മറഡോണ എന്റെ വിളി കേട്ടു, എന്നെ നോക്കി, എനിക്കുറപ്പാണ്...

മൈതാനത്തെ ആൾക്കൂട്ടത്തിന്റെ ഇരമ്പലുകൾ അയാളെ മത്തുപിടിപ്പിച്ചു കൊണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞതോടെ താൻ പരിശീലകനാണ് എന്നയാൾ മറന്നുപോയിത്തുടങ്ങി. ചെവിയിൽ കളിച്ചു കയറിയ മൈതാനങ്ങളുടെ കടലിരമ്പങ്ങൾ, കാലിൽ ഹൃദയം പോലെ കൊണ്ടുനടന്ന പന്ത്, കണ്ണിൽ ജീവിതം നൽകിയ പച്ചപ്പ്. അയാൾ അരികിൽ നിന്നും കാലുകൊണ്ടൊരു പന്ത് തട്ടിയെടുത്തു. പതുക്കെ ആകാശത്തേക്കടിച്ചു. മൈതാനം മുഴുവൻ ഒരൊറ്റ ശബ്ദത്തോടെ അലറിവിളിച്ചു; മറഡോണാ...2010ൽ, ജോഹന്നാസ്ബർഗിൽ നടന്ന ലോകകപ്പിൽ അർജൻറീനയുടെ പരിശീലകവേഷത്തിലെത്തിയ മറഡോണയെ കണ്ട അനുഭവം പങ്കിടുകയാണ് ലേഖകൻ

ജൂൺ 12, 2010.

ദക്ഷിണാഫ്രിക്കയിൽ ജോഹന്നാസ്ബർഗിലെ എലിസ്‌ബെർഗ് മൈതാനം.

ഫിഫ ലോകകപ്പ് അക്കൊല്ലം ദക്ഷിണാഫ്രിക്കയിലാണ്.

അർജന്റീനയും നൈജീരിയയും തമ്മിലാണ് മത്സരം.

മൈതാനത്തെ ഇരിപ്പിടം നിറഞ്ഞ് കാണികൾ. ആർപ്പുവിളികൾ.

ലോകം മുഴുവൻ വിവിധ ഭാഷകളിൽ ആർത്തുവിളിക്കുന്ന ഒരു സ്റ്റേഡിയം. അവർ മുഴുവൻ തങ്ങളുടെ ആഹ്‌ളാദഭരിതമായ ശബ്ദങ്ങൾകൊണ്ട് അഭിവാദ്യം ചെയ്യുന്നത് ഒരു മനുഷ്യനെയാണ്. കാൽപ്പന്തിൽ ഒരു ലോകത്തെ ഉരുട്ടിനടന്ന ഒരു തടിച്ചു കുറുകിയ മനുഷ്യനെ. അയാളാകട്ടെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു. ആ മൈതാനത്തുളള ഓരോ മനുഷ്യനെയും തന്നെയാണ് അയാൾ പ്രത്യഭിവാദ്യം ചെയ്യുന്നതെന്ന മട്ടിൽ നോക്കി അയാൾ കൈവീശി ചിരിച്ചുകൊണ്ടിരുന്നു. അന്നേക്ക് ഭാരമേറിക്കൊണ്ടിരുന്ന തന്റെ ശരീരം ആയാസത്തോടെ വലിച്ചുവെച്ചാണെങ്കിലും പുൽമൈതാനത്തിന്റെ അരികിൽ ഓടി നടന്നു.

അന്നേക്കയാൾ കളിക്കാരനായല്ല, പരിശീലകനായിരുന്നു. പക്ഷെ മൈതാനത്തെ ആൾക്കൂട്ടത്തിന്റെ ഇരമ്പലുകൾ അയാളെ മത്തുപിടിപ്പിച്ചു കൊണ്ടിരുന്നു.

കുറച്ചുനേരം കഴിഞ്ഞതോടെ താൻ പരിശീലകനാണ് എന്നയാൾ മറന്നുപോയിത്തുടങ്ങി. ചെവിയിൽ കളിച്ചു കയറിയ മൈതാനങ്ങളുടെ കടലിരമ്പങ്ങൾ, കാലിൽ ഹൃദയം പോലെ കൊണ്ടുനടന്ന പന്ത്, കണ്ണിൽ ജീവിതം നൽകിയ പച്ചപ്പ്. അയാൾ അരികിൽ നിന്നും കാലുകൊണ്ടൊരു പന്ത് തട്ടിയെടുത്തു. പതുക്കെ ആകാശത്തേക്കടിച്ചു. മൈതാനം മുഴുവൻ ഒരൊറ്റ ശബ്ദത്തോടെ അലറിവിളിച്ചു; മറഡോണാ...

തൊണ്ടപൊട്ടുമാറ് അലറിക്കൊണ്ട് മറഡോണ എന്റെ വിളി കേട്ടു എന്നാഹ്ളാദിച്ച അനേകായിരം കാണികൾക്കിടയിൽ രണ്ടു കുട്ടികളുണ്ടായിരുന്നു. അന്നേക്ക് വലുതായിപ്പോയ രണ്ടു കുട്ടികൾ.

ലോകത്തിന്റെ ഇങ്ങേത്തലക്ക്, പൂട്ടിമറിച്ചിട്ട പാടത്ത് ഒരു മൂന്നാം നമ്പർ പന്തുമായി കളിച്ചവർ. 1986-ലെ ലോകകപ്പ് കണ്ട് മറ്റനേകം സ്വന്തം നാട്ടുകാരെപ്പോലെ അർജന്റീന എന്ന കുലത്തിലേക്ക് ആജീവനാന്തം ചേർന്നവർ. ബ്രസീലുകാരും ജർമ്മൻകാരുമായി പിന്നീട് ഓരോ നന്നാല് കൊല്ലം കൂടുമ്പോഴും ലോകമഹായുദ്ധങ്ങൾ നടത്തി വന്നവർ. ജോബെർഗിലെ മൈതാനത്ത് നിന്നലറിയ ആ വലിയ കുട്ടികളൊരാൾ ഞാനായിരുന്നു. മറ്റൊന്ന് എന്റെ ജ്യേഷ്ഠനും.

താൻ പന്തുതട്ടിയതോടെ ഇളകിമറിഞ്ഞ മൈതാനം മറഡോണയെ വീണ്ടും ഹരംപിടിപ്പിച്ചു. പന്തുകൊണ്ട് അഭ്യുയാസങ്ങൾ കാണിച്ചുകൊണ്ട്, തലയിലും മൂക്കിലുമൊക്കെ പന്ത് അനങ്ങാതെ നിർത്തി, നിലത്തു വീഴാതെ കാലിൽ നിർത്തി അയാളൊരു പുതുക്കക്കാരനെപ്പോലെ ആഹ്‌ളാദിച്ചു.

പരിശീലകന്റെ വേഷം മറഡോണയ്ക്ക് പാകമാകുന്നതല്ലായിരുന്നു. മൈതാനത്തിറങ്ങുമ്പോൾ കാലിലേക്ക് ഇറങ്ങിവരുന്ന നൈസർഗികതയുടെ സൗന്ദര്യം പരിശീലകനാകാനുള്ള യോഗ്യതയല്ല. അത് കണക്കുകൂട്ടലുകളുടെയും കുശാഗ്രബുദ്ധിയുടെയും സാങ്കേതിത്തികവിന്റെയും ആസൂത്രണത്തിന്റെയും മേഖലയാണ്.

അലക്‌സ് ഫെർഗൂസനോ യോവാകീം ലോയോ പോലെ പ്രതിസന്ധികളിൽ തളരാത്ത പരിശീലകനായിരുന്നില്ല അയാൾ. അന്നത്തെ കളിയിൽ അർജന്റീന ജയിച്ചു. പക്ഷെ ആ ലോകകപ്പിൽ അവർ നിരാശരായി മടങ്ങി. തനിക്ക് പാകമാകാത്ത കുപ്പായം പതിവ് കോലാഹലത്തോറെ മറഡോണ അഴിച്ചു വെച്ചു.

അന്ന് ആ മൈതാനത്തിൽ മറഡോണക്കായി ഉയർന്ന വലിയ ബാനറുകളൊന്നിൽ മറഡോണക്കൊപ്പം ഉണ്ടായിരുന്ന ചിത്രങ്ങൾ ചെഗുവേരയുടേതും നെൽസൺ മണ്ടേലയുടേതുമായിരുന്നു. മറഡോണ ഒരു വിമോചകനായിട്ടായിരുന്നു ഗണിക്കപ്പെട്ടത്. പന്തുകളിയുടെ ചരിത്രത്തിലെ ഒരു അപൂർവ ഗണത്തിൽപ്പെട്ട ഒരാൾ. പന്തുകളിയല്ലാതെ മറ്റൊന്നും അയാളിൽ അനുകരിക്കാവുന്നതായി ഇല്ലാതെപ്പോയി.

എങ്കിലും അയാളെ തങ്ങളുടെ പ്രവാചകനായി ജനം തെരഞ്ഞെടുത്തു. അയാളുടെ എല്ലാ പിഴകളും അവർ പൊറുത്തുകൊടുത്തു. യുഎസിൽ നടന്ന 1994-ലെ ലോകകപ്പിൽ നൈജീരിയക്കെതിരായ കളിക്കൊടുവിൽ ഉത്തേജക മരുന്ന് പരിശോധനക്ക് മൈതാനത്തിനു പുറത്തുപോയ മറഡോണ പരിശോധനയിൽ പരാജയപ്പെട്ട് ബയോനെസ് അയേഴ്‌സിൽ തിരിച്ചെത്തിയപ്പോൾ അർജന്റീന അയാളെ ശപിച്ചില്ല. ഡീഗോ എന്ന് വിളിച്ച് ഒരു രാജ്യം തങ്ങളുടെ വഴിപിഴച്ച പ്രവാചകനായി വിതുമ്പി.

തെക്കേ അമേരിക്കയുടെ ഫുട്‌ബോൾ യൂറോപ്പിലേതുപോലെ സമ്പന്നമായിരുന്നില്ല. തെരുവുകളിലും ചവറുകൂനകൾക്കിടയിലും പന്തുതട്ടിയാണ് ഇതിഹാസങ്ങൾ മൈതാനങ്ങളിലേക്ക് ഓടിക്കയറിയത്. മറഡോണയും വ്യത്യസ്തനായിരുന്നില്ല. തെരുവുകളിലെ ചെറുജോലികൾക്കിടയിൽ തട്ടിക്കളിച്ച കടലാസുപന്തുകളായിരുന്നു അയാളെയും സൃഷ്ടിച്ചത്.

യൂറോപ്പിന്റെ സമ്പന്നമായ ക്ലബ്ബ് ഫുടബോളിലേക്ക് ചേക്കേറിയതിനുശേഷം ബാഴ്സക്കുവേണ്ടി കളിച്ചെങ്കിലും മറഡോണ യൂറോപ്പിലെ മൈതാനം അടക്കിവാണതും ഗാലറികളെ ഉന്മാദത്തിലെത്തിപ്പിച്ചതും ഇറ്റലിയിലെ നപ്പോളിക്ക് കളിച്ചപ്പോഴാണ്. പക്ഷെ ഉന്മാദം പന്തിൽ നിന്ന് രക്തത്തിലേക്ക് പടർത്താൻ തുടങ്ങി മറഡോണ. മയക്കുമരുന്നുപയോഗം ക്രമേണ മറഡോണയെ മൈതാനത്തു നിന്ന് തള്ളിനീക്കിക്കൊണ്ടിരുന്നു.

1994-ൽ അയാളുടെ ഫുട്‌ബോൾ ജീവിതം ഏതാണ്ടവസാനിച്ചു. പക്ഷെ പ്രവാചകൻ കാൽപന്തുകളുടെ മലമുകളിൽ നിന്നും നൃത്തം ചെയ്തുകൊണ്ടിരുന്നു.

എതിരാളികളിൽ നിന്നെന്ന പോലെ ജീവിതത്തിലും അയാൾ നിയന്ത്രണങ്ങളുടെയും വരകളുടെയും അപ്പുറത്തേക്ക് ഓടിക്കയറി. ഇംഗ്ലണ്ടിനെതിരെ മാത്രമല്ല ജീവിതം മുഴുവൻ പ്രവാചകനും ദൈവവും തൻ തന്നെയാണെന്ന് കരുതിയെങ്കിലും പതുക്കെപ്പതുക്കെ മയക്കുമരുന്നും വ്യക്തിജീവിതത്തിലെ തകർച്ചയും വിഷാദരോഗവുമെല്ലാമായി മറഡോണ മലമുകളിൽ ഒറ്റയ്ക്കായിത്തുടങ്ങി. പന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ അത്ഭുത ഗോളുകളൊന്ന് ഇംഗ്ലണ്ടിനെതിരെ അയാൾ നേടിയതും ഇതുപോലെ ഒറ്റയ്ക്കായിരുന്നു.

1986-ലെ മെക്‌സിക്കൻ ലോകകപ്പിൽ മറഡോണ മൈതാനം ഭരിച്ചതിനുസമാനമായി പിന്നീടുള്ള ലോകകപ്പുകളിൽ ആരുമുണ്ടായില്ല. എന്നിട്ടും ഒട്ടും ആഹ്‌ളാദത്തോടെയല്ലാതെ, അതലങ്ങളിലേക്കുള്ള വീഴ്ചയുടെ മുമ്പുള്ള തിരിഞ്ഞുനോട്ടം പോലെ മൈതാനത്തിലേക്ക് തിരിഞ്ഞുനോക്കാതെ ഉത്തേജകമരുന്നിന് പിടിക്കപ്പെട്ട് മറഡോണ കളി നിർത്തിപ്പോയി. ഉന്മാദത്തിന്റെ പ്രവാചകൻ അബോധത്തിന്റെ നിശാശാലകൾക്ക് മുന്നിൽ നക്ഷത്രങ്ങളെ നോക്കിക്കിടന്നു. തെക്കേ അമേരിക്കയുടെ വിമോചനരാഷ്ട്രീയം അയാളിൽ ഇടക്കിടെ തിരനോക്കി.

കയ്യിൽ ചെഗുവേര ചിത്രം പച്ചകുത്തിയും ഫിദൽ കാസ്ട്രോയെ കെട്ടിപ്പിടിച്ചും മറഡോണ തെക്കേ അമേരിക്കയുടെ പന്തുകളിയുടെ രാഷ്ട്രീയത്തെ സ്‌നേഹിച്ചു. നക്ഷത്രമാകാനുള്ള വഴികളിൽ നിന്ന് മനുഷ്യന്റെ വീഴ്ചകളിലേക്ക് ആർപ്പുവിളികളോടെ ഓടിക്കയറുകയായിരുന്നു മറഡോണ. എന്നിട്ടും അയാൾ പന്തുകളിയുടെ ആകാശങ്ങളിലേക്ക് ഏകാന്തമായ ഔന്നത്യത്തോടെ കയറിപ്പോകുന്നു.

എത്രയോ കാലം മലയാളി പന്തുകളിക്ക് പറഞ്ഞ പര്യായം മറഡോണ എന്നായിരുന്നു. മലയാളി മാത്രമല്ല ലോകത്തെ കോടിക്കണക്കിനായ മനുഷ്യർ. ഡീഗോ അർമാൻഡോ മറഡോണ; പന്തുകളി മൈതാനത്തെ ഒരു പന്തിന്റെ ഗതിവിഗതികൾ പോലെ അപ്രവചനീയമായ ഉന്മാദങ്ങൾക്കും ധിക്കാരങ്ങൾക്കും ആഘോഷങ്ങൾക്കും ഭ്രാന്തിനും വിഷാദത്തിനും ശേഷം ആളൊഴിഞ്ഞ മൈതാനത്ത് ഏകാന്തമായി കാത്തിരുന്ന ഒരു പന്തിനെയെടുത്ത് ഒരു പുൽക്കൊടിത്തുമ്പിൽ ചവിട്ടി നക്ഷത്രങ്ങളിലേക്ക് കയറിപ്പോയ പ്രവാചകൻ. ജൊഹന്നാസ്ബർഗിലെ മൈതാനത്തു നിന്ന് അയാൾ എന്റെ വിളി കേട്ടെന്നും എന്നെ നോക്കിയെന്നും എനിക്കുറപ്പാണ്.അല്ലാതെങ്ങനെ, അത്രയേറെ നമ്മളയാളെ സ്‌നേഹിച്ചിരുന്നില്ലേ!

Comments