സി.പി. ജലീലിന്റെ
വ്യാജ ഏറ്റുമുട്ടല്‍ കൊലക്ക് തെളിവായി,
എന്നിട്ടും അന്വേഷിക്കാത്തതെന്ത്?
സി.പി. ജലീലിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലക്ക് തെളിവായി, എന്നിട്ടും അന്വേഷിക്കാത്തതെന്ത്?
വൈത്തിരിയില്‍ സി.പി. ജലീല്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഉറപ്പിക്കാവുന്ന തരത്തില്‍ ഔദ്യോഗിക അന്വേഷണത്തില്‍ത്തന്നെ തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. എന്നാല്‍, ഈ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ പ്രതിഷേധിക്കാന്‍ കേരളത്തിലെ പൗരസമൂഹം കാണിക്കുന്ന സന്ദേഹം ആത്മഹത്യാപരമാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ഇത്തരത്തില്‍ കടന്നുപോകാന്‍ അനുവദിച്ചാല്‍ അതിന് ഒരു പൗര-രാഷ്ട്രീയ സമൂഹം എന്ന നിലയില്‍ നാം നല്‍കുന്ന വില ഭയാനകമായിരിക്കും
16 Oct 2020, 11:53 AM
കമിഴ്ന്നുവീണുകിടക്കുന്ന ഒരു ശരീരത്തിന്റെ അരികില്‍ ഒരു തോക്കുണ്ട്. അയാള്‍ വെടിയേറ്റു കൊല്ലപ്പെട്ടതാണ്. അയാളൊരു മാവോവാദിയാണ് എന്ന് പൊലീസ് പറയുന്നതോടെ, എന്നാല്‍ നമുക്ക് പിരിയാം, നേരമിരുട്ടാനും തുടങ്ങി, വീട്ടിലെത്തേണ്ടതല്ലേ എന്ന് ആശ്വസിക്കാനും തിടുക്കപ്പെടാനുമുള്ള പാകത്തില്‍ ഒരു മുഖ്യധാരാ സമൂഹത്തെ രൂപപ്പെടുത്തുന്നതോടെയാണ് വാസ്തവത്തില്‍ ഭരണകൂടം ശരിക്കുമുള്ള കൊല നടത്തുന്നത്. ഒന്ന് വ്യാജ ഏറ്റുമുട്ടലും മറ്റൊന്ന് വ്യാജ ജീവിതവുമാണെന്ന് പിരിഞ്ഞുപോകുന്നവര്‍ ആകുലപ്പെടാത്ത കാലത്തിലേക്ക് ഒരു മരണം കൂടി അനാഥമാകുന്നു.
വൈത്തിരിയില്‍ കൊല്ലപ്പെട്ട സി.പി. ജലീലിന്റെ മരണം അനാഥമായിക്കൂടാ. കാരണം, കേരളത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ഉറപ്പിക്കാവുന്ന തരത്തില്‍ ഔദ്യോഗിക അന്വേഷണത്തില്‍ത്തന്നെ തെളിവുകള്‍ പുറത്തുവരുന്നതാണ് ഈ കൊലപാതകം. ഭരണകൂടത്തിന് സമൂഹത്തിനെ ഭയപ്പെടുത്താനുള്ള, പ്രതിഷേധങ്ങളെ, അവയെക്കുറിച്ച് ചിന്തിക്കുന്നതില്‍ നിന്നുതന്നെ തടയാന്‍ കഴിയുന്ന തരത്തില്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ഇത്തരത്തില്‍ കടന്നുപോകാന്‍ അനുവദിച്ചാല്‍ അതിന് ഒരു പൗര-രാഷ്ട്രീയ സമൂഹം എന്ന നിലയില്‍ നാം നല്‍കുന്ന വില ഭയാനകമായിരിക്കും.
മജിസ്ട്രേറ്റ് തല അന്വേഷണം അഥവാ പൊലീസ് ഭാഷ്യം
ഇന്ത്യയിലെങ്ങും ഇത്തരം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ട്. സുപ്രീംകോടതിയും, മനുഷ്യാവകാശ കമീഷനുമൊക്കെ ഇടപെടുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടും പ്രത്യേകിച്ചൊരു മാറ്റവും വന്നിട്ടില്ല. അതില്‍ കോടതികളും ഒരു വലിയ പരിധിവരെ കുറ്റക്കാരാണ്.
ചെറുകുറി രാജ്കുമാര്‍ ആസാദ് എന്ന സി.പി.ഐ (മാവോവാദി) നേതാവിനെ സമാധാന ചര്‍ച്ചക്ക് വിളിച്ചുവരുത്തി വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതിനെതിരെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അവസാനിപ്പിക്കണമെങ്കില്‍ അതിന് കോടതിയുടെ ശക്തമായ ഇടപെടല്‍ കൂടിയേതീരൂ. കൊല്ലുന്ന സര്‍ക്കാര്‍ തന്നെ കൊലപാതകക്കുറ്റം സമ്മതിക്കുമെന്ന് കരുതാനാകില്ലല്ലോ.
പി.യു.സി.എല്‍ കേസില്‍ (PUCL v. State of Maharashtr, 2014) സുപ്രീംകോടതി ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച് 16 നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ മിക്കതും പാലിക്കാതിരിക്കുകയും അട്ടിമറിക്കുകയും ചെയ്യുകയാണ്. ഉദാഹരണത്തിന് കോടതി നിര്‍ദ്ദേശങ്ങളിലെ പ്രധാനപ്പെട്ട ഒന്ന്, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച മജിസ്ട്രേറ്റ് തല അന്വേഷണമാണ്.
എന്നാല്‍ എല്ലാ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും നിയമസാധുത നല്‍കുന്ന തരത്തിലാണ് മജിസ്ട്രേറ്റ് തല അന്വേഷണങ്ങള്‍ നടക്കുന്നത്. പൊലീസ് നല്‍കുന്ന വിവരങ്ങള്‍ പകര്‍ത്തിവെക്കുന്ന പണിയാണ് ഇപ്പോള്‍ മജിസ്ട്രേറ്റ് തല അന്വേഷണമെന്ന പ്രഹസനം. ഉത്തര്‍പ്രദേശില്‍ 2017നു ശേഷം നടന്ന 74 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ എല്ലാത്തിലും മജിസ്ട്രേറ്റ് തല അന്വേഷണത്തില്‍ പൊലീസ് ഭാഷ്യം അംഗീകരിക്കുകയായിരുന്നു. പൊലീസ് Closure report നല്‍കിയ കേസുകളില്‍ 61 എണ്ണത്തിലും കോടതികളും അവ അംഗീകരിച്ചു. ഏതാണ്ട് സമാനമായ FIR-കള്‍ രേഖപ്പെടുത്തി സമാനമായ ഏറ്റുമുട്ടല്‍ സാഹചര്യങ്ങള്‍ ഉള്ള കൊലപാതകങ്ങളിലാണ് ഈ പ്രഹസനം നടക്കുന്നത്.

വികാസ് ദൂബെ എന്ന കുറ്റവാളിയെ പിടികൂടുകയും അയാളുടെ രാഷ്ട്രീയബന്ധങ്ങള്‍ പുറത്തുവരാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞുവെച്ച്, ഒരു വാഹനാപകട രംഗം ഉണ്ടാക്കി, രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെയെ വെടിവെച്ചുകൊന്നു എന്ന മട്ടില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം നടത്തിയതും ഉത്തര്‍പ്രദേശ് പൊലീസാണ്. പകല്‍വെളിച്ചത്തില്‍ അത്തരത്തിലൊരു കൊലപാതകം നടത്താന്‍ മടിയില്ലാത്തവണ്ണം സര്‍ക്കാരുകള്‍ മാറിയിരിക്കുന്നു.
ഒരു പൊലീസ് ആക്ഷന്‍ ത്രില്ലര്‍
സി.പി. ജലീലിന്റെ കൊലപാതകവും ഇതില്‍നിന്ന് അതിന്റെ നിര്‍വഹണരീതികളില്‍ വലിയ വ്യത്യാസം കാണിക്കുന്നില്ല. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലെല്ലാം എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസും കേന്ദ്ര അന്വേഷണ സംവിധാനങ്ങളും പറയാറ്. ജലീലിന്റെ കൊലപാതകത്തിനുശേഷവും അതുതന്നെയാണ് സംഭവിച്ചത്.
ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വൈകീട്ട് 7.45ന് സായുധരായ മാവോവാദികള്‍ വന്നു എന്ന വിവരം വൈത്തിരി പൊലീസ് സ്റ്റേഷന്‍ SHO-ക്ക് ലഭിക്കുന്നത് രാത്രി 8.40 നാണ് എന്നാണ് പൊലീസ് തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഒട്ടും വൈകാതെ മാവോവാദികളെ അടിച്ചമര്‍ത്താന്‍ രൂപംകൊടുത്ത പ്രത്യേക സേന തണ്ടര്‍ബോള്‍ട്ടിലെ അഞ്ചു പേരെയും കൂട്ടി SHO സ്ഥലത്തെത്തി. ഈ സമയം മാവോവാദികള്‍ ചെയ്തിരുന്നതിനെക്കുറിച്ച് വളരെ കൗതുകമുണ്ടാക്കുന്ന വിവരണം പൊലീസ് നല്‍കുന്നു.

ഉപവന്‍ റിസോര്‍ട്ടില്‍ എത്തുന്ന മാവോവാദികള്‍ 50000 രൂപ ആവശ്യപ്പെടുന്നു. പണം മാത്രം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായേക്കും എന്നതുകൊണ്ട് പത്തു പേര്‍ക്ക് ഭക്ഷണവും പച്ചക്കറികളും എണ്ണയും അവര്‍ റിസോര്‍ട്ട് ജീവനക്കാരോട് ചോദിക്കുന്നു. അതായത് ഒരു കൈവണ്ടിയെങ്കിലും കൊണ്ടുവന്നിട്ടുണ്ടാകണം മാവോവാദികള്‍. രണ്ടുപേര്‍ക്ക് രണ്ടു കൈകളിലായി കൊണ്ടുപോകാവുന്നതിനൊക്കെ ഒരു കണക്കില്ലേ. എന്തായാലും രസച്ചരട് പൊട്ടിക്കുന്നില്ല, പൊലീസ് കഥ തുടരുന്നു.
ഇനി മാവോവാദികള്‍ വളരെ ബുദ്ധിപൂര്‍വം ഒരു കാര്യം ആവശ്യപ്പെടുന്നു എന്നാണ് പൊലീസിന് നമ്മെ അറിയിക്കാനുള്ളത്. അതായത് അവര്‍ റിസോര്‍ട്ട് നടത്തിപ്പുകാരോട് എല്ലാ വര്‍ഷവും ഒന്നര ലക്ഷം രൂപ തരണമെന്ന് ചട്ടം കെട്ടുന്നു.
തീര്‍ച്ചയായും അത് സംഭവിച്ചിരിക്കാം എന്ന് നമ്മള്‍ വിശ്വസിക്കണം. അതായത് ഇങ്ങനെ തോക്കൊക്കെയായി വന്ന് പത്തുപേര്‍ക്ക് ഭക്ഷണം ആവശ്യപ്പെടുന്ന മാവോവാദികള്‍ എല്ലാ വര്‍ഷവും ഒന്നര ലക്ഷം രൂപ ലഭിക്കാനുള്ള ഏര്‍പ്പാടാണ് ഉണ്ടാക്കുന്നത്. വിപ്ലവസാഹിത്യം വായിക്കുന്നതുകൊണ്ട് പൊലീസുകാര്‍ക്ക് ഇന്ത്യന്‍ വിപ്ലവത്തിന്റെ ദീര്‍ഘകാല തന്ത്രത്തെക്കുറിച്ചുള്ള ബോധ്യം ജനത്തിനില്ലാത്തതുകൊണ്ടാകും നമുക്ക് ഇതിലൊരു പന്തികേട് തോന്നുന്നത്.
എന്നാല്‍ അതുകൊണ്ട് തീരുന്നില്ല കഥ. ഒന്നരലക്ഷം തരാം എന്ന് പറയുന്ന റിസോര്‍ട്ട് മുതലാളി അത് തരാതെ അടുത്ത വര്‍ഷം പറ്റിക്കുമെന്ന് മാവോവാദികള്‍ക്കറിയാം. അപ്പോള്‍ ഉണ്ണി താമസിക്കുന്ന വീടേതാണ് എന്ന് ചോദിക്കാന്‍ വിട്ടുപോയ പൂതത്തെപ്പോലെ ഓരോ കൊല്ലവും കാടിറങ്ങിവരുമ്പോള്‍ ആളുകള്‍ വെറുതെ വെടിപൊട്ടിച്ചു കളിപ്പിക്കും എന്ന ധാരണയുള്ളതുകൊണ്ട് വീണ്ടും മാവോവാദികള്‍ ബുദ്ധി ഉപയോഗിച്ചതായി പൊലീസ് പറയുന്നു. അതായത് വര്‍ഷം തോറുമുള്ള ഒന്നരലക്ഷത്തിന്റെ കപ്പം തരാമെന്നത് ഒരു കടലാസില്‍ എഴുതി ഒപ്പിട്ട് നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടു.
അതോടെ റിസോര്‍ട്ട് മുതലാളി കുടുങ്ങിയില്ലേ. ഇനി വര്‍ഷാവര്‍ഷം കാശ് കൊടുക്കാതിരുന്നാല്‍ മാവോവാദികള്‍ വീണ്ടും വരും, ഈ കടലാസ് കാണിക്കും, തനിക്ക് വാക്കിനു വ്യവസ്ഥയില്ലേ എന്ന് ചോദിക്കും, മുതലാളി ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരും. അതുകൊണ്ടും ശരിയായില്ലെങ്കില്‍ ഈ പരസ്പര ധാരണയുടെ കടലാസുമായി മാവോവാദികള്‍ വയനാട്ടിലെ സബ് കോടതിയില്‍ കേസ് കൊടുക്കും. വൈത്തിരി പൊലീസ് സ്റ്റേഷനില്‍ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കും. ഇതിനൊന്നുമല്ലെങ്കില്‍ ഈ ഒപ്പിട്ട കടലാസില്‍ വലിയ കാര്യമൊന്നുമില്ലല്ലോ.
എന്തായാലും റിസോര്‍ട്ടുകാര്‍ 10,000 രൂപ കൊടുത്തു. വീണ്ടും മാവോവാദികള്‍ ചതിക്കപ്പെടാന്‍ തയ്യാറായിരുന്നില്ല. അടുത്ത തവണ വരുമ്പോള്‍ ബാക്കി തരണമെന്ന് പറഞ്ഞു എന്നുകൂടി പൊലീസ് പറയുന്നു. ഇത്ര സമാധാനപരമായ ഇടപാടാണ് മാവോവാദമെങ്കില്‍ പിന്നെന്തിനു തണ്ടര്‍ബോള്‍ട്ട് എന്നാകും നിങ്ങള്‍ ചിന്തിക്കുക. അവിടെവെച്ചാണ് കാര്യങ്ങള്‍ മാറുന്നത്.
പൊലീസ് സംഘം എത്തുന്നതോടെ മാവോവാദികള്‍ ഓടിപ്പോയി, വെടിവെക്കാന്‍ തുടങ്ങി. അതാണ്, ഓടിയങ്ങോട്ട് പോവുകയല്ല, നിന്ന് വെടിവെക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും വെടി എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്തായാലും നീണ്ടുനിന്ന വെടിവെപ്പിനുശേഷം ഒരു മാവോവാദി ഓടിപ്പോവുകയും മറ്റൊരാള്‍ കമിഴ്ന്ന് കിടക്കുന്നത് കാണുകയും ചെയ്തു. കമിഴ്ന്നു കിടന്നിരുന്ന ആളുടെ അടുത്തൊരു നാടന്‍ തോക്കുണ്ടായിരുന്നു. അയാള്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
പൊലീസിനുമാത്രം വെടിയേല്‍ക്കാത്ത ഏറ്റുമുട്ടല്‍
പക്ഷെ പൊലീസിന്റെ ഈ ആക്ഷന്‍ ത്രില്ലറില്‍ മാവോവാദികളുടെ കരാര്‍ ഒപ്പിടീക്കല്‍ മാത്രമല്ല, പിന്നെയുള്ളതും കല്ലുവെച്ച നുണകളാണ്. പൊലീസും മാവോവാദികളും തമ്മില്‍ നടന്ന വെടിവെപ്പിനൊടുവില്‍ പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും പൊലീസ് ഫോറന്‍സിക് പരിശോധനക്കായി നല്‍കിയ വെടിയുണ്ടകള്‍ മുഴുവന്‍ പൊലീസിന്റെ 7.62mm calibre service rifle-ല്‍ നിന്നുള്ളവയാണ്.
അതായത് ഓടിപ്പോയ മാവോവാദി അയാളുടെ തോക്കില്‍ നിന്ന് വെച്ച എല്ലാ വെടിയുണ്ടകളുടെയും ഒഴിഞ്ഞ ഷെല്ലുകള്‍ പെറുക്കിക്കൊണ്ടുപോയിക്കാണണം. ധര്‍മ്മയുദ്ധമായതുകൊണ്ട് എതിരാളിയുടെ വെടിയുണ്ടകള്‍ എടുത്തുമാറ്റാനുള്ള സാവകാശം പൊലീസ് നല്‍കിയിരിക്കണം. അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല. പോലീസ് പറയുന്നതനുസരിച്ച് വെടിവെപ്പോക്കെ കഴിഞ്ഞ് ഒരു മണിക്കൂറോളം വീണ്ടും കാത്തുനിന്നാണ് മറഞ്ഞുനിന്ന ഇടങ്ങളില്‍ നിന്ന് പൊലീസുകാര്‍ പുറത്തേക്ക് വരുന്നതും ജലീലിന്റെ മൃതദേഹം കാണുന്നതും.
ഇത്രയും നേരം നടന്ന വെടിവെപ്പില്‍ ഒരൊറ്റ പൊലീസുകാരനുപോലും വെടിയേല്‍ക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ല. അതില്‍ അത്ഭുതം വേണ്ട. ഏതാണ്ടെല്ലാ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഈ തിരക്കഥയിലാണ്. അതായത് പരിക്കേല്‍ക്കാന്‍ മാത്രമുള്ള ശമ്പളം കൊടുക്കാത്തതുകൊണ്ടാകും പൊലീസുകാര്‍ അതിനു മുതിരാത്തത്.
ജലീലിന്റെ സമീപത്തുനിന്ന് ഒരു നാടന്‍ തോക്ക് കണ്ടെടുത്തു എന്ന് പറയുന്നു. ഈ തോക്കില്‍ നിന്ന് ഒരു വെടി പോലും പൊട്ടിച്ചിട്ടില്ല എന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയുന്നു. സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ഒഴിഞ്ഞ വെടിയുണ്ടകളില്‍ ഒന്നുപോലും ഇതില്‍ നിന്നുള്ളതല്ല. എല്ലാം പൊലീസുകാരുടെ തോക്കുകളില്‍ നിന്നുള്ളവയാണ്. ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് പൊലീസിന്റെ നുണക്കഥകള്‍ വീണ്ടും പൊളിക്കുന്നുണ്ട്. ജലീലിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്ത Swab -ല്‍ വെടിമരുന്നിന്റെ അംശം കണ്ടെത്താനായിട്ടുമില്ല.
അതായത് ഒരു വെടിപോലും പൊട്ടിക്കാത്ത രണ്ടു പേര്‍ക്കെതിരെയാണ് പൊലീസ് നീണ്ടുനിന്ന 'ഏറ്റുമുട്ടല്‍' നടത്തിയത്. ഈ കഥ ചോദ്യം ചെയ്യുകയും ജലീലിന്റെ കൊലപാതകത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്തുകയും ചെയ്യേണ്ടതുണ്ട്. കേരളത്തില്‍ നടന്ന മറ്റു മാവോവാദി 'ഏറ്റുമുട്ടല്‍' കൊലകളും സമാനമായ കള്ളക്കഥകളാണ്. കൊല്ലപ്പെട്ടവര്‍ മാവോവാദികളാണ് എന്നതും അവര്‍ സായുധരായിരുന്നു എന്നതും അവര്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലൂടെയാണ് എന്ന് തീര്‍പ്പാക്കുന്നില്ല.
മഡ്കം ഹിദ്മേ, ഒരു വ്യാജ ഏറ്റുമുട്ടല്‍ കഥ
നൂറുകണക്കിന് ആദിവാസികളെയാണ് മാവോവാദികള്‍ എന്ന പേരില്‍ സായുധസേനാ കൊന്നൊടുക്കുന്നത്. പിടികൂടുന്ന മാവോവാദികളെ വെടിവെച്ചുകൊല്ലുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വേറെയും. വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലെ ഇരകളായ സ്ത്രീകളില്‍ മിക്കവരും കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവരാണ്. കൊന്നതിനുശേഷം സ്ഥിരം മാവോവാദി യൂണിഫോമും ഒരു തോക്കും വെച്ച് ചിത്രമെടുത്ത് പരസ്യപ്പെടുത്തുന്നതോടെ ആരും ഒരു ചോദ്യവും ചോദിക്കില്ല.
2016 ജൂണ്‍ 13 ന് ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ സുക്മ ജില്ലയില്‍ സായുധ സേന കൊന്ന മഡ്കം ഹിദ്മേ എന്ന 23-കാരി ഇതുപോലൊരു വ്യാജ ഏറ്റുമുട്ടല്‍ കഥയുടെ കൃത്യമായ ഉദാഹരണമാണ്.
അമ്മയുമൊത്ത് വീട്ടിനകത്തിരിക്കുകയായിരുന്ന ഹിദ്മേയെ സുരക്ഷാസേന പെട്ടെന്ന് കടന്നുവന്ന് പിടിച്ചുവലിച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കാണുന്നത് മാവോവാദി യൂണിഫോമില്‍ വെടിയേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന ഹിദ്മേയുടെ മൃതദേഹമാണ്.
വീട്ടിനകത്ത് സാധാരണ വസ്ത്രം ധരിച്ച് ഇരുന്ന ഹിദ്മേയുടെ ശരീരം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കാണുമ്പോള്‍ ചുളിവുകളില്ലാത്ത പുത്തന്‍ മാവോവാദി കുപ്പായമായിരുന്നു. കയ്യിലൊരു തോക്കും വെച്ചുകൊടുത്തതോടെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദിയുടെ ചിത്രം പൊലീസ് നല്‍കി.

എന്നാല്‍ തങ്ങളുടെ മകളെ പോലീസ് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നും പരാതിപ്പെട്ട് ഹിദ്മേയുടെ അമ്മ മഡ്കം ലക്ഷ്മി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരം ഹിദ്മേയുടെ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആദ്യ പോസ്റ്റ്‌മോര്‍ട്ടം മനഃപൂര്‍വം പരാമര്‍ശിക്കാത്തതും തെറ്റായി നിരീക്ഷിച്ചതുമായ പല വസ്തുതകളും രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. ഇടത്തെ കാല്‍പ്പാദത്തിലുണ്ടായിരുന്ന 11x7 cm വലിപ്പത്തിലുള്ള ഒരു വെട്ട് പോലും ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടിട്ടേയില്ല എന്നതായിരുന്നു അവസ്ഥ. ശരീരത്തില്‍ കയറിയ നാല് വെടിയുണ്ടകളുടെ സ്ഥാനം പോലും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്.
ലൈംഗിക പീഡനം തെളിയിക്കാന്‍ വേണ്ട പരിശോധനയോ അതിനു വേണ്ട നിയമപരമായ മാനദണ്ഡങ്ങളോ പാലിക്കാതെ ബലാത്സംഗത്തിന് തെളിവില്ല എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. Vaginal swab, Viscera, Semen എന്നിങ്ങനെ ബലാത്സംഗം തെളിയിക്കാന്‍ വേണ്ട ഒന്നുംതന്നെ ശേഖരിക്കുകയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയോ ചെയ്തില്ല.
സുരക്ഷാസേന ധരിപ്പിച്ച ചുളിവ് വീഴാത്ത ഏറ്റുമുട്ടല്‍ കുപ്പായത്തിലെ വെടിയുണ്ടകള്‍ തുളകളും സ്ഥാനം മൃതദേഹത്തിലെ വെടിയുണ്ടകളുടെ സ്ഥാനവുമായി പൊരുത്തപ്പെട്ടിരുന്നുമില്ല. വൈത്തിരി വ്യാജ ഏറ്റുമുട്ടലില്‍ പൊലീസിന്റെ വെടിയുണ്ടകള്‍ കിട്ടിയെങ്കില്‍ മഡ്കം ഹെദ്മയുടെ കൊലപാതസ്ഥലത്തു നിന്ന് ഒരൊറ്റ വെടിയുണ്ട പോലും ശേഖരിച്ചില്ല. അതും 125 വട്ടം തങ്ങള്‍ വെടിയുതിര്‍ത്തു എന്ന് പൊലീസ് അവകാശപ്പെട്ട ഒരു ഏറ്റുമുട്ടലില്‍! എന്നിട്ടും ഇപ്പോഴും ഇത് സംബന്ധിച്ച ഒരന്വേഷണവും എങ്ങുമെത്തിയിട്ടില്ല. കാട്ടില്‍ നക്‌സല്‍ വേട്ട തുടരുകയാണ്.
മറന്നുകഴിഞ്ഞ മണിപ്പുര്‍
ഇത്തരം എത്രയോ സംഭവങ്ങള്‍ മാവോവാദി വേട്ടയുടെ പേരില്‍ നടക്കുന്നു. നൂറുകണക്കിന് മനുഷ്യരെയാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സായുധ സേനകള്‍ കൊല്ലുന്നത്. ഇത് മാവോവാദി വേട്ടയില്‍ മാത്രമല്ല. 1979-നും 2012-നും ഇടയില്‍ മണിപ്പുരില്‍ 1528 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നു എന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ ദേശീയ സുരക്ഷയുടെ പേരിലായിരുന്നു കേന്ദ്രം അതിനെ എതിര്‍ത്തത്.
വ്യാജ ഏറ്റുമുട്ടലുകള്‍ കൂടിയേതീരൂ ദേശീയസുരക്ഷയ്ക്ക് എന്നും അതിനെ ചോദ്യം ചെയ്യുന്നത് ദേശദ്രോഹമാണെന്നും ഒരു അബോധമായി ഈ സമൂഹത്തില്‍ പടര്‍ത്തുന്നുണ്ട്. എന്തുകൊണ്ടാണ് മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ കുറ്റക്കാരായ സൈനികോദ്യാഗസ്ഥരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാത്തത് എന്ന ചോദ്യം സുപ്രീംകോടതി ഉന്നയിച്ചപ്പോള്‍, അതിന്റെ പേരില്‍ തങ്ങളുടെ മനോവീര്യം നഷ്ടപ്പെട്ടു എന്നും അതുകൊണ്ട് ഈ കേസ് ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂറും യു.യു. ലളിതും അടങ്ങുന്ന ബെഞ്ചില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് 700 ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് കോടതി തള്ളി എന്നത് മറ്റൊരു കാര്യം. നിയമവാഴ്ച എന്നത് ബാധകമല്ലാത്ത വേട്ടക്കാരും ഇരകളുമുള്ള പ്രത്യേക പ്രദേശങ്ങളാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെത് എന്നാണ് അവര്‍ പറയാന്‍ ശ്രമിച്ചത്.
ഹൈദരാബാദില്‍ 2019 ഡിസംബര്‍ 6ന് ഒരു ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു. എന്നാല്‍ ആ കൊലപാതകത്തിന്റെ മറവില്‍ രാജ്യത്തെങ്ങും ഭരണകൂടം വളര്‍ത്തിയെടുത്തത് നീതി എന്നത് നിയമവാഴ്ചയുടെ വിപരീതമാണ് എന്നാണ്. രാജ്യത്ത് ശക്തി പ്രാപിച്ച ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ക്കൂടി വേണം ഇത് കാണാന്‍. ആള്‍ക്കൂട്ടനീതി സാധൂകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയകാലത്തില്‍ പൊലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വളരെ വേഗം പൊതുബോധത്തിലേക്ക് സ്വീകാര്യത നേടും. ഹിംസ എന്നത് ചരിത്രപരമായ ധാര്‍മ്മികതയുടെ ഒരു തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. പൗരുഷം എന്നതിന്റെ സ്വാഭാവികമായ പൊതുപ്രദര്‍ശനമായി ഹിംസ മാറുന്നു. നീതി ഒരു ആള്‍ക്കൂട്ടത്തിന്റെ സങ്കല്‍പമായി രൂപപ്പെടുന്നു.
രാഷ്ട്രീയ പ്രതിഷേധം ഒരു പ്രഹസനം
വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവരെല്ലാം ദളിതരും മുസ്‌ലിംകളും ആദിവാസികളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പുറത്തു നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് എന്നത് യാദൃശ്ചികമല്ല. രാഷ്ട്രീയ പ്രതിഷേധം ഒരു പ്രഹസനം മാത്രമാകുന്നിടത്തോളം മാത്രം നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുള്ള ഒരു വ്യവസ്ഥിതിയില്‍ അതിനപ്പുറം മനുഷ്യനുണരുമ്പോള്‍ ഏറ്റുമുട്ടലുണ്ടാകുന്നു എന്നത് വാസ്തവത്തില്‍ ഈ വ്യവസ്ഥിതിയില്‍ സ്വാഭാവികമാണ്.
ആ ഏറ്റുമുട്ടല്‍ വ്യാജമല്ല. എന്നാല്‍ ആ ഏറ്റുമുട്ടലിലെ ഹിംസയ്ക്ക് ഒരേ മാനദണ്ഡങ്ങളല്ല ഉണ്ടാകേണ്ടത്. പതിനായിരക്കണക്കിന് അര്‍ദ്ധ സൈനികരെ വിന്യസിച്ചുകൊണ്ട് ഇന്ത്യയിലെ വനമേഖലകളിലെ ആദിവാസി പാര്‍പ്പിട പ്രദേശങ്ങളില്‍ നടത്തുന്ന വേട്ടയും അതിനോടുള്ള ചെറുത്തുനില്‍പ്പും ഹിംസയുടെ ഒരേ മാനദണ്ഡങ്ങള്‍ വെച്ചളക്കാന്‍ കഴിയില്ല എന്നതൊരു രാഷ്ട്രീയബോധ്യമാണ്. കോര്‍പ്പറേറ്റുകള്‍ക്കും ഉപരിവര്‍ഗത്തിനും വേണ്ടി നയങ്ങള്‍ നടപ്പാക്കുന്ന മധ്യവര്‍ഗത്തിന് അതിന്റെ ബാക്കിയാകുന്ന അപ്പക്കഷ്ണങ്ങള്‍ എറിഞ്ഞുകൊടുക്കുന്ന ഒരു ഭരണകൂടത്തിന്റെ വിദൂര പരിഗണനകളില്‍പ്പോലും കടന്നുവരാത്ത മനുഷ്യര്‍ക്ക്, ജീവിക്കാനുള്ള അവകാശം കൂടി ഇല്ലാതാകുമ്പോള്‍ അതിനോടുള്ള രാഷ്ട്രീയ പ്രതിഷേധത്തിനുകൂടി കഴിയാതെ വരുമ്പോള്‍ തീര്‍ച്ചയായും ജീവിതത്തിനുള്ള അവകാശത്തിനായി അവര്‍ക്ക് ചേര്‍ന്നുനില്‍ക്കേണ്ടതുണ്ട്.
ആ തെളിവുകള്‍ ഇതാ, നിങ്ങളുടെ മുന്നില്‍
കേരളത്തില്‍ വര്‍ഗീസിന്റെ കൊലപാതകത്തിന് ശേഷം വ്യാജ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് പൗരസമൂഹം ഏതാണ്ട് മറന്നുപോയിരുന്നു. വര്‍ഗീസിന്റെ കൊലപാതകം നടന്ന രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തില്‍ നിന്ന് കേരളം ഏറെ മാറി. എന്നാല്‍ ഭരണകൂടത്തിന്റെ സ്വഭാവം തരിമ്പുപോലും മാറുന്നില്ല എന്ന് അത്രയൊന്നും അത്ഭുതപ്പെടാതെ ജലീല്‍ അടക്കമുള്ള മാവോവാദി കൊലകളിലൂടെ നമുക്ക് മനസിലാകുന്നുണ്ട്.

പക്ഷെ കേരളത്തിലെ പൗരസമൂഹത്തെ അമ്പരപ്പിക്കേണ്ട ഒന്ന്, ഈ ഭരണകൂട ഭീകരതയോടും മനുഷ്യാവകാശ ലംഘനത്തോടും തങ്ങള്‍ പുലര്‍ത്തുന്ന കുറ്റകരമായ നിശബ്ദതയാണ്. യു.എ.പി.എ എന്ന ജനാധിപത്യ വിരുദ്ധ നിയമം ഉപയോഗിച്ച് അലന്‍, താഹ എന്ന രണ്ടു പൗരന്മാരെ മാവോവാദികള്‍ എന്നാരോപിച്ച് പൊലീസ് തടവിലാക്കിയപ്പോള്‍ ആ രണ്ടു പേര്‍ക്കുവേണ്ടി ഉണ്ടായ പ്രതിഷേധത്തിന്റെ നിഴല്‍ക്കാഴ്ച പോലും ഈ വ്യാജ ഏറ്റുമുട്ടല്‍ കൊലകളോടുള്ള പ്രതികരണമായി ഉണ്ടായില്ല.
അലന്‍-താഹ വിഷയത്തിലെ പ്രതിഷേധത്തിന് മധ്യവര്‍ഗ പൗരസമൂഹത്തിന്റെ അസ്തിത്വാശങ്കകള്‍ ഒരു കാരണമായിരുന്നു. തങ്ങളുടെ കൂട്ടത്തിലുള്ള കുട്ടിയെ പിടിച്ചുകൊണ്ടുപോയി എന്നതായിരുന്നു അതിലെ പലരേയും ഞെട്ടിച്ച ഒരു കാര്യം. ആ വിഷയം ഒരു രാഷ്ട്രീയ പ്രതിഷധത്തിന്റെ രൂപത്തിലേക്കെത്തി എന്നത് ആ സമരത്തിന് സംഭവിച്ച ഗുണപരമായ ഒരു കാര്യമാണ്. എന്നാലിവിടെ ജലീലിന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ് എന്ന് തെളിയുമ്പോള്‍, ആ വിഷയമുയര്‍ത്തി പ്രതിഷേധിക്കാന്‍ കേരളത്തിലെ പൗരസമൂഹം കാണിക്കുന്ന സന്ദേഹം ആത്മഹത്യാപരമാണ്.
വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലൂടെ രാഷ്ട്രീയ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിന് കൂട്ടുനില്‍ക്കുന്ന ഒരു സര്‍ക്കാരും അതിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയകക്ഷികളും തങ്ങളെ കമ്യൂണിസ്റ്റുകാര്‍ എന്നാണു വിളിക്കുന്നത് എന്നത് കമ്യൂണിസ്റ്റ് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളിയുടെ ആഴത്തെക്കൂടിയാണ് വെളിപ്പെടുത്തുന്നത്.
സി.പി. ജലീലിന്റെ കൊലപാതകം പൊലീസ് നടത്തിയ ഒരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ്. നിങ്ങളുടെ മുന്നിലാണ് അത് സംഭവിച്ചത്. നിങ്ങള്‍ക്ക് മുന്നിലാണ് അതിന്റെ തെളിവുകള്‍. എന്നിട്ടും നിങ്ങള്‍ നിശ്ശബ്ദരാണെങ്കില്‍, നിങ്ങളെയത് അസ്വസ്ഥരാക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ഭരണകൂട ഭീകരതയുടെ രാപ്പകലുകള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ തീയെരിഞ്ഞ നാളുകള്‍ കാണാന്‍ കഴിയാത്ത കാല്‍പനിക ദുഃഖം ഇനി നിങ്ങള്‍ പറയരുത്. നീതിയുടെ ശവമടക്കിന്റെ ചിത കത്തുന്ന ചൂടിനെക്കുറിച്ച് നിങ്ങള്‍ ആവലാതിപ്പെടരുത്.
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
പ്രമോദ് പുഴങ്കര
May 16, 2022
6 Minutes Read
പ്രമോദ് പുഴങ്കര
Apr 30, 2022
9 Minutes Read
പ്രമോദ് പുഴങ്കര
Apr 16, 2022
9 Minutes Watch
KV Prakash
20 Oct 2020, 08:12 PM
//സി.പി. ജലീലിന്റെ കൊലപാതകം പൊലീസ് നടത്തിയ ഒരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ്. നിങ്ങളുടെ മുന്നിലാണ് അത് സംഭവിച്ചത്. നിങ്ങള്‍ക്ക് മുന്നിലാണ് അതിന്റെ തെളിവുകള്‍. എന്നിട്ടും നിങ്ങള്‍ നിശ്ശബ്ദരാണെങ്കില്‍, നിങ്ങളെയത് അസ്വസ്ഥരാക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ഭരണകൂട ഭീകരതയുടെ രാപ്പകലുകള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ തീയെരിഞ്ഞ നാളുകള്‍ കാണാന്‍ കഴിയാത്ത കാല്‍പനിക ദുഃഖം ഇനി നിങ്ങള്‍ പറയരുത്. നീതിയുടെ ശവമടക്കിന്റെ ചിത കത്തുന്ന ചൂടിനെക്കുറിച്ച് നിങ്ങള്‍ ആവലാതിപ്പെടരുത്.// അസ്വസ്ഥമാണ് മനസ്സ്. ഒരു പക്ഷേ, പ്രഹസനമെന്ന് മാത്രം പറയാവുന്ന ഒരു പൊതു ജന പ്രതിഷേധ യോഗത്തിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു. തോക്കിൻ കുഴലിലൂടെയാണോ വിപ്ലവം? എന്ന് പരിഹസിക്കുന്നവർ, തോക്കിൻ കുഴലിലൂടെ ഇവിടെ നിയമവാഴ്ച നടപ്പാക്കാം എന്ന് വ്യാമോഹിക്കരുതെന്ന് തിങ്ങി നിറഞ്ഞ് നിൽക്കുന്ന പൊലീസ് കാരെ സാക്ഷി നിർത്തി ഭരണകൂടത്തെ താക്കീത് ചെയ്തു. ഇന്ത്യൻ മാവോവാദി രാഷ്ട്രീയത്തിനെതിരെ ഇന്ത്യയിലേറ്റവുമധികം ലേഖനങ്ങളെഴുതിയും, പ്രസംഗിച്ചും, വിമർശനമുന്നയിച്ച് കൊണ്ട്, കമ്യൂണിസ്റ്റ് ശക്തികളുടെ ഐക്യത്തിന് വേണ്ടി പ്രയത്നിക്കുന്ന CPl(ML)Redstar ൻ്റെ വയനാട്ടിലെ ഒരു പ്രതിനിധി എന്ന നിലയിൽ ആണ് ആ പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചത്. ഭരണകൂടത്തിൻ്റെ അതിക്രൂരമായ men/machinery management ൻ്റെ മുമ്പിൽ ഈയാം പാറ്റകളെ പോലെ ഒരു പിടി ചാരമായി പോകുന്ന ഒരു ചെറു കൂട്ടം സഖാക്കൾ പക്ഷെ പിന്നോട്ട് വലിക്കുന്നത് ഒരു ജനകീയ ഉയിർത്തെഴുന്നേൽപ്പിൻ്റെ സാദ്ധ്യതകളാണ് എന്ന് തന്നെ പറയേണ്ടി വരുന്നു......