മാസത്തിൽ ഒരമ്പത് രൂപയല്ലേ... കൊടുത്തേക്കാംന്ന്!

ർക്കുന്നുണ്ടാവും, കുറച്ചു വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ പതിനാല് ജില്ലകളിൽ ചുരുങ്ങിയത് 12 ജില്ലയിലെങ്കിലും പ്രധാനപ്പെട്ട നഗരങ്ങളിൽ കുമിഞ്ഞു കൂടുന്ന മാലിന്യക്കൂമ്പാരത്തിനെതിരെ, അതുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രശ്‌നങ്ങൾക്കെതിരെ ജനങ്ങൾ സമരം ചെയ്തിരുന്നു. കേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിന്റെ പ്രശ്‌നങ്ങൾ നല്ലതുപോലെ അനുഭവിച്ച ജനവിഭാഗം കേരളത്തിലുണ്ട്. അത് കൊണ്ടാണ് വികേന്ദ്രീകൃതമാലിന്യ സംസ്‌കരണമാണ് കേരളത്തിന് കൂടുതൽ അഭികാമ്യം എന്ന് ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന സാമൂഹിക പ്രവർത്തകർ വിശ്വസിച്ചത്. നിലവിലെ സർക്കാർ അധികാരമേറ്റപ്പോൾ ആദ്യം ചെയ്തത് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം കേരളത്തിൽ ഒരു നയമായി സ്വീകരിക്കുക എന്നതാണ്. ശുചിത്വ മിഷൻ/ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വൃത്തിയായി നടത്താൻ ശ്രമിക്കുന്നുമുണ്ട്. നഗര സഭകളെക്കാൾ ഭംഗിയായി ഗ്രാമ പഞ്ചായത്തുകൾ ഇത്തരം പ്രവർത്തികൾ വൃത്തിയായി ചെയ്തു വരുന്നു.

പക്ഷെ അതിന്റെ ഇടയ്ക്കാണ് കേരളം മാലിന്യത്തിൽ നിന്നും ഊർജ്ജം ഉത്പാദിപ്പിക്കുന്ന "വേസ്റ്റ് ടു എനർജി(WTE)' പ്ലാന്റുകൾ സ്ഥാപിക്കാൻ പോകുന്നു എന്ന വാർത്തകൾ വരുന്നത്. എന്ത് കൊണ്ടാണ് ഈ സർക്കാരിന് പെട്ടെന്നൊരു മലക്കം മറിച്ചിൽ എന്ന് ചിന്തിച്ച് അതിന്റെ ഉള്ളറകളിലേക്ക് ചികഞ്ഞപ്പോഴാണ് അജൈവ മാലിന്യ സംസ്‌കരണം എന്ന കീറാമുട്ടി കേരളത്തിന് കൊടുക്കുന്ന എട്ടിന്റെ പണി ശ്രദ്ധയിൽ പെടുന്നത്.

അജൈവ മാലിന്യവും സംസ്‌കരണവും

കേരളത്തിൽ ചരിത്രപരമായി ജൈവമാലിന്യ സംസ്‌കരണത്തിനാണ് ശ്രദ്ധ ലഭിച്ചിരുന്നത്. മാലിന്യ പറമ്പുകൾ, കേന്ദ്രീകൃത കമ്പോസ്റ്റ് പ്ലാന്റുകൾ, ആലപ്പുഴ മോഡൽ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഒക്കെ ജൈവമാലിന്യ സംസ്‌കരണത്തിന് ഊന്നൽ കൊടുത്തവയായിരുന്നു. മുനിസിപ്പൽ മാലിന്യത്തിൽ ജൈവ മാലിന്യത്തെക്കാൾ അളവ് കുറവായിരുന്നത് കൊണ്ടാണ് കാലാകാലങ്ങളിൽ അജൈവ മാലിന്യത്തിന് അധികം ശ്രദ്ധ കിട്ടാതെ പോയത്.

പക്ഷെ നഞ്ചെന്തിനാ നാനാഴി? ജൈവമാലിന്യത്തോടൊപ്പം കൂടിക്കുഴഞ്ഞ അജൈവ മാലിന്യങ്ങൾ മാലിന്യ പറമ്പുകളിൽ കുമിഞ്ഞു കൂടി, കേന്ദ്രീകൃത കമ്പോസ്റ്റ് പ്ലാന്റുകളുടെ പ്രവർത്തനം നിലപ്പിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിൽ മനുഷ്യരുടെ ശീലം മാറ്റിയെടുക്കാൻ ശ്രമിച്ചത് കൊണ്ട് ജൈവ-അജൈവ മാലിന്യം വേർതിരിക്കണം എന്ന ആശയം ശക്തമായി തന്നെ മുന്നോട്ടു വയ്ക്കാൻ കഴിയുകയും അതിൽ ഒരളവ് വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സാമൂഹ്യ കമ്പോസ്റ്റ് യൂണിറ്റുകൾ വഴി അജൈവ മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിങ് ചെയ്യാനുള്ള സംവിധാനം ഒരുക്കാൻ ശ്രമിച്ചെങ്കിലും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം വിജയിപ്പിച്ച ആലപ്പുഴയിൽ പോലും അജൈവ മാലിന്യങ്ങൾ കായലുകളിലേയ്ക്കോ അല്ലെങ്കിൽ കത്തിയ പുകച്ചുരുളുകളായി അന്തരീക്ഷത്തിലേത്തിലേയ്‌ക്കോ കൂടിച്ചേരുകയാണുണ്ടായത്.

ഒരു നവീന പദ്ധതിയും ഒരിക്കലും എല്ലാം തികഞ്ഞതായിരിക്കില്ല. അതിന് വളർച്ചയുടെ പല പടവുകൾ കയറാനും തളർച്ചയുടെ പടവുകൾ ഇറങ്ങാനും ഉണ്ടാകും. വർഷങ്ങൾ എടുക്കുന്ന ഈ പ്രക്രിയ "സമയം' എന്ന സൂചിയിൽ കൊരുത്താൽ എങ്ങനെ ഇരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്ന് കേരളത്തിൽ നാം കാണുന്നത്. കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവും അതിന്റേതായ വളർച്ച തളർച്ചകളിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്നു. ഇന്ത്യയിലെ മറ്റു മഹാനഗരങ്ങളിൽ ഉള്ളത് പോലെ ഒരു സുശക്തമായ ഒരു പുനഃചംക്രമണ ശൃംഖല (recycling network) കേരളത്തിൽ ഇല്ലായിരുന്നു. അത് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ പുനഃചംക്രമണത്തിനായി ഇന്ന് കേരളത്തിൽ നിക്ഷേപം നടക്കുന്നുണ്ട്. കുടുംബശ്രീ മിഷന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ചു മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ എത്തിയ്ക്കുന്നുണ്ട്. ക്ലീൻ കേരളം കമ്പനി പോലുള്ള ഏജൻസികൾ അവരുടേതായ രീതിയിൽ അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷെ ഇവയൊക്കെ വളരെ പരിമിതമായ നിലകളിൽ തന്നെയാണ് ഇന്നും പ്രവർത്തിക്കുന്നത്. അതിനാൽ കേരളത്തിൽ അജൈവ മാലിന്യത്തിന്റെ അളവിന് പ്രത്യേക ഇടിവ് സംഭവിച്ചിട്ടുള്ളതായി തോന്നുന്നില്ല.

ബ്രഹ്മപുരം പോലുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട മാലിന്യ ഡിപ്പോകളിൽ ഇന്നും അജൈവ മാലിന്യങ്ങൾ കുമിഞ്ഞു കൂടി കിടക്കുകയും അവയുടെ അളവ് കൂടി വരികയും ചെയ്യുന്നു. അതിൽ 2018 ലെ വെള്ളപ്പൊക്കം ഉണ്ടാക്കിയ മാലിന്യങ്ങളും ഉൾപ്പെടും. ചുരുക്കി പറഞ്ഞാൽ ഇന്ന് കേരളത്തിൽ രണ്ടു തരം മാലിന്യങ്ങൾ ഉണ്ട്. ദിനം പ്രതി ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യവും, പാരമ്പര്യ മാലിന്യവും (ലെഗസി വേസ്റ്റ് അഥവാ കേരളത്തിലെ ജനങ്ങൾ കാലാകാലങ്ങളായി ഉണ്ടാക്കിയെടുത്ത മാലിന്യം). കേരളത്തിന്റെ പാരിസ്ഥിതിക ആരോഗ്യ സുസ്ഥിരതയ്ക്ക് ഈ രണ്ടു തരം മാലിന്യങ്ങളെയും കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്.

എന്റമ്മോ...നാഷണൽ ഗ്രീൻ ട്രൈബ്യുണൽ

മാലിന്യ സംസ്‌കരണ നിയമം 2016 പ്രകാരം സംസ്ഥാന സർക്കാരുകൾ മുകളിൽ പറഞ്ഞ രണ്ടു തരം മാലിന്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. അതിനാദ്യമായി ചെയ്യേണ്ടത് ഒരു സംസ്ഥാന മാലിന്യ സംസ്‌കരണ നയം രൂപീകരിക്കുകയാണ്. കോടതി ഒന്ന് വിരട്ടിയപ്പോ നമ്മുടെ സർക്കാർ നയം രൂപീകരിച്ചിട്ടുണ്ട്.

പക്ഷെ ഇന്ന് നിലവിലുള്ള വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് പാരമ്പര്യ മാലിന്യം കൈകാര്യം ചെയ്യാൻ ഉള്ള കോപ്പൊന്നുമില്ല. എന്നാൽ പിന്നെ ഇരിക്കട്ടെ കേരളത്തിന് കുറച്ചd "വേസ്റ്റ് ടു എനർജി(WTE)' പ്ലാന്റ് എന്നായി ഗവണ്മെന്റ്. ഇതിന്റെയിടയ്ക്കാണ് ബ്രഹ്മപുരം ഡിപ്പോയിലെ മാലിന്യത്തിനങ്ങു തീ പിടിയ്ക്കുന്നത്. അതിനെ കുറിച്ച് പഠിയ്ക്കാൻ നാഷണൽ ഗ്രീൻ ട്രൈബ്യുണൽ (NGT) ആവശ്യപ്പെട്ടതനുസരിച്ചd അത് പഠിച്ച ജഡ്ജിയദ്ദേഹം കേരളത്തിന്റെ മാലിന്യ സംസ്‌കരണം പരിതാപകരമാണെന്നും മാലിന്യ സംസ്‌കരണ നിയമം 2016 വൃത്തിയായി നടപ്പിലാക്കുന്നില്ല എന്നും ഒരു റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു. NGT കേരളത്തോട് കാര്യം ചോദിച്ചപ്പോ സർക്കാർ പറഞ്ഞു ഞങ്ങൾ WTE പ്ലാന്റ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന്. ഇവരിതെന്ത് ഒഴികഴിവാണ് പറയുന്നതെന്ന് ചോദിച്ച് NGT ഒരു ഉത്തരവങ്ങോട്ടിറക്കി. കേരളത്തിന്റെ നടുമ്പുറത്തിന് ഉലക്ക കൊണ്ട് ഒരു വീക്ക് കിട്ടിയത് പോലെ ആയിപ്പോയി ആ ഉത്തരവ്.

NGT വിധി ഇതാണ്. കേരളം മാലിന്യ സംസ്‌കരണ നിയമത്തിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യത്തിൽ തുടർച്ചയായ നിയമ ലംഘനം നടത്തിയാൽ 31.03.2020 മുതൽ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും പിഴ അടയ്ക്കേണ്ടി വരും. പിഴ എത്രയെന്നല്ലേ? 10 ലക്ഷം ജനസംഖ്യയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പത്തു ലക്ഷം രൂപയും, 5 ലക്ഷം ജനസംഖ്യയുള്ള സ്ഥാപനങ്ങൾ 5 ലക്ഷവും, ബാക്കി ഉള്ളവ ഒരു ലക്ഷം രൂപയും പ്രതി മാസം. അത് മാത്രമല്ല. ഈ തുക പ്രതിദിന മാലിന്യ സംസ്‌കരണത്തിനും, പാരമ്പര്യ മാലിന്യത്തിനും വേറെ വേറെ ആണ്. ഇനി അഥവാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഈ കാശ് അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ അടച്ചു കൊള്ളണം. അതായത് ഇന്ന് കേരളത്തിലെ ഓരോ പൗരന്റെയും തലയ്ക്ക് NGT മാലിന്യത്തിന്റെ പേരിൽ Environment Protection Act, 1986 പ്രകാരം പ്രതിമാസം വിലയിട്ടിട്ടുണ്ടെന്ന്!

വടം വലി

ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഉന്നത നേതൃത്വം രണ്ടു തട്ടിലായി നില്ക്കുന്നത്. WTE പ്ലാന്റ് വേണമെന്ന് ഒരു കൂട്ടരും അത് വേണ്ട വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം മതി എന്ന് മറ്റൊരു കൂട്ടരും. രണ്ടു സമീപനങ്ങളുടെ ശക്തിയെക്കുറിച്ചും പരിമിതികളെക്കുറിച്ചും കാര്യഗൗരവമായി ചിന്തിക്കാനും വേണമെങ്കിൽ കേരളത്തിന് പുതിയ ഒരു രീതി തന്നെ ഉരുത്തിരിയിച്ചെടുക്കാനുമുള്ള കഴിവുകളുണ്ട്. പക്ഷെ രണ്ടു പാളയങ്ങളിലും താൻ പിടിച്ച മുയലിനു മൂന്നു കൊമ്പാണ്. അതിൽ അത്ഭുതമൊന്നുമില്ല. കാരണം ലോകതലത്തിൽ തന്നെ സ്‌കോളേഴ്‌സിനിടയിലും മാലിന്യവുമായി ബന്ധപ്പെട്ട ആക്ടിവിസ്റ്റുകളുടെയിടയിലും ഈ ഒരു തിരിവ് ഉണ്ട്. പക്ഷെ നമ്മുടെ ചോദ്യം അതല്ല. നയപരമായ ഒരു തീരുമാനം എടുക്കേണ്ട സർക്കാരിൽ തന്നെ രണ്ടു സമാന്തര ചിന്തകളും രീതികളും അഭികാമ്യമാണോ എന്നതാണ്.

ഒരുദാഹരണം പറയാം. ഞാൻ നേരത്തെ പറഞ്ഞു കേരളത്തിൽ പുനചംക്രമണത്തിന് നിക്ഷേപം നടത്തുന്നുണ്ട് എന്ന്. അത് പോലെ ഹരിത കർമ്മ സേന ചെറിയ തോതിൽ അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് entrepreneurship വളർത്താനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത് കുടുംബശ്രീയുടെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിൽ ആണ് നടക്കുന്നത്. ഒരു WTE പ്ലാന്റ് വന്നാൽ ഇതിനൊന്നും പിന്നെ പ്രസക്തി ഇല്ല. കാരണം പ്രതി ദിനം ആവശ്യത്തിനുള്ള മാലിന്യം കത്തിക്കാനായി പ്ലാന്റിൽ എത്തേണ്ടതുണ്ട്. അത് കൊണ്ട് ജീവിത മാർഗം നഷ്ടപ്പെടുന്നത് സ്ത്രീകൾക്കും ചെറുകിട റീസൈക്കിളേഴ്സിനുമായിരിക്കും. ഇങ്ങനെ ഒരു സാഹചര്യം ഉരുത്തിരിഞ്ഞാൽ സർക്കാർ ആരുടെ കൂടെ നിൽക്കും?

WTE പ്ലാന്റുകൾ വന്നാൽ മുഴുവൻ മാലിന്യങ്ങളും കത്തിയ്ക്കാൻ ആണ് ശ്രമിക്കുക. അത് മൂലം ഉണ്ടാകുന്ന വിഷ വാതകങ്ങളും, "ഫ്‌ലൈ ആഷ്' ഡിസ്‌പോസ് ചെയ്യുന്നതിലെ പ്രശ്‌നങ്ങളും, മാലിന്യ സംസ്‌കരണം ജീവിത മാർഗമായി സ്വീകരിച്ചവരുടെ ഉപജീവന മാർഗം ഇല്ലാതാകുന്നതുമാണ് WTE പ്ലാന്റിനെതിരെയുള്ള ഏറ്റവും വലിയ വിമർശനം. പിന്നെ ഇന്ത്യയിൽ പകുതിയിലേറെ WTE പ്ലാന്റുകൾ പ്രവർത്തനക്ഷമമല്ലാതായിരിക്കുന്നു എന്ന ഉത്ക്കണ്ഠയും എനിക്കുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ പോരായ്മ അത് ജനങ്ങളുടെ കാര്യക്ഷമതയെ ആശ്രയിക്കുന്നു എന്നതും (ജനത്തിന് മടി പിടിച്ചാൽ തീർന്നു കാര്യം), അജൈവ മാലിന്യ സംസ്‌കരണം പൂർണമായി നടത്താൻ കഴിയില്ല എന്നതും (പുനഃചംക്രമണനത്തിനു പരിമിതികളുണ്ട്), പാരമ്പര്യ മാലിന്യം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്നതുമാണ്.

ഈ രണ്ടു സമീപനത്തിന്റെയും പരിമിതികളെയെല്ലാം വിലയിരുത്തി, NGT നിർദ്ദേശങ്ങളും പരിഗണിച്ച് രണ്ടു പാളയത്തിൽ നിൽക്കുന്ന സർക്കാരിലെ ഉന്നത നേതൃത്വം ഒരുമിച്ചിരുന്ന് കാര്യക്ഷമമായ ഒരു തീരുമാനം കേരളത്തിന് വേണ്ടി സ്വീകരിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ലോകത്തുള്ള പല വികസിത രാജ്യങ്ങളും മാലിന്യവുമായി ബന്ധപ്പെട്ട പ്രതിസന്ധികളിൽ കൂടി കടന്നു പോയിട്ടുണ്ട്. അക്കാലയളവിൽ അവരെല്ലാം ചെയ്ത ഒരു കാര്യമുണ്ട്. സാനിറ്ററി എഞ്ചിനീയറിംഗ്/ പരിസ്ഥിതി എഞ്ചിനീയറിംഗ്
പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ സാഹചര്യത്തിനനുസൃതമായ നല്ലൊരു മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കിയെടുക്കാൻ വേണ്ടി ഗവേഷണത്തിലും നിർമ്മാണത്തിലും(R&D) ഇൻവെസ്റ്റ് ചെയ്യുകയും ചെയ്യുക എന്നത്. കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തി അത്തരം ഒരു നിക്ഷേപം നടത്തുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്.

അവസാനമായി സംസാരിക്കാനുള്ളത് കേരളത്തിലെ ജനങ്ങളോടാണ്.
ഒരു നിയന്ത്രണവുമില്ലാതെ മാലിന്യം ഉത്പാദിപ്പിച്ച്, ഹരിത കർമ്മ സേനയ്ക്ക് മാലിന്യം ശേഖരിക്കുന്നതിന് മാസത്തിൽ ഒരമ്പത് രൂപ കൊടുക്കാൻ മടിച്ച്, കണ്ണിൽ കണ്ടിടത്തു മുഴുവൻ അത് വലിച്ചെറിഞ്ഞ്, സർക്കാരിനെ ചീത്ത വിളിച്ച് നടക്കുന്ന നമ്മളും ഓർക്കുന്നത് നല്ലതാണ് നമ്മളുടെ ഓരോരുത്തരുടെയും തലയ്ക്ക് പ്രതിമാസം NGT വിലയിട്ടിട്ടുണ്ടെന്ന്. നമ്മുടെ ഉത്തരവാദിത്വം മറക്കാതിരിക്കുക. സമൂഹത്തിനു വേണ്ടി കാര്യക്ഷമമായി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാൻ സർക്കാരിനെ സഹായിക്കുക!

Comments