പിണറായി എനിക്കുതന്ന ഫ്‌ലാറ്റിൽ അന്ന് കോടിയേരി ഒരു മുറി ചോദിച്ചു

ഒരു ദിവസം എ.കെ.ജി സെന്ററിൽ ചെന്നപ്പോൾ കോടിയേരി എന്നെ വിളിച്ചിരുത്തി ഒരു ഉപകാരം ചെയ്യുമോയെന്ന് ചോദിച്ചു. അദ്ദേഹത്തിന് ഒരുപാട് ഭീഷണികൾ ഉള്ളതുകൊണ്ട് കുടുംബത്തെ കണ്ണൂരിൽ ഒറ്റയ്ക്ക് നിർത്തുന്നത് സുരക്ഷിതമല്ലെന്നും കുട്ടികളൊക്കെ ചെറുപ്പമായതുകൊണ്ട് ഇങ്ങോട്ട് കൊണ്ടുവരണമെന്നൊക്ക വിശദീകരിച്ചു. ശേഷം പി.ടിയുടെ ഫ്ളാറ്റിലെ ഒരു മുറി ഞങ്ങൾക്ക് തരുമോയെന്ന് ചോദിച്ചു. എനിക്ക് അത്ഭുതം തോന്നി. ഞാൻ പാർട്ടിക്കു വേണ്ടി അത്രയ്ക്ക് കഷ്ടപ്പെട്ട ഒരു വ്യക്തിയൊന്നുമല്ല, ഞാനൊരു ചലച്ചിത്ര പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനും മാത്രമാണ്. കോടിയേരിയൊക്കെ എത്രയോ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും സഹിച്ചാണ് ഈ പ്രസ്ഥാനത്തിനു വേണ്ടി പോരാടുന്നത്.

1994ലെ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് എം.എൽ.എ ആയ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ഞാൻ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. അന്നുമുതലുള്ള സൗഹൃദം ഇതുവരെ തുടർന്നു. അന്ന് പല പരിപാടികൾക്കും അദ്ദേഹമെന്നെയും ഒപ്പം കൂട്ടി. മനോഹരമായ സംഘടനാ വൈദഗ്ധ്യം ഇത്തരം പരിപാടികളുടെ പ്രത്യേകതയായിരുന്നു. ഇത് കണ്ണൂർക്കാരുടെ മികച്ച പാർട്ടി സ്വഭാവമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കോടിയേരി എപ്പോഴും നല്ല സുഹൃത്തും സഖാവുമായിട്ടാണ് പെരുമാറിയിട്ടുള്ളത്.

അടുപ്പം തോന്നിയാൽ, കാര്യങ്ങൾ തുറന്നു ചർച്ചചെയ്യാൻ തയ്യാറായിട്ടുള്ള ഒരു മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. 1996 - ൽ ഞാൻ ഗുരുവായൂരിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കോടിയേരി സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു. എം.എൽ.എ ഹോസ്റ്റലിൽ സി.പി.ഐ.എമ്മിന് അന്ന് രണ്ട് ഫ്‌ളാറ്റായിരുന്നു ഉണ്ടായിരുന്നത്. ഒരെണ്ണത്തിൽ ശർമ്മയും ഒരെണ്ണത്തിൽ പിണറായി വിജയനുമാണ് താമസിച്ചിരുന്നത്. ഞാൻ ചോദിച്ചപ്പോൾ പിണറായി വിജയൻ ആ പഴയ ബ്ലോക്കിലെ ഫ്ളാറ്റ് എനിക്ക് താമസിക്കാൻ തന്നിരുന്നു.

ഒരു ദിവസം എ.കെ.ജി സെന്ററിൽ ചെന്നപ്പോൾ കോടിയേരി എന്നെ വിളിച്ചിരുത്തി ഒരു ഉപകാരം ചെയ്യുമോയെന്ന് ചോദിച്ചു. അദ്ദേഹത്തിന് ഒരുപാട് ഭീഷണികൾ ഉള്ളതുകൊണ്ട് കുടുംബത്തെ കണ്ണൂരിൽ ഒറ്റയ്ക്ക് നിർത്തുന്നത് സുരക്ഷിതമല്ലെന്നും കുട്ടികളൊക്കെ ചെറുപ്പമായതുകൊണ്ട് ഇങ്ങോട്ട് കൊണ്ടുവരണമെന്നുമൊക്കെ വിശദീകരിച്ചു. ശേഷം പി.ടിയുടെ ഫ്ളാറ്റിലെ ഒരു മുറി ഞങ്ങൾക്ക് തരുമോയെന്ന് ചോദിച്ചു. എനിക്ക് അത്ഭുതം തോന്നി. ഞാൻ പാർട്ടിക്കു വേണ്ടി അത്രയ്ക്ക് കഷ്ടപ്പെട്ട ഒരു വ്യക്തിയൊന്നുമല്ല, ഞാനൊരു ചലച്ചിത്ര പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനും മാത്രമാണ്. കോടിയേരിയൊക്കെ എത്രയോ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും സഹിച്ചാണ് ഈ പ്രസ്ഥാനത്തിനു വേണ്ടി പോരാടുന്നത്. അങ്ങനെയുള്ള ഒരാൾ ഇങ്ങനെ ഒരു അപേക്ഷ വെച്ചതു തന്നെ ശരിയായില്ലെന്നും ഒരു മുറിയല്ല ഫ്ളാറ്റ് മുഴുവനായും എടുക്കാനും ഞാൻ പറഞ്ഞു. ഫ്ളാറ്റിലെ ഒരു മുറി മതിയെന്ന് കോടിയേരി പറഞ്ഞെങ്കിലും ഫ്ളാറ്റിൽ താമസിക്കണമെന്ന് ഞാൻ നിർബന്ധിക്കുകയും അദ്ദേഹം കുടുംബത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയും ചെയ്തു. പിന്നീട് 2001 ൽ കോടിയേരി എം.എൽ.എ ആയി. ആ കാലഘട്ടത്തിൽ സി.പി.എമ്മിൽ നല്ലവണ്ണം വിഭാഗീയത ഉണ്ടായിരുന്നു. പക്ഷേ എപ്പോഴും പാർട്ടി നിലപാടിനൊപ്പമാണ് കോടിയേരി നിന്നിരുന്നത്. അതിനെക്കുറിച്ചൊക്കെ വളരെ വ്യക്തമായ ധാരണകൾ കോടിയേരിക്ക് ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഇ.എം.എസ്., കോടിയേരി ബാലകൃഷ്ണൻ

കോടിയേരിയുമായുള്ള സൗഹൃദം ഊഷ്മളമായ വ്യക്തിബന്ധത്തിലേക്കും രാഷ്ട്രീയ ചർച്ചകളിലേക്കുമൊക്കെ നയിച്ചിരുന്നു. അദ്ദേഹം പലതവണ ഗുരുവായൂരിൽ പരിപാടിക്ക് വരികയും എന്റെ വീട്ടിലേക്ക് വരികയും ചെയ്തിട്ടുണ്ട്. ഒരു സന്ദർശനത്തിൽ അദ്ദേഹം പാർട്ടി മെമ്പർഷിപ്പ് എടുക്കാത്തതിനെക്കുറിച്ച് എന്നോട് ചോദിച്ചു. ഞാൻ അതിന് യോഗ്യനല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ മാത്രം ശേഷിയുള്ള ഒരാളല്ല ഞാനെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. പ്രവർത്തന രീതിയും പെരുമാറ്റ രീതിയുമൊക്കെ വ്യത്യസ്തമായതിനാലാകും പിണറായി വിജയനും ജില്ലാ നേതൃത്വവും ഒന്നും എന്നെ മെമ്പർഷിപ്പ് എടുക്കാൻ നിർബന്ധിച്ചിരുന്നില്ല. കോടിയേരി വളരെ സൗമ്യമായി പെരുമാറുകയും ഹൃദയത്തിൽ നിന്ന് സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുമായിരുന്നു. കാര്യങ്ങളൊന്നും വെട്ടി തുറന്ന് പറയാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. കേൾക്കുന്നവർക്കെല്ലാം വ്യക്തമാകുന്ന രീതിയിലാണ് അദ്ദേഹം രാഷ്ട്രീയ നിലപാടുകൾ പറഞ്ഞിരുന്നത്. ന്യൂനപക്ഷ പ്രശ്നങ്ങളെല്ലാം ഒരുപാട് ചർച്ച ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

ഒരു സുഹൃദ് സംഭാഷണത്തിൽ 1996- ലെ തിരഞ്ഞെടുപ്പിൽ വി.എസ്. പരാജയപ്പെട്ടതിനെക്കുറിച്ചെല്ലാം അദ്ദേഹം എന്നോട് വിസ്തരിച്ച് പറഞ്ഞിരുന്നു. എങ്ങനെയാണ് പാർട്ടി പെരുമാറേണ്ടതെന്നും എപ്രകാരം തീരുമാനങ്ങളെടുക്കണമെന്നും വ്യക്തമാക്കുന്ന ഒരു രാഷ്ട്രീയ ക്ലാസ്സായിട്ടാണ് എനിക്കത് തോന്നിയത്. വായനയിലൂടെ മാത്രമല്ല, ഇത്തരത്തിലുള്ള രാഷ്ട്രീയ വ്യക്തികളുമായിട്ടുള്ള വർത്തമാനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സംവാദങ്ങളിലൂടെയുമാണ് നമ്മൾ രാഷ്ടീയ പ്രവർത്തനത്തെക്കുറിച്ച് യഥാർത്ഥത്തിൽ പഠിക്കുന്നത്. അദ്ദേഹം സൗഹൃദം വളരെ കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. കോടിയേരി പുതിയ വീട് ഉണ്ടാക്കിയപ്പോൾ എന്നെ വിളിച്ചുകൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. കോടിയേരിയുടെ ഭാര്യ വിനോദിനിയും മക്കളുമെല്ലാം അദ്ദേഹത്തെ പോലെ തന്നെ അടുത്ത ബന്ധങ്ങൾ എപ്പോഴും നിലനിർത്തിയിരുന്നവരായിരുന്നു.

വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമൊപ്പം കോടിയേരി

2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത്, പ്രവാസി വെൽഫയർ ബോർഡിന്റെ ചെയർമാൻ സ്ഥാനമേറ്റെടുക്കണമെന്ന് പറഞ്ഞ് കോടിയേരി എന്നെ വിളിച്ചിരുന്നു. അന്ന് ഞാൻ വിശ്വാസപൂർവ്വം മൻസൂർ' എന്ന സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലായിരുന്നു. ഞാൻ ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്നും ഈ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യം കുറവാണെന്നും സഖാവ് എന്നെ ഒഴിവാക്കി തന്നാൽ സന്തോഷമെന്നും ഞാൻ പറഞ്ഞു. ഷൂട്ടിങ്ങ് നടക്കട്ടെയെന്നും കാര്യങ്ങൾ പിന്നീട് സംസാരിക്കാമെന്നും പറഞ്ഞ് അദ്ദേഹമന്ന് ഫോൺ വെച്ചു. അങ്ങനെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞപ്പോൾ വീണ്ടും അദ്ദേഹമെന്നെ വിളിക്കുകയും തിരുവനന്തപുരത്തേക്ക് വരാൻ പറയുകയും ചെയ്തു. സെക്രട്ടറിയേറ്റിൽ പി.ടിയുടെ അഭിപ്രായം പറഞ്ഞപ്പോൾ സഖാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സ്ഥാനം ഏറ്റെടുക്കാൻ പറയണമെന്നാണ് മറുപടി ലഭിച്ചതെന്ന് അദ്ദേഹമെന്നെ ബോധ്യപ്പെടുത്തി. എനിക്ക് പി.ടിയിലുള്ള വിശ്വാസം കണക്കിലെടുത്ത് ചെയർമാനാക്കാൻ പാർട്ടി തീരുമാനിച്ചതായി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പാണ് അദ്ദേഹം വിശ്വാസത്തോടെ എനിക്കന്ന് നൽകിയത്. എനിക്കൊന്നും തിരിച്ചു പറയാനുള്ള അവസരമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്നേഹത്തിനും വിശ്വാസത്തിനും മുന്നിൽ ആ ചുമതല നിരാകരിക്കാൻ എനിക്കായില്ല. പിന്നീട് ഒന്നു രണ്ടു പ്രാവശ്യം ഈ ആവശ്യങ്ങൾക്കൊക്കെ എന്നെ അദ്ദേഹം വിളിച്ചിരുന്നു. പൊതുവെ ഈ ചെയർമാൻ സ്ഥാനത്തുള്ളവർക്കെല്ലാം കുറഞ്ഞ ശമ്പളമേ ഉണ്ടായിരുന്നുള്ളു. ഒരു ദിവസം ശമ്പളം കൂടുതൽ വേണോ എന്നൊക്കെ ചോദിച്ച് അദ്ദേഹം വിളിച്ചിരുന്നു. അങ്ങനെയെല്ലാവരോടും തുറന്ന് സംവദിക്കുന്ന ഒരു രീതി അദ്ദേഹം തുടർന്നുപോന്നിരുന്നു. എന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ദീർഘമായ കത്തുകൾ ഞാൻ അദ്ദേഹത്തിന് എഴുതാറുണ്ടായിരുന്നു. അദ്ദേഹവും മീറ്റിങ്ങുകളൊക്കെ വിളിച്ച് നമ്മുടെ പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്.

യഥാർത്ഥത്തിൽ വിഭാഗീയത കത്തിനിന്ന കാലത്ത് അതിലൊരു വലിയ ഷോക്ക് അബ്സോർബറായി നിന്നത് കോടിയേരി ബാലകൃഷ്ണനാണെന്നാണ് എനിക്ക് തോന്നുന്നത്. അതിശക്തമായി പാർട്ടി നിലപാട് സ്വീകരിക്കുമ്പോഴും മറുപക്ഷവുമായി എപ്പോഴും സംഭാഷണത്തിന് സാധ്യത തുറന്നിടുന്ന ഒരു സമീപനമാണ് കോടിയേരിക്ക് ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണനെന്ന പാർട്ടി നേതാവ് ഉണ്ടായതുകൊണ്ടാണ് പാർട്ടി അപകടകരമായിട്ടുള്ള പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാനായത്. സഖാക്കൾക്കിടയിൽ ഏറ്റവും അധികം ആശങ്ക ഉയർത്തിയ കാലഘട്ടമായിരുന്നു അത്. പ്രത്യേകിച്ച് ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വി.എസ്. അച്യുതാനന്ദൻ ഇറങ്ങി പോകുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും അതിന് മുൻപുണ്ടായിരുന്ന സംഭവങ്ങളിലുമെല്ലാം കോടിയേരി വഹിച്ച പങ്ക് സി.പി.ഐ.എമ്മിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് എനിക്കു തോന്നുന്നത്. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാക്കാനും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും വേണ്ടി വലിയ പ്രയ്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. മാധ്യമങ്ങോടെല്ലാം ഭംഗിയായി സംസാരിക്കുന്ന അപൂർവ്വം ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം. പാർട്ടിയിലുള്ള ആളുകളെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചും വ്യക്തമായ ബോധവും നിഗമനവും അദ്ദേഹത്തിനുണ്ടായിരുന്നു. അത് പല സന്ദർഭങ്ങളിലും എനിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യവുമാണ്. അങ്ങനെയുള്ള ഒരു വ്യക്തി വിട പറഞ്ഞ് പോകുമ്പോൾ നമ്മുടെ മനസ്സൊക്കെ ഒരു നിമിഷം ശൂന്യമായി പോകും. ഭാവിയിൽ ഈ പ്രസ്ഥാനത്തെയും കേരളീയ രാഷ്ട്രീയത്തെയും നയിക്കാൻ പറ്റുന്ന ആളുകളെ വളർത്തികൊണ്ടുവരുന്നതിൽ കോടിയേരിയെയും പിണറായിയെയും പോലുള്ള നേതാക്കളൊക്കെ വലിയ ശുഷ്‌കാന്തി കാണിച്ചിട്ടുണ്ട്.

കോടിയേരി ഒരിക്കലും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. വളരെ സംഘർഷഭരിതവും ഗൗരവവുമായ സന്ദർഭങ്ങളിൽ പോലും കോടിയേരി വളരെ സൗമ്യമായിട്ടാണ് പെരുമാറാറുള്ളത്.

കോടിയേരിക്ക് അസുഖങ്ങളൊക്കെ ഉണ്ടായിരുന്നതുകൊണ്ട് കോവിഡ് സമയത്തൊക്കെ ഞങ്ങൾ കാണുന്നത് വളരെ കുറവായിരുന്നു. അവസാന സമയത്ത് കോടിയേരിയെ കാണാനായില്ലെന്ന ദുഃഖം എനിക്കുണ്ട്. കാരണം കോടിയേരി ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന ചിന്ത എനിക്ക് ഉണ്ടായിട്ടേയില്ലായിരുന്നു. കോടിയേരി അസുഖങ്ങളൊക്കെ ഭേദമായി തിരിച്ചുവരുമെന്നു തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ആ പോക്കിലൊക്കെ എന്തോ ചില അപാകതകളും അശുഭ സൂചനകളും രോഗം ഗുരുതരമായിട്ടുണ്ടോയെന്നുമൊക്കെ ചെറുതായി തോന്നിയിരുന്നു. എങ്കിലും ചാനലിലൊക്കെ അദ്ദേഹത്തിന്റെ അസുഖം ഭേദപ്പെടുകയാണെന്ന വാർത്തകൾ കണ്ടപ്പോൾ ആശ്വാസം തോന്നിയിരുന്നു.

കോടിയേരി ഒരിക്കലും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. വളരെ സംഘർഷഭരിതവും ഗൗരവവുമായ സന്ദർഭങ്ങളിൽ പോലും കോടിയേരി വളരെ സൗമ്യമായിട്ടാണ് പെരുമാറാറുള്ളത്. കോടിയേരിയുടെ ഈ വിയോഗം കേരളത്തിന്റെ വലിയ നഷ്ടമായാണ് ഞാൻ കാണുന്നത്. മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും നമ്മുടെ നാടിന്റെ ബഹുസ്വരതയ്ക്കുമൊക്കെ കോടിയേരിയെ നഷ്ടപ്പെടുന്നത് വലിയ സങ്കടകരമാണ്. ഇന്ത്യ വർഗീയവത്ക്കരിക്കപ്പെടുന്ന കാലത്ത് അതിനെതിരെ ശബ്ദമുയർത്തിയ അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ഈ വിയോഗം എങ്ങനെ മറിടന്നുപോകുമെന്ന ആശങ്ക ഉള്ളിലുള്ളപ്പോഴും ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെയിരിക്കാനാണ് ഞാൻ വിചാരിക്കുന്നത്. ആ മഹാനായ രാഷ്ട്രീയ നേതാവിന്റെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Comments