truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 04 July 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 04 July 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Pramod Puzhankara

Discourses and Democracy

പ്രമോദ് പുഴങ്കര

സൈബര്‍ സ്പേസില്‍
ജനാധിപത്യത്തിന്റെ വസന്തസേനകള്‍
എന്തുചെയ്യും?

സൈബര്‍ സ്പേസില്‍ ജനാധിപത്യത്തിന്റെ വസന്തസേനകള്‍ എന്തുചെയ്യും?

അധിക്ഷേപങ്ങള്‍, വ്യക്തിപരമായി നിക്ഷിപ്ത താത്പര്യങ്ങള്‍ ആരോപിക്കല്‍, ഭീഷണികള്‍ എന്നിവയൊക്കെ ഒരു തുടര്‍ച്ച എന്ന മട്ടില്‍ ഉണ്ടാകുന്നുണ്ട്. സംഘപരിവാര്‍ സൈബര്‍ ഗുണ്ടകളാണ് പൊതുവെ അത്രയേറെ മെനക്കെടാറുള്ളത്. സൈബര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ വ്യക്തികളെ തെരഞ്ഞെടുക്കാനും അവര്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ ചട്ടക്കൂടുണ്ടാക്കാനുമൊക്കെ കേരളത്തില്‍ എല്ലാ കക്ഷികളുടേയും സൈബര്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് ഏതാണ്ട് സമാനമായ പാഠപുസ്തകങ്ങളാണുള്ളത്. 

27 Jan 2022, 11:20 AM

പ്രമോദ് പുഴങ്കര

ഒരു ജനാധിപത്യ രാജ്യത്ത്  സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

​പ്രമോദ്​ പുഴങ്കര: ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്ത് എന്നൊരു ചോദ്യം, വാസ്തവത്തില്‍ ജനാധിപത്യ രാജ്യത്ത് ജനാധിപത്യമെന്തിന് എന്ന മട്ടിലാണ് കാണേണ്ടത്. കാരണം സംവാദമാണ് ജനാധിപത്യം. ആ സംവാദങ്ങളുടെ വ്യാകരണമാകട്ടെ ജനാധിപത്യമല്ലാതെ മറ്റൊന്നാകാനും പാടില്ല. എങ്ങനെയാണ് ജനാധിപത്യം എന്നൊരു സങ്കല്പനം തന്നെ വളര്‍ന്നുവന്നത്? വളരെ കേന്ദ്രീകൃതമായ അധികാരത്തിന്റെ പ്രയോഗത്തില്‍ നിന്നും സമൂഹത്തിന് മുഴുവനായും അധികാരത്തിന്റെ പ്രയോഗരീതികളില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം എന്ന രാഷ്ട്രീയാവശ്യത്തില്‍ നിന്നും തന്നെയാണ് ജനാധിപത്യത്തിനുവേണ്ടിയുള്ള നാനാവിധ അന്വേഷണങ്ങള്‍ നാഗരികതകളുടെ ചരിത്രത്തില്‍ നടന്നിട്ടുള്ളത്. ഇത് സമൂര്‍ത്തമായൊരു പദ്ധതിയോ അതിന്റെ കൃത്യമായ പൂര്‍ത്തീകരണമോ ആയി ചരിത്രത്തിലുണ്ടായി എന്നല്ല ഇതിനര്‍ത്ഥം. അത്തരത്തിലൊരു ആവശ്യമായിരുന്നു എക്കാലത്തും മനുഷ്യരുടെ രാഷ്ട്രീയാധികാരവുമായുള്ള ഇടപെടലുകളെയും കലാപങ്ങളേയും മുന്നോട്ടുകൊണ്ടുപോയിരുന്നത്. 

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

സംവാദം (Debate) എന്നതിനെ പല തരത്തില്‍ ഇല്ലാതാക്കുകയാണ് എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും ആവശ്യം. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എത്ര വേഗത്തിലാണ് എല്ലാ വിധത്തിലുള്ള അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതായത് എന്ന് നാം കണ്ടിട്ടുണ്ട്.  ‘നാവടക്കൂ പണിയെടുക്കൂ’ എന്നത് രാജ്യസ്‌നേഹമായി മാറി.  ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന പോലുള്ള വാഴ്ത്തുകള്‍ മാത്രം കലയായി സ്വീകരിക്കപ്പെട്ടു. എതിര്‍പ്പുകള്‍ക്ക് കയ്യാമവും വിമതശബ്ദങ്ങള്‍ക്ക് തുറുങ്കും വിധിച്ചു. അതിന്റെ പാഠം എന്നത് അഭിപ്രായസ്വാതന്ത്യ്രത്തിനു വേണ്ടി നിലകൊള്ളുമെന്നു കരുതുന്ന കോടതി, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയൊക്കെ വളരെ വേഗം പുതിയ ലോകത്തിനുവേണ്ടി പാകപ്പെട്ടു എന്നതാണ്. ഇതുതന്നെയാണ് മോദി ഭരണകാലത്തും സംഭവിക്കുന്നത്. 

സംവാദ രാഹിത്യത്തിന്റെ ഒരു അന്തരീക്ഷത്തില്‍ എങ്ങനെയാണ് ജനാധിപത്യത്തിന് അതിന്റെ Eco -system  നിലനിര്‍ത്താനാവുക എന്നതാണ് പ്രശ്‌നം. ഫാസിസം ജനങ്ങളെ ഒപ്പം നിര്‍ത്തിക്കൊണ്ടാണ് മുന്നോട്ടുപോകാന്‍ ശ്രമിക്കുക എന്നത് കേള്‍ക്കുമ്പോള്‍ വൈരുധ്യമായി തോന്നുമെങ്കിലും വാസ്തവമാണ്. ഹിറ്റ്‌ലറായാലും മുസോളിനിയായാലും ഇങ്ങേയറ്റത്ത് നരേന്ദ്ര മോദിയായാലും   ജനങ്ങളുടെ പേരിലാണ് ആണയിടുക. എന്നാല്‍ അവരാവശ്യപ്പെടുന്നത്  സംവാദരഹിതമായ ഒരു സമൂഹത്തെയാണ്. ഉന്മാദം നിറഞ്ഞ ആള്‍ക്കൂട്ടത്തെ അവര്‍ക്കു വേണം. പക്ഷെ ചോദ്യങ്ങളുണ്ടാകാന്‍ പാടില്ല. കവികളും കലാകാരന്മാരും നര്‍ത്തകരും നാടകക്കാരുമൊക്കെ ഫാഷിസത്തിനും എല്ലാ ഏകാധിപതികള്‍ക്കും വേണം. പക്ഷെ അതൊക്കെ സംവാദരഹിതമായ അനുസരണയുടെ മുന്‍ നിശ്ചയിക്കപ്പെട്ട അധികാരത്തിന്റെ വിധേയത്തത്തിനുള്ളില്‍ നില്‍ക്കുന്നവയാകണം. 

https://truecopythink.media/discourses-and-democracy

അങ്ങനെയല്ലാത്ത ഒരു രാഷ്ട്രീയാധികാരം സംവിധാനമാണ് ജനാധിപത്യം എന്നതാണ് അതിന്റെ നിലനില്‍പ്പ് എല്ലാ കാലത്തും അധികാരത്തിന്റെ കേന്ദ്രീകരണ സ്വഭാവവുമായി നിരന്തരമായ സംഘര്‍ഷത്തിലേര്‍പ്പെടുന്ന  ഒരു രാഷ്ട്രീയബോധമാക്കി ചരിത്രത്തില്‍ നിലനിര്‍ത്തുന്നത്. ഈ സംഘര്‍ഷത്തിനെ അടിച്ചമര്‍ത്തുന്നതിനാണ് ഭരണകൂടവും ആധുനിക ചരിത്രത്തില്‍ ഏതാണ്ടെല്ലാകാലത്തും അധികാരം കയ്യാളുന്ന ധനികവര്‍ഗവും ശ്രമിക്കുന്നത്. ജനാധിപത്യം എന്ന് പറഞ്ഞുകൊണ്ട് സാമാന്യമായ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന വികസിത രാജ്യങ്ങളില്‍പ്പോലും അത് സ്വത്തുടമാവര്‍ഗ്ഗത്തിന്റെ അധികാരമാണ്. യു.എസിലൊക്കെയുള്ള പോലെ പ്രത്യക്ഷമായിത്തന്നെ കോര്‍പറേറ്റുകളും അവരുടെ രാഷ്ട്രീയ ദല്ലാളന്മാരും നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനമാണ് മറ്റു പലയിടങ്ങളിലും. എന്നാല്‍ പൗരാവകാശങ്ങളുടെ ഏറ്റവും പരിമിതമായ അര്‍ത്ഥത്തില്‍പ്പോലും ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ ഇല്ലാതെ വരുന്നു എന്നതാണ് പല രാജ്യങ്ങളിലുമുള്ള പ്രശ്‌നം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ  ശക്തി വര്‍ധിക്കുന്ന രാജ്യങ്ങളില്‍ ഇത് ആള്‍ക്കൂട്ടത്തിന്റെ കൂടി സഹായത്തോടെയാണ് നടപ്പിലാവുക. ഇന്ത്യ ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്. 

നിസ്വരും അടിച്ചമര്‍ത്തപ്പെടുന്നവരും അധികാരം പിടിച്ചെടുക്കുന്നു എന്നതുകൊണ്ടുമാത്രം ജനാധിപത്യം നടപ്പാക്കണം എന്നില്ല. അതൊരു നിരന്തരമായ രാഷ്ട്രീയ പ്രക്രിയയാകണം. അല്ലാത്തപക്ഷം വിപ്ലവങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞാല്‍ തീരുമാനങ്ങളെടുക്കുന്ന ഒരു ന്യൂനപക്ഷം അധികാരത്തില്‍ സ്ഥിരപ്പെടുകയും രാഷ്ട്രീയാധികാരവും സാമൂഹ്യാധികാരവും കൂട്ടിക്കിച്ചേര്ന്ന ഒരു പുത്തന്‍ വര്‍ഗം-The  New  Class - രൂപപ്പെടുകയും ചെയ്യും. സോവിയറ്റ് യൂണിയനിലടക്കം സംഭവിച്ചത് ഇതാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ഇതിനു സ്വത്തുടമസ്ഥതയുടെ സ്വഭാവം ഇല്ലായിരുന്നു, പകരം പാര്‍ട്ടിക്കകത്ത് പരമാധികാര കേന്ദ്രങ്ങള്‍ രൂപപ്പെടുകയും പാര്‍ട്ടിക്കകത്തും പൊതുസമൂഹത്തിലും ജനാധിപത്യസംവാദങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. അതോടെ നിരന്തരം പുതുക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു സോഷ്യലിസ്റ്റ് ജനാധിപത്യ സമൂഹത്തിനു പകരം  ഒരു പുത്തന്‍ വര്‍ഗം എല്ലാവിധത്തിലുള്ള മര്‍ദ്ദക സംവിധാനങ്ങളുമുപയോഗിച്ച് രാഷ്ട്രീയാധികാരം നിലനിര്‍ത്തുന്ന ഒരു സമൂഹമായി അത് മാറും. 

ഏറെക്കാലം ജനാധിപത്യബാഹ്യമായ രാഷ്ട്രീയ- സാമൂഹ്യ വ്യവഹാര രീതികളില്‍ക്കൂടി പാകപ്പെടുത്തപ്പെടുന്ന ഒരു ജനതയെ കൈകാര്യം ചെയ്യാന്‍ ഭരണകൂടത്തിന് എളുപ്പമായിരിക്കും. അഞ്ചുകൊല്ലം കൂടുമ്പോള്‍ വോട്ടു ചെയ്തു തിരിച്ചുവരികയും അടുത്ത തെരഞ്ഞെടുപ്പുവരെ മിണ്ടാതിരിക്കുകയും ചെയ്യുന്ന വോട്ടുകുത്തിയന്ത്രങ്ങളായി മനുഷ്യര്‍ മാറുമ്പോള്‍ അവര്‍ സാങ്കേതികമായി ജനാധിപത്യത്തിലെ പൗരന്മാരും പ്രായോഗികമായി കേവലം പ്രജകളും മാത്രമാണ്. 

സംവാദത്തില്‍ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ടതുണ്ടോ?

സംവാദത്തില്‍ ഭാഷയുടെ പ്രാധാന്യം അതിന്റെ ഏറ്റവും ഉപരിപ്ലവമായ അര്‍ത്ഥത്തില്‍ സംവാദത്തിനൊരു ഭാഷ കൂടിയേ കഴിയൂ എന്നതാണ്. ആ ഭാഷ എന്ത് ഭാഷയാകണം എന്നതാണ് ജനാധിപത്യ സംവാദങ്ങളെ നിര്‍ണയിക്കുന്നത്, അഥവാ ഒരു സംവാദത്തെ ജനാധിപത്യവത്കരിക്കുന്നത്, സംവാദത്തിന് ഒരു ഭാഷയും ജീവിതത്തിലെ മറ്റ് വ്യവഹാരങ്ങള്‍ക്ക് വേറൊരു ഭാഷയും എന്നത് വാസ്തവത്തിലുണ്ടാകുന്നത് സംവാദത്തിന് ജീവിതവുമായി ബന്ധമില്ലാതെ വരുമ്പോഴാണ് എന്നുവേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ ജീവിതം അത്രയേറെ സംവാദ വിരുദ്ധമാകുമ്പോഴാണ് എന്നും കാണാം. 

അതുകൊണ്ട് ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ ജീവിതത്തിന്റെ ഭാഷയെന്താണ് എന്നത് വളരെ നിർണായകമായൊരു കാര്യമാണ്. ജനാധിപത്യം ഒരു ജീവിതരീതിയാകുമ്പോള്‍ മാത്രമാണ് സാമൂഹ്യ സംവാദങ്ങള്‍ ജനാധിപത്യപരമായ ഭാഷയില്‍ നടക്കുക. അല്ലെങ്കില്‍ സമൂഹത്തിലെ ജനാധിപത്യവിരുദ്ധത മുഴുവനും സംവാദങ്ങളില്‍ തിരയടിച്ചുകൊണ്ടിരിക്കും. 

എന്നാലിത് യാതൊരു എതിര്‍പ്പുമില്ലാതെ സ്വീകരിക്കപ്പെടേണ്ട ഒരു പ്രതിഭാസമല്ല. ജനാധിപത്യ രാഷ്ട്രീയത്തിന് നടത്തുന്ന എല്ലാ സമരങ്ങളും സംവാദങ്ങളും ജനാധിപത്യത്തിന്റെ ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിക്കാന്‍ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം ജനാധിപത്യവിരുദ്ധതയുടെ എതിര്‍കക്ഷി വളരെ ലളിതമായി നിങ്ങളെ തോല്‍പ്പിച്ചുകളയും. കാരണം അതവര്‍ക്ക് തഴക്കം വന്ന കളിയാണ്. 

https://truecopythink.media/discourses-and-democracy

എല്ലാ സംവാദങ്ങളും അതുകൊണ്ട് മറ്റൊരു അഭിപ്രായത്തിനുകൂടി ഇടമുള്ള തരത്തില്‍, ഭാഷയില്‍ നടത്തേണ്ടതുണ്ട്. അത്  സംവാദത്തിന്റെ അടിസ്ഥാന മാനദണ്ഡമാകണം. സാമാന്യ ജീവിതത്തിന്റെ അലസമായ അഴകളവുകളുള്ള  ഭാഷയില്‍ നിങ്ങള്‍ക്ക് പലപ്പോഴും സംവാദത്തിന്റെ കുപ്പായം ധരിക്കാന്‍  കഴിയാത്തത് സംവാദ വിഷയങ്ങള്‍ നിത്യജീവിതത്തിലെ  എളുപ്പം പരിഹരിക്കാവുന്ന ഏതെങ്കിലുമൊരു വ്യക്തിപരമായ ആകുലതയുടെ ഭാഷാപ്രകാശനം അല്ലാത്തതുകൊണ്ടാണ്. പൊതുസമൂഹത്തില്‍ നടക്കുന്ന ഒരു സംവാദമാകട്ടെ അതിനു തുടക്കമിട്ടവരില്‍ തുടങ്ങുന്നതോ അവരില്‍ ഒതുങ്ങുന്നതോ അല്ല. അതിനൊരു നൈരന്തര്യമുണ്ട്. അത്തരമൊരു നൈരന്തര്യം സാധ്യമാകണമെങ്കില്‍ അതിനു നിത്യപ്രയോഗങ്ങളുടെ കുറുക്കുവഴികള്‍ സാധ്യമാക്കുന്ന ഭാഷയെ സങ്കടത്തോടെ മാറ്റിവെക്കുകയും ഭാവിയെക്കൂടി കൊളുത്തിപ്പിടിക്കുന്ന ഒരു ഭാഷയെ  വാഹനമാക്കുകയും ചെയ്യേണ്ടിവരും. 

‘തെറിക്കുത്തരം മുറിപ്പത്തല്‍’ എന്ന നാട്ടുപ്രയോഗമുണ്ടാകുന്നത് അത്തരത്തിലൊരു പ്രയോഗഭാഷയുടെ സംവാദസാധ്യതയെ കാണിക്കുന്നതാണ്. നമുക്കറിയാത്ത ഒരു ആശയലോകവും അത്തരത്തിലൊരു പ്രയോഗഭാഷ തുറന്നുതരുന്നില്ല. ഭാഷയുടെ ലാളിത്യമല്ല ഇപ്പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. സങ്കീര്‍ണമാകണം സംവാദഭാഷ എന്നല്ല, എന്നാല്‍ സംവാദത്തിന്റെ ആശയവിനിമയം സാധ്യമാകണമെങ്കില്‍ സംവാദത്തിനൊരു തുടര്‍ച്ചയുണ്ടാക്കുന്ന ഭാഷ വേണം. തീര്‍ത്തും വിരുദ്ധ ധ്രുവങ്ങളില്‍ നിന്നുകൊണ്ട് ഒരിക്കലും യോജിക്കാത്ത ആശയങ്ങളുമായി ഏറ്റുമുട്ടാം. അപ്പോഴും നമുക്ക് സംസാരിക്കാന്‍ നാവുണ്ടാവുക എന്നതിന്റെ നിലനില്‍പ്പ് മറ്റുള്ളവര്‍ക്കും സംസാരിക്കാന്‍ ശബ്ദമുണ്ടാവുക എന്നതിന്റെ അതെ യുക്തിയിലാണ് എന്നൊരു തിരിച്ചറിവ് ജനാധിപത്യത്തിന് നല്ലതാണ്. ജനാധിപത്യം അത്ര നിര്‍ബന്ധമില്ലാത്ത സംവാദമാണെങ്കില്‍ അത് തടികേടാകാതിരിക്കാന്‍ നല്ലതാണെന്ന് നമ്മള്‍ പറയും.

സൈബര്‍ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സൈബര്‍ സ്പേസിനെ പരമ്പരാഗത പൊതുവിടത്തില്‍  നിന്നും വ്യത്യസ്തമാക്കുന്ന ഒരു സംഗതി അത് അകലം എന്ന സങ്കല്പനത്തെ മായ്ച്ചുകളയുകയും ആളുകളുടെ തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയവിനിമയ പ്രതലം ഉണ്ടാക്കുകയും ചെയ്യുന്നു എന്നതാണ്. നവ സാമൂഹ്യ മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന ഇത്തരമിടങ്ങള്‍ക്ക്  മനുഷ്യരുടെ സാമൂഹ്യ ജീവിതത്തില്‍ ഒരു നാല് പതിറ്റാണ്ടിന്റെ ചരിത്രമേ പരമാവധി ആയിട്ടുള്ളു. അതുകൊണ്ടുതന്നെ അതിന്റെ മാത്രമായ, സവിശേഷമായ ഒരു സ്വഭാവത്തിലൂടെ മനുഷ്യര്‍ അതിനുള്ളില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട് എന്ന് പറയാനാകില്ല. പൊതുസമൂഹത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക അവസ്ഥയുടെ പ്രതിഫലനം തന്നെയാണ് ഏറിയും കുറഞ്ഞും സൈബര്‍ സ്പേസിലും കാണാന്‍ കഴിയുക. 

എന്നാല്‍ പരമ്പരാഗത സംവാദങ്ങളില്‍ നിന്ന്​ വ്യത്യസ്തമായി വിപുലമായൊരു ഇടപെടലിനുള്ള സാധ്യത സൈബര്‍ സ്പേസ് തുറന്നിട്ടുണ്ട്. അതിന്റെ സൂക്ഷ്മമായ നിയന്ത്രണം മൂലധന ശക്തികളുടെയും ഭരണകൂടങ്ങളുടെയും കയ്യിലാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഏതൊരു സാങ്കേതികവിദ്യയേയും പോലെ ജനങ്ങള്‍ അതിനെ ജനാധിപത്യത്തിന്റെ മുന്നോട്ടുപോക്കിനുള്ള സമരായുധങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ട്. അച്ചടി അങ്ങനെയാണ് ഉപയോഗപ്പെടുത്തിയത്. അച്ചടി തന്നെ യന്ത്രവത്കൃതമായപ്പോഴാണ് ലോകത്ത് ഭരണഘടനകള്‍ ഒന്നിനുപിറകെ ഒന്നായി എഴുതാന്‍ തുടങ്ങിയത് എന്ന് ചരിത്രത്തില്‍ കാണാം. കാരണം രാഷ്ട്രീയാശയങ്ങളുടെ  വിനിമയം അതിന്റെ പകര്‍പ്പുകളുടെ രൂപത്തില്‍ ഭൂഖണ്ഡങ്ങള്‍ കടന്നു സാധ്യമായത് അപ്പോഴാണ്.  കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ലോകത്ത് എവിടെ തുടങ്ങിയാലും ഒപ്പം ഒരു പത്രവും തുടങ്ങിയിരുന്നത് അതുകൊണ്ടാണ്. ഏതൊരു സാങ്കേതികവിദ്യയുടെയും വില്പന സാധ്യതയാണ് മുതലാളിത്തം ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ സമരസാധ്യതയാണ് ജനങ്ങള്‍ പിടിച്ചെടുക്കുക. 

ഇത്തരത്തിലൊരു സാധ്യത നവ- സാമൂഹ്യ മാധ്യമങ്ങള്‍ക്കുണ്ട്. രാവിലെ എഴുന്നേറ്റാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ അഞ്ഞൂറ് പേരോട് തന്റെ രാഷ്ട്രീയാഭിപ്രായം പറയാം എന്നത് ജനാധിപത്യ സമൂഹങ്ങളുടെ ചരിത്രത്തില്‍ ഒട്ടും ചെറിയ കാര്യമല്ല. അതായത് ഒരു അധികാര ഉപരിവര്‍ഗത്തിനു മാത്രം പ്രാപ്തമായിരുന്ന ആശയപ്രകാശന സ്വാതന്ത്ര്യവും അവസരവുമാണ് വലിയൊരു വിഭാഗം ജനങള്‍ക്ക് കൂടി കയ്യില്‍ കിട്ടിയിരിക്കുന്നത്. വസ്തുതകള്‍ക്ക് മുകളിലുള്ള പ്രാപ്യത കുറേക്കൂടി സാമാന്യവത്കരിക്കപ്പെട്ടിരിക്കുന്നു. Black  Lives  Matter  എന്ന സമരവും Occupy  Wallstreet -ഉം ഒക്കെ നവ-സാമൂഹ്യമാധ്യമങ്ങളുടെ ജനാധിപത്യസമര സാദ്ധ്യതകള്‍ ഉപയോഗിച്ച സമരങ്ങളാണ്. Digital  Democracy  എന്നത് നിശ്ചയമായും ഇതിനുള്ളില്‍ നടക്കേണ്ട ഇരട്ട സമരത്തിന്റെ ഭാഗമാണ്. 

അത്തരമൊരു ഇടത്തില്‍ സംവാദത്തിന്റെ ജനാധിപത്യത്തെ ഉള്‍ക്കൊള്ളുക എന്നത് പൊതുസമൂഹത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ പ്രയോഗങ്ങളുടെ ഒരു  ഡിജിറ്റല്‍ പതിപ്പ് എന്ന രീതിയിലാകും വരിക.  ‘മുസ്​ലിംകള്‍ക്ക് ഖബറിസ്ഥാന്‍ അല്ലെങ്കില്‍ പാകിസ്ഥാന്‍’ എന്നലറുന്ന രാഷ്ട്രീയ നേതൃത്വമുള്ളോരു നാട്ടില്‍ സൈബര്‍ സ്പേസില്‍ ജനാധിപത്യത്തിന്റെ വസന്തസേനകള്‍ നൃത്തം ചെയ്യില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പലവിധം ന്യായങ്ങളുമുണ്ട് എന്ന് പരസ്യമായി ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും പരസ്യമായി പറയുന്നൊരു നാട്ടില്‍ സൈബര്‍ ഇടങ്ങള്‍ അതെ പക്വത മാത്രമേ പ്രതിഫലിപ്പിക്കൂ. നിയമസഭയില്‍ കസേര എടുത്തെറിയുകയും ബഹളം വെക്കുകയും ഒക്കെ ചെയ്യുന്ന ഒരു രാഷ്ട്രീയ നേതൃത്വമുള്ളപ്പോള്‍ പക്വതയുടെ സാമൂഹ്യ മാനദണ്ഡത്തിനാണ് പ്രശ്‌നം. 

ഡിജിറ്റല്‍ സ്‌പേസില്‍ വ്യക്തികള്‍ നേരിടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഡിജിറ്റലല്ലാത്ത സ്‌പേസില്‍ നേരിടുന്ന ആക്രമണങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ വ്യത്യസ്തമാണോ?

ഡിജിറ്റല്‍ സ്പേസിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അതല്ലാത്ത ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്ന്​ വ്യത്യസ്തമാകുന്നത് അത് പെ​ട്ടെന്ന് നേരിട്ടുള്ള ശാരീരികാക്രമണ സാധ്യത ഉണ്ടാക്കുന്നില്ല എന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ശാരീരികാക്രമണ സാധ്യതകള്‍ക്ക് അത് നിര്‍ദ്ദേശം നല്‍കുകയും നടത്തിക്കുകയുമൊക്കെ ചെയ്യാം. അതേസമയം ഒരു വ്യക്തിയെ വ്യക്തിഹത്യ ചെയ്യാനും പ്രതിരോധത്തിന് പരിമിതികളുണ്ടാക്കുന്ന വിധത്തില്‍ ആള്‍ക്കൂട്ട ആക്രമണം നടത്താനുമുള്ള സൈബര്‍ സ്പേസിന്റെ സാധ്യത ഭയാനകമാണ്. ഒരു തീരുമാനത്തിന്റെ  ഭാഗമായി ചില അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്താറുണ്ട്. ആക്രമിക്കപ്പെടുന്ന വ്യക്തിക്ക് യാതൊരുവിധത്തിലും തന്റെ ഭാഗം പറയാന്‍ സാധ്യതയില്ലാത്തവിധത്തിലുള്ള എത്രയോ പേരിലേക്ക് ആള്‍ക്കൂട്ടാക്രമണത്തിന്റെ അജണ്ട പ്രചരിപ്പിക്കാന്‍ കഴിയും. ഇതൊരു വ്യക്തിയുടെ നേര്‍ക്ക് എന്ന നിലയില്‍ മാത്രമായി ചുരുങ്ങുന്നില്ല. ഉദാഹരണത്തിന് ജനാധിപത്യം എന്ന ആശയത്തിനുനേരെയാണ് ഇന്ത്യയില്‍ സംഘപരിവാര്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി അവര്‍ ജനാധിപത്യ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളെ വളഞ്ഞിട്ട് ആക്രമിക്കും. അത് വാസ്തവത്തില്‍ വ്യക്തിപരമായി ചെറുക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ആക്രമണമാണ്. 

ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അത് സൈബര്‍ സ്പേസിലായാലും അതിനു പുറത്തായാലും ജനാധിപത്യത്തിന്റെ അന്തകവിത്തുകളാണ്. സൈബര്‍ സ്പേസില്‍ അതിനെ കൂടുതല്‍ അപകടകാരിയാക്കുന്നത് ഒരു ആശയം എന്ന നിലയില്‍ അതിനുള്ള വ്യാപനസാധ്യതയാണ്. ആയിരക്കണക്കിന് ഫേസ്ബുക്, വാട്‌സ്ആപ് ഗ്രൂപ്പുകളാണ് സംഘപരിവാര്‍ തെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. 

ഡിജിറ്റല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഒരു സ്വഭാവവിശേഷം അതിന്റെ തുടര്‍ച്ചയും അവസാനവുമൊക്കെ  ആള്‍ക്കൂട്ടത്തിന്റെ അല്ലെങ്കില്‍ അവരെ നിയന്ത്രിക്കുന്നവരുടെ തീരുമാനത്തിനനുസരിച്ചാണ് എന്നാണ്. അതായത് നിങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ പ്രത്യേകിച്ച് ഇടമൊന്നുമില്ല.  ഈ ആള്‍ക്കൂട്ടത്തെ പൊടുന്നനെയുണ്ടാകുന്ന പരസ്പരബന്ധമില്ലാത്ത ആള്‍ക്കൂട്ടമായി കാണുന്നത് തെറ്റാണ്. ഓരോ ആള്‍ക്കൂട്ട ആക്രമണത്തിലെ അക്രമികളും സവിശേഷമായൊരു രാഷ്ട്രീയ-സാമൂഹ്യ ബോധത്തിന്റെ നൂലില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. അതാണ് അവര്‍ തമ്മിലുള്ള പാരസ്പര്യം. അതുകൊണ്ടാണ്  വളരെയേറെ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഇത്തരം ആക്രമണങ്ങള്‍ അതിവേഗം ഡിജിറ്റല്‍ സ്പേസില്‍ പടര്‍ന്നുപിടിക്കുന്നത്. മാത്രവുമല്ല അജ്ഞാതനായിരിക്കുക അല്ലെങ്കില്‍ ശാരീരികമായി അപ്രത്യക്ഷനായിരിക്കുക എന്നത് ഒരു Voyeuristic pleasure കൂടി ആള്‍ക്കൂട്ടത്തിലെ  ഓരോ മനുഷ്യനും ലഭിക്കുന്നുണ്ട്.

വ്യക്തിപരമായി സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

വ്യക്തിപരമായി സൈബര്‍ ആക്രമണം വളരെ വിപുലമായ രീതിയില്‍ അധികം തവണ നേരിട്ടിട്ടില്ല. അധിക്ഷേപങ്ങള്‍, വ്യക്തിപരമായി നിക്ഷിപ്ത താത്പര്യങ്ങള്‍ ആരോപിക്കല്‍, ഭീഷണികള്‍ എന്നിവയൊക്കെ ഒരു തുടര്‍ച്ച എന്ന മട്ടില്‍ ഉണ്ടാകുന്നുണ്ട്. സംഘപരിവാര്‍ സൈബര്‍ ഗുണ്ടകളാണ് പൊതുവെ അത്രയേറെ മെനക്കെടാറുള്ളത്. സൈബര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ വ്യക്തികളെ തെരഞ്ഞെടുക്കാനും അവര്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ ചട്ടക്കൂടുണ്ടാക്കാനുമൊക്കെ കേരളത്തില്‍ എല്ലാ കക്ഷികളുടേയും സൈബര്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് ഏതാണ്ട് സമാനമായ പാഠപുസ്തകങ്ങളാണുള്ളത്. 

രാഷ്ട്രീയമാണ് പറയുന്നത് എന്നതുകൊണ്ട് അതിനോടുള്ള  പ്രതികരണങ്ങള്‍ വ്യക്തിപരമായി അവഹേളിക്കുന്നവയാണെന്നു വരുന്ന ഘട്ടങ്ങളിലും അങ്ങനെ എടുക്കാറില്ല. രാഷ്ട്രീയം പറയുമ്പോള്‍ മറ്റു ഭയങ്ങളും താത്പര്യങ്ങളും ഉണ്ടാകാതിരിക്കുക എന്നതൊരു സ്വാഭാവിക രീതിയായി മാറിയതുകൊണ്ട് അത്തരം ആകുലതകളും ഇല്ല. സാമൂഹ്യപ്രവര്‍ത്തന രംഗത്തുള്ള എന്റെ  ജീവിതപങ്കാളിയുടെ കാര്യത്തില്‍ ഇതത്ര എളുപ്പമായിരുന്നില്ല. ഒരു സ്ത്രീ എന്ന നിലയില്‍ അപകടകരമായ ആക്രമണ ഭീഷണികള്‍ സൈബര്‍ സ്പേസും അതിനുപുറത്തുള്ള ഇടവും തമ്മില്‍ കൂടിപ്പിണഞ്ഞു കിടക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. 

https://truecopythink.media/discourses-and-democracy
  • Tags
  • #Discourses and Democracy
  • #Pramod Puzhankara
  • #Interview
  • #Freedom of speech
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 PN-Gopikrishnan.jpg

Communalisation

Truecopy Webzine

മുഹമ്മദ് അഖ്​ലാക്കിനെ  പശു തിന്നു എന്ന വാചകത്തെ എങ്ങനെ വായിക്കാന്‍ കഴിയും?

Jul 02, 2022

1 Minute Read

 Muhammad-Zubair.jpg

Open letter

ഡിജിപബ്

ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള ഡിജിപബിന്റെ കത്ത്

Jun 28, 2022

1 Minute Reading

teesta

National Politics

പ്രമോദ് പുഴങ്കര

മോദി സർക്കാറിനെപ്പോലെ നീതിപീഠവും ഉത്തരവിടുന്നു; എന്തുകൊണ്ട് മിണ്ടാതിരുന്നുകൂടാ?.

Jun 28, 2022

17 minutes read

Malayalam

Interview

വിജു വി. നായര്‍

താക്കറെയുടെയും ശിവസേനയുടെയും ക്വ​ട്ടേഷൻ രാഷ്​ട്രീയം സൃഷ്​ടിച്ച മുംബൈ

Jun 23, 2022

40 Minutes Read

Alice Mahamudra

Interview

ഷഫീഖ് താമരശ്ശേരി

ഒരു റേപ്പിസ്റ്റും അയാളുടെ ബന്ധുക്കളും പൊലീസും എന്നോട് ചെയ്തത്

Jun 15, 2022

37 Minutes Watch

 11x.jpg

Interview

മനില സി.മോഹൻ

സെക്‌സിന്റെയും സദാചാരത്തിന്റെയും ബാധ്യത ലൈംഗിക തൊഴിലാളികളുടെ തലയില്‍ വെക്കരുത്

Jun 13, 2022

60 Minutes Watch

Civic Chandran

Interview

കെ.കണ്ണന്‍

കമ്യൂണിസ്​റ്റുകളുടെയും ക്രിസ്​ത്യാനികളുടെയും ​​​​​​​വിക്​ടോറിയൻ സദാചാരം മലയാളിയെ ഹിപ്പോക്രാറ്റുകളാക്കി

Jun 09, 2022

60 Minutes Watch

Asif Ali

Interview

ടി.എം. ഹര്‍ഷന്‍

ഇനി നന്മ പറയേണ്ടെന്ന് ജിസ് ജോയ്ക്ക് തോന്നിക്കാണണം

Jun 09, 2022

20 Minutes Watch

Next Article

സംബോധന തന്നെ തെറിയാകുന്ന സൈബറിടത്തിലെ   ഒരു തരം രോഗം 

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster