സമരമനുഷ്യനായ മത്സ്യത്തൊഴിലാളിയ്ക്ക് ആദരവോടെ വിട

മരമുഖങ്ങളിൽ അലകൾ തീർത്ത അസാധാരണ വ്യക്തിത്വം. ചിലരങ്ങിനെയാണ് നമ്മോട് പറയാതെ അങ്ങ് പൊയ്കളയും പക്ഷെ ചെയ്യാനും പറയാനും ഒരു പാട് ബാക്കി വെച്ചിട്ടുണ്ടാകും. മറ്റാരെക്കൊണ്ടും അത് ചെയ്യാനും പറ്റില്ല. അങ്ങിനെ നമ്മുടെ ഇടയിലൂടെ ഓടി നടന്ന ഒരു മനുഷ്യനാണ് ടി. പീറ്റർ. സ്വന്തം കാര്യത്തെക്കാൾ അപരന്റെ വേദനകൾക്ക് പ്രാധാന്യം കല്പിച്ച് ജീവിച്ച് മറഞ്ഞയാൾ. കോവിഡ്, കേരളത്തിൽ നിന്ന് കൊണ്ടുപോയ സാധാരണക്കാരിലെ അസാധാരണ മനുഷ്യൻ.

വ്യവസ്ഥാപിത ട്രേഡു യൂണിയൻ പ്രവർത്തകരുടെ മസിൽ പിടുത്തമില്ലാതെ താൻ ഉൾപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവിശ്രമം ഇടപെടുമ്പോൾ തന്നെ മനുഷ്യരുടെ വിഷമതകൾക്ക് സമാനതകൾ ഉണ്ടെന്ന തിരിച്ചറിവിൽ നിന്ന് കൊണ്ട് പൊതു പ്രവർത്തനത്തിൽ ഏർപ്പെട്ട അപൂർവ്വം തൊഴിലാളി പ്രവർത്തകനായിരുന്നു പീറ്റർ.

1980 കളിൽ തുടങ്ങിയ സമര പോരാട്ടങ്ങൾ 2020 ൽ അവസാനിപ്പിച്ചു പോകുമ്പോൾ മത്സ്യത്തൊഴിലാളികൾക്കും ജനകീയ പോരാട്ടങ്ങൾക്കും അത് തീരാനഷ്ടമാണ്.1987 -90 കാലഘട്ടത്തിലാണ് ടി.പീറ്റർ എന്ന സമരനായകന്റെ കരുത്ത് കേരളം കാണുന്നത്. വിദേശ ട്രോളുകൾക്കെതിരെ സിസ്റ്റർ ആഗ്‌നസിന്റെയും പീറ്ററിന്റെയും നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരങ്ങളാണ് പീറ്ററിലെ പോരാളിയെ വാർത്തെടുത്തത്. ആ സമരങ്ങളാണ് കേരളത്തിലെ ട്രോളിംഗ് നിരോധനത്തിലേക്ക് എത്തിയത്. ഫാദർ തോമസ് കോച്ചേരിയുമൊത്തുളള പീറ്ററിന്റെ പ്രവർത്തനം കൂടുതൽ മിഴിവാർന്നതായി.

പശ്ചിമഘട്ടവും കടലും തമ്മിലുള്ള ജൈവബന്ധത്തെക്കുറിച്ച് പീറ്റർ പറയുമായിരുന്നു. ഒരു വിഷയത്തെ അതിന്റെ സമഗ്രതയിൽ കാണാൻ കഴിയുന്നതാണ് പീറ്ററിന്റെ ഏറ്റവും വലിയ ഗുണം. പെരിയാർ മലിനീകരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നദിയില്ലെങ്കിൽ പിന്നെന്ത് കടൽ എന്ന മറുചോദ്യം ഉന്നയിക്കുമായിരുന്നു. താൻ നിൽക്കുന്നിടത്തെ പ്രശ്‌നങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള അസാമാന്യ കഴിവുണ്ടായിരുന്നു. മത്സ്യമേഖലയുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ ശാസ്ത്ര സെമിനാറുകളിലും യോഗങ്ങളിലും പീറ്ററുണ്ടാകും. കാര്യങ്ങൾ സൂഷ്മതയോടെ പഠിച്ച് അവതരിപ്പിക്കുമായിരുന്നു. മത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ അവതരിപ്പിക്കുന്ന വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് അതെക്കുറിച്ച് ശാസ്ത്രീയവും വസ്തുതാപരവുമായ കാര്യങ്ങൾ അവതരിപ്പിക്കാൻ പീറ്ററിനു കഴിയുമായിരുന്നു. കടലറിവിന്റെ കാര്യത്തിൽ പീറ്ററിന് സമാനമായി അപൂർവ്വമാളുകളേ ഉണ്ടാകൂ. കടലിന്റെ നിറം മാറ്റം ചാകര മത്സ്യങ്ങളുടെ പ്രജനനം, അത് എവിടെ? എപ്പോ? എന്നിത്യാദി കാര്യങ്ങളിൽ അപാര ധാരണയുണ്ടായിരുന്നു.

തിരുവനന്തപുരത്ത് ഒരു പരിപാടി സംഘടിപ്പിക്കേണ്ടി വന്നാൽ പീറ്ററേട്ടാ അടുത്തയാഴ്ച ഒരു പരിപാടിയുണ്ടെന്ന് വിളിച്ചു പറഞ്ഞാൽ മതി അതിന്റെ സകല കാര്യങ്ങളിലും മേൽനോട്ടം വഹിച്ച് അയാളുണ്ടാകും. അദ്ദേഹം പരിപാടിയിലുണ്ടെങ്കിൽ തന്നെ നമുക്ക് ഒരു കരുത്ത് ഫീൽ ചെയ്യും അതാണ് പീറ്റർ എന്ന വ്യക്തി.

ഒരു പക്ഷെ സമരമനുഷ്യൻ എന്ന് പീറ്ററിനെ വിശേഷിപ്പിച്ചാൽ അത് ഒട്ടും അധികമാകില്ല. രാവിലെ തന്റെ സ്‌കൂട്ടറിൽ തുടങ്ങുന്ന സമര യാത്ര അവസാനിക്കുന്നത് ഏറെ വൈകിയായിരിക്കും. അതിനിടയിൽ ഭക്ഷണം പോലും അയാൾക്ക് പ്രധാനപ്പെട്ടതാകാറില്ല. എന്തെങ്കിലും കിട്ടിയാൽ കഴിച്ച് സമരങ്ങളിൽ നിന്ന് സമരങ്ങളിലേക്ക് പടർന്ന് കയറിയ മനുഷ്യൻ.

മേധാപട്കറുടെ നേതൃത്വത്തിൽ രൂപീകരിച്ച NAPM ന്റെ രൂപീകരണ കാലം മുതൽ മരിക്കുന്നതുവരെ അതിന്റെ മുൻ നിരയിൽ പ്രവർത്തിച്ചു. കൂടംകുളം സമരം - വിഴിഞ്ഞം തുറമുഖം - എന്റോസൾഫാൻ സമരങ്ങൾ - പെരിയാർ മലിനീകരണ വിരുദ്ധ സമരം, സിസ്റ്റർമാരുടെ സമരം - തുടങ്ങി ഹൈന്ദവ ഫാസിസത്തിനെതിരായ സമരമാണെങ്കിലും CAA ക്കെതിരെ സംഘടിപ്പിക്കുന്ന സമരമാണെങ്കിലും എല്ലാ സമരമുഖങ്ങളിലും അവസാനം വരെ പീറ്ററുണ്ടാകും.

ഇടതുപക്ഷക്കാരനായി ഇരിക്കുമ്പോൾ തന്നെ മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ മുഖം നോക്കാതെ വിമർശിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. അതാകട്ടെ വസ്തുപരമായിതന്നെ അവതരിപ്പിച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമായിരുന്നു. ഇടതുപക്ഷ നേതാക്കാൾക്കും വലതുപക്ഷ നേതാക്കൾക്കും ഒരു പോലെ പ്രിയങ്കരനായിരുന്നു. എ കെ. ജി സെന്ററിലും എം.എൻ സ്മാരകത്തിലും - ഇന്ദിരാഭവനിലും ഒരുപോലെ തൊഴിലാളികൾക്കു വേണ്ടി കയറി ചെല്ലാൻ സ്വാതന്ത്ര്യമുള്ളയാളായിരുന്നു ടി.പീറ്റർ.

സാധാരണ മത്സ്യ തൊഴിലാളി കുടുംബത്തിൽ ജനിച്ച് പ്രാഥമികവിദ്യാഭ്യാസം നേടി മത്സ്യ തൊഴിലാളിയായി, അവരുടെ നേതാവായി കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ജനകീയ സമരങ്ങളിൽ സജീവസാന്നിദ്ധ്യമായി മാറിയ പീറ്റർ അസാധാരണ സംഘാടനപാടവും നേതൃഗുണവും ഉള്ളയാളായിരുന്നു. അതുകൊണ്ടാണ് കേരളത്തിലും ഡൽഹിയിലും ഒരേ പോലെ മത്സ്യ ത്തൊഴിലാളികളെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കാനാകുന്നത്, അന്താരാഷ്ട്ര കോൺഗ്രസ്സുകൾ സംഘടിപ്പിക്കാനാകുന്നത്. അങ്ങനെ കഠിനാദ്ധ്വാനം കൊണ്ട് സാധാരണക്കാരന്റെ പരിമിതികളെ മുറിച്ചു കടന്ന മനുഷ്യനാണ് ടി.പീറ്റർ.

അവസാനമായി പീറ്ററേട്ടനെ ഞാൻ കാണുന്നത് എറണാകുളത്ത് നടന്ന സമരത്തിലാണ്. വളരെ കുറച്ചു നേരമാണ് അന്ന് സംസാരിക്കാനായത്. പെരിയാർ മലിനീകരണത്തിനെതിരെ സമരം ശക്തമാക്കണമെന്നും ഞാനൊക്കെ കൂടെയുണ്ടാകുമെന്നു പറഞ്ഞാണ് പോയത്. തീർച്ചയായും നിങ്ങളുടെ ഓർമ്മകൾ ഊർജമായി ഞങ്ങൾക്കൊപ്പം ഉണ്ടാകും.

Comments