truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 26 January 2021

truecoppy
Truecopy Logo
Readers are Thinkers

Tuesday, 26 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Surrogacy bill
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Women Life
Youtube
ജനകഥ
Media

Media Criticism

സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ച്
സംസാരിക്കാത്ത മാധ്യമങ്ങള്‍
മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുമ്പോള്‍

സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ച്  സംസാരിക്കാത്ത മാധ്യമങ്ങള്‍  മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി  വാദിക്കുമ്പോള്‍

ഭരണകൂടം പൗരാവകാശങ്ങളെയും പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിനു മാത്രമായി നിലനില്‍പ്പുണ്ടാകില്ല. അത്തരം സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ച് സംസാരിക്കാത്ത മാധ്യമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവയുമല്ല. ഈ പശ്ചാത്തലത്തില്‍ക്കൂടി വേണം കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാണാന്‍

15 Aug 2020, 12:18 PM

പ്രമോദ് പുഴങ്കര

മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട് എന്നത് ആര്‍ക്ക് മനസിലായില്ലെങ്കിലും മാധ്യമങ്ങള്‍ക്കും അതിന്റെ ഉപഭോക്താക്കള്‍ക്കും മനസിലാകേണ്ടതുണ്ട്. മാധ്യമ സ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ അവശ്യഘടകമാകുമ്പോള്‍ സ്വതന്ത്ര മാധ്യമം
ഒരു രാഷ്ട്രീയ സംജ്ഞയാണ്. അതാകട്ടെ ഏതാണ്ടൊരു മരീചികയുമാണ്. എന്തുകൊണ്ടാണ് മാധ്യമങ്ങളുടെ ഉള്ളടക്കത്തേയും  സ്വഭാവത്തെയും പരിഗണിക്കാതെ തന്നെ മാധ്യമ സ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പിനാവശ്യമായ അവിഭാജ്യ ഘടകമാകുന്നത്? കാരണം, അത് പൗരസ്വാതന്ത്ര്യത്തിന്റെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒരു അനുബന്ധമാണ് എന്നതുകൊണ്ടാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭയരഹിതമായ കാലാവസ്ഥയില്‍ നടത്താവുന്ന ഒരു രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഒരു ഏച്ചുകെട്ടല്ല. ഭരണകൂടം പൗരാവകാശങ്ങളെയും പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിനു മാത്രമായി നിലനില്‍പ്പുണ്ടാകില്ല. അത്തരം സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ച് സംസാരിക്കാത്ത മാധ്യമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവയുമല്ല. ഇന്ത്യ ഇത്തരത്തിലൊരു വ്യാജ മാധ്യമ സ്വാതന്ത്ര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

ഉടമസ്ഥതയുടെ വര്‍ഗതാല്‍പര്യം

വാര്‍ത്താമാധ്യമം എന്നത് സമൂഹത്തിലെ സകല വര്‍ഗ, വംശ, ലിംഗ ഭേദങ്ങളുടെയും രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുടെയും എല്ലാ സ്വഭാവവിശേഷങ്ങളും പേറുന്ന മറ്റൊരു സാമൂഹ്യസ്ഥാപനം മാത്രമാണ്. അതുകൊണ്ടുതന്നെ ഉടമസ്ഥതയുടെ/വര്‍ഗ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അതിന്റെ താല്‍പര്യം മാറിക്കൊണ്ടിരിക്കും. അപ്പോള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നത് ഏതു താല്‍പര്യത്തിനുവേണ്ടി എന്നതിനുള്ളിലെ സ്വാതന്ത്ര്യമാണ് എന്ന് വരുന്നു. അവിടെ വ്യക്തിപരമായ നിലപാടുകള്‍ പോലും അപ്രസക്തമാണ്. അതായത് നിങ്ങള്‍ എങ്ങനെയൊക്കെ കളിച്ചാലും വോളിബോള്‍ കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് കാലുകൊണ്ട് പന്തടിക്കാന്‍ കഴിയില്ല എന്ന പോലെ സ്വാതന്ത്ര്യം ഒരു കളത്തിനുള്ളില്‍ മാത്രമുള്ള, കൃത്യമായ പരിമിതികളുള്ള കളിയായി മാറുന്നു. അതല്ലാത്ത ഒരു വിശുദ്ധ സ്വത്വം തങ്ങള്‍ക്കുണ്ട് എന്ന് മാധ്യമങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നത് വാസ്തവത്തില്‍ ഈ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയിലെ തങ്ങളുടെ താല്‍പര്യങ്ങളെ മറച്ചുവെക്കാന്‍ വേണ്ടിയാണ്. ഈയൊരു സങ്കല്‍പ്പനത്തില്‍ നിന്നുകൊണ്ടുമാത്രമേ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മാധ്യമ രാഷ്ട്രീയ വിമര്‍ശനത്തെ സമീപിക്കാനാകൂ.

ബൂര്‍ഷ്വാ ഉദാര ജനാധിപത്യത്തിനുള്ളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തനം ഈ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള ഒന്നാണ്. മൂലധനത്തിന്റെ, മുതലാളിത്ത വ്യവസ്ഥിതിയെ താങ്ങിനിര്‍ത്തുന്ന സാമൂഹ്യ ശ്രേണീബന്ധങ്ങളെ, പ്രബലമായ പുരുഷാധിപത്യ സാമൂഹ്യഘടനയെ ഒന്നുംതന്നെ ഈ മാധ്യമപ്രവര്‍ത്തനം ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അതിനുള്ളിലെ ജനാധിപത്യ സംവാദങ്ങള്‍, ഭരണനിര്‍വ്വഹണത്തിലെ കുഴപ്പങ്ങള്‍ എന്നിവക്കെല്ലാമായി മാധ്യമങ്ങള്‍ നിലപാടെടുക്കാറുണ്ട്. അതായത് ബൂര്‍ഷ്വാസിക്കുള്ളില്‍ തങ്ങള്‍ക്കിടയിലുള്ള ജനാധിപത്യം, കേവല ധാര്‍മ്മികത, രാഷ്ട്രീയ സ്ഥാപനങ്ങള്‍

എന്നിവയെക്കുറിച്ചെല്ലാം മാധ്യമങ്ങള്‍ സംവാദങ്ങളിലേര്‍പ്പെടുകയും, പലപ്പോഴും വളരെ ശക്തമായ നിലപാടുകളെടുക്കുകയും ചെയ്യും. വാട്ടര്‍ഗേറ്റ് അഴിമതി പുറത്തുകൊണ്ടുവരുന്ന പത്രത്തിനും അഴിമതി നടത്തിയ അമേരിക്കന്‍ ഭരണകൂടത്തിനും ഒരേ വര്‍ഗതാല്‍പര്യം സാധ്യമാണ്.
ഭരണകൂടം തീവ്രവലതുപക്ഷത്തിന്റെ കയ്യിലാവുന്നതോടെ ഇക്കാര്യത്തിലുള്ള വൈരുധ്യം രൂക്ഷമാകും. ബൂര്‍ഷ്വാസിക്കുള്ളില്‍ത്തന്നെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങളില്‍ കാലങ്ങളായുള്ള സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഭിന്നവാദങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും രൂക്ഷമാവുകയും ചെയ്യും. അത് മൂലധനത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച കാഴ്ച്ചപ്പാടുകളുടെ  തര്‍ക്കം കൂടിയാണ്.

അടിയന്തരാവസ്ഥയില്‍ വെട്ടുകിളി മുഖപ്രസംഗം

ലോകത്താകെയും ഏതാണ്ടെല്ലാ മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളും വന്‍കിട കോര്‍പ്പറേറ്റുകളുടെ മൂലധന താല്‍പര്യത്തെ പിന്തുടരുന്നവയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോള്‍ ലോകത്താകെ കരുത്താര്‍ജ്ജിച്ച തീവ്ര വലതുപക്ഷ രാഷ്ട്രീയവും വലതുപക്ഷ ഭരണകൂടങ്ങളും മാധ്യമങ്ങളും ഭരണകൂടവുമായുള്ള വൈരുദ്ധ്യങ്ങളെ രൂക്ഷമാക്കി. ഇതിന്റെ അടിസ്ഥാനകാരണം ബൂര്‍ഷ്വാ ഉദാര ജനാധിപത്യ സങ്കല്‍പങ്ങളും തീവ്ര വലതുപക്ഷത്തിന്റെ ഫാസിസ്റ്റ് ഭരണകൂടങ്ങളും തമ്മിലുള്ള ചില വൈരുധ്യങ്ങള്‍ തന്നെയാണ്. ഇത് പ്രധാനമായും ഭരണകൂടത്തിന്റെ ഇടപെടലും അധികാരത്തെയും വ്യക്തികളുടെയും വിപണികളുടെയും സ്വതന്ത്ര വ്യവഹാരത്തില്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തെയും കുറിച്ചാണ്. മഹാഭൂരിപക്ഷം ജനങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക അധികാരത്തെയും നീതിയെയും കുറിച്ച് ഈ വൈരുദ്ധ്യത്തിനുള്ളില്‍ ആശങ്കയൊന്നും ഉണ്ടാകില്ല. പക്ഷെ ഈ വൈരുദ്ധ്യത്തെ വിശാലമായ ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന് മാത്രമല്ല, ഇത്തരത്തിലുള്ള ഒരു ജനാധിപത്യ അടിത്തറ നഷ്ടപ്പെടുന്നത് ഒരു ജനതയെ സംബന്ധിച്ച് ആത്മഹത്യാപരം കൂടിയാണ്.

എന്നാല്‍, ജനാധിപത്യ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിമിതമായ അവകാശങ്ങള്‍ പോലും ഇല്ലാതാക്കുക എന്നതാണ് തീവ്ര വലതുപക്ഷ ഭരണകൂടങ്ങളുടെ അജണ്ട. നുണപ്രചാരണങ്ങളിലും വെറുപ്പിലും അപര വിദ്വേഷത്തിലും യുദ്ധവെറിയിലുമൊക്കെ അടിത്തറകെട്ടിയ ഫാസിസ്റ്റ് രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ക്ക് സമ്പൂര്‍ണമായ വിധേയത്വത്തമല്ലാത്ത ഒന്നിനെയും അംഗീകരിക്കാനാകില്ല. സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ മാധ്യമവിരോധത്തിന്റെ പ്രധാന കാരണമിതാണ്. അതുകൊണ്ടാണ് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപും ബ്രസീലില്‍ ബോള്‍സൊനാരോയും

തുര്‍ക്കിയില്‍ എര്‍ദോഗാനും ഇന്ത്യയില്‍ നരേന്ദ്ര മോദിയുമെല്ലാം മാധ്യമങ്ങളെ ഒരേ തരത്തില്‍ കൈകാര്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്.
‘വ്യാജ വാര്‍ത്ത' കളാണ് എല്ലാ മാധ്യമങ്ങളും നല്‍കുന്നതെന്നാണ് ട്രംപ് എക്കാലത്തും ആരോപിച്ചുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് മോദിയും ബോള്‍സോനരോയും ആവര്‍ത്തിക്കുന്നത്. ഇത് മാധ്യമങ്ങളുടെ വര്‍ഗ്ഗസ്വഭാവം നോക്കിയുള്ള വിശകലന പ്രശ്‌നമല്ല. ഇത് ജനാധിപത്യ സമ്പ്രദായത്തില്‍ ഭരണകൂടത്തില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാവുന്ന  തരത്തിലുള്ള ഒരു സാമൂഹ്യസ്ഥാപനം എന്ന മാധ്യമ സാധ്യതയോടുള്ള സമഗ്രാധിപത്യ ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണ്. ഇതിനാദ്യം ചെയ്യുന്നത് മാധ്യമങ്ങളെ De -legitimize (അപസാധൂകരണം) ചെയ്യുകയാണ്. ഇവര്‍ നുണയന്മാരാണെന്നും ജനങ്ങളുമായി ഞങ്ങള്‍ നേരിട്ട് സംവദിച്ചോളാം എന്നുമാണ്. ഇതില്‍ ചില പ്രത്യേക മാധ്യമങ്ങള്‍ എന്നില്ല മാധ്യമങ്ങള്‍ എന്ന സാമൂഹ്യസ്ഥാപനത്തെത്തന്നെ തീവ്രവലതുപക്ഷം ഈ തന്ത്രത്തില്‍ തള്ളിക്കളയുന്നു. ഇതല്ലാതെ മറ്റൊരു മാര്‍ഗം മാധ്യമങ്ങളെ തങ്ങളുടെ പ്രചാരണയന്ത്രത്തിന്റെ അനുബന്ധ ഉച്ചഭാഷിണികളാക്കുക എന്നതാണ്. ബൂര്‍ഷ്വാ ഉദാര ജനാധിപത്യത്തിന്റെ വികാസം കുറഞ്ഞ രാജ്യങ്ങളില്‍ ഇതാണ് മിക്കപ്പോഴും അനുവര്‍ത്തിക്കുന്ന രീതി. തങ്ങളെ അനുസരിക്കുന്നവരെ, തങ്ങള്‍ക്ക് വിധേയരാകുന്നവരെ നിലനില്‍ക്കാന്‍ അനുവദിക്കുകയും അല്ലാത്തവരെ അടിച്ചമര്‍ത്തുകയും ചെയ്യുക. തുര്‍ക്കിയിലും ഇന്ത്യയിലുമൊക്കെ ഇതാണ് നടക്കുന്നത്.
ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അച്ചടി, ദൃശ്യ മാധ്യമങ്ങളെല്ലാം തന്നെ സര്‍ക്കാരിനെയോ സംഘപരിവാറിനെയോ വിമര്‍ശിക്കുന്നത് തീര്‍ത്തും ഒഴിവാക്കി എന്നുതന്നെ പറയാം. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, രാഷ്ട്രീയ പൗരാവകാശ പ്രവര്‍ത്തകരെ അര്‍ബന്‍ നക്‌സല്‍ എന്ന് വിളിച്ച്​ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍, അതിദേശീയതയുടെ വ്യാജപ്രചാരണങ്ങള്‍ എന്നിവയെല്ലാം ഭൂരിപക്ഷം മാധ്യമങ്ങളിലും എതിര്‍ക്കപ്പെട്ടില്ല എന്ന് മാത്രമല്ല ഇത്തരം പ്രചാരണങ്ങളുടെ സജീവ നടത്തിപ്പുകാരായി മാറി ദേശീയ മാധ്യമങ്ങള്‍ മിക്കതും.
ഇതിന് സ്വാഭാവികമായും മോദിക്കും സംഘപരിവാറിനും മാതൃകയാക്കാനുണ്ടായിരുന്നത് നാസി ജര്‍മ്മനിയായിരുന്നു.

 Adolf_Hitler_colorized.jpg
ഹിറ്റ്​ലർ

ജര്‍മ്മനിയില്‍ 1933-ല്‍ ഹിറ്റ്​ലർ അധികാരത്തില്‍ വരുമ്പോള്‍ 2483 വര്‍ത്തമാനപ്പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് ഉണ്ടായിരുന്നത്. ഏതാണ്ട് 65 ദശലക്ഷം വരുന്ന ജനസംഖ്യ വെച്ചുനോക്കിയാല്‍ അക്കാലത്ത് അതൊട്ടും മോശവുമല്ലായിരുന്നു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷം കൊണ്ട് ഏതാണ്ടെല്ലാ പത്രങ്ങളും ദേശസ്‌നേഹത്തിന്റെ അച്ചടക്കം എന്താണെന്ന് സ്വയം പഠിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഏറെ താലോലിക്കപ്പെടുന്ന self -cenosring എന്ന ആശയം ജര്‍മ്മനിയില്‍ ഒരു മന്ത്രം പോലെ സ്വീകരിക്കപ്പെട്ടു. 1938 നവംബര്‍ 9, 10 തിയ്യതികളിലായി ജൂതന്മാര്‍ക്കെതിരെയുള്ള ആദ്യത്തെ വലിയ വംശീയ ആക്രമണങ്ങളിലൊന്ന് നടന്നു. ജര്‍മ്മനിയിലെമ്പാടും ജൂതന്മാരുടെ വ്യാപാര സ്ഥാപങ്ങളും മറ്റും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ‘തകര്‍ന്ന ചില്ലുകളുടെ രാത്രി' (Kristallnacht) എന്നറിയപ്പെട്ട ഈ സംഭവത്തെ പൂര്‍ണമായും തമസ്‌കരിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ ജര്‍മ്മനിയിലെ മിക്ക പത്രങ്ങളും ഇറങ്ങിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ വെട്ടുകിളി ശല്യത്തെക്കുറിച്ച് മുഖപ്രസംഗമെഴുതിയ മലയാള പത്രത്തിനുള്ള പ്രചോദനം എവിടെനിന്നാണ് എന്നൂഹിക്കാം.

ഇവരില്‍നിന്നുതന്നെ പഠിക്കണം, സ്വതന്ത്രമാധ്യമപ്രവര്‍ത്തനം

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ അഞ്ചു വര്‍ഷങ്ങളില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും ഈ അച്ചടക്കം പഠിച്ചു. ഇത് കേവലം സര്‍ക്കാര്‍ വിധേയത്വം മാത്രമായിരുന്നില്ല. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ആശയപരമായ ചേര്‍ച്ച കൂടിയായി മാറി. വാര്‍ത്തകള്‍, വാര്‍ത്താ വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നൊക്കെയുള്ള പതിവ് രീതികളില്‍ നിന്നും സംഘപരിവാറിന്റെയും ഭരണകൂടത്തിന്റെയും അജണ്ടകള്‍ ആദ്യം തന്നെ നേരിട്ടവതരിപ്പിക്കുന്ന മാധ്യമങ്ങളായി മിക്ക വാര്‍ത്താ ചാനലുകളും പത്രങ്ങളും. ബി.ജെ.പി എം.പിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്ന ഉടമയും അര്‍ണബ് ഗോസ്വാമി എന്ന ഫാസിസ്റ്റ് നടത്തിപ്പുകാരനുമുള്ള റിപ്പബ്ലിക് ടി.വി, മോദിയുടെ ഇന്ത്യയുടെ കൃത്യമായ അടയാളപ്പെടുത്തലാണ്. Urban Naxal എന്ന അജണ്ട അവതരിപ്പിക്കുന്നത് പോലും ഈ മാധ്യമങ്ങള്‍ വഴിയായിരുന്നു.
ഇതൊന്നും സംഘപരിവാറിന്റെ പണം കൊണ്ടുണ്ടാക്കിയ

പ്രചാരണയന്ത്രങ്ങളായിരുന്നില്ല. ഇവയെല്ലാം ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള വാര്‍ത്താ മാധ്യമങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലാണ് വലിയൊരു വിഭാഗം വാര്‍ത്താ മാധ്യമങ്ങള്‍. മുകേഷ് അംബാനിക്ക് നേരിട്ട് നിയന്ത്രണമുള്ള Network -18 നു കീഴില്‍ 16 വാര്‍ത്താ ചാനലുകളും 21 വിനോദ ചാനലുകളുമുണ്ട്. വാര്‍ത്താ വെബ്‌സൈറ്റുകള്‍ അടക്കമുള്ളവ വേറെ. ഇതുകൂടാതെ NDTV, News Nation , IndiaTV , News 24 എന്നിവയിലും അംബാനിക്ക് പരോക്ഷ പങ്കാളിത്തമുണ്ട്. 

arnab-goswami.jpg
അര്‍ണബ് ഗോസ്വാമി

ബി.ജെ.പി അനുഭാവിയും Essel Group മേധാവിയുമായ സുഭാഷ് ചന്ദ്രയാണ് Zee Group -നെ നിയന്ത്രിക്കുന്നത്. ഇവരുടെ നിയന്ത്രണത്തില്‍ 14 വാര്‍ത്താ ചാനലുകളും DNA എന്ന പത്രവുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പുകളില്‍ ഒന്നായ Times Group മോദി സര്‍ക്കാരിന്റെ ഏറ്റവും വിശ്വസ്ത സ്ഥാപനമായി മാറിയിരിക്കുന്നു. സങ്കുചിത ദേശീയതയും ന്യൂനപക്ഷ ഭീതിയും ഇടതുപക്ഷ വിരുദ്ധതയുമൊക്കെ പരത്തുന്നതില്‍ അവര്‍ക്ക് മുന്നിലുള്ളത് റിപ്പബ്‌ളിക് ടി.വി മാത്രമാണ്. മൂന്ന് വാര്‍ത്താ ചാനലുകളും 15 പത്രങ്ങളുമാണ് അവര്‍ക്കുള്ളത്.ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെയും അരുണ്‍ പുരിയുടെയും ഉടമസ്ഥതയിലാണ് TV Today. ആജ് തക്, ഇന്ത്യ ടുഡേ എന്നിവയടക്കം നാല് വാര്‍ത്താ ചാനലുകളാണുള്ളത്. താരതമ്യേന മതേതര നിലപാടുകള്‍ എടുക്കാന്‍ ശ്രമിക്കുന്ന NDTVയും പ്രണോയ്, രാധിക റോയിമാർ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ള അഭയ് ഒസ്വാള്‍ എന്ന വ്യവസായിയുടെ കൂടി പങ്കാളിത്തത്തിലാണ്.

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലയായ Sun Group നിരവധി വ്യവസായ താല്‍പര്യങ്ങളുള്ള മാരന്‍ കുടുംബത്തിന്റെയാണ്. 32 ചാനലുകളാണ് അവര്‍ക്കുള്ളത്. മൂന്നു പത്രങ്ങളും നടത്തുന്നു. News24 ഉടമ അനുരാധ പ്രസാദ് കോണ്‍ഗ്രസ് രാജ്യസഭാ എം.പിയും വ്യവസായിയുമായ രാജീവ് ശുക്ലയുടെ ഭാര്യയും ബി. ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്റെ സഹോദരിയുമാണ്. India TV എന്ന മോദി ഭക്ത ചാനല്‍ ഉടമ രജത് ശര്‍മ്മ എ.ബി.വി.പി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ്. റൂപര്‍ട് മര്‍ഡോക്കിന്റെ Star TV-ക്ക് 42 ചാനലുകളാണുള്ളത്. ഹിന്ദുത്വ ഫാസിസത്തിന്റെ സ്വന്തം ചാനല്‍ റിപ്പബ്ലിക് ടി.വിയുടെ ഉടമസ്ഥന്‍ Asianet ഉടമ കൂടിയായ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറാണ്. 

rajeev-chandrashekar
രാജീവ് ചന്ദ്രശേഖര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കച്ചയും മെഴുക്കുമായി ഇറങ്ങിയിട്ടുള്ള മാധ്യമങ്ങളാണ് ഇവയൊക്കെ. ഈ ചാനലുകളാണ് നാം കാണുന്നത്, ഇവ നിശ്ചയിക്കുന്ന അജണ്ടകളാണ് നാം പിന്‍പറ്റുന്നത്. എന്നിട്ടും അംബാനിയുടെയും ബിര്‍ളയുടെയും മറ്റു കോര്‍പ്പറേറ്റ് ഭീമന്മാരുടെയുമൊക്കെ മാധ്യമങ്ങള്‍ ജനങ്ങളോട് പറയുന്നത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നത് എന്നാണ്. ഉദാര ജനാധിപത്യ വ്യവസ്ഥയിലെ താരതമ്യേന മതേതരവും ആധുനികവുമായ മൂല്യങ്ങള്‍ വെച്ചുകൊണ്ട് നടത്തുന്ന മാധ്യമ പ്രവര്‍ത്തനം പോലും ഇന്ത്യയില്‍ പഴങ്കഥയായി മാറിയിരിക്കുന്നു. കോര്‍പ്പറേറ്റുകളും സംഘപരിവാറുമാണ് വാര്‍ത്തകള്‍ നിശ്ചയിക്കുന്നത്, അതുണ്ടാക്കുന്നത്, മുന്‍ഗണനാ ക്രമങ്ങള്‍ തീരുമാനിക്കുന്നത്. അത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനത്തിനെ തികഞ്ഞ രാഷ്ട്രീയഅജണ്ടയുള്ള ഒന്നായല്ലാതെ എങ്ങനെയാണ് കാണേണ്ടത്?
ആനന്ദ് ബസാര്‍ പത്രികയും മലയാള മനോരമയും ദൈനിക് ഭാസ്‌കറും പോലുള്ള പത്രങ്ങള്‍ പോലും മാധ്യമപ്രവര്‍ത്തനം കൊണ്ടുമാത്രം

നിലനില്‍ക്കുന്നവയല്ല. നാനാവിധമായ വ്യാപാര താല്‍പര്യങ്ങളാണ് അവയെ നയിക്കുന്നത്. ദൈനിക് ഭാസ്‌കറിന്റെ ഉദാഹരണം നോക്കാം. ഭോപ്പാലില്‍ നിന്നും ഒരൊറ്റ പതിപ്പുള്ള ഒരു ഹിന്ദി പത്രമായി തുടങ്ങിയ ദൈനിക് ഭാസ്‌കറിന് ഇപ്പോള്‍ 5000 കോടി രൂപയിലേറെ വിപണി മൂലധനമുണ്ട്. 7 പത്രങ്ങളും നിരവധി റേഡിയോ സ്റ്റേഷനുകളും മാത്രമല്ല വസ്ത്ര വ്യാപാരം, എണ്ണവ്യവസായം, ഹോട്ടലുകള്‍, ഭൂമികച്ചവടം, നിര്‍മ്മാണം അങ്ങനെയങ്ങനെ നാനാമേഖലകളിലായി വ്യാപിച്ചുകിടക്കുന്ന നിരവധി താത്പര്യങ്ങള്‍. ഇതിനെയൊക്കെ കുഴപ്പത്തിലാക്കിക്കൊണ്ടുള്ള മാധ്യമപ്രവര്‍ത്തന പ്രതിബദ്ധതയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും ഇവരില്‍ നിന്നും ജനം പ്രതീക്ഷിക്കണം എന്നാണ് മാധ്യമ മുതലാളിമാരുടെ ആവശ്യം.

ഭൂമിപൂജയുടെ ആനന്ദനിര്‍വൃതി

ഒന്നും രണ്ടും മോദി സര്‍ക്കാരുകളുടെ ഇതുവരെയുള്ള കാലത്തൊന്നുംതന്നെ സര്‍ക്കാരിന്റെ ഒരു നയത്തെയും സാങ്കേതികമായിപ്പോലും ഖണ്ഡനം ചെയ്യാന്‍ ദേശീയ മാധ്യമങ്ങള്‍ തയ്യാറായില്ല. നോട്ടു നിരോധനം ഇതിന്റെ ഉദാഹരണമാണ്. ഒരു തവണ പോലും ആ തീരുമാനം എങ്ങനെയാണ് കേവലമായ തട്ടിപ്പ് മാത്രമാണ് എന്ന് കാണിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചില്ല. പകരം മോദിയുടെ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയാണ് അതിനെ അവതരിപ്പിച്ചത്. ബാല്‍കോട്ട് ആക്രമണം, പുല്‍വാമ സ്‌ഫോടനം, റഫേല്‍ ആയുധ ഇടപാട് എന്നിവയിലെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പത്രക്കുറിപ്പുകള്‍ പൊലിപ്പിച്ചു വായിക്കുക മാത്രമായിരുന്നു മിക്ക മാധ്യമങ്ങളും ചെയ്തിരുന്നത്. കോവിഡ് കാലത്ത് പതിനായിരക്കണക്കിന് മനുഷ്യരെ നൂറുകണക്കിന് കിലോമീറ്റര്‍ തെരുവുകളിലൂടെ നടത്തിച്ച ലോക്ക്ഡൗണ്‍ പ്രഖ്യാപനവും സമാനമായ രീതിയില്‍ ചോദ്യം ചെയ്യപ്പെടാതെ പോയി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന സമയത്ത് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണവും അതിന്റെ ശേഷം നടന്ന തീര്‍ത്തും നിയമവിരുദ്ധമായ നടപടികളുമെല്ലാം എത്ര സൗമ്യമായാണ് വാര്‍ത്താമുറികളില്‍ ഒതുക്കപ്പെട്ടതെന്ന് പരസ്യമായ കാര്യമാണ്. 

വഴങ്ങാത്തവരെ അടിച്ചമര്‍ത്തിയും ബാക്കിയുള്ളവരെ സ്തുതിപാഠകരാക്കിയും മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നടത്തുന്ന മാധ്യമ സര്‍ക്കസ് മറ്റ് പലതുംപോലെ  ‘സ്വാഭാവികമാണ്' എന്ന് നമുക്ക് തോന്നുന്നത്ര സ്വാഭാവികമായിരിക്കുന്നു ഇപ്പോള്‍. മലയാള മാധ്യമങ്ങളും ഈ ദേശീയധാരയില്‍ നിന്ന് ഒട്ടും മുക്തരല്ല. കേന്ദ്ര സര്‍ക്കാരിനെയോ നരേന്ദ്ര മോദിയെയോ രാഷ്ട്രീയമായി എതിര്‍ക്കുന്ന നിലപാടുകളില്ല എന്ന് മാത്രമല്ല, ‘മോദി ഭാരതം' പോലുള്ള തലക്കെട്ടുകളില്‍ ആത്മരതി കണ്ടെത്തുന്ന ഒരു വിഭാഗമായി അവര്‍ മാറി. ബാബരി മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമിപൂജ നടത്തിയപ്പോള്‍ അതിനു തൊട്ടു പിറ്റേ ദിവസം വന്ന മാതൃഭൂമിയും മലയാള മനോരമയും എത്ര ആനന്ദനിര്‍വൃതിയിലാണ് ആ വാര്‍ത്ത നല്‍കിയത് എന്നത് ഈ സ്വാഭാവികതയോടെ തെളിവാണ്.
ഇത്തരത്തില്‍ ഏതാണ്ട് പൂര്‍ണമായും കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള, സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന, ഭരണകൂടത്തിന്റെ അനുബന്ധ സ്ഥാപനങ്ങളായി മാറിയ മാധ്യമങ്ങളുള്ള ഒരു ദേശീയ സാഹചര്യം ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ഉള്ളില്‍ നിന്നും കാര്‍ന്നുതിന്നുകൊണ്ട് ഇല്ലാതാക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ ശ്രമത്തെ ഏതാണ്ട് പൂര്‍ണതയിലേക്ക് എത്തിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് തേങ്ങാ മോഷണം

ഈ പശ്ചാത്തലത്തില്‍ക്കൂടി വേണം കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാണാന്‍. ഒപ്പം തന്നെ നവ സാമൂഹ്യ മാധ്യമങ്ങളുമായി സാമൂഹ്യ-രാഷ്ട്രീയ സംവാദങ്ങള്‍ പരസ്പര സ്വാധീനം ചെലുത്തുന്ന ഒരു സാമൂഹ്യ പശ്ചാത്തലം കൂടി കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെത്തുമ്പോള്‍ മലയാള മാധ്യമങ്ങളുടെ വര്‍ഗപരമായ നിലപാടുകളിലും രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിലും വലിയ വന്നിട്ടില്ല എന്നും കാണാം. ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടു മുമ്പുണ്ടായിരുന്ന അതേ രാഷ്ട്രീയ

നിലപാടുകളാണ് ഇപ്പോഴും മലയാള മാധ്യമങ്ങള്‍ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ മലയാളമാധ്യമങ്ങളേയും അവയുടെ നിലപാടുകളേയും അതിന്റെ ചരിത്രപരതയില്‍ നിന്നും വേറിട്ടു കാണുന്നത് ശരിയായ വിശകലനമോ രാഷ്ട്രീയമോ ആകില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ജന്മിത്തത്തിനും രാജഭരണത്തിനും ബ്രിട്ടീഷ് കൊളോണിയലിസത്തിനും എതിരായ പ്രക്ഷോഭങ്ങള്‍ ഏറ്റവും ശക്തമായി സംഘടിപ്പിച്ച ആദ്യ പതിറ്റാണ്ടായിരുന്നു 1940-കള്‍. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന്​കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറിയതോടെ കര്‍ഷക സമരങ്ങളുടെ തരംഗമാലകളായിരുന്നു കേരളത്തില്‍ ഉയര്‍ന്നത്. എന്നാല്‍ സ്വാഭാവികമായും ഭൂവുടമ ബന്ധങ്ങളില്‍ പിന്തിരിപ്പന്‍ നിലപാട് സ്വീകരിച്ചിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും അതിന്റെ ചുവട് പിടിച്ചിരുന്ന ഉപരിവര്‍ഗവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ആശങ്കകളോടെയാണ് നോക്കിക്കണ്ടത്. ആഗോളതലത്തില്‍ കമ്മ്യൂണിസത്തിനെതിരെ കുരിശുയുദ്ധം നടത്തുന്ന ​ക്രിസ്​ത്യൻ സഭയും തുടക്കം മുതലേ കമ്മ്യൂണിസമെന്ന ‘അപകടത്തെ' എതിര്‍ത്തു.cpim
ക്രിസ്​ത്യൻ സമുദായത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉന്നമനത്തിനു വേണ്ടി സ്ഥാപിച്ച നസ്രാണി ദീപികയും (1887) കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച മാതൃഭൂമിയും (1923) കമ്മ്യൂണിസ്റ്റ് വിരോധം മറകൂടാതെ പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ കോണ്‍ഗ്രസ് നിലപാടുകള്‍ മാതൃഭൂമിക്ക് ഉണ്ടായിരുന്നുവെങ്കില്‍ നസ്രാണി ദീപിക കൊളോണിയല്‍ ഭരണത്തിന്റെ അഞ്ചാം പത്തികളുടെ പത്രമായിരുന്നു. അതുകൊണ്ട് അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാരെ ഏതുവിധേനയും ഇല്ലാതാക്കണമെന്ന കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല. ഇത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ വത്തിക്കാന്‍ ധാര മാത്രമായിരുന്നില്ല. കര്‍ഷക തൊഴിലാളികളും കുടിയാന്മാരും പരമ്പരാഗത വ്യവസായ തൊഴിലാളികളുമടക്കമുള്ളവര്‍ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ സംഘടിക്കുന്നത് തങ്ങളുടെ സ്വത്തുടമാ മേല്‍ക്കോയ്മയെ ബാധിക്കുമെന്ന കൃത്യമായ തിരിച്ചറിവിന്റെ ഭാഗം കൂടിയായിരുന്നു കേരളത്തിലുയര്‍ന്ന ആ എതിര്‍പ്പ്.
ബ്രിട്ടീഷ് മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും നേതൃത്വത്തില്‍ ജനങ്ങള്‍ സംഘടിക്കാന്‍ തുടങ്ങിയിരുന്നു. മൊറാഴയിലും തലശ്ശേരിയിലും നടന്ന കർഷകജാഥകള്‍ക്ക് നേരെ പൊലീസ് അതിക്രമം നടന്നു. 1940 സെപ്റ്റംബര്‍ 15-ന്​ തലശ്ശേരിയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ അബു, ചാത്തുക്കുട്ടി എന്ന രണ്ടു പേര്‍ കൊല്ലപ്പെട്ടു. അടുത്ത ദിവസം മാതൃഭൂമിയുടെ മുഖപ്രസംഗം കർഷകരുടെ സമരരീതിയെ വിമര്‍ശിക്കുകയാണ് ചെയ്തത്. മലബാറില്‍ സജീവ സാന്നിധ്യമല്ലാതിരുന്ന ദീപികയും പൊലീസ് നടപടിയെ പിന്തുണച്ചു. കമ്മ്യൂണിസ്റ്റുകള്‍ നുഴഞ്ഞുകയറിയാണ് കുഴപ്പങ്ങളുണ്ടാക്കുന്നത് എന്നായിരുന്നു ദീപിക എഴുതിയത്.
മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ വേരോട്ടമുണ്ടാക്കിയ കാലമായിരുന്നു തുടര്‍ന്ന് വന്നത്. ക്വിറ്റ് ഇന്ത്യ സമരം സംബന്ധിച്ച പാര്‍ട്ടി നിലപാടും രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ഘട്ടത്തില്‍ യുദ്ധം ഫാസിസ്റ്റ് വിരുദ്ധ യുദ്ധമാണെന്നും അതുകൊണ്ട് ബ്രിട്ടനടങ്ങുന്ന സഖ്യക്ഷികളെ പിന്തുണയ്ക്കണമെന്ന നിലപാടും എടുത്തത് ദേശീയതലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളരെ ദോഷകരമായി ബാധിച്ചെങ്കിലും കര്‍ഷകരുടെയും തൊഴിലാളികളുടെയും താത്പര്യങ്ങള്‍ക്ക് വേണ്ടി പോരാടുന്ന രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കുന്നു എന്ന ബലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞു. കേരളത്തില്‍ (അന്ന് കേരളമായിട്ടില്ലെങ്കിലും) ഉടനീളം ജന്മിത്തത്തിനെതിരായ സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ ഭൂവുടമ നേതൃത്വത്തില്‍ നിന്നും വ്യത്യസ്തമായ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റി. ഈ ‘ആപത്തിനെതിരെ' ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിനും തിരുവിതാംകൂര്‍ ദിവാനും മുന്നറിയിപ്പ് കൊടുക്കുന്ന പണിയായിരുന്നു അന്ന് ദീപികയും മാതൃഭൂമിയും ചെയ്തിരുന്നത്.
തിരുവിതാംകൂറില്‍ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യരും രാജാവും ചേര്‍ന്ന് സ്വതന്ത്ര തിരുവിതാംകൂറിനും അമേരിക്കന്‍ മോഡല്‍ ഭരണക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി. ഫാസിസ്റ്റ് ശൈലിയില്‍ നാട് ഭരിക്കാനാഗ്രഹിച്ച ദിവാന്‍ സി.പി എല്ലാ വിധ തൊഴിലാളി-കര്‍ഷക സമരങ്ങളെയും അടിച്ചമര്‍ത്താന്‍ ഏതറ്റം വരെയും പോകാനും തയ്യാറായി. അതിന്റെ പ്രധാന കാരണം ആ മുന്നേറ്റത്തിന്റെ രാഷ്ട്രീയ സ്വഭാവമായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ 26-ഇന ആവശ്യങ്ങളില്‍ ഒമ്പതെണ്ണം പൂര്‍ണമായും രാഷ്ട്രീയ മുദ്രാവാക്യങ്ങളായിരുന്നു. ഇവ പിന്‍വലിക്കണമെന്നായിരുന്നു ദിവാന്റെ പ്രധാന ആവശ്യം പോലും. തിരുവിതാംകൂറില്‍ നടന്ന വിവിധ തൊഴിലാളി പണിമുടക്കുകള്‍, കര്‍ഷക സമരങ്ങള്‍ ഇവയുടെയൊക്കെ പശ്ചാത്തലത്തിലാണ് പുന്നപ്ര-വയലാറിലേക്കെത്തുന്നത്. 

തിരുവിതാംകൂറില്‍ കടുത്ത ജാതി വിവേചനം പ്രകടമായി നിലനിന്ന സമയം കൂടിയാണത്. തിരുവിതാംകൂറിലെ 75% പേരും കൃഷി ചെയ്തു 

ജീവിക്കാനാവശ്യമായ ഭൂമിയില്ലാത്ത ഭൂരഹിതരായിരുന്നു. സവര്‍ണ്ണ ഹിന്ദുക്കളും സുറിയാനി ക്രിസ്​ത്യാനികളുമായിരുന്നു മിക്ക ഭൂവുടമകളും. നസ്രാണി ദീപിക എന്ന സുറിയാനി ക്രിസ്​ത്യാനി പത്രത്തിന്റെ കമ്മ്യൂണിസ്റ്റ് വിരോധത്തിന് വിശ്വാസം മാത്രമായിരുന്നില്ല കാരണമെന്ന് മനസിലാക്കാവുന്നതേയുളളു. പുന്നപ്ര-വയലാറിന് ഏതാണ്ട് ഒരു മാസം മുമ്പ് (1946 സെപ്റ്റംബര്‍, 30) കമ്മ്യൂണിസം അപകടകരമാണെന്നും തൊഴിലാളി സഹോദരങ്ങള്‍ അത് തിരിച്ചറിയുന്നു എന്നും ദീപിക ആശ്വാസം കണ്ടെത്താനായി ശ്രമിച്ചു. ഒക്ടോബര്‍ 7-ന്​ കമ്മ്യൂണിസം അക്രമമാണ്, അവര്‍ ദൈവനിഷേധികളായ അപകടകാരികളാണ് എന്ന് വീണ്ടും ദീപിക മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ നിരവധി വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ വന്നുകൊണ്ടിരുന്നു.
1946 ഒക്ടോബര്‍ 24-നു പുന്നപ്രയില്‍ നടന്ന വെടിവെപ്പില്‍ 35 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 27-ന്​ വയലാറില്‍ നടന്ന വെടിവെപ്പില്‍ നൂറുകണക്കിന് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പട്ടാളത്തെ ഇറക്കി ദിവാന്‍ നടത്തിയ നരനായാട്ടില്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ ആയിരക്കണക്കിനാളുകള്‍ കടുത്ത മര്‍ദനത്തിനിരകളായ്. എന്നാല്‍ വെടിവെപ്പിന് ശേഷം ദീപിക എഴുതിയത് ‘കമ്മ്യൂണിസ്റ്റ് നേതാക്കളാണ് കുഴപ്പം, തൊഴിലാളികളല്ല' എന്നാണ്. ‘നിരീശ്വരവാദികളും സായുധവിപ്ലവത്തില്‍ വിശ്വസിക്കുന്നവരുമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കുക’ എന്നതായിരുന്നു ദീപിക നിര്‍ദേശിച്ച പരിഹാരം. അതുകൊണ്ടും നിന്നില്ല ദീപികയുടെ കമ്മ്യൂണിസ്റ്റ് വിരോധം. പുന്നപ്ര-വയലാര്‍ വെടിവെപ്പിന് ശേഷം കമ്മ്യൂണിസ്റ്റുകാര്‍ പറമ്പില്‍ കയറി തേങ്ങ മോഷ്ടിക്കുന്നു എന്നുവരെ എഴുതിക്കളഞ്ഞു. നൂറുകണക്കിന് മനുഷ്യരെ വെടിവെച്ചുകൊന്ന്, നാട്ടിലെങ്ങും സി പിയുടെ സൈന്യം ആണും പെണ്ണും കുട്ടികളും ഭേദമില്ലാതെ തല്ലിയൊതുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദീപികയുടെ സംഭ്രമജനകമായ കമ്മ്യൂണിസ്റ്റ് തേങ്ങാ മോഷണവാര്‍ത്തകള്‍!
മാതൃഭൂമിയും തങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധം മറച്ചുവെച്ചില്ല. സമൂഹത്തിലെ സാമൂഹ്യവിരുദ്ധ ശക്തികളെ-അതായത് കമ്മ്യൂണിസ്റ്റുകാരെ- നിയന്ത്രിക്കുന്നതില്‍ ദിവാന്‍ പരാജയപ്പെട്ടു എന്ന് പത്രം വിമര്‍ശിച്ചു (1946 ഒക്ടോബര്‍ 30). പ്രശ്‌നം പരിഹരിക്കാതെ കമ്മ്യൂണിസ്റ്റുകാരെ വളരാനുവദിച്ചതിനും മാതൃഭൂമി ദിവാനെ കുറ്റപ്പെടുത്തി. മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖ്യധാര എന്നത് എങ്ങനെയൊക്കെയാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ പദകോശങ്ങളാല്‍ സമ്പന്നമായിരിക്കുന്നത് എന്നതിന്റെ ആദ്യ പതിറ്റാണ്ടായിരുന്നു അത്.

‘കര്‍ത്താവിന്റെ നാമത്തില്‍, വിശ്വാസം സംരക്ഷിക്കാന്‍'

ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഇനിയെന്ത് ചെയ്യേണ്ടു എന്ന സംഭ്രമം ഈ വര്‍ത്തമാനപ്പത്രങ്ങളെ ജനാധിപത്യവിരുദ്ധതയുടെ ഏതറ്റം വരെയും പോകാന്‍ സന്നദ്ധരാക്കി. ഒട്ടും ക്ഷമയില്ലാതെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ അക്രമവും വേണ്ടിവന്നാല്‍ ഉപയോഗിക്കണമെന്ന് ദീപിക പത്രം ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ ബില്ലും കാര്‍ഷിക ബന്ധ ബില്ലും അവതരിപ്പിച്ചതോടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ഒരു സഖ്യം രൂപം കൊണ്ടു. നായന്മാരുടെ നേതൃത്വത്തില്‍ സവര്‍ണ ഹിന്ദുക്കള്‍, ക്രിസ്ത്യന്‍ സഭ, എസ്.എന്‍. ഡി.പി, ക്രിസ്ത്യന്‍ സഭ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നിവയടങ്ങുന്ന ഒരു സഖ്യം ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ സമരം തുടങ്ങി. വളരെ വ്യക്തമായും ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനിര്‍മ്മാണങ്ങളില്‍ അസംതൃപ്തരായ സ്വത്തുടമാവര്‍ഗത്തിന്റെ സമരമായിരുന്നു അത്.
1959 മാര്‍ച്ച് 5 -നു കോട്ടയത്ത് സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാരുടെ യോഗം, മാര്‍ച്ച്

8-നു പെരുന്നയില്‍ 200 നായര്‍ പ്രമാണിമാരുടെ യോഗം, എറണാകുളത്ത് നടന്ന ബിഷപ്പ് കോണ്‍ഫറന്‍സില്‍ വിദ്യാഭ്യാസ ബില്ലിനെതിരെ പോരാടാന്‍ ആഹ്വാനം, കോണ്‍ഗ്രസിന്റെ സമരങ്ങള്‍ അങ്ങനെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ ഭൂവുടമകളും കൃസ്ത്യന്‍ സഭയും മറ്റ് മത സാമുദായിക ശക്തികളും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ, കേരളത്തിന്റെ പില്‍ക്കാല രാഷ്ട്രീയഗതിയെ നിര്‍ണായകമായി നിശ്ചയിക്കുകയും ഒരു ആധുനിക സമൂഹമെന്ന നിലയിലുള്ള അതിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത ഒരു രാഷ്ട്രീയ മുന്നണി അന്നത്തോടെ രുപം കൊണ്ടു.
ക്രിസ്ത്യന്‍ സഭ വിഷലിപ്തമായ ആക്രമണവുമായി അതിന്റെ മുന്നിലുണ്ടായിരുന്നു. ‘‘കര്‍ത്താവിന്റെ നാമത്തില്‍, വിശ്വാസം സംരക്ഷിക്കാന്‍ സമരത്തിനിറങ്ങാന്‍'' ഇടയലേഖനം (1959 മെയ് 7) ആഹ്വാനം ചെയ്തു. കോടിക്കണക്കിനു രൂപ അമേരിക്ക ചാരസംഘടനയായ സി.ഐ.എ കേരളത്തിലേക്കൊഴുക്കി. 1959 ജനുവരി 1-നും ഏപ്രില്‍ 30-നും ഇടയില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൂന്നു കോടി എഴുപതു ലക്ഷം രൂപ കേരളത്തിലെ ​ക്രിസ്​ത്യൻ സഭകള്‍ക്ക് ലഭിച്ചു എന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ എ.കെ. ഗോപാലന്‍ ഇന്നയിച്ച ഒരു ചോദ്യത്തിന് മറുപടി നല്‍കി. 

ems
ഇ.എം.എസ്​

യാതൊരുവിധ ജനാധിപത്യ മര്യാദയും സമരക്കാര്‍ പുലര്‍ത്തിയില്ല. അന്നുവരെ തങ്ങളുടെ കുടികിടപ്പുകാരും തമ്പ്രാ എന്നുവിളിച്ചു ഭയന്ന് നിന്നവരും ഒരു ചുവന്ന കൊടിയുമായി തങ്ങളുടെ മുന്നിലൂടെ രാഷ്ട്രീയാധികാരത്തിലേക്ക്, നടുവളക്കാതെ മുഷ്ടിചുരുട്ടി ഇടിമുഴുങ്ങുന്ന മുദ്രാവാക്യങ്ങളുമായി നടന്നുപോയ കാഴ്ച്ച അവരെ അത്രയേറെ വിറളി പിടിപ്പിച്ചിരുന്നു. ജനങ്ങള്‍ ഈ മന്ത്രിമാരില്‍ നിന്നും അധികാരം പിടിച്ചെടുത്താല്‍, അവരെ വിചാരണ ചെയ്ത് കണ്ണും മൂക്കും ഛേദിക്കണമെന്നും പരസ്യമായി ചാട്ടക്കടിക്കണമെന്നും സമരനേതാവും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതാവുമായ മന്നത്ത് പദ്മനാഭന്‍ പ്രസംഗിച്ചു. യാതൊരു വിധ സന്ദേഹവുമില്ലാതെ മതത്തെ രാഷ്ട്രീയത്തില്‍ വിഷം പോലെ കൂട്ടിക്കലര്‍ത്തി. ക്രിസ്ത്യാനികളുടെ ക്രിസ്റ്റഫര്‍ സേനയുണ്ടായി. ബാക്കിയുള്ളവരുടെ ശാന്തി സേന വന്നു. മന്നത്തിന്റെ വിമോചന സമര ജാഥകള്‍ ക്ഷേത്രാഘോഷം പോലെയായിരുന്നു. വെണ്‍കൊറ്റക്കുടയും മയൂരസിംഹാസനവുമൊക്കെയുള്ള രഥത്തില്‍, ഇരുവശവും വാളേന്തിയ നായന്മാരുമായി ഒരു സമൂഹത്തിനെ ജീര്‍ണ്ണമായ ജന്മി വ്യവസ്ഥയില്‍ തളച്ചിടാനുള്ള വെപ്രാളവുമായി ഒരു ആധുനിക സമൂഹത്തിന്റെ യാത്ര തടയുന്ന ഭൂതകാലത്തിലെ കോമാളിരാജാവിനെപ്പോലെ മന്നം സമരജാഥകള്‍ നടത്തി.
എന്തായാലും ജനാധിപത്യനിഷേധത്തിന്റെ അശ്ലീലം മറയ്ക്കാന്‍ ഒരത്തിയിലയുടെ മറ പോലുമില്ലായെങ്കിലും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ 1959 ജൂലായ്-31-നു സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ പിരിച്ചുവിട്ടു.

മലയാള മനോരമ തങ്ങള്‍ സര്‍വാത്മനാ പിന്തുണച്ച ഈ സമരത്തെ അഭിമാനപൂര്‍വം വിലയിരുത്തിക്കൊണ്ടെഴുതിയ മുഖപ്രസംഗത്തില്‍ '1959 ജൂണ്‍-ജൂലായ് കാലത്ത് കേരളത്തില്‍ നടന്ന വിമോചന സമരം എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ കക്ഷികളേയും സാമുദായിക സംഘടനകളേയും ഒന്നിപ്പിച്ച അപൂര്‍വം ജനമുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നമുക്ക് അത്തരം ഐക്യം കാണാനാകില്ല'' എന്ന് ഊറ്റം കൊണ്ടു. ഇങ്ങനെയാണ് കേരളത്തിലെ 'സ്വതന്ത്ര മാധ്യമങ്ങള്‍'' കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ സ്വാഗതം ചെയ്തത്. പിന്നീടങ്ങോട്ട് കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖ്യധാരാ മാനദണ്ഡങ്ങളിലൊന്ന് വിമോചനസമരത്തിന്റെ രാഷ്ട്രീയത്തോടുള്ള അവയുടെ ഒരിക്കലും വേര്‍പ്പെടാത്ത ബന്ധമായിരുന്നു.

ഇടതുപക്ഷത്തിന്റെ പൊരുത്തപ്പെടലുകള്‍

വിമോചനസമരത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിന്റെ സ്വഭാവം ഗണത്തിലും ഗുണത്തിലും ഏറെ മാറി. ബൂര്‍ഷ്വാസി ഇടതുപക്ഷത്തെ സ്വാധീനിക്കുകയായിരുന്നു എന്ന് പറയാം. ഇടതുപക്ഷത്തെ ഒരു തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമായി അംഗീകരിച്ചെങ്കിലും കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ ഇപ്പോഴും പ്രതിരോധത്തിലാക്കി നിര്‍ത്തുന്ന തരത്തിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ കൂട്ടുകെട്ട് അതോടെ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ

ഇടതുപക്ഷം എന്ന ആശയത്തെ എല്ലാകാലത്തും വിട്ടുവീഴ്ച്ചയില്ലാതെ അവര്‍ എതിര്‍ത്തുകൊണ്ടിരുന്നു. മാതൃഭൂമി, മലയാള മനോരമ, ദീപിക എന്നീ മൂന്നു പത്രങ്ങളുടെ ചരിത്രം മാത്രമെടുത്താല്‍ മതി അതിനു തെളിവായി.
അപ്പോഴൊക്കെയും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തില്‍ ബൂര്‍ഷ്വാസിയും മത സാമുദായിക ശക്തികളുമായുള്ള പൊരുത്തപ്പെടലുകള്‍ അതിവേഗം വന്നുകൊണ്ടിരുന്നു. ഒരു തരത്തിലും സാമൂഹ്യമായ തല്‍സ്ഥിതിയെ ഉലയ്ക്കാനോ സാമൂഹ്യ അധീശത്വത്തെ ചോദ്യം ചെയ്യാനോ അപായസാധ്യതകള്‍ എടുക്കാത്ത മുഖ്യധാരാ ഇടതുപക്ഷം, ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ നിന്നും മൂലധന താത്പര്യങ്ങളുമായി എത്രയും പൊരുത്തപ്പെടുന്ന കക്ഷികളായി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മാറിക്കൊണ്ടിരുന്നു. പക്ഷെ മുഖ്യധാര മാധ്യമങ്ങളുടെ പ്രശ്‌നം അവിടം കൊണ്ടവസാനിക്കുന്നില്ല. അത് എത്രയൊക്കെ ജീര്‍ണിച്ചാലും ഇടതുപക്ഷം എന്ന ഒരാശയത്തിനുള്ള സാമൂഹ്യ വ്യവഹാര സാധ്യത നിലനില്‍ക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ നിരന്തരമായി ആക്രമിച്ചുകൊണ്ട് മുഖ്യധാര ഇടതുപക്ഷത്തെ എത്രത്തോളം ഇടതുരാഷ്ട്രീയം കയ്യൊഴിയാന്‍ നിര്‍ബന്ധിതരാക്കാമോ അത്രയും ചെയ്യാന്‍ അവര്‍ തയ്യാറാണ്. ഈ രാഷ്ട്രീയ പരിസരത്തു നിന്നുകൊണ്ടുള്ള സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും മാധ്യമ ധാര്‍മികതയുമാണ് ഇപ്പോഴും ഭൂരിഭാഗം മലയാള മാധ്യമങ്ങളേയും നയിക്കുന്നത്.

കൂട്ടരതിയുടെ നിര്‍വൃതി

വാര്‍ത്താ ചാനലുകളുടെ ഉടമസ്ഥതയിലും വിമോചനസമരക്കാലത്തെ പശ്ചാത്തലത്തില്‍ നിന്നും പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല എന്നത് പ്രധാന വസ്തുതയാണ്. മലയാള മനോരമയും, മാതൃഭൂമിയും കേരളത്തിലെ മഹാഭൂരിപക്ഷം ദിനപ്പത്രവായനക്കാരുടേയും കയ്യില്‍ എന്നുമെത്തുന്നു. ദൃശ്യ വാര്‍ത്താ മാധ്യമങ്ങളിലും അതുതന്നെയാണ് അവസ്ഥ. മുന്നിലുള്ള ഏഷ്യാനെറ്റിനും രാഷ്ട്രീയനിലപാടില്‍ ഇവരില്‍ നിന്നും വലിയ മാറ്റമൊന്നുമില്ല. അതായത്, വിമോചനസമരക്കാലത്തെ രാഷ്ട്രീയത്തില്‍ നിന്നും മുഖ്യധാരാ മാധ്യമ ലോകം ഇപ്പോഴും മാറിയിട്ടില്ല എന്ന് മാത്രമല്ല, പുതിയ മാധ്യമ സാങ്കേതികവിദ്യകളും അവര്‍ വഴി തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്.
വിമോചനസമരക്കാലം നിര്‍ണ്ണയിച്ച പ്രതിലോമ രാഷ്ട്രീയത്തിന്റെ സ്വാഭാവികവത്കരണം കേരളത്തെ ഒരാധുനിക സമൂഹത്തിന്റെ പല സ്വാഭാവവിശേഷങ്ങളും കയ്യാളുന്നതില്‍ നിന്നും പിറകോട്ടടിപ്പിച്ചു. അതിലൊന്ന് മാധ്യമപ്രവര്‍ത്തനത്തിലെ തൊഴില്‍പരമായ നൈപുണ്യം നേടലാണ്. കേവലമായ കക്ഷി രാഷ്ട്രീയ അജണ്ടകളും സാമുദായിക അജണ്ടകളും പേറുന്ന ഒരുകൂട്ടം കടലാസുകളായി പത്രങ്ങള്‍ മാറി. നമ്മുടെ വലിയ മാധ്യമപ്രവര്‍ത്തകര്‍ എന്ന് കരുതുന്നവരുടെ ഓര്‍മ്മക്കുറിപ്പുകള്‍പ്പോലും രാഷ്ട്രീയനേതാക്കളുമായുള്ള അടുപ്പത്തിന്റെയും അവരുടെ പിന്നാമ്പുറ കഥകളുടെ ശേഖരത്തിലുള്ള പൊങ്ങച്ചവുമായാണ് വരുന്നത്. അതിനപ്പുറം പോകാനായില്ല.
ദൃശ്യ മാധ്യമങ്ങളും ഏതാണ്ട് ഇതേ ഘടനയാണ് പിന്തുടര്‍ന്നത്. എല്ലാ ദിവസവും രാത്രി ഒമ്പതരയ്ക്ക് എല്ലാ വാര്‍ത്താ ചാനലുകളിലും കാണിക്കുന്നത് സിനിമ പാട്ടുകളും സംഭാഷണങ്ങളും രാഷ്ട്രീയക്കാരുടെ വര്‍ത്തമാനങ്ങളും ദൃശ്യങ്ങളുമൊക്കെ ചേര്‍ത്തുവെച്ചുള്ള പരിപാടികളാണ് എന്നത് വാര്‍ത്ത എങ്ങനെയാണ് ഉറക്കത്തിനു മുമ്പ് തമാശയാക്കേണ്ടത് എന്ന ക്ഷമാപണമാണ്. എങ്ങനെയാണ് പരമാവധി ഇക്കിളിപ്പെടുത്തുക എന്നതാണ് നോട്ടം. ഇത് പത്രങ്ങള്‍, പ്രത്യേകിച്ചും മലയാള മനോരമ എക്കാലത്തും വാര്‍ത്തകളോട് എടുക്കുന്ന ഒരു സമീപനമാണ്. ഇപ്പോള്‍ മറ്റു പത്രങ്ങളും. 
പിന്നീട് അര്‍ണബ് ഗോസ്വാമിയെപ്പോലുള്ള ഹിംസാത്മകമായ അതിദേശീയതയുടെ രാഷ്ട്രീയ ജിഹ്വയുടെ ആക്രോശങ്ങളെയാണ് മലയാളി വാര്‍ത്താ അവതാരകരും മാതൃകയായി കണ്ടത്. പരമാവധി ബഹളമുണ്ടാക്കുകയും ഹിംസാത്മകമായ പൗരുഷ പ്രകടനത്തില്‍ വിജയിക്കുകയും ചെയ്യുക എന്നതാണ് ഓരോ രാത്രിയിലും ചര്‍ച്ചാവതാരകരുടെ ലക്ഷ്യം എന്നായി. ഈ ഹിംസാത്മകത ഒരു ആകസ്മികതയല്ല. അത് ഹിന്ദുത്വ രാഷ്ട്രീയ ബോധപൂര്‍വം വളര്‍ത്തിയെടുക്കുന്ന ഒരു സാമൂഹ്യ വികാരമാണ്. പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിക്കുന്ന അര്‍ണബ് ഗോസ്വാമി അത് കണ്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം ആളുകള്‍ക്കും ഒരു കൂട്ടരതിയുടെ നിര്‍വൃതി നല്‍കുമ്പോഴാണ് നരേന്ദ്ര മോദിയുടെ ഹിന്ദു സാമ്രാട്ട് പദവി കൂടുതല്‍ ഉറയ്ക്കുന്നത്.എന്തായാലും ഇന്നിപ്പോള്‍ ഒരു നാടകത്തില്‍ അഞ്ചരക്കട്ടയില്‍ പാട്ടുപാടി ഒരു ഭാഗവതര്‍ വന്നും പോയുമിരുന്നാല്‍ എങ്ങനെയാണ് നമുക്ക് തോന്നുക? തീര്‍ച്ചയായും ഇപ്പോഴുള്ള ദൃശ്യമാധ്യമ ചര്‍ച്ചകള്‍ മിക്കതും ഏറെയകലെയല്ലാത്ത ഒരു കാലത്ത് സമൂഹം അങ്ങനെയായിരിക്കും കാണുക എന്നതില്‍ സംശയമില്ല.

ജനം കാഴ്ചക്കാര്‍ മാത്രം

നവ സാമൂഹ്യമാധ്യമങ്ങള്‍ക്കൂടി വന്നതോടെ അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം ഏറി. നവ സാമൂഹ്യമാധ്യമങ്ങളാകട്ടെ ഇതുവരെയില്ലാത്തവിധത്തിലുള്ള ഒരു സാമൂഹ്യ ഇടപെടലിന്റെ പുതിയ ഇടത്തെയാണ് ലോകത്താകെ സൃഷ്ടിച്ചത്. ഏതു തരത്തിലുള്ള ആശയവിനിമയ സാങ്കേതിക വിദ്യയും ഇത്തരത്തിലുള്ള ഒരു സാധ്യത അതിന്റെ വ്യാപനഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ തുറക്കുന്നുണ്ട്. വാസ്തവത്തില്‍ സാങ്കേതികവിദ്യയെ കുത്തകവല്‍കരിക്കുകയും ലാഭമുണ്ടാക്കാനും വ്യവസ്ഥാപിതമായ ആശയങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള ഒരു വഴിയായി ഉപയോഗിക്കുകയും ചെയ്യുമ്പോഴും ആശയവിനിമയ

സാങ്കേതികവിദ്യയുടെ മേഖലയില്‍ ഇതേ ലാഭേച്ഛ തന്നെ അതിനെ കൂടുതല്‍ ആളുകളിലേക്ക് കുറഞ്ഞ ചെലവില്‍ എത്തിക്കുക എന്നത് അനിവാര്യമാക്കുകയും ചെയ്യുന്നുണ്ട്. ഈ വൈരുദ്ധ്യത്തെ പരമാവധി പ്രയോജനപ്പെടുത്തുക എന്നത് അച്ചടിയുടെ കാര്യത്തില്‍ ലോകമാകെ ജനകീയ മുന്നേറ്റങ്ങള്‍ പ്രയോഗിച്ച രീതിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെ ലോകത്തെങ്ങും പാര്‍ട്ടി സംഘടന കെട്ടിപ്പടുക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പത്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ദേശീയ വിമോചന പോരാട്ടങ്ങളും ഇതുതന്നെയാണ് ചെയ്തത്. പ്രാവ്ദയും, ഇസ്വേസ്തിയയും, യങ് ഇന്ത്യനും, നവ് ജീവനും, പ്രഭാതവും ദേശാഭിമാനിയും എല്ലാം ഇത്തരത്തിലാണ് തുടങ്ങിയത്.
എന്നാല്‍ ദൃശ്യ മാധ്യമങ്ങളുടെ കാര്യത്തില്‍ ഇത് സാധ്യമായിരുന്നില്ല. ഭീമമായ മുതല്‍മുടക്കാവശ്യമുള്ള വാര്‍ത്താ ചാനലുകളുടെ വരവോടെ രാഷ്ട്രീയ-സാമൂഹ്യ സംവാദങ്ങള്‍ വീണ്ടും ഏകപക്ഷീയമായി. ജനം കാഴ്ചക്കാര്‍ മാത്രമായി. അച്ചടിയുടെ സാര്‍വത്രികത നല്‍കിയ ആത്മവിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി. നവ സാമൂഹ്യ മാധ്യമങ്ങള്‍ ഈ ഏകപക്ഷീയമായ കളിയെ മാറ്റുകയായിരുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപകമായ ഉപയോഗം ജനങ്ങളുടെ വിവര ശേഖരണത്തിനുള്ള വഴികളെ സമാനതകളില്ലാത്തവിധം വിപുലമാക്കി. വാര്‍ത്തകളുടെ തത്സമയ വിനിമയമാണ് ദൃശ്യ മാധ്യമങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ക്ക് മേല്‍ നേടിയിരുന്ന സാങ്കേതിക മുന്‍കൈ എങ്കില്‍ സാമൂഹ്യമാധ്യമങ്ങള്‍ അതില്‍ ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ക്കൊപ്പമെത്തി. വാര്‍ത്തകളുടെ പ്രചാരണക്രമം ദൃശ്യ മാധ്യമങ്ങള്‍ മാത്രമല്ല മറ്റ് നിരവധി തല്‍പരകക്ഷികള്‍ക്കൂടി ഇടപെടുകയും നിശ്ചയിക്കുകയും ചെയ്യുന്ന ഒന്നായി. ഇതോടെ വാസ്തവത്തില്‍ ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങളുടെ പ്രധാന എതിരാളിയായി കാണുന്നത് സമാന ചാനലുകളെയല്ല, മറിച്ച് നവ സാമൂഹ്യ മധ്യമങ്ങളെയാണ്. അജണ്ട നിശ്ചയിക്കുന്നതില്‍ നടക്കുന്ന ഈ മത്സരത്തില്‍ അവര്‍ നേരിടുന്ന വെല്ലുവിളി യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കേണ്ടാത്ത ഒരു എതിരാളിയാണ് സാമൂഹ്യ മാധ്യമങ്ങള്‍ എന്നതാണ്. വാര്‍ത്തകള്‍ കണ്ടെത്തുന്നതില്‍ മാത്രമല്ല അവയുടെ വിശകലനത്തിലും ഒരു തരത്തിലും സാമൂഹ്യ മാധ്യമങ്ങള്‍ക്കൊപ്പമെത്താന്‍ ദൃശ്യ മാധ്യമങ്ങള്‍ക്കാകില്ല. കാരണം ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരേസമയം ഒരു വിഷയത്തില്‍ പുറപ്പെടുവിക്കുന്ന നാനാവിധമായ, പല നിലവാരത്തിലുള്ള അഭിപ്രായങ്ങള്‍ക്കു ശേഷമാണ് ഒരു രാത്രി ചര്‍ച്ചയിലേക്ക് മാധ്യമങ്ങള്‍ക്കെത്താനാകുന്നത്.

മല്‍സരം ട്രോളുകളുമായി

വാസ്തവത്തില്‍ നാഗരികതയുടെ സാമൂഹ്യഘടനയുടെ ഉരുത്തിരിയലില്‍ സവിശേഷമായ ഒരു ഘട്ടമാണിത്. ഇതാദ്യമായാണ് ലോകത്തെങ്ങുമുള്ള മനുഷ്യര്‍ വ്യക്തികളെന്ന നിലയില്‍ സ്വന്തം സമയത്തിന്റെയും സ്ഥലത്തിന്റെയും സൗകര്യങ്ങള്‍ക്കനുസരിച്ച് നിരന്തരമായി പൊതുസമൂഹത്തില്‍ സംവദിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ വാര്‍ത്താ മാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത വിദഗ്ധരരുടെ വിശകലനവിപണിമൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു.
മലയാള ദൃശ്യ വാര്‍ത്താ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഈ സ്വാധീനം വളരെ വ്യക്തമാണ്. 'ട്രോളുകളുമായാണ്' അവതാരകരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരും മിക്കപ്പോഴും മത്സരിക്കുന്നത്. മലയാള സിനിമകളിലെ കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍,രംഗങ്ങള്‍ എന്നിവയൊക്കെയാണ് മിക്കപ്പോഴും ഉപമകളായും അലങ്കാരങ്ങളായും വരുന്നത്. ഇത്തരത്തിലൊരു ജനപ്രിയതയുടെ അമിതഭാരം ആരും ആവശ്യപ്പെടാതെത്തന്നെ മുതുകത്ത് കെട്ടിവെച്ചാണ് മലയാള ദൃശ്യ വാര്‍ത്താ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഒപ്പം തന്നെ ആഴ്ചയിലൊരിക്കല്‍ വരുന്ന വല്ല മാധ്യമവിചാരം പംക്തിയിലും പറയുന്ന നാല് സാമ്പ്രദായിക വിമര്‍ശനിങ്ങളില്‍ നിന്നും മാറി സാമൂഹ്യമാധ്യമങ്ങളിലെ ഉടന്തടി അളന്നുതൂക്കത്തിന് വിധേയരാകും എന്നൊരു അപായം കൂടി ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. ഒരു ഓഹരിക്കമ്പോളം പോലെ നിങ്ങളുടെ വിപണിമൂല്യം ചാഞ്ചാടിക്കൊണ്ടേയിരിക്കും. ഈ സാമൂഹ്യ മാധ്യമ വിമര്‍ശനങ്ങളിലാകട്ടെ പ്രത്യേകിച്ചുള്ള വൈദഗ്ധ്യ നിബന്ധനകളൊന്നുമില്ല. അത് പൊതുസമൂഹത്തിന്റെ പലതരത്തിലുള്ള സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കും. ഇവിടെയാണ് മാധ്യമങ്ങള്‍ക്ക് വീണ്ടും അവര്‍കൂടി സൃഷ്ടിക്കുന്ന പൊതുബോധവുമായി നേര്‍ക്കുനേര്‍ കാണേണ്ടിവരുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല താനും.
എന്താണ് മാധ്യമങ്ങള്‍ക്കു നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയുമൊക്കെ ഇപ്പോള്‍ ഉയരുന്ന സാമൂഹ്യ- മാധ്യമ വിമര്‍ശനത്തിന്റെ പൊതുസ്വഭാവം? അത് രണ്ടു തരത്തിലുണ്ട്. ഒന്ന്, വാര്‍ത്തയുടെ, നിലപാടുകളുടെ, ദൈനംദിന ഇടപെടലുകളുടെയൊക്കെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കുകൂടി ലഭ്യമായ വിവരശേഖരത്തിന്റെയും നാനാവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിശകലനങ്ങളുടെയും അടിസ്ഥാനത്തിലും തങ്ങളുടെ സാമൂഹ്യബോധത്തിന്റെ ചട്ടക്കൂടിലും നിന്നുകൊണ്ട് നടത്തുന്ന വിമര്‍ശനം. ഇത് ഒരു ജനാധിപത്യ സമൂഹത്തില്‍ ആശാസ്യമായ ഒന്നാണ്. നേരത്തെ മാധ്യമങ്ങള്‍ക്ക്, രാഷ്ട്രീയ നേതൃത്വത്തിന്, അധികാര കേന്ദ്രങ്ങള്‍ക്ക് ഒന്നും തന്നെ ഇത്തരത്തിലുള്ള നിരന്തര വിലയിരുത്തലുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇനിയത് ഒഴിവാക്കാന്‍ കഴിയുന്നതല്ല. തിരിച്ചുപോക്കില്ലാത്തവിധം സാമൂഹ്യ ഇടപെടലുകളുടെ സ്ഥലകാല സീമകളെ അത് മാറ്റിയിരിക്കുന്നു. മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവുമായുള്ള ഒത്തുകളികള്‍ക്ക് വാര്‍ത്തകളെ മൂടിവെക്കാനുള്ള ആഡംബരം മുമ്പെന്നത്തേക്കാളും കുറഞ്ഞിരിക്കുന്നു.
ഈ സാഹചര്യത്തിലും പൊതുബോധ നിര്‍മ്മിതിക്കുള്ള ഏറ്റവും ഏകോപിതമായ സാമൂഹ്യസ്ഥാപനം എന്ന പദവി ഇപ്പോഴും പരമ്പരാഗത മാധ്യമങ്ങള്‍ക്കുണ്ട്. ആ മണ്ഡലത്തില്‍ മലയാള മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നത് അവര്‍ ഇരയാകുന്ന ചിലതരം ജനാധിപത്യവിരുദ്ധമായ വ്യക്ത്യധിഷ്ഠിത വിമര്‍ശനങ്ങളുടെ പരിതഃസ്ഥിതിയെ എങ്ങനെയാണ് പരിപോഷിപ്പിച്ചതെന്നതിന്റെ തെളിവാണ്.
ഏറ്റവും പ്രകടമായ ഉദാഹരണം ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരായ ലഹളക്കാലമായിരുന്നു. മിക്കവാറും എല്ലാ മുഖ്യധാരാ മാധ്യമങ്ങളും സ്ത്രീ പ്രവേശനത്തിനും കോടതി വിധിക്കുമെതിരായ നിലപാടാണ് സ്വീകരിച്ചത്. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് എന്താണിത്ര ധൃതി എന്ന് ചര്‍ച്ചകളിലെ അവതാരകര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. ലിംഗനീതിയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ട ബാധ്യത ഒറ്റപ്പെട്ട ശബ്ദങ്ങളിലേക്ക് ചുരുക്കി. ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു സമരത്തെ വിശ്വാസികളുടെ നാമജപപ്രതിഷേധമായി അവതരിപ്പിച്ചു. സംഘപരിവാറിനൊപ്പം കോണ്‍ഗ്രസും വിശ്വാസ സംരക്ഷണ ജാഥയുമായിറങ്ങി. വിമോചനസമരത്തിന്റെ എല്ലാ ചേരുവകളും ഇത്തവണയും കൂട്ടിച്ചേര്‍ത്തു. മന്നത്ത് പദ്മനാഭന്റെ വെണ്‍കൊറ്റക്കുടയും രഥവും സിംഹാസനവും വാളൂരിയ നായര്‍ പടയാളിയുമൊക്കെ സുകുമാരന്‍ നായരുടേയും സംഘപരിവാറിന്റെയും വഴികളിലൂടെ ആവര്‍ത്തിക്കാനൊരുങ്ങി.

ആ സ്ത്രീ പ്രവേശന വിരുദ്ധ ലഹളയില്‍ ഒരിക്കല്‍പ്പോലും ഒരു ആധുനിക സമൂഹത്തിന്റെ ജനാധിപത്യമൂല്യങ്ങളുടെ പക്ഷത്തു നില്‍ക്കാന്‍ മാതൃഭൂമിയും മനോരമയുമടക്കമുള്ള മാധ്യമങ്ങള്‍ തയ്യാറായില്ല. മല ചവിട്ടുന്ന പെണ്ണുങ്ങളെ പുലി പിടിച്ചില്ലെങ്കില്‍ പുരുഷന്‍ പിടിക്കും എന്ന പോലുള്ള വര്‍ത്തമാനങ്ങള്‍ ചാനലുകളില്‍ നിന്നും നിഷ്പക്ഷ മുദ്രയിട്ട് പുറത്തിറങ്ങി. മതയാഥാസ്ഥിതികതയുടെ ഉറഞ്ഞുതുള്ളലിന് ആളുകളെ കണ്ടെത്തി ചര്‍ച്ചകള്‍ കൊഴുപ്പിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ വിശ്വാസവിരുദ്ധതയ്ക്ക് വിമോചനസമരക്കാലത്തിനു ശേഷം വീണ്ടും കേരളത്തില്‍ പരസ്യമായ സാധുത കിട്ടാനുള്ള തന്ത്രങ്ങളായിരുന്നു. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ ആനുകൂല്യത്തില്‍ വിമര്‍ശിക്കാതിരിക്കാവുന്ന കേവല മാധ്യമധര്‍മ്മമായിരുന്നില്ല അതൊന്നും. കൃത്യമായ പക്ഷം പിടിക്കലായിരുന്നു അത്. ആധുനിക മൂല്യങ്ങളും മതേതരത്വവും സ്ത്രീപക്ഷ രാഷ്ട്രീയവും കേരള ചരിത്രത്തിലെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പുകളിലൊന്ന് നടത്തിയപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പിടിച്ച പക്ഷം അതിനെതിരായ രാഷ്ട്രീയമാണ്. അതിനെ കൃത്യമായി ഓര്‍ക്കുകയും അത് തരുന്ന ചരിത്രപാഠങ്ങളെ മനസിലാക്കുകയും ചെയ്തില്ലെങ്കില്‍ പിന്നെന്തു രാഷ്ട്രീയബോധമാണ് മറുപക്ഷത്തിനു അഭിമാനിക്കാനുണ്ടാവുക? അതുകൊണ്ട് രാഷ്ട്രീയവിമര്‍ശനങ്ങളുടെ ചരിത്രപരതയെ ഉപേക്ഷിക്കാവുന്നതല്ല.

സ്ത്രീവിരുദ്ധതയുടെ മാധ്യമ ആറാട്ട്

സ്ത്രീവിരുദ്ധതയുടെ ആറാട്ടാണ് കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിലെ വലിയൊരു സ്വഭാവസവിശേഷത. ഇത് നവമാധ്യമങ്ങള്‍ക്ക് മാത്രമായി കരുതിവെച്ച ഒന്നായി ചുരുക്കിക്കാണേണ്ടതില്ല. കേരളത്തിലെ പൊതുസമൂഹത്തിലെ വലിയൊരു വിഭാഗവും ശബരിമലയില്‍ കയറിയ രണ്ടു സ്ത്രീകളെയും വനിതാ സാമൂഹ്യ പ്രവര്‍ത്തകരെയും സ്ത്രീ രാഷ്ട്രീയക്കാരെയുമൊക്കെ അതിഹീനമായ ഭാഷയിലാണ് ഇതിനു മുമ്പും അപമാനിച്ചത്. അതിനെ സാധ്യമാക്കിയ യാഥാസ്ഥിതിക രാഷ്ട്രീയത്തിന് അനുകൂലമായ നിലപാടാണ് മുഖ്യധാരാ മാധ്യമങ്ങളെടുത്തതും. അത്തരത്തില്‍ കേരളത്തിലെ പുരുഷാധിപത്യ സമൂഹത്തിന്റെ സ്ത്രീവിരുദ്ധത ഇടത്, വലതു മുന്നണി ഭേദമില്ലാതെ പലപ്പോഴും പ്രകടമാകാറുമുണ്ട്.
ഫെമിനിച്ചിയും, ചുംബന സമരക്കാരികളും, സ്വതന്ത്ര ലൈംഗികവാദികളും, തെറിച്ചവരും, ലൈംഗികദാഹം മാറാത്തവരുമൊക്കെയായി തങ്ങള്‍ക്ക് എതിരഭിപ്രായമുള്ള സ്ത്രീകളെ ആക്രമിക്കുന്ന പ്രവണത കേരളത്തിന്റെ സാമൂഹിക അനാരോഗ്യത്തിന്റെ കൂടി ലക്ഷണമാണ്. മാധ്യമങ്ങള്‍ ഇതിനു നല്‍കിയ സംഭാവനയും ഇതേ പുരുഷാധിപത്യബോധത്തിനുള്ളില്‍ നിന്നാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിരയാവുകയുംകോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനടക്കമുള്ളവര്‍ കുറ്റാരോപിതരാവുകയും ചെയ്തപ്പോള്‍, മലയാള മനോരമ പത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും കുറ്റകരമായ കാര്‍ട്ടൂണായി അവശേഷിക്കുന്നു. ഒരു വേദിയില്‍ നില്‍ക്കുന്ന ചെറിയ പെണ്‍കുട്ടിയും വേദിയുടെ രണ്ട് വശത്തുമായി ആകാംക്ഷയോടെ
നില്‍ക്കുന്ന നായനാരും വി.എസ്. അച്ചുതാനന്ദനുമാണ് കഥാപാത്രങ്ങള്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിപ്പട്ടിക എന്നൊരു കടലാസ് പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയോട് നായനാര്‍ ആവശ്യപ്പെടുന്നത് ഞാന്‍ പറയുന്ന പേരുകള്‍ സഖാവ് പൊട്ടിക്കരഞ്ഞുകൊണ്ട് പറയണം എന്നാണ്. ആഴ്ചകളോളം കൂട്ടബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടിയെയാണ് രാഷ്ട്രീയ മുതലെടുപ്പിനിറക്കിയ 'സഖാവ്' കഥാപാത്രമായി പത്രത്തിന്റെ മുന്‍ പേജില്‍ അവഹേളിക്കുന്നത്. ആ പെണ്‍കുട്ടിയോട് മാപ്പുപറഞ്ഞിട്ടു വേണം മലയാള മനോരമ മാധ്യമ ധാര്‍മ്മികതയെക്കുറിച്ചിനി സംസാരിക്കാന്‍.
മമത മോഹന്‍ദാസ് എന്ന ചലച്ചിത്രതാരം വിവാഹ മോചനം നേടിയപ്പോള്‍ മാതൃഭൂമിയില്‍ വന്ന കാര്‍ട്ടൂണ്‍ സമാനമായ സ്ത്രീവിരുദ്ധ അധിക്ഷേപം നിറഞ്ഞതാണ്. പരമ്പരാഗത വധു വേഷത്തില്‍ പോകുന്ന മമത പിന്നെ മുട്ടിറങ്ങാത്ത കുപ്പായമിട്ട വേഷത്തില്‍ വിവാഹമോചിതയായി വരുന്നതാണ് കാര്‍ട്ടൂണ്‍. ഇത്രയും അശ്ലീലം നിറഞ്ഞ സ്വകാര്യതാ ലംഘനത്തിന് നാം വിളിക്കുന്ന പേര് മാധ്യമ പ്രവര്‍ത്തണമെന്നാണ്. അരുന്ധതി റോയിയെ മദ്യപിച്ച് പിച്ചും പേയും പറയുന്ന സ്ത്രീയായി വരച്ചിട്ടതും ഇതേ മാതൃഭൂമിയുടെ കാകദൃഷ്ടി തന്നെ. news pappes
ഇത്തരത്തില്‍ വലതുപക്ഷ സ്ത്രീവിരുദ്ധ അജണ്ടകളെ ആവോളം വെള്ളവും വളവുമിട്ട് വളര്‍ത്തിയ കേരളം സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ മനോരോഗികളുടെ ലാവണമാണ്. അതുകൊണ്ടാണ് ആശയപരമായ വിയോജിപ്പുകള്‍ വേണ്ടിവരുമ്പോള്‍, അതിനു ശേഷിയില്ലാതെ സ്ത്രീകളെ അവരുടെ സ്വകാര്യതയിലും സ്ത്രീ എന്ന ജൈവികഘടന വെച്ചും അധിക്ഷേപിക്കുന്ന രീതിയിലേക്ക് ആളുകള്‍ മാറുന്നത്. കെ.കെ. ശൈലജ ടീച്ചറെ മുല്ലപ്പള്ളി രാമചന്ദ്രന്‍ റോക് ഡാന്‍സര്‍ എന്ന് വിളിച്ചതും, മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിക്കുഞ്ഞമ്മ എന്ന് ആക്ഷേപിച്ചതും കെ.കെ. രമയെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നതും മാധ്യമ പ്രവര്‍ത്തകയായ നിഷ പുരുഷോത്തമനെ വ്യക്തിഹത്യ നടത്താന്‍ മുതിരുന്നതുമൊക്കെ കേരള സമൂഹത്തിലെ സ്ത്രീവിരുദ്ധതയുടെ സര്‍വ്വകക്ഷി സ്വീകാര്യതയില്‍ മാത്രമല്ല, അതിനു സാമൂഹ്യമായി ഏറെ സ്വീകാര്യതയുള്ളതുകൊണ്ടുകൂടിയാണ്. 

സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ഏറെ ദുഷ്‌ക്കരമാണ്...

മാധ്യമ സ്വാതന്ത്ര്യത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ചകള്‍ നടത്താന്‍ ഒരു ജനാധിപത്യ സമൂഹത്തിനു അവകാശമില്ല. മാധ്യമ സ്വാതന്ത്ര്യം ഒരു ഒറ്റമരമല്ല. അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വനത്തിലെ മഹാവൃക്ഷങ്ങളില്‍ ഒന്നാണ്. അതിനു നേരെയുയരുന്ന ഭീഷണി ഈ രാജ്യത്തിന്റെ നിലനില്‍പിനെതിരെയാണ്. അതുകൊണ്ട് മാധ്യമ സ്വാതന്ത്ര്യം എന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ അവിഭാജ്യ ഘടകവുമാണ്. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യം സ്വതന്ത്ര മാധ്യമങ്ങളെ ഒരു ഉപോല്‍പ്പന്നം എന്ന നിലയില്‍ സൃഷ്ടിക്കുന്നില്ല. തികഞ്ഞ വര്‍ഗപക്ഷപാതമുള്ള, രാഷ്ട്രീയമുള്ള മാധ്യമങ്ങള്‍ തന്നെയാണ് മാധ്യമ സ്വാതന്ത്ര്യമുപയോഗിച്ച് പ്രവര്‍ത്തിക്കുക. അതില്‍ അത്ഭുതമോ അമ്പരപ്പോ അസഹിഷ്ണുതയോ ആവശ്യമില്ല. അത്തരത്തിലൊരു രാഷ്ട്രീയപ്രയോഗമായി മാധ്യമപ്രവര്‍ത്തനം മാറുന്നത് പുതുമയുള്ള കാര്യമല്ലെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പ്രവര്‍ത്തനത്തിന്റെ സമ്പുഷ്ട ഭൂതകാലം തന്നെ തെളിവുതരുന്നുമുണ്ട്. സ്വാഭാവികമായും മറ്റേത് മേഖലയിലേയുംപോലെ മാധ്യമപ്രവര്‍ത്തനത്തിലും ഇത്തരം വിരുദ്ധ വര്‍ഗ താത്പര്യങ്ങളുടെയും രാഷ്ട്രീയ താത്പര്യങ്ങളുടെയും ഏറ്റുമുട്ടലുകള്‍ ഉണ്ടാകും. ഈ ഏറ്റുമുട്ടല്‍ അനിവാര്യമായ ഒരു വൈരുധ്യമാണ്.
ഇതെഴുമ്പോള്‍ കാരവന്‍ മാഗസിനിലെ മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹിയില്‍ സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിച്ചു കഴിഞ്ഞു. അതിലെ സ്ത്രീ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു. സുപ്രീം കോടതിയെ വിമര്‍ശിച്ചതിന് പ്രശാന്ത് ഭൂഷണെ സുപ്രീം കോടതി കുറ്റക്കാരനെന്ന് വിധിച്ചു. ദല്‍ഹി യൂണിവേഴ്സിറ്റിയിലെ മറ്റൊരു പ്രൊഫസറെക്കൂടി എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. രാജ്യം വളരെ വേഗത്തില്‍ ഫാസിസത്തിലേക്കുള്ള യാത്ര നടത്തുകയാണ്. പക്ഷെ മലയാള വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചയിപ്പോഴും നയതന്ത്ര ബാഗിനെക്കുറിച്ച് മാത്രമാണ്. അതായത് മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവുമൊന്നും മാധ്യമ മുതലാളിമാരുടെ ആകുലതകളല്ല.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പിറ്റേന്ന് ഒഴിച്ചിട്ട മുഖപ്രസംഗ പേജുമായി ഇറങ്ങിയ പത്രങ്ങളെ നമ്മളോര്‍ക്കുന്നുണ്ട്. എല്ലാവരും സായിപ്പിനെപ്പോലെ ഉടുത്തുകെട്ടി നടക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരൊറ്റമുണ്ടുടുത്തു നടന്ന മനുഷ്യനെയാണ് നമ്മളിന്നോര്‍ക്കുന്നത്. അന്വേഷണത്തിന്റെ യാത്രയില്‍ ഗുരുപൂജകള്‍ക്കിടയിലെ ക്ഷുദ്രതകളില്‍ നിന്നും ഇറങ്ങിപ്പോയ നാരായണ ഗുരുവിനെയാണ് നമ്മളോര്‍ക്കുന്നത്. വിഷം കയറി തണുക്കുന്ന ശരീരത്തില്‍ നിന്ന് സഖാക്കളെ മുന്നോട്ട് എന്ന് പറയാന്‍ മാത്രം ജീവന്‍ പിടിച്ചുനിര്‍ത്തിയ സഖാവിനെയാണ് നമ്മളോര്‍ക്കുന്നത്. ചരിത്രത്തിന്റെ ഓര്‍മ്മകള്‍ ധീരമായ നിഷേധങ്ങളുടെ മറ്റൊരു പ്രപഞ്ചമാണ്. അനുസരണയുടേയും യാഥാസ്ഥിതികതയുടെയും ലോകത്തില്‍ ജീവിക്കാനെളുപ്പമാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ഏറെ ദുഷ്‌ക്കരവും.


നമ്മുടെ കുട്ടികള്‍ക്കുവേണ്ടി ജേണലിസ്റ്റുകള്‍  മുഖ്യമന്ത്രിയോട് ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങള്‍

  • Tags
  • #Media Criticism
  • #Pramod Puzhankara
  • #Malayala Manorama
  • #Fascism
  • #Narendra Modi
  • #BJP
  • #Rajeev Chandrasekhar
  • #Arnab Goswami
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
tractor rally

Farmers' Protest

ഡോ. സ്മിത പി. കുമാര്‍

​ട്രാക്​റ്റർ റാലി തുടങ്ങി, ഈ റിപ്പബ്ലിക്​ കർഷകരുടേതാണ്​

Jan 25, 2021

8 Minutes Read

delhi chalo march

Farmers' Protest

കെ. സഹദേവന്‍

സുപ്രീംകോടതി ഇടപെട്ടിട്ടും കർഷകർ ​പ്രക്ഷോഭം തുടരുന്നത്​ എന്തുകൊണ്ട്​?

Jan 13, 2021

7 Minutes Read

2020 Indian farmers' protest

Farmers' Protest

കെ. സഹദേവന്‍

തണുപ്പ് പൂജ്യം ഡിഗ്രി പ്രക്ഷോഭം 100 ഡിഗ്രി സമരകര്‍ഷക കാത്തിരിക്കുന്നത് ആ ഏഴ് വാക്കുകള്‍

Jan 06, 2021

4 Minutes Read

THWAHA

UAPA

പ്രമോദ് പുഴങ്കര

താഹയ്ക്ക് കിട്ടാത്ത രാജ്യതാത്പര്യത്തിന്റെ ജാമ്യം

Jan 05, 2021

11 Minutes Read

Rabindranath_Tagore

Opinion

കെ.എം. സീതി

‘വിശ്വഭാരതി' ശതാബ്ദി: മോദിയുടെ 'ആത്മനിര്‍ഭര്‍ ഭാരത'വും ടാഗോറിന്റെ വിശ്വമാനവികതയും 

Jan 01, 2021

10 Minutes Read

cpim 2

Interview

പ്രസന്‍ജീത് ബോസ്/ എന്‍. കെ. ഭൂപേഷ്

അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാളില്‍ ഇടതുപക്ഷത്തിന്​ എന്തു സംഭവിക്കും?

Dec 29, 2020

10 Minutes Read

dilli chalo

Farmers' Protest

ഡോ. സ്മിത പി. കുമാര്‍

മന്‍കി ബാത്തിന്റെ ഒച്ചയ്ക്ക് മുകളില്‍ പാത്രം കൊട്ടാന്‍ ആഹ്വാനം

Dec 21, 2020

10 Minutes Read

2

Politics

പ്രമോദ് പുഴങ്കര

പിണറായിയുടെ കിറ്റും കിറ്റെക്‌സിന്റെ കിറ്റും ഒന്നല്ല

Dec 20, 2020

23 Minutes Read

Next Article

സ്‌കൂള്‍ തുറക്കല്‍, സിലബസ്, പരീക്ഷ; തീരുമാനം വൈകില്ലെന്ന് പ്രതീക്ഷിക്കാം

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster