ആ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ ഞാൻ ജീവനോടെ ഇരിക്കില്ലായിരുന്നു

Truecopy Webzine

തൃശൂരിൽ, എം.എ. ബേബിയുടെ ഭാര്യ ബെറ്റിയുടെ വീടിനടുത്തായിരുന്നു ഞാൻ അന്ന് താമസിച്ചിരുന്നത്. ബേബി അവിടെ വരുമ്പോൾ, അവിടുത്തെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ, ഒരു ഇടതുപക്ഷ പ്രവർത്തകൻ ഞങ്ങൾക്കിടയിലുണ്ട് എന്ന് ബേബിയോട് പറയുമായിരുന്നു. അങ്ങനെ ഒരു ദിവസം ബേബി എന്റെ വീട്ടിൽ വന്നു. ഞാനെഴുതിയതെല്ലാം എടുത്ത് വായിച്ചു. ഒന്നുരണ്ടു തവണ വീട്ടിൽ എന്നെ കാണാൻ വന്നു. ടി.എൻ. ജോയിയും അന്ന് വീട്ടിൽ വരും. അങ്ങനെ ജോയിയും ബേബിയും വലിയ കൂട്ടായി. ഒരു തവണ വന്നപ്പോൾ ചോദിച്ചു, ഡി.വൈ.എഫ്.ഐ.യുടെ മാസിക‘യുവധാര'എഡിറ്റുചെയ്യാമോ എന്ന്. ആ സമയത്താണ്, ഇലക്ഷൻ വരുന്നത്. അയോധ്യ ഇഷ്യൂ വളരെ രൂക്ഷമായി നിൽക്കുന്ന സമയം. H.D. Sankalia എന്ന ആർക്കിയോളജിസ്റ്റ് രാമായണത്തെക്കുറിച്ച് നടത്തിയ പഠനം- Ramayana in Historical Perspective- ഞാൻ വിവർത്തനം ചെയ്തു. (സങ്കാലിയ എന്നാണ് ഞാൻ വിവർത്തനം ചെയ്തത്, പുനെയിൽ ചെന്നപ്പോൾ ആരോ പറഞ്ഞു, സാംഗ്ലിയ ആണെന്ന്, പേര് തെറ്റിച്ചായിരുന്നു എന്റെ വിവർത്തനം). ‘ചിന്ത’ പബ്ലിഷ് ചെയ്ത അതേ പുസ്തകത്തിന്റെ വിവർത്തനമാണ് ഞാൻ ചെയ്തത്. ആ പുസ്തകത്തിന്റെ ആദ്യ നാല് അധ്യായങ്ങളെടുത്ത് ‘അയോധ്യ: നേരും നുണയും' എന്ന ഒരു പുസ്തകം പ്രത്യേകമായി, പുരോഗമന പ്രസാധകസംഘത്തിന്റെ പേരിൽ 3000 കോപ്പി അച്ചടിച്ച് കേരളം മുഴുവൻ വിതരണം ചെയ്തു. അതും പാർട്ടിക്കാർ ഏറ്റെടുത്ത് വിൽക്കാമെന്നൊക്കെ പറഞ്ഞു. എന്റെ വീട്ടിലെ മരങ്ങളൊക്കെ വിറ്റാണ് ഈ പുസ്തകം അടിച്ചത്. ഞാൻ ‘യുവധാര'യിൽ എത്തിച്ചേരുന്നതിനുമുമ്പുള്ള അവസാനത്തെ പുസ്തകം കൂടിയാണിത്.

ഇടതുപക്ഷം ജയിക്കുമെന്ന് പ്രതീക്ഷയുള്ള നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു, 1991-ലേത്. നിയമസഭ ഒരുവർഷം മുമ്പേ പിരിച്ചുവിട്ടാണ് തെരഞ്ഞെടുപ്പു നടത്തിയത്. എന്നാൽ, രാജീവ്ഗാന്ധി കൊല്ലപ്പെട്ടതോടെ കഥയാകെ മാറി, ഇടതുപക്ഷം തോറ്റു. എന്റെ പുസ്തകപ്രസിദ്ധീകരണവും നിന്നു. ‘യുവധാര'യിലെ പണിയും ഞാൻ നിർത്തി. അതിന് രാഷ്ട്രീയമായ വിയോജിപ്പുമുണ്ടായിരുന്നു. അതിലൊന്ന്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ.ക്കാർ എ.ഐ.എസ്.എഫുകാരെപ്പോലും തെരഞ്ഞെടുപ്പിന് നിർത്താൻ അനുവദിച്ചിരുന്നില്ല. അത് അക്കാലത്ത് വലിയ ഇഷ്യൂ ആയി. ആ പരാതി എന്റെയടുത്ത് വരികയും ഞാൻ ഇ.എം.എസിന് കത്തെഴുതുകയും ചെയ്തു. എ.കെ.ജി. സെന്ററിൽനിന്ന് പുറത്തിറങ്ങി മുന്നിൽ കാണുന്ന കോളേജിൽ ജനാധിപത്യമുണ്ടോ എന്നന്വേഷിക്കണമെന്ന് ഞാൻ കത്തിലെഴുതി.
മാർക്‌സിസവും എനിക്ക് പ്രശ്‌നമായിത്തുടങ്ങി. മാർക്‌സിസം കൊണ്ട് ലോകത്തെ മനസ്സിലാക്കാൻ പറ്റില്ല എന്ന തിരിച്ചറിവും ഉണ്ടായി. ആ തിരിച്ചറിവുകൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയപാർട്ടിയുമൊത്തുള്ള പ്രവർത്തനം നിർത്താൻ തീരുമാനിക്കുന്നത്. അങ്ങനെ, ഇ.എം.എസിന് നീണ്ട കത്തെഴുതി. അക്കാലത്ത്, ഇ.എം.എസ്. എഴുതിയ മൂന്ന് ലേഖനങ്ങൾക്ക്- ബന്ദിനെ ന്യായീകരിച്ചും മറ്റും- മറുപടിയെന്ന നിലയ്ക്കാണ് കത്തെഴുതിയത്. അങ്ങനെ, ഇ.എം.എസിനോട് ടാറ്റയും പറഞ്ഞ് പിരിഞ്ഞു.

ആ കത്തും ലേഖനങ്ങൾക്കുള്ള മറുപടിയുമെല്ലാം പുസ്തകരൂപത്തിലാക്കിയിരുന്നു, അതൊരു ഭീകര പുസ്തകമായിരുന്നു, ‘നിത്യചൈതന്യയതിക്ക് ഖേദപൂർവം' പോലത്തെ ഒന്ന്. മാർക്‌സിസ്റ്റുപാർട്ടിയെ ഐഡൻറിഫൈ ചെയ്യുന്ന, എന്റെ ജീവിതമൊക്കെ ചേർത്ത് എഴുതിയത്. അത് കെ.വി. സുരേന്ദ്രനാഥിന് വായിക്കാൻ കൊടുത്തു. ഇതുപോലൊരു അപകടം പിടിച്ച ഒരു പുസ്തകം താൻ വായിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ‘ഒരിക്കലും ഇത് പ്രസിദ്ധീകരിക്കരുത്, ഇത് പ്രസിദ്ധീകരിച്ചാൽ മൈത്രേയന് പലതും ചെയ്യാൻ പറ്റും. അതുകൊണ്ട് മാർക്‌സിസ്റ്റ് പാർട്ടിക്ക് ഒന്നും പറ്റില്ല. പക്ഷെ, മാർക്‌സിസ്റ്റ് പാർട്ടിക്ക് മൈത്രേയനെ ഒന്നും ചെയ്യാതാക്കാൻ പറ്റും.'- അദ്ദേഹം പറഞ്ഞു.

അപ്പോൾ, ജയശ്രീയും ഞാനും ഇരുന്ന് ആലോചിച്ചു. ജയശ്രീ പറഞ്ഞു, അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ടെന്ന്. അങ്ങനെ ആ പുസ്തകം പ്രസിദ്ധീകരിക്കേണ്ട എന്നു തീരുമാനിച്ചു. അതുകൊണ്ട് ഞാൻ ജീവനോടെയിരിക്കുകയും ലൈംഗികത്തൊഴിലാളികളെ ഓർഗനൈസ് ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങളിലേക്ക് പോകുകയും ചെയ്തു. അച്ചടിക്കാത്ത ആ പുസ്തകം ജയശ്രീ ചിതലിന് കൊടുത്തു, അങ്ങനെ ചരിത്രമേ ഇല്ലാതായി. ആ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ ഞാൻ ജീവനോടെ ഇരിക്കില്ലായിരുന്നു. പൂർണ്ണ രൂപം വായിക്കാംആറേഴുവർഷമായി ഞാൻ പുസ്തകം കൈകൊണ്ട് പിടിച്ചു വായിച്ചിട്ട്... | മൈത്രേയൻ

Comments