truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 05 July 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 05 July 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Thaha Alan

Politics

താഹ-അലന്‍-യു.എ.പി.എ:
സി.പി.എമ്മിന്റെ ചരിത്രപരമായ
മറ്റൊരു മണ്ടത്തരം

താഹ-അലന്‍-യു.എ.പി.എ: സി.പി.എമ്മിന്റെ ചരിത്രപരമായ മറ്റൊരു മണ്ടത്തരം

ഭരണകൂട അടിച്ചമര്‍ത്തലിനുപയോഗിക്കുന്ന ഏറ്റവും ഭീകരമായ ആയുധമായ യു.എ.പി.എയെ സമ്പൂര്‍ണമായി നിരാകരിക്കുകയും തള്ളിക്കളയുകയും ചെയ്യാതെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള സമരത്തിന് മുന്നോട്ട് പോകാനാകില്ല. അതുകൊണ്ടുതന്നെ ചില അവസരവാദ നേട്ടങ്ങള്‍ക്ക് ഈ വിശാലമായ രാഷ്ട്രീയത്തേയും പോരാട്ടങ്ങളെയും തള്ളിപ്പറയുന്നത് മുഖ്യധാരാ ഇടതുപക്ഷകക്ഷികളെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. പൗരസമൂഹത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് നില്‍ക്കാനുള്ള ചരിത്രപരമായ കടമായാണ് സി.പി.എം ഇല്ലാതാക്കുന്നത്

14 Sep 2020, 04:57 PM

പ്രമോദ് പുഴങ്കര

ഒരു രാത്രി, നിന്നനില്‍പ്പില്‍ രണ്ടു മനുഷ്യരെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയും അവരുടെ രാഷ്ട്രീയാഭിപ്രായങ്ങള്‍ ദേശസുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച് യു.എ.പി.എ (UAPA- Unlawful Activities Prevention Act ) ചുമത്തുകയും ചെയ്ത് തടവിലിട്ടതിന് പത്തുമാസങ്ങള്‍ക്കിപ്പുറം അവര്‍ക്ക് കോടതി ജാമ്യം നല്‍കിയിരിക്കുന്നു. അതും കേരള പൊലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സിയുടെ (NIA) മുടന്തന്‍ തടസ്സവാദങ്ങളയും കണ്ടെത്തലുകളേയും അക്ഷരാര്‍ത്ഥത്തില്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ യു.എ.പി.എ വിരുദ്ധരായി പരമാവധി നടിക്കുന്ന ഒരു നാട്ടില്‍ പത്തുമാസം ആ ജനാധിപത്യവിരുദ്ധ നിയമത്തിനു കീഴില്‍ തടവില്‍ കിടന്ന് താഹയും അലനും താത്ക്കാലികമായി ജയില്‍ മോചിതരായി. ഒപ്പം, ഒരു പൗരസമൂഹം എന്ന നിലയില്‍ നാം ഉയര്‍ത്തേണ്ടതും ഉത്തരം തേടേണ്ടതുമായ നിരവധി രാഷ്ട്രീയ സമസ്യകളും നമുക്കുമുന്നില്‍ ബാക്കിയാണ്.

യു.എ.പി.എ; ആശ്വസിക്കാന്‍ വരട്ടെ

താഹക്കും അലനുമെതിരെ ആദ്യഘട്ടത്തില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ പലതും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അന്വേഷണ ഏജന്‍സി തന്നെ വേണ്ടെന്നുവെച്ചിരിക്കുന്നു. അവശേഷിക്കുന്ന ദുര്‍ബലമായ ആരോപണങ്ങള്‍ ജാമ്യം അനുവദിച്ച കോടതിയുടെ നിരീക്ഷണങ്ങള്‍ വെച്ചുനോക്കിയാല്‍ നിയമപരമായും തെളിവുകളുടെ അടിസ്ഥാനത്തിലും വിചാരണവേളയില്‍ നിലനില്‍ക്കാന്‍ യാതൊരു സാധ്യതയും ഇല്ലാത്തതാണുതാനും. ഇത് ആ വിഷയത്തിലെ നിയമതര്‍ക്കങ്ങളിലെ സാധ്യതകളാണ്.

അത് മറ്റൊരു വിഷയമാണ്. കാരണം, നിയമപരമായി ഒരാളെ യു.എ.പി.എക്കു കീഴില്‍ കുറ്റക്കാരനാക്കാന്‍ എന്തൊക്കെ ആവശ്യമാണ്, ആവശ്യമല്ല എന്നൊരു തര്‍ക്കത്തിന്റെ ഭാഗമാണത്. അത്തരമൊരു നിയമപോരാട്ടം അനിവാര്യമാണുതാനും. എന്നാല്‍, യു.എ.പി.എ പോലൊരു ജനാധിപത്യവിരുദ്ധ നിയമത്തിന്റെയും അതിന്റെ രാഷ്ട്രീയ പ്രയോഗത്തിന്റെയും സാമൂഹ്യ-രാഷ്ട്രീയ പരിസരമാണ് നാം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട വിഷയം. താഹയും അലനും താല്‍ക്കാലികമായി മോചിതരാകുമ്പോള്‍ അവര്‍ക്കെതിരെയുള്ള യു.എ.പി.എ കേസ് ദുര്‍ബലമാണ് എന്നറിയുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം വിശാലാടിസ്ഥാനത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളെയും പോരാട്ടങ്ങളെയും വിസ്മരിക്കാന്‍ വിധം നമ്മെ അലസരാക്കിക്കൂടാ.

ജയില്‍ മോചിതനായ അലന്‍ പിതാവ് ഷുഹൈബിനൊപ്പം.
ജയില്‍ മോചിതനായ അലന്‍ പിതാവ് ഷുഹൈബിനൊപ്പം.

രാജ്യത്തെ പ്രാഥമിക വിഭവസ്രോതസുകളെ കൊള്ളയടിക്കുന്ന ചങ്ങാത്ത മുതലാളിത്തം (Crony Capitalism) ഭരണകൂടത്തിനെ തങ്ങളുടെ സ്വകാര്യ സായുധസേനയാക്കി മാറ്റിക്കൊണ്ട്, 1990കള്‍ക്കുശേഷം നടത്തിയ കടന്നാക്രമണത്തെ ചെറുത്തുനിന്ന പ്രാദേശിക ജനതകളെയും ആദിവാസികളേയും സൈനിക നീക്കത്തിലൂടെ കൊന്നൊടുക്കിക്കൊണ്ടായിരുന്നു ആ വിഭവക്കൊള്ള നടത്തിയത്. ഖനന മേഖലകളില്‍ പ്രത്യേകിച്ചും ആദിവാസികളെ കുടിയൊഴിപ്പിക്കുന്ന നീക്കം രൂക്ഷമായി. ഇതിനെതിരായ ജനകീയ ചെറുത്തുനില്‍പ്പുകള്‍ക്ക് പല രൂപങ്ങളുമുണ്ടായി. മുഖ്യധാരാ രാഷ്ട്രീയത്തോട് സംവദിക്കുന്ന ജനകീയ മുന്നേറ്റങ്ങളും, മുതലാളിത്തത്തോട് പ്രത്യയശാസ്ത്ര ഭിന്നതയൊന്നുമില്ലാത്ത സര്‍ക്കാരേതര സന്നദ്ധ സംഘടനകളും മുതല്‍ സായുധ ചെറുത്തുനില്‍പ്പുകള്‍ നടത്തുന്ന സി.പി.ഐ (മാവോവാദി) വരെ ഇതിന്റെ ഭാഗമാണ്. മാവോയിസ്റ്റ് പാര്‍ട്ടിയാകട്ടെ ഈ ചെറുത്തുനില്‍പ്പുകളെ ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ തങ്ങളുടെ നീണ്ടുനില്‍ക്കുന്ന ബഹുമുഖ ജനകീയ യുദ്ധത്തിന്റെ ഭാഗമായാണ് വികസിപ്പിക്കാന്‍ ശ്രമിച്ചത്.

പ്രതിഷേധത്തിന്റെ അറ്റത്ത് തടവറ

യാതൊരു ജനാധിപത്യ നാട്യങ്ങളുമില്ലാതെ, എല്ലാത്തരം മനുഷ്യാവകാശ പ്രമാണങ്ങളേയും തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ ഭരണകൂടം കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കായി ഈ യുദ്ധം നടത്തുന്നത്. Operation Greenhunt എന്ന പേരില്‍ അറിയപ്പെട്ട ഈ മാവോവാദി വിരുദ്ധ സൈനിക നീക്കത്തില്‍ പല തലങ്ങളിലായി ഏതാണ്ട് നാല് ലക്ഷത്തോളം സുരക്ഷാ സൈനികരാണ് പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ഖനന മേഖലകളായ വനപ്രദേശങ്ങളില്‍ നിന്ന്​ആദിവാസികളെ കുടിയൊഴിപ്പിക്കുക എന്നതായിരുന്നു ഈ സൈനികനീക്കത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്ന്. ഒപ്പം, ആദിവാസികളുടെയും മാറ്റ് തദ്ദേശീയ ജനവിഭാഗങ്ങളുടേയും ചെറുത്തുനില്‍പ്പുകളെ കായികമായിത്തന്നെ തുടച്ചുനീക്കാനും ഇത് ലക്ഷ്യമിട്ടു.

ലോകത്ത് തന്നെ അപൂര്‍വമായി നടന്ന വിധത്തില്‍ ആദിവാസികള്‍ക്കെതിരെ ആദിവാസികളെത്തന്നെ യുദ്ധത്തിനിറക്കുന്ന ഹീനതന്ത്രവും ഭരണകൂടം ഉപയോഗിച്ചു. ‘സല്‍വാ ജുദും' എന്ന ആദിവാസി സ്വകാര്യ സായുധ സേന ഇതിന്റെ ഫലമായിരുന്നു. ഇന്ത്യന്‍ ഭരണകൂട സായുധസേനകള്‍ക്കൊപ്പം ചേര്‍ന്ന്​ സല്‍വാ ജൂഡും നടത്തിയ അതിഭീകരമായ ആക്രമണങ്ങള്‍ മധ്യേന്ത്യയിലെ ആദിവാസി സമൂഹത്തില്‍ ഏല്‍പ്പിച്ച സാമൂഹികാഘാതം ഇപ്പോഴും നീറുന്ന മുറിവായി നിലനില്‍ക്കുകയാണ്. കൊള്ളയും കൊലയും കൊള്ളിവെപ്പും സ്ത്രീപീഡനങ്ങളുമായി തുടരുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും ഭീകരമായ ആക്രമണഘട്ടമായിരുന്നു അത്. മെയ് 2007ല്‍ സാമൂഹ്യപ്രവര്‍ത്തക കൂടിയായ പ്രൊഫ. നന്ദിനി സുന്ദര്‍, സല്‍വാ ജുദും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ പറയുന്ന കണക്കുകള്‍ പ്രകാരം 2005- 2007 ഇടയില്‍ 500 കൊലപാതകങ്ങള്‍, 103 കൊള്ളിവെപ്പുകള്‍, 99 ബലാത്സംഗങ്ങള്‍ എന്നിവയെല്ലാ സല്‍വാ ജുദും നടത്തിയതായി പുറത്തുപറയുന്ന കണക്ക്​ മാത്രമുണ്ട്.

റിട്ട് സമര്‍പ്പിച്ച് നാല് മാസം കഴിഞ്ഞപ്പോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഛത്തീസ്ഗഡ് പൊലീസ് ആക്ട് നടപ്പാക്കി. സല്‍വാ ജുദും അംഗങ്ങളെ Special Police Officer (SPO) ആയി പൊലീസ് സേനയിലേക്ക് ചേര്‍ക്കാനായിരുന്നു ഇത്. എന്നാല്‍ സുപ്രീംകോടതി കേസില്‍ വിധി പറയുകയും സല്‍വാ ജുദും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്റെ ഒഴിഞ്ഞുമാറലും  ഭരണഘടനാ പരിധികളുംടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നീക്കം റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷം Chhattisgarh Auxiliary Force Act -2011 എന്ന പേരില്‍ മറ്റൊരു നിയമം കൊണ്ടുവന്ന് മറ്റൊരു വഴിയിലൂടെ സല്‍വാ ജുദുമിനെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമിച്ചിരുന്നു.

ചത്തീസ് ഗഡ്
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളെ ആംബുലന്‍സിലേക്ക് മാറ്റുന്ന പൊലീസ്.  / Photo: IANS

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരും ഛത്തീസ്ഗഡില്‍ ബി.ജെ.പി സര്‍ക്കാരും അധികാരത്തിലിരുന്ന കാലത്താണ് ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരു മറയും കൂടാതെ, പരസ്പര സഹകരണത്തോടെ നടപ്പാക്കിയത് എന്നോര്‍ക്കണം. യു.എ.പി.എ കൊണ്ടുവന്ന കോണ്‍ഗ്രസിനും അതിനെ എല്ലാവിധ നൃശംസതകളോടും കൂടി ഉപയോഗിക്കുന്ന ബി.ജെ.പിക്കും  അക്കാര്യത്തില്‍ ഭേദമൊന്നുമില്ല എന്ന് ചുരുക്കം.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യു.എ.പി.എ കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ജാര്‍ഖണ്ഡില്‍ 2014-ല്‍ 44 കേസാണ് ഉണ്ടായതെങ്കില്‍ 2018ല്‍ 137 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ 2014ല്‍ 30 കേസില്‍നിന്ന് 2018ല്‍ 107 ആയും അസമില്‍ 2014ല്‍ 148 ല്‍നിന്ന് 2018ല്‍ 308 ആയും ഉയര്‍ന്നു. ഇത് സ്വാഭാവികമായി സംഭവിച്ചതല്ല. കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് ജനകീയപ്രക്ഷോഭങ്ങളെ വ്യാപകമായി അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഈ ജനാധിപത്യവിരുദ്ധ നിയമം ബി.ജെ.പി തങ്ങളുടെ അതിദേശീയത അജണ്ടയുടെ അനുബന്ധ ആയുധമായി ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതോടെ രാജ്യവിരുദ്ധരാവുകയും ദേശവിരുദ്ധരാവുകയും ചെയ്യുക എന്നത് ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയെ എതിര്‍ക്കുക എന്നതിന്റെ മറ്റൊരു പേരായി മാറി. പ്രതിഷേധത്തിന്റെ അറ്റത്ത് തടവറ എന്നൊരു സാധ്യത സ്ഥിരമായി പ്രതിഷ്ഠിക്കപ്പെട്ടു.

അതുവരെ മുഖ്യധാരാ സമൂഹം തങ്ങള്‍ക്ക് പുറത്തുള്ള ഒരു വിചിത്രവും കഥാസമാനവുമായ വിദൂര ഇന്ത്യയില്‍ മാത്രം നിലനിന്നില്‍ക്കുന്നു എന്ന് സമാശ്വസിച്ചിരുന്ന ഒരു മനുഷ്യാവകാശ വിരുദ്ധനിയമം ലിബറല്‍ ഇന്ത്യയുടെ സ്വീകരണ മുറികളിലേക്ക് പാതിരാത്രി വാതിലില്‍ മുട്ടിയും മുട്ടാതെയും കടന്നുവരാന്‍ തുടങ്ങി. ഇടതുപക്ഷ ആശയങ്ങളുടെ വിത്തും വിളയുമുള്ള ഇടങ്ങളെന്ന് കരുതിയ സര്‍വകലാശാല വളപ്പുകളിലേക്ക് സംഘപരിവാര്‍ ഗുണ്ടകള്‍ക്കൊപ്പം ഭരണകൂടം യു.എ.പി.എ പോലുള്ള നിയമങ്ങളുമായി കടന്നെത്തി. ഇതിനാവശ്യമായ ഒരു തിരക്കഥ തയ്യാറാക്കിയാണ് കേന്ദ്ര സര്‍ക്കാരും സംഘപരിവാറും ഇത് ചെയ്തത്.
രാജ്യത്ത് ഹിന്ദു അതിദേശീയതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇതിനായി സംഘപരിവാര്‍ ആദ്യം ചെയ്തത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത്തരത്തിലൊരു വെറുപ്പിന്റെ രാഷ്ട്രീയ ഉല്‍പ്പന്നമായതുകൊണ്ട് ശേഷമുള്ള കളമൊരുക്കാന്‍ അത്ര പണിപ്പെടേണ്ടി വന്നില്ല സംഘപരിവാറിന്. ആദ്യഘട്ടത്തില്‍ വിദേശ ബന്ധമുള്ള സര്‍ക്കാരേതര സന്നദ്ധ സംഘടനകളെയായിരുന്നു ആക്രമണത്തിനിരയാക്കിയത്. സാമൂഹ്യപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും വിശ്വാസ്യത നശിപ്പിക്കുക എന്നതായിരുന്നു ഇതിലെ ഒരു പ്രധാന അടവ്. ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാര്‍ തീവ്രവാദികള്‍ക്കെതിരെയും നരേന്ദ്ര മോദി അതില്‍ വഹിച്ച പങ്കിനെതിരെയുമെല്ലാം നിരന്തരം ശബ്ദിച്ച ടീസ്റ്റ സെതല്‍വാദിനെതിരെ വിവിധ തരത്തില്‍ കേസെടുത്തുകൊണ്ടായിരുന്നു ഇതാരംഭിച്ചത്. തുടര്‍ന്ന് ഗ്രീന്‍പീസിനെതിരെ സര്‍ക്കാര്‍ തിരിഞ്ഞു. കൂടംകുളം ആണവനിലയത്തിനെതിരായ സമരവും മധ്യപ്രദേശിലെ മഹാന്‍ കല്‍ക്കരി ഖനിക്കെതിരായ സമരവും നയിച്ചതിന് ആ സംഘടനയേയും പ്രവര്‍ത്തകരെയും സര്‍ക്കാര്‍ വേട്ടയാടി. തുടര്‍ന്നിങ്ങോട്ട് ആംനസ്റ്റി അടക്കമുള്ള നിരവധി സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ഏതാണ്ട് ഇല്ലാതാക്കി എന്നുതന്നെ പറയാം.

സര്‍വകലാശാലകളിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുനേരെയും പൗരസമൂഹത്തിലെ ഇടതുപക്ഷത്തിനെതിരെയും അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ നീങ്ങി. സര്‍വകലാശാലകള്‍ക്കുനേരെ നടത്തിയ കടന്നാക്രമണം ഇതിന്റെ ഭാഗമായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഹിന്ദുത്വ ഗുണ്ടകള്‍ ആക്രമണം നടത്തുകയായിരുന്നു. ഇടതു ബുദ്ധിജീവികള്‍ക്കെതിരായ ആക്രമണം മാത്രമായി അത് ഒതുങ്ങി നില്‍ക്കും എന്ന ധാരണ അധികം നീണ്ടില്ല എന്നത് മറ്റൊരു വാസ്തവം. മാവോവാദികള്‍, അനുഭാവികള്‍, ദേശവിരുദ്ധര്‍, മുസ്ലിം തീവ്രവാദികള്‍ എന്നിങ്ങനെ നീണ്ടുപോകുന്ന പട്ടികയില്‍ തരാതരം പോലെ ലിബറല്‍ ഇന്ത്യയുടെ അത്താഴവിരുന്നുകളില്‍ നിന്ന് ആളുകള്‍ ചേര്‍ക്കപ്പെട്ടതോടെ രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് മുഖ്യധാരാ ലിബറല്‍ ഇന്ത്യക്ക് തോന്നിത്തുടങ്ങി എന്നും പറയാം.

അനീതിയുടെ കുതിരക്ക് കാഴ്ചയുടെ ആവശ്യമില്ല

രാജ്യത്തിനെ, ഭരണകൂട താല്‍പര്യവുമായി കൂട്ടിച്ചേര്‍ത്ത് പ്രദര്‍ശിപ്പിക്കുക എന്നത് ഏതു ഭരണകൂടവും ചെയ്യുന്ന ഏകപക്ഷീയമായ അടവാണ്. വികസനം എന്നതായിരുന്നു യു.പി.എ ഭരണകാലത്ത് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ അവരുപയോഗിച്ച ആഖ്യാനം. കോര്‍പ്പറേറ്റ് കൊള്ളക്കും ഫ്യൂഡല്‍ ഭൂവുടമ ബന്ധങ്ങള്‍ക്കുമെതിരായ ജനകീയ ചെറുത്തുനില്‍പ്പുകളെ സൈനികമായി അടിച്ചമര്‍ത്താന്‍ ഈ വികസന വ്യാളിയെയാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ തുറന്നുവിട്ടത്. ഇടതുപക്ഷ തീവ്രവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരവിപത്തെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചത് ഈ കോര്‍പ്പറേറ്റ് വികസന പരിപാടിയുടെ പശ്ചാത്തലത്തിലാണ്. രാജ്യത്തെ വനമേഖലകള്‍ കോര്‍പ്പറേറ്റ് ഖനന മാഫിയക്ക് തുറന്നുകൊടുത്ത സര്‍ക്കാര്‍ നയത്തിനെതിരെ വനവുമായി ബന്ധപ്പെട്ട് താമസിക്കുകയും ഉപജീവനമാര്‍ഗം കണ്ടെത്തുകയും ചെയ്യുന്ന ആദിവാസികള്‍ ഉയര്‍ത്തിയ ജനകീയ ചെറുത്തുനില്‍പ്പായിരുന്നു ഈ നിലപാടിന്റെ പ്രധാന പ്രേരകശക്തി. മദ്ധ്യേന്ത്യയിലെങ്ങുമായി ഈ ജനകീയ ചെറുത്തുനില്‍പ്പുകള്‍ക്ക് മാവോവാദി പ്രസ്ഥാനം നല്‍കിയ നേതൃത്വമാണ് ഇന്ത്യന്‍ ഭരണകൂടത്തെ ഈ പരസ്യമായ സൈനികനീക്കത്തിലേക്ക് എത്തിച്ചത്.
ഈ ഏറ്റുമുട്ടലാകട്ടെ ഒരിക്കലും സമാനശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നില്ല. ഒരു ജനവിഭാഗം എന്ന നിലയില്‍ ഇല്ലാതാക്കപ്പെടും എന്ന പ്രതിസന്ധി നേരിടുന്ന ഒരു ജനതയും കോര്‍പ്പറേറ്റുകള്‍ക്കും ഭരണവര്‍ഗത്തിനുമായി എല്ലാവിധ അളവറ്റ സൈനികശക്തിയുമായി വരുന്ന ഭരണകൂടവുമായുള്ള ഏറ്റുമുട്ടലാണത്. ആഭ്യന്തരമായി കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് മനുഷ്യരെയാണ് ഈ സൈനികാക്രമണത്തിലൂടെ ഭരണകൂടം ഉണ്ടാക്കിയത്. അര്‍ദ്ധസേന വിഭാഗങ്ങളും പ്രത്യേകമായി ഉണ്ടാക്കിയ നക്‌സല്‍ വേട്ടക്കായുള്ള സംഘങ്ങളും സല്‍വാ ജുദും പോലുള്ള നിയമവിരുദ്ധ സായുധ സേനകളുമൊക്കെ നടത്തിയ ഭീകരതയുടെ ഒരു ചെറിയ അംശം പോലും ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇത് മദ്ധ്യേന്ത്യയില്‍ മാത്രമായി ഒതുങ്ങിയില്ല. പശ്ചിമ ബംഗാളിലെ ലാല്‍ഗഢ്, മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളിലെല്ലാം ഇതുതന്നെയാണ് നടന്നത്. നൂറുകണക്കിന് കൊലപാതകങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, ബലാത്സംഗങ്ങള്‍, അന്യായ തടങ്കലുകള്‍, ഒരു ആഭ്യന്തര സൈനികാധിനിവേശം എന്നുവിളിക്കാവുന്ന സൈനികാതിക്രമങ്ങള്‍, കത്തിച്ചുകളഞ്ഞ നൂറുകണക്കിന് ആദിവാസി താമസ മേഖലകള്‍ ഇതെല്ലാം വികസനത്തിന്റെ കോര്‍പ്പറേറ്റ് സ്വപ്നങ്ങള്‍ക്കായി ഒരു ജനത കൊടുത്തുകൊണ്ടിരിക്കുന്ന വിലയാണ്.

യു.എ.പി.എ കേസുകള്‍ ഏറ്റവും കൂടുതലുള്ള മണിപ്പൂര്‍ അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു-കാശ്മീരിലും കാരണങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതികരണം ഇതുതന്നെയായിരുന്നു. എന്ത് ഭീകരമായ മനുഷ്യാവകാശ ലംഘനം നടത്തിയാലും സൈനികര്‍ക്ക് സംരക്ഷണം നല്‍കുന്ന Armed Forces Special Protection Act കൂടിയുള്ളപ്പോള്‍ അനീതിയുടെ കുതിരക്ക്​ കാഴ്ചയുടെ ആവശ്യമില്ലായിരുന്നു. അപ്രത്യക്ഷരാകുന്ന ജനാധിപത്യ പോരാളികളുടെ എണ്ണം കൂടി വന്നു. ഒരു രാഷ്ട്രീയ സംവാദത്തിനും സാധ്യതയില്ലാത്തവണ്ണം ജമ്മു കാശ്മീരിനുള്ള പ്രത്യേക ഭരണഘടനാ അവകാശങ്ങള്‍ എടുത്തുകളയുകയും ജമ്മു കാശ്മീര്‍ എന്ന സംസ്ഥാനത്തെ രണ്ടായി മുറിക്കുകയും ചെയ്തതോടെ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ നിര്‍മാണ പ്രക്രിയയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ നരേന്ദ്ര മോദിയുടെ ഹിന്ദുത്വ സര്‍ക്കാര്‍ അട്ടിമറിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഈ നീക്കത്തിന് പിന്തുണ നല്‍കുകയായിരുന്നു ചെയ്തത് എന്നുകൂടി ഓര്‍ത്തുവെച്ചാലേ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരം എത്ര ഹീനമായാണ് വഞ്ചിക്കപ്പെടുന്നത് എന്ന് മനസിലാകൂ.

സ്വന്തം ജനതയുടെ വലിയൊരു വിഭാഗത്തോട് നിരന്തരം യുദ്ധം നടത്തുന്ന ഭരണകൂടത്തിന് യു.എ.പി.എ പോലുള്ള ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ കൂടാതെ നിലനില്‍ക്കാനാകില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ നിലവിലെ യു.എ.പി.എ നിയമത്തില്‍, വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാനുള്ള ഭേദഗതികളടക്കം കൊണ്ടുവന്നു. തങ്ങള്‍ കൊണ്ടുവന്ന ഒരു ജനാധിപത്യവിരുദ്ധ നിയമത്തെ കൂടുതല്‍ ശക്തിയോടെ സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ആയുധമാക്കാനുള്ള ഭേദഗതികളെ കോണ്‍ഗ്രസ് പാര്‍ട്ടി പിന്താങ്ങി. ജനകീയ സമരങ്ങളോടും പ്രതിഷേധത്തോടുമുള്ള ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ഒത്തൊരുമയുള്ള നിലപാടായിരുന്നു അത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ച്​, സംസ്ഥാനത്തിന്റെ ക്രമസമാധാന പാലന അധികാരങ്ങളെ വരെ കവര്‍ന്നെടുത്ത എന്‍.ഐ.എ നിയമഭേദഗതികളേയും കോണ്‍ഗ്രസ് പിന്തുണച്ചു. അതായത് ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിന്റെ ക്ഷോഭം അറവുശാലയില്‍ ആടിന് വെള്ളം കൊടുക്കുന്ന കശാപ്പുകാരന്റെ കാരുണ്യമാണ്.

സംഘ്പരിവാറിന് ഇല്ലാതാക്കേണ്ടത് ഇടതുപക്ഷത്തെ

സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനുള്ള അജണ്ട നടപ്പാക്കുന്നതിന് വിലങ്ങുതടിയാകുന്ന എല്ലാ മതേതര, ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങളെയും ഒന്നൊന്നായി അവര്‍ ഇല്ലാതാക്കുകയാണ്. എന്നാല്‍ അതിനൊപ്പം ചെയ്യേണ്ട നിര്‍ണായകമായ ഒരു ആക്രമണത്തെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ട്. അത് ഇന്ത്യയിലെ ഇടതുപക്ഷം എന്ന ആശയത്തെ ഇല്ലാതാക്കുകയാണ്. കേവലമായ രാഷ്ട്രീയ സംഘടന എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ മൂല്യബോധത്തെ അതിനുള്ളില്‍ ഒളിപ്പിച്ചുവെച്ച മുതലാളിത്ത മൂലധന ഭീകരതയുടെ അടിസ്ഥാനത്തില്‍ സമഗ്രമായി ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ ആശയം എന്ന നിലയില്‍ ഇടതുപക്ഷത്തെ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് സംഘ്പരിവാറിനറിയാം. ജവഹര്‍ലാല്‍ നെഹ്റു പോലും ആക്രമിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പശ്ചാത്തലത്തിന്റെ പേരിലല്ല, അദ്ദേഹം പുലര്‍ത്തിയ മതേതര മൂല്യങ്ങളുടേയും പൊതുമേഖലയെ സംബന്ധിച്ച കാഴ്ച്ചപ്പാടുകളുടെയും പേരിലാണ്.

ഈ ഇടതുപക്ഷ വേട്ട തുടങ്ങുന്നതിനുവേണ്ട പൊതുബോധത്തെ നിര്‍മ്മിച്ചെടുക്കല്‍ കൂടിയാണ് Urban Naxal എന്ന രാഷ്ട്രീയ ശത്രുവിനെ പ്രതിഷ്ഠിച്ച പ്രചാരണത്തിലൂടെ നടന്നത്. ഭീമ കോരേഗാവ് കേസില്‍ വരവര റാവു, റോണാ വിത്സന്‍, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍ തുടങ്ങി സുധ ഭരദ്വാജ്, ആനന്ദ് തെല്‍തുംബ്ഡെ, ഗൗതം നവലാഖ, ഹാനി ബാബു തുടങ്ങിയവരെല്ലാം തടവിലാകുന്നത് ഇതിന്റെ ഭാഗമായാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന പച്ചക്കള്ളം അന്വേഷിച്ചു തെളിയിക്കാനുള്ള യത്‌നത്തിലാണ് അന്വേഷണ സംഘങ്ങള്‍. ഏതാണ്ട് 90% ശരീരം തളര്‍ന്ന പ്രൊഫ. സായിബാബ ഈ നഗര നക്‌സല്‍ വേട്ടയില്‍ ശിക്ഷിക്കപ്പെട്ട് സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് തടവിലാണ്.

മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയും പൗരത്വ ഭേദഗതി നിയമവിരുദ്ധ സമരങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ഉമര്‍ ഖാലിദിനെ സെപ്റ്റംബര്‍ 13ന് രാത്രിയാണ് ഡല്‍ഹി പൊലീസ് യു.എ.പി.എ  ചുമത്തി അറസ്റ്റ് ചെയ്തത്. കൊലപാതകവും കലാപവുമടക്കം നിരവധി കുറ്റാരോപണങ്ങളാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്. മറ്റു നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ ഡല്‍ഹിയിലെ മുസ്​ലിം വിരുദ്ധ വര്‍ഗീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് യു.എ.പി.എ  അടക്കമുള്ള നിയമങ്ങള്‍ വെച്ച് ദല്‍ഹി പൊലീസ് കുറ്റപത്രങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. വന്ദേമാതരം പാടാത്തതിന് ഡല്‍ഹി പൊലീസിലെ ഒരു സംഘം പൊലീസുകാര്‍ 24-കാരനായ ഫൈസിനെ തല്ലിക്കൊന്ന ഒരു കലാപത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നോര്‍ക്കണം. ആ മുസ്​ലിം വിരുദ്ധ കലാപത്തിന്റെ പേരിലാണ് ഉമര്‍ ഖാലിദ് അടക്കമുള്ള ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധ പ്രവര്‍ത്തകരെ തടവിലിടുന്നത് എന്നുമോര്‍ക്കണം.

 caa.jpg
Photo: Wikimedia Commons

ആ കലാപത്തില്‍ അക്രമത്തിന്​ ആഹ്വാനം നല്‍കിയവരുടെ പേരുകളിലാണ് അനുബന്ധ കുറ്റപത്രത്തിലെ മൊഴികളില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, പ്രൊഫ. ജയതി  ഘോഷ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ്, പ്രൊഫ. അപൂര്‍വാനന്ദ് എന്നിവരുടെ പേരുള്ളത്. ലക്ഷക്കണക്കിന് മനുഷ്യരെ മതാടിസ്ഥാനത്തില്‍ പൗരത്വഭ്രഷ്ട് കല്‍പിക്കുന്ന നിയമത്തിനെതിരെ രാജ്യത്തെങ്ങും നടന്ന മതേതര, ജനാധിപത്യ ശക്തികളുടെയും പൗര സമൂഹത്തിന്റെയും സമരത്തില്‍ സജീവമായി പങ്കെടുത്തവരെയാണ് ഭരണകൂടം ഇങ്ങനെ വേട്ടയാടുന്നത്. എന്നാലിത് വന്ന വഴി മാവോവാദി വേട്ടയുടെ പേരില്‍ കൊല്ലപ്പെട്ട നൂറുകണക്കിന് ആദിവാസികളുടെ ചോരയില്‍ ചവിട്ടിയാണെന്നും, മാവോവാദികള്‍  എന്ന പേരില്‍ തടവിലടച്ച നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുടെ തടവറകള്‍ വഴിയാണെന്നും നാമോര്‍ക്കണം. തങ്ങള്‍ക്ക് വേണ്ടി മാത്രമായൊരു ജനാധിപത്യം ഫാഷിസ്റ്റ് ഭരണത്തിലുമുണ്ടാകും എന്ന ലിബറല്‍ തെറ്റിദ്ധാരണ അതിവേഗ നീങ്ങിക്കിട്ടുന്നുണ്ട് എന്ന് കരുതാം. 

കേരളത്തിലെ യു.എ.പി.എ പ്രയോഗം

ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ മാവോവാദി വേട്ടയും യു.എ.പി.എ പ്രയോഗവും കാണേണ്ടത്. ഈ സര്‍ക്കാരിന് മുമ്പുണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ സുലഭമായി യു.എ.പി.എ പ്രയോഗിച്ചിരുന്നു. നേരത്തെ ചൂണ്ടിക്കാണിച്ചപോലെ അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്. എന്നാല്‍ ഇടതുപക്ഷ മുന്നണിയും അതേ പാതയാണ് പിന്തുടര്‍ന്നത് എന്നത് ഇടതുമുന്നണിയുടെ അധികാര രാഷ്ട്രീയ പ്രയോഗത്തെക്കുറിച്ചുള്ള പൊതുസമൂഹധാരണകള്‍ക്ക് വലിയ ആഘാതമായിരുന്നു. താഹയുടെയും അലന്റെയും കാര്യത്തില്‍ ഇതാണ് സംഭവിച്ചത്. സംഘപരിവാറിന്റെ ഭരണകൂട നയം അതേപോലെ പകര്‍ത്തുന്ന നിലപാട് ഇക്കാര്യത്തില്‍ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.

നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്, കാവേരി.
നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസ്​ വെടിവെച്ചുകൊന്ന മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്, കാവേരി എന്ന അജിത.

മാവോവാദികള്‍ നേതൃപരമായ പങ്കുവഹിക്കുന്ന ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളിലുമുള്ള മുഖ്യധാരാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പുറത്തുനില്‍ക്കുന്ന പോരാട്ടങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയകാരണങ്ങളെക്കുറിച്ച് സി.പി.എം അടക്കമുള്ള ഇടതുപക്ഷ കക്ഷികള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. മാവോവാദികള്‍ രംഗത്തില്ലാത്ത ഇന്ത്യയിലെ പല ഭാഗങ്ങളിലും പല തരത്തിലുള്ള ജനകീയ മുന്നേറ്റങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ഉണ്ടാകുന്നുണ്ട്. അതായത് മാവോവാദികള്‍ വേണോ വേണ്ടയോ എന്നതിനേക്കാള്‍ ഈ പോരാട്ടങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ പരിതഃസ്ഥിതിയെ ഇടതുപക്ഷം എന്ന ആശയത്തിന് അവഗണിക്കാന്‍ കഴിയുന്നതല്ല.

എന്നാല്‍ അത്തരത്തിലൊരു നിലപാടെടുക്കാതെ വിഴിഞ്ഞം തുറമുഖപദ്ധതി അദാനിക്ക് ദാനം ചെയ്യുകയും ഏഴു മാവോവാദികളെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുകയും ചെയ്യുന്ന ഇടതുപക്ഷ വിരുദ്ധമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ എടുത്തത്. കോര്‍പ്പറേറ്റുകളുടെ സുഗമമായ കൊള്ളക്ക് സ്തുതി പാടാത്തവരെല്ലാം വികസന വിരുദ്ധരാണ് എന്ന ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ രാഷ്ട്രീയ നിലപാട് മറ്റൊരുതരത്തില്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. മാനവ സാമൂഹിക വികസന സൂചികയുടെ പല മേഖലകളിലും മികച്ച നിലവാരത്തിലെത്തി എന്ന് പറയുന്ന ഒരു സംസ്ഥാനത്ത് ജനസംഖ്യയുടെ വളരെ ചെറിയ വിഭാഗമായ ആദിവാസികളുടെ ഭൂമിപ്രശ്‌നം പരിഹരിക്കാതെ നില്‍ക്കുമ്പോള്‍ ആദിവാസി ഊരുകളില്‍ മാവോവാദി സാന്നിധ്യം ഏതു വര്‍ഗ്ഗത്തെയാണ് ഭയപ്പെടുത്തേണ്ടത് എന്ന ചോദ്യത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ മറുപക്ഷത്ത് വരുന്നത് അതിന്റെ രാഷ്ട്രീയ ജീര്‍ണതയാണ്.

എന്നാല്‍, ആദിവാസി ഊരുകളിലെ മാവോവാദി പ്രവര്‍ത്തനം എന്ന പതിവ് കഥാതന്തു ഉണ്ടാക്കുന്ന ഒരു പൊതുവികാരം പോരാ കേരളത്തില്‍ ഇടതുപക്ഷം എന്ന ആശയത്തെയും അതിനുള്ളില്‍ ഉയര്‍ന്നുവരാവുന്ന പുതിയ സംവാദസാധ്യതകളേയും അവസാനിപ്പിക്കാന്‍. ഈ തിരിച്ചറിവാണ് Urban Naxal പട്ടികയിലേക്ക് താഹയെയും അലനെയും ഉള്‍പ്പെടുത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. താഹയും അലനും രണ്ടു നിഷ്‌കളങ്കരായ ചെറുപ്പക്കാരാണെന്നും സി.പി.എം അംഗങ്ങള്‍ വരെയാണെന്നും പൊലീസിന് പറ്റിയ കയ്യബദ്ധമാണെന്നുമുള്ള വ്യാഖ്യാനത്തിനിടയാക്കിയ പശ്ചാത്തലം വാസ്തവത്തില്‍ പൊലീസിന്റെ തന്നെ ആവശ്യമാണ്. കേരളത്തിന്റെ പ്രബലമായ മധ്യവര്‍ഗ പശ്ചാത്തലത്തില്‍ അവര്‍ക്കിടയില്‍ നിന്നുള്ള മാവോവാദി അറസ്റ്റ്, ഭീഷണിയുടെ ആഴം വ്യക്തമാക്കുന്നു എന്നൊരു പ്രതീതി ഉണ്ടാക്കിക്കും എന്നൊരു അടവുകൂടി അതിനു പിന്നിലുണ്ട്. ഈ മധ്യവര്‍ഗ പശ്ചാത്തലം ആ അറസ്റ്റിന്റെ രാഷ്ട്രീയ സ്വഭാവത്തെ എത്രമാത്രം സ്വാധീനിച്ചു എന്നത് കാണേണ്ടതുണ്ട്.

കേസില്‍ യു.എ.പി.എ ചുമത്തിയ കേരള പൊലീസിന്റെ നീക്കത്തോടെ ഇടതുമുന്നണി സര്‍ക്കാര്‍ അതിന്റെ രാഷ്ട്രീയ ജീര്‍ണ്ണത തുറന്നു കാണിക്കുകയായിരുന്നു. യു.എ.പി.എ എന്ന ജനാധിപത്യ വിരുദ്ധ നിയമത്തിനു എതിരാണ് തങ്ങളെന്ന് എല്ലാ വേദികളിലും ആവര്‍ത്തിക്കുന്ന സി.പി.എം, സി.പി.ഐ കക്ഷികള്‍ പ്രബലമായി നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ അതേനിയമം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയ ചിന്താഗതികളുടേയും പേരില്‍ രണ്ടു പൗരന്മാരെ തടവിലിടാന്‍ ഉപയോഗിക്കുമ്പോള്‍ അത് കേരളത്തിന്റെ രാഷ്ട്രീയസമൂഹത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചെറുതല്ല. അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ താഹയും അലനും മാവോവാദികളാണ് എന്ന് സ്ഥാപിക്കാനായിരുന്നു ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ തത്രപ്പെട്ടത്. അതിനായി അവര്‍ ചായ കുടിക്കാന്‍ പോയതല്ല മുതല്‍ അവര്‍ ആട്ടിന്‍ കുട്ടികളല്ല വരെയുള്ള നിരവധി സുവിശേഷ വാക്യങ്ങളും അദ്ദേഹം മൊഴിഞ്ഞു.

തങ്ങളുടെ പ്രഖ്യാപിത രാഷ്ട്രീയനിലപാടിനും നയത്തിനും വിരുദ്ധമായി ഒരു സംസ്ഥാന ഘടകം കാണിക്കുന്ന ഈ വഞ്ചനയെ തടയാന്‍ പോയിട്ട് ചോദ്യം ചെയ്യാന്‍ പോലും സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിനായില്ല. ഇതാകട്ടെ കേവലമായ നേതൃദൗര്‍ബല്യമായിരുന്നില്ല, മറിച്ച് പാര്‍ട്ടിയുടെ രാഷ്ര്ട്രീയനിലപാടുകളിലെ ഇരട്ടത്താപ്പായിരുന്നു. ഈ ഇരട്ടത്താപ്പിനെ പൊളിച്ചുകാട്ടിയില്ലെങ്കില്‍ പിണറായി വിജയന്‍ പറഞ്ഞ തരത്തിലുള്ള അനുസരണയുള്ള ആട്ടിന്‍കുട്ടികള്‍ക്ക് മാത്രം രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമാകുന്ന ഒരു നാടായി കേരളം മാറും.

വഴി തെറ്റലും ശരിയായ വഴിയും

താഹയും അലനും തടവിലായ കാലത്തും അതിലേറെ അവര്‍ ജയില്‍ മോചിതരായ കാലത്തും നടക്കുന്ന അവരുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പൊതുസ്വഭാവം കൂടി പരിശോധിക്കേണ്ടതുണ്ട്. അതിലൊന്ന് അവരുടെ നിഷ്‌ക്കളങ്കതയെക്കുറിച്ചാണ്. അതായത് വാസ്തവത്തില്‍ അവര്‍ വഴിതെറ്റിയവരല്ല, അങ്ങനെ വഴിതെറ്റി എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചതാണ് എന്നാണത്. ഇത് വളരെ അപകടം പിടിച്ച ഒരു നിലപാടാണ്. വഴിതെറ്റുക എന്നത് ശരിയായ വഴിയേത് എന്നതുമായി ബന്ധപ്പെട്ടാണ് പറയാവുന്ന ആപേക്ഷികമായ ഒരു കാര്യമാണ്. ഇവിടെ പ്രശ്‌നം, വഴി തെരഞ്ഞെടുക്കാനുള്ള ഒരു പൗരന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ഭരണകൂടത്തിന് എങ്ങനെയൊക്ക നിയന്ത്രിക്കാനാകും എന്നതാണ്. അക്രമം എന്നതിനെ ജനങ്ങളുടെ പ്രതിരോധവുമായി ചേര്‍ത്തുമാത്രം പറയുകയും ഭരണകൂടത്തിന്റേത് സ്വാഭാവികമായ പ്രതികരണമാവുകയും ചെയ്യുന്ന ആഖ്യാനതന്ത്രത്തിന്റെ മറ്റൊരു വശമാണിത്. മാവോവാദിയാകാനുള്ള അവകാശം കൂടിയാണ് രാഷ്ട്രീയാഭിപ്രായത്തിനുള്ള പൗരന്റെ ജനാധിപത്യാവകാശം. ഭരണകൂടം, സാമൂഹ്യാധികാര വ്യവസ്ഥ എന്നിവയെല്ലാം കര്‍ക്കശമായി ചോദ്യം ചെയ്യപ്പെടേണ്ടതും മാറ്റേണ്ടതും നവീകരിക്കേണ്ടതുമോക്കെയാണ് എന്നത് സാമാന്യമായ ചരിത്ര ബോധമാണ്. അതിന്റെ ഒരു സാധ്യത കൂടിയാണ് ജനങ്ങളുടെ ചെറുത്തുനില്‍പ്പുകള്‍. സുഖസമൃദ്ധമായ ജിവിതത്തില്‍ നിന്ന് ഇന്ത്യന്‍ സുരക്ഷാസേനയുമായി ഒന്നേറ്റുമുട്ടിക്കളയാം, ഒരു നേരമ്പോക്കാകട്ടെ എന്ന് തീരുമാനിച്ചവരല്ല ജനകീയ മുന്നേറ്റങ്ങളൊന്നും. നിശബ്ദതയുടെ അടുത്തപടി അപ്രത്യക്ഷരാവുക എന്ന ഘട്ടത്തിലാണ് പോരാട്ടത്തിന്റെ കുഴല്‍ത്തുമ്പത്ത് മരണമാണ് പുകയുന്നത് എന്ന ബോധ്യത്തില്‍ അവര്‍ സമരത്തിനിറങ്ങുന്നത്. ആ സമരത്തിനുകൂടിയുള്ള സ്വാതന്ത്ര്യമാണ് വിമോചന സമരം ഇനിയും അവസാനിക്കാത്ത ഈ രാജ്യത്ത് നിലനിര്‍ത്തേണ്ടത് എന്ന രാഷ്ട്രീയ ഉത്തരവാദിത്തം ഇടതുപക്ഷം മറക്കരുത്. അതുകൊണ്ടുതന്നെ താഹയും അലനും മാവോവാദികളാണോ എന്നല്ല, മാവോവാദികളായാലും തടവിലിടാന്‍ ഭരണകൂടത്തിന് എന്തധികാരം എന്ന രാഷ്ട്രീയ ചോദ്യമാണ് നാം ഉയര്‍ത്തേണ്ടത്. (ഇതേചോദ്യം താഹ, അലന്‍മാരോ അവരുടെ കുടുംബങ്ങളോ ഉയര്‍ത്തണമെന്ന സങ്കുചിത ശാഠ്യം ഇല്ലെന്നുകൂടി വ്യക്തമാക്കട്ടെ.)

അലന്റെ മോചനത്തിനുശേഷം ബന്ധുകൂടിയായ ഒരാള്‍ എഴുതിയ കുറിപ്പില്‍ സി.പി.എം  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, കേന്ദ്രസമിതി അംഗവും സംസ്ഥാന ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്, പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ക്കെല്ലാം ഈ വിഷമഘട്ടത്തില്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നുണ്ട്. അതിന്റെ വൈയക്തികമായ കാര്യങ്ങള്‍ പലതാകാം. എന്നാല്‍ ഒരു രാഷ്ട്രീയ പ്രയോഗമായി അതുമാറുമ്പോള്‍ അതിനെ തുറന്നു കാണിക്കേണ്ടതുണ്ട്.
സി.പി.എമ്മിന്റെ ഇത്രയും സമുന്നത നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടും യു.എ.പി.എ പോലൊരു ജനാധിപത്യവിരുദ്ധ നിയമം പ്രയോഗിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ പിന്തിരിപ്പിക്കാഞ്ഞതെന്താണ് എന്നത് ഒരു വലിയ സമസ്യയല്ല. ഇപ്പോഴത് പിണറായി വിജയന്റെ ദുഃശ്ശാഠ്യമായി അവതരിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും വാസ്തവത്തില്‍ സി.പി.എം എന്ന പാര്‍ട്ടിയുടെ വര്‍ഗരാഷ്ട്രീയ നിലപാടുകള്‍ അതിഭീതിദമാം വിധം ദുര്‍ബലമായതിന്റെ കാഴ്ചയാണിത്. അതിശക്തമായ ഉള്‍പ്പാര്‍ട്ടി സമരങ്ങളില്‍ക്കൂടി മാത്രമേ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും വീണ്ടെടുപ്പിനുള്ള സാധ്യതയുള്ളൂ. അത്തരമൊരു ഉള്‍പ്പാര്‍ട്ടി സമരത്തിനുള്ള സാധ്യത ഇന്നത്തെ സി.പി.എമ്മിന്റെ ഉള്ളടക്കത്തിലും ഘടനയിലും സാധ്യമാണോ എന്നത് നിരാശ നിറഞ്ഞ ഉത്തരത്തിലേക്കാകും എത്തിക്കുക.

അലനും ഡാനിഷും

എന്തുകൊണ്ടാണ് കേരളത്തില്‍ത്തന്നെ മറ്റ് യു.എ.പി.എ തടവുകാര്‍ക്ക് കിട്ടാത്ത മാധ്യമശ്രദ്ധയും പൊതുസമൂഹശ്രദ്ധയും താഹക്കും അലനും കിട്ടിയത് എന്നതും രാഷ്ട്രീയശ്രദ്ധയര്‍ഹിക്കുന്ന വിഷയമാണ്. അലന്റെ സമൃദ്ധമായ മധ്യവര്‍ഗ, പുരോഗമന രാഷ്ട്രീയ പശ്ചാത്തലം ഇല്ലായിരുന്നെങ്കില്‍, അയാളുടെ കുടുംബത്തിന്റെ വിപുലമായ സാമൂഹ്യ പരിചയബലം ഇല്ലായിരുന്നുവെങ്കില്‍ ഈ കേസ് മറ്റനേകം കേസുകളിലെതുപോലെ വല്ലപ്പോഴുമൊരിക്കല്‍ ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി നീട്ടിയ വാര്‍ത്തകളില്‍ ഒതുങ്ങിപ്പോകുമായിരുന്നു. മാവോവാദി എന്നാരോപിച്ച് യു.എ.പി.എ ചുമത്തിയ ഡാനിഷ് എന്ന തടവുകാരനെ അയാള്‍ക്കെതിരായ 13 കേസുകളിലും ജാമ്യം നേടി പുറത്തുവന്ന അതേ മണിക്കൂറില്‍ മറ്റൊരു കേസെടുത്ത് പൊലീസ് തടവിലിട്ടത് ഈയടുത്ത ദിവസമാണ്. ഇത്ര പരിഹാസ്യമായ വിധത്തില്‍, ഒരു മനുഷ്യനെ തടവിലിടുക എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ പൊലീസ് പെരുമാറുമ്പോള്‍ അതിനെതിരെ പൊതുസമൂഹത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകാത്തത് അയാള്‍ മേല്‍പ്പറഞ്ഞ 'നമ്മളില്‍ ഒരാള്‍' അല്ലാത്തതുകൊണ്ടാണ്.

മാവോവാദി തടവുകാരനായ രൂപേഷിനെതിരായ കുറ്റപത്രത്തില്‍ യു.എ.പി.എ വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ശ്യാം ബാലകൃഷ്ണന്‍ കേസിലെ വിധിക്കെതിരെയും സുപ്രീംകോടതിയില്‍ പോയിരിക്കുന്നു സര്‍ക്കാര്‍. അതായത് യു.എ.പി.എ സംബന്ധിച്ച് ഇത്രയും കൃത്യമായ ഒരു നിലപാടുള്ള ഒരു സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന കക്ഷിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് താഹ-അലന്‍ വിഷയത്തില്‍ അവര്‍ക്ക് പിന്തുണ നല്‍കിയത്. വൈരുദ്ധ്യാത്മകതയുടെ ആര്‍ഷ ഭാരത പ്രതിസന്ധികള്‍ എന്നെ പറയാനാകൂ.

കേരളത്തില്‍ സ്പ്രിങ്ക്‌ളര്‍ എന്ന സ്വകാര്യ വിദേശ കമ്പനിക്ക് വ്യക്തികളുടെ രോഗവിവരങ്ങളും സ്വകാര്യവിവരങ്ങളും അടങ്ങുന്ന വിവരങ്ങള്‍ (Digital  Data) നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച ഇത്തരത്തിലുള്ള താത്ക്കാലിക നിലനില്‍പ്പിനുവേണ്ടി വിശാല രാഷ്ട്രീയത്തെ ബലികഴിക്കുന്നതിന്റെ ഉദാഹരണമായിരുന്നു. നിരീക്ഷണ മുതലാളിത്തം (Surveillance  Capitalism) ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മുതലാളിത്ത ചൂഷണത്തിന്റെ ഒരു പുതിയ ചരിത്രഘട്ടത്തിലേക്ക് കടക്കുന്ന കാലമാണിത്.  ചൂഷണത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഒരു ഘട്ടം. എങ്ങനെയാണ് Big  data -യുടെ വിശകലനവും വിനിയോഗവും മുതലാളിത്തം ചൂഷണത്തിന്​ ഉപയോഗപ്പെടുത്തുന്നത് മുതലായ നാനാവിധ അനുബന്ധ വിഷയങ്ങള്‍ വര്‍ഗരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെങ്ങും ചര്‍ച്ച ചെയ്തുതുടങ്ങിയ സമയമാണിത്. അത്തരത്തിലൊരു രാഷ്ട്രീയസംവാദത്തിന്റെ പ്രയോഗങ്ങളിലേക്കും ഇനി തങ്ങള്‍ക്ക് കടക്കാനാകാത്ത വിധം, ഒരു സര്‍ക്കാര്‍ കരാര്‍ ന്യായീകരണം എന്ന നിലയിലേക്ക് ആ വിഷയത്തെ ഒതുക്കാനാണ് സി.പി.എം ശ്രമിച്ചത്. ഇതോടെ മുതലാളിത്തത്തിന്റെ ചൂഷണരീതിയുടെ ഏറ്റവും നൂതന ചരിത്രഘട്ടത്തെ വിലയിരുത്താനും അതിന്റെ രാഷ്ട്രീ​യ സംവാദങ്ങളില്‍ തൊഴിലാളി വര്‍ഗരാഷ്ട്രീയത്തിന്റെയും പൗരസമൂഹത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെയും പക്ഷത്ത് നില്‍ക്കാനുമുള്ള ചരിത്രപരമായ കടമായാണ് സി.പി.എം ഇല്ലാതാക്കിയത്. യു.എ.പി.എ  സംബന്ധിച്ചതും ഇതേ പിഴവാണ്,  കൂടുതല്‍ തീവ്രതയോടെ പാര്‍ട്ടിക്ക്  സംഭവിക്കുന്നത്. 

വിപുലമാകുന്ന ‘അപര ശത്രു'

മോദി ഭരണത്തിന്റെ ഫാസിസ്റ്റ് ഘട്ടത്തില്‍ മുസ്​ലിം എന്ന ‘അപര' ശത്രുവില്‍ നിന്ന് ജനാധിപത്യ പ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും എന്ന വിശാല നിര്‍വചനത്തിലേക്ക് അവര്‍ എത്തിയിരിക്കുന്നു. ഇത് തിരിച്ചറിയുന്നില്ല എന്ന കള്ളനാട്യം ഫാസിസ്റ്റ് വിരുദ്ധ സമരത്തെ വഞ്ചിക്കുന്നതിനു തുല്യമാണ്. കശ്മീരിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എന്ന പേരിലായിരുന്നു ജെ.എന്‍.യു അടക്കമുള്ള സര്‍വകലാശാലകളില്‍ മോദി ഭരണകൂടം ആക്രമണം അഴിച്ചുവിട്ടതും യു.എ.പി.എയുടെ കൈകള്‍ അങ്ങോട്ട് നീട്ടിയതും. അന്നും ഇന്നും കാശ്മീരില്‍ നടത്തുന്ന ജനാധിപത്യ, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിശ്ശബ്​ദത പാലിക്കുകയാണ് മുഖ്യധാരാ ഇന്ത്യ. ഇത്തരത്തിലുള്ള സൗകര്യപൂര്‍വമായ രാഷ്ട്രീയ പ്രതികരണ തെരഞ്ഞെടുപ്പ്, ഫാസിസ്റ്റ് അജണ്ടകള്‍ക്ക് സുഗമമായ വഴിയൊരുക്കലാണ്. 

ഇത്തരം ഭരണകൂട അടിച്ചമര്‍ത്തലിനുപയോഗിക്കുന്ന ഏറ്റവും ഭീകരമായ ആയുധങ്ങളിലൊന്നാണ് യു.എ.പി.എ. അതിന്റെ ഉപയോഗത്തെ സമ്പൂര്‍ണമായി നിരാകരിക്കുകയും തള്ളിക്കളയുകയും ചെയ്യാതെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള സമരത്തിന് മുന്നോട്ട് പോകാനാകില്ല. പൗരത്വ ഭേദഗതി നിയമത്തിനും കശ്മീരിന്റെ സ്വയം നിര്‍ണായവകാശ പോരാട്ടത്തിനും കോര്‍പ്പറേറ്റ്  ഖനന മാഫിയ കയ്യേറുന്ന വനമേഖലകളില്‍ മാവോവാദി വേട്ടയുടെ പേരില്‍ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്ന നൂറുകണക്കിന് മനുഷ്യരുടെ ചെറുത്തുനില്‍പിനും ആഭ്യന്തര അഭയാര്‍ത്ഥികളായി മാറുന്ന തൊഴില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതിഷേധങ്ങള്‍ക്കുമെല്ലാം ഒരേ നീതിബോധവും രാഷ്ട്രീയവുമാണുള്ളത്. അതുകൊണ്ടുതന്നെ താല്‍ക്കാലികമായി ചില അവസരവാദ നേട്ടങ്ങള്‍ക്കായി ഈ വിശാലമായ രാഷ്ട്രീയത്തേയും പോരാട്ടങ്ങളെയും തള്ളിപ്പറയുന്നത് മുഖ്യധാരാ ഇടതുപക്ഷകക്ഷികളെ  സംബന്ധിച്ച് ആത്മഹത്യാപരമാണ്. 

ഡല്‍ഹിയില്‍ ഹിന്ദുത്വ ഭീകരവാദികള്‍ നടത്തിയ മുസ്​ലിം വിരുദ്ധ വര്‍ഗീയ കലാപത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി തടവിലാക്കുന്നതുമുഴുവന്‍ പൗരാവകാശ പ്രവര്‍ത്തകരെയാണ്. മാവോവാദികള്‍ക്കെതിരായ ഒരു അന്യഗ്രഹ നിയമമാണ് യു.എ.പി.എ എന്ന് കരുതിയവര്‍ക്ക് തെറ്റി. ഇന്നലെ വരെ വാര്‍ത്തകള്‍ മാത്രമായിരുന്നത് ഇനി നിങ്ങളുടെ ജീവിതമാവുകയാണ്. ‘നിങ്ങളില്‍ ഒരാള്‍' ആരുമാകാം. അത് നിങ്ങള്‍ത്തന്നെയാകണം എന്ന് വരില്ല എന്ന ഉറപ്പോടെയുള്ള സ്വാര്‍ത്ഥത നിറഞ്ഞ കാത്തിരിപ്പോളം നിന്ദ്യമായി മറ്റൊന്നില്ല.


 

  • Tags
  • #UAPA
  • #Politics
  • #Police encounter
  • #Pramod Puzhankara
  • #Umar Khalid
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ഇ.കെ. ദിനേശൻ,

14 Sep 2020, 06:35 PM

കൃത്യമാണ് നിരീക്ഷണങ്ങൾ. പ്രത്യേകിച്ചും ഡാനിഷിൻ്റെ കാര്യത്തിലുള്ള നിരീക്ഷണം:

teesta

National Politics

പ്രമോദ് പുഴങ്കര

മോദി സർക്കാറിനെപ്പോലെ നീതിപീഠവും ഉത്തരവിടുന്നു; എന്തുകൊണ്ട് മിണ്ടാതിരുന്നുകൂടാ?.

Jun 28, 2022

17 minutes read

jo joseph

Kerala Politics

പ്രമോദ് പുഴങ്കര

ഇടതുപക്ഷ മാനേജർമാർ കെട്ടിവച്ച രക്ഷകരെ തള്ളിക്കളയുകയാണ്​ തൃക്കാക്കര ചെയ്​തത്​

Jun 03, 2022

4 Minutes Read

Dileep

Crime against women

പ്രമോദ് പുഴങ്കര

ദിലീപ്​ കേസ്​: സംഭവിച്ചത്​​ ഒന്നുകിൽ പാളിച്ച, അല്ലെങ്കിൽ ആസൂത്രിത അട്ടിമറി

May 24, 2022

9 Minutes Read

Police

Police Brutality

ശരത് കൃഷ്ണൻ

പൊലീസ്​ എന്ന പ്രതി

May 19, 2022

10 Minutes Read

m swaraj

Kerala Politics

പ്രമോദ് പുഴങ്കര

20-20 യ്ക്കും ആം ആദ്മിക്കും ആശയപരമായി യോജിപ്പു തോന്നണമെങ്കിൽ നിങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ പേരെന്താണ് സ്വരാജ്?

May 16, 2022

6 Minutes Read

 Jignsh-Mevani.jpg

National Politics

പ്രമോദ് പുഴങ്കര

ജിഗ്നേഷ് മേവാനിക്ക് ജാമ്യം കിട്ടിയോ എന്നതല്ല എന്തിന് അറസ്റ്റ് ചെയ്തു എന്നതാണ് ചോദ്യം

Apr 30, 2022

9 Minutes Read

Palakkad SDPI RSS Murder

Political Violence

പ്രമോദ് പുഴങ്കര

മത-രാഷ്ട്രീയ ഹിംസാനന്ദത്തിന് ഇനി പൊലീസിന്റെ എസ്​കോർട്ട്​

Apr 16, 2022

9 Minutes Watch

Criminal Procedure (Identification) Bill

Law

പ്രമോദ് പുഴങ്കര

നമ്മുടെ ശരീരവും ഇനി ഭരണകൂട നിരീക്ഷണത്തിലായിരിക്കും

Mar 31, 2022

11 Minutes Read

Next Article

Artificial Dalit Intelligence:  മനുഷ്യനിലെ യന്ത്രത്തെ മറികടക്കാം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster