ഓൺലൈൻ ക്ലാസിൽ ഇരിക്കാൻ പറ്റാത്തവരെ പുറത്താക്കുന്ന അധ്യാപകർ ദേവികയെ മറന്നോ

പെട്ടന്നൊരു ദിവസം യാതൊരു മുൻവിധികളോ മുന്നൊരുക്കങ്ങളോയില്ലാതെ നമ്മളെല്ലാം വല്ലാത്തൊരു നിശ്ചലതയിലേക്ക് ആണ്ടുപോയി.

2020 മാർച്ച് 13 ന് ഉച്ചക്ക് യൂണിയൻ മുറിയിലിരുന്ന്, ഭാവി യൂണിയൻ പരിപാടികളെക്കുറിച്ച് ചർച്ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ."കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന്, മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ട് ഞങ്ങളൊരു നിമിഷം സ്തബ്ധരായി. ലോകമാകെ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന, കേരളത്തിലേക്കും പരന്നുകയറിക്കൊണ്ടിരിക്കുന്ന "കൊറോണ' എന്ന വൈറസാണ് കാരണം.

ക്ലാസുകൾ പതിവുപോലെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ലാബുകൾ, പ്രൊജക്ട് വർക്കുകൾ, പരീക്ഷകൾ, ചർച്ചകൾ, അങ്ങനെ ഓരോന്നും നടന്നുകൊണ്ടിരിക്കെത്തന്നെ, ലൈബ്രറിയിൽനിന്നും ആവശ്യത്തിനുള്ള റഫറൻസ് പുസ്തകങ്ങൾ പോലും എടുക്കാനിടയില്ലാതെ തൊട്ടടുത്തിരുന്നവരെ കെട്ടിപ്പിടിച്ച് "ഇനി കുറേ നാൾ കഴിഞ്ഞ് കാണാം ല്ലേ' എന്ന് യാത്ര പറയാൻ പോലുമാകാതെ നമ്മളെല്ലാം പിരിഞ്ഞു. കോളേജ് അടച്ചു !
ദിവസങ്ങൾ... മാസങ്ങൾ...കടന്നു പോയി.

ജൂൺ 1 മുതൽ ക്ലാസ്സുകൾ ആരംഭിക്കുന്നുവെന്നറിഞ്ഞപ്പോൾ ഭാവി പഠനത്തെകുറിച്ചോർത്ത് ധർമ്മസങ്കടത്തിലായ ഞങ്ങൾക്ക് അതൊരു ശുഭവാർത്തയായി തോന്നി.

മൊബൈൽ ഫോണും ഇന്റർനെറ്റ് സൗകര്യവുമൊക്കെയുള്ളവർ അതിലൂടെ, പലതും ചർച്ചചെയ്യുകയും പങ്കുവക്കുകയുമൊക്കെ ചെയ്യുന്നു. പാഠഭാഗങ്ങൾ മുഴുവനാക്കിയിരുന്നില്ല. പരീക്ഷകൾ ഉടൻ നടക്കുമോ ? ഒഴിവാക്കുമോ? സംശയങ്ങളും ആശങ്കകളും കൈമാറുന്നു. ഇപ്പറഞ്ഞവയൊന്നുമില്ലാത്ത ഒരുപക്ഷം, പുറംലോകവുമായി കാര്യമായ ബസങ്ങളൊന്നുമില്ലാതെ വീടുകളിൽ "കുടുങ്ങി' കിടന്നു ( കിടക്കുന്നു). കൊറോണ പടർന്നുകൊണ്ടേയിരുന്നു... !

ജൂൺ 1 മുതൽ ക്ലാസ്സുകൾ ആരംഭിക്കുന്നുവെന്നറിഞ്ഞപ്പോൾ ഭാവി പഠനത്തെ കുറിച്ചോർത്ത് ധർമ്മസങ്കടത്തിലായ ഞങ്ങൾക്ക് അതൊരു ശുഭവാർത്തയായി തോന്നി. ടി.വി യിലൂടെയും മൊബൈലിലൂടെയുമെല്ലാം സ്കൂൾ വിദ്യാർത്ഥികൾ "പഠിച്ചു' തുടങ്ങുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത അഭിമാനവും തോന്നി. ആധുനിക വിദ്യാഭ്യാസത്തിലും "കേരള മോഡൽ' ശക്തമാകുന്നു. പഠനസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികൾക്ക് വേണ്ട സൗകര്യങ്ങളുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ പറയുകയും, ഏതാനും വിദ്യാർത്ഥിസംഘടനകൾ ടി.വിയും മൊബൈലുമില്ലാത്ത വീടുകളിലേക്ക് അതെത്തിച്ചു നൽകാനുള്ള പദ്ധതികൾ ആരംഭിക്കുകയുമെല്ലാം ചെയ്തു.

കോളേജ് വിദ്യാർത്ഥികൾക്ക് പഠനം മുന്നോട്ടു കൊണ്ടുപോകാനായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാം എന്ന വാർത്ത എല്ലാവരിലേക്കുമെത്തും മുൻപ് കൃത്യം ജൂൺ ഒന്നാംതീയ്യതി തന്നെ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. "നാളെ നമുക്ക് ഓൺലൈൻ ക്ലാസുണ്ടേയ്" എന്ന് ഒരു സുഹൃത്ത് ഫോൺചെയ്ത് പറഞ്ഞപ്പോഴാണ് ഞാൻ, ഡാറ്റയും നെറ്റ് വർക്കും ഇല്ലാതെ "ചത്തു 'കിടക്കുന്ന എന്റെ മൊബൈൽ ഫോണെടുത്തു നോക്കുന്നത്. അനിയത്തിയുടെ ഫോണിന്റെ അവസ്ഥയും ഇതുതന്നെയാണ്. ഞങ്ങൾ അച്ഛനോട് സംസാരിച്ചു. "മറ്റെന്ത് തടസ്സങ്ങളുണ്ടായാലും പഠനം തടസ്സപ്പെടരുതെന്ന്' ഇടക്കിടെ പറയുന്ന അച്ഛൻ, നാട്ടിൽ അത്യാവശ്യം Range കിട്ടുന്ന ഒരു സിംകാർഡ് വാങ്ങി റീച്ചാർജ് ചെയ്തു. അനിയത്തിക്ക് കൂടി ഒരു ഹെഡ്സെറ്റും വാങ്ങിച്ചു കൊടുത്തു. ഞങ്ങളും ഓൺലൈൻ ക്ലാസ്സ് മുറികളിലേക്ക് കടന്നുചെല്ലാൻ തയ്യാറായി.

ഇനിയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ക്ലാസ് കേൾക്കാനും കാണാനുമൊക്കെ അടിസ്ഥാനപരമായി രണ്ട് ആപ്പുകൾ വേണം (google meet, google classroom). സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾ എന്ത് ചെയ്യും? സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ തന്നെ തരക്കേടില്ലാത്ത Storage, Memory എന്നിവയും വേണ്ടേ? ഈ ആപ്പുകൾ എല്ലാ ഫോണിലും സപ്പോർട്ട് ആകുമോ? സംശയമായി. ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നതിന് മുന്നേ തന്നെ പല അധ്യാപകരും ഉള്ള കുട്ടികളെ വച്ച്

ഗൂഗിൾ മീറ്റിൽ ക്ലാസുകൾ ആരംഭിച്ചിരുന്നു. Range കിട്ടാനായി പുറത്തെ കസേരയിലിരുന്ന് ക്ലാസ് കേട്ടുകൊണ്ടിരിക്കുമ്പോഴാണ് ദേവികയുടെ ആത്മഹത്യാ വാർത്ത അറിയുന്നത്. "ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു ' എന്നത് എത്രമാത്രം വലിയ പ്രിവിലേജ്ഡ് ആണ് എന്ന തിരിച്ചറിവിൽ ഞാനൊരു നിമിഷം മരവിച്ചിരുന്നു പോയി.
"ഇതിനൊക്കെ ആത്മഹത്യ ചെയ്യാ? "അമ്മ നിരാശയോടെയും തെല്ല് ദേഷ്യത്തോടെയും പറയുന്നു. പിന്നെയും എത്രയോ പേർ മൂക്കത്ത് വിരൽവച്ച് ആ ഒൻപതാം ക്ലാസുകാരിയെ പഴിക്കുന്നത് ഞാൻ കണ്ടു.
പഠിക്കുക എന്നത്... നന്നായി പഠിച്ചൊരു ജോലി നേടുക എന്നത് ജീവിച്ചിരിക്കുന്നതിനുളള ജീവിക്കാനുള്ള കച്ചിതുരുമ്പാകുമ്പോൾ, ആ പ്രതീക്ഷയും കൈവിട്ടു പോകുന്ന നിമിഷം മറ്റൊന്നും ചിന്തിക്കാൻ അവൾക്ക് കഴിഞ്ഞിരിക്കില്ല. തന്റെ കൂട്ടുകാരെല്ലാം ടി.വിയിലൂടെയും ഓൺലൈൻ സൗകര്യങ്ങളിലൂടെയും പഠിച്ചുകൊണ്ടിരിക്കുമ്പോൾ തനിക്കതിനുള്ള വഴിയില്ലല്ലോ എന്നോർന്നോർത്ത് അവളേറെ മാനസിക സംഘർഷമനുഭവിച്ചിരിക്കാം. തനിക്ക് പഠിക്കാനാകുന്നില്ല എന്ന വസ്തുതയെ മറച്ചുവക്കുന്ന യാതൊരു സമാശ്വാസ വാക്കുകളിലും അവൾക്ക് സമാധാനം കണ്ടെത്താൻ കഴിഞ്ഞിരിക്കില്ല. അധ്യാപകൻ ക്ലാസെടുത്തുകൊണ്ടിരിക്കെ, google class room App പണിമുടക്കിയപ്പോൾ ഞാനനുഭവിച്ച മാനസിക ബുദ്ധിമുട്ടിന്റെ എത്രയോ ഇരട്ടി മാനസികസംഘർഷമനുഭവിച്ചാവാം ആ പെൺകുട്ടി ജീവൻ വെടിഞ്ഞത് എന്നെനിക്ക് മനസ്സിലാക്കാനാകുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ നിർബന്ധിതമാകുന്ന ഈ അവസ്ഥയിൽ, ഭാവി പഠനത്തെയും ജോലിയെയും കുറിച്ചെല്ലാം ആകുലപ്പെടുന്ന വിദ്യാർത്ഥിപക്ഷത്തുനിന്നു കൊണ്ട് നിലവിലെ ഓൺലൈൻ വിദ്യാഭ്യാസത്തെ പിന്താങ്ങുവാൻ എനിക്കു സാധിക്കും. എന്നാൽ, ഈ സംവിധാനം മേൽപ്പറഞ്ഞ സൗകര്യങ്ങളൊന്നും തന്നെയില്ലാത്ത ഒരു വിഭാഗം വിദ്യാർത്ഥികളെ ഒഴിവാക്കിക്കൊണ്ടുള്ളതും അവർക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് എന്ന തിരിച്ചറിവിൽ നിന്ന് കൊണ്ട്, ഒരു വിദ്യാർത്ഥിനി എന്ന നിലയിൽ തന്നെ ഞാൻ ആശങ്കപ്പെടുകയും ചെയ്യുന്നു.

ആദ്യം തന്നെ ഓർമ്മിപ്പിച്ചു പോകാനുള്ളത് "വിദ്യാഭ്യാസം എന്നത് ഒരു പ്രാഥമികാവകാശമാണെന്നും, അതിനു മുൻപിൽ ഓരോരുത്തരും തുല്യരാണ് എന്നതുമാണ്'.

പ്രത്യക്ഷത്തിൽ തന്നെ ഓൺലൈൻ പഠനരീതി വലിയ മനുഷ്യാവകാശലംഘനങ്ങൾക്ക് കാരണമാകുന്നു എന്നത് മനസിലാക്കാവുന്നതാണ്. മാത്രമല്ല ഈ സംവിധാനം ഓരോ വിദ്യാർത്ഥികളെയും തുല്യരായി പരിഗണിക്കുന്നുമില്ല. "താല്പര്യമുള്ളവർക്ക് ' google meet ക്ലാസിൽ പങ്കുചേരാം എന്ന് അധ്യാപകർ പറയുമ്പോൾ "താല്പര്യം' എന്ന വാക്ക് തന്നെ എല്ലാവിധ ഓൺലൈൻ സൗകര്യങ്ങളുടേയും പ്രിവിലേജ്ഡ് അനുഭവിക്കന്ന ഒരു വിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. മറുപക്ഷത്തിന്റെ താല്പര്യങ്ങൾക്കോ താല്പര്യമില്ലായ്മകൾക്കോ അവിടെ പ്രസക്തിയേ ഇല്ല.
ഇനിമുതൽ 8:30 മുതൽ 1:30 വരെ ഓൺലൈൻ ആപ്പ് ഉപയോഗിച്ച് ക്ലാസെടുക്കും. എന്ന് ഒരു അധ്യാപിക / അധ്യാപകൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അറിയിപ്പ് നൽകുമ്പോൾ ആ വിവരം അറിയാൻ കഴിയാതെ പോകുന്ന ഒരു വിഭാഗം വിദ്യാർത്ഥികൾ ഉണ്ടാകും. ആ വിവരം അറിഞ്ഞാലും തന്റെ പരിമിതമായ സൗകര്യങ്ങൾക്കും സാഹചര്യങ്ങൾക്കും നടുവിൽ നിസഹായരായി മാറുന്ന ഒരു വിഭാഗം വിദ്യാർത്ഥികളുണ്ടാകും മൊബെൽ ഫോണും നെറ്റ് വർക്കും ഉണ്ടെങ്കിലും മേൽപ്പറഞ്ഞ ആപ്പുകൾ ഉപയോഗിക്കാനാകാത്ത വിഭാഗം, ഉള്ള ഫോണിന് തന്നെ ബാട്ടറി, സ്റ്റോറേജ് തുടങ്ങിയവയിൽ പരിമിതികളുള്ള വിഭാഗം എന്നിങ്ങനെ ഭൂരിഭാഗം പേരും നിലവിലെ ഓൺലൈൻ പഠനരീതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്നു എന്ന് വേണം പറയാൻ.
അടിസ്ഥാനപരമായി അധ്യാപകർ ക്ലാസെടുക്കുന്നതിന് മുൻപ് ഓരോ വിദ്യാർത്ഥികളോടും അഭിപ്രായം ചോദിക്കുകയെങ്കിലും വേണം. ആർക്കൊക്കെ ക്ലാസിൽ പങ്കുചേരാനാകും, പങ്കുചേരാനാകാത്തവർ ആരൊക്കെ, എന്താണ് കാരണം എന്നിവയെല്ലാം തിരക്കി ഓൺലൈൻ പഠനത്തിന് സാമാന്യസൗകര്യങ്ങളില്ലാത്തവർക്ക് എങ്ങനെ ക്ലാസെടുക്കാം എന്നതിന് ജനാധിപത്യപരമായ പ്രതിവിധിയുണ്ടാക്കിയതിന് ശേഷമേ ഓൺലൈൻ പഠനം തുടങ്ങാവൂ എന്നതാണ് എന്റെ അഭിപ്രായം.
എന്നാൽ "മുകളീന്ന്' കിട്ടുന്ന നിർദേശങ്ങൾ അതേപടി പാലിച്ച് 8:30 മുതൽ 1:30 വരെ നിർദേശാനുസരണമുള്ള ആപ്പുകളിൽ തന്നെ ക്ലാസെടുക്കുമെന്ന നിഷ്കർഷതയോടെ മുന്നോട്ടു പോകുന്ന "എത്തിക്സ് അധ്യാപകരാണ്'ഭൂരിഭാഗവും.
കൂടെയുള്ള ഒരു വിഭാഗത്തെ അവഗണിച്ച്, ഓൺലൈൻ പഠനരീതികളുമായി മുന്നോട്ടു പോകുന്ന വിദ്യാർത്ഥികളാണോ അധ്യാപകരാണോ, അതോ മുകളീന്ന് നിർദ്ദേശങ്ങൾ നൽകുന്നവരാണോ ഇവിടെ കുറ്റക്കാർ? നമ്മളോരോരുത്തരും പ്രതിപട്ടികയിലല്ലേ? ഇതിനു പുറമെയാണ് കൃത്യ സമയത്ത് ആപ്പ് വഴി ക്ലാസിൽ കയറാത്ത കുട്ടികളെ നിരുപാധികം ക്ലാസിൽ നിന്ന് പുറത്താക്കുന്ന ചില അധ്യാപകരുടെ പ്രഹസനം. റേഞ്ചിന്റെയോ ചാർജിന്റെയോ അസൗകര്യങ്ങൾ മൂലം കൃത്യസമയത്ത് ആപ്പുകളിൽ ജോയിൻ ചെയ്യാനാകാത്ത കുട്ടികൾ ഇവിടെ നിസ്സഹായരായി മാറുകയാണ്. മാത്രമല്ല ചില അധ്യാപകർ online attendance രേഖപ്പെടുത്തുകയും "ഓൺലൈൻ ക്ലാസിൽ വന്നില്ലെങ്കിൽ ഇന്റേണൽ മാർക്ക് ശരിയാക്കിത്തരാം' എന്ന രീതിയിലുള്ള ഭീഷണി മുഴക്കുകയും ചെയ്യുന്നു. എന്ത് ക്രൂരതയാണ്!

സാമ്പത്തികവും സാഹചര്യങ്ങളും എതിർചേരിയിൽ നിന്നുകൊണ്ട് സാമൂഹികമായി പിന്നോട്ടു വലിച്ച ഒരു വിഭാഗം ജനതയെ - വിദ്യാർത്ഥിപക്ഷത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ട്, കുറേ പ്രിവിലേജ്ഡുകൾക്ക് മുകളിൽ തലയുയർത്തി നിൽക്കുന്ന "നമ്മൾ ' പിന്നെയും മുന്നോട്ടു നടക്കുന്നു. "ഞാൻ' എന്ന വികാരത്തിനും വിചാരത്തിനുമപ്പുറമുള്ളതിനെ കാണാനും കൂട്ടാനും ശ്രമിക്കാതെ എന്ത് ആധുനിക വിദ്യാഭ്യാസത്തിന്റെ കുട പിടിച്ചിട്ടും കാര്യമില്ല എന്നതാണ് വസ്തുത. ഇനിയും എത്രയോ നമ്മൾ "പഠിക്കാനിരിക്കുന്നു'.

* ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികളുടെ അഭിപ്രായമനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാനാകണം. ലൈവ് ക്ലാസുകളിൽ പങ്കെടുക്കാനാവാത്ത കുട്ടികളെ പരിഗണിച്ചുകൊണ്ട് ഓഡിയോ ആയും കുറിപ്പുകളായും പാഠഭാഗങ്ങൾ കുട്ടികളിലേക്കെത്തിക്കണം.
* മണിക്കൂറുകൾ തുടർച്ചയായി ക്ലാസെടുക്കുന്നത് ഒഴിവാക്കണം.
* അറ്റഡൻസ് എടുക്കുന്നത് നിർത്തലാക്കണം.
*ഓൺലൈൻ ക്ലാസുകളിൽ പങ്കുചേരാനാകാത്ത വിദ്യാത്ഥികളെ കണ്ടെത്തി കാര്യകാരണങ്ങൾ തിരക്കി, പരിഹാരമുണ്ടാക്കണം (അതിനുശേഷമേ ക്ലാസുകൾ തുടർന്നു കൊണ്ടുപോകാവൂ എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.)

Comments