്യയിൽ ഇടതുകക്ഷികളുടെ രാഷ്ട്രീയ ചുമതലയാണ്.

Comments