8 Apr 2020, 12:20 AM
പ്ലാസ്റ്റിക് ചരടുകളും തുരുമ്പ് കമ്പികളുമായി നാട്ടുമാവുകളില്‍ കാക്കകള്‍ കൂടുകൂട്ടുന്ന കാഴ്ചയ്ക്ക് ഏതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. 'കാലത്തിനൊപ്പം' എന്ന പതിവ് അടിക്കുറിപ്പോടെ ദിനപത്രങ്ങളിലെ പ്രാദേശിക പേജുകളിലെ കൗതുകക്കാഴ്ച എന്നതിനപ്പുറം ഒട്ടും നിരീക്ഷണവിധേയമാകാറില്ല ജീവസന്ധാരണത്തിനിടയിലെ ഈ പാരിസ്ഥിതിക ഗതികേടുകള്‍. ഇന്നത് സര്‍വസാധാരണമായതിനാല്‍ വാര്‍ത്തയാകാറുമില്ല.
പ്രകൃതിയില്‍ ഏറ്റവും സ്വാഭാവികമായ ചുറ്റുപാടുകളില്‍ ജീവിച്ചുപോരാന്‍ അര്‍ഹതപ്പെട്ട സകല ജീവിവര്‍ഗങ്ങളും വികസനജ്വരത്തില്‍ വീര്‍പ്പുമുട്ടിത്തുടങ്ങിയപ്പോള്‍ വലുതും ചെറുതുമായ ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ അപ്പാടെ മാറ്റിമറിക്കപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്ന് വയറുവീര്‍ത്ത് അവ ചത്തുമലച്ച കാഴ്ച പതിവായിതുടങ്ങി. മാറ്റിമറിക്കപ്പെട്ട ഭൂഘടനകളില്‍ അവ അലോസരപ്പെട്ട് ചിതറിത്തുടങ്ങി.
കേട്ടുപഴകുന്തോറും തീവ്രതകൂടുന്ന ആഗോളതാപനമെന്ന പ്രയോഗം തലക്കുമുകളില്‍ വരുമ്പോളെങ്കിലും, ഭൂജലം വീണ്ടും വീണ്ടും കീഴേക്ക് അകന്നുകൊണ്ടിരിക്കുമ്പൊഴെങ്കിലും അതിന്റെ ഗുരുതരാവസ്ഥ നമ്മെയാകെ ചിന്തിപ്പിക്കേണ്ടതുണ്ട്.
പ്ലാസ്റ്റിക് തുണ്ടുകളില്‍ കൊക്ക് തറച്ചുപോയി പട്ടിണികിടന്ന് ചത്ത കൊക്കുകളും, നൈലോണ്‍ ചരടില്‍ മുറുകി രണ്ടായി ഉടല്‍ വളര്‍ന്ന ആമകളും, വലക്കണ്ണികളില്‍ കുരുങ്ങിയൊടുങ്ങിയ ലക്ഷക്കണക്കിന് കടല്‍ജീവനുകളും, ഉപേക്ഷിച്ച സഞ്ചികള്‍ വിഴുങ്ങി ആമാശയം വീര്‍ത്തടിഞ്ഞ സസ്തനികളും, മാലിന്യക്കൂമ്പാരമായ കറുത്തപുഴയില്‍ മുങ്ങാങ്കുഴിയിട്ടു നിവരുന്ന നീര്‍ക്കാക്കകളും, നാമുള്‍പ്പെടുന്ന ജൈവദേഹങ്ങളുടെ ഉള്ളിലൊളിഞ്ഞടിഞ്ഞ നാനോപ്ലാസ്റ്റിക്കിനുമപ്പുറത്തെ പ്രത്യക്ഷദുരന്തങ്ങളാകുമ്പോള്‍ ഉരുള്‍പൊട്ടിയും, പ്രളയജലം നിറഞ്ഞും നമ്മളൊന്നാകെ അഭയാര്‍ത്ഥികളായി മാറി.
കേരളീയ പാരിസ്ഥിതിക ഘടനയില്‍ വയലിനാല്‍ സംസ്‌കരിക്കപ്പെടുന്ന മഴശേഖരത്തെയും, പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളുയിര്‍പ്പിക്കുന്ന ജീവശൃംഖലയേയും, അതിന്റെ പാരിസ്ഥിതിക വിനിമയക്രമങ്ങളെയും നമ്മള്‍ കൃത്യമായും ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്.
കേട്ടുപഴകുന്തോറും തീവ്രതകൂടുന്ന ആഗോളതാപനമെന്ന പ്രയോഗം തലക്കുമുകളില്‍ വരുമ്പോളെങ്കിലും, ഭൂജലം വീണ്ടും വീണ്ടും കീഴേക്ക് അകന്നുകൊണ്ടിരിക്കുമ്പൊഴെങ്കിലും അതിന്റെ ഗുരുതരാവസ്ഥ നമ്മെയാകെ ചിന്തിപ്പിക്കേണ്ടതുണ്ട്.

നഗരമാലിന്യങ്ങള്‍ പുഴയിലേക്ക് പറന്നുവീഴും. മനുഷ്യന്റെ വിഴുപ്പ് ഭാണ്ഡങ്ങളാണെന്നറിയാത്ത പക്ഷികള്‍ അവയെ സ്വാഭാവിക ഇടങ്ങളിലൊന്നായി തെറ്റിദ്ധരിക്കും.


കടലിലടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ സ്വാഭാവിക സമുദ്രജലജീവനുകളെ ഗുരുതരമായി ബാധിച്ചുതുടങ്ങിയിട്ട് കാലങ്ങളായി. കടലാമകളും വലിയ മത്സ്യങ്ങളും പ്ലാസ്റ്റിക് തിന്ന് ദഹനവ്യവസ്ഥ തകര്‍ന്ന് കരയ്ക്കടിഞ്ഞുതുടങ്ങി. തീരത്തോടുചേര്‍ന്ന് വലയെറിയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ഭൂരിഭാഗവും ഇത്തരം പ്ലാസ്റ്റിക് കൂമ്പാരങ്ങളാണ്.


നഗരമാലിന്യകേന്ദ്രമായ തണ്ണീരിടത്തില്‍ ഇരയെ കാത്തിരുന്ന കുളക്കൊക്ക്, മണ്ണിരയെന്ന് തെറ്റിദ്ധരിച്ച് ഒരു റബര്‍ബാന്‍ഡ് വിഴുങ്ങുകയാണ്. മണ്ണിരയെ കൊത്തിയെടുക്കുന്നതുപോലെ കൊക്ക് കൊണ്ട് അമര്‍ത്തി നോക്കിയശേഷമാണ് റബര്‍ബാന്‍ഡ് വിഴുങ്ങിയത്. പ്രജനനകാലമായതിനാല്‍ ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള കൊറ്റില്ലത്തിലേക്കാണ് അത് പറന്നകന്നതും. കൂട്ടില്‍ ചെന്നാല്‍ വായില്‍ നിന്ന് കുഞ്ഞിന് തികട്ടി നല്‍കുന്ന ആഹാരത്തില്‍ ഈ റബര്‍ കഷണവും ഉള്‍പ്പെടും എന്നറിയുമ്പോണ് ദുരിതമുഖം തീവ്രമാകുക.


കഴിഞ്ഞ പ്രളയവര്‍ഷങ്ങള്‍ക്ക് തൊട്ടുമുന്‍പുള്ള രണ്ടു വേനലും കടും വരള്‍ച്ചയുടേത് കൂടിയായിരുന്നു. സ്വാഭാവിക ദിനാന്തരീക്ഷം നിലനിന്നിരുന്ന പ്രദേശങ്ങള്‍ ചുട്ടുപൊള്ളുന്നതായി. ഇതുവരെ വറ്റാതിരുന്ന പരമ്പരാഗത ജലേസ്രാതസ്സുകള്‍ വറ്റിയമര്‍ന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍വനമുള്ള ജില്ലയാണ് കണ്ണൂര്‍. പശ്ചിമഘട്ടത്തില്‍ നിന്ന് അറബിക്കടല്‍ വരെ ഒഴുകുന്ന വളപട്ടണം പുഴയുടെ തീരങ്ങള്‍ കണ്ടല്‍വനങ്ങളാല്‍ സമ്പന്നമാണ്. ആയിരക്കണക്കിന് വവ്വാലുകളുടെ ആവാസസ്ഥാനവും, കൊക്കുകളുടെ പ്രജനനകേന്ദ്രവുമായ വളപട്ടണം പുഴയുടെ പശ്ചാത്തലദൃശ്യം.


രണ്ടു പ്രളയം തകര്‍ത്ത കേരളത്തിന്റെ ഓരോ വേനലും കടുംവരള്‍ച്ചയുടേത് കൂടിയായി മാറി. പൂര്‍ണമായും ജലസാമീപ്യത്തില്‍ ജീവിക്കുന്നതും, നീര്‍ത്തടങ്ങളുടെ വരള്‍ച്ച ഏറ്റവും നേരിട്ട് ബാധിക്കുന്ന പക്ഷികളിലൊന്നുമായ നീലക്കോഴികള്‍ വരണ്ടുണങ്ങിയ പാടത്ത് ഇരതേടാനിറങ്ങിയ ദയനീയകാഴ്ച.

തണ്ണീര്‍ത്തടങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഇരയാണീ കൊക്ക്. പതിവായി ചേക്കയിരിക്കാന്‍ എത്താറുള്ള മഴമരത്തില്‍ കാലിലെ പ്ലാസ്റ്റിക് നാരുകള്‍ കുരുങ്ങി പറക്കാനാവാതെ ദിവസങ്ങളോളം വിശന്ന് പിടഞ്ഞുള്ള മരണം. പുഴ തീരങ്ങളിലും ചതുപ്പുകളിലും ഇര തേടുന്ന കൊക്കുകള്‍ക്ക്, മനുഷ്യരുപേക്ഷിക്കുന്ന വലനാരുകളും പ്ലാസ്റ്റിക് ചരടുകളുമാണ് ദയനീയ വധം വിധിക്കുന്നത്.

സ്വാഭാവിക ആവാസസ്ഥാനമെന്നത് ഏതൊരു ജീവിയുടെയും അവകാശമാണ്. ഒന്നായുള്ള തുമ്പികളുടെ ഇണസഞ്ചാരങ്ങള്‍ നീര്‍ത്തട ജൈവവ്യവസ്ഥയിലെ ഏറ്റവും സുന്ദര കാഴ്ചകളിലൊന്നാണ്. ആമ്പല്‍പ്പൂത്തുമ്പിലോ ആമ്പലിലയിലോ വിശ്രമിക്കാറുള്ള കാഴ്ചയാണ് പരിചിതമെങ്കിലും, ഇന്ന് അവ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളിലും മാലിന്യക്കൂട്ടങ്ങളിലുമായി മാറിക്കഴിഞ്ഞു.













ഫോട്ടോഗ്രാഫര്‍
Smitha
12 Apr 2020, 02:12 PM
നല്ല എഴുത്ത് മികച്ച ചിത്രങ്ങൾ പ്രകൃതിയെ കുറിച്ചുള്ള ഇത്തരം ലേഖനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു എല്ലാ ആശംസകളും നേരുന്നു പ്രസൂൺ
Sajid Kamal
11 Apr 2020, 11:13 AM
നമ്മുടെ ചുറ്റുപാടിനെ കണ്ണ് തുറന്നു കാണാൻ സഹായിച്ചതിന് നന്ദി.... ചിത്രങ്ങൾ മികച്ചു നിൽക്കുന്നു... പ്രസൂൺ
Padmanabhan. Tip
9 Apr 2020, 09:32 PM
ഇത്തരം സൂക്ഷമ ദർശനത്തിലൂടെ മാത്രമേ അവശേഷിക്കുന്ന നമ്മുടെ തൊട്ടടുത്ത "അയൽക്കാരെ' സംരക്ഷിക്കാനാകൂ
Balakrishnan VC
9 Apr 2020, 06:32 PM
നല്ല എഴുത്ത്;മികച്ച ചിത്രങ്ങളും. നന്ദി, പ്രസൂൺ
അതുൽ ടി.കെ.
May 31, 2022
17 Minutes Read
രേഷ്മ ചന്ദ്രന്‍
Jul 13, 2021
4 minutes read
രേഷ്മ ചന്ദ്രന്‍
Jun 28, 2021
6 Minutes Read
ധര്‍മേഷ് ഷാ
Sep 29, 2020
14 Minutes Read
കെ. സഹദേവന്‍
Jun 23, 2020
24 Minutes Read
ഡോ. ചിത്ര കെ. പി. / പ്രീത കെ. വി.
May 18, 2020
15 minute read
soubana
13 Apr 2020, 09:45 AM
ഒന്നു നോവാതെ കടന്ന് പോവാനായില്ല ഒരു ചിത്രത്തിലൂടെയും .... നമ്മൾ വിചാരണ ചെയ്യപ്പെടുന്ന എഴുത്ത്, തീക്ഷ്ണമായ ചിത്രങ്ങൾ ... പ്രകൃതിയെ ഇത്രേൽ ചേർത്ത് നിർത്തുന്ന എഴുത്തും ക്യാമറയും പ്രതീക്ഷ നൽകുന്നു .....