മേയർ ബീന ഫിലിപ്പും എള്ളും പൂവും സഹായവിലയ്​ക്ക്​ നൽകുന്ന സി.പി.എമ്മും

പ്രശ്‌നം കോഴിക്കോട് മേയറിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്നും രോഗഗ്രസ്തമായ പാർട്ടി ശരീരത്തിന്റെ തുള്ളിമറിയലുകളാണ് ഇതെല്ലാമെന്നും മനസിലാക്കാത്തിടത്തോളം ഇതെല്ലാം ആവർത്തിച്ചുകൊണ്ടേയിരിക്കും.

കുട്ടികൾക്ക് ഉണ്ണിക്കണ്ണന്മാരാകാം എന്നും പിന്നെയൊരു മയിൽപ്പീലി ചൂടിച്ചാൽ ശ്രീകൃഷ്ണനാകാം എന്നും ശേഷം ധർമ്മസംസ്ഥാപനത്തിനായി അവതാരമാകാമെന്നുമുള്ള ഒരു രാഷ്ട്രീയസാധ്യതയാണ് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണലീല. അങ്ങനെയുള്ള ഉണ്ണിക്കണ്ണന്മാരെ ഉണ്ടാക്കിയെടുക്കാൻ യശോദമാരെ ആവശ്യമുണ്ട്. ആ രാഷ്ട്രീയസാധ്യതയുടെ പരിപാടികളാണ് നടത്തുന്നതെന്ന് ബാലഗോകുലം മറച്ചുവെക്കാറുമില്ല. എന്നാൽ ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുക്കുകയും​ വേദിക്കൊത്ത് പ്രസംഗിക്കുകയും ചെയ്ത കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ബാലഗോകുലം​ ആർ. എസ്​. എസ് പോഷകസംഘടനയാണ് എന്ന് കരുതിയില്ലെന്നു പറയുമ്പോൾ, ഹിന്ദുത്വ രാഷ്ട്രീയം എത്ര സ്വാഭാവികമാക്കപ്പെട്ടിരിക്കുന്നു എന്ന അപകടമാണ് കാണാനാകുന്നത്.

കോഴിക്കോട് മേയർക്ക് താൻ ചെയ്തതിൽ ഒരപകടവുമില്ല എന്നും ഇതിനെയൊക്കെ വളച്ചൊടിക്കുകയാണെന്നും താൻ പങ്കെടുത്ത പരിപാടിയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും വളരെ നിഷ്‌ക്കളങ്കമാണെന്ന് തോന്നുന്നതും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സ്വാഭാവികവത്കരണത്തിന്റെ വിജയമാണ്. എത്രയോ പതിറ്റാണ്ടുകൾ ഈ സാംസ്‌കാരിക നിഷ്‌ക്കളങ്കതയുടെയും മതധാർമ്മികതയുടെയും വിത്തെറിഞ്ഞുമുളപ്പിച്ചാണ് ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ രാഷ്ട്രീയാധികാരത്തിനുള്ള വിളവെടുക്കാനിറങ്ങുന്നത്. ഈ രാജ്യം മുഴുവനും സംഘപരിവാറിനെക്കുറിച്ചും അതിന്റെ വിവിധ രൂപങ്ങളിലുള്ള സാമൂഹ്യ, രാഷ്ട്രീയ സംഘങ്ങളെക്കുറിച്ചും കഴിഞ്ഞ മൂന്നു പതിറ്റാണ്ടെങ്കിലുമായി നിരന്തരം ചർച്ച ചെയ്തുകൊണ്ടിരിക്കെ, സി.പി.എം മേയർക്ക് ബാലഗോകുലം ഒരു ബാലലീലയാണെന്നും തുളസിമാലയുടെ ലാളിത്യമാണവർക്ക്​ എന്നും തോന്നുന്നത് മേയറുടെ രാഷ്ട്രീയബോധത്തിന്റെ പ്രശ്‌നം മാത്രമല്ല, മതയാഥാസ്ഥിതികത്വത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇത്തരം മതബദ്ധ പ്രതിനിധാനങ്ങൾക്കും എതിരെ എന്ത് നിലപാടെടുക്കണം എന്നതിൽ അവസരവാദപരമായ ചാഞ്ചാട്ടം കാണിക്കുന്ന സി. പി. എമ്മിന്റെ രാഷ്ട്രീയസന്ദിഗ്ധാവസ്ഥ കൂടിയാണ്.

ഹിന്ദുത്വ വർഗീയതയുടെ മതബദ്ധമായ പ്രചാരണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് മതേതര, വർഗ രാഷ്ട്രീയത്തിന് അംഗീകരിക്കാനാകാത്ത എളുപ്പവഴിയാണ് സി. പി. എം സ്വീകരിച്ചത്. അതിന്റെ ഭാഗമായാണ് മതേതര യോഗയുടെ പ്രചാരണ പരിപാടികൾ പാർട്ടി ഏറ്റെടുത്തതും ശ്രീ എം എന്ന ആത്മീയഗുരുവിന്​ സർക്കാർ ഭൂമി സൗജന്യമായി നൽകി ആദരിച്ചതുമൊക്കെ. അതിന്റെ ഭാഗമായാണ് സി. പി. എം നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. ഇത് വാസ്തവത്തിൽ സംഘപരിവാറിന്റെ പണി എളുപ്പമാക്കുകയായിരുന്നു. പീലിത്തിരുമുടി വെച്ച, വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണനിലൂടെ മാത്രമേ വർണാശ്രമധർമം സംരക്ഷിക്കാൻ യുദ്ധോത്സുകനായ അവതാര കൃഷ്ണനിലേക്ക് ആളുകളെ കൊണ്ടുപോകാനാകൂ എന്ന് സംഘപരിവാറിനറിയാം. മര്യാദാപുരുഷോത്തമനായ ശ്രീരാമനിലൂടെ മാത്രമേ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആക്രമണോത്സുക ശ്രീരാമനിലേക്ക് പോകാനാവൂ.

നിങ്ങളുടെ കളികൾ നിങ്ങളെക്കാൾ മിടുക്കോടെ എതിരാളികൾ കളിക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ പാട്ടുകൾ നിങ്ങളെക്കാൾ ഉച്ചത്തിൽ എതിരാളികൾ പാടുമ്പോൾ, നിങ്ങളുടെ കഥകൾ കൂടുതൽ മിഴിവോടെ മറ്റുള്ളവർ പറഞ്ഞുഫലിപ്പിക്കുമ്പോൾ നിങ്ങൾ കൂടുതൽ സ്വീകാര്യനാവുകയാണ്. പിന്നെയുള്ള തർക്കം ആരാണ് കൂടുതൽ സ്വീകാര്യൻ എന്നതാണ്.

ഹിന്ദുത്വ മതബിംബങ്ങൾ സ്വാഭാവികമായി സമൂഹത്തിന്റെ സാംസ്‌കാരിക അടയാളങ്ങളായി മാറുന്നു എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഒരു മതേതര സമൂഹത്തിന്റെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ അത്തരത്തിലൊരു ബിംബനിർമ്മിതി ഉണ്ടായിക്കൂടാ. മറിച്ചാവുന്നതുകൊണ്ടാണ് സരസ്വതിയും വിദ്യയും അത്രയേറെ സ്വാഭാവികമായി മതേതര സമൂഹത്തിൽ ചേർന്നിരിക്കുന്നു എന്ന് മേയർക്ക് തോന്നുന്നത്. ആളുകൾക്ക് വിദ്യയുമായും അറിവുമായും ബന്ധപ്പെടുത്തി സരസ്വതിയെ ആരാധിക്കാനോ അത്തരം പ്രതീകാത്മക പരിപാടികൾ നടത്താനോ ഒന്നും തടസമുണ്ടാകേണ്ടതില്ല. എന്നാൽ അതൊരു മതേതര സമൂഹത്തിന്റെ അറിവ് സങ്കൽപ്പനമല്ല. മേയർ മാത്രമല്ല, മതേതര സമൂഹത്തിലെ ഭരണാധികാരികളാരും മതപരിപാടികളിലോ മതാബദ്ധമായ പരിപാടികളിലോ പങ്കെടുക്കാതിരിക്കലാണ് ഉചിതം. എന്നാൽ പാർലമെൻറ്​ നിർമ്മാണത്തിന് ബ്രാഹ്മണർ പൂജ നടത്തുകയും അതിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ചെയ്യുന്നൊരു കാലത്ത് ബാലഗോകുലത്തിന്റെ നിഷ്‌ക്കളങ്കത സ്വാഭാവികതയായി തോന്നുന്നുവെന്നത് അപകടകരമായ രാഷ്ട്രീയധാരണയാണ്.

എങ്ങനെയാണ് മതാചാരങ്ങളെയും അന്ധവിശ്വാസങ്ങളേയും കമ്യൂണിസ്റ്റുകാർ സമീപിക്കേണ്ടത് എന്നതിലെ അതിഗുരുതരമായ ധാരണാപ്പിശകിന്റെ ഉദാഹരണമായിരുന്നു കർക്കടക വാവുബലി സംബന്ധിച്ച് സി. പി. എം നേതാവ് പി. ജയരാജൻ സമൂഹമാധ്യമങ്ങളിൽ എഴുതിയിട്ട കുറിപ്പ്. അന്ധവിശ്വാസത്തെയും മതബദ്ധ ആചാരങ്ങളേയും ജീർണതയായിത്തന്നെയാണ് കമ്യൂണിസ്റ്റുകാർ കാണേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ യുക്തിവാദികളുടെ നിലപാടല്ല കമ്യൂണിസ്റ്റുകാർക്കുള്ളത്. ഇത്തരം പ്രവണതകളെയും ആചാരബാധ ലോകത്തെയും അതിന്റെ സാമ്പത്തിക- സാമൂഹ്യ- രാഷ്ട്രീയ ഘടകങ്ങളുടെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ കാണുകയാണ് കമ്യൂണിസ്റ്റുകാർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിശാലമായ രാഷ്ട്രീയസമരത്തിന്റെ ഭാഗമായി വിശ്വാസികൾകൂടി പങ്കാളികളാകുന്ന സമരങ്ങൾ നടത്തുമ്പോഴും നിലവിലുള്ള അധികാരബന്ധങ്ങളെ നിലനിർത്താൻ മതസ്ഥാപനങ്ങൾ നടത്തുന്ന പിന്തിരിപ്പൻ പങ്കിനെ നിരന്തരം ആക്രമിക്കുകയും തുറന്നുകാട്ടുകയും വേണം. ഒപ്പം, ജനങ്ങളെ അവരുടെ രാഷ്ട്രീയസമരങ്ങളിൽ നിന്ന്​ വഴിതിരിച്ചുവിടുന്ന അന്ധവിശ്വാസജഡിലമായ ബോധത്തെ അടിമുടി മാറ്റാനുള്ള ശ്രമം സമരമായി നടത്തുകയും വേണം. ഇതിനുപകരം ബലിയിടലാണെങ്കിൽ എള്ളും പൂവും സഹായവിലയ്ക്ക് നൽകുന്ന പീടികകൾ തുറയ്ക്കുകയല്ല ഇടതുപക്ഷ രാഷ്ട്രീയം.

പി. ജയരാജൻ

ഇടതുപക്ഷ സാംസ്‌കാരിക രാഷ്ട്രീയം എന്താണെന്നത് സംബന്ധിച്ച ഏറ്റവും പ്രതിലോമകരമായ സന്ദേശങ്ങളാണ് ഉണ്ടാകുന്നത്. സ്ത്രീവിരുദ്ധതയുടെയും സവർണ ആണധികാര ഹുങ്കിന്റെയും നിരന്തരസൃഷ്ടികൾ ഉണ്ടാക്കിവിട്ട ഒരാളെയാണ് ഇടതുപക്ഷ സർക്കാർ അവരുടെ ചലച്ചിത്രനയം നടപ്പാക്കാൻ കണ്ടെത്തിയത്. അതെന്ത് രാഷ്ട്രീയമാണ് എന്നുപോലും ചോദിക്കാതെ ബാക്കിയുള്ള പദവികൾ വീതം വെക്കുമ്പോൾ ഞങ്ങളും ഞങ്ങളുമുണ്ട് എന്ന പതിഞ്ഞ അപേക്ഷകൾ മാത്രമായിരുന്നു കേട്ടുകൊണ്ടിരുന്നത്. അധികാരത്തിന്റെ ന്യായങ്ങളല്ലാതെ മറ്റൊരു രാഷ്ട്രീയവുമില്ലാത്ത സംഘടനകൾ പിന്തിരിപ്പൻ സാമൂഹ്യവ്യവസ്ഥയുടെ ഏറ്റവും മൂർച്ചയുള്ള ആയുധങ്ങളാണ് മാറും.

കേരളത്തിൽ മതേതരവിരുദ്ധമായ രാഷ്ട്രീയത്തെ സാർവ്വലൗകികമായി സ്വീകാര്യമാകുന്ന ഒന്നാക്കി മാറ്റുന്നതിൽ ഇടതുപക്ഷത്തേക്കാളൊക്കെ എത്രയോ മുകളിലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ മുന്നണിയുടെ സംഭാവന. അതവരുടെ പതിവ് രാഷ്ട്രീയമാണ് എന്നതുകൊണ്ടാണ് അത് ചർച്ചയാകാത്തത്. സംഘപരിവാറിനൊപ്പം നിന്ന്​ ശബരിമല ലഹളക്കാലത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള രാഷ്ട്രീയമുന്നണി നടത്തിയ ഹിന്ദുത്വ, മതയാഥാസ്ഥിതിക സമരങ്ങൾ കേരളത്തിന്റെ മതേതര സാമൂഹ്യബോധത്തിനും ഘടനയ്ക്കും ഏൽപ്പിച്ച ആഘാതങ്ങൾ ചെറുതല്ല. ഇതേ വലതുപക്ഷബോധത്തെ തൃപ്തിപ്പെടുത്തുകയാണ് ഇടതുപക്ഷത്തിന്റെ അടവ് എന്ന് വരുമ്പോഴാണ് ബാലഗോകുലം ഒരു ഗോപാലലീലയാണെന്ന് തെറ്റിദ്ധരിക്കുന്ന മേയർമാർ സി. പി. എമ്മിനുണ്ടാകുന്നത്. ഇടതുമുന്നണിയിൽ ഓർത്തഡോക്‌സ് എം. എൽ.എയും മന്ത്രിയുമൊക്കെയായി നിയമനം ലഭിക്കുന്ന രാഷ്ട്രീയ സാഹചര്യം അങ്ങനെയാണുണ്ടായത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സകല സാമുദായിക നേതാക്കന്മാരെയും കണ്ടുവണങ്ങി വോട്ടുചോദിക്കുന്ന സ്ഥാനാർത്ഥി ഇടതുമുന്നണിക്കുണ്ടായത് അങ്ങനെയാണ്. മതവും ജാതിയും തിരിച്ച് വോട്ടുചോദിക്കാൻ അതാത് മത, സമുദായങ്ങളിൽപ്പെട്ട മന്ത്രിമാരും എം. എൽ. എമാരും തൃക്കക്കാരയിൽപ്പോയ തെരഞ്ഞെടുപ്പ് തന്ത്രം അങ്ങനെയാണ് രൂപപ്പെടുന്നത്. അതായത് കോഴിക്കോട് മേയർ ഒരു തുടർച്ചയാണ് എന്നാണ്.

കേരളത്തിൽ നമ്മൾ കുട്ടികളെ പരിപാലിക്കുന്നത് വളരെ മോശമായാണെന്നും എന്നാൽ ഉത്തരേന്ത്യയിൽ അങ്ങനെയല്ലെന്നും മേയർ പറയുന്നതൊക്കെ സാമാന്യവത്കരണങ്ങളിൽ അഭിരമിക്കുന്നതിന്റെ ദുരന്തം എന്നേ പറയാനാകൂ. ജാതിയിലും മതത്തിലും വേർപെട്ട വീടുകൾക്കുള്ളിലേക്ക് ഏതു കുട്ടിയാണ് ഓടിക്കയറി ഭക്ഷണം കഴിച്ച് ഉണ്ണിക്കണ്ണന്മാരായി പുറകിൽ നിന്നുമുയരുന്ന ഗോപികാദണ്ഡകം കേട്ട് കണ്ണിറുക്കി കള്ളച്ചിരിച്ചിരിച്ചു കടന്നുപോകുന്നത്! ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിലെ നേതൃത്വത്തിന്റെ രാഷ്ട്രീയബോധം ഇതൊക്കെയാണെന്നത് ഇടവേളകളില്ലാതെ വെളിപ്പെടുന്നുണ്ട്. ബാലഗോകുലത്തിന്റേതായ മനസിലേക്ക് അമ്മമാർ എത്തണമെന്നാണ് മേയർ ആഹ്വാനം ചെയ്യുന്നത്. അതുതന്നെയാണ് സംഘപരിവാറും ആവശ്യപ്പെടുന്നത്.

മേയറുടെ നടപടിയെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞിട്ടുണ്ട്. അത്രയും നല്ലത്. പക്ഷെ പ്രശ്‌നം കോഴിക്കോട് മേയറിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്നും രോഗഗ്രസ്തമായ പാർട്ടി ശരീരത്തിന്റെ തുള്ളിമറിയലുകളാണ് ഇതെല്ലാമെന്നും മനസിലാക്കാത്തിടത്തോളം ഇതെല്ലാം ആവർത്തിച്ചുകൊണ്ടേയിരിക്കും.

Comments