ആര്‍.എസ്.എസ്, ഹിന്ദുത്വ, വംശീയത, ഇടതുപക്ഷവും ജാതിയും, ജെ.എന്‍.യു, ഇന്ത്യന്‍ സാഹിത്യവും ബുദ്ധിജീവിതവും, കേരളം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പോസ്റ്റ് കൊളോണിയല്‍ സ്റ്റഡീസ് പ്രൊഫസറായ പ്രിയംവദ ഗോപാലുമായി ആഗോള പരിപ്രേക്ഷ്യത്തില്‍ ഒരു സംഭാഷണം
24 Feb 2021, 06:15 PM
ഷാജഹാന്‍ മാടമ്പാട്ട്: കൃത്യമായ ഒരു ഉത്തരം ഇല്ലെന്ന് നമ്മളില്‍ പലരും പരിതപിച്ചിരിക്കുന്ന ഒരു ചോദ്യത്തില്‍ നിന്നു തന്നെ തുടങ്ങാം. ഇന്ത്യയില്‍ ഇന്നു നടക്കുന്നത് എന്താണെന്ന് നമുക്കെല്ലാം വ്യക്തമായി അറിയാം. ഈ ഒരു അവസ്ഥയില്‍ ഇനി ഒരു മതേതര, ജനാധിപത്യ, ബഹുസ്വര ഇന്ത്യക്ക് എന്തെങ്കിലും പ്രതീക്ഷിക്കാന്‍ ഉണ്ടോ? അതോ നമ്മള്‍ സ്വാതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഘട്ടത്തിന്റെ അവസാനത്തിലാണോ?
പ്രിയംവദ ഗോപാല്‍: കാര്യങ്ങളെല്ലാം ദാരുണമായ രീതിയില്‍ തകര്‍ന്നടിയുകയാണ്. നമ്മുടെ മതേതര, ബഹുസ്വര, ജനാധിപത്യ സ്വപ്നങ്ങളുടെ നാടകീയമായ പൊളിച്ചടുക്കലാണ് കഴിഞ്ഞ ഒരു ദശാബ്ദ കാലത്ത് നമ്മള്‍ കണ്ടത്. ഇന്ത്യ ഒരിക്കലും പരിപൂര്‍ണ അര്‍ത്ഥത്തിലുള്ള ജനാധിപത്യ രാഷ്ട്രമായിരുന്നില്ല, അത് എപ്പോഴും അങ്ങനെ ആവാനുള്ള നിരന്തര ശ്രമത്തിലായിരുന്നു എന്നു വേണം കരുതാന്‍. എന്നാല്‍ കഴിഞ്ഞ ആറു മുതല്‍ പത്തുവരെ വര്‍ഷക്കാലയളവില്‍ ഈ സ്വപ്നങ്ങള്‍ ഭയാനകമായ രീതിയില്‍ തകര്‍ന്നടിയുന്നതാണ് നമ്മള്‍ കണ്ടത്. ഞാന്‍ ശുഭാപ്തിവിശ്വാസമില്ലാത്ത ആളല്ല, അതുകൊണ്ട് തന്നെ കാര്യങ്ങള്‍ കെെവിട്ടു പോയി എന്നൊന്നും ഞാന്‍ പറയുന്നില്ല.

ദൈനംദിന ബഹുസ്വരതയിലും, സഹവര്‍ത്തിത്വത്തിലും, ക്രിയാത്മകതയിലുമെല്ലാം ഉറച്ചു വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ആളുകള്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴുമുണ്ട് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ നമ്മള്‍ ഇപ്പോള്‍ തന്നെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയില്ലെങ്കില്‍ നമ്മുടെ ബഹുസ്വരതയും, സാംസ്‌കാരിക വൈവിധ്യങ്ങളും, പലമത പാരമ്പര്യവുമെല്ലാം എന്നന്നേക്കുമായി നാമാവശേഷമാകുന്നത് അതിവിദൂരമല്ലാത്ത ഒരു ഭാവിയില്‍ നമ്മള്‍ കാണേണ്ടി വരും. നമ്മള്‍ പോരാടുന്ന മറുപക്ഷത്തെ ചെറുതായിക്കാണരുത്. സ്വാതന്ത്ര്യാനന്തരം, ജനാധിപത്യ സങ്കല്പം നേരിട്ടതില്‍ വെച്ചേറ്റവും ഭീകരമായ വെല്ലുവിളിയോടാണ് നമ്മള്‍ എതിരിടുന്നത്.

അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കുണ്ടായ ഒരു സംശയം, നമ്മള്‍ എങ്ങനെയാണ് ഹിന്ദുത്വത്തിന്റെ ആശയ പാരമ്പര്യം അന്വേഷിച്ചെടുക്കുക എന്നതാണ്. പലരും കരുതുന്നത് അത് ബ്രിട്ടീഷ് തന്ത്രമായ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ അനന്തരഫലമാണെന്നാണ്. അത് ശരിയായ വിശകലനമാണോ, അതോ ഹിന്ദുത്വത്തിന്റെ വേരുകള്‍ സാമ്രാജ്യത്വത്തിന്റെ കാലത്തേക്കാള്‍ ആഴങ്ങളിലേക്ക് പടര്‍ന്നിട്ടുള്ളതാണോ? കോളനികാലഘട്ടത്തിനു മുന്‍പുള്ള ഇന്ത്യയെ ചിത്രീകരിക്കുമ്പോള്‍ ഹിന്ദു- മുസ്‌ലിം സഹവര്‍ത്തിത്വത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ പലരും വരച്ചുകാണാറുണ്ട്, അത് ചരിത്രപരമായി അത്ര ശരിയാണോ?
ഇതിന്റെ ഉത്തരവാദിത്വം ഞാന്‍ ബ്രിട്ടീഷുകാരുടേത് മാത്രമായി ചുരുക്കിക്കാണുന്നില്ല. അതുപോലെ, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അധീശത്വ തന്ത്രത്തിന്റെ അനന്തരഫലമാണ് ഇതെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഭിന്നിപ്പിച്ചു ഭരിക്കലിന് ഇവിടെ ഒരു പങ്കുണ്ട്. മുസ്‌ലിം, ഹിന്ദു വിഭാഗങ്ങളില്‍ പെട്ട മൗലിക സ്വത്വവാദികളുടെ സംയോജനത്തിന് ഇത് കാരണമായിട്ടുണ്ടെന്നാണത്. ഓര്‍ക്കേണ്ട ഒരു വസ്തുത, ഭിന്നിപ്പിച്ചു ഭരിക്കല്‍ എന്ന തന്ത്രം ഹിന്ദുക്കളെ തമ്മിലും, ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ തമ്മിലുമെല്ലാം പോരടിപ്പിച്ചിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ അത് കേവലം ഹിന്ദു- മുസ്‌ലിം വിഷയമല്ല, മറിച്ച് വളരെ ജാതിയഭിമതമായ, സാമുദായികമായ ഒന്നായിരുന്നു.

ഹിന്ദുത്വം ഏകശിലോല്‍പത്തിയുള്ള ആശയമായി കണക്കാക്കാന്‍ കഴിയില്ല. അതിന്റെ വേരുകള്‍ ബ്രാഹ്‌മണിക പാരമ്പര്യത്തില്‍ വളരെ പ്രകടമായി പടര്‍ന്നു കിടക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ഹിന്ദുത്വത്തെ ഹിന്ദു മഹാസഭയിലേക്കോ ആര്‍.എസ്.എസ്സിലേക്കോ ഉള്‍ച്ചേര്‍ന്ന് നില്ക്കുന്ന ഒന്നായി എടുക്കുമ്പോള്‍ നമ്മള്‍ മനസ്സില്‍ കരുതേണ്ട ഒരു വശം, ഇവയൊന്നും കേവലമൊരു ഹിന്ദു പൊതുസംഘടനയായിരുന്നില്ല, മറിച്ച് ബ്രാഹ്‌മണിക വരേണ്യജാതി സംഘടനകളായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ, സാമ്രാജ്യത്വത്തിനുമപ്പുറം കിടക്കുന്ന ജാതി എന്ന ആശയത്തിന് ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്.
ഹിന്ദുത്വത്തെ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്തുത, അത് പല ആശയസംഹിതകളേയും അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നതാണ്. എന്നാല്‍ കോളനീകരണ തന്ത്രത്തിലെ ആശയങ്ങളിലൊന്നായ ഭിന്നിപ്പിച്ചു ഭരിക്കലിനെ അല്ല അത് അനുകരിക്കുന്നത്. മറിച്ച്, ഏക ഭാഷ- ഏക മതം- ഏക ദേശം എന്ന ഒരു ആശയപരിസരത്തില്‍ നിന്നാണ് ഹിന്ദുത്വം അതിന്റെ ഊർജ്ജം ഉള്‍ക്കൊണ്ടത്.
18, 19 നൂറ്റാണ്ടുകളില്‍ ദേശരാഷ്ട്രങ്ങളായി പരിണമിച്ചുകൊണ്ടിരുന്നിരുന്ന യൂറോപ്പില്‍ നിന്നാണ് ഈ ആശയങ്ങള്‍ ആർ.എസ്.എസ് കടമെടുത്തത് എന്നതാണ് ഇതിലെ കൗതുകകരമായ വൈരുദ്ധ്യം. ഒരു ദേശരാഷ്ട്രമാവുന്നതിന് ഒരു രാജ്യം, ഒരൊറ്റ ഭാഷ സംസാരിക്കുന്ന, ഒരൊറ്റ മതം ആചരിക്കുന്ന (യൂറോപ്പിന്റെ പ്രത്യേക സാഹചര്യത്തില്‍, ക്രിസ്തുമതം), ഒരൊറ്റ വർഗബന്ധം പുലർത്തുന്ന ഒരു ജനസമൂഹമായിരിക്കണം എന്നൊരു ചിന്താരീതി അവിടെ പ്രബലമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഹിന്ദുത്വം യൂറോപ്യന്‍ ആശയധാരയെ അനുകരിക്കുകയാണ് ചെയ്യുന്നത് എന്ന് പറയാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് യൂറോപ്പില്‍ നാസിസവും, ഫാസിസവും ഉയിർക്കൊള്ളുമ്പോള്‍
ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ അവതാരകര്‍, വിശിഷ്യാ ആർ.എസ്.എസിന്റെ ആദ്യകാല നേതാക്കള്‍ പ്രസ്തുത യൂറോപ്യന്‍ "ഇസ'ങ്ങളുടെ അനുവാചകരെപ്പോലെ ശബ്ദിച്ചത്. അവര്‍ ഹിറ്റ്‌ലറാലും മുസ്സോളിനിയാലും അങ്ങേയറ്റം ആകൃഷ്ടരായിരുന്നു എന്നു മാത്രമല്ല, മുസ്സോളിനി ഇറ്റലിയില്‍ രൂപപ്പെടുത്തിയ "ബ്ലാക്ക്ഷർട്ടു'കളെ വളരെ പ്രകടമായി അനുകരിച്ചുകൊണ്ട് ആര്‍.എസ്.എസ് രംഗത്തു വരികയും ചെയ്യുകയുണ്ടായി.
Also Read: ന്യൂസ് ക്ലിക്ക് റെയ്ഡ്: മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ട് നിശ്ശബ്ദരായി?
ഹിന്ദുത്വം മൗലികമായ ഒരു ഇന്ത്യന്‍ ആശയമല്ല എന്നത് ഇതില്‍ നിന്നും നമുക്ക് സംശയലേശമന്യേ മനസ്സിലാക്കാം. അതിവിനാശകരമായ ജാതിയധീശത്വ രീതികളുടേയും യൂറോപ്യന്‍ സങ്കല്‍പനങ്ങളുടെ അനുകരണങ്ങളുടേയും അനന്തരഫലമായി രൂപംകൊണ്ട ഒരു ആശയപരിസത്തുനിന്നാണ് ഇന്ത്യയില്‍ ഹിന്ദുത്വം രൂപമെടുക്കുന്നത്. സവിശേഷമാം വിധം ഭാരതീയമാണ് എന്ന് ആവർത്തിച്ചു വാദിക്കുമ്പോഴും അത് എല്ലാ അർത്ഥത്തിലും സാമ്രാജ്യത്വപരവും
വൈദേശികവുമാണ് എന്നത് ഒരു തരത്തില്‍ നോക്കിയാല്‍ ഹിന്ദുത്വത്തെ സംബന്ധിച്ച ദയനീയ വിരോധാഭാസമാണ്. അതോടൊപ്പം, യൂറോപ്യന്‍ ഫാസിസത്തോട് അത് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതുമാണ്.
ഹിന്ദുത്വത്തിന്റെ പരിണാമം നോക്കിയാല്‍, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ, അവര്‍ ജാതിവ്യത്യാസങ്ങളെ ഒരുവിധത്തില്‍ ആന്തരികവല്‍ക്കരിച്ചിരിക്കുന്നതായി കാണാം. ബി.ജെ.പി യുമായി സഖ്യം ചേരുന്നതിനു പല ദളിത് സംഘടനകളും ഒട്ടും വൈമനസ്യം കാണിക്കുന്നില്ല. മായാവതി ബി.ജെ.പി യുമായി ചേർന്ന് രണ്ടു തവണ അധികാരം പങ്കിട്ടു എന്നത് ഇതിനൊരു ഉദാഹരണമാണ്. അതുപോലെ , ഉദിത് രാജിനെപ്പോലുള്ള പല ദളിത് ബുദ്ധിജീവികളും, പിന്നീട് തിരിച്ചു വന്നെങ്കിലും, ബി.ജെ.പിയില്‍ ചേരാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ഇപ്പോള്‍, എന്‍.ഡി.എയ്ക്ക് സർക്കാര്‍ രൂപീകരിക്കാന്‍ കിട്ടിയ ഏക സഖ്യകക്ഷി റിപ്പബ്ലിക്കന്‍ പാർട്ടിയുടെ പതിപ്പായ ഒരു ദളിത് പാർട്ടിയാണ്. മോദി തന്നെ ഒരു ഉന്നത ജാതിക്കാരന്‍ അല്ല എന്നതുകൂടി ഓർക്കുക. ഹിന്ദുത്വത്തിന്റെ വരേണ്യ അല്ലെങ്കില്‍ ബ്രാഹ്‌മണിക ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത വാദങ്ങള്‍ ഒന്ന് പുനഃപരിശോധിക്കേണ്ടതില്ലേ? എങ്ങിനെയാണ് ഇതിനെ നോക്കിക്കാണുന്നത്?
അതില്‍ ചില ശരികളും തെറ്റുകളുമുണ്ട്. മേലേത്തട്ടില്‍ നില്ക്കുന്ന ഏതൊരു പ്രത്യയശാസ്ത്രത്തിനും അതിന്റെ കീഴ്തട്ടിലുള്ളവരുടെ സഹകരണം കൂടിയേ തീരൂ. നാസിസത്തിന്റെ ഭാഗത്ത് ചേർന്നുന്നിരുന്ന ജൂതന്മാര്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇതില്‍ അതിശയകരമായി ഒന്നും തന്നെയില്ല. ദളിത്- ബഹുജന്‍ രാഷ്ട്രീയ പാർട്ടികളുമായി ബുദ്ധിപരമായ സഖ്യങ്ങള്‍ രൂപീകരിക്കുന്നതും, അതിനാല്‍ അത്തരം സഖ്യങ്ങള്‍ ബ്രാഹ്‌മണികമല്ല എന്ന് പറയുന്നതും തമ്മില്‍ നമ്മള്‍ ഒരു വേർതിരിവ് വരുത്തേണ്ടതുണ്ട്. ബ്രാഹ്‌മണികമായി നില്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് സഖ്യങ്ങള്‍ രൂപീകരിക്കാം, മുസ്‌ലിംകളെപ്പോലും കൂടെ ചേര്‍ക്കാം. ബി.ജെ.പി എപ്പോഴും മുസ്‌ലിംകളേയും ക്രിസ്ത്യാനികളേയും കൂടെ ചേർത്തിട്ടുണ്ട്. കോളനീകരണവുമായി ഇതിനുള്ള സാമ്യവും ഇതു തന്നെയാണ്.
കോളനീകരണം എപ്പോഴും കോളനിവല്‍ക്കരിക്കപ്പെട്ടവരുടെ
സഹായത്തോടെ തന്നെയാണ് നിലനിന്നിട്ടുള്ളത്. ഇന്ത്യന്‍ സാഹചര്യത്തിലും ഇതു തന്നെയായിരുന്നു കോളനിവല്ക്കരണത്തിന്റെ രീതി. ഇതൊന്നും തന്നെ ഹിന്ദുത്വത്തിന്റെ ഉല്‍ഭവവും അതിന്റെ അധീശത്വ രീതികളും ബ്രാഹ്‌മണികമായ ഒന്നാണ് എന്ന വാദത്തെ എതിർക്കുന്നില്ല. ആര്‍.എസ്.എസില്‍ പ്രവർത്തിച്ചിരുന്ന ഒരു ദളിതന്റെ അനുഭവക്കുറിപ്പായ I Could Not Be Hindu : The Story of a Dalit in the RSS എന്ന ഒരു പുസ്തകം ഞാന്‍ അടുത്തിടെയാണ് വായിച്ചത്. തന്റെ കുടുംബം പറയുന്നതായിരുന്നു ശരി എന്നയാള്‍ക്ക് ആ പ്രസ്ഥാനത്തില്‍ അധികം തുടരാതെ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു - എത്ര തന്നെയായാലും വരേണ്യര്‍ ദളിതരെ അംഗീകരിക്കില്ല എന്നത്. അതുകൊണ്ട് തന്നെ ഹിന്ദുത്വവുമായി ഇഴചേർന്ന് പോകുന്നതിന് ഒരു ദളിതനു വലിയ പരിമിതികളുണ്ട്. നിങ്ങള്‍ പറഞ്ഞതില്‍ കാര്യമുണ്ട്. കാരണം 1930 ലെ ഹിന്ദുത്വമല്ല 2020 ലെ ഹിന്ദുത്വം. പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും മാറുന്നുണ്ട്. മാറാതെ അവശേഷിക്കുന്നത് ഹിന്ദുത്വത്തിന്റെ നിഷേധക വംശ ദേശീയ ആശയവാദവും അതിന്റെ മതഭൂരിപക്ഷ അധീശത്വവാദവുമാണ്.

ഹിന്ദുത്വം അതിന്റെ രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്നും മാറുന്നില്ലെങ്കില്‍ ഇത് വലിയ ഒരു വെല്ലുവിളിതന്നെയാണ്. ആര്‍.എസ്.എസിന്റെ തലപ്പത്തിരിക്കുന്ന ഒരാള്‍ പോലും ദളിതരല്ലെന്ന വസ്തുതയെ മറയ്ക്കാന്‍, മുസ്‌ലിംകളുമായോ ക്രിസ്ത്യാനികളുമായോ ദളിത് സംഘടനകളുമായോ സഖ്യം ഉണ്ടാക്കുന്നതിലൂടെ സാധിക്കില്ല. ആര്‍.എസ്.എസ്സിലൂടെ ബ്രാഹ്‌മണികത ബി.ജെ.പിയിലും എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രത്യയശാസ്ത്രം
അടിസ്ഥാനപരമായി എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് നമുക്ക് വ്യക്തികളേയും, സഖ്യസമവാക്യങ്ങളേയും വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്.
അതുപോലെതന്നെ ആ പ്രത്യയശാസ്ത്രത്തിന്റെ പുതിയ രൂപങ്ങളില്‍ എന്തെല്ലാം ഉള്‍ച്ചേർന്നിരിക്കുന്നു എന്നതിനേയും.
വംശങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ നിങ്ങള്‍ നടത്തിയിട്ടുണ്ട്. വംശവുമായി തട്ടിച്ചുനോക്കുമ്പോള്‍ ജാതിയെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത്? ജാതീയതയും വംശീയതയുമായി എന്തെങ്കിലും ബന്ധമുണ്ടോ?
തീർച്ചയായും. ജാതിയേയും വംശത്തേയും കുറിച്ചുള്ള പ്രസക്തമായ സംവാദങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയർന്നുവരുന്നുണ്ട്. ഇസബെല്‍ വില്‍കര്‍ണസിന്റെ
കാസ്റ്റ് എന്ന പുസ്തകത്തില്‍ അവര്‍ ഇവയെ ബന്ധപ്പെടുത്തുന്നുണ്ട്. സൂരജ് യെങ്ഡേയെപ്പോലുള്ള യുവ ദളിത് ബുദ്ധിജീവികളും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കോളനിവല്ക്കരണത്തിന്റേയും അടിമത്തത്തിന്റേയും ഫലമായിട്ടാണ് വംശീയത ഉയര്‍ന്നുവരുന്നത്. അടിമത്വത്തിന്റെ ആദ്യഘട്ടത്തിലെ ന്യായീകരണ യുക്തിയായി വംശീയതയാണ് വര്‍ത്തിച്ചത്. കരീബിയന്‍, അമേരിക്കന്‍ നാടുകളില്‍ വംശീയത കൊടുമ്പിരിക്കൊണ്ടപ്പോള്‍ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലാണ് ഇന്ത്യക്കാര്‍ വംശീയത അനുഭവിക്കുന്നത്. ദളിതരുടെ അനുഭവങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ സാമ്യതയാണ് വംശീയതയുടെ അനുഭവങ്ങള്‍ക്കുമുള്ളത്. വിവേചനങ്ങളുടെ രീതിയിലും, ചൂഷണത്തിലും, അവകാശനിഷേധത്തിലും എല്ലാം വലിയ സാമ്യത കാണാം, അതിനു അടിസ്ഥാനമാക്കി ഉപയോഗിക്കുന്നത് ആളുകളുടെ ജന്മത്തേയോ, തൊലിനിറത്തേയോ ആകാം എന്ന് മാത്രം. നിങ്ങള്‍ എവിടെയാണ് എന്നതിനനുസരിച്ച് അതിന്റെ പ്രയോഗ രീതിയില്‍ ചില മാറ്റങ്ങള്‍ കാണാം.

പരിഹാരക്രിയകള്‍ നടത്തുന്നിടത്താണ് ഇവ രണ്ടും സമാനമാകുന്ന ഒരു രൂപം കൈവരിക്കുന്നത്. ബ്ലാക്ക് ലൈവ്സ് മാറ്ററിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദളിത് ജീവിതങ്ങളുടെ കഷ്ടതകളെക്കുറിച്ച് സംസാരിക്കുന്ന എല്ലാവർക്കും വേഗത്തില്‍ മനസ്സിലാകുന്നതായി വരുന്നത് ഇവിടെയാണ്. അമേരിക്കയിലും, ബ്രിട്ടനിലും ഇന്ത്യയിലുമെല്ലാം പരിഹാരക്രിയകള്‍ നടത്തുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന സംഘങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒരുകാര്യം തന്നെയാണ്, വിശിഷ്യാ തലമുറകളായി ചില ജനവിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും, സാമൂഹികോത്കര്‍ഷ എന്നത് അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒന്നായിത്തീരുകയും ചെയ്ത ഒരു സാഹചര്യത്തില്‍. ജാതിയുടെ കാര്യത്തിലാണെങ്കിലും വംശത്തിന്റെ കാര്യത്തിലാണെങ്കിലും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, അവസരസമത്വം എന്നത് തങ്ങളുടെ കാര്യത്തില്‍ വെറുമൊരു തമാശയായ ഒരു ജനവിഭാഗത്തിനു മുഴുവന്‍ പരിഹാരക്രിയയാകാവുന്ന വ്യവസ്ഥാനുഗതമായ മാറ്റങ്ങളെ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് നമ്മള്‍
സംസാരിക്കേണ്ടത്. രണ്ടാമത്തെ കാര്യം, ബ്ലാക് ലൈവ്സ് മാറ്ററിന്റെ പ്രവര്‍ത്തകരെയും, അവരുമായി ബന്ധപ്പെട്ട ബുദ്ധിജീവികളേയും പത്രപ്രവര്‍ത്തകരേയുമെല്ലാം നമ്മള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നുണ്ട്.. പക്ഷെ ഇന്ത്യയിലെ ദളിതര്‍ക്ക് അത്രതന്നെ മാധ്യമപ്രാപ്തി ലഭ്യമായിട്ടില്ല എന്ന് വേണം കരുതാന്‍. കൂടുതല്‍ കൂടുതല്‍ ദളിത് ബുദ്ധിജീവികളേയും, പ്രവര്‍ത്തകരെയും, നമ്മള്‍ കേള്‍ക്കേണ്ടതും വായിക്കേണ്ടതുമുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങള്‍ ഇപ്പോഴും വരേണ്യ മുതലാളിത്തത്തിന്റെ പിടിയില്‍ തന്നെയാണെന്നത്
നമുക്കെല്ലാം അറിയുന്ന കാര്യമാണ്. അതിനെ അതിജയിച്ചുവരുന്ന ദളിത് ശബ്ദങ്ങളെ ലോകം കേള്‍ക്കേണ്ടതുണ്ട്. .
ബാരക്ക് ഒബാമയുടെ "പ്രോമിസ്ഡ് ലാന്റി'ല്‍ തുറന്നു സമ്മതിക്കുന്നതുപോലെയുള്ള ഒരു എഴുത്ത് കെ. ആര്‍. നാരായണനെപ്പോലെയുള്ള ഒരു ഇന്ത്യന്‍ പ്രസിഡന്റിന്റെ എഴുത്തില്‍ കാണാന്‍ കഴിയില്ല. ഒബാമ സമ്മതിക്കുന്ന പോലെ ഒരു ദളിതന്‍ തന്റെ വിജയത്തെ വിവരിക്കുമ്പോള്‍ തന്റെ ജാതിയെ ഉയര്ത്തിപ്പിടിക്കുന്നതിനു പകരം അതിനെ ചെറുതാക്കി കാണിക്കുകയാണ് കാണുന്നത്?
ബാരക് ഒബാമ വംശീയതയെ നിശിതമായി വിമര്‍ശിച്ചു എന്നതില്‍ എനിക്ക് വിയോജിപ്പുണ്ട്, അതുകൊണ്ട് തന്നെ ഒബാമയുടെ വംശീയതക്കെതിരെയുള്ള തുറന്നുപറച്ചിലിനു സമാനമായ എഴുത്തുകള്‍ ഇന്ത്യയില്‍ നിന്നു വരുന്നില്ല എന്ന ആധി അസ്ഥാനത്താണ് എന്നാണ് ഞാന്‍ കരുതുന്നത്. അംബേദ്ക്കറുടെ "ജാതിനിര്‍മൂലനം' പോലെയുള്ള ഒരു എഴുത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പക്ഷെ ഒരു ദളിത് പ്രധാനമന്ത്രി തന്റെ ദളിത് സ്വത്വത്തെ ഉയർത്തിപ്പിടിക്കാന്‍ സന്നദ്ധനാകുമോ എന്ന ചോദ്യം വരുമ്പോള്‍ അത് ഒരു തുറന്ന ചോദ്യമായി തന്നെ അവശേഷിക്കും. എന്റെ പ്രതീക്ഷ, പ്രോജ്വലനായ ഒരു ദളിത് നേതാവിന്റെ അരങ്ങേറ്റത്തിനുള്ള എല്ലാ സാധ്യതയും ഇന്ന് ഇന്ത്യയില്‍ ഉണ്ട്.
ഇടതുപക്ഷം ജാതി പ്രശ്നത്തെ ഗൗരവകരമായി എടുത്തിട്ടുണ്ടോ? ജാതിയെ വര്‍ഗവുമായി തെറ്റിദ്ധരിക്കുന്ന ഒരു പരിജ്ഞ്ഞാനത്തിലേ ഇന്ന് പല ഇടതുചിന്തകരും എത്തിയിട്ടുള്ളൂ, ഒരു പക്ഷെ അവരുടെ വരേണ്യ സാംസ്‌കാരിക പാശ്ചാത്തലവും സൈദ്ധാന്തികമായി മാത്രം നേടിയ അറിവിന്റെ പരിമിതിയുമാവാം ഇതിനു കാരണം. താങ്കള്‍ക്ക് എന്ത് തോന്നുന്നു?
താങ്കളുടെ നിരീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു. വരേണ്യ പശ്ചാത്തലത്തില്‍ നിന്നു വരുന്നവര്‍ക്ക് ജാതിക്കെടുതികളെക്കുറിച്ച് ശുഷ്‌കമായ അറിവുമാത്രമേ ഉണ്ടാവുകയുള്ളൂ. വംശീയതയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് എന്നെ ജാതീയതയുടെ പഠനങ്ങളിലേക്ക് വീണ്ടും കൊണ്ടെത്തിച്ചത്. ജാതിയും വര്‍ഗവും ഒന്നാണെന്ന തെറ്റിദ്ധാരണയിലായിരുന്നു അതുവരെ ഞാന്‍ ഉണ്ടായിരുന്നത്. ഇടതുപക്ഷം ചരിത്രപരമായി ജാതിയെക്കുറിച്ച് അജ്ഞരാണ്, അവര്‍ ഇനിയും അത് പഠിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് നമുക്ക് അല്പം സംസാരിക്കാം. ജെ. എന്‍. യു പോലെയുള്ള ഒരു മഹത്തായ സ്ഥാപനം അവര്‍ പൂര്‍ണമായും നശിപ്പിച്ചു എന്ന് പറയാവുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ആര്‍.എസ്.എസിന്റെ അനുഭാവികളെ കുത്തിനിറച്ച് ഇപ്പോള്‍ ജെ. എന്‍. യു അതിന്റെ പൂര്‍വകാലപ്രതാപങ്ങള്‍ ഒന്നൊന്നായി പൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് നമ്മള്‍ ആകുലപ്പെടേണ്ട സമയം അതിക്രമിച്ചില്ലേ?
ഞാന്‍ ജെ. എന്‍. യുവിനെക്കുറിച്ച് ദി ഗാര്‍ഡിയനില്‍ ഒരിക്കല്‍ എഴുതിയിരുന്നു. ആ കലാലയം നമുക്ക് നല്കിയിരുന്ന ഒരു വൈജ്ഞാനിക ഉണര്‍വുണ്ടായിരുന്നു, സാംസ്‌കാരിക, മത, ധാര്‍മിക, ബൗദ്ധിക ബഹുസ്വരതയുടെ ഒരു വിശാലമായ ഇടം അത് അതിന്റെ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ തുറന്നിട്ടിരുന്നു. സാമൂഹിക പരിവര്‍ത്തനങ്ങളേയും ധൈഷണിക ജീവിതങ്ങളേയും വിളക്കിച്ചേര്‍ക്കുന്ന ഒരു വേദിയായി അത് വര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആറോ അതിലധികമോ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നത് ഇതിനെയെല്ലാം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്ക് ആ കാമ്പസ് സാക്ഷിയാവുന്നതാണ്. വിമര്‍ശനങ്ങളുടേയോ വിചാരണകളുടേയോ ഒന്നും സാധ്യതകളില്ലാത്ത അടിയറവുപറച്ചിലുകളുടെ രംഗങ്ങളായി അവിടുത്തെ വേദികള്‍ മാറിക്കഴിഞ്ഞു. പുതിയ കാലക്രമത്തിന് ധൈഷണിക യുക്തികളോട് ഏറ്റുമുട്ടാനുള്ള ഭയത്തിന്റേയും ഭീതിയുടേയും കാര്യം വിളിച്ചോതുന്നതാണ് ഇപ്പോള്‍ അവിടെ പ്രകടമായി കാണുന്ന അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും. അതുപോലെ തന്നെ പ്രധാനമായ ഒരു കാര്യമായി എനിക്ക് തോന്നുന്നത്, ജെ. എന്‍. യു പോലുള്ള ഒരു കലാലയത്തെ അവര്‍ ആക്രമിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം അവിടെ നടക്കുന്ന ബൗദ്ധികോല്‍പാദനം, ധൈഷണിക ചര്‍ച്ചകള്‍ എല്ലാം അവരെ ഭയപ്പെടുത്തുന്നതാണ് എന്നും, അവര്‍ അത് തങ്ങളെ നശിപ്പിക്കുമെന്ന് പേടിക്കുന്നുണ്ട് എന്നുമാണ്.

അതുകൊണ്ട് നമ്മള്‍ ഈ ബൗദ്ധികവ്യവഹാരങ്ങള്‍ ശക്തിയുക്തം തുടരേണ്ടതുണ്ട്. അതോടൊപ്പം എനിക്ക് രണ്ട് കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുവാനുണ്ട്, ഒന്ന്, രാജ്യത്തുടനീളം ദളിത്- മുസ്‌ലിം- ബുദ്ധിജീവികള്‍, ചിന്തകര്‍ എന്നിവര്‍ വളഞ്ഞാക്രമിക്കപ്പെടുകയും വേട്ടയാടപ്പെടുകയും, കൊല്ലപ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട് എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. രണ്ട്, ജെ. എന്‍. യു വില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ദശാബ്ദങ്ങളായി തങ്ങളുടെ നാട്ടിലെ യൂണിവേഴ്സിറ്റികളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ് എന്ന് നമ്മുടെ പല കാശ്മീരി സുഹൃത്തുക്കളും പറയുകയുണ്ടായി. ജെ. എന്‍. യുവില്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന പട്ടാള ബൂട്ടടികളും, ആക്രോശങ്ങളും കാശ്മീരീ യൂണിവേഴ്സിറ്റികളില്‍ അല്പം മുമ്പുതന്നെ എത്തിയിരുന്നു. ഇത് നമ്മോട് ചിലത് പറയുന്നുണ്ട്. നമ്മള്‍ പുതിയ വിശാല സഖ്യങ്ങള്‍ രൂപപ്പെടുത്തേണ്ട സമയ അതിക്രമിച്ചുവരികതന്നെയാണ്.
പുതിയകാലത്തെ സാംസ്‌കാരിക- വിദ്യാഭ്യാസ നയങ്ങള്‍ വളരെക്കാലമായി നമ്മള്‍ പടുത്തുയര്‍ത്തിക്കൊണ്ട് വന്ന സക്രിയമായ ബൗദ്ധികസംസ്‌കാരത്തെ നിരാകരിക്കുന്നതായിട്ടാണ് കാണുന്നത്. മറ്റു പല വികസ്വര രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. പക്ഷെ പുതിയ വിദ്യാഭ്യാസ നയങ്ങള്‍ നമ്മെ കൂപ്പുകുത്തിക്കുന്ന വിധത്തിലല്ലേ പ്രവര്‍ത്തിക്കുക എന്ന ഒരു ആശങ്ക ബാക്കിയാവുകയാണ്. എങ്ങിനെയാണ് താങ്കള്‍ ഇതിനെ നോക്കിക്കാണുന്നത്?
തീര്‍ച്ചയായും, വലിയ അപകടത്തിലാണ് നമ്മള്‍ എത്തിനില്ക്കുന്നത്. ലോകത്തിലെ തന്നെ മികച്ച സര്‍വ്വകലാശാലകളില്‍ ഒന്നായി ഇടം പിടിച്ച ജെ. എന്‍. യു ഇനി ആ പട്ടികയില്‍ നിന്നു തന്നെ പുറത്താവുകയാണ്. രാഷ്ട്രീയ പ്രാധാന്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന നിലവാരം കുറഞ്ഞ അധ്യാപക നിയമനങ്ങളും, ലോകശ്രദ്ധയും അംഗീകാരവും നേടിയ അധ്യാപകരെ രാഷ്ട്രീയ- മതകീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പീഡിപ്പിച്ച് പുറത്താക്കുന്നതുമെല്ലാം നമ്മുടെ വിജ്ഞാനോല്പാദനത്തെ ദോഷകരമായി ബാധിക്കും എന്നതില്‍ സംശയത്തിനിടയില്ല.
ഗൗരവകരമായ ബൗദ്ധികവ്യവഹാരങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി രാജ്യത്തിനകത്തു തന്നെ നില്ക്കാന്‍ സാധ്യതകളില്ലാതാവുകയാണ്. അതേസമയം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമിതികളെല്ലാം അതിലെ രാഷ്ട്രീയ നിയമനങ്ങള്‍ കാരണം അല്പന്മാരുടെ കേന്ദ്രങ്ങളാവുകയാണ്. അന്തര്‍ദേശീയതലത്തില്‍ അതുകൊണ്ട് തന്നെ ഇന്ത്യയിലെ വിദ്യാഭ്യാസ സമിതികള്‍ ഒരു തമാശയായി മാറിയിരിക്കുകയാണ് എന്നുമാത്രമല്ല, ഇന്ത്യയില്‍ നിന്നു പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളില്‍ അവര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയുമാണ്.
ഇന്ത്യന്‍ സാഹിത്യത്തിലേക്ക് വരാം. എന്താണ് ഇന്ത്യന്‍ സാഹിത്യം? ഇന്ത്യന്‍ ഭാഷകളില്‍ എഴുതുന്ന സാഹിത്യവും ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യവും തമ്മില്‍ എങ്ങനെയാണ് മാറ്റുരക്കുക?
ഇവ തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്ന് പറയാനാവില്ല. ഇന്ത്യന്‍ രാഷ്ട്രാതിര്‍ത്തികള്‍ക്കുള്ളിലുള്ളവര്‍ ഉല്പാദിപ്പിക്കുന്ന സാഹിത്യത്തെയാണ് പൊതുവെ ഇന്ത്യന്‍ സാഹിത്യം എന്ന് പറയുന്നത്. ഇതില്‍ ഒരുപാട് ചര്‍ച്ച നടന്നിട്ടുള്ളതാണ്. എന്നാല്‍ എന്റെ ഒരു ചോദ്യം, സാഹിത്യ നിര്‍മിതികളെ ഒരു ദേശ- രാഷ്ട്രത്തിന്റെ ഭൗതികാതിര്‍ത്തികള്‍ക്കുള്ളിലേക്ക് ഒതുക്കി നിര്‍വ്വചിക്കുന്നത് ശരിയാണോ എന്നതാണ്. അതിര്‍ത്തികളുടെ നാമവിശേഷണങ്ങളില്ലാതെ സാഹിത്യങ്ങളെ സ്വീകരിക്കാനും ആസ്വദിക്കാനും ഉള്ള വിശാലതയിലേക്ക് നമ്മള്‍ വളരേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. സാഹിത്യപഠനങ്ങളെ സീമകളില്ലാതെ വ്യാപിക്കാന്‍ അനുവദിക്കണമെന്നാണ് ഞാന്‍ പറയുന്നത്.
ഇന്നത്തെ സാഹിത്യ വിമര്‍ശനങ്ങളുടെ അവസ്ഥയെന്താണ്, അകാലത്തില്‍ ചരമമടഞ്ഞ ഒരു സാഹിത്യമണ്ഡലമായി വിമര്‍ശനം അവസാനിച്ചോ? അതല്ല പുസ്തക നിരൂപണം മാത്രമായി പരിണമിച്ചോ പുതിയ കാലത്തെ സാഹിത്യ വിമര്‍ശനം?
സാഹിത്യ വിമര്‍ശനം ഇന്ന് പ്രത്യേക ചില ഭാഷവിന്യാസങ്ങളുടെ, അറിവു പ്രദര്‍ശനങ്ങളുടെ ഒരു മണ്ഡലമായി മാറിയിരിക്കുകയാണ്, ഗൗരവകരമായി ഇതിനെ കൈകാര്യം ചെയ്യുന്ന ഒരു ന്യൂനപക്ഷത്തിന്റെ ഇടപെടല്‍ ഒഴികെ. താങ്കള്‍ സൂചിപ്പിച്ചത് ഒരു വലിയ പ്രശ്നത്തിന്റെ ലക്ഷണത്തെയാണ്.
Also Read: പോണ്ടിച്ചേരി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എന്നേയും സമീപിച്ചിരുന്നു, മാഹി ഇടതു എം.എല്‍.എയുടെ വെളിപ്പെടുത്തല്‍
സര്‍വകലാശാലകള്‍ കൂടുതല്‍ കൂടുതല്‍ കോര്‍പറേറ്റ് ഇടങ്ങളാകുമ്പോള്‍ അവിടങ്ങളിലെ അധ്യാപകര്‍ വിദഗ്ധരുടെ ഭാവ- വേഷാധികള്‍ ധരിക്കാന്‍ നിര്‍ബന്ധിതരാവുന്നു. തത്ഫലമായി മടുപ്പുളവാക്കും വിധമുള്ള ഭാഷാവിന്യാസങ്ങളും വ്യവഹാര കസര്‍ത്തുകളുമായി സാഹിത്യ മണ്ഡലങ്ങളിലുള്ള അവരുടെ ഇടപെടല്‍ തരംതാഴ്ന്നുപോവുന്ന എന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തില്‍ വിദഗ്ധരുടെ മണ്ഡലമായി സാഹിത്യ വിമര്‍ശനം മാറുന്നതോടെ പൊതുജനസമ്പര്‍ക്കമുള്ള, സാധാരണക്കാരായ വിമര്‍ശകര്‍ക്കും നിരൂപകര്‍ക്കും ഈ മണ്ഡലത്തില്‍ ഇടമില്ലാതാവുന്നു. അവര്‍ സാഹിത്യ വിമര്‍ശനങ്ങള്‍ നടത്തിയിരുന്ന ഭാഷാരീതി അന്യംനിന്ന് പോവുന്നു. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കുപുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ജ്ഞാനോല്‍പാദനവും വൈജ്ഞാനിക വ്യവഹാരങ്ങളും നിലച്ചുപോവുകയും ചെയ്യുന്നു എന്നതും ഇതിന്റെ പ്രശ്നമാണ്.
വൈജ്ഞാനികോല്പാദനത്തെ കുറിച്ച് പറയുമ്പോള്‍, പുതിയ കാലത്തിന്റെ ജ്ഞാന നിര്‍മാതാക്കള്‍ പൂര്‍വകാലങ്ങളിലുള്ളവരെ വച്ചു നോക്കുമ്പോള്‍ വളരെ ക്ഷണികമായ പ്രഛന്നവേഷക്കാരായ, പണ്ഡിതനാട്യക്കാരയവരായിട്ടാണ് തോന്നുന്നത്. എഡ്വാഡ് സെയ്ദിനെ പോലുള്ളവര്‍ക്കുശേഷം അത്രമേല്‍ പ്രസക്തമായി കാലഘട്ടങ്ങളെ അതിജീവിച്ച ഗ്രന്ഥരചയിതാക്കള്‍ പിന്നീട് ഉണ്ടായിട്ടുണ്ടോ?
ഇല്ല എന്ന് ഞാന്‍ പറയില്ല. ധാരാളം മഹത്തായ ഗ്രന്ഥങ്ങള്‍ പിന്നീടും രചിക്കപ്പെട്ടിട്ടുണ്ട്. സര്‍വവിജ്ഞ്ഞാനകോശങ്ങളായ പണ്ഡിതര്‍ പലരും ഉണ്ടായിട്ടുണ്ട്. അവരുടെ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന രചനകള്‍ ലോകത്തെ അല്‍ഭുതപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ എഡ്വേഡ് സെയ്ദിനെപ്പോലെയോ ഹാരോള്ഡ് ബ്ലൂമിനെപ്പോലെയൊ സ്വതന്ത്രമായി ഇരുന്നു വിശാലമായി എഴുതാനുള്ള സാഹചര്യമല്ല ഇന്നുള്ള യുവ ബുദ്ധിജീവികള്‍ക്കുള്ളത്, അതുകൊണ്ട് തന്നെ അവര്‍ പുറത്തുകൊണ്ടുവരുന്ന കൃതികളിലും ആ വ്യത്യാസം കാണുന്നു എന്നുമാത്രം.വൈജ്ഞാനികോല്പാദനത്തെ കുറിച്ച് പറയുമ്പോള്‍, പുതിയ കാലത്തിന്റെ ജ്ഞാന നിര്‍മാതാക്കള്‍ പൂര്‍വകാലങ്ങളിലുള്ളവരെ വച്ചു നോക്കുമ്പോള്‍ വളരെ ക്ഷണികമായ പ്രഛന്നവേഷക്കാരായ, പണ്ഡിതനാട്യക്കാരയവരായിട്ടാണ് തോന്നുന്നത്. എഡ്വാഡ് സെയ്ദിനെ പോലുള്ളവര്‍ക്കുശേഷം അത്രമേല്‍ പ്രസക്തമായി കാലഘട്ടങ്ങളെ അതിജീവിച്ച ഗ്രന്ഥരചയിതാക്കള്‍ പിന്നീട് ഉണ്ടായിട്ടുണ്ടോ?

പ്രസാധക വ്യവസായത്തിന്റെ ഇടപെടല്‍ മറ്റൊരു പ്രധാന ഘടകമാണ്. ഒരു മഹത്തായ ബ്രഹത്‌ഗ്രന്ഥം ക്ഷമയോടെ കാത്തിരിക്കാന്‍ പ്രസാധകര്‍ തയ്യാറവുമോ എന്നതൊരു ചോദ്യം തന്നെയാണ്. വേഗതയില്ലാത്ത പാണ്ഡിത്യത്തിനു അനുഗുണമായ ഒരു കാലാവസ്ഥയല്ല ഇന്നുള്ളത് എന്ന് ചുരുക്കിപ്പറയാം.
സ്വാതന്ത്രത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചിരുന്നു, അതില്‍ താങ്കള്‍ സ്വാതന്ത്രത്തെ കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അനുസരിച്ച് മാറുന്ന ഒരു ആശയമായാണ് അവതരിപ്പിച്ചത്. ഇന്ന് അത്തരമൊരു അവതരണത്തെ ആപേക്ഷികതാത്മകം എന്ന് വിമര്‍ശിക്കപ്പെടുകയില്ലേ, വിശിഷ്യാ സൗദീ അറേബ്യയുടെ കാര്യത്തിലും, ചില സംഘപരിവാര്‍ വ്യാഖ്യാനങ്ങളിലും ഇത്തരം ഒരു സ്വതന്ത്ര നിര്‍വചനത്തിന്റെ പ്രശ്‌നങ്ങള്‍ പ്രകടമായി നാം കാണുമ്പോള്‍?
ആപേക്ഷിതയല്ല ഞാന്‍ സ്വീകരിക്കുന്ന രീതി എന്ന് ഞാന്‍ ആദ്യമേ വ്യക്തമാക്കട്ടെ. സ്വാതന്ത്രത്തെ നിർവ്വചിക്കേണ്ടത് അതിനു വേണ്ടി പോരാടുന്നവരാണ്, അല്ലാതെ അധികാരത്തിലിരിക്കുന്നവരല്ല എന്നതായിരുന്നു ഞാന്‍ ഉന്നിപ്പറഞ്ഞ ഒരു കാര്യം. അപ്പോള്‍ സൗദിയിലെ സ്വാതന്ത്രത്തിന്റെ നിര്‍വ്വചനം സൗദിയിലെ പാരതന്ത്രരുടെ ഇടയില്‍ നിന്നാണ് ഞാന്‍ സ്വീകരിക്കുക, ഭരണകൂടത്തില്‍ നിന്നല്ല.
ബ്രിട്ടീഷ് സാമ്രാജ്യം എന്നും ന്യായീകരിച്ചിട്ടുള്ളത് അവര്‍ ലോകത്തിലെ പീഢിതർക്ക് മോചനം നല്കുകയാണ് എന്നായിരുന്നു. ഈ സാഹചര്യത്തിലാണ് ഞാന്‍ പറഞ്ഞത് ബ്രിട്ടീഷ് ഭരണകൂടം നിര്‍വ്വചിച്ച് വകവെച്ച് നല്കേണ്ടതല്ല സ്വാതന്ത്രം, അത് ജമൈക്കയിലായാല്‍ അവിടുത്തെ ജനങ്ങള് നിര്‍വ്വചിക്കെണ്ടതും, 1882 ലെ ഈജിപ്തിലാണെങ്കില്‍ തുർക്കി ഖിലാഫത്തിനെതിരെ പോരാടുന്ന കർഷകര്‍ നിര്‍വ്വചിക്കേണ്ടതും ആണെന്നാണ് ഞാന്‍ പറയുന്നത്. വസ്തുതകള്‍ സന്ദർബന്ധിതമായിതന്നെയാണ് നിര്‍വ്വചിക്കപ്പെടുന്നത്, അത് സ്വാതന്ത്രത്തിലും അപ്രകാരം തന്നെ. സ്വാതന്ത്രം എന്ത് എന്നതിനു ഒരു പൊതു നിര്‍വ്വചനം അസാധ്യമാണ് എന്നുതന്നെയാണ് എന്റെ ബോധ്യം.
കോളനിവല്‍കൃത രാഷ്ട്രങ്ങളില്‍ നിന്നുള്ള ബുദ്ധിജീവികളെക്കുറിച്ച് പറയുകയാണെങ്കില്‍, ബ്രിട്ടീഷ് ചിന്തയെ സ്വാധീനിച്ച 19ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ചിന്തകര്‍ ആരൊക്കെയാണ്?
19ാം നൂറ്റാണ്ടില്‍ അത്രയധികം പേരൊന്നും ഇല്ല. ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് സഞ്ചാരികളെയാണ് ഞാന്‍ എന്റെ "ഇന്‍സര്‍ജന്റ് എംപയറി'ല്‍ ഒരിടത്ത് പറയുന്നത്. 1857 ന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നിടത്തും ഞാന്‍ സൂചിപ്പിച്ചിരുന്നു; ഒരു ന്യൂനപക്ഷം ബ്രിട്ടീഷുകാര്‍ ബ്രിട്ടീഷ് ഭരണപക്ഷത്ത് ചേരാതെ പോരാടുന്ന ഇന്ത്യക്കരുടെ പക്ഷമാണ് ചേര്‍ന്നത്. ആ പുസ്തകത്തില്‍ ഞാന്‍ പറഞ്ഞ ഏറ്റവും പ്രധാന വ്യക്തിവിശേഷണം ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് പോയി അവിടെ എം.പി യായി മാറിയ ഷപൂര്‍ജി ശക്‌ലത്‌വാല എന്ന ഒരു ഇന്ത്യക്കാരനെക്കുറിച്ചുള്ളതാണ്.

ഗാന്ധിക്കും, തിലകിനും അപ്പുറം മഹത്തായ സ്വാധീനം ചെലുത്തിയ മറ്റുപല ഇന്ത്യക്കാരേയും ഞാന്‍ അതില്‍ പരാമര്‍ശിച്ചിരുന്നു. ശശി തരൂര്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇന്ത്യയെ അവതരിപ്പിക്കുന്നതില്‍നിന്നും എന്റെ പുസ്തകം വ്യത്യസ്തമാണ് എന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ആ പുസ്തകം എഴുതുന്നത് ദേശീയതയുടെ ആദ്യപാഠം എന്ന നിലക്കാണ്. എന്നാല്‍ എനിക്ക് എന്റെ പുസ്തകം ദേശീയതയുടെ പാഠമല്ല, മറിച്ച് കോളനി പ്രതിരോധത്തിന്റെ,
പ്രതിപ്രവര്‍ത്തനത്തിന്റെ, കോളനി വിരുദ്ധ നീക്കങ്ങളുടെ പാഠമാണ്.
ഗാന്ധിയെക്കുറിച്ച് പറയുമ്പോള്‍, അമേരിക്കയിലും, ആഫ്രിക്കയിലും അനേകം ബുദ്ധിജീവികളേയും ചിന്തകരേയും സ്വാധീനിച്ച ഒരു വ്യക്തിത്വമാണ് അദ്ദേഹം, പക്ഷെ ആ കാലത്തെ ബ്രിട്ടനില്‍ മാത്രം അദ്ദേഹത്തിന്റെ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഒരു മഹാനേയും കാണുന്നില്ല. അതെങ്ങിനെയാണ്സംഭവിച്ചത്?
ഞാന്‍ ഗാന്ധിയെക്കുറിച്ച് എന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടില്ല. പക്ഷെ ഗാന്ധിയെക്കുറിച്ച് ബ്രിട്ടീഷ് ഗ്രന്ഥകാരന്മാര്‍ വാല്യങ്ങളിലുള്ള പുസ്തകങ്ങള്‍
എഴുതിയിട്ടുണ്ട്, ബ്രിട്ടീഷ് മാധ്യമങ്ങളും പാര്‍ലമെന്റ് തന്നെയും ഗാന്ധിയുടെ രചനകളും കത്തുകളുമൊക്കെ ചര്‍ച്ചക്കെടുക്കുകയും ഉണ്ടായിട്ടുണ്ട്.

പക്ഷെ താങ്കള്‍ ചോദിച്ച ചോദ്യത്തിനു ഉത്തരം പറയാന്‍ ഞാന്‍ ഗാന്ധി വിഷയത്തില്‍ അത്ര വൈദഗ്ധ്യം ഉള്ള ആളല്ല എന്നാണ് എനിക്ക് തോന്നുന്നത്.
അതില്‍ ഞാന്‍ താങ്കളോട് പൂര്‍ണമായും യോജിക്കുന്നു.
ശശി തരൂര്‍, തന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ ദേശീയത എന്ന ആശയത്തെ അനാവശ്യമായി വലിച്ചുനീട്ടി പറയുന്നത് അരോചകകരമായ വായനാനുഭവമാണ് നല്‍കുന്നത്. ദേശീയതയും ദേശഭക്തിയും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുവാന്‍ ആ പുസ്തകം നടത്തുന്ന ശ്രമങ്ങളൊക്കെ വിശ്വാസ്യയോഗ്യമല്ലാതെയനുഭവപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സമ്മര്‍ദങ്ങളാവാം ഒരു പക്ഷെ. അത് വിടാം. മലയാളം സാഹിത്യം, സംസ്‌കാരം, കേരളം ഇതെല്ലാം താങ്കളുടെ മനസ്സില്‍ എന്ത് ചിന്തകളാണ് അല്ലെങ്കില്‍ ഓര്‍മകളാണ് കൊണ്ടുവരുന്നത്?
ജന്മം കൊണ്ട് ഞാന്‍ ഒരു തമിഴ്നാട്ടുകാരിയാണ്. പക്ഷെ ഞാന്‍ കേരളം ശരിയായ രീതിയില്‍ ഒന്നു കാണുന്നത് 2018-19 കാലഘട്ടത്തിലാണ്. കൊച്ചി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കേരളത്തിന്റെ തീരദേശ വ്യാപാര സംസ്‌കാരം എന്നെ വല്ലാതെ ആകര്‍ഷിച്ച ഒന്നാണ്. അത് യഥാര്‍ഥത്തില്‍ ബഹുസ്വരതയുടെ ഒരു നേര്‍രൂപമാണ്. എല്ലാ വിയോജിപ്പുകള്‍ക്കുമപ്പുറം കേരളത്തില്‍ ജനങ്ങള്‍ ഒന്നിച്ച് ഇടലകര്‍ന്ന് ജീവിക്കുന്നു എന്നത് മഹത്തായ ഒരു കാര്യം തന്നെയാണ്.
ഞാന്‍ പക്ഷെ, കേരളത്തെ കുറിച്ച് അത്ര ശുഭാപ്തി വിശ്വാസക്കരനല്ല. കാര്യങ്ങള്‍ വഴിമാറിപ്പോകുന്നത് ഇവിടെ സാധാരണമായിരിക്കുന്നു. തമിഴ്നാട് പക്ഷെ ഒരു പ്രതീക്ഷയാണ്.
കേരളത്തെ ഞാന്‍ എഴുതിത്തള്ളാത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്, വര്‍ഗീയത എല്ലായിടത്തുമുണ്ട്, അസഹിഷ്ണുതയും. പക്ഷെ കേരളത്തിന്റെ സാക്ഷരത എന്ന സവിശേഷ സ്വഭാവവും പരസ്പര സൗഹാര്‍ദവും പറയേണ്ടതു തന്നെയാണ്. സാധാരണ ജനങ്ങള്‍ക്ക് എഴുതാനും വായിക്കാനും കഴിയുന്ന ഒരു നാട് ഏതാണോ, അവിടെയാണ് പ്രതീക്ഷയുള്ളത് എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ പക്ഷെ, കേരളത്തെ കുറിച്ച് അത്ര ശുഭാപ്തി വിശ്വാസക്കരനല്ല. കാര്യങ്ങള്‍ വഴിമാറിപ്പോകുന്നത് ഇവിടെ സാധാരണമായിരിക്കുന്നു. തമിഴ്നാട് പക്ഷെ ഒരു പ്രതീക്ഷയാണ്.
ഒരു പരിധിവരെ, അതെ. സൗഹാര്‍ദം എന്ന വാക്ക് താങ്കള്‍ ഉപയോഗിച്ചപ്പോള്‍ഞാന്‍ ആഷിഷ് നന്ദി അല്പം മുമ്പ് ആ വാക്ക് ഉപയോഗിച്ചത് ഓര്‍ക്കുകയായിരുന്നു. കൊച്ചിയില്‍ അദ്ദേഹം കണ്ട പരസ്പര സഹവര്‍ത്തിത്വത്തെ വിശേഷിപ്പിക്കാന്‍ ഇസ്‌ലാമിക് സ്‌പെയിനില്‍ അദ്ദേഹം കണ്ട ഒരു തരം സൗഹാര്‍ദത്തിന്റെ വാക്ക് ഉപയോഗിക്കുകയുണ്ടായി. താങ്കളും അതേ വാക്ക് തന്നെയാണ് ഉപയോഗിച്ചത്. വളരെ അടുത്തം കാലം വരെ കേരളത്തിലെ ഭൂരിപക്ഷം ആളുകളും താങ്കളുടെ അഭിപ്രായത്തെ അനുകൂലിക്കുന്നവരായിരുന്നു. ഞാനുള്‍പ്പെടെ പലരും വിചാരിച്ചത് ഇന്ന് മലയാളികള്ക്കുള്ള എല്ലാ സവിശേഷതകളും നമ്മൂടെ വിജ്ഞാന പാരമ്പര്യത്തിന്റെ ഫലമല്ല, മറിച്ച് തങ്ങളുടെ തനതായ ജനവാസരീതിയുടേതാണ് എന്നാണ്.
ജനവാസരീതി നിര്‍ണായകം തന്നെയാണ്, കാരണം അത് ദൈനംദിന സഹവര്‍ത്തിത്വത്തിന്റെതാണ് എന്നതുകൊണ്ട്. ഒരു സമൂഹം എത്രത്തോളം ബഹുസ്വരമാകുന്നുവോ, അതുപോലെ ബഹുസ്വരതയെ എത്രത്തോളം വിലമതിക്കുന്നുവോ, അത്രത്തോളം അത് ഗോത്രദേശീയതയെ ചെറുക്കും, എന്നാണെന്റെ വിശ്വാസം.
ബിയ്യാത്തുമ്മ / മനില സി. മോഹന്‍
Apr 16, 2021
52 Minutes Watch
പുന്നല ശ്രീകുമാർ / ടി.എം. ഹർഷൻ
Apr 12, 2021
36 Minutes Watch
മനില സി.മോഹൻ
Apr 10, 2021
4 Minutes Watch
എം. കുഞ്ഞാമന്‍ / മനില സി. മോഹന്‍
Apr 07, 2021
1 Hour Watch